Saturday, April 30, 2011

KOCHI DOWN





സെവാഗ്‌ അടിച്ചു, കൊച്ചിക്ക്‌ അടിതെറ്റി
സെവാഗ്‌ 47 പന്തില്‍ 80, ശ്രീശാന്ത്‌ 4-1-10-2
കൊച്ചി: ബാറ്റ്‌സ്‌മാനെ കബളിപ്പിച്ച കൊച്ചിയിലെ പിച്ചില്‍ അചഞ്ചലനായി നിന്ന നായകന്‍ വീരേന്ദര്‍ സെവാഗ്‌ തകര്‍ത്തടിച്ചപ്പോള്‍ കൊച്ചിടസ്‌കേഴ്‌സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‌ 38 റണ്‍സ്‌്‌ ജയം. കൊച്ചിക്കാരുടെ പ്രിയതാരം ശാന്തകുമാരന്‍ ശ്രീശാന്തിന്റെ അത്യുഗ്രന്‍ ബൗളിംഗിനേയും പിച്ചിന്റെ തണുപ്പന്‍ പെരുമാറ്റത്തേയും സെവാഗിലൂടെ ചെറുത്തുനിന്ന ഡല്‍ഹി 157 റണ്‍സിന്റെ വിജയ ലക്ഷ്യം കൊച്ചിക്കു മുമ്പില്‍ വെച്ചു. തുടക്കത്തിലേ തകര്‍ന്ന കൊച്ചിക്ക്‌ 119 റണ്‍സ്‌ വരെ പോരാട്ടം നടത്താനായുള്ളൂ. ശ്രീശാന്ത്‌ നാലോവറില്‍ കേവലം പത്തു റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത്‌ നാലു വിക്കറ്റെടുത്തപ്പോള്‍ സെവാഗ്‌ 47 പന്തില്‍ നിന്ന്‌ 80 റണ്‍സടിച്ച്‌ മടങ്ങി. ഡല്‍ഹി അവസാന സ്ഥാനത്തു നിന്ന്‌ ഏഴാം സ്ഥാനത്തേക്കു കയറിയപ്പോള്‍ കൊച്ചി 9-ാം സ്ഥാനത്തേക്കു പതിച്ചു.
ഫിറോസ്‌ ഷാ കോട്‌ലയില്‍ പുറത്തെടുത്ത മിന്നും പ്രകടനത്തിന്റെ ബാക്കി പത്രമായിരുന്നു കൊച്ചിയില്‍ വീരേന്ദര്‍ സെവാഗ്‌ കാഴ്‌ചവെച്ചത്‌. പക്ഷേ ടീമിലെ ചെറുകിടക്കാരെ പോലെ ഓപണിംഗ്‌ കൂട്ടുകാരന്‍ ഡേവിഡ്‌ വാര്‍ണറും കൂട്ടു നില്‍ക്കാന്‍ പരാജയപ്പെട്ടപ്പോള്‍ ടീ്‌ം സ്‌കോറില്‍ വലിയ കുതിപ്പ്‌ കണ്ടില്ലെന്നു മാത്രം. എന്നാല്‍ ബൗളര്‍മാരെ അകമഴിഞ്ഞു തുണച്ച പിച്ചില്‍ പോരാടാവുന്ന സ്‌കോറായിരുന്നു ഡല്‍ഹിയുടെ 157. ബൗണ്‍സിന്‌ പിന്തുണ കിട്ടാതിരുന്ന പിച്ചില്‍ ബാറ്റ്‌സ്‌മാന്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ വളരെ താഴ്‌ന്നു വന്ന പന്തുകള്‍ വിക്കറ്റുകള്‍ കൊണ്ടുപോകുകയായിരുന്നു.
ശ്രീശാന്ത്‌ ഡല്‍ഹിക്ക്‌ നിരാശാ ജനകമായ മറ്റൊരു ദിനം സമ്മാനിക്കും പോലെയായിരുന്നു കളിയുടെ തുടക്കം. ഡേവിഡ്‌ വാര്‍ണറെ മൂന്നു റണ്‍സില്‍ ക്ലീന്‍ ബൗള്‍ഡാക്കി തുടങ്ങിയ ശ്രീശാന്ത്‌ മൂന്നാമന്‍ നമാന്‍ ഓജയെവിക്കറ്റിനു മുന്നില്‍ കുടുക്കി. ഡല്‍ഹിയുടെ പ്രധാന ബാറ്റ്‌സ്‌മാന്മാരില്‍ സ്ഥാനം പിടിക്കുന്ന വേണു ഗോപാല്‍ റാവുവിനെ ജഡേജയും എല്‍ബിഡബ്ലിയു ആക്കി പുറത്താക്കിയതോടെ ഡല്‍ഹി പ്രതിരോധത്തിലായെന്നു തോന്നി. എന്നാല്‍ ഒരു ഭാഗത്ത്‌ നായകന്റെ സമ്മര്‍ദ്ദം പ്രകടിപ്പിക്കാതെ ക്ലാസിക്കല്‍ ശൈലിയില്‍ ഷോട്ടുകളുതിര്‍ത്ത വീരേന്ദര്‍ സെവാഗ്‌ ടീമിന്റെ ഉത്തരവാദിത്തം മുഴുവന്‍ തോളിലേറ്റി. അഞ്ചു സിക്‌സറുകളും എട്ടു ബൗണ്ടറികളും ഡല്‍ഹി നായകന്റെ ബാറ്റില്‍ നിന്ന്‌ പിറന്നു.
പിച്ചിനെ മനസ്സിലാക്കി ബുദ്ധിപൂര്‍വമാണ്‌ സെവാഗ്‌ കളിച്ചത്‌. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ ഒരുക്കിയ പച്ചപ്പുള്ള പിച്ച്‌ തോല്‍വി സമ്മാനിച്ചപ്പോള്‍ ബൗണ്‍സ്‌ കുറഞ്ഞ വരണ്ട പിച്ചുണ്ടാക്കാനാണ്‌ കൊച്ചി തീരുമാനിച്ചത്‌. തുടക്കം മുതലേ പന്ത്‌ വളരെ താണുവന്നതോടെ തന്റെ സ്വതസിദ്ധ ശൈലിയില്‍ ബാറ്റുവീശാനാകില്ലെന്ന്‌ സെവാഗ്‌ തിരിച്ചറിഞ്ഞു. എന്നാല്‍ സമീപനത്തില്‍ മാറ്റം വരുത്തിയപ്പോഴും റണ്‍നിരക്ക്‌ താഴാതെ നോക്കാന്‍ വീരുവിനായി.
ടോസിനു വന്നപ്പോഴേ സെവാഗ്‌ പിച്ചിനെക്കുറിച്ച്‌ ആശങ്കപ്പെട്ടിരുന്നു. പിച്ചിലൂടെ നടന്നപ്പോള്‍ വളരെ അയഞ്ഞതു പോലെ തോന്നിയെന്ന്‌ സെവാഗ്‌ വിമര്‍ശിച്ചു. വാര്‍ണറുടെ ഓഫ്‌ സ്റ്റംപ്‌ കൊണ്ടുപോയ ശ്രീശാന്തിന്റെ പന്തും പിച്ച്‌ ചെയ്‌ത ശേഷം പിച്ചിനെ തൊട്ടുരുമ്മി പോയ അതേ ഓവറിലെ നാലാം പന്തും നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന്‌ അവിശ്വസിനീയതയോടെ സെവാഗ്‌ നോക്കി നിന്നു. ട്രാവിസ്‌ ബേര്‍ട്ട്‌ 13 പന്തില്‍ 20ഉം, യോഗേഷ്‌ നാഗര്‍ 30 പന്തില്‍ 22ഉം റണ്‍സെടുത്ത്‌ പൊരുതി നോക്കി. പത്താന്‍ ഏഴു പന്തില്‍ 13 റണ്‍സെടുത്ത്‌ റണ്‍ഔട്ടായി. എക്‌സ്‌ട്രാസില്‍ നിന്ന്‌ 16 റണ്‍സ്‌ കൂടി ലഭിച്ചപ്പോള്‍ ഡല്‍ഹി പൊരുതാവുന്ന സ്‌കോര്‍ നേടി.
ഡെക്കാനോട്‌ തോറ്റതിന്‌ പിച്ചിനെ പഴിച്ച ജയവര്‍ദ്ദനെക്ക്‌ 28 പന്തില്‍ 18 റണ്‍സെടുത്ത്‌ സമ്മര്‍ദ്ദത്തിനടിപ്പെടാനേ കഴിഞ്ഞുള്ളൂ. ഹോഡജ്‌ (25 പന്തില്‍ 27), ജഡേജ (22 പന്തില്‍ 31) എന്നിവര്‍ മധ്യ ഓവറുകളില്‍ തിളങ്ങിയെങ്കിലും വിജയത്തിനടുത്തെത്താന്‍ പോലുമായില്ല കൊച്ചിക്ക്‌. ആദ്യ മൂന്നു വിക്കറ്റില്‍ നിന്ന്‌ പത്തും അവസാന നാലു വിക്കറ്റില്‍ നിന്ന്‌ 12ഉം റണ്‍സാണ്‌ കൊച്ചിക്ക്‌്‌ നേടാനായത്‌. ഓള്‍ റൗണ്ട്‌ മികവുള്ള ബൗളര്‍മാരില്ലാത്തത്‌ വാലറ്റത്ത്‌ തിരിച്ചടിക്കാനുള്ള കൊച്ചിയുടെ സാധ്യതകള്‍ നേരത്തേ ഇല്ലാതാക്കിയിരുന്നു.
ആദ്യ രണ്ടു തോല്‍വികള്‍ക്കു ശേഷം തുടരെ മൂന്നു വിജയങ്ങള്‍ നേടിയ കൊച്ചി വീണ്ടും തോല്‍വിയിലേക്ക്‌ മടങ്ങുന്നതാണ്‌ കാണുന്നത്‌. മൂന്നു വിജയങ്ങളും സമ്മാനിച്ചത്‌ ഒരേ സംഘമായിരുന്നിട്ടു പോലും പിന്നീട്‌ ആ ടീമിനെ ആശ്രയിക്കാന്‍ ജയവര്‍ദ്ദനെ തയാറായില്ല. കൊച്ചിയുടെ താരം എസ്‌. ശ്രീശാന്ത്‌ ഇന്ത്യയുടെ ഭാഗ്യതാരമായി വാഴ്‌ത്തപ്പെടുമ്പോഴും ഐ.പി.എല്ലില്‍ ഭാഗ്യദോഷം തുടരുകയാണ്‌. ഇന്നലെ ശ്രീ ഒന്നാന്തരം പ്രകടനം പുറത്തെടുത്തിട്ടും ടീം ജയം കണ്ടില്ല. സീസണില്‍ ശ്രീശാന്ത്‌ കളിച്ച മത്സരങ്ങളിലൊന്നിലും കൊച്ചി ജയിച്ചിട്ടില്ല.

സ്‌കോര്‍ ബോര്‍ഡ്‌:
ഡല്‍ഹി: വാര്‍ണര്‍ ബി ശ്രീശാന്ത്‌ -മൂന്ന്‌, സെവാഗ്‌ സി ഹോഡ്‌ജ്‌ ബി വിനയ്‌കുമാര്‍ -80, ഓജ എല്‍ബിഡബ്ലിയു ബി ശ്രീശാന്ത്‌ -പൂജ്യം, വേണുഗോപാല്‍ റാവു എല്‍ബിഡബ്ലിയു ബി ജഡേജ -ഒന്ന്‌, നാഗര്‍ റണ്‍ഔട്ട്‌ ജഡേജ/പട്ടേല്‍ -22, ബേര്‍ട്ട്‌ സി വിനയ്‌കുമാര്‍ ബി പവാര്‍ -20, ഇര്‍ഫാന്‍ പത്താന്‍ റണ്‍ഔട്ട്‌ -13, വാന്‍ഡര്‍ മര്‍വെ (നോട്ട്‌ഔട്ട്‌) -രണ്ട്‌, എക്‌സ്‌ട്രാസ്‌ -16. ആകെ (20 ഓവറില്‍ ഏഴുവിക്കറ്റിന്‌) -157
വിക്കറ്റ്‌ വീഴ്‌ച: 1-4, 2-4, 3-35, 4-91, 5-132, 6-145, 7-157. ബൗളിംഗ്‌: ആര്‍.പി.സിംഗ്‌ 4-0-29-0, ശ്രീശാന്ത്‌ 4-1-10-2, ജഡേജ 4-0-27-0, വിനയ്‌കുമാര്‍ 4-0-41-1, അഖില്‍ 2-0-22-0, പവാര്‍ 2-0-20-1
കൊച്ചി: മക്കല്ലം ബി പത്താന്‍ -ഏഴ്‌, ക്ലിംഗര്‍ സി വാന്‍ഡര്‍ മര്‍വെ ബി മോര്‍ക്കല്‍ -രണ്ട്‌, പാര്‍ത്ഥീവ്‌ പട്ടേല്‍ ബി പത്താന്‍ -ഒന്ന്‌, ജയവര്‍ദ്ദനെ സി സെവാഗ്‌ ബി അഗാര്‍ക്കര്‍ -18, ഹോഡ്‌ജ്‌ സി ഓജ ബി മോര്‍ക്കല്‍ -27, ജഡേജ സി വാന്‍ഡര്‍ മര്‍വെ ബി അഗാര്‍ക്കര്‍ -31, അഖില്‍ സി ഓജ ബി മോര്‍ക്കല്‍ -13, വിനയ്‌കുമാര്‍ സി യാദവ്‌ ബി വാന്‍ഡര്‍ മര്‍വെ -11, പവാര്‍ ബി വാന്‍ഡര്‍ മര്‍വെ -പൂജ്യം, ശ്രീശാന്ത്‌ ബി വാന്‍ഡര്‍ മര്‍വെ -പൂജ്യം, ആര്‍.പി സിംഗ്‌ (നോട്ട്‌ഔട്ട്‌) -ഒന്ന്‌. എക്‌സ്‌ട്രാസ്‌ -എട്ട്‌. ആകെ (18.5 ഓവറില്‍) -119.
വിക്കറ്റ്‌ വീഴ്‌ച: 1-10, 2-15, 3-28, 4-50, 5-77, 6-93, 7-118, 8-118, 9-118, 10-119. ബൗളിംഗ്‌: പത്താന്‍ 4-0-27-2, മോര്‍ക്കല്‍ 4-0-28-3, യാദവ്‌ 3-0-28-0, അഗാര്‍ക്കര്‍ 4-0-23-2, വാന്‍ഡര്‍മര്‍വെ 3.5-0-20-3


ചിഗുംബുര സ്ഥാനമൊഴിഞ്ഞു
ഹരാരെ: വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്താനുദ്ദേശിച്ച്‌ സിംബാവെ നായകന്‍ എല്‍തോണ്‍ ചിഗുംബുര സ്ഥാനമൊഴിഞ്ഞു. 2010 മെയ്‌ 25ന്‌ സ്‌പിന്നര്‍ പ്രോസ്‌പര്‍ ഉത്‌്‌സേയക്ക്‌ പകരക്കാരനായി സ്ഥാനമേറ്റ 25കാരന്‍ ടീമിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ രൂക്ഷ വിമര്‍ശനത്തിന്‌ പാത്രമായിരുന്നു. നായക സ്ഥാനമേറ്റെടുത്തതോടെ സ്വന്തം പ്രകടനത്തിലും മങ്ങലേറ്റ ചിഗുംബുര വിഷമവൃത്തത്തിലായി. ലോകകപ്പിലെ നിരാശാജനകമായ പ്രകടനം ചിഗുംബരെയുടെ നായകസ്ഥാനം ചോദ്യംചെയ്‌തിരുന്നു. ലോകകപ്പില്‍ നിന്ന്‌ മടങ്ങിയ ശേഷം തന്റെ ദൗത്യത്തെക്കുറിച്ച്‌ കൂടുതല്‍ ചിന്തിച്ചെന്നും, കുടുംബത്തോടും സുഹൃത്തുക്കളോടും കൂടിയാലോചിച്ച ശേഷമാണ്‌ ഈ തീരുമാനത്തിലെത്തിയതെന്നും നായക പദവി രാജിവെക്കല്‍ തീരുമാനത്തെക്കുറിച്ച്‌ ചിഗുംബുര പറഞ്ഞു. ഓപണിംഗ്‌ ബാറ്റ്‌സ്‌മാന്‍ ഹാമില്‍ട്ടണ്‍ മസാകഡ്‌സ, ബ്രന്‍ഡന്‍ ടെയ്‌ലര്‍ എന്നിവരാണ്‌ നായക സ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെടുന്നവരില്‍ മുന്നില്‍.

ഹഡിനു പകരം ബൗച്ചര്‍
കൊല്‍ക്കത്ത: പരിക്കേറ്റ ഓസ്‌ട്രേലിയന്‍ വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹഡിനു പകരം ദക്ഷിണാഫ്രിക്കയുടെ മാര്‍ക്‌ ബൗച്ചറെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ടീമിലുള്‍പ്പെടുത്തിയേക്കും. കഴിഞ്ഞ സീസണുകളില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ താരമായിരുന്ന ബൗച്ചര്‍ മെയ്‌-3ന്‌ ഡെക്കാന്‍ ചാര്‍ജേഴ്‌സുമായുള്ള മത്സരത്തില്‍ നൈറ്റ്‌ റൈഡേഴ്‌സ്‌ നിരയിലിറങ്ങിയേക്കും.
'ബ്രാഡിന്‌ പകരം കളിപ്പിക്കാന്‍ മാര്‍ക്കിനെ പോലുള്ളവരുള്ളതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്‌. അദ്ദേഹത്തിന്‌ ഏറെ അനുഭവ സമ്പത്തും ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും മികച്ച റെക്കോര്‍ഡുമുണ്ട്‌.' നൈറ്റ്‌ റൈഡേഴ്‌സ്‌ സി.ഇ.ഒയും എം.ഡിയുമായ വെങ്കി മൈസൂര്‍ പറഞ്ഞു.

ഓറഞ്ചു തൊപ്പികിട്ടിയതില്‍
കോഹ്‌്‌്‌ലിക്കു സന്തോഷം
ബംഗളൂരു: മുംബൈ ഇന്ത്യന്‍സ്‌ നായകന്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടന്ന്‌ മികച്ച റണ്‍വേട്ടക്കാരനുള്ള ഓറഞ്ച്‌ തൊപ്പി കര്‌സ്ഥാമാക്കാനായതില്‍ സന്തോഷമുണ്ടെന്ന്‌ ബാംഗ്ലൂര്‍ റോയല്‍ചാലഞ്ചേഴ്‌സ്‌ യുവതാരം വിരാട്‌ കോഹ്‌്‌്‌ലി. ഏഴു മത്സരങ്ങളില്‍ സച്ചിന്‌ 276ഉം കോഹ്‌്‌ലിക്ക്‌ 294ഉം റണ്‍സാണുള്ളത്‌. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ ജാക്‌ കാലിസില്‍ നിന്ന്‌ ഓറഞ്ച്‌ തൊപ്പി സ്വന്തമാക്കിയതിനു ശേഷം സച്ചിനാദ്യമായാണ്‌ തൊപ്പി നഷ്ടമാകുന്നത്‌. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏഴു റണ്‍സെടുത്ത്‌ പുറത്തായതാണ്‌ മാസ്റ്റര്‍ ബാറ്റ്‌സ്‌മാന്‌ ക്ഷീണമായത്‌.
ഐ.പി.എല്ലില്‍ നന്നായി ബാറ്റുചെയ്യണമെന്ന്‌ ഞാന്‍ കരുതാറുണ്ട്‌. പക്ഷേ എനിക്ക്‌ അഞ്ചാം സ്ഥാനത്തോ ആറ്‌ ഏഴ്‌ സ്ഥാനങ്ങളിലോ മാത്രമേ ബാറ്റുചെയ്യാന്‍ അവസരം കിട്ടാറുള്ളൂ. ഇത്തവണ മൂന്നാം നമ്പറില്‍ ബാറ്റുചെയ്യാന്‍ സാധിച്ചു. നന്നായി കളിക്കാന്‍ കഴിയുന്നതിലും ടീമിന്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നതിലും സന്തോഷമുണ്ട്‌. കോഹ്‌്‌ലി പറഞ്ഞു.

ബോള്‍ട്ടണെതിരെ
ഫുള്‍ഹാമിനു ജയം
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രമീയര്‍ ലീഗില്‍ എട്ട്‌, ഒമ്പ്‌ത സ്ഥാനക്കാരുടെ മത്സരത്തില്‍ ബോള്‍ട്ടണ്‍ വാന്‍ഡറേഴ്‌സിനെതിരെ ഫുള്‍ഹാമിനു ജയം. 3-0ന്‌ ജയിച്ചെങ്കിലും ബോള്‍ട്ടണു പിന്നില്‍ ഒമ്പതാം സ്ഥാനത്തു തന്നെയാണ്‌ ഫുള്‍ഹാം. ഇരുപകുതികളിലുമായി ക്ലിന്റണ്‍ ഡെംപ്‌സിയുടെ ഇരട്ട ഗോളുകളാണ്‌ ഫുള്‍ഹാമിന്‌ എളുപ്പ വിജയമൊരുക്കിയത്‌. ബ്രെഡെ ഹാംഗലാന്‍ഡ്‌ ടീമിന്റെ മൂന്നാം ഗോള്‍ നേടി.

വാസ്‌കോ തലപ്പത്ത്‌
കൊല്‍ക്കത്ത: സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ ഡി ഗോവയെ മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌ തകര്‍ത്ത്‌ വാസ്‌കോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഐ-ലീഗ്‌ രണ്ടാം ഡിവിഷനില്‍ ഒന്നാമതെത്തി. തുടരെ രണ്ടാം ജയമാണ്‌ സ്‌പോര്‍ട്ടിംഗിനെതിരെ വാസ്‌കോ നേടിയത്‌. മറ്റൊരു മത്സരത്തില്‍ യുണൈറ്റഡ്‌ സിക്കിം എഫ്‌.സിയും വാഹിംഗ്‌ദോഹും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ജോയല്‍ സിക്വയ്‌റ, ബ്രസീലിയോ റീഗോ, കോകോ സാക്കിബു എന്നിവര്‍ വാസ്‌കോയുടെ ഗോളുകള്‍ നേടി.

മൗറീഞ്ഞോക്കെതിരെ
ബാര്‍സലോണ പരാതി നല്‍കും
മാഡ്രിഡ്‌: യുവേഫാ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിഫൈനലില്‍ റയല്‍ മാഡ്രിഡിനെ രണ്ടു ഗോളിന്‌ തോ|ിച്ച ബാര്‍സലോണ റയല്‍ കോച്ച്‌ ഹോസെ മൗറീഞ്ഞോക്കെതിരെ യുവേഫക്ക്‌ പരാതി നല്‍കും. ബാര്‍സലോണക്ക്‌ റഫറിമാര്‍ പ്രത്യേക പരിഗണനല്‍കിയെന്ന്‌ മത്സര ശേഷം മൗറീഞ്ഞോ പ്രതികരിച്ചതാണ്‌ ബാര്‍സയെ ചൊടിപ്പിച്ചത്‌്‌. യുവേഫാ നിയമാവലിയിലെ അഞ്ചാംവകുപ്പ്‌ ലംഘിച്ചെതിനെതിരെയാണ്‌ മൗറീഞ്ഞോക്കെതിരെ പരാതി നല്‍കാനുദ്ദേശിക്കുന്നതെന്ന്‌ ബാര്‍സലോണ വക്താവ്‌ ആന്റോണി ഫ്രെയിക്‌സ പറഞ്ഞു.

ഐ.പി.എല്‍ പ്രലോഭനം
താരങ്ങളെ പഴിക്കാനാകില്ല: ലോ
(ചിത്രം. എസ്‌.പി ലോ)
കൊളംബൊ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിലെ മോഹനവാഗ്‌ദാനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ താരങ്ങളെ കുറ്റംപറയുന്നതില്‍ കാര്യമില്ലെന്ന്‌ ശ്രീലങ്കയുടെ താല്‍കാലിക പരിശീലകന്‍ സ്റ്റുവര്‍ട്ട്‌ ലോ. ലസിത്‌ മലിംഗ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ നിന്ന്‌ വിരമിക്കാന്‍ തീരുമാനിച്ചതിനെ സൂചിപ്പിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറഞ്ഞ കാലയളവില്‍

1 comment:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

അലഭ്യലഭ്യശ്രീ...
http://rkdrtirur.blogspot.com/2011/04/blog-post_27.html