Tuesday, August 24, 2010

MANZUR HAPPY


മന്‍സൂര്‍ ഹാപ്പി
ലണ്ടന്‍: ഷെയിക്‌ മന്‍സൂര്‍ ബിന്‍ സയ്യദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍-ഈ നാമം അബുദാബിയിലും യു.എ.ഇയിലും സുപരിചിതമാണ്‌. പക്ഷേ ഇതാ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഖ്യാതി ലോക സോക്കറിലേക്കും കായിക ലോകത്തേക്കും വ്യാപിക്കുന്നു. കോടികള്‍ വില നല്‍കി അദ്ദേഹം മാഞ്ചസ്‌റ്റര്‍ സിറ്റി എന്ന ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബിനെ സ്വന്തമാക്കിയത്‌ രണ്ട്‌ വര്‍ഷം മുമ്പാണ്‌. കഴിഞ്ഞ ദിവസം ആദ്യമായി അദ്ദേഹം സ്വന്തം ടീമിന്റെ കള കാണാന്‍ നേരിലെത്തിയപ്പോള്‍ താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നു-മൂന്ന്‌ തട്ടുതകര്‍പ്പന്‍ ഗോളുകള്‍. തോല്‍പ്പിച്ചതോ ശക്തരായ ലിവര്‍പൂളിനെ...!
എനിക്ക്‌ സന്തോഷമായി, പ്രീമിയര്‍ ലീഗില്‍ എന്റെ ടീം ഇത്തവണ മുന്നേറും-ഷെയ്‌ക്കിന്റെ വാക്കുകള്‍. അബുദാബിയിലെ രാജകുടുംബാംഗമാണ്‌ ഷെയിക്‌ മന്‍സൂര്‍. യു.എ. ഇ പ്രസിഡണ്ടും അബുദാബി അമീറുമായ ഖലീഫാ ബിന്‍ സയ്യദ്‌ അല്‍ നഹ്യാന്റെ അര്‍ദ്ധസഹോദരനായ ഷെയിക്‌ മന്‍സൂറിന്‌ ചെറിയ പ്രായത്തില്‍ തന്നെ കായിക താല്‍പ്പര്യമുണ്ടായിരുന്നു. കുതിര പന്തയ മല്‍സരങ്ങളില്‍ അതീവ താല്‍പ്പര്യമുള്ള ഷെയിക്‌ അബുദാബിയിലെ നിരവധി ചാമ്പ്യന്‍ഷിപ്പുകളില്‍ ഒന്നാമനായിരുന്നു. ഇപ്പോഴും എമിറേറ്റ്‌സ്‌ ഹോഴ്‌സ്‌ റേസിംഗ്‌ അതോരിറ്റിയുടെ തലവനാണ്‌. അല്‍ ജസീറ ക്ലബിന്റെ ഉടമയായ ഷെയിക്‌ ഒരു വര്‍ഷം മുമ്പാണ്‌ പ്രീമിയര്‍ ലീഗില്‍ നോട്ടമിട്ട്‌ മാഞ്ചസ്‌റ്റര്‍ സിറ്റിയെ സ്വന്തമാക്കിയത്‌. പ്രീമിയര്‍ ലീഗിലെ വലിയ ക്ലബിനെ സ്വന്തമാക്കുക എന്നത്‌ എളുപ്പമായിരുന്നില്ല. പക്ഷേ സാമ്പത്തികമായുളള കരുത്തിനൊപ്പം ഫുട്‌ബോള്‍ താല്‍പ്പര്യവുമായപ്പോള്‍ സിറ്റിയുടെ നൂറ്‌ ശതമാനം ഓഹരിയും സ്വന്തമാക്കിയാണ്‌ ഷെയിക്‌ മന്‍സൂര്‍ ഇംഗ്ലീഷുകാരെ തന്നെ ഞെട്ടിച്ചത്‌. ഉടമസ്ഥത സ്വന്തമാക്കിയ ശേഷം വലിയ താരങ്ങളെ തന്നെ അദ്ദേഹം രംഗത്തിറക്കി. റയല്‍ മാഡ്രിഡില്‍ നിന്നും ബ്രസീലുകാരന്‍ റോബിഞ്ഞോയെ ലോണിന്‌ വിളിച്ചു. അര്‍ജന്റീനയുടെ ഗോള്‍ വേട്ടക്കാരന്‍ കാര്‍ലോസ്‌ ടെവസിനെ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡില്‍ നിന്നും റഞ്ചി. റോബര്‍ട്ടോ മാന്‍സിനി എന്ന പുത്തന്‍ പരിശീലകനെയും വലിയ വിലക്ക്‌ സ്വന്തമാക്കുമ്പോള്‍ ഷെയിക്‌ മന്‍സൂര്‍ ലക്ഷ്യമിട്ടത്‌ ഒന്ന്‌ മാത്രം-പ്രീമിയര്‍ ലീഗ്‌ കിരീടം. പുതിയ സീസണിന്‌ തുടക്കമാവുമ്പോള്‍ താരങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകരാന്‍ റമസാന്‍ മാസത്തിലും അദ്ദേഹം ഈസ്റ്റ്‌ലാന്‍ഡ്‌സിലെത്തി. സ്റ്റീവന്‍ ജെറാര്‍ഡ്‌ നയിക്കുന്ന ലിവര്‍പൂള്‍ നിരയില്‍ നിരയെ സൂപ്പര്‍ താരങ്ങളാണ്‌. അവര്‍ക്കെതിരെ ഒന്നിന്‌ പിറകെ ഒന്നായി സ്വന്തം ടീം മൂന്ന്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ പലപ്പോഴും ആഹ്ലാദചിത്തനായി ഷെയിക്‌ ഇരിപ്പിടത്തില്‍ നിന്ന്‌ എഴുന്നേറ്റു.
പുതിയ സീസണില്‍ 130 ദശലക്ഷം യൂറോയാണ്‌ ഷെയിക്‌ മന്‍സൂര്‍ ചെലവിട്ടത്‌. പുതിയ റിക്രൂട്ടായ ജെയിംസ്‌ മില്‍നറാണ്‌ ആദ്യ ഗോളിന്‌ ജെറാത്ത്‌ ബാറ്റിക്ക്‌ പന്ത്‌ നല്‍കിയത്‌. ഒന്നാം പകുതിയില്‍ ഈ ഗോളിന്‌ മുന്നില്‍ നിന്ന സിറ്റി രണ്ടാം പകുതിയുടെ തുടക്കത്തില്‍ സൂപ്പര്‍ താരം കാര്‍ലോസ്‌ ടെവസിന്റെ മികവില്‍ ലീഡുയര്‍ത്തി. ആദം ജോണ്‍സിനെ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച്‌ വീഴ്‌ത്തിയതിന്‌ അനുവദിക്കപ്പെട്ട പെനാല്‍ട്ടി കിക്ക്‌ ടെവസ്‌ തന്നെ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ വിജയം എളുപ്പമായി. ടെവസിന്റെ പ്രകടനമാണ്‌ ഷെയിക്‌ മന്‍സൂറിനെ ഏറെ ആകര്‍ഷിച്ചത്‌. കഴിഞ്ഞ സീസണില്‍ ക്ലബിന്റെ പ്രതീക്ഷക്കൊത്തുയരാന്‍ അര്‍ജന്റീനക്കാരന്‌ കഴിഞ്ഞിരുന്നില്ല. ലിവര്‍പൂളിന്റെ പ്രകടനം മോശമായിരുന്നില്ല. പക്ഷ സിറ്റി ഗോള്‍ക്കീപ്പര്‍ ജോ ഹാര്‍ട്ട്‌ അപാര ഫോമിലായിരുന്നു. സ്‌റ്റീവന്‍ ജെറാര്‍ഡ്‌, ഫെര്‍ണാണ്ടോ ടോറസ്‌ എന്നിവരുടെ മുന്നേറ്റങ്ങള്‍ക്ക്‌ അന്ത്യമിട്ടത്‌ ഗോള്‍ക്കീപ്പറായിരുന്നു.
മൂന്ന്‌ ഗോളിന്റെ വിജയത്തിനൊപ്പം ഷെയിക്‌ മന്‍സൂറിന്‌ ആത്മവിശ്വാസം നല്‍കുന്നത്‌ ടീമിന്റെ മൊത്തം പ്രകടനമാണ്‌. കളിയുടെ സമത്സ മേഖലകളിലും ലിവര്‍പൂളിനെ സിറ്റിക്കാര്‍ പിറകിലാക്കിയിരുന്നു. ഡേവിഡ്‌ സില്‍വ, മരിയോ ബലേറ്റി, ഇമാനുവല്‍ അബിദേയര്‍ തുടങ്ങിയ വന്‍കിടക്കാര്‍ പരുക്കില്‍ കളിക്കാതിരുന്നിട്ടും ടീമിന്‌ ഇത്രയധികം കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞത്‌ ചെറിയ കാര്യമല്ലെന്ന്‌ കോച്ച്‌ മാന്‍സിനി പറയുന്നു. വലത്‌ വിംഗില്‍ ആദം ജോണ്‍സണ്‍ കാര്‍ലോസ്‌ ടെവസിന്‌ അനയോജ്യനായ പങ്കാളിയായിരുന്നു. ഈ രണ്ട്‌ പേരും ചേര്‍ന്നാണ്‌ നിരന്തരം ആക്രമണം നടത്തി ലിവര്‍പൂള്‍ ഡിഫന്‍സിനെ വിറപ്പിച്ചത്‌.
പരിശീലകന്‍ എന്ന നിലയില്‍ നേടാനായ ആദ്യ വിജയത്തിലെ ആഹ്ലാദം മാന്‍സിനി മറച്ചുവെക്കുന്നില്ല. ഇറ്റലിക്കാരന്‍ ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ആദ്യ മല്‍സരത്തില്‍ സമനിലയായിരുന്നു. എന്നാല്‍ ലിവര്‍പൂളിനെ പോലെ പ്രബലരായ പ്രതിയോഗികളെ രണ്ടാം മല്‍സരത്തില്‍ തന്നെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാനയത്‌ ചെറിയ നേട്ടമല്ലെന്ന്‌ അദ്ദേഹം പറയുന്നു. ചെയര്‍മാന്‍ കളി കാണാന്‍ വന്ന ആദ്യ ദിവസത്തിലെ വിജയത്തിനൊപ്പം എല്ലാ തലത്തിലും ടീം പ്രകടപ്പിച്ച കരുത്തും കോച്ചിന്‌ അമിതാഹ്ലാദം നല്‍കുന്നു. തുടക്കത്തില്‍ ടെവസിനെ മാത്രം മുന്നില്‍ നിര്‍ത്തിയാണ്‌ മാന്‍സിനി കളി നിയന്ത്രിച്ചത്‌. ഈ നീക്കം ഫലം ചെയ്‌തു. ഗോള്‍വലയത്തില്‍ ഷേ ഗിവണ്‌ പകരം ജോ ഹാര്‍ട്ടിന്‌ അവസരം നല്‍കിയതും ഭാഗ്യമായി. വലിയ താരങ്ങളുടെ പരുക്ക്‌ വലിയ വെല്ലുവിളിയാണെന്ന്‌ പറഞ്ഞ കോച്ചിന്‌ പക്ഷേ തിരക്കേറിയ സീസണില്‍ എല്ലാവര്‍ക്കും അവസരം നല്‍കാനാവുമെന്ന ധൈര്യമുണ്ട്‌.

പോയന്റ്‌്‌ നില
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ എല്ലാ ടീമുകളും രണ്ട്‌ മല്‍സരം വീതം പൂര്‍ത്തിയാക്കിയപ്പോഴുള്ള പോയന്റ്‌ നില. രണ്ട്‌ മല്‍സരങ്ങളില്‍ നിന്ന്‌ 12 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത ചെല്‍സി ആറ്‌ പോയന്റുമായി ഒന്നാമതാണ്‌. മറ്റുള്ളവരുടെ നില ഇപ്രകാരം. 1-ആഴ്‌സനല്‍-4, 3-മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌-4, 4-മാഞ്ചസ്റ്റര്‍ സിറ്റി-4, 5-ബോള്‍ട്ടണ്‍-4, 6-ബിര്‍മിംഗ്‌ഹാം-4, 7-വോള്‍വ്‌സ്‌-4, 8-ടോട്ടന്‍ഹാം-4, 9-ന്യൂകാസില്‍ യുനൈറ്റഡ്‌-3, 10-ബ്ലാക്‌ബേര്‍ണ്‍-3, 11-ബ്ലാക്‌പൂള്‍-3,12-ആസ്‌റ്റണ്‍വില്ല-3, 13-വെസ്റ്റ്‌ ബ്രോം-3, 14-ഫുള്‍ഹാം-2, 15-സതര്‍ലാന്‍ഡ്‌-1,16-എവര്‍ട്ടണ്‍-1, 17-ലിവര്‍പൂള്‍-1, 18-സ്റ്റോക്ക്‌ സിറ്റി-0, 19-വെസ്‌റ്റ്‌ ഹാം-0, 20-വിഗാന്‍-0.

വുഡ്‌സ്‌
വിവാഹമോചിതനായി
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ ഗോള്‍ഫ്‌ താരം ടൈഗര്‍ വുഡ്‌സും ഭാര്യ എലിന്‍ നോര്‍ഡിഗ്രിനും വിവാഹമോചിതരായി. ഒമ്പത്‌ മാസത്തോളം ദീര്‍ഘിച്ച കോടതി വ്യവഹാരത്തിന്‌ ശേഷം ഇന്നലെയാണ്‌ രണ്ട്‌ പേരും പിരിഞ്ഞത്‌. വുഡ്‌സ്‌ തന്റെ വെബ്‌ സൈറ്റിലുടെയാണ്‌ വിവാഹമോചനം നേടിയ വാര്‍ത്ത ലോകത്തോട്‌ പരസ്യമാക്കിയത്‌. ദമ്പതികളുടെ രണ്ട്‌ കുട്ടികളുടെയും വളര്‍ത്താവകാശം ഇവരുവരും പങ്കിട്ടു. അല്‍പ്പം മുമ്പ്‌ വുഡ്‌സ്‌ ഒരു കാറപകടത്തില്‍പ്പെട്ടത്‌ മുതല്‍ പരസ്യമായ വാര്‍ത്തകളാണ്‌ ദാമ്പത്യത്തെ ബാധിച്ചത്‌. സ്വന്തം വസതിക്ക്‌ അരികില്‍ വെച്ചുണ്ടായ അപകടത്തില്‍പ്പെട്ടതിന്‌ ശേഷമാണ്‌ വുഡ്‌സ്‌ ചില കുറ്റസമ്മതങ്ങള്‍ നടത്തിയത്‌. പരസ്‌ത്രീകളുമായി തനിക്ക്‌ ബന്ധമുണ്ടെന്നും ഭാര്യയോടും കുട്ടികളോടും കുടുംബത്തോടും തനിക്ക്‌ നീതി പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും വുഡ്‌സ്‌ പറഞ്ഞിരുന്നു.

ആനന്ദ്‌ ഇന്ത്യക്കാരനല്ലേ...
ന്യൂഡല്‍ഹി: ലോക ചെസ്‌ ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്‌്‌ ഇന്ത്യന്‍ പൗരനല്ലേ...? ആനന്ദിന്റെ പൗരത്വം സംബന്ധിച്ച്‌ സംശയം മറ്റാര്‍ക്കുമല്ല-കേന്ദ്ര മാനുഷിക വിഭവശേഷി വികസന മന്ത്രാലയത്തിനാണ്‌. സംശയത്തിന്റെ പേരില്‍ കപില്‍ സിബലിന്റെ മന്ത്രാലയം ഹൈദരാബാദ്‌ സര്‍വകലാശാല ആനന്ദിന്‌ നല്‍കിയ ഡോക്‌ടറേറ്റ്‌ തടഞ്ഞ്‌വെച്ചത്‌ വലിയ വിവാദവുമായി. പ്രശ്‌നത്തില്‍ നീരസം പ്രകടിപ്പിച്ച ആനന്ദിനോട്‌ മന്ത്രി ഖേദപ്രകടനം നടത്തിയെങ്കിലും കായിക ലോകം ബഹുമാനിക്കുന്ന ഒരു താരത്തോട്‌ സ്വന്തം രാജ്യം ചെയ്‌തത്‌ നീതികേടായാണ്‌ പറയപ്പെടുന്നത്‌. ലോക കായിക വേദികളില്‍ ഇന്ത്യയുടെ ബ്രാന്‍ഡ്‌ അംബാസിഡറാണ്‌ ആനന്ദ്‌. അദ്ദേഹത്തിന്റെ മികവിനുളള അംഗീകാരമായാണ്‌ ഹൈദരാബാദ്‌ സര്‍വകലാശാല ഡോക്ടറേറ്റ്‌ നല്‍കാന്‍ തീരുമാനിച്ചത്‌. ഇതിന്‌ അനുമതി തേടിയാണ്‌ മാനവവിഭവശേഷി വികസന മന്ത്രാലയത്തെ സമീപിച്ചത്‌. അവരാവട്ടെ തടസ്സവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തു.
ആനന്ദിന്‌ ഇരട്ട പൗരത്വമുണ്ട്‌. ഇന്ത്യക്കാരനായ അദ്ദേഹം ഭാര്യാസമേതം സ്ഥിര താമസമാക്കിയിട്ടുള്ളത്‌ സ്‌പെയിനിലാണ്‌. ഏത്‌ സമയത്തും ആനന്ദിന്‌ ഡോക്ടറേറ്റ്‌ നല്‍കാന്‍ ഹൈദരാബാദ്‌ സര്‍വകലാശാലാധികൃതര്‍ തയ്യാറാണ്‌. പക്ഷേ മന്ത്രാലയത്തിന്റെ അനുമതി നല്‍കിയിട്ടില്ല. കഴിഞ്ഞ ജുലൈയിലാണ്‌ സര്‍വകലാശാല ആനന്ദിന്റെ കാര്യത്തില്‍ മന്ത്രാലയത്തിന്‌ കത്ത്‌ അയച്ചത്‌. പ്രശ്‌നത്തില്‍ തന്റെ മന്ത്രാലയത്തിന്‌ തെറ്റ്‌ പറ്റിയതായി കപില്‍ സിബല്‍ സമ്മതിച്ചു. ആനന്ദിന്റെ ഇരട്ട പൗരത്വമാണ്‌ സാങ്കേതിക തടസ്സമാത്‌. ഇത്‌ കാര്യമാക്കേണ്ടതില്ലെന്നും പുരസ്‌ക്കാരം സ്വീകരിക്കാന്‍ ആനന്ദിനോട്‌ അഭ്യര്‍ത്ഥിച്ചതായും മന്ത്രി പറഞ്ഞു. ആനന്ദ്‌ പക്ഷേ മറുപടി നല്‍കിയിട്ടില്ല. തന്റെ പേരില്‍ വെറുതെ ഉണ്ടായ വിവാദത്തില്‍ ദു:ഖിതനാണ്‌ അദ്ദേഹം.

No comments: