തോല്‍ക്കാം അതിവേഗം,
മെല്‍ബണില്‍ കളി നാല് ദിവസം ദീര്‍ഘിച്ചിരുന്നു. സിഡ്‌നിയില്‍ മൂന്നാം ദിവസത്തില്‍ തന്നെ എല്ലാം അവസാനിച്ചാല്‍ അല്‍ഭുതപ്പെടാനില്ല. എസ്.സി.ജിയില്‍ ആദ്യ ദിവസം പത്ത് ഇന്ത്യന്‍ വിക്കറ്റുകള്‍ നിലംപതിച്ചെങ്കില്‍ രണ്ടാം ദിവസത്തില്‍ വീണത് ഒരേ ഒരു വിക്കറ്റാണ്. ഓസീസ് ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഡബിള്‍ സെഞ്ച്വറി മാത്രമല്ല ഈ മൈതാനത്ത് ഒരു ഓസ്‌ട്രേലിയക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌ക്കോറുമായി പുറത്താവാതെ നില്‍ക്കുന്നു. വിശ്വസ്‌തനായ മൈക്കല്‍ ഹസി കൂട്ടിന്. ഇപ്പോള്‍ തന്നെ ടീമിന് മികച്ച ലീഡായിരിക്കുന്നു. ഇന്ന് ആദ്യ സെഷനോടെ തന്നെ അവര്‍ നില ഭദ്രമാക്കിയാല്‍ പിന്നെ എളുപ്പത്തില്‍ എറിഞ്ഞിടാം ഇന്ത്യയെ.
തല താഴ്‌ത്താന്‍ ഇന്ത്യയെക്കാള്‍ മിടുക്കരായവര്‍ മറ്റാരുമില്ലെന്ന് ഓസ്‌ട്രേലിയന്‍ നിരയിലെ പുതിയ മുഖങ്ങളായ പാറ്റിന്‍സണും പീറ്റര്‍ സിഡിലുമെല്ലാം ഒരാഴ്‌ച്ച കൊണ്ട് മനസ്സിലായിട്ടുണ്ട്. എന്താണ് ഇന്ത്യക്ക് വേണ്ട മരുന്നെന്ന്‌് അവര്‍ക്കറിയാം. സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സേവാഗ്, വി.വി.എസ് ലക്ഷ്‌മണ്‍, രാഹുല്‍ ദ്രാവിഡ്, മഹേന്ദ്രസിംഗ് ധോണി എന്ന പേരുകളോടെല്ലാം പാറ്റിന്‍സണും സിഡിലിനും ഹില്‍ഫാന്‍ഹസിനുമെല്ലാം ഇത് വരെ ഒരു ബഹുമാനമുണ്ടായിരിക്കണം. ആ ബഹുമാനം അവര്‍ തന്നെ ഇല്ലാതാക്കിയിട്ടുണ്ട്.
ഒരോ കളിക്കാരനും വേണ്ട അടിസ്ഥാന യോഗ്യത റെക്കോര്‍ഡല്ല. സാഹചര്യങ്ങളുമായി താദാത്മ്യം പ്രാപിക്കലാണ്. ഞാന്‍ പുലിയാണ് എന്ന് പറഞ്ഞ് റെക്കോര്‍ഡ് ബുക്ക് ലക്ഷ്യമാക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ ഇന്നലെ മൈക്കല്‍ ക്ലാര്‍ക്ക് മല പോലെ നിന്നത് സാഹചര്യങ്ങളെ അറിഞ്ഞുള്ള നിശ്ചയദാര്‍ഡ്യം കൊണ്ടാണ്. പോണ്ടിംഗിന്റെ രണ്ട് വര്‍ഷത്തിന് ശേഷമുള്ള സെഞ്ച്വറിക്കും ലക്ഷ്യബോധമുണ്ടായിരുന്നു. ക്യാപ്‌റ്റനായ ശേഷം ക്ലാര്‍ക്കിന് വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാനായിരുന്നില്ല. പക്ഷേ അദ്ദേഹത്തില്‍ ആരും സമ്മര്‍ദ്ദം അടിച്ചേല്‍പ്പിച്ചില്ല. നോര്‍മല്‍ ഗെയിം മാത്രമാണ് അനുഭവസമ്പന്നരായവര്‍ പുറത്തെടുത്തത്. ഇന്ത്യ ചിത്രത്തില്‍ തന്നെ വരാതിരുന്നത് ലക്ഷ്യ.ബോധമില്ലായ്‌മയില്‍ തന്നെയാണ്. ആരോഗ്യകാര്യത്തില്‍ പണ്ടേ പിറകിലായ സഹീര്‍ഖാന്‍ മാത്രം വിചാരിച്ചാല്‍ ഒന്നുമാവില്ല. അദ്ദേഹത്തിന് ഒരു ദിവസം പത്ത് ഓവര്‍ നന്നായി എറിയാനാവും. അതാണ് ആദ്യദിവസത്തില്‍ കണ്ടത്. ഇന്നലെ പന്തെറിഞ്ഞ് സഹീര്‍ തളര്‍ന്നപ്പോള്‍ ബാറ്റ്‌സ്‌മാന്മാര്‍ അത് ഭംഗിയായി ഉപയോഗപ്പെടുത്തി.
നിര്‍ണായകമായ ഒരു മല്‍സരത്തിന്റെ പ്രസക്തി ആദ്യ ദിവസത്തില്‍ തന്നെ തകരുമ്പോള്‍ അതിന്റെ വേദനയോ, ജാള്യതയോ നമ്മുടെ താരങ്ങളുടെ മുഖത്തില്ല. സച്ചിന്‍ കളിക്കുന്നത് നൂറാം സെഞ്ച്വറിക്കായി, സേവാഗ് കളിക്കുന്നത് ധോണിയെ തകര്‍ക്കാന്‍, ദ്രാവിഡും ലക്ഷ്‌മണും കളിക്കുന്നത് കൂറെ കാലം പിടിച്ചുനില്‍ക്കാന്‍-ആര്‍ക്കും രാജ്യതാല്‍പ്പര്യമില്ല. തോല്‍ക്കുമ്പോള്‍ ന്യായ വിചാരം പറയാന്‍ ക്രിക്കറ്റ് ബോര്‍ഡിനും സെലക്‌ഷന്‍ കമ്മിറ്റിക്കും നൂറ് നാവാണ്. കളിച്ചു കളിച്ചു തളര്‍ന്നുവെന്ന് പറയാന്‍ താരങ്ങള്‍ക്കും മിടുക്ക്. തോല്‍ക്കുന്നത് രാജ്യവും ക്രിക്കറ്റും കളിയെ സ്‌നേഹിക്കുന്നവരും. മാധ്യമങ്ങള്‍ വാഴ്‌ത്തുമൊഴികളും നിറം പിടിപ്പിച്ച വീരസാഹസിക കഥകളും മാത്രം നല്‍കുമ്പോള്‍ തോല്‍വികളിലെ വേദന പോലും ആഘോഷത്തിന്റെ ഭാഗമാണ്.
No comments:
Post a Comment