Tuesday, August 12, 2008

SREESANTH AND ABINAV BINDRA_THE DIFFERENCE






ശ്രീശാന്തിനെ പോലുള്ളവര്‍ കണ്ട്‌ പഠിക്കണം അഭിനവ്‌ ബിന്ദ്രയെ.... തറവാടിയാണ്‌ താനെന്ന്‌ തെളിയിച്ച അഭിനവ്‌ ബിന്ദ്ര ഇന്ത്യന്‍ കായികലോകത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാവുന്നത്‌ അദ്ദേഹം പ്രകടിപ്പിച്ച പക്വതയിലാണ്‌. ബെയ്‌ജിംഗിലെ ഷൂട്ടിംഗ്‌ റേഞ്ചില്‍ ചരിത്രനേട്ടം കൈവരിച്ച നിമിഷത്തിലും മെഡല്‍ദാനവേളയിലും അദ്ദേഹം പ്രകടിപ്പിച്ച മാന്യതക്കും പക്വതക്കും ഇന്ത്യന്‍ പാരമ്പര്യമായിരുന്നു. എതിരാളികളെ പ്രകോപിതരാക്കാതെ, ആഹ്ലാദത്തിനും അതിരുകള്‍ വേണമെന്ന പ്രഖ്യാനത്തോടെ അഭിനവ്‌ പ്രകടിപ്പിച്ച ജെന്റില്‍മാനിസം ചൈനയില്‍ പോലും ചര്‍ച്ചാവിഷയമായെങ്കില്‍ അത്‌ ഇന്ത്യയുടെ മഹിത പാരമ്പര്യത്തിന്റെ തെളിവാണ്‌.
താന്‍ എത്തിപ്പിടിച്ച ദൂരത്തിന്റെ മാഹാത്മ്യം അറിഞ്ഞ്‌ തന്നെയാണ്‌ അഭിനവ്‌ മാന്യനായത്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നടന്ന നാറ്റ്‌വെസ്‌റ്റ്‌ ട്രോഫി ഫൈനലില്‍ മുഹമ്മദ്‌ കൈഫിന്റെയും യുവരാജ്‌ സിംഗിന്റെയും മികവില്‍ ഇന്ത്യ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയപ്പോള്‍ അന്നത്തെ നായകനായിരുന്ന സൗരവ്‌ ഗാംഗുലി ഡ്രസ്സിംഗ്‌ റൂമില്‍ നിന്ന്‌ സ്വന്തം ഷര്‍ട്ടൂരി വീശി ആഹ്ലാദം പ്രകടിപ്പിച്ചത്‌ വിവാദമായിരുന്നു. ഏതൊരു സ്‌പോര്‍ട്‌സിലും ജെന്റില്‍മാനിസുണ്ട്‌. ക്രിക്കറ്റ്‌ ജെന്റില്‍മാന്‍സ്‌ ഗെയിം എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌ തന്നെ. സൗരവിന്റെ നീക്കത്തിനെതിരെ കപില്‍ദേവും സുനില്‍ ഗവാസ്‌ക്കറുമെല്ലാം രംഗത്ത്‌ വന്നിട്ടും ഇളംമുറക്കാരായ ശ്രീശാന്തിനെ പോലുള്ളവര്‍ അഗ്രസീവിസം എന്ന പേരില്‍ പ്രതിയോഗിയെ പ്രകോപിതരാക്കുന്ന നോട്ടവും ചലനവും ചെയ്‌തികളുമായി രാജ്യത്തിന്‌ തലവേദനയായിരുന്നു. സ്വന്തം പെരുമാറ്റത്തിലൂടെ എല്ലാവരിലും അസംതൃപ്‌തി നിറച്ച ശ്രീശാന്ത്‌ ഇപ്പോള്‍ ടീമിന്‌ പുറത്താണ്‌.
താരങ്ങള്‍ സ്വന്തം രാജ്യങ്ങളുടെ അംബാസിഡര്‍മാരാവുന്ന ചിത്രം ഒളിംപിക്‌സ്‌ വേദികളില്‍ പ്രകടമാണ്‌. അമേരിക്കയുടെ സൂപ്പര്‍ സ്വിമ്മര്‍ മൈക്കല്‍ ഫെലിപ്‌സ്‌ ഇതിനകം മൂന്ന്‌ സ്വര്‍ണ്ണം രാജ്യത്തിനായി സ്വന്തമാക്കി. ഒളിംപിക്‌സില്‍ ഏറ്റവുമധികം മെഡലുകള്‍ സ്വന്തമാക്കുന്ന താരമെന്ന ബഹുമതിയും അദ്ദേഹം നേടിയിരിക്കുന്നു. ബെയ്‌ജിംഗില്‍ ഏഴ്‌ സ്വര്‍ണ്ണം നേടി മറ്റൊരു പുതിയ റെക്കോര്‍ഡാണ്‌ ഫെലിപ്‌സിന്റെ ലക്ഷ്യം. ഓരോ വിജയത്തിലും അദ്ദേഹം കൂടുതല്‍ വീനിതനാവുകയാണ്‌. ഒരിക്കല്‍ പോലും ആഹ്ലാദം അതിരുവിടുന്നില്ല.
ഉന്നത കുലജാതനാണ്‌ അഭിനവ്‌. സമ്പന്ന കുടുംബത്തില്‍ അംഗമായതിനാല്‍ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. അതിന്റെ അഹങ്കാരം പക്ഷേയില്ല. അത്യാധുനിക പരിശീലന രീതികള്‍ക്കൊപ്പം എതിരാളിയെ ബഹുമാനിക്കാനുളള മഹാമനസ്‌ക്കതയും അദ്ദേഹത്തിന്‌ സ്വയത്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഒളിംപിക്‌സ്‌ സ്വര്‍ണ്ണം നേടിയതിന്‌ ശേഷം സ്വന്തം സെല്‍ഫോണില്‍ എല്ലാവരുമായി സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. അഭിനവ്‌ ബെയ്‌ജിംഗില്‍ ചരിത്രം രചിച്ചപ്പോള്‍ നമ്മുടെ ക്രിക്കറ്റ്‌ ടീം കൊളംബോയില്‍ ശ്രീലങ്കക്ക്‌ മുന്നില്‍ തകര്‍ന്ന്‌ തരിപ്പണമായിരുന്നു.
ക്രിക്കറ്റര്‍മാരാണ്‌ ഇന്ത്യന്‍ കായികരംഗത്തെ അഹംഭാവികള്‍. ടെലിഫോണില്‍ പോലും സംസാരിക്കാന്‍ അവര്‍ക്ക്‌ സമയമുണ്ടാവാറില്ല. എല്ലാവര്‍ക്കും ഇനി മാതൃകയാക്കാന്‍ അഭിനവുണ്ട്‌. ബില്ല്യാര്‍ഡ്‌സില്‍ ലോകകപ്പ്‌ നേടിയ ഗീത്‌ സേഥി, മറ്റൊരു ചാമ്പ്യന്‍ പങ്കജ്‌ അഡ്വാനി, ട്രാക്ക്‌ റാണി പി.ടി ഉഷ, ഇന്ത്യന്‍ ബുദ്ധി കേന്ദ്രം വിശ്വനാഥന്‍ ആനന്ദ്‌ എന്നിവരെല്ലാം മാന്യതയുടെ പര്യായങ്ങളാണ്‌. അവര്‍ക്കൊപ്പമാണ്‌ അഭിനവ്‌.
നേട്ടങ്ങള്‍ക്കൊപ്പം ഒരു താരം മഹത്‌വല്‍കരിക്കപ്പെടുന്നത്‌ സ്വന്തം പെരുമാറ്റത്തിലൂടെയാണ്‌.
ഇനി വെറുതെ ഒന്ന്‌ സങ്കല്‍പ്പിച്ചുനോക്കുക-ഒളിംപിക്‌സില്‍ ഈ സ്വര്‍ണ്ണം നേടിയത്‌ ശ്രീശാന്തായിരുന്നെങ്കിലോ....? എന്തെല്ലാം സഹിക്കണമായിരുന്നു..... ശ്രീശാന്തിന്റെ കസര്‍ത്തുകള്‍, ജ്വേഷ്‌ഠന്റെ വീരവാദങ്ങള്‍, അമ്മയുടെ ബഹളം... ഹോ....

ദ്രാവിഡിനും സൗരവിനും ധോണിയുടെ പിന്തുണ
ചെന്നൈ: ശ്രീലങ്കക്കെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ സമ്പൂര്‍ണ്ണ പരാജയമായ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ സൗരവ്‌ ഗാംഗുലിക്കും രാഹുല്‍ ദ്രാവിഡിനും ഏകദിന ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ പിന്തുണ. ഒരു പരമ്പരയിലെ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ സച്ചിന്‍, ദ്രാവിഡ്‌, സൗരവ്‌, ലക്ഷ്‌മണ്‍, കുംബ്ലെ എന്നിവരെ കുറ്റം പറയുന്നതില്‍ കാര്യമില്ല. ഇവര്‍ക്ക്‌ പകരം വെക്കാന്‍ തല്‍ക്കാലം ആരുമില്ല. ഏകദിന മല്‍സരങ്ങളില്‍ സ്ഥിരത നിലനിര്‍ത്തി ഇന്ത്യ ലോക റാങ്കിംഗില്‍ ഉയരങ്ങളിലേത്തേണ്ടതുണ്ടെന്നും ധോണി പറഞ്ഞു. ഈ മാസം 18 നാണ്‌ ഇന്ത്യ-ലങ്ക ഏകദിന പരമ്പര ആരംഭിക്കുന്നത്‌. ആദ്യ മല്‍സരം ധാംബുലയിലാണ്‌.

സ്വര്‍ണ്ണ മീന്‍
ബെയ്‌ജിംഗ്‌: മെഡല്‍പ്പട്ടികയില്‍ ചൈന മുന്നേറുമ്പോഴും ഒളിംപിക്‌സിന്റെ താരമാവുന്നത്‌ അമേരിക്കന്‍ സൂപ്പര്‍ സ്വിമ്മര്‍ മൈക്കല്‍ ഫെലിപ്‌സ്‌. ബെയ്‌ജിംഗ്‌ മഹാമാമാങ്കം അഞ്ചാം ദിവസം പിന്നിടുമ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്‌ അമേരിക്കയില്‍ നിന്നുളള ഇരുപത്തിമൂന്നുകാരനാണ്‌. ഇന്നലെ പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനത്തില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണം സ്വന്തമാക്കിയ ഫെല്‍പ്‌സ്‌ ഇതിനകം ബെയ്‌ജിംഗില്‍ മൂന്ന്‌്‌ സ്വര്‍ണ്ണം നേടിക്കഴിഞ്ഞു. ഏഴ്‌ സ്വര്‍ണ്ണം ലക്ഷ്യമിട്ടാണ്‌ അദ്ദേഹം എത്തിയിരിക്കുന്നത്‌.
ഇതിനകം ഫെല്‍പ്‌സ്‌ നേടിയ മൂന്ന്‌ സ്വര്‍ണ്ണങ്ങളും ലോക റെക്കോര്‍ഡോടെ സ്വന്തമാക്കിയവയാണ്‌. ഇന്നലെ വാട്ടര്‍ ക്യൂബില്‍ ഫെല്‍പ്‌സിന്‌ ശക്തമായ വെല്ലുവിളി പോലുമുണ്ടായിരുന്നില്ല. രണ്ടാം സ്ഥാനത്ത്‌ വന്ന ദക്ഷിണ കൊറിയക്കാരന്‍ പാര്‍ക്‌ ടായിവാനെക്കാള്‍ രണ്ട്‌ സെക്കന്‍ഡിന്റെ വ്യക്തമായ മാര്‍ജിനില്‍ ഒരു മിനുട്ടും 42.96 സെക്കന്‍ഡിലുമാണ്‌ ഫിനിഷ്‌ ചെയ്‌തത്‌.
സ്വന്തം പേരിലുളള ലോക റെക്കോര്‍ഡ്‌ തകര്‍ത്ത ആഹ്ലാദത്തില്‍ തന്നെ പിന്തുണച്ചവര്‍ക്കാണ്‌ ഫെല്‍പ്‌സ്‌ നന്ദി പറയുന്നത്‌. 1:43.86 സെക്കന്‍ഡായിരുന്നു നിലവിലെ ഫെല്‍പ്‌സിന്റെ റെക്കോര്‍ഡ്‌. അത്‌ തിരുത്താന്‍ ഏറ്റവും അനുയോജ്യമായ വേദി ഒളിംപിക്‌സ്‌ സ്വിമ്മിംഗ്‌ പൂളാണെന്ന്‌ ഫെല്‍പ്‌സ്‌ പറഞ്ഞിരുന്നു. മറ്റൊരു അമേരിക്കന്‍ താരം പീറ്റര്‍ വാന്‍ഡര്‍കായി വെങ്കലം കരസ്ഥമാക്കി.
വ്യക്തമായ പ്ലാനിംഗിലാണ്‌ ഇന്നലെ ഫെല്‍പ്‌സ്‌ മല്‍സരിച്ചത്‌. ആദ്യ 100 മീറ്ററായിരുന്നു ആദ്യ ലക്ഷ്യം. മികച്ച സമയത്തില്‍ 100 മീറ്റര്‍ പിന്നിടാനായാല്‍ പ്രയാസമില്ലെന്ന്‌ മനസ്സിലാക്കി ആ ദൗത്യം ആദ്യം പൂര്‍ത്തിയാക്കി. വെള്ളത്തിനടിയിലൂടെയായിരുന്നു ആദ്യ 100 മീറ്റര്‍ പിന്നിട്ടത്‌. എതിരാളികള്‍ തന്നെ കാണരുതെന്ന തന്ത്രമായിരുന്നു ഇത്‌. മധ്യത്തില്‍ ഞാന്‍ ഉയര്‍ന്നു വന്നു. അവസാന 50 മീറ്ററില്‍ പാര്‍ക്‌ വെല്ലുവിളിയാണ്‌ എന്ന്‌ മനസ്സിലാക്കി തന്നെ ഈ ഘട്ടത്തിലും ജാഗ്രത പുലര്‍ത്തിയതായി ഫെല്‍പ്‌സ്‌ പറഞ്ഞു.
നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ ഈ സ്വര്‍ണ്ണം അദ്ദേഹത്തില്‍ നിന്ന്‌ അകന്നിരുന്നു. അതിനാല്‍ തന്നെ ഇവിടെ ഫ്രീസ്റ്റൈല്‍ സ്വര്‍ണ്ണം അമേരിക്കന്‍ താരത്തിന്‌ അഭിമാന പ്രശ്‌നവുമായിരുന്നു. ഏതന്‍സില്‍ ഓസ്‌ട്രേലിയന്‍ നീന്തല്‍ ഇതിഹാസം ഇയാന്‍ തോര്‍പ്പിനായിരുന്നു 200 മീറ്ററില്‍ സ്വര്‍ണ്ണം. ഫെല്‍പ്‌സിന്‌ വെങ്കലം മാത്രമാണ്‌ ലഭിച്ചത്‌. 400 മീറ്റര്‍ ഇന്‍ഡിവിഡ്വല്‍ മെഡ്‌ലി, 4-100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ എന്നീ ഇനങ്ങളിലാണ്‌ ഇതിനകം ഫെല്‍പ്‌സ്‌ സ്വര്‍ണ്ണം കരസ്ഥമാക്കിയത്‌.
ഇന്നലെ ലഭിച്ച സ്വര്‍ണ്ണത്തോടെ ഫെല്‍പ്‌സിന്റെ ഒളിംപിക്‌ സ്വര്‍ണ്ണ സമ്പാദ്യം ഒമ്പതായി. മാര്‍ക്‌ സ്‌പ്ലിറ്റ്‌സ്‌, കാള്‍ ലൂയിസ്‌, പാവോ നൂര്‍മി, ലാര്‍സ ലാറ്റിനിന എന്നിവരുടെ പേരുകളിലുളള റെക്കോര്‍ഡിനൊപ്പമാണ്‌ ഇപ്പോള്‍ ഫെല്‍പ്‌സിന്റെ സ്ഥാനം. ബെയ്‌ജിംഗില്‍ ഇനിയും നാല്‌ സ്വര്‍ണ്ണം കൂടി ഫെല്‍പ്‌സ്‌ ലക്ഷ്യമിട്ട സാഹചര്യത്തില്‍ ഈ റെക്കോര്‍ഡുകളെല്ലാം അദ്ദേഹത്തിന്റെ പേരില്‍ വരാന്‍ വ്യക്തമായ സാധ്യതകളുണ്ട്‌. ഒരു ഒളിംപിക്‌സില്‍ ഏറ്റവുമധികം സ്വര്‍ണ്ണം സ്വന്തമാക്കിയ താരമെന്ന ബഹുമതി സ്‌പ്ലിറ്റ്‌സിന്റെ പേരിലാണ്‌. ആ റെക്കോര്‍ഡ്‌ തകര്‍ക്കലും ഇവിടെ ഫെല്‍പ്‌സിന്റെ അജണ്ടയാണ്‌.
1985 ല്‍ അമേരിക്കയിലെ മേരിലാന്‍ഡിലുള്ള ബാള്‍ട്ടിമോറില്‍ ജനിച്ച ഫെല്‍പ്‌സിന്റെ പേരിലാണ്‌ നിലവില്‍ പുരുഷ വിഭാഗം നീന്തലിലെ മിക ലോക റെക്കോര്‍ഡുകളും. ഏതന്‍സ്‌ ഒളിംപ്‌കിസിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ്‌ അദ്ദേഹം ലോകത്തിന്റെ ശ്രദ്ധ നേടിയത്‌. ആറ്‌ സ്വര്‍ണ്ണങ്ങളും രണ്ട്‌ വെങ്കലവുമായി എട്ട്‌ മെഡലുകളാണ്‌ ഏതന്‍സില്‍ അമേരിക്കന്‍ സൂപ്പര്‍ താരം സ്വന്തമാക്കിയത്‌. 2003, 2004, 2006, 2007 വര്‍ഷങ്ങളില്‍ വേള്‍ഡ്‌ സ്വിമ്മര്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌ക്കാരം സ്വന്തമാക്കിയിട്ടുണ്ട്‌. 2001 മുതല്‍ അമേരിക്കന്‍ സ്വിമ്മര്‍ ഓഫ്‌ ദ ഇയറുമാണ്‌.
എട്ട്‌ ഇനങ്ങളിലാണ്‌ ബെയ്‌ജിംഗില്‍ ഫെല്‍പ്‌സ്‌ മല്‍സരിക്കുന്നത്‌. ഏതന്‍സില്‍ 400 മീറ്റര്‍ ഇന്‍ഡിവിഡ്വല്‍ മെഡ്‌ലി, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ, 200 മീറ്റര്‍ ഇന്‍ഡിവിഡ്വല്‍ മെഡ്‌ലി, 4-200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേ, 4-100 മീറ്റര്‍ മെഡ്‌ലി റിലേ എന്നീ ഇനങ്ങളിലായിരുന്നു ഫെല്‍പ്‌സ്‌ സ്വര്‍ണ്ണം സ്വന്തമാക്കിയത്‌. ബെയ്‌ജിംഗില്‍ മല്‍സരിച്ച ആദ്യ മൂന്നിനത്തിലും സ്വര്‍ണ്ണം സ്വന്തമാക്കിയതിനാല്‍ അടുത്ത നാല്‌ ദിവസങ്ങളില്‍ നടക്കുന്ന അഞ്ചിനങ്ങള്‍ നിര്‍ണ്ണായകമാണ്‌.
ഇന്ന്‌ 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ ഇനത്തിലും നാളെ 4-200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേയിലും 200 മീറ്റര്‍ ഇന്‍ഡിവിഡ്വല്‍ മെഡ്‌ലിയിലും ഓഗസ്‌റ്റ്‌ 15ന്‌ 200 മീറ്റര്‍ ഇന്‍ഡിവിഡ്വല്‍ മെഡ്‌ലിയിലും 16ന്‌ 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ ഇനത്തിലും 17ന്‌ 4-100 മീറ്റര്‍ മെഡ്‌ലി റിലേയിലും ഫെല്‍പ്‌സ്‌ മല്‍സരിക്കുന്നുണ്ട്‌.

4 comments:

അഞ്ചല്‍ക്കാരന്‍ said...

ശരിയാണ് സര്‍.
ഇന്നലെ ആ കൊച്ചുമനുഷ്യന്റെ ദേശീയ പതാകയ്ക്ക് കീഴേ അതിരുകള്‍ വിടുന്ന ആഹ്ലാദ പ്രകടനമില്ലാ‍തെ നിശ്ശബ്ദമായി നിന്ന കാഴ്ച കണ്ണുകളില്‍ നിന്നും മറയുന്നില്ല.

അറിയാതെയാണെങ്കിലും ആ നിമിഷം ശ്രീശാന്തിനേയും ഓര്‍ത്തു പോയി. ഒപ്പം അമ്മയേയും.

പോസ്റ്റിനൊപ്പം വന്ന ഫോട്ടോകള്‍ മനസ്സിലാകുന്നില്ല.

Anonymous said...

again mallus.. sreesanth is a good baller..

wht abt nell, rickyponding, hayden, miandad, amir suhail etc..???

The third photo is really good..nice body...

why u put bikini pics???? any relation with sreesanth???

നജൂസ്‌ said...

സത്യം...
വീണ്ടും ഒളിംപിക്‌സ് വാര്‍ത്ത്കള്‍ക്കായി കാത്തിരിക്കുന്നു

Anonymous said...
This comment has been removed by the author.