Thursday, December 30, 2010

QATAR CALLING

ഖത്തര്‍ വിളിക്കുന്നു
ഫുട്‌ബോള്‍ ലോകത്തെ മനസ്സ്‌ തുറന്നിതാ ഖത്തര്‍ വിളിക്കുന്നു.... അടുത്ത വെള്ളിയാഴ്‌ച്ച ദോഹയില്‍ ആരംഭിക്കുന്ന ഏഷ്യാകപ്പ്‌ ഫുട്‌ബോളിലേക്ക്‌ എല്ലാവരെയും സ്വാഗതം ചെയ്യാന്‍ ഖത്തര്‍ വാതില്‍ തുറന്നിരിക്കുന്നു. വിസയില്‍ ഇളവ്‌, താമസത്തില്‍ ഇളവ്‌, മല്‍സരമാസ്വദിക്കുന്നതിലും നിന്ത്രണത്തിന്റെ വലിയ തോക്കില്ല. എല്ലാവര്‍ക്കും എപ്പോഴും കടന്നുവരാനായി സ്‌പോട്ട്‌ വിസ സംവിധാനവും ഒരു മാസത്തെ സമയത്തില്‍ ഭീകരമായ നിയന്ത്രണവും ഉപേക്ഷിച്ചിരിക്കുന്നു കൊച്ചു രാജ്യം. 2022 ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ്‌ മുന്‍നിര്‍ത്തി സോക്കര്‍ ലോകത്തിന്റെ അഭിപ്രായങ്ങളറിയാനുള്ള വേദിയാണ്‌ ഖത്തറിന്‌ ഏഷ്യാകപ്പ്‌. കാല്‍പ്പന്ത്‌ മൈതാനങ്ങളെ സ്വന്തം കാല്‍ക്കീഴില്‍ നിര്‍ത്തുന്ന സൂപ്പര്‍ താരങ്ങളുടെ സാന്നിദ്ധ്യം ഏഷ്യാകപ്പില്ലില്ല. പക്ഷേ വലിയ വന്‍കരയിലെ സോക്കര്‍ പ്രേമികളുടെ കൈയ്യടി നേടാന്‍ പ്രാപ്‌തരായ തദ്ദേശിയ താരങ്ങളുടെ മികവില്‍ ഏഷ്യാകപ്പിന്‌ കൂടുതല്‍ കാണികളെത്തുമെന്ന വിശ്വാസത്തിലാണ്‌ സംഘാടകര്‍. ഏഷ്യയെ കീഴടക്കാനെത്തുന്ന സൂപ്പര്‍ താരങ്ങള ഇന്ന്‌ മുതല്‍ പരിചയപ്പെടുക

യൂനസ്‌ മഹമൂദ്‌
നാല്‌ വര്‍ഷം മുമ്പ്‌ എല്ലാവരും അല്‍ഭുതപ്പെട്ടിരുന്നു ഇറാഖ്‌ കപ്പടിച്ചപ്പോള്‍... എത്രയോ കൊമ്പന്മാര്‍ വന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒരു സാധ്യതയും കല്‍പ്പിക്കാത്ത ഇറാഖ്‌ ചാമ്പ്യന്മാരായപ്പോള്‍ അത്‌ കാല്‍പ്പന്ത്‌ ചരിത്രത്തിലെ വലിയ അധ്യായമായിരുന്നു. യുദ്ധത്തില്‍ വിറങ്ങലിച്ച രാജ്യം. പരിശീലനത്തിന്‌ മൈതാനമില്ലാത്ത ടീം. ടീമിലെ എല്ലാവര്‍ക്കും ഒത്തുചേരാന്‍ പോലും ഒരിടമില്ലാതെ തട്ടിക്കൂട്ടിയ സംഘത്തിന്റെ കരുത്തിന്‌ മുന്നില്‍ എല്ലാവരും വിറച്ചു. ഇറാഖികളുടെ മുദ്രാവാക്യം ഒന്ന്‌ മാത്രമായിരുന്നു-സദ്ദാം ഹുസൈന്‍ പറഞ്ഞത്‌ പോലെ അതീജീവനം. ആര്‍ക്ക്‌ മുന്നിലും തല കുനിക്കാതെ, ആത്മവിശ്വാസം മാത്രം ആയുധമാക്കി കുതിച്ചവര്‍ക്ക്‌ നേതൃത്ത്വം നല്‍കിയത്‌ യൂനസ്‌ മഹമൂദ്‌ എന്ന താരം. ഇതാ ഇത്തവണ ഏഷ്യാകപ്പ്‌ ഖത്തറില്‍ നടക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരെ നയിക്കുന്നതും പ്രതീക്ഷയില്‍ രാജ്യത്തെ നിലനിര്‍ത്തുന്നതും ഈ 27 കാരന്‍. നേതൃഗുണത്തില്‍ മുമ്പനായ യൂനസിന്‌ ഇത്തവണ ഖത്തറികളുടെ പിന്തുണയും ഉറപ്പാണ്‌. കാരണം കക്ഷി കളിക്കുന്നത്‌ ഖത്തര്‍ ലീഗില്‍ അല്‍ ഖറാഫക്ക്‌ വേണ്ടിയാണ്‌. 2007 ലെ ജൂലൈ 29 ന്റെ രാ്ര്രതിയില്‍ ഏഷ്യാകപ്പിനായുളള അന്തിമ അങ്കത്തില്‍ സൗദി അറേബ്യയുടെ വലയില്‍ തല കൊണ്ട്‌ പന്ത്‌ അടിച്ചിറക്കിയ യൂനസ്‌ ആ നേട്ടത്തിന്‌ ശേഷം വന്‍കരയുടെ പ്രിയതാരമായിരുന്നു. അല്‍ ഖറാഫയിലേക്ക്‌ വരുന്നതിന്‌ മുമ്പ്‌ അല്‍ ഖോര്‍, അല്‍ വാഹ്‌ദ ക്ലബുകള്‍ക്കായി കളിച്ച്‌ കാണികളുടെ കൈയ്യടി നേടിയ താരത്തിനെ വിംഗില്‍ തോല്‍പ്പിക്കാന്‍ ആരുമില്ല. അസാമാന്യ വേഗതയും പന്തടക്കവും പിന്നെ ലക്ഷ്യബോധവും ചേരുമ്പോള്‍ പ്രതിയോഗികള്‍ക്ക്‌ പിടികിട്ടാപ്പുള്ളിയായി മാറുന്നു യൂനസ്‌. ശക്തരുടെ ഗ്രൂപ്പിലാണ്‌ ഖത്തറില്‍ ഇറാഖ്‌ കളിക്കുന്നത്‌. ലോകകപ്പില്‍ മിന്നിയ ഉത്തര കൊറിയക്കാര്‍ക്കൊപ്പം യു.എ.ഇയും പിന്നെ ബദ്ധവൈരികളായ അയല്‍ക്കാര്‍ ഇറാനും. കാര്യങ്ങള്‍ ഇത്തവണയും എളുപ്പമല്ലെന്ന്‌ യൂനസ്‌ വ്യക്തമാക്കുന്നു. ജപ്പാനും ദക്ഷിണ കൊറിയയും ഓസ്‌ട്രേലിയയുമെല്ലാം കളിക്കുന്നു. എല്ലാവരും രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന താരങ്ങളുമായാണ്‌ വരുന്നത്‌. ഇറാനെ ഗ്രൂപ്പ്‌ ഘട്ടത്തില്‍ നേരിടുന്നതിനെക്കുറിച്ചോ, അടുത്ത റൗണ്ടിനെക്കുറിച്ചോ സംസാരിക്കാതെ ആദ്യ മല്‍സരത്തിലെ കുതിപ്പിനാണ്‌ ക്യാപ്‌റ്റന്‍ ഊന്നല്‍ നല്‍കുന്നത്‌.
2004 ലെ ഏഷ്യാ കപ്പ്‌ യോഗ്യതാ ഘട്ടത്തില്‍ ബഹറൈനെ 5-1 ന്‌ ഇറാഖ്‌ തകര്‍ത്തപ്പോള്‍ നാല്‌ ഗോളുകളും സ്വന്തമാക്കിയത്‌ യൂനസായിരുന്നു. അന്ന്‌ കിട്ടിയ ആ തുടക്കമാണ്‌ ചാമ്പ്യന്‍ഷിപ്പിലുടനീളം പ്രയോജനപ്പെടുത്തിയത്‌. ഇത്തവണ അത്തരത്തിലൊരു തുടക്കം ലഭിച്ചാല്‍ തന്റെ ടീമിനെ തോല്‍പ്പിക്കുക പ്രതിയോഗികള്‍ക്ക്‌ എളുപ്പമായിരിക്കില്ലെന്നാണ്‌ യൂനസ്‌ വ്യക്തമാക്കുന്നത്‌.
മധ്യനിരയില്‍ കളിക്കുന്ന നഷാത്‌ അക്രമാണ്‌ ക്യാപ്‌റ്റന്‌ പിന്തുണ. കഴിഞ്ഞ ഏഷ്യാ കപ്പിലെ വിജയഘടകം ഇവരായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ രണ്ട്‌ പേര്‍ക്കുമില്ല എന്നത്‌ ടീമിനെ സംബന്ധിച്ച്‌ നല്ല വാര്‍ത്തയാണ്‌.

Wednesday, December 15, 2010

kamal in china


kamal in china

പേസും ബൗണ്‍സും-ബൗളര്‍മാര്‍ അന്തിമ വാക്കാവും
ഗാരി കിര്‍സ്‌റ്റണ്‍, എറിക്‌ സൈമണ്‍സ്‌, പാഡി ഉപ്‌ടണ്‍-ദക്ഷിണാഫ്രിക്കക്കാരായ ഇന്ത്യയുടെ സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫ്‌ അംഗങ്ങള്‍. കിര്‍സ്റ്റണ്‍ ഹെഡ്‌ കോച്ചാണെങ്കില്‍ സൈമണ്‍സ്‌ ബൗളിംഗ്‌ കോച്ചും ഉപ്‌ടണ്‍ മെന്റല്‍ ട്രെയിനറും. ഇന്ത്യന്‍ ടീമിനെ ഒരുക്കുന്ന ഈ മൂന്ന്‌ തദ്ദേശികളുടെ തന്ത്രങ്ങള്‍ ഇന്ന്‌ മുതല്‍ പരീക്ഷിക്കപ്പെടുകയാണ്‌. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട്‌ പാര്‍ക്കില്‍ ആദ്യ പോരാട്ടത്തിന്‌ ഇന്ന്‌ തിരശ്ശീല ഉയരുമ്പോള്‍ ക്രിക്കറ്റിലെ ആവേശകരമായ കാഴ്‌ച്ചകള്‍ക്ക്‌ തുടക്കമാവും. ദക്ഷിണാഫ്രിക്കക്കാര്‍ അണിയിച്ചൊരുക്കുന്ന ഇന്ത്യന്‍ ടീമും ദക്ഷിണാഫ്രിക്കന്‍ ടീമും തമ്മിലുളള പരമ്പര എന്നതിനേക്കാളുപരി ലോക ക്രിക്കറ്റിലെ രണ്ട്‌ പ്രബലര്‍ തമ്മിലുള്ള മല്‍സരങ്ങളെന്ന പ്രാധാന്യം പരമ്പരക്കുണ്ട്‌. ആഷസിന്റെ നിറം മങ്ങിയ സാഹചര്യത്തില്‍ ക്രിക്കറ്റ്‌ ലോകത്തിന്‌ ടെസ്‌റ്റ്‌ മല്‍സരങ്ങളുടെ അത്യാവേശം പകര്‍ന്നു നല്‍കാന്‍ പരമ്പരക്ക്‌ കഴിയുമെന്നാണ്‌ വിശ്വാസം. ജീവനുള്ള പിച്ചുകളില്‍ നടക്കുന്ന മല്‍സരങ്ങളെന്ന നിലയിലും പോരാട്ടവീര്യമുളളവരുടെ അങ്കമെന്ന നിലയിലും മൂന്ന്‌ ടെസ്‌റ്റുകളും ഒരു ടി-20 മല്‍സരവും അഞ്ച്‌ ഏകദിനങ്ങളും ആവേശകരമായിരിക്കും. ന്യൂസിലാന്‍ഡിനെതിരായ പരമ്പര നല്‍കിയത്‌ വിരസതയായിരുന്നുവെങ്കില്‍ ദക്ഷിണാഫ്രിക്കയിലെ അതിവേഗ പിച്ചുകളില്‍ ബാറ്റ്‌സ്‌മാന്മാര്‍ക്കൊപ്പം ബൗളര്‍മാര്‍ക്കും വ്യക്തമായ സാധ്യത നിലനില്‍ക്കുന്നുണ്ട്‌. ഡിസംബറിലെ തണുപ്പിനൊപ്പം പച്ചപ്പുള്ള പിച്ചിലെ ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിയുന്ന വേഗതും സ്വിംഗും കൂടി ചേരുമ്പോള്‍ പന്തിന്റെ ഗതിവേഗങ്ങളെ അതിവേഗം മനസ്സിലാക്കാന്‍ ബാറ്റ്‌സ്‌മാന്മാര്‍ പ്രസായപ്പെടുമെന്നതിനാല്‍ ബൗളര്‍മാര്‍ക്കാണ്‌ അല്‍പ്പം മുന്‍ത്തൂക്കം. ഡാലെ സ്റ്റെന്‍, വെയിന്‍ പാര്‍നല്‍, മോര്‍ണി മോര്‍ക്കല്‍ തുടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരും സഹീര്‍ഖാന്‍, ഇഷാന്ത്‌ ശര്‍മ്മ, ശ്രീശാന്ത്‌ എന്നീ ഇന്ത്യന്‍ വേഗക്കാരും തമ്മില്‍ വലിയ അന്തരമില്ല. സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുന്നവര്‍. അനുഭവസമ്പത്തും മല്‍സരഗതിയെ സ്വാധീനിക്കാനുളള കരുത്തുമുള്ളവര്‍. ഈ ബൗളിംഗ്‌ പടക്കായിരിക്കും സെഞ്ചൂറിയന്‌ പുറമെ ഡര്‍ബനിലും കേപ്‌ ടൗണിലുമെല്ലാം സാധ്യത. പേസ്‌ ബൗളര്‍മാര്‍ ആഗ്രഹിക്കുന്ന ജീവനുള്ള പിച്ചുകള്‍ രാജ്യാന്തര തലത്തില്‍ ദക്ഷിണാഫ്രിക്കയില്‍ മാത്രമാണ്‌ ലഭിക്കുന്നത്‌. ഷോട്ട്‌ പിച്ച്‌ പന്തുകളെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്കുള്ള പോരായ്‌മകള്‍ മനസ്സിലാക്കി ആഫ്രിക്കന്‍ ബൗളര്‍മാര്‍ പന്തിനെ കുത്തി ഉയര്‍ത്തുമ്പോള്‍ ഗാരി കിര്‍സ്‌റ്റണ്‍ പഠിപ്പിച്ച മറുതന്ത്രം സച്ചിനും സംഘവും പ്രയോഗിക്കും. അവിടെയാണ്‌ പരമ്പരയുടെ ജീവന്‍ ഉയരുക. സമ്മര്‍ദ്ദമെന്ന ക്രിക്കറ്റിലെ പതിവ്‌ പദത്തിന്‌ ഇത്തവണ ഇരയാവുക രാഹുല്‍ ദ്രാവിഡ്‌, വി.വി.എസ്‌ ലക്ഷ്‌മണ്‍ തുടങ്ങിയ വെറ്ററന്‍ ബാറ്റ്‌സ്‌മാന്മാരാണ്‌. കിവീസിനെതിരായ പരമ്പരയില്‍ യുവതാരങ്ങള്‍ മികവ്‌ പ്രകടിപ്പിച്ച സാഹചര്യത്തില്‍ സീനിയര്‍ താരങ്ങളുടെ പരാജയങ്ങള്‍ സെലക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കും.
നായകന്‍ എന്ന നിലയില്‍ ധോണിയില്‍ സമ്മര്‍ദ്ദക്കുറവുണ്ട്‌. ടെസ്‌റ്റ്‌ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരെന്ന നിലയില്‍ വലിയ കസേരയില്‍ ഇരിക്കുന്ന ടീമിന്‌ ഈ പരമ്പര നഷ്ടമായാലും ഒന്നാം സ്ഥാനത്തിന്റെ കാര്യത്തില്‍ ഭയപ്പെടാനില്ല. ലോകകപ്പ്‌ സീസണില്‍ പരുക്കിനെയാണ്‌ എല്ലാവരും പേടിക്കുന്നത്‌. പരുക്ക്‌ ഭയന്ന്‌ കളിച്ചാല്‍ പ്രശ്‌നമാവുമെന്ന സത്യം ലോകകപ്പ്‌ മുന്നില്‍ നില്‍ക്കവെ താരങ്ങളുടെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിക്കുമെന്നതും പരമ്പരക്ക്‌ കരുത്ത്‌ പകരും.


ഇന്ത്യ ഹോളണ്ടിനെ മാതൃകയാക്കണമെന്ന്‌ വാന്‍ ഡായിക്‌
കോഴിക്കോട്‌: ഇന്ത്യയില്‍ ഫുട്‌ബോള്‍ വളരണമെങ്കില്‍ പ്രതിഭകളെ ചെറിയ പ്രായത്തില്‍ കണ്ടെത്തി ശാസ്‌ത്രീയ പരിശീലനം നല്‍കി വളര്‍ത്തണമെന്ന്‌ പ്രമുഖ ഡച്ച്‌ പരിശീലകന്‍ മാര്‍സല്‍ വാന്‍ ഡായിക്‌ അഭിപ്രായപ്പെട്ടു. ഇന്ന്‌ മലപ്പുറം ജില്ലയിലെ തെരട്ടമ്മലില്‍ ആരംഭിക്കുന്ന സെപ്‌റ്റ്‌ പരിശീലകര്‍ക്കുളള പരിശീലനത്തിനെത്തിയ ഡായിക്‌ ഫുട്‌ബോള്‍ പഠനത്തില്‍ ഡച്ചുകാരെ ഇന്ത്യ മാതൃകയാക്കണമെന്ന അഭിപ്രായക്കാരനാണ്‌. അഞ്ച്‌ വയസ്സ്‌ മുതലാണ്‌ ഹോളണ്ടില്‍ ഫുട്‌ബോള്‍ പരിശീലനം ആരംഭിക്കുന്നത്‌. ഏഴ്‌ വയസ്സിനിടെ പ്രതിഭകളെ തിരിച്ചറിയുന്നു. പിന്നെ കഠിനമായ പരിശീലനവും പഠനവും. ഡച്ച്‌ ലീഗ്‌ വളരെ പ്രബലമായ സാഹചര്യത്തില്‍ രാജ്യത്തെ 250 ലധികം വരുന്ന സോക്കര്‍ അക്കാദമികളില്‍ കരുത്ത്‌ തെളിയിക്കുന്നവര്‍ക്ക്‌ കൗമാരത്തില്‍ തന്നെ പ്രൊഫഷണല്‍ സോക്കറിലേക്ക്‌ കടന്നുവരാന്‍ കഴിയുന്നു. വെസ്‌ലി സ്‌നൈഡറെ പോലുള്ള പ്രതിഭകള്‍ ഡച്ചുകാരുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. കോച്ചിംഗില്‍ യുവേഫയുടെ എ ഡിപ്ലോമ നേടിയ ഡായിക്‌ അയാക്‌സ്‌ ആംസ്‌റ്റര്‍ഡാമിന്റെ ഡയരക്ടറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. തെരട്ടമ്മലിലെ ക്യാമ്പില്‍ അദ്ദേഹം നാല്‌ ദിവസമുണ്ടാവുമെന്ന്‌ സെപ്‌റ്റ്‌ ചെയര്‍മാന്‍ അരുണ്‍ കെ നാണു പറഞ്ഞു.