Tuesday, August 21, 2012
ഇത് ലണ്ടന്‍ മേയര്‍
ചിത്രം
കമാല്‍ വരദൂരും പ്രശസ്‌ത സ്‌പോര്‍ട്‌സ് ലേഖകന്‍ അയാസ് മേമനും
ലണ്ടന്‍ ഡയറി-5
ഇത് ലണ്ടന്‍ മേയര്‍
സഞ്ചാരം സൈക്കിളില്‍ മാത്രം
വിംബിള്‍ഡണ്‍-കുട്ടിക്കാലം മുതല്‍ കേട്ട് പരിചയമുള്ള പേര്. ലോകത്തിലെ ഏറ്റവും പ്രശസ്‌തമായ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്റെ നാമമാണിതെന്ന ധാരണ ഇവിടെ എത്തിയപ്പേഴാണ് തെറ്റാണെന്ന് മനസ്സിലായത്. ലണ്ടന്റെ പ്രാന്തമാണ് വിംബിള്‍ഡണ്‍ എന്ന കൊച്ചുനഗരം. ടെന്നിസാണ് ഇവിടെ ജീവവായു. ലോകത്തിലെ ഏറ്റവും വലിയ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന് വേദിയാവുന്ന നഗരം വിംബിള്‍ഡണില്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ശുഭ്രവസ്‌ത്രം പോലെ മനോഹരമാണ്. നാല് ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പുകളില്‍ ഒന്നാം സ്ഥാനവും വിംബിള്‍ഡണിന് തന്നെ. ജോണ്‍ മെക്കന്‍റോയും ബ്യോണ്‍ ബോര്‍ഗും ബോറിസ് ബെക്കറും സ്‌റ്റെഫിഗ്രാഫും ആന്ദ്രെ അഗാസിയും പീറ്റ് സംപ്രാസും റോജര്‍ ഫെഡ്‌ററുമെല്ലാം അരങ്ങ് തകര്‍ക്കുന്ന വേദി. നമ്മുടെ സ്വന്തം സാനിയ മിര്‍സ വനിതാ ഡബിള്‍സില്‍ രശ്‌മി ചക്രവര്‍ത്തിക്കൊപ്പം ആദ്യ റൗണ്ട് കളിക്കുന്നത് കാണുക എന്ന ലക്ഷ്യത്തില്‍ വിംബിള്‍ഡണ്‍ സ്റ്റേഷനില്‍ ട്രെയിനിറങ്ങി നടക്കുമ്പോള്‍ മുന്നില്‍ ഒരു കോട്ടിട്ട സുന്ദരന്‍ സൈക്കിളില്‍ (ഇവിടെ സൈക്കിളിന്റെ പേര് പുഷ് ബൈക്ക് എന്നാണ്) അതിവേഗം സഞ്ചരിക്കുന്നു. അദ്ദേഹത്തിന് പിറകില്‍ പത്തോളം പേര്‍. അവരും കോട്ട്‌ധാരികളാണ്. കോട്ടിട്ടവരുടെ സൈക്കിള്‍ പരേഡാണോ ഇത്...? സൈക്കിള്‍ സവാരിക്കാര്‍ നേരെ പോവുന്നത് വിംബിള്‍ഡണ്‍ മൈതാനത്തേക്കാണ്. അവര്‍ക്കായി സുരക്ഷാ പരിശോധനയൊന്നുമില്ല. ഗേറ്റുകള്‍ മലര്‍ക്കെ തുറക്കപ്പെടുന്നു. വേഗത്തില്‍ എല്ലാവരും അകത്ത്. പിറകെ വന്ന ഞങ്ങളെ തടയാന്‍ വലിയ സംഘങ്ങള്‍. അക്രഡിറ്റേഷന്‍ കാര്‍ഡ് നോക്കണം, ബാഗ് തുറന്ന് കാണിക്കണം, ലാപ് ടോപ്പ് ഓണ്‍ ചെയ്യണം, വാച്ചും ബെല്‍റ്റും പഴ്‌സും മൊബൈല്‍ ഫോണും മോതിരവും എല്ലാം അഴിച്ച് നല്‍കണം.
മുമ്പില്‍ പോയവര്‍ക്ക് ഇതൊന്നും ബാധകമല്ലേ എന്ന് പാക്കിസ്‌താന്‍കാരനായ വോളണ്ടിയര്‍ മുസ്‌തഫ മലിക്കിനോട് ചോദിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്-കോട്ടിട്ട് സൈക്കിളില്‍ പറന്നയാള്‍ ചില്ലറക്കാരനല്ല. ലണ്ടന്‍ നഗരത്തിന്റെ മേയറാണ്. മഹാനഗരത്തിലെ പ്രഥമ പൗരനായ ബോറിസ് ജോണ്‍സണ്‍. ഒളിംപിക്‌സ് സംഘാടക സമിതിയിലെ ഉന്നതന്‍. എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രി ഡേവിഡ് കാമറൂണും കഴിഞ്ഞാല്‍ ഭരണയന്ത്രം തിരിക്കുന്നവരിലെ മൂന്നാമന്‍. സുന്ദരസുമുഖനായ മേയറെ കാണാന്‍ തരപ്പെടുമോ എന്നന്വേഷിച്ചപ്പോള്‍ എളുപ്പമല്ലെന്ന് മനസ്സിലായി. അദ്ദേഹം നല്ല തിരക്കിലാണ്.
വലിയ നഗരത്തിന്റെ മേയറായിട്ടും ഇദ്ദേഹമെന്താ ഇങ്ങനെ സൈക്കിളില്‍ സഞ്ചരിക്കുന്നത് എന്ന സംശയം ഉന്നയിച്ചപ്പോള്‍ മുസ്‌തഫക്ക് മേയറെ വിശേഷിപ്പിക്കാന്‍ നൂറ് നാവ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായ ബോറിസ് ജോണ്‍സണ്‍ ലണ്ടന്‍ നഗരവാസികള്‍ക്ക് പ്രിയങ്കരനാണ്. സാധാരണക്കാരില്‍ സാധാരണക്കാരനായി സ്വന്തം സൈക്കിളില്‍ സഞ്ചരിക്കുന്ന മേയര്‍ ലണ്ടനില്‍ നടപ്പിലാക്കിയ സൈക്കിള്‍ വിപ്ലവം നഗരത്തിന്റെ മുഖഛായ തന്നെ മാറ്റിയിരിക്കുന്നു.
2010 ലാണ് ബോറിസ് തന്റെ സൈക്കിള്‍ സമ്പ്രദായം നഗരപരിധിയില്‍ നടപ്പിലാക്കിയത്. ബാര്‍ക്ലേയ്‌സ് എന്ന പ്രസിദ്ദ ഇന്‍ഷൂറന്‍സ് കമ്പനിയുടെ സഹകരണത്തോടെ നഗരവാസികള്‍ക്ക് സൈക്കിള്‍ ജീവിത സഹായിയാക്കുന്ന പദ്ധതിക്ക് ബോറിസ് രൂപം നല്‍കിയത് വ്യക്തമായ മൂന്ന് ലക്ഷ്യങ്ങളിലായിരുന്നു. 1- നഗരത്തിന്റെ വായു മലീനികരണ തോത് കുറക്കുക. കാറുകള്‍ ഉള്‍പ്പെടുന്ന മോട്ടോര്‍ വാഹനങ്ങള്‍ തള്ളുന്ന പുകയില്‍ അന്തരീക്ഷവായുവില്‍ വിഷം കലരുമ്പോള്‍ അത് നഗരവാസികളുടെ ആരോഗ്യത്തെ ബാധിക്കും. 2-നഗരത്തിലെ ഗതാഗതതിരക്കിന് പരിഹാരമിടുക. എല്ലാവരും സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സംജാതമാവുന്ന ട്രാഫിക് പ്രശ്‌നങ്ങള്‍ ഇല്ലാതാക്കണം. 3-നഗരജനതയുടെ ആരോഗ്യം. എല്ലാവരും സൈക്കിള്‍ ഉപയോഗിക്കുമ്പോള്‍ അത് ശരീരത്തിന് ലഭിക്കുന്ന ഏറ്റവും നല്ല വ്യായാമമാണ്. രോഗങ്ങളെ തടയാനും പൂര്‍ണമായും ആരോഗ്യത്തോടെയിരിക്കാനുമാവും.
ഈ ലക്ഷ്യങ്ങളിലെത്താന്‍ അദ്ദേഹം കാര്‍ക്കശ്യത്തോടെ നീങ്ങിയില്ല-അടിസ്ഥാനപരമായി പ്രവര്‍ത്തിച്ചു. ആദ്യം ചെയ്‌തത് തിരക്കേറിയ റോഡുകളില്‍ സൈക്കിള്‍ സഞ്ചാരികള്‍ക്കായി പ്രത്യേക ലൈന്‍ തുടങ്ങി. റോഡുകളുടെ വശങ്ങളിലായി നീല മാര്‍ക്കിംഗില്‍ വലിയ ലൈന്‍. ഈ പാതയിലുടെ സൈക്കിളുകാര്‍ക്ക് മാത്രമാണ് പ്രവേശം. മറ്റ് വാഹനങ്ങള്‍ നീലയില്‍ തൊട്ടാല്‍ പിഴ നല്‍കേണ്ടി വരും. നമ്മുടെ നാട്ടിലേത് പോലെ ചെറിയ റോഡുകളല്ല ഇവിടെ. എല്ലാം നാലും അഞ്ചും ആറും വരി പാതകള്‍. ഈ വലിയ റോഡുകളുടെ ഒരു ഭാഗം സൈക്കിള്‍ സഞ്ചാരത്തിനായി മാറ്റിയത് കൊണ്ട് ഗതാഗതകാര്യങ്ങളില്‍ ഒരു തടസവുമുണ്ടായില്ല. പിന്നെ സൈക്കിള്‍ എകസ്‌ചേഞ്ച് തുടങ്ങി. നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും സൈക്കിള്‍ എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങളുണ്ട്. നിങ്ങള്‍ക്ക് ഇവിടെ നിന്ന് സൈക്കിള്‍ എടുക്കാം. ഉപയോഗത്തിന് ശേഷം അടുത്ത എക്‌സ്‌ചേഞ്ചില്‍ തിരികെ നല്‍കാം. ചെറിയ പൈസ മാത്രമാണ് ചെലവാകുക. എത്ര ദിവസം വേണമെങ്കിലും വാടകക്ക് സൈക്കിള്‍ ഉപയോഗിക്കാം. കൃത്യമായി വാടക അടക്കാത്തപക്ഷം പിടിക്കപ്പെടും. ഒരു എക്‌സ്‌ചേഞ്ചില്‍ നിന്ന് സൈക്കിള്‍ എടുത്താല്‍ അവിടെ തന്നെ തിരികെ നല്‍കേണ്ടതില്ല. അര മണിക്കൂറാണ് നിങ്ങളുടെ ഉപയോഗമെങ്കില്‍ പണവുമടക്കേണ്ട.
തന്റെ പരിഷ്‌ക്കാരത്തിന്റെ റോള്‍ മോഡലായി മേയര്‍ തന്നെ മാറുന്നതാണ് കൗതുകകരമായ കാഴ്‌ച്ച. അദ്ദേഹത്തിന്റെ സഞ്ചാരം സൈക്കിളില്‍ തന്നെ. രാഷ്‌ട്രീയ ശത്രുക്കള്‍ സൈക്കിള്‍ പരിഷ്‌ക്കാരത്തിനെതിരെ രംഗത്ത് വന്നെങ്കിലും ഇത് വരെ ഏശിയിട്ടില്ല. സാധാരണക്കാരുടെ തുറന്ന പിന്തുണ ബോറിസിനുണ്ട്. സൈക്കിള്‍ സവാരിക്കാരില്‍ ചിലര്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് ഉയര്‍ത്തിക്കാട്ടി നടത്തിയ വിമര്‍ശനങ്ങളെ ഗൗരവത്തിലെടുത്ത് അപകടനിരക്ക് കുറക്കാനുള്ള നടപടികളും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. നഗര ഗതാഗതത്തിന് ഭൂരിപക്ഷവും ആശ്രയിക്കുന്നത് ട്യൂബ് എന്ന് വിളിക്കുന്ന മെട്രോ ട്രെയിനുകളെയാണ്. രാവിലെ അഞ്ച് മുതല്‍ പുലര്‍ച്ചെ വരെ ഒരു തടസവുമില്ലാതെ ട്രെയിനുകള്‍ ഓടുന്നു. എവിടെയും എത്തിപ്പെടാന്‍ പ്രയാസമില്ല. കാറുകളുടെ ഉപയോഗമാവട്ടെ മേയറുടെ സൈക്കിള്‍ സമ്പ്രദായത്തോടെ കുറഞ്ഞിട്ടുമുണ്ട്. ഒളിംപിക്‌സ് ആരംഭിച്ചതോടെ ഗതാഗത തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ നഗരത്തിന്റെ പിതാവ് സൈക്കിളില്‍ നാട് ചുറ്റുന്ന കൗതുക കാഴ്‌ച്ച ഇവിടെ മാത്രമേ കാണു. നമ്മുടെ നാട്ടിലെ മേയര്‍മാര്‍ക്ക് സൈക്കിള്‍ ചവിട്ടാന്‍ തന്നെ അറിയില്ലല്ലോ.... അവര്‍ സഞ്ചരിക്കുന്നത് അത്യാധുനിക വാഹനങ്ങളില്ലല്ലേ.... വാഹനത്തിന്റെ വലുപ്പം കുറഞ്ഞാല്‍ അവര്‍ പിണങ്ങില്ലേ. ചുവന്ന ലൈറ്റും അകമ്പടിക്കാരുമെല്ലാമുണ്ടെങ്കില്‍ മാത്രം സംതൃപ്‌തരാവുന്ന നമ്മുടെ നഗരപിതാക്കള്‍ സമയം കിട്ടുകയാണെങ്കില്‍ ഇവിടെ വരണം. ഈ കാര്യങ്ങള്‍ പഠിക്കണം. ഏത് ഉന്നതനായാലും അകമ്പടി പോലീസിന്റെ വലിയ സൈറണും ചീറിപ്പായലുമൊന്നും ഇവിടെയില്ല. എല്ലാവരും തുല്യരാണ്. ഒരു വാഹനത്തിനും പ്രത്യേക സേവനങ്ങളില്ല.
ഇംഗ്ലീഷ് യുവാക്കളെയും കുട്ടികളെയും അഭിനന്ദിക്കണം. അവരാരും ബൈക്കില്‍ ചിറിപായുന്നില്ല. ചെവിയില്‍ മൊബൈല്‍ തിരുകി അപകടകരമായി ഡ്രൈവ് ചെയ്യുന്നില്ല. എല്ലാവരും സൈക്കിളില്‍ സഞ്ചരിക്കുന്നു. മലിനീകരണം തടയുന്നു. സ്വന്തം ആരോഗ്യത്തെ സംരക്ഷിക്കുന്നു, ഗതാഗത തടസ്സങ്ങളുണ്ടാക്കാതെ അധികാരികളെ സഹായിക്കുകയും ചെയ്യുന്നു. ഗതാഗത കുരുക്ക് ഉണ്ടാക്കുന്നവരെ പിടികൂടാന്‍ കണ്‍ജംഗ്‌ഷന്‍ ലൈനും മുഖ്യറോഡുകളിലുണ്ട്. കണ്‍ജംഗ്‌ഷന്‍ ലൈനില്‍ കയറി ആരെങ്കിലും വാഹനമോടിച്ചാല്‍ അവന്‍ അതേ നിമിഷം പിഴ അടക്കണം. ക്യാമറ അപ്പേള്‍ തന്നെ വില്ലനെ പിടികൂടും. പിഴ എത്രയാണെന്നല്ലേ-പത്ത് പൗണ്ട് (നാട്ടില്‍ ആയിരം രൂപയോളം).
സൈക്കിള്‍ പരിഷ്‌ക്കാരം നാട്ടില്‍ നടപ്പിലാക്കിയാല്‍ വായുമലിനീകരണം തടയാനും ആരോഗ്യ സംരക്ഷണത്തിനും നമുക്കാവുന്നതിനൊപ്പം അടിക്കടിയുണ്ടാവുന്ന പെട്രോള്‍ വിലവര്‍ദ്ധനവും അത് വഴി സംജാതമാവുന്ന അവശ്യസാധന വിലവര്‍ദ്ധനവും സമരങ്ങളും ഹര്‍ത്താലുകളും ഒഴിവാക്കാം. നമ്മുടെ നേതാക്കള്‍ക്ക് നിലനില്‍പ്പിന് ഹര്‍ത്താലും ബന്ദുമെല്ലാം വേണം. വെട്ടും കൊലയുമെല്ലാമാണല്ലോ നാട്ടിലെ മുദ്രാവാക്യം. അതിനിടെ സൈക്കിളിനെക്കുറിച്ചും ബോറിസ് ജോണ്‍സണെക്കുറിച്ചുമെല്ലാം എഴുതുന്നവനല്ലേ വിഡ്ഡി....!
Subscribe to:
Post Comments (Atom)
No comments:
Post a Comment