Tuesday, July 26, 2011

BATI ALSO OUT

ബാറ്റിസ്‌റ്റ പടിക്കുപുറത്ത്‌
(ചിത്രം. എസ്‌പി ബാറ്റിസ്റ്റ)
ബ്യൂണസ്‌ അയേഴ്‌സ്‌: അര്‍ജന്റീനയുടെ ദേശീയ കോച്ച്‌ സെര്‍ജിയോ ബാറ്റിസ്‌റ്റ ടീമുമായുള്ള കരാര്‍ അവസാനിപ്പിച്ചു. കോപ്പാ അമേരിക്കയില്‍ സ്വന്തം കാണികള്‍ക്ക്‌ മുന്നില്‍ കളിച്ചിട്ടും അര്‍ജന്റീന നേരത്തെ തന്നെ പുറത്തായതാണ്‌ ബാറ്റിസ്റ്റയുടെ പുറത്താകലില്‍ കലാശിച്ചത്‌. ഉറുഗ്വെയോട്‌ ക്വാര്‍ട്ടര്‍ഫൈനലില്‍ 5-4ന്‌ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോറ്റാണ്‌ അര്‍ജന്റീന പുറത്തായത്‌. ഫൈനലില്‍ പരാഗ്വെയെ 3-0ന്‌ തോല്‍പ്പിച്ച ഉറുഗ്വെ പിന്നീട്‌ ചാമ്പ്യന്മാരാകുകയും ചെയ്‌തു.
തിങ്കളാഴ്‌ച യോഗം ചേര്‍ന്ന അര്‍ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷന്‍ (അഫ) എക്‌സിക്യുട്ടീവ്‌ സമിതിയാണ്‌ 48കാരന്‍ ബാറ്റിസ്‌റ്റയെ പുറത്താക്കാന്‍ തീരുമാനിച്ചത്‌. ബാറ്റിസ്റ്റയും അഫ പ്രസിഡണ്ട്‌ ജൂലിയോ ഗ്രൊന്‍ഡോനയും തമ്മില്‍ ടെലഫോണ്‍ സംഭാഷണമുണ്ടായിരുന്നെന്നും അതിനു ശേഷം തന്റെഭാവിയെക്കുറിച്ചുള്ള തീരുമാനം ബാറ്റിസ്റ്റ അഫക്ക്‌ വിടുകയായിരുന്നുവെന്നും അസോസിയേഷന്‍ വക്താവ്‌ ചെര്‍ക്കിസ്‌ ബിയാലോ പറഞ്ഞു. പുതിയ കോച്ച്‌ ആരാകുമെന്നതിനെക്കുറിച്ച്‌ ധാരണയായിട്ടില്ല. ഇക്കാരണത്താല്‍ റൊമാനിയയുമായി നടക്കാനിരുന്ന സൗഹൃദ മത്സരം മാറ്റിവെച്ചിരിക്കുകയാണ്‌. പുതിയ കോച്ചിനെ സമയത്തു തന്നെ നിയമിക്കും. അദ്ദേഹം പറഞ്ഞു.
എസ്റ്റൂഡിയന്‍സിന്റെ മുന്‍ പരിശീലകന്‍ അലെയാന്ദ്രോ സബെല്ല, കോപ്പയില്‍ ഫൈനല്‍ കളിച്ച പരാഗ്വെയുടെ ജെറാര്‍ഡോ മാര്‍ട്ടിനോ, ബൊക്കാ ജൂനിയേഴ്‌സ്‌, അത്‌ലറ്റികോ മാഡ്രിഡ്‌ ക്ലബുകളെ മുമ്പ്‌ പരിശീലിപ്പിച്ചിട്ടുള്ള കാര്‍ലോസ്‌ ബിയാന്‍ചി എന്നിവരെയാണ്‌ ബിയല്‍സയുടെ ഒഴിവിലേക്ക്‌ ആലോചിക്കുന്നതെന്ന്‌്‌ റിപ്പോര്‍ട്ടുകളുണ്ട്‌.
12 മാസം മുമ്പ്‌ ഇതിഹാസ താരം ഡീഗോ മറഡോണയില്‍ നിന്നാണ്‌ അര്‍ജന്റീനയുടെ പരിശീലക പദവി ബാറ്റിസ്റ്റ സ്വന്തമാക്കുന്നത്‌. യൂത്ത്‌ ടീമിനെ ലോകകപ്പ്‌ ജയിപ്പിച്ചതിന്റെ പരിചയവൂമായി എത്തിയ ബാറ്റിസ്റ്റയെ നേരിട്ട്‌ നിയമിക്കുന്നതിനു പകരം, കുറച്ചു മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ കോച്ചിംഗ്‌ വിലയിരുത്താനാണ്‌ അര്‍ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചത്‌. ഇക്കാലയളവില്‍, ലോക ചാമ്പ്യന്മാരായ സ്‌പെയ്‌നിനെ 4-1നും ബ്രസീലിനെ 1-0നും തോല്‍പ്പിക്കാന്‍ സാധിച്ചത്‌ ബാറ്റിസ്റ്റക്ക്‌ ഗുണമാവുകയായിരുന്നു. നേരത്തെ, ദക്ഷിണാഫ്രിക്ക ലോകകപ്പിലെ നിരാശാജനകമായ പ്രകടനമാണ്‌ മറഡോണയുടെ പുറത്താകലിന്‌ വഴിയൊരുക്കിയത്‌. ക്വാര്‍ട്ടറില്‍ ജര്‍മനിയോട്‌ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക്‌ തോറ്റാണ്‌ അര്‍ജന്റീന പുറത്തായത്‌.
1993ലെ കോപ്പാ അമേരിക്കക്കു ശേഷം സീനിയര്‍ തലത്തില്‍ ഒരു അന്താരാഷ്ട്ര കിരീടം ചൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന നിരാശ തീര്‍ക്കാനാണ്‌ അര്‍ജന്റീനയും ബാറ്റിസ്റ്റയുമെല്ലാം കോപ്പയില്‍ ഇറങ്ങിയത്‌. ആതിഥേയത്വത്തിനു പുറമെ സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ അര്‍ജന്റീന കിരീട സാധ്യതയില്‍ മുന്നിലായിരുന്നു. ഗ്രൂപ്പ്‌ ഘട്ടത്തിലെ ആദ്യ രണ്ടു മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞ ശേഷം മൂന്നാം മത്സരത്തില്‍ കോസ്‌റ്റാറിക്കയെ 3-0ന്‌ പരാജയപ്പെടുത്തി അവര്‍ മികവിലേക്കുയരുകയും ചെയ്‌തിരുന്നു.
എന്നാല്‍ നോക്കൗട്ട്‌ ഘട്ടത്തിലെ ആദ്യ കളിയില്‍ തന്നെ ഉറുഗ്വെയോട്‌ തോല്‍ക്കുകയായിരുന്നു. നിശ്ചിതസമയത്തും അധിക സമയത്തും സ്‌കോര്‍ നില 1-1 ആയതിനെ തുടര്‍ന്നാണ്‌ മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങിയത്‌. പകരക്കാരന്‍ കാര്‍ലോസ്‌ ടെവസിന്റെ ഷോട്ട്‌ തടുത്ത ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്‌്‌ലേരയാണ്‌ അര്‍ജന്റീനക്കെതിരെ ഉറുഗ്വെക്ക്‌ വിജയം നല്‍കിയത്‌.

ജര്‍മനിക്കെതിരെയും ടീമിലില്ല
ബ്രസീലില്‍ കക്കായുടെ വഴിയടയുന്നു
(ചിത്രം. എസ്‌പി കക്കാ, എസ്‌പി ലൂയിസാവൊ,
റിയോഡി ജനീറൊ: ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തില്‍ സ്റ്റാര്‍ മിഡ്‌ഫീല്‍ഡര്‍ കക്കായെ കാണാന്‍ ഇനി കഴിഞ്ഞേക്കില്ല. കോപ്പക്കുള്ള ടീമില്‍ കക്കായെ ഉള്‍പ്പെടുത്താതിരുന്ന കോച്ച്‌ മാനൊ മെനസസിന്റെ ഭാവി പദ്ധതികളിലും റയല്‍ താരത്തിന്‌ സ്ഥാനമില്ലെന്നു കാണിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ നീക്കങ്ങള്‍. ഓഗസ്‌റ്റ്‌ പത്തിന്‌ ജര്‍മനിക്കെതിരെ നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തിനുള്ള 23 അംഗ ബ്രസീല്‍ സംഘത്തിലും കക്കയില്ല.
കക്കാക്കു പുറമെ ബൊട്ടാഫോഗോ ഗോള്‍കീപ്പര്‍ ജെഫേഴ്‌സണ്‍, ഡിഫന്‍ഡര്‍മാരായ ലൂയിസാവൊ (ബെനഫിക്ക), അഡ്രിയാനൊ കൊറയ (ബാര്‍സലോണ), മിഡ്‌ഫീല്‍ഡര്‍ ജാഡ്‌സണ്‍ (ഷാക്തര്‍ ഡൊണെസ്‌ക്‌) എന്നിവരും ടീമിലില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാഗ്വെക്കെതിരെ ഷൂട്ടൗട്ടില്‍ കീഴടങ്ങിയാണ്‌ ബ്രസീല്‍ കോപ്പാ അമേരിക്കയില്‍ നിന്നു പുറത്തായത്‌. ആ മത്സരത്തില്‍ ഷൂട്ടൗട്ട്‌ പാഴാക്കിയ എലാനൊയും ജര്‍മനിയുമായുള്ള മത്സരത്തിനുള്ള സംഘത്തിലില്ല. അതേസമയം പരാഗ്വെക്കെതിരെ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയ സാന്ദ്രോയെ ടീമിലെടുക്കാത്തത്‌ അദ്ദേഹത്തിന്‌ പരിക്കായതു കൊണ്ടാണ്‌.
ഫോമും സ്ഥിരതയുമാണ്‌ തന്റെ ടീമില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡമെന്ന്‌ മെനസസ്‌ പറഞ്ഞു. ഇക്കാര്യം കളിച്ചു തെളിയിച്ചാല്‍ കക്കാക്ക്‌ ടീമില്‍ തിരിച്ചെത്താമെന്നും അദ്ദേഹം പറഞ്ഞു. ബ്രസീലിനിത്‌ വിശ്വസ്‌തരായ താരങ്ങളെ മാത്രം ടീമിലെടുക്കുന്ന സമയമാണ്‌. ഈ ഘട്ടത്തില്‍, ടീമിന്‌ സഹായകമാകുമെന്നു തോന്നുന്നവര്‍ ടീമിലുണ്ടായിരിക്കും. കക്കായുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ സാധ്യതകള്‍. തന്റെ ഫോം നിലനിര്‍ത്താനും കക്കാക്ക്‌ സാധിക്കണം.
തീര്‍ച്ചയായും ഞാന്‍ ഒരു ഭാവി സംഘത്തെ വാര്‍ത്തെടുക്കുന്ന തിരക്കിലാണ്‌. അദ്ദേഹത്തെ വീണ്ടും തിരിച്ചുവിളിച്ച്‌ പരീക്ഷണം നടത്തേണ്ട ആവശ്യം എനിക്കില്ല. നല്ല താരങ്ങള്‍ സമ്മേളിക്കുന്ന മികച്ച സംഘം ഇപ്പോള്‍ ബ്രസീലിനുണ്ട്‌ എന്നാണ്‌ ഞാന്‍ കരുതുന്നത്‌. ആവശ്യമാകുമ്പോള്‍ ഉപയോഗപ്പെടുത്താന്‍ പറ്റുന്ന ശക്തമായ റിസര്‍വ്‌ ബഞ്ചുമുണ്ട്‌. മെനസസ്‌ പറഞ്ഞു.
ജര്‍മനിക്കെതിരെയുള്ള ടീം: (ഗോള്‍കീപ്പര്‍മാര്‍)- ജൂലിയോ സീസര്‍, വിക്ടര്‍. (ഡിഫന്‍ഡര്‍മാര്‍)- ആന്ദ്രെ സാന്റോസ്‌, ഡാനിയല്‍ ആല്‍വസ്‌, ഡേവിഡ്‌ ലൂയിസ്‌, ദെദെ, ലൂസിയോ, മൈക്കോണ്‍, തിയാഗോ സില്‍വ. (മിഡ്‌ഫീല്‍ഡര്‍മാര്‍)- ഏലിയാസ്‌, ഫെര്‍ണാണ്ടീന്യോ, ഗാന്‍സൊ, ലൂകാസ്‌ ലെയ്‌വ, ലൂകാസ്‌, ലൂയിസ്‌ ഗുസ്‌താവൊ, റാല്‍ഫ്‌, റാമിറെസ്‌, റെനറ്റോ ഓഗസ്‌റ്റോ. (സ്‌ട്രൈക്കര്‍മാര്‍)- അലക്‌സാണ്ടര്‍ പാറ്റോ, ജോനാസ്‌, ഫ്രെഡ്‌, നെയ്‌മര്‍, റോബീന്യോ

വെയ്‌ഫാംഗ്‌ കപ്പ്‌:
സന്നാഹ മത്സരത്തില്‍
ഇന്ത്യക്കു സമനില
ഷാങ്‌ഹായ്‌ (ചൈന): സന്നാഹ മത്സരത്തില്‍ 2-2 സമനിലയോടെ അണ്ടര്‍-19 വെയ്‌ഫാങ്‌ കപ്പിന്‌ ഇന്ത്യ ഒരുങ്ങി. എതിരാളികള്‍ കരുത്തരായിരുന്നെന്നും മികച്ച പോരാട്ടം കാഴ്‌ചവെക്കാന്‍ ഇന്ത്യക്കു സാധിച്ചെന്നും കോച്ച്‌ ഫിറോസ്‌ ശരീഫ്‌ അഭിപ്രായപ്പെട്ടു. സമനില നേടാനായത്‌ ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തിയെന്നും അടുത്ത മത്സരത്തില്‍ കൂടുതല്‍ ശക്തരായ എതിരാളികളാണ്‌ ഇന്ത്യയെ കാത്തിരിക്കുന്നതെന്നും ശരീഫ്‌ പറഞ്ഞു. സന്നാഹ മത്സരങ്ങള്‍ക്കു ശേഷം വെയ്‌ഫാംഗ്‌ കപ്പിനായി ഷാങ്‌ഹായില്‍ നിന്ന്‌ വെള്ളിയാഴ്‌ച ടീം മത്സര നഗരിയിലേക്ക്‌ പുറപ്പെടും.

ഇന്ത്യ-യു.എ.ഇ രണ്ടാം മത്സരം നാളെ
മികച്ച പോരാട്ടം കാഴ്‌ചവെക്കും: കൊളാസോ
ന്യൂഡല്‍ഹി: 2014 ഫിഫാ ലോകാകപ്പ്‌ യോഗ്യതാ മത്സരത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യ നാളെ യു.എ.ഇയെ നേരിടും. ന്യൂഡല്‍ഹിയിലെ ഡോ.അംബേദ്‌കര്‍ സ്‌റ്റേഡിയത്തിലാണ്‌ കളി. വസന്ത്‌ കുഞ്ചിലെ വസന്ത്‌ വാലിയില്‍ ഇന്നലെ വൈകീട്ട്‌ നാലുമുതല്‍ രണ്ടു മണിക്കൂര്‍ സമയം ഇന്ത്യ പരിശീലനം നടത്തി. യു.എ.ഇയില്‍ വെച്ചു നടന്ന ആദ്യ മത്സരത്തില്‍ 3-0ന്റെ തോല്‍വി വഴങ്ങിയ ഇന്ത്യ ശക്തമായ പോരാട്ടം കാഴ്‌ചവെക്കുമെന്ന്‌ കോച്ച്‌ അര്‍മാന്‍ഡോ കൊളാസോ അഭിപ്രായപ്പെട്ടു.
യു.എ.ഇയിലെ അല്‍ഐനില്‍ നടന്ന ആദ്യ മത്സരത്തില്‍ ആദ്യ 30 മിനുട്ടിനുള്ളില്‍ രണ്ടു ചുവപ്പുകാര്‍ഡ്‌ കാണുകയും രണ്ടു പെനാല്‍ട്ടി ഗോളുകളില്‍ പിന്നിലാവുകയും ചെയ്‌താണ്‌ ഇന്ത്യ മൂന്നു ഗോളിന്‌ തോറ്റത്‌. എന്നാല്‍ ഗോള്‍കീപ്പര്‍ സുബ്രതാ പാലിനു ലഭിച്ച മത്സരത്തിലെ രണ്ടാം ചുവപ്പുകാര്‍ഡ്‌ അന്യായമായിരുന്നെന്ന്‌ ഇന്ത്യ ഉറച്ചു വിശ്വസിച്ചതോടെ മത്സരത്തിന്‌ വിവാദ പരിവേഷം കിട്ടിയിരുന്നു. ഒമ്പതു പേരുമായി എതിരാളിയുടെ മൈതാനത്ത്‌ പൊരുതേണ്ടി വന്നതാണ്‌ തോല്‍വിക്ക്‌ കാരണമായതെന്ന്‌ ഇന്ത്യ വാദിച്ചു.
നാളെ ഇന്ത്യയില്‍ രണ്ടാം മത്സരം നടക്കാനിരിക്കെ തിരിച്ചടിക്കാമെന്ന പ്രതീക്ഷ പുലര്‍ത്തുന്നതായി കോച്ചും കളിക്കാരും പറഞ്ഞു. ഇതൊരു പുതിയ മത്സരമാണ്‌. ഞങ്ങള്‍ ഞങ്ങളുടെ പരമാവധി പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും. മത്സരം ഇന്ത്യക്ക്‌ കഠിന വെല്ലുവിളിയായിരിക്കുമെന്ന്‌്‌ അറിയാം. ഞങ്ങളതിന്‌ തയാറാണ്‌. നേരത്തേ തന്നെ ഒരു ഗോള്‍ നേടാനായാല്‍ മത്സര ഫലം അനുകൂലമാക്കാമെന്ന പ്രതീക്ഷയുണ്ട്‌. കൊളാസോ പറഞ്ഞു.
സൂബ്രത പുറത്തായതോടെ അപ്രതീക്ഷിതമായി സീനിയര്‍ ടീമില്‍ അരങ്ങേറേണ്ടി വന്ന ഗോള്‍കീപ്പര്‍ കരണ്‍ജിത്‌ സിംഗിനെ കോച്ച്‌ പ്രശംസിച്ചു. കരണ്‍ജിത്തിന്റെ പ്രകടനം തീര്‍ച്ചയായും മികച്ചതാണ്‌. സുബ്രത ഒന്നാന്തരം കീപ്പറാണ്‌. എന്നാല്‍ കരണ്‍ജിത്തും ഒട്ടും മോശമാക്കിയില്ല. നമ്മുടെ പ്രതിരോധം പഴുതുകളടച്ച്‌ കളിക്കേണ്ടതുണ്ട്‌. ഈ കുട്ടികളെല്ലാം മിടുക്കരാണ്‌. രാജ്യത്തിനു വേണ്ടി നല്ല കളിയാണ്‌ അവര്‍ പുറത്തെടുക്കുന്നത്‌. ഹോം മത്സരത്തില്‍ കളിക്കാനും അനുകൂല ഫലമുണ്ടാക്കാനും അവര്‍ക്കെല്ലാം അതിയായ ആഗ്രഹമുണ്ട്‌. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ കൊളാസോ പറഞ്ഞു.

സോംദേവിന്‌
കരിയര്‍ ബെസ്‌റ്റ്‌ റാങ്ക്‌
ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ടെന്നീസിലെ താരോദയം സോംദേവ്‌ ദേവ്‌ വര്‍മന്‍ എ.ടി.പി സിംഗിള്‍സ്‌ റാങ്കിംഗില്‍ കരിയറിലെ ഏറ്റവും മികച്ച സ്ഥാനം സ്വന്തമാക്കി. 62-ാം സ്ഥാനത്തേക്കുയര്‍ന്നതോടെയാണ്‌ 26കാരന്‍ സോംദേവ്‌ ഈ നേട്ടത്തിനര്‍ഹനായത്‌.
വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പെട്ടെന്നു പുറത്തായ ശേഷം കഴിഞ്ഞ വാരം ടൂര്‍ അറ്റ്‌ലാന്റയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞതാണ്‌ റാങ്കിംഗില്‍ മുന്നേറാന്‍ ദേവ്‌വര്‍മനെ സഹായിച്ചത്‌. പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ മഹേഷ്‌ ഭൂപതി (അഞ്ച്‌), ലിയാണ്ടര്‍ പേസ്‌ (എട്ട്‌), രോഹന്‍ ബൊപ്പണ്ണ (10) എന്നിവരുടെ സ്ഥാനങ്ങളില്‍ മാറ്റമില്ല.
പേസ്‌-ഭൂപതി സഖ്യം നാലാം സ്ഥാനത്തും ബൊപ്പണ്ണ-പാകിസ്‌താന്റെ ഐസാമുല്‍ ഖുറൈശി ജോഡിക്ക്‌ ആറാം സ്ഥാനത്തും തുടരുകയാണ്‌. വനിതകളില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-റഷ്യയുടെ എലേന വെസ്‌നിന സഖ്യത്തിന്റെ രണ്ടാം റാങ്കിനും ഇളക്കമില്ല.

സഹീറിനെ ബുദ്ധിമുട്ടിക്കില്ല: ധോണി
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റ പേസ്‌ ബൗളര്‍ സഹീര്‍ഖാനെ കളിക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന്‌ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ്‌ ധോണി. അടുത്ത മത്സരത്തിനു മുമ്പ്‌ ഞങ്ങള്‍ക്ക്‌ മൂന്നു ദിവസം ശേഷിക്കുന്നുണ്ട്‌. എന്നാല്‍ അപ്പോഴേക്കും സഹീര്‍ നൂറു ശതമാനം ആരോഗ്യം വീണ്ടെടുക്കുമോ എന്ന്‌ പറയാനാകില്ല. ഇതൊരു നീണ്ട പരമ്പരയാണ്‌. പരിക്കേറ്റ ആരേയും നിര്‍ബന്ധിച്ച്‌ കളിപ്പിക്കില്ല. ധോണി പറഞ്ഞു. ലോര്‍ഡ്‌സില്‍ നടന്ന ആദ്യ ടെസ്‌റ്റില്‍ 196 റണ്‍സിന്റെ വമ്പന്‍ തോല്‍വി സമ്മതിച്ച ശേഷം സംസാരിക്കുകയായിരുന്നു ധോണി.
അദ്ദേഹം എണ്‍പതോ, തൊണ്ണൂറോ ശതമാനം ആരോഗ്യം വീണ്ടെടുത്തെന്നു ഞങ്ങള്‍ക്കു തോന്നിയാല്‍ തന്നെ കളത്തിലിറക്കുന്നത്‌, പരിക്ക്‌ അധികമാകാനേ സഹായിക്കൂ. അതുകൊണ്ട്‌ പകരം മറ്റാരെയെങ്കിലും ടീമിലെടുക്കുന്നതാണ്‌ ഞങ്ങള്‍ക്ക്‌ നല്ലത്‌. ഇടവേളകളില്ലാതെ മത്സരിക്കേണ്ടി വരുന്നത്‌ താരങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും ധോണി പറഞ്ഞു.

അഗ്വേറൊ സിറ്റിയിലേക്ക്‌
കരാര്‍ ഇന്നെന്ന്‌ റിപ്പോര്‍ട്ട്‌
ലണ്ടന്‍: അത്‌ലറ്റികോ മാഡ്രിഡിന്റെ അര്‍ജന്റീനക്കാരന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറൊ ഇംഗ്ലീഷ്‌ ടീം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേരും. സ്‌പാനിഷ്‌ ലീഗില്‍ നിന്ന്‌ അഗ്വേറൊയുടെ കൂടുമാറ്റ നടപടികള്‍ ഇന്നു പൂര്‍ത്തിയാകുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.
സ്‌പാനിഷ്‌ ലീഗില്‍ മികവാര്‍ന്ന പ്രകടനം കാഴ്‌ചവെച്ച താരത്തിന്‌ 45മില്യണ്‍ യൂറോയാണ്‌ സിറ്റിനല്‍കുന്ന വിലയെന്നറിയുന്നു. റോബര്‍ട്ടോ മാന്‍ചീനിയുടെ ടീമുമായി അഞ്ചു വര്‍ഷത്തേക്കാണ്‌ അഗ്വേറൊയുടെ കരാര്‍. സിറ്റി ടീമംഗങ്ങള്‍ക്കൊപ്പം വിസെന്റെ കാള്‍ഡറോണില്‍ തിങ്കളാഴ്‌ച അഗ്വേറൊ പരിശീലനത്തിനെത്തുമെന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു. അതേസമയം 23കാരനെ സ്വന്തമാക്കാനുള്ള ശ്രമം മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ ഉപേക്ഷിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. സീസണ്‍ അവസാനിച്ചതോടെ അത്‌ലറ്റികോ വിടാന്‍ താനാഗ്രഹിക്കുന്നതായി അഗ്വേറൊ വ്യക്തമാക്കിയിരുന്നു. 2006ല്‍ ഇന്‍ഡിപെന്‍ഡ്യന്റെയില്‍ നിന്നാണ്‌ അര്‍ജന്റീനാ സ്‌ട്രൈക്കര്‍ അത്‌ലറ്റികോയിലെത്തുന്നത്‌.

ധ്യാന്‍ ചന്ദ്‌ അവാര്‍ഡ്‌
ശബീര്‍ അലിക്ക്‌ ചരിത്രനേട്ടം
കൊല്‍ക്കത്ത: കായിക രംഗത്തെ ആജീവനാന്ത സേവനങ്ങള്‍ക്കുള്ള ധ്യാന്‍ ചന്ദ്‌ അവാര്‍ഡ്‌ സ്വന്തമാക്കുന്ന ആദ്യ ഫുട്‌ബോളര്‍ എന്ന നേട്ടം കൊല്‍ക്കത്തയില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ ശബീര്‍ അലി സ്വന്തമാക്കി.
പ്രതിഭാ ശാലിയായ സ്‌ട്രൈക്കര്‍ എന്നു പേരെടുത്ത 55കാരന്‍ ശബീര്‍ അലി നൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്‌. 35 ഗോളുകളും അദ്ദേഹം നേടി. ഐലീഗിലുള്‍പ്പെടെ ഒട്ടേറെ പ്രമുഖ ക്ലബുകള്‍ക്കു വേണ്ടി കളിക്കാനും അവയെ പരിശീലിപ്പിക്കാനും അലിക്ക്‌ സാധിച്ചിട്ടുണ്ട്‌. പശ്ചിമ ബംഗാളിനെ സന്തോഷ്‌ ട്രോഫിയില്‍ ജേതാക്കളാക്കിയും അലി തന്റെ മിടുക്കറിയിച്ചിരുന്നു.
പി.കെ ബാനര്‍ജി, സയ്യിദ്‌ നഈമുദ്ദീന്‍ എന്നിവര്‍ക്കു ശേഷം കളിക്കാരന്‍ കോച്ച്‌ എന്നീ നിലകളില്‍ പേരെടുത്ത ഏക ഫുട്‌ബോളറാണ്‌ ശബീര്‍ അലി. ബാനര്‍ജിക്ക്‌ പദ്‌മശ്രീ അവാര്‍ഡും, നഈമുദ്ദീന്‌ അര്‍ജുന, ദ്രോണാചാര്യ അവാര്‍ഡുകളും ലഭിച്ചപ്പോള്‍ അലിയെ അവഗണിക്കപ്പെടുകയായിരുന്നു.

No comments: