Monday, February 6, 2012
BE CAREFUL GANESH MINISTER
പുതിയ കായികനയം രൂപപ്പെടുത്തുന്നതിന് മുമ്പ് ബന്ധപ്പെട്ടവരുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സമാഹരിക്കാനുള്ള സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നീക്കത്തിന് അഭിനന്ദനങ്ങള്‍. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ വഴിയും സ്വന്തമായ വെബ്‌സൈറ്റ് വഴിയും അഭിപ്രായം സ്വരൂപിക്കാന്‍ അധികസമയം നല്‍കിയിട്ടില്ല എന്ന കഴമ്പുള്ള പരാതിയിലും കായികനയത്തിനായി ജനാധിപത്യ വ്യവസ്ഥിതികളെ പിന്തുടരാനുള്ള നീക്കം സ്വാഗതാര്‍ഹമാണ്. കായിക നയത്തിന്റെ കരട് രൂപത്തില്‍ കായിക പ്രേമികളും താരങ്ങളും ആഗ്രഹിക്കുന്ന പല നല്ല നിര്‍ദ്ദേശങ്ങളുമുണ്ട്. പക്ഷേ കായികതയിലൂന്നിയ ശക്തമായ നിര്‍ദ്ദേശങ്ങളുടെ അഭാവം പകല്‍ പോലെ പ്രകടവുമാണ്. ലോകം കായികമായി അതിവേഗതയില്‍ മുന്നേറിയിട്ടും സ്വന്തമായി ഒരു കായിക നയമില്ലാത്ത രാജ്യമാണ് ഇന്ത്യ. നമുക്ക് കേന്ദ്ര കായിക മന്ത്രാലയമുണ്ട്, സംസ്ഥാന സ്‌പോര്‍ട്‌സ് യുവജനകാര്യവകുപ്പുണ്ട്, സായിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും കാക്കത്തൊളളായിരം കായിക സംഘടനകളുമുണ്ട്. പക്ഷേ 120 കോടിയോളം വരുന്ന വലിയ ജനസംഖ്യയുടെ രാജ്യാന്തര നേട്ടങ്ങള്‍ കടലാസില്‍ മാത്രമൊതുങ്ങുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒളിംപിക്‌സ് പ്രസ്ഥാനത്തില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണ്ണനേട്ടം 2008 ലെ ബെയ്‌ജിംഗ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്രയുടെ നേട്ടത്തിലുടെയാണെന്ന് മറക്കരുത്. ഈ വര്‍ഷം ലണ്ടനില്‍ ഒളിംപിക്‌സ് നടക്കാന്‍ പോവുമ്പോള്‍ ബിന്ദ്ര എവിടെയാണെന്ന ചോദ്യത്തിന് പ്രസക്തിയിലവ്‌ല. പക്ഷേ നമ്മുടെ നാട്ടില്‍ ചോദ്യം ഉന്നയിക്കപ്പെടുന്നു. ബെയ്‌ജിംഗ് നേട്ടത്തിന് ശേഷം നമ്മുടെ കായിക ഭരണാധികാരികളില്‍ ചിലര്‍ ചേര്‍ന്ന് ബിന്ദ്രയെ അങ്ങൊതുക്കി. ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സമയത്ത് ബിന്ദ്രയെ കണ്ടില്ല. ലോക ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി സ്വന്തം ചെലവില്‍ കോടികള്‍ മുടക്കി ജര്‍മനിയില്‍ പരിശീലനം നേടുകയായിരുന്ന താരത്തെ ഡല്‍ഹിയിലേക്ക് വിളിച്ച് വരുത്തി അപമാനിച്ച് ചിലര്‍ രഹസ്യമായി ഊറിചിരിച്ചു. ബിന്ദ്രയെ ഉദാഹരിച്ചത് നേട്ടക്കാരെ നമ്മള്‍ അപമാനിക്കുന്നുവെന്ന സത്യത്തെ ചൂണ്ടിക്കാട്ടാനാണ്. ഒരു തവണ ഇന്ത്യക്കായി മെഡല്‍ നേടിയ താരത്തിന് പിന്നെ അതേ അഭിവാഞ്‌ജയോടെ മല്‍സരിക്കാന്‍ കഴിയില്ല. അത്രമാത്രം വേട്ടയാടലുകള്‍ നടക്കാന്‍ കാരണം ഇവിടെ വ്യക്തമായ കായിക നയമില്ലാത്തതിന്റെ പേരിലാണ്. കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി അജയ് മാക്കന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡണ്ടായ സുരേഷ് കല്‍മാഡിയെ പുറത്താക്കാന്‍ പരസ്യമായി ആവശ്യപ്പെടുന്ന തരത്തില്‍ കായികഭരണം ദുര്‍ബലമാണിവിടെ.
കായിക നയം സംസ്ഥാന തലത്തില്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പരിശ്രമങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ തടസ്സങ്ങളുടെ മൈതാനത്ത് ചര്‍ച്ചകള്‍ മാത്രം നടക്കുന്ന പതിവ് കലാരൂപമായിരിക്കുന്നു കായികനയം. ഇത്തവണ പക്ഷേ മന്ത്രിയുടെ പ്രത്യേക താല്‍പ്പര്യത്തില്‍ അടിയന്തിര സ്വഭാവത്തില്‍ കാര്യങ്ങല്‍ പുരോഗമിക്കുന്നുണ്ട്.
സ്‌പോര്‍ട്‌സ് അധികാരം പങ്കിടുന്ന അജണ്ടയില്‍ ഒതുങ്ങരുത് കായികനയം. സ്‌പോര്‍ട്‌സ് എന്നത് വിശാലമായ ക്യാന്‍വാസില്‍ പന്തലിച്ച് കിടക്കുന്ന അനന്യസാധ്യതാ മേഖലയാണ്. അധികാരമായിരിക്കരുത് അവിടെ ആദ്യ അജണ്ട. അനുനയമായിരിക്കണം. സ്‌ക്കൂളുകളില്‍ സ്‌പോര്‍ട്‌സ് പാഠ്യവിഷയമാക്കുന്നത് മുതല്‍ പുലര്‍ത്തേണ്ടത് അനുനയമാണ്. നിലവില്‍ നമ്മുടെ കൊച്ചു സംസ്ഥാനത്ത് എത്ര കായിക സംഘടനകളുണ്ട് എന്ന ചോദ്യത്തിനുത്തരം തേടിയാല്‍ വ്യക്തമായ ഉത്തരം ആര്‍ക്കും നല്‍കാന്‍ കഴിയില്ല. പത്രമാപ്പിസുകളില്‍ മാത്രം ദിവസവും അഞ്ചും പത്തും വാര്‍ത്താക്കുറിപ്പുകള്‍ ഇക്കൂട്ടരുടേതായി വരാറുണ്ട്. ഇവരാണ് നമ്മുടെ കായിക സംരക്ഷകരായി അഭിനയിക്കുന്നും വിജയിക്കുന്നതും. സ്‌ക്കൂള്‍ കരിക്കുലത്തില്‍ കായിക വിഷയം വന്നാല്‍ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് യഥാദിശയില്‍ വളരാനും അധ്യാപകര്‍ക്ക് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കഴിയുമെന്ന ചൈനീസ് പാടം നമുക്ക് അനുകരിക്കാം. സ്‌ക്കൂള്‍ തലത്തില്‍ കായിക വിദ്യാഭ്യാസം നല്‍കപ്പെടുമ്പോള്‍ സ്വാഭാവികമായും അച്ചടക്ക ബോധം ചെറിയ പ്രായത്തില്‍ പരിശീലിക്കപ്പെടും. കുട്ടികളെ സംരക്ഷിക്കാനുള്ള അടിസ്ഥാന ബോധത്തില്‍ സ്‌ക്കൂളുകളും കായികാധ്യാപകരും ജാഗ്രത പാലിക്കും. ഈ അച്ചടക്കഘട്ടത്തിന്റെ വളര്‍ച്ചയില്‍ കായിക കടലാസ് സംഘടനകളുടെ പ്രസക്തി ഇല്ലാതാവും. സംഘടനകളുടെ ആധിക്യം കുറഞ്ഞാല്‍ അധികാരത്തിന്റെ ബലാബലത്തിന് ആളുകള്‍ കുറയും.
കായികതയിലൂന്നിയ നയത്തിലാണ് ചൈന ഉള്‍പ്പെടെയുള്ളവര്‍ കുതിച്ചത്. ആ വഴിയില്‍ സഞ്ചരിക്കാന്‍ തുടക്കത്തില്‍ സ്‌ക്കൂളുകളും പിന്നെ സ്‌പോര്‍ട്‌സ് കൗണ്‍സിലും ഇവര്‍ക്ക് നയപരമായ നേതൃത്ത്വം നല്‍കാന്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന സ്‌പോര്‍ട്‌സ് മന്ത്രി അദ്ധ്യക്ഷനായ എക്‌സിക്യൂട്ടീവ് ബോര്‍ഡും മതി. എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ ബ്യൂറോക്രസിയുടെ നിരാളിപ്പിടുത്തമുണ്ടാവാതെ നോക്കേണ്ട വലിയ ബാധ്യത ഉന്നതര്‍ക്കുണ്ട്. സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചിയക്കുമ്പോള്‍ സങ്കുചിത താല്‍പ്പര്യമരുത്. ചില ജില്ലകളില്‍ മാത്രമൊതുങ്ങുന്ന ഇനങ്ങള്‍ക്ക് പരിഗണനയും ആയോധന കലകള്‍ക്ക് അവഗണനയുമാവുമ്പോള്‍ അത് കായിക സമവാക്യത്തെ ബാധിക്കും. കളി സ്ഥലങ്ങളുടെ കാര്യത്തില്‍ വരാന്‍ പോവുന്ന കര്‍ക്കശമായ തീരുമാനങ്ങള്‍ കളിക്കാരുടെ മാത്രമല്ല കളി കമ്പക്കാരുടെ ആത്മവിശ്വാസം ഉയര്‍ത്തും. കച്ചവടച്ചരക്കാവരുത് കളിമുറ്റങ്ങള്‍. പരിശീലകരുടെ കാര്യത്തില്‍ സ്ഥിരം നിയമനമെന്ന അപകടത്തെ അകറ്റുന്നതും നല്ലത്. കരാര്‍ നിയമനത്തില്‍ പരിശീലകര്‍ വരുമ്പോള്‍ അവര്‍ക്ക് വ്യക്തമായ ലക്ഷ്യബോധമുണ്ടാവും. ടാര്‍ജറ്റ് നല്‍കിയുളള പ്രവര്‍ത്തനത്തില്‍ വിജയിക്കുന്നവരുടെ കരാറുകള്‍ പുതുക്കുന്ന പാശ്ചാത്യ രീതിയെ പിന്‍പറ്റുമ്പോള്‍ എല്ലാവരും അക്കൗണ്ടബിളാവും.
കാര്യങ്ങളെ പ്രതിപാദിക്കുന്നവര്‍ തന്നെ വഴി വിടരുതെന്ന തത്വത്തില്‍, ഉയര്‍ന്ന സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റില്‍ കക്ഷി രാഷ്‌ട്രീയ താല്‍പ്പര്യമില്ലാതെ, അനുനയ പാതയില്‍ നയത്തിന് അന്തിമരൂപം നല്‍കണം. അവിടെയും വിജയിച്ചാല്‍ ഗണേഷ് കുമാറിനെ കേരളം മറക്കില്ല
Subscribe to:
Post Comments (Atom)
No comments:
Post a Comment