Tuesday, September 25, 2012

സംഘബലത്തില്‍ വിശ്വസിക്കുന്നതല്ലേ ബുദ്ധി

ലങ്കന്‍ ഐ

സംഘബലത്തില്‍ വിശ്വസിക്കുന്നതല്ലേ ബുദ്ധി
പാക്കിസ്‌താനും ബംഗ്ലാദേശിനും ഇന്ത്യക്കും ലോക ക്രിക്കറ്റില്‍ അധികമാരും ചര്‍ച്ച ചെയ്യാത്ത ഒരു ബഹുമതിയുണ്ട്‌-ഒട്ടും പ്രവചിക്കാന്‍ കഴിയാത്ത മൂന്ന്‌ ടീമുകള്‍. ആരെയും അവരങ്ങ്‌ തോല്‍പ്പിക്കും. ആരോടും കൂളായി തോല്‍ക്കുകയും ചെയ്യും. ടീമില്‍ കരുത്തന്മാര്‍ ധാരാളം. തനിച്ച്‌ കളി ജയിപ്പിക്കാന്‍ കരുത്തരായവര്‍ നിരവധി. പക്ഷേ ഇവരെയൊന്നും പ്രവചിക്കാന്‍ കഴിയില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകോത്തര താരമാണ്‌. പക്ഷേ അനുഭവ സമ്പന്നനായ സച്ചിനെ പോലും വിശ്വസിക്കാന്‍ കഴിയുന്നില്ല. വലിയ മല്‍സരങ്ങളില്‍ സച്ചിന്‍ സമ്മാനിക്കുന്നത്‌ നിരാശ മാത്രമാണ്‌. ലോകം കണ്ട എല്ലാ ബൗളര്‍മാരെയും സ്വന്തം ദിവസങ്ങളില്‍ സച്ചിന്‍ കശക്കിയിട്ടുണ്ട്‌. നിര്‍ണായക ഘട്ടത്തില്‍ മോശം ബൗളര്‍ക്ക്‌ പോലും പക്ഷേ സച്ചിന്‍ ഇരയാവുന്നു. 2003 ലെ ലോകകപ്പ്‌ ഫൈനലും 2011 ലോകകപ്പ്‌ ഫൈനലുമെല്ലാം നമുക്ക്‌ മുന്നില്‍ സാക്ഷികളായി നില്‍ക്കുന്നു. ഷാഹിദ്‌ അഫ്രീദി എന്ന തകര്‍പ്പന്‍ താരത്തിന്റെ വരവ്‌ ഇപ്പോഴും മറക്കാനാവില്ല. ശ്രീലങ്ക, ഇന്ത്യ എന്നിവര്‍ക്കെതിരെയെല്ലാം ഞെട്ടിക്കുന്ന പ്രകടനം നടത്തിയ വീരശൂര പരാക്രമി. അതിവേഗതയില്‍ സെഞ്ച്വറികളും അര്‍ദ്ധ സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ച പ്രതിഭ. പന്തിനെ ഗ്യാലറിയിലെത്തിക്കുന്നതില്‍ അഫ്രീദിയോളം കരുത്തുള്ളവര്‍ ഇന്നും കുറവാണ്‌. പക്ഷേ ഏത്‌ നിമിഷത്തിലും അദ്ദേഹം പുറത്താവും. അതാണ്‌ അദ്ദേഹത്തിനെതിരെ പന്തെറിയുന്നവരുടെ ആത്മവിശ്വാസം. കണ്ണുമടച്ച്‌ പന്തിനെ പ്രഹരിക്കുന്നവര്‍ ചെറുപ്പക്കാരാണെന്നാണല്ലോ വെപ്പ്‌. പക്ഷേ പ്രായം അധികമായിട്ടും രാജ്യാന്തര ക്രിക്കറ്റില്‍ എത്രയോ മല്‍സരങ്ങള്‍ കളിച്ചിട്ടും അഫ്രീദിക്ക്‌ മാറ്റമില്ല. ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും അഫ്രീദി ശക്തനാണ്‌. പാക്കിസ്‌താന്‍ ടി-20 ലോകകപ്പ്‌ ഒരു തവണ മുത്തമിട്ടത്‌ ലെഗ്‌ സ്‌പിന്നറായ അഫ്രീദിയുടെ കരുത്തിലാണ്‌. നല്ല ഫീല്‍ഡറുമാണ്‌ ഈ പത്താനി. പക്ഷേ അഫ്രീദിയുടെ കരുത്തില്‍ പാക്കിസ്‌താന്‍ എത്ര മല്‍സരം ജയിച്ചുവെന്ന കണക്കെടുത്താല്‍ കുഴങ്ങും.
അത്‌ പോലെ തന്നെയാണ്‌ ബംഗ്ലാ സംഘത്തിലെ ഷാക്കിബ്‌ അല്‍ ഹസന്‍. ബാറ്റ്‌ ചെയ്യും സ്‌പിന്‍ വഴങ്ങും. നല്ല ഫീല്‍ഡറും. ഇന്നലെ തച്ചുതകര്‍ത്തു ഷാക്കിബ്‌. പാക്കിസ്‌താന്റെ എല്ലാ ബൗളര്‍മാരെയും കശക്കിയ താരം 54 പന്തില്‍ 84 റണ്‍സ്‌ നേടി. പക്ഷേ ഷാക്കിബിനെ വിശ്വസിക്കാന്‍ കഴിയില്ല. മികവിലും അദ്ദേഹം ആലസ്യം പ്രകടിപ്പിക്കും. ഈ ആലസ്യം നമ്മുടെ ഉപഭൂഖണ്‌ഠത്തിന്റെ മാത്രം പ്രത്യേകതയാണോ...?
ഇന്ത്യ ആദ്യ മല്‍സരത്തില്‍ അഫ്‌ഗാനിസ്ഥാനോട്‌ വിയര്‍ത്തു. രണ്ടാം മല്‍സരത്തില്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ആധികാരികമായി തോല്‍പ്പിച്ചു. സേവാഗും ഗാംഭീറും ധോണിയും റൈനയും യുവരാജുമെല്ലാമുള്ള നമുക്ക്‌ ടീമിന്റെ സ്‌ക്കോറിനെ പറ്റി ഒരു പ്രവചനവും നടത്താന്‍ കഴിയില്ല. ബംഗ്ലാദേശ്‌ ആദ്യം ബാറ്റ്‌ ചെയ്‌ത നല്‍കിയ വലിയ ലക്ഷ്യത്തിലേക്ക്‌ ബാറ്റ്‌ ചെയ്യുമ്പോള്‍ ആധികാരികതയെ ആശ്രയിക്കുന്നത്‌ അപകടമമാണെന്ന പതിവ്‌ ചിന്താഗതിയിലാണ്‌ ഇംറാന്‍ നസീറും മുഹമ്മദ്‌ ഹാഫിസും അടിച്ചു തകര്‍ത്തത്‌. സത്യത്തില്‍ ടി-20 ക്രിക്കറ്റിന്‌ വേണ്ടത്‌ ഈ ശൈലിയാണോ...
തുടക്കത്തില്‍ കരുതലോടെയുള്ള ഗെയിം തന്നെയാണ്‌ നല്ലത്‌. പന്തിന്റെ മിനുസം പോവുന്നത്‌ വരെ ബൗളറുടെ നല്ല പന്തുകളെ ബഹുമാനിക്കുമ്പോള്‍ അത്‌ വഴി ലഭിക്കുന്നത്‌ ആത്മവിശ്വാസമാണ്‌. ഒരു ബാറ്റ്‌സ്‌മാന്‌ അത്യാവശ്യം വേണ്ട വിശ്വാസം ലഭിച്ചാല്‍ അവന്‌ സ്വതന്ത്രമായി കളിക്കാം. പിച്ചിനെയും ബൗളറെയും മനസ്സിലാക്കാനായാല്‍ പേടിക്കാനാലില്ല. ഒരു ബൗളര്‍ ഓവറിലെ ആറ്‌ പന്തും മനോഹരമായി എറിയില്ല. അയാള്‍ക്കും പിഴക്കാറുണ്ട്‌. ആ പിഴവാണ്‌ ഉപയോഗപ്പെടുത്തേണ്ടത്‌. ഗ്യാലറികള്‍ ആവശ്യപ്പെടുന്നതും പ്രതീക്ഷിക്കുന്നതും സിക്‌സറുകളും ബൗണ്ടറികളുമാണെങ്കില്‍ ടീമിന്റെ നിലനില്‍പ്പിന്‌ അത്യാവശ്യം വിജയമാണ്‌. വ്യക്തിഗത ഗെയിമില്‍ കേന്ദ്രീകരിച്ചാണ്‌ ഏഷ്യന്‍ താരങ്ങള്‍ ഇന്നിംഗ്‌സ്‌ പ്ലാന്‍ ചെയ്യുന്നത്‌. ടീം തോറ്റാലും എനിക്ക്‌ സെഞ്ച്വറി നേടണമെന്ന ചിന്തകളെ പോസിറ്റിവായി കാണാനാവില്ല. ഓപ്പണര്‍ ബാറ്റുമായി ക്രീസില്‍ വരുമ്പോള്‍ അയാള്‍ക്ക്‌ അനുകൂലമായി വരുന്ന ഘടകം ഫീല്‍ഡിംഗ്‌ നിയന്ത്രണമാണ്‌. തുടക്കത്തില്‍ രണ്ട്‌ ഫീല്‍ഡര്‍മാരാണ്‌ സര്‍ക്കിളിന്‌ പുറത്തുണ്ടാവുക. ഈ അവസരത്തെ പ്രയോജനപ്പെടുത്തി ഒരു സെഞ്ച്വറിയങ്ങ്‌ നേടി സ്വന്തം ജോലി ഭദ്രമാക്കാം എന്ന്‌ കരുതുന്ന സ്വന്തം താല്‍പ്പര്യക്കാരുടെ സാന്നിദ്ധ്യമാണ്‌ ഏഷ്യക്ക്‌ തലവേദന. പടിഞ്ഞാറന്‍ ടീമുകളെ നോക്കുക-അവര്‍ സംഘബലത്തില്‍ വിശ്വസിക്കുന്നു. മാറ്റം ഇവിടെയാണ്‌. സൂപ്പര്‍ എട്ടിലേക്ക്‌ പോവുമ്പോള്‍ ഏഷ്യക്കാര്‍ ജാഗ്രത പാലിക്കേണ്ടത്‌ ഇവിടെയാണ്‌. 

Monday, September 24, 2012

ലങ്കന്‍ ഐ

സമചിത്തതയിലെ വിജയം
അനുഭവസമ്പത്തില്‍ ഇന്ത്യന്‍ താരങ്ങളെ വെല്ലാന്‍ ലോക ക്രിക്കറ്റില്‍ അധികമാരുമുണ്ടാവില്ല. ലോകകപ്പില്‍ ഞായറാഴ്‌ച്ച നടന്ന മല്‍സരത്തില്‍ ഇന്ത്യ വലിയ മാര്‍ജിനില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞത്‌ നാല്‌ വിക്കറ്റ്‌ നേടിയ ഹര്‍ഭജന്‍സിംഗായിരുന്നു. അനുഭവസമ്പത്തിന്റെ തിരിച്ചുവരവ്‌ എന്ന തലക്കെട്ടാണ്‌ പലരും നല്‍കിയത്‌. ടി-20 ക്രിക്കറ്റില്‍ അനുഭവസമ്പത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യപ്പേടേണ്ട വിഷയമാണ്‌. ബാറ്റ്‌സ്‌മാന്മാര്‍ ബൗളര്‍മാരെ ആക്രമിക്കുന്നത്‌ അവര്‍ എത്ര മല്‍സരം കളിച്ച സീനിയറാണ്‌ എന്ന്‌ നോക്കിയല്ല. ബൗളര്‍ക്ക്‌ പകരം പന്തുകളെ പ്രഹരിക്കുന്ന മാനസികാവസ്ഥയില്‍ ബാറ്റ്‌സ്‌മാന്മാര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ അവനെ നേരിടാനുള്ള ബൗളറുടെ ആയുധം സമചിത്തതയാണ്‌. അതാണ്‌ ഹര്‍ഭജന്‍ പ്രകടിപ്പിച്ചത്‌. അല്ലാതെ അനുഭവസമ്പത്തല്ല.
ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ വ്യവസ്ഥിതികള്‍ വെച്ച്‌ ഒരാള്‍ക്ക്‌ ടീമിലിടം ലഭിച്ചാല്‍ പിന്നെ അയാള്‍ക്ക്‌ തുടരാന്‍ എളുപ്പമാണ്‌. ഒന്നോ രണ്ടോ മല്‍സരത്തില്‍ മികവ്‌ പ്രകടിപ്പിച്ചാല്‍ ആ സീസണ്‍ നിലനിര്‍ത്താം. ഓരോ സീസണിലും ഒരു സെഞ്ച്വറിയോ അഞ്ച്‌ വിക്കറ്റ്‌ നേട്ടമോ കൈവരിച്ചാല്‍ ടീമിലെ സ്ഥാനം സെയ്‌ഫാണ്‌. ഒരു തവണ അവസരം കിട്ടിയാല്‍ താരങ്ങള്‍ സെലക്ടര്‍മാരുടെയും ക്രിക്കറ്റ്‌ ബോര്‍ഡിന്റെയും കോര്‍പ്പറേറ്റുകളുടെയും വക്താവായി മാറുന്നു. അങ്ങനെ നിലനില്‍പ്പിന്റെ നീഗൂഡതകള്‍ മനസിലാക്കിയവരെയാണ്‌ നമ്മള്‍ അനുഭവസമ്പന്നരായി വാഴ്‌ത്തുന്നത്‌. ഹര്‍ഭജന്‍ കുറച്ച്‌ കാലം പുറത്തായിരുന്നു. തിരിച്ചുവരവിന്‌ അവസരം കിട്ടിയപ്പോള്‍ തിളങ്ങി. ഇനി അദ്ദേഹത്തിന്‌ തുടരാം. അശ്വിന്‍ എന്ന ബാറ്റിംഗ്‌ അറിയുന്ന സ്‌പിന്നര്‍ പുറത്താവും. വിജയിച്ച ടീമിനെ നിലനിര്‍ത്തുന്നതില്‍ ധോണിയും ടീം മാനേജ്‌മെന്റും പുലര്‍ത്തുന്ന അന്ധവിശ്വാസത്തിന്റെ ഭാഗമായി ഹര്‍ഭജന്‍ മാത്രമല്ല എല്ലാവരും തുടരും. എല്ലാവര്‍ക്കും അവസരം നല്‍കുന്ന വിശാലതയിലാണ്‌ കന്നി ടി-20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയത്‌. പ്രാഥമിക റൗണ്ടിലോ സെമിയിലോ കളിക്കാതിരുന്ന യൂസഫ്‌ പത്താന്‌ ഫൈനലില്‍ അവസരം കിട്ടി. സേവാഗ്‌ പരുക്ക്‌ കാരണം പുറത്തായതിനാല്‍ ലഭിച്ച അവസരം ശരിക്കുമങ്ങ്‌ പ്രയോജനപ്പെടുത്താന്‍ യൂസഫിനായിരുന്നില്ല. പക്ഷേ ടീം കപ്പ്‌ നേടിയതോടെ യൂസഫ്‌ ടീമിലെ സ്ഥിരക്കാരനായി. വിജയിക്കുന്ന സംഘത്തെ നിലനിര്‍ത്തിയാല്‍ മാത്രമാണ്‌ നേട്ടമെന്ന വിശ്വാസത്തില്‍ കഴമ്പില്ലെന്ന്‌ അന്ന്‌ തെളിഞ്ഞിട്ടും ഒന്ന്‌ ജഴ്‌സി മാറ്റാന്‍ പോലും ഇപ്പോള്‍ പോലും നമ്മള്‍ ധൈര്യം പ്രകടിപ്പിക്കുന്നില്ല.
ഹര്‍ഭജന്‍ എന്ത്‌ കൊണ്ട്‌്‌ അല്‍പ്പകാലം പുറത്തായി എന്ന്‌ തല്‍ക്കാലം ആരും ചിന്തിക്കുന്നില്ല. മോശം ഫോമായിരുന്നു കാരണം. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തി.ടീമില്‍ തുടരണമെങ്കില്‍ കഠിനാദ്ധ്വാനം ചെയ്യണമെന്ന്‌ മനസ്സിലായി. കഠിനാദ്ധ്വാനത്തിലായിരുന്നു നാല്‌ വിക്കറ്റുകള്‍. രാജ്യത്തിനായി കളിക്കണമെങ്കില്‍ അല്‍പ്പം വിയര്‍പ്പൊഴുക്കണമെന്ന്‌ എല്ലാവരെയും ബോധ്യപ്പെടുത്തണം. ഹര്‍ഭജന്റെ സമചിത്തതക്ക്‌ കാരണം ടീമിലെ സ്ഥാനം നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ്‌. എന്ന്‌ കരുതി അടുത്ത മല്‍സരത്തിലും അദ്ദേഹത്തെ കളിപ്പിക്കുന്ന വിശ്വാസത്തെ ഇല്ലാതാക്കണം. അതിന്‌ പക്ഷേ ധൈര്യമുള്ളവരായി നമ്മുടെ സംഘത്തില്‍ ആരുമില്ലതാനും.  

Sunday, September 23, 2012

ലങ്കന്‍ ഐ
കളി 10, ആവേശം 0
ലോകകപ്പില്‍ പത്ത്‌ മല്‍സരങ്ങള്‍ അവസാനിച്ചിരിക്കുന്നു. ഈ പത്തില്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു പോരാട്ടം പോലുമുണ്ടായിട്ടില്ല. അതിവേഗ ക്രിക്കറ്റിന്റെ മുഹൂര്‍ത്തങ്ങളെല്ലാം ആവേശം സമ്മാനിക്കുമ്പോള്‍ ലങ്കന്‍ എപ്പിസോഡില്‍ സവിശേഷതകളുടെ അധ്യായങ്ങളൊന്നുമില്ല. ഇന്ത്യയും അഫ്‌ഗാനിസ്ഥാനും ഓസീസും വിന്‍ഡീസും ഏറ്റുമുട്ടിയപ്പോള്‍ മാത്ര അല്‍പ്പം തീപ്പാറി. കിവി ബാറ്റ്‌സ്‌മാന്‍ ബ്രെന്‍ഡന്‍ മക്കലവും ഇംഗ്ലണ്ടിന്റെ റൈറ്റും അവസരങ്ങളെ പ്രയോജനപ്പെടുത്തി നടത്തിയ ഇന്നിംഗ്‌സുകള്‍ മാറ്റിനിര്‍ത്തിയാല്‍ വ്യക്തിഗത പ്രകടനങ്ങളുടെ കാര്യത്തിലും കൈയ്യടിക്കാന്‍ അവസരമില്ല.
പന്ത്രണ്ട്‌ ടീമുകള്‍ നാല്‌ ഗ്രൂപ്പിലായി മല്‍സരിക്കുമ്പോള്‍ ഓരോ ഗ്രൂപ്പില്‍ നിന്ന്‌ ഒരു മല്‍സരം ജയിക്കുന്നതോടെ ടീമുകള്‍ അടുത്തക ഘട്ടത്തിലെത്തുന്നു. ജയിച്ച ടീമുകളുടെ രണ്ടാം മല്‍സരത്തിന്‌ പ്രസക്തി ഒന്നുമില്ല. ഇന്ത്യ ആദ്യ മല്‍സരത്തില്‍ അഫ്‌ഗാനിസ്ഥാനെ തോല്‍പ്പിച്ചതോടെ അടുത്ത റൗണ്ടിലെത്തിയിരുന്നു. അതിനാല്‍ തന്നെ ഇന്നലെ നടന്ന ഇംഗ്ലണ്ടിനെതിരായ മല്‍സരഫലത്തിന്‌ പ്രസക്തിയുണ്ടായിരുന്നില്ല. ഒന്നാം റൗണ്ടിലെ വിജയ പോയന്റുകളോ റണ്‍റേറ്റോ അടുത്ത ഘട്ടത്തില്‍ പരിഗണിക്കുന്നുമില്ല. ചാമ്പ്യന്‍ഷിപ്പ്‌ നടക്കുന്ന കൊളംബോയിലെയും കാന്‍ഡിയിലെയും ഹംബന്‍തോട്ടയിലെയും മൈതാനങ്ങളിലേക്ക്‌ നോക്കിയാലും ആവേശക്കുറവ്‌ പ്രകടം. ഇന്ത്യയില്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക്‌ ലഭിക്കുന്ന പിന്തുണ പോലും ലോകകപ്പിനില്ല. ഇന്നലെ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിട്ട സമയത്ത്‌ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പില്‍ പോലും ലോകകപ്പ്‌ പിറകിലായി. അതേ സമയത്ത്‌ തന്നെ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ നടന്നപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ലിവര്‍പൂളിന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയുമെല്ലാം സൂപ്പര്‍ പോരാട്ടങ്ങള്‍ക്കായിരുന്നു കൂടുതല്‍ ആളുകള്‍. 27 മുതലാണ്‌ സൂപ്പര്‍ എട്ട്‌ മല്‍സരങ്ങള്‍ തുടങ്ങുന്നത്‌. ക്രിക്കറ്റിന്റെ ജനപ്രീതിക്കായി രൂപം നല്‍കിയ കുട്ടി ക്രിക്കറ്റിന്റെ ഈ അവസ്ഥക്ക്‌ കാരണക്കാര്‍ മറ്റാരുമല്ല. ഗെയിമിനെ ഭരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ തന്നെ. അവര്‍ക്ക്‌ അല്‍പ്പം പണമുണ്ടാക്കണം. അതിനായി ദിവസങ്ങള്‍ ദീര്‍ഗിക്കുന്ന ഷെഡ്യൂളുകള്‍ തയ്യാറാക്കുന്നു. ഈ കളിയെല്ലാം ആര്‍ക്ക്‌ വേണ്ടിയാണെന്ന്‌ ചോദിക്കരുത്‌. ചോദിച്ചാലും എഴുതിയാലും വിലക്കിന്റെ കാലമാണിപ്പോള്‍. 

Wednesday, September 19, 2012

മാര്‍ക്ക്‌ അഫ്‌ഗാന്‌

ലങ്കന്‍ ഐ
മാര്‍ക്ക്‌ അഫ്‌ഗാന്‌
ഉസൈന്‍ ബോള്‍ട്ടിനൊപ്പം ഒരു ഇന്ത്യന്‍ താരം ഓടിയാല്‍ സംഭവിക്കുന്നത്‌ എന്തായിരിക്കുമെന്ന്‌ എല്ലാവര്‍ക്കുമറിയാം. അത്‌ പോലെയാണ്‌ ടി-20 ക്രിക്കറ്റില്‍ ഇന്ത്യ അഫ്‌ഗാനുമായി കളിക്കുന്നത്‌. എന്താണ്‌ സംഭവിക്കുക എന്ന്‌ എല്ലാവര്‍ക്കുമറിയുമ്പോള്‍ എന്താണ്‌ മല്‍സരം നല്‍കുന്ന താല്‍പ്പര്യം...? അഫ്‌ഗാനികള്‍ പോരാട്ടവീര്യക്കാരാണ്‌, പത്താന്‍ രക്തമുള്ളവരാണ്‌, എളുപ്പം കീഴടങ്ങുന്നവരല്ല എന്നെല്ലാം വേണമെങ്കില്‍ പത്രഭാഷയില്‍ വിശാലമായി എഴുതാം. അതിലൊന്നും കാര്യമില്ല. ലോകകപ്പ്‌ എന്ന്‌ വിളിച്ചിട്ട്‌ ഇത്തരത്തില്‍ ഏകപക്ഷീയമായ മല്‍സരം പ്ലാന്‍ ചെയ്‌തവര്‍ ക്രിക്കറ്റിനെയാണ്‌ ഇല്ലാതാക്കുന്നത്‌. പൂച്ചക്ക്‌ മുന്നിലേക്ക്‌ എലിയെ എറിഞ്ഞ്‌ കൊടുക്കുന്ന ലാഘവത്തിലാണ്‌ ഐ.സി.സി മല്‍സര ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്‌. ഇന്റര്‍കോണ്‍ടിനെന്റല്‍ കപ്പിലും ലോക ക്രിക്കറ്റ്‌ ലീഗിലും കളിച്ചവരാണ്‌ അഫ്‌ഗാനികള്‍ എന്ന്‌ പറയുന്നവര്‍ സ്വന്തം ന്യായത്തെ സാധൂകരിക്കാന്‍ പോര്‍ട്ട്‌ ഓഫ്‌ സ്‌പെയിനില്‍ നടന്ന ടി-20 ചാമ്പ്യന്‍ഷിപ്പില്‍ അഫ്‌ഗാനിസ്ഥാന്‍ വിജയിച്ചവരാണെന്നും പറയുന്നുണ്ട്‌. നമുക്ക്‌ നമ്മുടെ ന്യായത്തെ വിസ്‌തരിക്കാന്‍ കാരണങ്ങള്‍ നിരത്താന്‍ എളുപ്പമാണ്‌.
ലോകകപ്പ്‌ എന്ന്‌ ഒരു ചാമ്പ്യന്‍ഷിപ്പിനെ വിളിക്കുമ്പോള്‍ അതിന്‌ ലോകമാനമുണ്ട്‌. ഫിഫ ലോകകപ്പില്‍ കളിക്കുന്നവര്‍ 208 അംഗ രാജ്യങ്ങളിലെ ഏറ്റവും മികച്ച 32 പേരാണ്‌. വിവിധ യോഗ്യതാ ഘട്ടങ്ങളിലുടെ കടന്നുവരുന്നവര്‍. ക്രിക്കറ്റ്‌ എന്ന ഗെയിമിന്‌ വിലാസമുള്ളത്‌ അല്‍പ്പം ചില ദരിദ്ര രാജ്യങ്ങളിലാണ്‌. ഗുവാന്‍ഷു ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ്‌ മല്‍സര ഇനമാക്കിയപ്പോള്‍ മല്‍സരം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയി. വലിയ സ്‌റ്റേഡിയത്തില്‍ ആകെ മൂന്ന്‌ പേര്‍. മൂവരും ക്രിക്കറ്റിനെ അറിയാത്തവര്‍. പുതിയ ഗെയിമിനെ അറിയാനുള്ള കൗതുകത്തില്‍ വന്നവര്‍ക്ക്‌ ക്രിക്കറ്റിനെ ഭരിക്കുന്ന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ എന്ന സംഘടനയെ പോലുമറിയില്ല. അഫ്‌ഗാനിസ്ഥാന്‍ ടീമില്‍ കളിക്കുന്നവരെക്കുറിച്ച്‌ അധികമാര്‍ക്കുമറിയില്ല. മുഹമ്മദ്‌ നബി, മുഹമ്മദ്‌ ഷഹസാദ്‌ തുടങ്ങിയവരെല്ലാം അവരുടെ തലത്തില്‍ മിടുക്കരാണ്‌. ട്രിനിഡാഡില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലെ കേമനായിരുന്നു നബീ, ഓസ്‌ട്രേലിയക്കെതിരെ നടന്ന മല്‍സരത്തില്‍ ഈ ഓഫ്‌ സ്‌പിന്നര്‍ നാല്‌ സിക്‌സറുകളും പായിച്ചിട്ടുണ്ട്‌. മൂന്ന്‌ സെഞ്ച്വറികളും ആറ്‌ അര്‍ദ്ദ സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചിട്ടുളള ഷഹസാദിനെയും കേമന്‍പട്ടികയില്‍ വേണമെങ്കില്‍ ഉള്‍പ്പെടുത്താം. പക്ഷേ നമ്മുടെ ധോണി, സേവാഗ്‌, സഹീര്‍, ഇര്‍ഫാന്‍ തുടങ്ങിയവരെയുമായി താരതമ്യം ചെയ്‌താല്‍ അഫ്‌ഗാനികള്‍ ശിശുക്കളല്ല പൈതങ്ങളാണ്‌.... അവര്‍ക്കെതിരെ കളിച്ചതും ഇങ്ങനെ വിജയിച്ചതിലും എന്ത്‌ കാര്യം...? അടിവീരന്മാരായ സേവാഗിനയും യുവരാജിനെയുമെല്ലാം ചെറിയ സ്‌ക്കോറിന്‌ പുറത്താക്കിയ അഫ്‌ഗാനാണ്‌ മാര്‍ക്ക്‌.വിരാത്‌ കോഹ്‌ലി ഒഴികെ ഇന്ത്യയുടെ ആരും ഫിഫ്‌റ്റി പോലും നേടിയില്ല. 

Saturday, September 15, 2012

മണ്ടന്മാരെ..... ലോകം ഇതെല്ലാം കാണുന്നുണ്ട്‌....


തേര്‍ഡ്‌ ഐ
മണ്ടന്മാരെ..... ലോകം ഇതെല്ലാം കാണുന്നുണ്ട്‌....
വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനും തെറ്റുകള്‍ തിരുത്താനും വേണ്ടത്‌ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റാണ്‌. പക്ഷേ നമ്മുടെ ജനാധിപത്യത്തില്‍ അതാര്‍ക്കുമില്ല. ഒന്ന്‌ വിമര്‍ശിച്ചാല്‍ അത്‌ പ്രതികാര ബുദ്ധിയോടെ കാണുന്നവരാണ്‌ എല്ലാവരും. സത്യം തുറന്ന്‌ പറയുന്നവര്‍ക്ക്‌ കല്ലേറും സുഖിപ്പിക്കുന്നവര്‍ക്ക്‌ പൂച്ചെണ്ടുമാണ്‌ ഇവിടെ ലഭിക്കുന്നത്‌.ഹര്‍ഷാ ഭോഗ്‌ലെ നല്ല കളി നിരൂപകനാണ്‌. മികച്ച ഭാഷയും ശൈലിയും എല്ലാത്തിനുമുപരി വിജയപരാജയങ്ങളില്‍ കാര്യകാരണങ്ങളെ കണ്ടെത്തി സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കുന്ന വ്യക്തി. സസൂക്ഷ്‌മ നിരീക്ഷണപാടവത്തില്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്താന്‍ എങ്ങനെ കഴിയുന്നു എന്ന്‌ 2011 ലെ ലോകകപ്പ്‌ ഫൈനല്‍ വേളയില്‍ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ കണ്ടപ്പോള്‍ ചോദിച്ചു. വലിയ തിരക്കിലും പത്ത്‌ മിനുട്ടോളം അദ്ദേഹം കളി പറയുന്നതിലെ കെമിസ്‌ട്രി വിവരിച്ച്‌ തന്നു. ലണ്ടന്‍ ഒളിംപിക്‌സിനിടെ ചാരുശര്‍മ എന്ന കമന്റേറ്ററുമായി പലവട്ടം സംസാരിച്ചപ്പോള്‍ ഭോഗ്‌ലെയുടെ ശൈലിയും സംസാരവിഷയമായിരുന്നു. കളിയെ പഠിക്കുന്നതില്‍ കളിക്കാരനല്ലാത്ത ഒരാള്‍ പ്രകടിപ്പിക്കുന്ന കരുത്തിന്‌ പിറകില്‍ ശക്തമായ ഹോംവര്‍ക്കാണെന്നായിരുന്നു ചാരുവിന്റെ നിഗമനം. നിലവില്‍ നമ്മുടെ കളിപറയല്‍ സംഘത്തിലെ പ്രമുഖരെല്ലാം രാജ്യത്തിന്‌ വേണ്ടി കളിച്ചവരാണ്‌. സുനില്‍ ഗവാസ്‌ക്കറും രവിശാസ്‌ത്രിയും സജ്ഞയ്‌ മഞ്ച്‌രേക്കറും സൗരവ്‌ ഗാംഗുലിയും നാസര്‍ ഹുസൈനും ടോണി ക്രെയിഗും ജെഫ്‌ ബോയ്‌ക്കോട്ടും ഇയാന്‍ ചാപ്പലുമെല്ലാം കളിയെ അറിഞ്ഞ്‌ കളി പറയുന്നവരാണ്‌. പക്ഷേ കളിയിലെ സാങ്കേതികതയെയും അനുഭവസമ്പത്തിനെയും വര്‍ണിച്ചുളള ഗവാസ്‌ക്കറിന്റെ ശൈലിയെക്കാള്‍ കളിക്കാരുടെ മന:ശാസ്‌ത്രത്തെ അപഗ്രഥിച്ചുള്ള ഭോഗ്‌ലെയുടെ ശൈലിക്കാണ്‌ കൈയ്യടി. കളിക്കാരെ വാഴ്‌ത്താം. അവരുടെ മികവിനെ പര്‍വതീകരിക്കാം. തുടക്കത്തില്‍ ഭോഗ്‌ലെ അവലംബിച്ചത്‌ ഈ ശൈലിയായിരുന്നെങ്കില്‍ പിന്നീട്‌ അദ്ദേഹം കര്‍ക്കശമായ വിമര്‍ശനത്തിലൂടെ കളി പറയല്‍ കാര്യകാരണങ്ങളുടെ പോസ്‌റ്റ്‌മോര്‍ട്ടമാണെന്ന്‌ തെളിയിച്ചിരുന്നു. അതിനിതാ അദ്ദേഹം ശിക്ഷിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ഭരിക്കുന്ന ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഭോഗ്‌ലെയെ തടയാനായി പുതിയ നിയമം കൊണ്ടുവരുകയാണ്‌. ടെസ്റ്റ്‌ കളിക്കാത്തവര്‍ കളി പറയേണ്ടെന്നാണ്‌ ശരത്‌ പവാര്‍ സംഘത്തിന്റെ തീരുമാനം. രാജ്യത്തിന്‌ വേണ്ടി കളിച്ചവര്‍ മാത്രം കളി പറഞ്ഞാല്‍ മതിയെന്ന ശുദ്ധവിഡ്ഡിത്തം നടപ്പാക്കാന്‍ പോവുന്ന ക്രിക്കറ്റ്‌ ബോര്‍ഡുകാര്‍ മറ്റ്‌ കായിക സംഘടനകളിലെ മണ്ടന്മാരെ പോലെ പെരുമാറുന്നതില്‍ അല്‍ഭുതമില്ല. ഒളിംപിക്‌സ്‌ വേളയില്‍ കണ്ടില്ലേ-ടീമിന്റെ മാര്‍ച്ച്‌ പാസ്‌റ്റില്‍ ഒരു സുന്ദരി....ഫുട്‌ബോള്‍ അധിപന്മാരുടെ ധാരണ വിദേശ കോച്ച്‌ വന്നാല്‍ നമ്മുടെ ഫുട്‌ബോള്‍ രക്ഷപ്പെടുമെന്നാണ്‌. വിഡ്ഡികളുടെ സ്വര്‍ഗത്തില്‍ കഴിയുന്നവരായി നമ്മുടെ അസോസിയേഷനുകാര്‍ മാറുമ്പോള്‍ ലോക മാധ്യമങ്ങള്‍ അവരെ പരിഹസിച്ച്‌ ഇല്ലാതാക്കുന്നത്‌ അധികമാരുമറിയുന്നില്ല. ലണ്ടനിലെ സുന്ദരി വിവാദത്തില്‍ ബി.ബി.സിക്കാര്‍ ഇന്ത്യയെ പരിഹസിച്ചത്‌ സുന്ദരിമാര്‍ ഇന്ത്യയുടെ ബലഹീനതയാണെന്നാണ്‌. ഒളിംപിക്‌സില്‍ സ്വര്‍ണം കിട്ടാതെ വന്നപ്പോള്‍ ഡെയ്‌ലി മിറര്‍ പരിഹസിച്ചത്‌ ഇന്ത്യക്ക്‌ സുന്ദരിയെ കിട്ടിയെന്നാണ്‌. ഇപ്പോഴിതാ കളി പറയാന്‍ പുതിയ മാനദണ്ഡം കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായും നമ്മുടെ ശത്രുക്കള്‍ മതിമറന്ന്‌ ചിരിക്കും.
എന്തിനാണിങ്ങനെ എല്ലാവര്‍ക്കും ചിരിക്കാന്‍ അവസരമൊരുക്കുന്നത്‌ ...? നാളെ ശ്രീലങ്കയില്‍ ആരംഭിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ അണിയുന്ന ജഴ്‌സി അവസാന നിമിഷം മാറ്റി. കാരണം തേടിയപ്പോള്‍ ദേശീയ പതാകയുടെ ചിത്രമുളള ജഴ്‌സിയില്‍ ഭാഗ്യമില്ലെന്നായിരുന്നു മറുപടി. ഏകദിന ലോകകപ്പ്‌ നേടിയപ്പോള്‍ അണിഞ്ഞിരുന്ന ജഴ്‌സി തന്നെയാണ്‌ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്‌. ശുദ്ധമായ അന്ധവിശ്വാസം എന്നല്ലാതെ എന്ത്‌ പറയാന്‍ ഇതിനെയെല്ലാം.... കളി പറയാനും കളിയെ അപഗ്രഥിക്കാനും പുതിയ യോഗ്യത വേണ്ട. യുവരാജിനെ ഇന്ത്യന്‍ ടീമിലേക്ക്‌ എടുത്തതിനെയും ഡി.ആര്‍.എസ്‌ നിയമത്തെയും ഭോഗ്‌ലെ കാര്യമായി വിമര്‍ശിച്ചിരുന്നു. ഗവാസ്‌ക്കര്‍ ഉള്‍പ്പെടെയുളളവര്‍ ക്രിക്കറ്റ്‌ ബോര്‍ഡിലെ ഉന്നതരെ വാഴ്‌ത്തുമൊഴികളില്‍ മൂടി സ്വന്തം കസേരകളും പണക്കിഴിയും ഉറപ്പിക്കുമ്പോള്‍ അധികാരികളുടെ കൊള്ളരുതായ്‌മകളെ തുറന്ന്‌ കാണിച്ചതിനാണ്‌ ഭോഗ്‌ലെക്ക്‌ ശിക്ഷ.
ഞങ്ങള്‍ വിചാരിച്ചാല്‍ എന്തുമാവുമെന്നത്‌ അസോസിയേഷന്‍കാരുടെ അഹങ്കാരമാണ്‌. ഇതവസാനിപ്പിക്കാന്‍ വേണ്ടത്‌ അജയ്‌ മാക്കനെ പോലെ ശക്തനായ കായിക മന്ത്രിക്ക്‌ പിന്തുണ നല്‍കലാണ്‌. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന വിഭാവനം ചെയ്യുമ്പോള്‍ അതിനെ തടയാന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ അവകാശമില്ല. ഓശാന പാടുന്നവര്‍ക്ക്‌ മാത്രം കസേര ഇടുന്ന നടപടിക്കെതിരെ പ്രതികരിക്കാന്‍ കപില്‍ദേവിനെ പോലെ ചിലര്‍ മാത്രമാണ്‌ തയ്യാറാവുക. അവരെ പക്ഷേ അധികാരികള്‍ വിലക്കെടുക്കുകയുമില്ല. വലിയ വാക്കുകളില്‍ കളിയെ വിലയിരുത്തുന്ന ഗവാസ്‌ക്കറിനെ പോലുള്ളവര്‍ പുതിയ സംഭവവികാസങ്ങളില്‍ ഒരക്ഷരം ഉരിയാടില്ല. അവര്‍ക്കാണ്‌ നിലനില്‍പ്പും. ഭോഗ്‌ലെയുടെ വാക്കുകളില്‍, പിന്തുണയില്‍ വളര്‍ന്നവരാണ്‌ സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലുള്ളവര്‍. പക്ഷേ അവരും മിണ്ടില്ല...... രാജ്യസഭാഗംമായ സച്ചിന്‌ വേണമെങ്കില്‍ ഇടപെടാം. പല വിഷയങ്ങളിലും ശുദ്ധമായ മൗനം ആയുധമാക്കാറുളള മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക്‌ ഭോഗ്‌്‌ലെയെക്കാള്‍ പ്രധാനം ശരത്‌ പവാറാണ്‌. അതിനാല്‍ ഒരു ഇടപെടല്‍ പ്രതീക്ഷിക്കേണ്ടതില്ല. നിലനില്‍പ്പിന്റെ തുലാസില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും വേണ്ടത്‌ അധികാരികളെയാണ്‌. അത്‌ കൊണ്ടാണ്‌ എപ്പോഴും അവര്‍ വിജയിക്കുന്നതും.....