ഉയരാന്‍ ഉമര്‍
ഷാഹിദ് അഫ്രീദി, മിസ്‌ബാഹുല്‍ ഹഖ്, അബ്ദുള്‍ റസാക്ക്, അബ്ദുള്‍ റഹ്‌മാന്‍, അഹമ്മദ് ഷെഹസാദ്, കമറാന്‍ അക്‌മല്‍, മുഹമ്മദ് ഹാഫിസ്,യൂനസ്‌ഖാന്‍-മേല്‍പ്പറഞ്ഞവരെല്ലാം പാക്കിസ്‌താന്‍ ബാറ്റിംഗ് നിരയിലെ വിഖ്യാതര്‍. പക്ഷേ പാക്കിസ്‌താന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇവരെയാരെയും അത്രയങ്ങ് വിശ്വാസമില്ല. വലിയ പേരുകാരാണ് എന്ന സത്യം. പക്ഷേ വലിയ മല്‍സരങ്ങളില്‍ കവാത്ത് മറക്കുന്നവര്‍. വലിയ പ്രതീക്ഷ നല്‍കും. പക്ഷേ സോപ്പ് കുമിളകളുടെ ആയുസ്സ് മാത്രം. നാല് വര്‍ഷം മുമ്പ് പാക്കിസ്‌താന്‍ ലോകകപ്പിലേക്ക് തിരിച്ചത് വലിയ പേരുകളുമായാണ്. പക്ഷേ അയര്‍ലാന്‍ഡിനോട് പോലും പരാജയപ്പെട്ട് പുറത്തായവര്‍. അതിനാല്‍ തന്നെ കാണികള്‍ വലിയ പേരുകളെ വിശ്വാസത്തിലെടുക്കുന്നില്ല. അവര്‍ നോട്ടമിടുന്നത് അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ വരുന്നത് ഒരു കൊച്ചു താരത്തെയാണ്-ഉമര്‍ അക്‌മല്‍.
ഇരുപത് വയസ്സ് മാത്രമാണ് ഉമറിന്. പാക്കിസ്‌താന്‍ ദേശീയ സംഘത്തിലെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ കമറാന്‍ അക്‌മലിന്റെ അനുജന്‍ എന്ന നിലയില്‍ ടീമിലെത്തി ചെറിയ കാലയളവില്‍ സ്വന്തമായി വിലാസം നേടിയ ഉമര്‍ ഇതിനകം 30 രാജ്യാന്തര ഏകദിനങ്ങള്‍ കളിച്ചു. 878 റണ്‍സാണ് സമ്പാദ്യം. പുറത്താവാതെ 102 റണ്‍സാണ് ഉയര്‍ന്ന സ്‌ക്കോര്‍. പാക്കിസ്‌താന്‍ സംഘത്തില്‍ ഉമറിന്റെ പ്രസക്തി അദ്ദേഹത്തിന്റെ പക്വത തന്നെ. ക്യാപ്‌റ്റന്‍ അഫ്രീദി മുതല്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാക്ക് വരെയെടുത്താല്‍ ടീമിലെ എല്ലാവരും പക്വതയില്ലാത്ത ആക്രമണകാരികളാണ്. ഉമര്‍ പക്ഷേ ആക്രമണത്തിലും പക്വമതിയാണ്. വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാനും സ്വന്തം സ്ഥാനം സുരക്ഷിതമാക്കാനും നിര്‍ണ്ണായക ഘട്ടത്തില്‍ ടീമിനെ രക്ഷിക്കാനുമെല്ലാം കഴിയുന്നുവെന്നത് ഉമര്‍ ചെറിയ കാലയളവില്‍ തെളിയിച്ച സത്യമാണ്. അഫ്രീദി ഇമ്രാന്‍ഖാനെ പോലുള്ള ഇതിഹാസ താരങ്ങള്‍ക്കൊപ്പം കളിച്ച താരമാണ്. പക്ഷേ ഇപ്പോഴും ആ ബാറ്റ്‌സ്‌മാനെ വിശ്വസിക്കാന്‍ ആര്‍ക്കുമാവുന്നില്ല. കൂറ്റന്‍ ഷോട്ടുകള്‍ പായിക്കാനുള്ള ശ്രമത്തില്‍ ഏത് ബൗളര്‍ക്കും ചിരിക്കാന്‍ അവസരം നല്‍കും പത്താനി. 312 ഏകദിനങ്ങള്‍ കളിച്ചിരിക്കുന്നു അദ്ദേഹം. അതിന്റെ ഗുണം ഒരിക്കല്‍ പോലും കണ്ടിട്ടില്ല. ലോകകപ്പില്‍ മാത്രം 12 മല്‍സരങ്ങള്‍ കളിച്ചു. സ്വന്തം നാമം ലോകകപ്പ് ചരിത്രത്തില്‍ രേഖപ്പെടുത്തുന്നതില്‍ പക്ഷേ പരാജയപ്പെട്ടു.
ഉമറിനിത് കന്നി ലോകകപ്പാണ്. മികച്ച ഇന്നിംഗ്‌സുകള്‍ കെട്ടിപടുക്കുന്നത് വഴി ടീമിന്റെ സ്‌ക്കോര്‍ ഭദ്രമാക്കാന്‍ കഴിയുമെന്ന വിശ്വാസക്കാരന്‍. മുഹമ്മദ് യൂസഫ് എന്ന സ്റ്റൈലിഷ് ബാറ്റ്‌സ്‌മാന്റെ സ്ഥാനമാണ് ബാറ്റിംഗ് നിരയില്‍ ഉമറിന്. ആ വിശ്വാസം കാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഷോട്ടുകള്‍ അദ്ദേഹത്തിന്റെ ആവനാഴിയിലുണ്ട്. ലേറ്റ് കട്ട് ഷോട്ടും പുള്‍ ഷോട്ടും മിഡോണിലേക്കും ഫൈന്‍ ലെഗ്ഗിലേക്കും നടത്തുന്ന കട്ടുകളും ഉമറിലെ ബാറ്റ്‌സ്‌മാനെ വ്യത്യസ്‌തനാക്കുന്നു.
വിവാദങ്ങളില്‍ പ്രതികളായി മുഖ്യ ബൗളര്‍മാരെയെല്ലാം നഷ്ടമായ പാക്കിസ്‌താന്റെ ലോകകപ്പ് സാധ്യതകളെല്ലാം ബാറ്റ്‌സ്‌മാന്മാരെ ആശ്രയിച്ചാണ്. മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ് എന്നീ രണ്ട് അനുഭവസമ്പന്നരും സല്‍മാന്‍ ഭട്ട് എന്ന മുന്‍ നായകനുമാണ് പന്ത വിവാദത്തില്‍ പിടിക്കപ്പെട്ട് പുറത്തായവര്‍. പഴയ പടക്കുതിര ഷുഹൈബ് അക്തര്‍, ഉമര്‍ ഗുല്‍ തുടങ്ങിയവര്‍ക്കാണ് ബൗളിംഗ് ഭാരം. ഇവര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ബാറ്റിംഗ് നിരക്ക് കഴിയണമെങ്കില്‍ ഉമറിനെ പോലുള്ളവര്‍ ക്രീസിലുറച്ച് കളിക്കണം.
No comments:
Post a Comment