Thursday, January 5, 2012

GREAT CLARK

തേര്‍ഡ്‌ ഐ
നമിക്കുക ക്ലാര്‍ക്കിന്റെ മനസിനെ
പഠിക്കാനുണ്ട്‌ മൈക്കല്‍ ക്ലാര്‍ക്കിന്റെ മാരത്തോണ്‍ ഇന്നിംഗ്‌സില്‍ നിന്ന്‌. പ്രൊഫഷണലിസമെന്തെന്ന്‌ അറിയാത്ത ഇന്ത്യന്‍ താരങ്ങളെ സാക്ഷിയാക്കി 329 ല്‍ സ്വന്തം ഇന്നിംഗ്‌സിന്‌ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ വിരാമമിട്ടപ്പോള്‍ വ്യക്തിഗതമായ അദ്ദേഹത്തിന്‌ പലതും നഷ്‌ടമായി. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌ക്കോറായ ബ്രയന്‍ ലാറയുടെ 400 റണ്‍സ്‌ അദ്ദേഹത്തിന്‌ മറികടക്കാമായിരുന്നു. രണ്ടര ദിവസത്തോളം ബാക്കിയുണ്ടായിരുന്നല്ലോ...! ടെസ്‌റ്റിലെ ഒരു ഓസ്‌ട്രേലിയക്കാരന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌ക്കോറായ മാര്‍ക്‌ ടെയ്‌ലറുടെ 334 റണ്‍സിനെ തോല്‍പ്പിക്കാമായിരുന്നു. റെക്കോര്‍ഡിനായല്ല താന്‍ കളിക്കുന്നതെന്ന്‌ പ്രഖ്യാപിച്ച്‌ വീരോചിതം സ്വന്തം ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌ത ടെയ്‌ലറുടെ പാതയില്‍ ക്ലാര്‍ക്ക്‌ ബാറ്റിംഗ്‌ മതിയാക്കിയത്‌ ടീമിന്റെ താല്‍പ്പര്യത്തിന്‌ പുല്ലുവില കല്‍പ്പിക്കുന്ന വിരേന്ദര്‍ സേവാഗ്‌, രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്‌ ലക്ഷ്‌മണ്‍ എന്നിവരെയെല്ലാം സാക്ഷിയാക്കി. ഇന്ത്യയുടെ ടെസ്റ്റ്‌ ചരിത്രം നോക്കുക. നമ്മുടെ മഹാരഥന്മാരെല്ലാം സ്വന്തം കാര്യത്തില്‍ പുലര്‍ത്തിയ ജാഗ്രതക്ക്‌ എത്രയോ ഉദാഹരണങ്ങള്‍ കാണാം. ഇപ്പോള്‍ വീരവാദം മുഴക്കുന്ന സാക്ഷാല്‍ സുനില്‍ ഗവാസ്‌ക്കറാണ്‌ ഈ കാര്യത്തിലെ റെക്കോര്‍ഡുകാരന്‍. ലോകകപ്പ്‌ ചരിത്രത്തിലെ ഇഴഞ്ഞ ഇന്നിംഗ്‌സ്‌ ലോകത്തിന്‌ പരിചയമുണ്ട്‌. വിന്‍ഡീസിനെതിരെ, ന്യൂസിലാന്‍ഡിനെതിരെ, ഇംഗ്ലണ്ടിനെതിരെ മാരത്തോണ്‍ പ്രകടനത്തിലൂടെ ഗവാസ്‌ക്കര്‍ ലക്ഷ്യമിട്ടത്‌ ടീമിന്റെ അതിജീവനത്തേക്കാള്‍ സ്വന്തം റെക്കോര്‍ഡായിരുന്നു. ഒരിക്കല്‍ ഇന്ത്യന്‍ കാണികള്‍ തന്നെ ചെരുപ്പുമാല അണിയിച്ചിട്ടുണ്ട്‌ രവിശാസ്‌ത്രിക്ക്‌. അത്‌ സ്വന്തം കാര്യത്തിനായി കളിച്ചത്‌ കൊണ്ടാണ്‌. കപില്‍ദേവും ഈ കാര്യത്തില്‍ മോശക്കാരനല്ല. അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അവസാനിപ്പിക്കാന്‍ പലര്‍ക്കും ഇടപെടേണ്ടി വന്നു. ക്യാപ്‌റ്റനായിരുന്ന രാഹുല്‍ ദ്രാവിഡ്‌ ഒരു വേള ടീമിന്‌ വേണ്ടി ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌തപ്പോള്‍ ഡബിള്‍ സെഞ്ച്വറിക്ക്‌ അരികെ സച്ചിന്‍ ക്രീസിലുണ്ടായിരുന്നു. എന്തായിരുന്നു അന്നത്തെ പുകില്‍. സച്ചിനെ ഇല്ലാതാക്കാന്‍ രാഹുല്‍ ശ്രമിച്ചുവെന്ന്‌ പറയാതെ പറഞ്ഞവരില്‍ കളി പറയാനുണ്ടായിരുന്ന ശാസ്‌ത്രിയുമുണ്ടായിരുന്നു.
സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ ഇന്ന്‌ ഇന്ത്യ തോല്‍ക്കാതിരുന്നാലാണ്‌ അല്‍ഭുതം. ആദ്യ മണിക്കൂറിലെ ഈര്‍പ്പത്തിലും തണുപ്പിലും ബാറ്റ്‌സ്‌മാന്മാര്‍ കൂടാരം കയറും. സേവാഗും ദ്രാവിഡും പുറത്തായിക്കഴിഞ്ഞു. 354 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ്‌ കമ്മിയെന്ന വലിയ ബാധ്യത മുന്നില്‍ നില്‍ക്കുന്നു. സച്ചിന്‍ ക്രീസിലുണ്ട്‌. ഇന്നലെ അവസാനത്തില്‍ അദ്ദേഹം ഭാഗ്യത്തിനാണ്‌ ഹില്‍ഫാന്‍ഹസിന്റെ പന്തില്‍ രക്ഷപ്പെട്ടത്‌. സമ്മര്‍ദ്ദമെന്നത്‌ സച്ചിന്റെ മിത്രമായതിനാല്‍ പാറ്റിന്‍സണെയും സിഡിലിനെയും അതിജയിക്കാന്‍ അനുഭവക്കരുത്ത്‌ എന്ന പ്രധാന ആയുധത്തെ സച്ചിന്‍ ഉപയോഗപ്പെടുത്തണം. ഗാംഭീര്‍ നന്നായി ഇന്നിംഗ്‌സ്‌ പേസ്‌ ചെയ്‌തിട്ടുണ്ട്‌. പക്ഷേ വിശ്വസിക്കാനാവാത്തവരാണ്‌ നമ്മുടെ ബാറ്റ്‌സ്‌മാന്മാര്‍.

No comments: