Monday, August 4, 2008

KAMALS DRIVE_SORRY ANJU

അഞ്‌ജുവിന്‌ എന്ത്‌ ചെയ്യാനാവും
നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ നടന്ന വനിതകളുടെ ലോംഗ്‌ ജംമ്പ്‌ ഫൈനലില്‍ പങ്കെടുത്ത്‌ പന്ത്രണ്ട്‌ പേരും അവര്‍ പിന്നിട്ട ദൂരവും പരിശോധിക്കുക:
1- തത്തിയാന ലെബദേവ, റഷ്യ-7.07 മീറ്റര്‍. 2-ഇറീന സിമാഗിന,റഷ്യ-7.05, 3-തത്തിയാന കോട്ടോവ, റഷ്യ-7.05, ബ്രോണ്‍വിന്‍ തോംസണ്‍, ഓസ്‌ട്രേലിയ-6.96 മീറ്റര്‍, 5- മരിയം ജോണ്‍സ്‌, അമേരിക്ക-6.85, 6- അഞ്‌ജു ബോബി ജോര്‍ജ്ജ്‌, ഇന്ത്യ-6.83, 7-ജഡേ തോംസണ്‍, ബ്രിട്ടന്‍-6.80, 8-തുന്‍ഡെ വാസി, ഹംഗറി-6.73, 9-ബിനാക കാപ്ലര്‍, ജര്‍മനി-6.66, 10-ഗ്രേസ്‌ അപ്‌ഷാ, അമേരിക്ക-6.64, 11-കരോലിന ക്ലുഫറ്റ്‌, സ്വീഡന്‍-6.63, യെലീന കഷ്‌ചേവ, കസാക്കിസ്ഥാന്‍-6.53.
ഇനി നിലവിലുള്ള വനിതകളുടെ ലോംഗ്‌ ജംമ്പ്‌ ലോക റാങ്കിംഗും ഓരോ താരത്തിന്റെയും പോയന്റും പരിശോധിക്കാം
1-നെയ്‌ദെ ഗോമസ്‌, പോര്‍ച്ചുഗല്‍-1309, 2-മൗറന്‍ ഹാഗ മാഗി-ബ്രസീല്‍-1304, 3- തത്തിയാന ലെബദേവ, റഷ്യ-1282, 4-തത്തിയാന കോത്തോവ, റഷ്യ-1280, 5-ലുമില കോല്‍ച്ചനോവ, റഷ്യ-1275, 6-ഇറീന സിമാഗിന, റഷ്യ-1246, 7-ബ്രിട്ട്‌നെ റീസി, അമേരിക്ക-1226, 8-കലെ ഡാസില്‍വ കോസ്‌റ്റ, ബ്രസീല്‍-1225, 9- കരീന്‍ മേ, ദക്ഷിണാഫ്രിക്ക-1214, 10-ഗ്രേസ്‌ അപ്‌ഷാ,അമേരിക്ക-1211, 11-ബിനാക്ക കാപ്ലര്‍, ജര്‍മനി-1209, 12-ഫുന്‍മി ജിമോ, അമേരിക്ക-1194, 13-കോണ്‍സപ്‌ മോണ്‍ഡാനര്‍, സ്‌പെയിന്‍-1192, 13- ചെല്‍സി ഹാമോന്‍ഡ്‌, ജമൈക്ക-1186, 15-ജാന്‍സി ജോസഫ്‌, ദക്ഷിണാഫ്രിക്ക-1185, 16-അഞ്‌ജു ബോബി ജോര്‍ജ്ജ്‌, ഇന്ത്യ-1179.
ഇനി സമീപകാലത്ത്‌്‌ ഏറ്റവും മികച്ച പ്രകടനം നടത്തിയവരുടെ പട്ടിക നോക്കിയാല്‍ അഞ്‌ജു ഇരുപത്തി നാലാം സ്ഥാനത്താണ്‌...! അതായത്‌ ഏതന്‍സില്‍ നിന്നും ബെയ്‌ജിംഗിലേക്കുളള ദൂരത്തില്‍ അഞ്‌ജുവിന്‌ പുതിയ ധാരാളം എതിരാളികളെ ലഭിച്ചു. ലോക റാങ്കിംഗിലെ ആദ്യ പത്ത്‌ പേര്‍ ഏഴ്‌ മീറ്ററിലധികം ചാടിയവരാണ്‌. അഞ്‌ജുവിന്‌ ഇത്‌ വരെ ഏഴ്‌ പിന്നിടാന്‍ കഴിഞ്ഞിട്ടില്ല.
ഈ കണക്കെടുപ്പില്‍ നിന്ന്‌ പകല്‍ പോലെ വ്യക്തമാവുന്ന സത്യം പരസ്യപ്പെടുത്തേണ്ടതില്ല. 2002 ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക്‌ മീറ്റില്‍ ലോകത്തോളം ഉയര്‍ന്നു ചാടിയ അഞ്‌ജു രാജ്യത്തന്‌ വെങ്കലം സമ്മാനിച്ചപ്പോള്‍ മുതല്‍ അതേ വേഗതയില്‍ പ്രതീക്ഷകള്‍ ഉയര്‍ന്നിരുന്നു. മറ്റാര്‍ക്കും ലഭിക്കാത്ത പരിശീലന സൗകര്യങ്ങള്‍, പിന്തുണ, ഭര്‍ത്താവിനെ തന്നെ കോച്ചായി ലഭിച്ചു. എന്നിട്ടും പ്രതീക്ഷകള്‍ വാക്കുകളില്‍ മാത്രമായി.
ബെയ്‌ജിംഗിലേക്ക്‌ അഞ്‌ജു പോവുമ്പോള്‍ നമ്മെ തുറിച്ചു നോക്കുന്ന പല സത്യങ്ങളുമുണ്ട്‌. അതില്‍ ഭീതിപ്പെടുത്തുന്നത്‌ അഞ്‌ജുവിന്റെ ദൂരം തന്നെ. മലയാളി താരത്തിന്‌ ഇത്‌ വരെ ഏഴ്‌ മീറ്റര്‍ എന്ന സ്വപ്‌നദൂരം പിന്നിടാന്‍ കഴിഞ്ഞിട്ടില്ല. 6.83 മീറ്ററാണ്‌ അഞ്‌ജുവിന്റെ കരിയര്‍ ബെസ്റ്റ്‌ പ്രകടനം. നിലവിലെ ലോക റെക്കോര്‍ഡാവട്ടെ 7.12 മീറ്ററും. അതായത്‌ അഞ്‌ജുവിന്റെ ദൂരവും ലോക റെക്കോര്‍ഡും തമ്മില്‍ വലിയ അന്തരമുണ്ട്‌.
2002 ല്‍ നേടിയ ലോക മീറ്റിലെ വെങ്കലത്തിന്‌ ശേഷം അതേ നിലവാരത്തിലുളള നേട്ടം അഞ്‌ജുവിനില്ല. 2006 ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ അഞ്‌ജുവല്ലാതെ മറ്റാര്‍ക്കും സ്വര്‍ണ്ണമുണ്ടാവില്ലെന്നാണ്‌ കരുതപ്പെട്ടത്‌. താരതമ്യേന ദുര്‍ബലരായ എതിരാളികള്‍ക്ക്‌ മുന്നില്‍ പോലും അഞ്‌ജു പതറി.
നിലവില്‍ ലോക റാങ്കിംഗില്‍ പതിനാറാം സ്ഥാനത്താണ്‌ അഞ്‌ജു. ബെയ്‌ജിംഗില്‍ അഞ്‌ജുവിന്‌ മുന്നിലുളള മറ്റ്‌ പതിനഞ്ച്‌ പേരുമുണ്ട്‌. ഫൈനല്‍ ബെര്‍ത്ത്‌ ലഭിച്ചാല്‍ തന്നെ അത്‌ നേട്ടമാണ്‌. ഏതന്‍സില്‍ നാല്‌ വര്‍ഷം മുമ്പ്‌ അഞ്‌ജു മല്‍സരിക്കുമ്പോള്‍ കരിയറിന്റെ ഉയര്‍ന്ന പോയന്റിലായിരുന്നു അവര്‍. 2002 ലെ പാരീസ്‌ നേട്ടവും തുടര്‍ന്ന്‌ നടന്ന ഗ്രാന്‍ഡ്‌ പ്രീകളിലെ പ്രകടനവും മെഡല്‍ പ്രതീക്ഷ നല്‍കിയിരുന്നു. പക്ഷേ മരിയം ജോണ്‍സിനും പിറകെയായിരുന്നു അഞ്‌ജു ചാടിയത്‌.
1948 ല്‍ ലണ്ടനില്‍ നടന്ന ഒളിംപിക്‌സ്‌ മുതലാണ്‌ വനിതകളുടെ ലോംഗ്‌ ജംമ്പ്‌ ഒളിംപിക്‌സില്‍ മല്‍സര ഇനമായത്‌. അന്ന്‌ മുതലുളള ചരിത്രം പരിശോധിച്ചാല്‍ ഉന്നത പ്രകടനക്കാരുടെ പട്ടികയില്‍ മരിയം ജോണ്‍സും, യെലീന കോപോതനോവയും തത്തിയാന ലെബദേവയും ഇനീസ ക്രാവറ്റ്‌സും യെലീന ബെലിസ്‌കേവിയും തത്തിയാന കോട്ടോവയും ജാകി ജോയ്‌നര്‍ കര്‍സിയുമെല്ലാം വരുമ്പോള്‍ അഞ്‌ജുവിന്‌ സ്ഥാനമില്ല.
2002 ന്‌ ശേഷം അഞ്‌ജു നടത്തിയ പ്രകടനവും മറ്റ്‌ ലോക താരങ്ങളുടെ പ്രകടനവും താരതമ്യം ചെയ്‌താല്‍ അന്തരം പകല്‍ പോലെ വ്യക്തമാവും. പത്ത്‌ വര്‍ഷത്തോളമായി ഏഴ്‌ മീറ്റര്‍ പിന്നിടാന്‍ അഞ്‌ജു ശ്രമിക്കുന്നു. പക്ഷേ പിറകോട്ട്‌ പോവുന്നതല്ലാതെ മുന്നോട്ട്‌്‌ വരുന്നില്ല. അനുഭവസമ്പത്ത്‌ വേണ്ടുവോളമുണ്ടായിട്ടും സമ്മര്‍ദ്ദത്തില്‍ അടിപതറുന്നു. ഏതന്‍സ്‌ ഒളിംപിക്‌സിന്‌ ശേഷം പ്രകടനം താഴോട്ട്‌ മാത്രമായിരുന്നു.
കരുത്ത്‌ പലവട്ടം തെളിയിച്ചിട്ടും അഞ്‌ജുവിന്‌ അര്‍ഹിക്കുന്ന ഉന്നത പരിശീലനം നല്‍കാന്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനോ, കായിക മന്ത്രാലയമോ രംഗത്ത്‌ വന്നില്ല. ചില താരങ്ങളെ വിദേശ പരിശീലനത്തിന്‌ അയച്ചെങ്കിലും മൈക്‌ പവലും കാള്‍ ലൂയിസുമെല്ലാം നിര്‍ദ്ദേശിച്ച രീതിയില്‍ യൂറോപ്യന്‍ തലത്തില്‍ കൂടുതല്‍ അനുഭവസമ്പത്ത്‌ സ്വായത്തമാക്കാനുള്ള അവസരം അഞജുവിന്‌ നല്‍കപ്പെട്ടില്ല. ഇത്‌ അഞ്‌ജുവിന്റെ അവസാന ഒളിംപിക്‌സാണ്‌. കാര്യമായൊന്നും മലയാളി താരത്തിന്‌ ഇവിടെ ചെയ്യാനാവില്ല. എന്നിട്ടും നമ്മള്‍ പലതും പ്രതീക്ഷിക്കുന്നു. അതിനാണ്‌ നമുക്ക്‌ കഴിയുക.

ഇതാണ്‌ ഇന്ത്യന്‍ സംഘം
ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിലെ അംഗങ്ങള്‍ ഇവരാണ്‌:
അമ്പെയ്‌ത്ത്‌: ദോല ബാനര്‍ജി, പ്രണിത വര്‍ദിനി, എല്‍.ബോംബായല ദേവി, മംഗള്‍സിംഗ്‌ ചാപ്പിയ
അത്‌ലറ്റിക്‌സ്‌: അഞ്‌ജു ബോബി ജോര്‍ജ്ജ്‌, (ലോംഗ്‌ജംമ്പ്‌), കൃഷ്‌ണ പുനിയ (ഡിസ്‌ക്കസ്‌), ഹര്‍വന്ത്‌ കൗര്‍ (ഡിസ്‌ക്കസ്‌), പ്രീജ ശ്രീധരന്‍ (10,000 ), മന്‍ജിത്‌ കൗര്‍ (400), ചിത്ര കെ സോമന്‍ (4-400 മീറ്റര്‍ റിലേ), സിനി ജോസ്‌ (4-400 ), എം.ആര്‍ പൂവമ്മ ( 4-400 മീറ്റര്‍ റിലേ), മന്‍ദീപ്‌ കൗര്‍ (റിലേ), എസ്‌.ഗീത (റിലേ), കെ.മൃദുല (റിലേ), ജെ.ജെ ശോഭ (ഹെപ്‌ടാത്ത്‌ലണ്‍), സുസ്‌മിത സിംഗ്‌ (ഹെപ്‌ടാത്ത്‌ലണ്‍), ജി.ജി പ്രമീള (ഹെപ്‌ടാത്ത്‌ലണ്‍), വികാസ്‌ ഗൗഡ്‌ (ഡിസ്‌്‌കസ്‌), രണ്‍ജിത്‌ മഹേശ്വരി( ട്രിപ്പിള്‍ ജംമ്പ്‌), സുരീന്ദര്‍ സിംഗ്‌ (10000).
ബാഡ്‌മിന്റണ്‍: അനൂപ്‌ ശ്രീധര്‍, സൈന നെഹ്‌വാള്‍
ബോക്‌സിംഗ്‌: ജിതേന്ദര്‍ (51 കിലോ ഗ്രാം), അഖില്‍ കമാര്‍ (54), എ.എല്‍ ലക്ര (57), വിജേന്ദര്‍ (75), ദിനേശ്‌ കുമാര്‍ (81)
ജൂഡോ: കുംജു തോംബി ദേവി, ദിവ്യ,
റോവിംഗ്‌: ബജ്രംഗ്‌ ലാല്‍ താക്ക്‌റെ, ദേവേന്ദര്‍ കന്‍ഡ്‌വാല്‍, മന്‍ജിത്‌ സിംഗ്‌
ഷൂട്ടിംഗ്‌: മന്നവജിത്‌ സിംഗ്‌ സന്ധു (ക്ലേ പിഗിയണ്‍ ട്രാപ്പ്‌), മന്‍ഷേര്‍ സിംഗ്‌ (ക്ലേ പിഗിയണ്‍ ട്രാപ്പ്‌), രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോര്‍ (ഡബിള്‍ ട്രാപ്പ്‌), ഗഗന്‍ നരാംഗ്‌ (10 മീറ്റര്‍ എയര്‍ റൈഫിള്‍), അഭിനവ്‌ ബിന്ദ്ര( 10 മീറ്റര്‍ എയര്‍ റൈഫിള്‍), സമരേഷ്‌ ജംഗ്‌ (10 മീറ്റര്‍ എയര്‍ റൈഫിള്‍), സന്‍ജീവ്‌ രാജ്‌പുത്‌ (50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍), അഞ്‌ജലി ഭാഗവത്‌ (50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍), അവനിത്‌ കൗര്‍ സിദ്ദു (10 മീറ്റര്‍ എയര്‍ റൈഫിള്‍)
നീന്തല്‍: വീര്‍ദവാല്‍ ഖാഡെ (50, 100, 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍), അന്‍കൂര്‍ പോസരിയ (100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ), സന്ദീപ്‌ സജ്‌വാള്‍ (100, 200 മീറ്റര്‍ ബ്രെസ്‌റ്റ്‌ സ്‌ട്രോക്ക്‌), രേഹന്‍ പോഞ്ച (200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ)
ടേബിള്‍ ടെന്നിസ്‌: ശരത്‌ കമല്‍, നേഹ അഗര്‍വാള്‍
ടെന്നിസ്‌: ലിയാന്‍ഡര്‍ പെയ്‌സ്‌, മഹേഷ്‌ ഭൂപതി (ഡബിള്‍സ്‌), സാനിയ മിര്‍സ (സിംഗിള്‍സ്‌,ഡബിള്‍സ്‌), സുനിതാ റാവു (ഡബിള്‍സ്‌),
വെയ്‌റ്റ്‌ ലിഫ്‌ടിംഗ്‌: എല്‍.മോണിക്കാദേവി
റസ്‌ലിംഗ്‌: സുശീല്‍ കുമാര്‍ (66 കി ഫ്രീ സ്റ്റൈല്‍), യോഗേശ്വര്‍ ദത്ത്‌ (60 കിലോഗ്രാം ഫ്രീസ്റ്റൈല്‍), രാജിവ്‌ തോമര്‍ (120 കിലോഗ്രാം ഫ്രീ സ്റ്റൈല്‍)
യാട്ടിംഗ്‌: മേജര്‍ എന്‍.എസ്‌ ജോഹല്‍ (ഹെവിവെയ്‌റ്റ്‌ ഡിന്‍ഗി).

No comments: