Monday, February 7, 2011

LANKA THE GREAT


ഇന്ത്യയില്‍ നടന്ന ലോകകപ്പ്‌.... 523 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏറ്റവുമധികം റണ്‍സ്‌ സ്‌കോര്‍ ചെയ്‌തു. 15 വിക്കറ്റുകളുമായി അനില്‍ കുംബ്ലെ വിക്കറ്റ്‌ വേട്ടക്കാരില്‍ ഒന്നാമനുമായി. പക്ഷേ കപ്പില്‍ മുത്തമിട്ടത്‌ അര്‍ജുന രണതുംഗെയുടെ ശ്രീലങ്കയായിരുന്നു. ആറാമത്‌ ലോകകപ്പിലെ വിശേഷങ്ങളിലേക്ക്‌ വരുമ്പോള്‍ വിസ്‌മയമായി നിലകൊള്ളുന്നത്‌ ലങ്ക തന്നെ. ഇന്ത്യക്കും പാക്കിസ്‌താനും ശ്രീലങ്കക്കുമായി ഐ.സി.സി ലോകകപ്പ്‌ അനുവദിച്ചപ്പോള്‍ മരതക ദ്വീപിലേക്ക്‌ സുരക്ഷാ കാരണങ്ങളാല്‍ കളിക്കാനില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ഓസ്‌ട്രേലിയയും വിന്‍ഡീസും രംഗത്ത്‌ വന്നിരുന്നു. ലങ്കയിലെ വഷളായ ക്രമസമാധാന നില ചൂണ്ടിക്കാട്ടിയാണ്‌ ഓസീസും വിന്‍ഡീസും പിന്മാറിയത്‌. ഭരണകൂടം പൂര്‍ണ സുരക്ഷ ഉറപ്പ്‌ നല്‍കിയിട്ടും ലങ്കയിലെ ചില മല്‍സരങ്ങള്‍ ഇത്‌ കാരണം ഉപേക്ഷിക്കപ്പെട്ടു. അതേ ലങ്ക തന്നെ ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ നചന്ന ഫൈനലില്‍ ഓസ്‌ട്രേലിയയെ തോ|ിച്ച്‌ കപ്പ്‌ സ്വന്തമാക്കിയെന്നത്‌ ചരിത്രം.
ഏകദിന ക്രിക്കറ്റിലെ ബാറ്റിംഗ്‌ സമവാക്യങ്ങളില്‍ പില്‍ക്കാലത്ത്‌ നിര്‍ണായകമായിത്തീര്‍ന്ന ബാറ്റിംഗ്‌ പരീക്ഷണം കൊണ്ടായിരുന്നു ലങ്കയുടെ വരവ്‌ തന്നെ. ഡേവ്‌ വാട്ട്‌മോര്‍ എന്ന പരിശീലകനും രണതുംഗെ എന്ന നായകനും ചേര്‍ന്ന്‌ സൃഷ്ടിച്ച "ഓപണിംഗ്‌ വെടിക്കെട്ട്‌' സിദ്ധാന്തം ലളിതമായിരുന്നു: ഫീല്‍ഡിംഗ്‌ നിയന്ത്രണമുള്ള ആദ്യ പതിനഞ്ച്‌ ഓവറുകളില്‍ കൂറ്റനടികളോടെ പരമാവധി റണ്‍സ്‌ നേടുക; അതിന്റെ പിന്‍ബലത്തില്‍ ഇന്നിംഗ്‌സിന്റെ വേഗവും ഗതിയും നിര്‍ണയിച്ച്‌ ബുദ്ധിയോടെ മുന്നേറുക... സനത്‌ ജയസൂര്യയും രുമേഷ്‌ കലുവിതരണയും ചേര്‍ന്ന്‌ ക്രീസില്‍ അത്‌ പ്രാവര്‍ത്തികമാക്കിയപ്പോള്‍ ബാറ്റിംഗിലെ പരമ്പരാഗത വഴക്കങ്ങള്‍ വിട്ട്‌ ചിന്തിച്ചിട്ടില്ലാത്ത മറ്റു ടീമുകള്‍ കുഴങ്ങി. ആദ്യറൗണ്ടില്‍ ഇന്ത്യക്കെതിരായ മത്സരത്തിലെ ആദ്യ 15 ഓവറില്‍ 117 റണ്‍സാണ്‌ ഈ സഖ്യം നേടിയത്‌. കെനിയക്കെതിരെ 123, ഇംഗ്ലണ്ടിനെതിരെ 121, സെമിഫൈനലില്‍ വീണ്ടും ഇന്ത്യക്കെതിരെ 86 എന്നിങ്ങനെ ഈ സഖ്യം തല്ലിത്തകര്‍ത്തപ്പോള്‍ ഏകദിന ഓപണിംഗിന്റെ പുതിയ പ്രവണത രൂപംകൊള്ളുകയായിരുന്നു.
യു.എ.ഇ, ഹോളണ്ട്‌, കെനിയ എന്നീ ടീമുകള്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച "96 ലോകകപ്പില്‍ ആകെ 12 ടീമുകളാണുണ്ടായിരുന്നത്‌. എ, ബി ഗ്രൂപ്പുകളില്‍ റൗണ്ട്‌ റോബിന്‍ രീതിയിലായിരുന്നു പ്രാഥമിക റൗണ്ട്‌ മത്സരം. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നിലെത്തുന്ന നാലു ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിന്‌ യോഗ്യത നേടി. എ. ഗ്രൂപ്പില്‍ അഞ്ച്‌ മത്സരവും ജയിച്ച്‌ ശ്രീലങ്കയും ബി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്കയും അനായാസം മുന്നേറി. ആറു പോയിന്റ്‌ വീതമുള്ള ഓസ്‌ട്രേലിയ, ഇന്ത്യ, നാലു പോയിന്റുമായി വെസ്‌റ്റ്‌ഇന്‍ഡീസ്‌ എന്നിവരും എ ഗ്രൂപ്പില്‍ നിന്ന്‌ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ പാകിസ്‌താന്‍ (8), ന്യൂസിലാന്റ്‌ (6), ഇംഗ്ലണ്ട്‌ (4) എന്നിവരായിരുന്നു ബി ഗ്രൂപ്പിലെ യോഗ്യതക്കാര്‍. ആദ്യ രണ്ട്‌ മത്സരവും ജയിച്ച്‌ ആത്മവിശ്വാസത്തിലായിരുന്ന ഇന്ത്യ ഓസ്‌ട്രേലിയയോടും ശ്രീലങ്കയോടുമാണ്‌ തോറ്റത്‌. കെനിയക്കെതിരെ അഞ്ചു വിക്കറ്റിന്‌ 398 റണ്‍സ്‌ അടിച്ചുകൂട്ടിയ ശ്രീലങ്ക അതുവരെയുണ്ടായിരുന്ന ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡ്‌ മറികടന്നു.
ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ മറികടന്ന്‌ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി വെസ്റ്റ്‌ ഇന്‍ഡീസും ന്യൂസിലാന്റിനെ വീഴ്‌ത്തി ഓസ്‌ട്രേലിയയും സെമിഫൈനലില്‍ ഇടം നേടി. പരമ്പരാഗത വൈരികളായ പാകിസ്‌താനായിരുന്നു ഇന്ത്യക്ക്‌ എതിരാളികള്‍. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ നവ്‌ജ്യോത്‌ സിംഗ്‌ സിദ്ദു (93), അജയ്‌ ജഡേജ (45), സചിന്‍ (31) എന്നിവരുടെ മികവില്‍ 287 റണ്‍സ്‌ നേടി. വെങ്കിടേഷ്‌ പ്രസാദും അനില്‍ കുംബ്ലെയും മൂന്ന്‌ വിക്കറ്റുമായി തിളങ്ങിയപ്പോള്‍ പാകിസ്‌താന്‌ ഒമ്പത്‌ വിക്കറ്റിന്‌ 248 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സിദ്ദു കളിയിലെ കേമനായി.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന ഒന്നാം സെമിഫൈനല്‍ കാണാന്‍ ഒരു ലക്ഷത്തിലധികമാളുകള്‍ എത്തിയിരുന്നു. ടോസ്‌ നേടി ഫീല്‍ഡിംഗ്‌ തെരഞ്ഞെടുത്ത ക്യാപ്‌ടന്‍ അസ്‌ഹറുദ്ദീന്റെ തീരുമാനം ശരിവെക്കുംവിധത്തില്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ലങ്കയുടെ തുടക്കം തകര്‍ന്നു. കൂറ്റനടിക്കാരായ സനത്‌ ജയസൂര്യ (1), കലുവിതരണ (0), അസങ്ക ഗുരുസിംഹ (1) എന്നിവരെ ശ്രീനാഥ്‌ പറഞ്ഞുവിട്ടപ്പോള്‍ ഇന്ത്യ അനായാസ ജയം നേടുമെന്ന്‌ തോന്നിച്ചു. പക്ഷേ അരവിന്ദ ഡിസില്‍വയും (66) റോഷന്‍ മഹാനാമയും (58) അര്‍ജുന രണതുംഗയും ഹഷന്‍ തിലകരത്‌നെയും (32) മികച്ച ബാറ്റിംഗ്‌ പുറത്തെടുത്തപ്പോള്‍ ലങ്ക 251 എന്ന മാന്യമായ ടോട്ടലിലെത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ തകര്‍ന്നുവീഴുന്നതാണ്‌ കണ്ടത്‌. സചിനും (65) സഞ്‌ജയ്‌ മഞ്‌ജരേക്കറും (25) ഒഴികെയുള്ള ബാറ്റ്‌സ്‌്‌മാന്മാര്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ 35-ാം ഓവറില്‍ 120-ന്‌ എട്ട്‌ എന്ന നിലയില്‍ തകര്‍ന്നു. ഇന്ത്യയുടെ ദയനീയ പ്രകടനത്തില്‍ രോഷാകുലരായ കാണികള്‍ ഗ്രൗണ്ടിലേക്ക്‌ പ്ലാസ്റ്റിക്‌ കുപ്പികളും പഴങ്ങളും മറ്റും വലിച്ചെറിഞ്ഞപ്പോള്‍ കളി 20 മിനുട്ട്‌ നേരത്തേക്ക്‌ നിര്‍ത്തിവച്ചു. കളി പുനരാരംഭിക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരായ വിനോദ്‌ കാംബ്ലിയും (10) അനില്‍ കുംബ്ലെയും (0) ക്രീസിലെത്തിയെങ്കിലും കാണികള്‍ അടങ്ങിയിരുന്നില്ല. ഗാലറിയില്‍ നിന്ന്‌ പാഴ്‌ വസ്‌തുക്കള്‍ ഗാലറിയിലേക്ക്‌ പറന്നെത്തിത്തുടങ്ങിയതോടെ മാച്ച്‌ റഫറി ക്ലൈവ്‌ ലോയ്‌ഡ്‌ ശ്രീലങ്കയെ ജേതാക്കളായി പ്രഖ്യാപിച്ചു. തടസ്സപ്പെട്ട മത്സരത്തില്‍ ഒരു ടീമിനെ ജേതാക്കളായി പ്രഖ്യാപിക്കുന്നത്‌ അന്നാദ്യമായിട്ടായിരുന്നു.
രണ്ടാം സെമിഫൈനല്‍ ഓസ്‌ട്രേലിയയും വെസ്‌റ്റ്‌ ഇന്‍ഡീസും തമ്മിലായിരുന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ 50 ഓവറില്‍ 207 റണ്‍സെടുത്തപ്പോള്‍ ശിവ്‌നരേന്‍ ചന്ദര്‍പോളിന്റെ (80) മികവില്‍ വെസ്‌റ്റ്‌ ഇന്‍ഡീസ്‌ പൊരുതി. പക്ഷെ, ഷെയ്‌ന്‍ വോണിന്റെ മാന്ത്രിക സ്‌പിന്നിനു മുന്നില്‍ (36 റണ്‍സിന്‌ നാല്‌ വിക്കറ്റ്‌) കരീബിയക്കാരുടെ മുട്ടിടിച്ചു. മൂന്നു പന്ത്‌ മാത്രം ശേഷിക്കെ 202-ല്‍ വെസ്റ്റ്‌ഇന്‍ഡീസിന്റെ എല്ലാ ബാറ്റ്‌സ്‌മാന്മാരും കൂടാരം കയറി. ഓസീസിന്‌ അഞ്ചു റണ്‍സ്‌ ജയം.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌തത്‌ ഓസ്‌ട്രേലിയയാണ്‌. ഏഴു വിക്കറ്റ്‌ നഷ്ടത്തില്‍ അവര്‍ 241 റണ്‍സ്‌ നേടി. ക്യാപ്‌ടന്‍ മാര്‍ക്ക്‌ ടെയ്‌ലര്‍ (74), റിക്കി പോണ്ടിംഗ്‌ (47), മൈക്കല്‍ ബെവന്‍ (36) എന്നിവരാണ്‌ തിളങ്ങിയത്‌. അരവിന്ദ ഡിസില്‍വ മൂന്നു വിക്കറ്റ്‌ വീഴ്‌ത്തി. മറുപടി ബാറ്റിംഗില്‍ ഓപണര്‍മാരെ വേഗത്തില്‍ നഷ്ടമായെങ്കിലും അരവിന്ദ ഡിസില്‍വയുടെ (107) അപരാജിത സെഞ്ച്വറിയും അസങ്ക ഗുരുസിംഹ (65), അര്‍ജുന രണതുംഗ (47 നോ്‌ട്ടൗട്ട്‌) എന്നിവരുടെ മികവും ലങ്കക്ക്‌ കന്നി ലോകകപ്പ്‌ നേടിക്കൊടുത്തു. ഇതിനു മുമ്പത്തെ നാലു ലോകകപ്പുകളില്‍ നിന്നായി വെറും അഞ്ച്‌ വിജയങ്ങള്‍ മാത്രം അക്കൗണ്ടിലുണ്ടായിരുന്ന ലങ്ക അങ്ങനെ ഒറ്റ മത്സരവും തോല്‍ക്കാതെ വീരോചിതം കപ്പ്‌ സ്വന്തമാക്കി. സനത്‌ ജയസൂര്യ ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
17 വേദികളുമായി ഇന്ത്യ മികച്ച വരവേ|ാണ്‌ ഇന്ത്യ ലോകകപ്പിന്‌ നല്‍കിയിരുന്നത്‌. "വില്‍സ്‌' സ്‌പോണ്‍സര്‍ ചെയ്‌ത ടൂര്‍ണമെന്റ്‌ ഉപഭൂഖണ്ഡത്തില്‍ നടന്ന രണ്ടാം ലോകകപ്പായിരുന്നു. ഇന്ത്യയില്‍ നിശ്ചയിച്ച 17 മത്സരങ്ങള്‍ 17 വേദികളിലായി നടന്നപ്പോള്‍ പാകിസ്‌താനിലെ 17 മത്സരങ്ങള്‍ ആറും ശ്രീലങ്കയിലെ നാലു മത്സരങ്ങള്‍ മൂന്നും വേദികളില്‍ നടന്നു.

No comments: