Saturday, August 18, 2012

ഇത്‌ താന്‍ടാ പോലീസ്‌


ചിത്രം- ഒളിംപിക്‌ വെങ്കല മെഡല്‍ ജേതാവ്‌ ഗഗന്‍ നരാഗും കമാല്‍ വരദൂരും
ലണ്ടന്‍ ഡയറി-3

ഇത്‌ താന്‍ടാ പോലീസ്‌

ലണ്ടന്‍ ഡയറിയിലെ ഈ കുറിപ്പ്‌ നാട്ടിലെ എന്റെ പോലീസുകാര്‍ക്കുള്ളതാണ്‌. വായിച്ചതിന്‌ ശേഷം ഇങ്ങനെയൊക്കെയാവാന്‍ നിങ്ങള്‍ക്ക്‌ കഴിയുമോ എന്ന്‌ വെറുതെ പരീക്ഷിക്കണം (അനുകരണമാണ്‌ കല എന്ന്‌ മഹാനായ അരിസ്റ്റോട്ടില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അനുകരിക്കരുത്‌, ഒരു പരിശ്രമം)
മൂന്ന്‌ ദിവസത്തെ എന്റെ ലണ്ടന്‍ അനുഭവത്തില്‍ ഏറെ പ്രിയപ്പെട്ടവരായിരിക്കുന്നു ബ്രിട്ടിഷ്‌ പോലീസ്‌. നമ്മുടെ സ്വതന്ത്ര സമരഗാഥകളിലെ ബ്രിട്ടീഷ്‌ പോലീസുകാര്‍ ക്രൂരന്മാരാണ്‌. ചരിത്ര ഗ്രന്ഥങ്ങളും സിനിമകളും പരിചയപ്പെടുത്തിയ ആ പോലീസുകാര്‍ എന്തിനും മടിക്കാത്തവരായിരുന്നല്ലോ.. ബ്രിട്ടിഷ്‌ ഈസ്‌റ്റ്‌ ഇന്ത്യാ കമ്പനിയിടെ ശാസനകള്‍ അക്ഷരംപ്രതി നടപ്പിലാക്കാന്‍ മനുഷ്യത്വം മറന്ന നിയമപാലകര്‍. ഗാന്ധിജിയെ മര്‍ദ്ദിച്ച, നെഹ്‌റുവിനെ പരിഹസിച്ച, ലജ്‌പത്‌റായിയെ തല്ലിചതച്ച, ആലി മുസ്‌ലിയാരെ അവശനാക്കിയ, വാരിയന്‍കുന്നത്‌ കുഞ്ഞഹമ്മദ്‌ ഹാജിയെയും പഴശ്ശിരാജയെയുമെല്ലാം കൊല്ലാന്‍ ഉത്തരവിട്ട ആ പോലീസിന്റെ ചിത്രം മനസ്സിലുണ്ടായിരുന്നതിനാല്‍ ഹിത്രൂ വിമാനത്താവളം മുതല്‍ ഭയപ്പാടോയൊണ്‌ പോലീസുകാരെ വീക്ഷിച്ചത്‌. ഒളിംപിക്‌സിന്‌ ഭീകരാക്രമണ ഭീഷണിയുണ്ടെന്നും കനത്ത സുരക്ഷയാണ്‌ എല്ലായിടത്തുമെന്നുമെല്ലാമുള്ള വാര്‍ത്തകള്‍ക്കിടെയാണ്‌ ഇങ്ങോട്ട്‌ പുറപ്പെട്ടത്‌. മുസ്‌ലിം നാമധാരിയായതിനാല്‍ വിമാനത്താവളത്തില്‍ പീഡിതനാവുമെന്ന്‌ ചില സുഹൃത്തുക്കള്‍ സ്‌നേഹത്തോടെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഷാറൂഖ്‌ഖാനെ പോലും തടഞ്ഞ്‌ വെച്ച ബ്രിട്ടീഷ്‌്‌ പോലീസിന്‌ എന്ത്‌ കമാല്‍ വരദൂര്‍...? താടിക്കാരെയെല്ലാം പോലീസ്‌ പ്രത്യേകം നോട്ടമിടുമെന്നതടക്കമുള്ള പലവിധ ഭീഷണികളെ പ്രതീക്ഷിച്ച എന്റെ ധാരണകളെല്ലാം അടിമുടിതെറ്റാണെന്ന്‌ മനസ്സിലാക്കാന്‍ മൂന്ന്‌ ദിവസം വേണ്ടി വന്നു.
പാവങ്ങളാണ്‌ ഈ പോലീസുകാര്‍ എന്നല്ല പറഞ്ഞ്‌ വരുന്നത്‌. സ്വന്തം ജോലിയില്‍ ജാഗ്രത പാലിക്കുന്ന ഇവരുടെ പെരുമാറ്റം പത്തരമാറ്റാണ്‌. മാന്യമായ ഇടപെടലുകള്‍, സംസാരം, സഹായം-ഒന്ന്‌ പറഞ്ഞാല്‍ നിങ്ങളെ എത്തേണ്ടിടത്ത്‌ എത്തിക്കും. ഇവര്‍ക്ക്‌ കപ്പടാമീശയില്ല, ധാര്‍ഷ്‌ഠ്യമില്ല, ഞാനാണ്‌ നിയമസംരക്ഷകന്‍ എന്ന അഹങ്കാരമില്ല.
ഒരനുഭവവും ഒരു കാഴ്‌ച്ചയും വിശദീകരിച്ചാല്‍ പലവിധ ഗ്രൂപ്പുകളിലായുള്ള പോലീസിനെ (മെട്രോപൊളീറ്റന്‍ പോലീസ്‌, ഹാര്‍ഡി പോലീസ്‌, സ്‌പെഷ്യല്‍ ഫോഴ്‌സ്‌, മിലിട്ടറി) അടുത്തറിയാനാവും.
താമസസ്ഥലമായ ഓള്‍ഡ്‌ഗേറ്റ്‌ ഈസ്‌റ്റില്‍ നിന്നും ഒളിംപിക്‌ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്ന സ്റ്റാര്‍ഫോര്‍ഡിലേക്ക്‌ മെട്രോ ട്രെയിനില്‍ പത്ത്‌ മിനുട്ട്‌ യാത്ര ചെയ്യണം. പാര്‍ക്കിലെത്തിയാല്‍ മീഡിയാ സെന്ററിലേക്ക്‌ അര മണിക്കൂറോളം നടക്കാനുമുണ്ട്‌. ഷട്ടില്‍ ബസ്‌ സര്‍വീസ്‌ ഉണ്ടെന്ന്‌ സംഘാടകര്‍ പറയുന്നുവെങ്കിലും ഈ കാര്യത്തില്‍ അവര്‍ക്ക്‌ തന്നെ ഉറപ്പില്ല. പാര്‍ക്കിലെ സുരക്ഷാ ചെക്കപ്പിന്‌ ശേഷം നടത്തം തുടങ്ങിയപ്പോള്‍ അതിസുന്ദരന്മാരായ, കറുത്ത കോട്ടും തോക്കുമെല്ലാം ധരിച്ച നാല്‌ പോലീസുകാര്‍. കാന്‍ ഐ ഹെല്‍പ്പ്‌ യു സാര്‍ എന്ന ബഹുമാനത്തോടെയുള്ള ചോദ്യം കേട്ടപ്പോള്‍ ഒന്ന്‌ തിരിഞ്ഞ്‌ നോക്കി. എന്നോട്‌ തന്നെയാണോ ചോദ്യം എന്ന്‌ ഉറപ്പ്‌ വരുത്താന്‍. (സാര്‍ എന്ന്‌ വിളിച്ച്‌ മാത്രമാണ്‌ ഇവിടെ പോലീസുകാര്‍ എല്ലാവരോടും സംസാരിക്കുന്നത്‌. നമ്മുടെ പോലീസുകാരുടെ അഭിസംബോധനാ പ്രയോഗം ഇവിടെ കുറിക്കാനാവില്ല). ലാപ്പ്‌ടോപ്പ്‌ അടങ്ങിയ ബാഗുമായി അരമണിക്കൂര്‍ നടക്കാനുള്ള പ്രയാസം അവരോട്‌ പറഞ്ഞപ്പോള്‍ എന്റെ ബാഗതാ പോലീസുകാരന്‍ വാങ്ങുന്നു. അത്‌ അദ്ദേഹത്തിന്റെ തോളിലായി. പിന്നെ നാല്‌ പേരും എന്നെ അനഗമിക്കുന്നു. ചിരിച്ചും കളിച്ചും തമാശകള്‍ പറഞ്ഞും അവര്‍ യാത്രയെ ആവേശകരമാക്കി. ഞാനാവട്ടെ നാല്‌ പോലീസുകാരുടെ അകമ്പടിയില്‍ വി.ഐ.പി പരിഗണനയോടെ നടക്കുന്നു. എന്റെ ബ്ലേസറിലെ ഇന്ത്യ എന്ന പേര്‌ കണ്ടതോടെ അവര്‍ക്ക്‌ സച്ചിന്‍ ടെണ്ടുല്‍ക്കറെക്കുറിച്ചറിയണം, ഇന്ത്യന്‍ പോലീസിനെക്കുറിച്ചറിയണം. (നല്ലത്‌ മാത്രമാണ്‌ എന്റെ പോലീസുകാരെക്കുറിച്ച്‌ പറഞ്ഞത്‌. കാടിയാണെങ്കിലും മൂടി കുടിക്കണമെന്നാണല്ലോ). എന്നെ മീഡിയാ സെന്ററിലെത്തിച്ചശേഷമാണ്‌ പോലീസുകാര്‍ മടങ്ങിയത്‌.
ഒളിംപിക്‌ പാര്‍ക്കിലെ കാഴ്‌ച്ചയും രസകരമായിരുന്നു. ഉദ്‌ഘാടന ദിവസമായതിനാല്‍ വിവിധ രാജ്യക്കാരായ സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു രാവിലെ മുതല്‍. കറുത്ത കോട്ടിട്ട പോലീസും കാക്കിക്കാരായ പോലീസും പച്ച ബ്ലേസര്‍ അണിഞ്ഞ പോലീസുമെല്ലാമായി നിയന്ത്രണത്തിന്‌ വന്‍പട. ആരുടെ മുഖത്തും പക്ഷേ ഒരു ആലസ്യവുമില്ല, എല്ലാവരെയും നിയന്ത്രിച്ചും സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കിയും പോലീസ്‌ എന്ന ഇംഗ്ലീഷ്‌ പദത്തിലെ അക്ഷരങ്ങളില്‍ പറയുന്ന വാക്കുകളുടെ പര്യായമായി തന്നെ അവര്‍ നീങ്ങുന്നതിനിടെ ഒറു കറുത്തവര്‍ഗ്ഗക്കാരന്‍ പോക്കറ്റടിക്കുള്ള ശ്രമം നടത്തി. പിടികൂടപ്പെട്ട മോഷ്‌ടാവിനെ പോലീസ്‌ കൈകാര്യം ചെയ്‌ത രീതി അല്‍ഭുതകരമായിരുന്നു. പതുക്കെ അവന്റെ തോളില്‍ കൈയ്യിട്ട്‌ സര്‍ വാട്ട്‌ യു വാണ്ട്‌ എന്ന ചോദ്യം. എന്നിട്ട്‌ സ്വന്തം പോക്കറ്റിലെ വാട്ടര്‍ ബോട്ടിലെടുത്ത്‌ അവന്‌ കൊടുക്കുന്നു. ചിരിച്ച്‌ സംസാരിക്കുന്നു. എന്നിട്ടാണ്‌ പോലീസ്‌ വാഹനത്തില്‍ കയറ്റുന്നത്‌. നമ്മുടെ നാട്ടിലാണെങ്കിലോ-ഒരു കള്ളനെ കിട്ടിയാല്‍ ആ സ്‌പോട്ടില്‍ വെച്ച്‌ തെറി വിളിയും ഇടിയും തൊഴിയുമെല്ലാം കഴിഞ്ഞിരിക്കും.
ഒരു കള്ളനെ കൊലപാതകിയാക്കി മാറ്റാന്‍ നാട്ടിലെ പോലീസിന്‌ മിടുക്കുണ്ടെങ്കില്‍ മോഷ്ടാവിനെ തെറ്റ്‌ തിരുത്തി നന്മയിലേക്ക്‌ നയിക്കാനാണ്‌ ബ്രിട്ടീഷ്‌ പോലീസ്‌ പരിശ്രമിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം നഗരത്തില്‍ നിറയെ കൊള്ള നടന്നപ്പോള്‍ പോലും പോലീസുകാര്‍ കടന്നാക്രമണത്തിന്‌ മുതിര്‍ന്നിരുന്നില്ല. ആദ്യം എല്ലാവരെയും ഉപദേശിക്കാന്‍ ശ്രമിച്ചു. അവസാനത്തിലാണ്‌ ആയുധമെടുത്തത്‌. രസകരമായ ഒരു താരതമ്യവുമുണ്ട്‌. ചൈനയില്‍ പോയപ്പോള്‍ അവിടുത്തെ പോലീസിന്‌ മിണ്ടാട്ടമുണ്ടായിരുന്നില്ല. ഒന്ന്‌ ചോദിച്ചാലും പ്രതികരിക്കില്ല. പ്രതിമകളെപോലെ നിന്നിടത്ത്‌ തന്നെ. ഭാഷയാണ്‌ തടസ്സമെന്നാണ്‌ ആദ്യം തോന്നിയത്‌. പക്ഷേ അന്വേഷിച്ചപ്പോള്‍ മനസ്സിലായി ആരോടും ഒരക്ഷരം ഉരിയാടരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെന്ന്‌. ഇവിടെ ഒന്നും ചോദിക്കാതെ തന്നെ പോലീസുകാര്‍ പ്രതികരിക്കുന്നു, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. മിക്ക പോലീസുകാര്‍ക്കും എട്ടടിയോളം വലുപ്പമുണ്ട്‌. ആരും പക്ഷേ സുരേഷ്‌ ഗോപിമാരല്ല. താഴാവുന്നിടത്തോളം താഴും. പോലീസിനെ സാകൂതം വീക്ഷിക്കുന്ന ന്യൂഹാം മോണിറ്ററംഗ്‌ പ്രോജക്ട്‌ എന്നൊരു ഗ്രൂപ്പും ഇവിടെയുണ്ട്‌. അവരുടെ വക ഇന്നലെ ഒരു ലീഫ്‌ ലെറ്റര്‍ പുറത്തിറങ്ങി. പോലീസുകാര്‍ എന്ത്‌ ചോദിച്ചാലും പ്രതികരിക്കേണ്ടെന്നും സ്വന്തം അവകാശങ്ങളെക്കുറിച്ച്‌ പൗരന്മാരെ ബോധ്യപ്പെടുത്തിയുമുള്ള ലീഫ്‌ ലെറ്റില്‍ പോലീസ്‌ അപമര്യാദയോടെ പെരുമാറിയാല്‍ നിയമസഹായം ഉറപ്പ്‌ നല്‍കുന്നുമുണ്ട്‌.
പോലീസുകാരായാല്‍ അത്‌ ബ്രിട്ടീഷ്‌ പോലീസാവണം. അവര്‍ എല്ലാവരുമായും ഫോട്ടോക്ക്‌ പോസ്‌ ചെയ്യുന്നു, ചിരിയിലും ഇടപെടലുകളിലും ആളുകളുടെ ഭയത്തെ അകറ്റുന്നു. നല്ല കൂട്ടുകാരാവുന്നു. ഇത്‌ താന്‍ടാ പോലീസ്‌..! ഇതാവണം പോലീസ്‌.......

1 comment:

വീകെ said...

ഇതെങ്ങാനും നമ്മുടെ പോലീസ് ഏമാന്മാർ വായിച്ചാൽ.. കമൽ സാറിന്റെ കാര്യം പോക്കാ...!