Wednesday, May 30, 2012
ANAND THE GREAT
വിജയത്തില്‍ ആശ്വാസം-വിശ്വനാഥന്‍ ആനന്ദ് ലോക കിരീടം നേടിയതിന് ശേഷം പറഞ്ഞത് ഈ വാക്കുകളാണ്. ഈ വാക്കുകളെ ഇഴകീറിയാല്‍ വേണമെങ്കില്‍ ഇതൊരു നെഗറ്റീവ് അഭിപ്രായ പ്രകടനമല്ലേ എന്ന് ചിന്തിക്കാം. ലോക കിരീടം നേടിയതിന് ശേഷം ഇതായിരുന്നോ ആനന്ദ് പറയേണ്ടത്... ലോകം കീഴടക്കിയ ആഹ്ലാദത്തില്‍ എന്നെ തോല്‍പ്പിക്കാന്‍ ആരുമില്ലെന്നായിരുന്നില്ലേ പ്രതികരിക്കേണ്ടിയിരുന്നത്...? പക്ഷേ അതാണ് ആനന്ദ്. അദ്ദേഹത്തിന്റെ മഹത്വം ആ മാന്യതയും ആ കുലീനതയും അഹങ്കാരമില്ലായ്‌മയുമാണ്. എത്ര കൂളായാണ് ലോക ചാമ്പ്യന്‍ഷിപ്പിലെ ടൈബ്രേക്കറില്‍ ബോറിസ് ഗെല്‍ഫാന്‍ഡിനെതിരെ ആനന്ദ് കളിച്ചത്. ഗെല്‍ഫാന്‍ഡ് തന്നെ പറഞ്ഞു ടൈം പ്രഷറാണ് വില്ലനായതെന്ന്. ടൈബ്രേക്കര്‍ എന്ന് പറയുമ്പോള്‍ നിശ്ചിത സമയത്തില്‍ നിശ്ചിത നീക്കങ്ങള്‍ നടത്തണം. സമ്മര്‍ദ്ദം ഉറപ്പാണവിടെ. നീക്കം പിഴച്ചാല്‍ പരാജയപ്പെടും. വേഗ സമയത്തില്‍ അതിവേഗം നീക്കം നടത്തുമ്പോള്‍ അവിടെ ബുദ്ധിയേക്കാള്‍ വേണ്ടത് സമചിത്തതയാണ്. ആനന്ദ് എന്ന താരത്തിന് വേണ്ടുവോളമുള്ളത് ഇതാണ്.
അഞ്ച് തവണ ലോക പട്ടം.2007 മുതല്‍ 2012 വരെ ലോകകിരീടം നേടുക എന്നത് എളുപ്പമല്ല. ഇസ്രാഈലില്‍ നിന്നള്ള പ്രതിയോഗിയെ മോസ്‌ക്കോ പോലെ ഒരു നഗരത്തില്‍ നേരിടുമ്പോള്‍ ഒരു സാഹചര്യവും ആനന്ദിന് അനുകൂലമായിരുന്നില്ല. ഫുട്‌ബോളിലും ക്രിക്കറ്റിലും നമ്മളെല്ലാം പറയാറുണ്ട് സ്വന്തം മൈതാനത്ത് കളിക്കുമ്പോള്‍, സ്വന്തം കാണികളുടെ പിന്‍ബലത്തില്‍ കളിക്കുമ്പോള്‍, പരിചിതമായ സാഹചര്യത്തെ നേരിടുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാണെന്ന്. ആനന്ദ് കളിച്ചതെല്ലാം പുറത്താണ്. അദ്ദേഹത്തിന് സ്‌പാനിഷ് പൗരത്വമുണ്ട്. അവിടെ തന്നെയാണ് താമസവും. ഇടക്ക് ചെന്നൈയിലും ഇന്ത്യയിലും വരുന്നുവെന്ന് മാത്രം.
ശരാശരി ഇന്ത്യക്കാരെക്കുറിച്ച് ലോകത്തിന്റെ കാഴ്‌ച്ചപ്പാട് സമ്മര്‍ദ്ദത്തില്‍ അടിപതറുന്ന അണ്‍ പ്രൊഫഷണലായവരെന്നാണ്. കായിക മേഖലയില്‍ നോക്കിയാല്‍ ഈ കാഴ്‌ച്ചപ്പാട് സത്യമാണ് താനും. നിര്‍ണായക ഘട്ടത്തില്‍ അടിപതറുന്നവരാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലുള്ള നമ്മുടെ ലോകോത്തര താരങ്ങള്‍. നമ്മള്‍ അനാവശ്യമായി സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് ശാന്തമായ മനസ്സോടെ കാര്യങ്ങളെ കാണാന്‍ അറിയാത്തത് കൊണ്ടാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ കാഴ്‌ച്ചകള്‍ തന്നെ നമ്മള്‍ കണ്ടതാണല്ലോ.... രാജ്യത്തിന്റെ പ്രിയപ്പെട്ട താരമായ ഷാറൂഖ് ഖാനെ പോലുള്ളവര്‍ നടത്തുന്ന വഴിവിട്ട പെരുമാറ്റം. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ പൊട്ടിത്തെറിച്ച ഷാറൂഖിനെ പോലുള്ളവര്‍ ആനന്ദിനെയും അഭിനവ് ബിന്ദ്രയെയുമെല്ലാം മാതൃകയാക്കണം.
ശ്രീശാന്ത് എന്ന ക്രിക്കറ്റര്‍ക്ക് ഒരു വിക്കറ്റ് ലഭിച്ചാല്‍ അദ്ദേഹം നടത്തുന്ന അട്ടഹാസങ്ങളില്‍ പ്രകടമാവാറുള്ളത് തറ നിലവാരമാണ്. 2008 ലെ ബെയ്‌ജിംഗ് ഒളിംപിക്‌സില്‍ ബിന്ദ്ര ഷൂട്ടിംഗില്‍ സ്വര്‍ണം സ്വന്തമാക്കിയപ്പോല്‍ വലിയ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നില്‍ക്കാതെ അദ്ദേഹം ആദ്യം ചെയ്‌തത് ദേശീയ പതാകയെ സല്യൂട്ട് ചെയ്യുകയായിരുന്നു. ഇന്നലെ ആനന്ദും അത് തന്നെ ചെയ്‌തു. പിന്നെ മാധ്യമ പ്രവര്‍ത്തകരുമായി ദീര്‍ഘസമയം സംസാരിച്ചു. ആ സംസാരത്തിലാണ് വിജയത്തിലെ ആശ്വാസം അദ്ദേഹം പ്രകടമാക്കിയത്.
ലോക കായിക വേദിയില്‍ ഇന്ത്യക്കുള്ള വിലാസമാണ് ആനന്ദ്. ക്രിക്കറ്റിലെ ലോകകപ്പും ഹോക്കിയിലെ ഒളിംപിക്‌സ് സ്വര്‍ണങ്ങളുമെല്ലാം നമ്മള്‍ മാത്രം പുകഴ്‌ത്തിപ്പാടുന്ന നേട്ടങ്ങളാണെങ്കില്‍ യൂറോപ്യരോട് ചോദിച്ചാല്‍ അവര്‍ക്കറിയാവുന്ന ഇന്ത്യക്കാരന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറല്ല-ആനന്ദാണ്. കാസ്‌പറോവും കാര്‍പ്പോവുമെല്ലാം ഭരിച്ച ലോക ചെസില്‍ ഒരു ഇന്ത്യക്കാരന്‍ ഉയര്‍ന്നുവന്നപ്പോള്‍ പൊതുവെ അഹങ്കാരികളായ യൂറോപ്യര്‍ക്ക് അത് സഹിക്കാനാവുമായിരുന്നില്ല. പക്ഷേ സ്വതസിദ്ധമായ ശാന്തതയില്‍ ആനന്ദ് നടന്നുകയറി. ഓരോ ചവിട്ടുപടിയിലും അദ്ദേഹത്തെ സഹായിക്കാന്‍ നമ്മുടെ ഭരണക്കൂടമോ കായിക വകുപ്പോ ഉണ്ടായിരുന്നില്ല. നല്ല കുടുംബത്തില്‍ നിന്നാണ് നല്ല താരം പിറക്കുന്നത് എന്ന സത്യത്തിന് അടിവരയിടുന്ന ഉദാഹരണമായി ആനന്ദും കുടുംബവും മാറുമ്പോള്‍ നമ്മുടെ ക്രിക്കറ്റര്‍മാര്‍ ഒന്നോര്‍ക്കുക-മാന്യത കൈവിടാതിരിക്കുക. മാധ്യമ ബഹളത്തില്‍, ആരാധക പ്രളയത്തില്‍, വെള്ളിവെളിച്ചത്തിന്റെ തിളക്കത്തില്‍ ചെയ്യുന്ന കാര്യങ്ങളെ തിരിച്ചറിയുക.
ആനന്ദ് എന്നും നമ്മുക്കിടയിലുള്ള താരമായിരുന്നു. ഇന്ത്യന്‍ സംസ്‌ക്കാരത്തെയും പാരമ്പര്യത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന താരം. ഇന്ത്യക്കാരനാണ് എന്നതില്‍ അഭിമാനിക്കുന്ന താരം. ആനന്ദിന്റെ നാട്ടുകാരനാണ് എന്ന് പറയുന്നതിലെ അഭിമാനം നമുക്കെല്ലാമുണ്ട്. ലോകം സാമ്പത്തികമായി കുതിക്കുമ്പോള്‍, ഹൈടെക്‌വത്‌കരണം സജീവമാവുമ്പോള്‍, അഹങ്കാരത്തോടെ നമുക്ക് പറയാം-ലോകത്തിന്റെ ബുദ്ധികേന്ദ്രം ഒരു ഇന്ത്യക്കാരനാണ്. വെല്‍ഡണ്‍ ആനന്ദ്....
ചെസില്‍ ചിയര്‍ ഗേള്‍സില്ല, ബോളിവുഡോ ഹോളിവുഡോ ഇല്ല, മാഫിയയും ചാനല്‍ ബഹളവുമില്ല. നിശബ്ദതയുടെ പ്രതലത്തില്‍ ബുദ്ധിയുള്ളവരുടെ മാന്യമായ ഗെയിം. അവിടെ ഒരു ഇന്ത്യക്കാരന്‍ അജയ്യത തുടരുമ്പോള്‍ ഈ നേട്ടം തുല്യതകളില്ലാത്തതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment