Sunday, August 26, 2012
ഈ തട്ടുകടയില്‍ മസാല ദോശയുണ്ട്, ഉപ്പ്‌്‌മാവുണ്ട്-പപ്പടവും
ചിത്രം
ഇന്ത്യന്‍ ബാഡ്‌മിന്റണിലെ യുവവാഗ്‌ദാനമായ പി.കശ്യപും കമാല്‍ വരദൂരും
ലണ്ടന്‍ ഡയറി-10
ഈ തട്ടുകടയില്‍ മസാല ദോശയുണ്ട്, ഉപ്പ്‌്‌മാവുണ്ട്-പപ്പടവും
അനന്തപുരി, തട്ടുകട, കേരളാപാലസ്, ഉദയ, കലവറ.....-ഈ നാമങ്ങള്‍ കേട്ടിട്ട് എന്ത് തോന്നുന്നു..! കേരളത്തിലെ ഏതെങ്കിലുമൊരു സ്ഥലത്തെ ഹോട്ടലുകളുടെ പേരാണെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ കുറ്റം പറയാനാവില്ല. പക്ഷേ ഞാനിപ്പോള്‍ നടക്കുന്നത് ഈസ്‌റ്റ് ഹാമിലൂടെയാണ്. ലണ്ടന്‍ ഒളിംപിക്‌സിന്റെ മുഖ്യവേദിയായ സ്‌റ്റാഫോര്‍ഡില്‍ നിന്ന് പത്ത് മിനുട്ട്‌് യാത്ര ചെയ്‌താല്‍ ഇവിടെയെത്താം. തനി മലയാളിത്തമുള്ള ഹോട്ടലുകളുടെ പേരുകളാണ് മേല്‍പ്പറഞ്ഞത്. കസ്‌തൂരി, കനകാബി തുടങ്ങിയ തമിഴ് പേരുകളും ഇടക്കിടെയുണ്ട്. കുറച്ച് കൂടി നടന്ന് നോക്കാം. അതാ ഇനിയും ശുദ്ധമലയാളത്തില്‍ ബോര്‍ഡുകള്‍-ബ്രിട്ടീഷ് കേരളാ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍, എസ്.എന്‍.ഡി.പി ഈസ്റ്റ് ഹാം, ഓവര്‍സീസ് ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി, പ്രവാസി കോണ്‍ഗ്രസ്, ക്രൈസ്‌തവ സഭ, മലയാളി മുസ്ലിം വെല്‍ഫെയര്‍ കള്‍ച്ചറല്‍ സെന്റര്‍, കോതമംഗലം കൂട്ടായ്‌മ... നിങ്ങള്‍ ക്ഷമിക്കുക-ബോര്‍ഡുകള്‍ വായിച്ച് മടുത്തിരിക്കുന്നു. കേരളാ ബസാറിന്റെയും ഓണം ബസാറിന്റെയുമെല്ലാം ബോര്‍ഡുകള്‍ വേറെയുമുണ്ട്.
ഈ വെള്ളക്കാരന്റെ നാട്ടില്‍ നമ്മള്‍ മലയാളികള്‍ അരങ്ങ് തകര്‍ക്കുകയാണ് കെട്ടോ. ഈസ്‌റ്റ് ഹാം എന്ന കൊച്ചുനഗരം ശരിക്കും ഒരു കേരളാ തെരുവ് പോലെ തന്നെ. ഇന്നലെ ഇവിടെ ഒരു ഇഫ്‌ത്താര്‍ പാര്‍ട്ടി ഉണ്ടായിരുന്നു. കേരളത്തിന്റെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എം അബൂബക്കറിന്റെ അനുജന്‍ പി.എം നാസറിന്റെ വീട്ടില്‍. എനിക്കൊപ്പം ബ്രിട്ടീഷ് കെ.എം.സി.സിയുടെ സെക്രട്ടറി കെ.എം സഫീറും. ഒളിംപിക് പാര്‍ക്കില്‍ നിന്നും അല്‍പ്പമകലെയുള്ള വെംബ്ലി പാര്‍ക്കില്‍ സൈന നെഹ്‌വാളിന്റെ മല്‍സരം കഴിഞ്ഞ് മടങ്ങാന്‍ സമയമെടുത്തു. സ്റ്റാഫോര്‍ഡിലെത്തി അവിടെ നിന്ന് ട്യൂബ് വഴി ഈസ്‌റ്റ് ഹാമിലെത്തുമ്പോള്‍ ആതിഥേയര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. നാട്ടിലെ വിഭവങ്ങളുമായി ഒരു കോഴിക്കോടന്‍ ഇഫ്‌ത്താര്‍. സമൂസയും ഉന്നക്കായയും ചട്ടിപ്പത്തിരിയുമെല്ലാം. നോമ്പ് തുറന്ന ശേഷം തൊട്ടരികിലുള്ള മദീന മസ്‌ജിദിലേക്ക് മഗ്‌രിബ് നമസ്‌കരിക്കാന്‍ പോയി. നഗരമധ്യത്തില്‍ തന്നെ മലയാളി ചുവ്വയുള്ള പള്ളി. അംഗശുദ്ധി വരുത്താന്‍ നല്ല ചൂടുവെള്ളം. നോമ്പ് തുറക്കാര്‍ ധാരാളമാളുകളുണ്ടായിരുന്നു പള്ളിയില്‍. നമസ്‌ക്കാരത്തിന് ശേഷമാണ് നഗരയാത്ര ചെയ്‌തത്. അപ്പോഴാണ് മലയാളിക്കരുത്ത് കണ്ടത്.
1988 മുതല്‍ ഇവിടെയുണ്ട് നാസര്‍. ഹിന്ദുജ ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. അദ്ദേഹം പറയുന്നത് ഈസ്‌റ്റ്‌ഹാം എന്നാല്‍ അത് മിനി ഇന്ത്യയെന്നാണ്. മലയാളികളും തമിഴരും പിന്നെ തമിഴ് സംസാരിക്കുന്ന ശ്രീലങ്കക്കാരും. മൊത്തം കാര്യങ്ങള്‍ അവരാണ് നിയന്ത്രിക്കുന്നത്. പണ്ട് ഫോര്‍ഡ് കമ്പനിയുടെ ആസ്ഥാനം ഇവിടെയായിരുന്നു. ഈ കമ്പനിയില്‍ ജോലിക്കായി മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയ മലയാളി കുടുംബങ്ങളാണ് ഇപ്പോള്‍ ഇവിടെ സ്ഥിരതാമസക്കാരായിരിക്കുന്നത്.
ഈ നാട്ടില്‍ പൗരത്വം ലഭിക്കാന്‍ എളുപ്പമാണ്. അഞ്ച് വര്‍ഷം ഇവിടെ താമസിച്ചാല്‍ നിങ്ങള്‍ക്ക് ബ്രിട്ടിഷ് പാസ്‌പോര്‍ട്ട് ലഭിക്കും. പിറകെ പൗരത്വവും നേടാം. പൗരത്വം നേടിയാല്‍ ഇവിടെ സ്ഥലം വാങ്ങാം. വീടെടുക്കാം. എല്ലാം എളുപ്പമാണ്. അതിനാല്‍ തന്നെ പലരും ഇവിടെയെത്തുന്നു.സ്ഥിരക്കാരാവുന്നു. ഗള്‍ഫിലെ മലയാളികളും ഇപ്പോള്‍ ഇങ്ങോട്ട് ഒഴുകുന്നുണ്ട്. നാസറിനെ പോലുള്ളവര്‍ പറയുന്നത് ജീവിക്കാന്‍ സുഖം ഈ നാട് തന്നെയെന്നാണ്. നമ്മുടെ നാട്ടില്‍ അടിക്കടി ഹര്‍ത്താല്‍, വെട്ടും കൊലയുമെല്ലാം. കഴിഞ്ഞ ദിവസം പി.ജയരാജനെ അറസ്‌റ്റ് ചെയ്‌തതും തുടര്‍ന്നുള്ള സംഘര്‍ഷവുമെല്ലാമാണ് മലയാളികള്‍ ചൂണ്ടിക്കാട്ടുന്നത്. റമസാന്‍ മാസത്തില്‍ വ്രതപുണ്യം തേടി വിശ്വാസികള്‍ പ്രാര്‍ത്ഥനാ നിരതരാവുമ്പോള്‍ അവരെ പോലും വേട്ടയാടുന്ന തരത്തില്‍ ബന്ദും ഹര്‍ത്താലും ആഘോഷമാക്കുന്നത് നമ്മുടെ നാട്ടില്‍ മാത്രമാണെന്ന് ഇവരെല്ലാം രോഷത്തോടെ പറയുന്നു. ഈ നാട്ടില്‍ ഹര്‍ത്താലോ, ബന്ദോ ഒന്നുമില്ല. പൊതുസംവിധാനത്തെ ബാധിക്കുന്ന ഒരു കാര്യവും സംഘടനകള്‍ ചെയ്യില്ല. ജീവിതം വളരെ തിരക്കേറിയതാണിവിടെ. സംഘടകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ളത് പോലെ അവര്‍ക്ക് പ്രശ്‌്‌നമുണ്ടാക്കാതിരിക്കാനുള്ള ബാധ്യതയുമുണ്ട്.
ഈസ്റ്റ് ഹാമിന് മൊത്തത്തില്‍ ഒരു മലയാളി പിശകുമുണ്ട്. മറ്റ് ഇംഗ്ലീഷ് നഗരങ്ങളെ അപേക്ഷിച്ച് വൃത്തി കുറവാണ്. ആകെ ബഹളമയം. മലയാളം സംസാരിക്കുന്നവരും തമിഴരുമെല്ലാമായി ജഗപൊഗ. ഉപ്പ തൊട്ട് കര്‍പ്പൂരം വരെ ലഭിക്കുന്ന കടകള്‍ ഇവിടെ ധാരാളം. ഓണം ബസാറില്‍ കയറിയപ്പോള്‍ നാട്ടിലെ സപ്ലൈകോ ഔട്ട്‌ലെറ്റിനേക്കാള്‍ ഭേദം. സാധനങ്ങള്‍ക്കൊന്നും വലിയ വിലയില്ല. പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും ചെറിയ വിലക്ക് ലഭിക്കും. ഒരു കേരളാ ഹോട്ടലില്‍ കയറിയപ്പോള്‍ നല്ല മസാല ദോശയും ചട്ടിനിയും. വടയും ഉപ്പ്‌മാവുമെല്ലാം വെറെയുമുണ്ട്. നല്ല തിരക്കിലും ഹോട്ടല്‍ ജീവനക്കാര്‍ എല്ലാവരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. ചിരിച്ച് കൊണ്ടുള്ള പെരുമാറ്റം. ഭക്ഷണത്തിന് സ്വാദുണ്ടോ എന്ന അന്വേഷണം. കൂടുതല്‍ വേണമെങ്കില്‍ ഉടനെത്തും. കാഷ് കൗണ്ടറിലോ-പണം നല്‍കിയതിന് ശേഷം നന്ദിയും ഇനിയും വരണമെന്ന അഭ്യര്‍ത്ഥനയും. ഈ പെരുമാറ്റമെല്ലാം കണ്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് നാട്ടിലെ ഹോട്ടലുകളാണ്. ഭക്ഷണത്തിന് ആര് കയറിയാലും അവരെ പരിചരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്ന ജോലിക്കാര്‍, ഒന്ന് ചിരിക്കാന്‍ മറക്കുന്ന മുതലാളി, ഭക്ഷണമെങ്ങനെയെന്ന് ചോദിക്കുന്നതിന് പകരം പണം വാങ്ങി വേഗം പെട്ടിയിലിടുന്ന തിരക്കില്‍ പല മര്യാദകളും നമ്മളങ്ങ് മറക്കുന്നു. നമ്മുടെ ഹോട്ടലുകാര്‍ക്ക് പണമാണ് മുഖ്യം. ഭക്ഷണം തേടിയെത്തുന്നവരല്ല. ഇവിടെ എല്ലാ ഹോട്ടലുകളിലും ഭക്ഷണപാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളുടെയെല്ലാം പട്ടിക പരസ്യമായി പ്രദര്‍ശിപ്പിക്കുന്നു. ഏത് തരം എണ്ണയാണ് ഉപയോഗിക്കുന്നത്. എങ്ങനെയാണ് പാചകം എന്നതെല്ലാം പരസ്യപ്പെടുത്തണം. ആരോഗ്യ വകുപ്പില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും പരസ്യമായി പ്രദര്‍ശിപ്പിക്കണം.
മസാല ദോശയിപ്പോള്‍ വെള്ളക്കാരനും പ്രിയപ്പെട്ടതാണെന്ന് ഹോട്ടലുകാര്‍ പറയുന്നു. അവര്‍ക്ക് പക്ഷേ ദോശക്കൊപ്പം പപ്പടം കിട്ടണം. എന്ത് ഭക്ഷണം കഴിക്കുമ്പോഴും പപ്പടം നിര്‍ബന്ധമാണ്. നമ്മള്‍ ചെയ്യുന്നത് പോലെ ഭക്ഷണത്തിനിടെയല്ല അവര്‍ പപ്പടം കഴിക്കുന്നത്. തുടക്കത്തില്‍ മൂന്നും നാലും പപ്പടമങ്ങ് കഴിക്കും. സംസാരത്തിനിടെ വന്ന വെള്ളക്കാരന്‍ റോസറ്റെ വാനിനെ പരിചയപ്പെട്ടു. മസാലദോശ എപ്പടി എന്ന് ചോദിച്ചപ്പോള്‍ മലയാളത്തില്‍ മറുപടി-കേമം........
Subscribe to:
Post Comments (Atom)
No comments:
Post a Comment