തേര്‍ഡ് ഐ
-by kamal varadoor
ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മല്‍സരങ്ങള്‍ വിലയിരുത്തുന്ന തേര്‍ഡ് ഐ ഇന്ന് മുതല്‍ വായിക്കുക
ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഒന്നാം ടെസ്‌റ്റിന്റെ മൂന്നാം ദിവസം വളരെ നിര്‍ണ്ണായകമാണ്. മല്‍സരഗതി ഇന്ന് ഏകദേശം വ്യക്തമാവും. ആദ്യ രണ്ട് ദിവസങ്ങളിലെ പിച്ചായിരിക്കില്ല ഇന്ന്. ഇന്നലെ വൈകീട്ട് മഴ പെയ്‌തതും രാത്രി മുഴുവന്‍ പിച്ച് മൂടിയിട്ടതും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ ഗൗരവതരമായി തന്നെ കാണ്ടേണ്ടി വരും. സഹീര്‍ഖാനും ഇശാന്ത് ശര്‍മ്മക്കും ഉറച്ച പ്രതലത്തില്‍ നിന്ന് ലഭിച്ച പിന്തുണ മറക്കാനാവില്ല. മൂന്നാം ദിനത്തില്‍ പിച്ചിന്റെ ഉപരിതലത്തിലെ കാഠിന്യം കുറയും. കുഴികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ ഇന്ന് ബ്രെട്ട് ലീയും മിച്ചല്‍ ജോണ്‍സണും സ്‌റ്റിയൂവര്‍ട്ടും ക്ലാര്‍ക്കുമെല്ലാം പ്രശ്‌നക്കാരാവും.
രണ്ട് ഇന്നിംഗ്‌സുകളാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌ക്കോര്‍ സമ്മാനിച്ചത്. പോണ്ടിംഗും മൈക് ഹസിയും വളരെ കരുതലോടെയാണ് കളിച്ചത്. അത്തരം ഇന്നിംഗ്‌സുകളാണ് ഇന്ത്യക്കാവശ്യം. വിരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും ഇന്നലെ ആത്മവിശ്വാസത്തോടെയാണ് കളിച്ചത്. ആ വിശ്വാസം നിലനിര്‍ത്താനായാല്‍ ഇന്ത്യക്ക് പിടിമുറുക്കാം. പക്ഷേ സാഹചര്യങ്ങള്‍ സേവാഗിയന്‍ ശൈലിക്ക് അനുയോജ്യമാവില്ല. പന്ത് താഴ്‌ന്നുവരാം. സേവാഗോ ഗാംഭീറോ ഇന്ന് തുടക്കത്തില്‍ പുറത്തായാല്‍ അത് ദ്രാവിഡിലും സച്ചിനിലും ഗാംഗുലിയിലും ലക്ഷ്‌മണിലും സമ്മര്‍ദ്ദം സൃഷ്‌ടിക്കും. ദ്രാവിഡ് സ്വന്തം മൈതാനത്താണ് കളിക്കുന്നത്. സച്ചിന്‍ ലാറയുടെ ലോക റെക്കോര്‍ഡിലേക്കാണ് നീങ്ങുന്നത്. ഗാംഗുലിക്കാണെങ്കില്‍ സെലക്ടര്‍മാരോടുളള കണക്ക് തീര്‍ക്കണമെന്ന സമ്മര്‍ദ്ദമുണ്ട്. സെലക്ടര്‍മാരുടെ നോട്ടപ്പുളളിയാണ് താനെന്ന ചിന്ത ലക്ഷ്‌മണിലുണ്ട്. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ പതറുമെന്നതിനാല്‍ റിക്കി പോണ്ടിംഗിന്റെ തന്ത്രങ്ങളെ അതിജയിക്കുക എളുപ്പമുളള ജോലിയല്ല. ആദ്യം ബാറ്റ് ചെയ്യാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം തീര്‍ച്ചയായും ഓസ്‌ട്രേലിയക്കാര്‍ക്കുണ്ട്. അനില്‍ കുംബ്ലെയും ഹര്‍ഭജനും പരാജയമാവുകയും സഹീറും ഇശാന്തും വേഗതയില്‍ കൊയ്‌ത നേട്ടങ്ങളുൂം ഓസീസ് ക്യാമ്പിനെ ഉണര്‍ത്തിയിട്ടുണ്ട്. മിച്ചല്‍ ജോണ്‍സണായിരിക്കും ഇന്ന് ശ്രദ്ധിക്കേണ്ട ബൗളര്‍. ഹസിയാവാന്‍ ദ്രാവിഡിനും പോണ്ടിംഗാവാന്‍ സച്ചിനും കഴിയണം. അല്ലാത്തപക്ഷം പ്രശ്‌നം ഗുരുതരമാവും.
ഹസി-ദി വാള്‍
ബാംഗ്ലൂര്‍: മൈക് ഹസി സെഞ്ച്വറി സ്വന്തമാക്കിയ ടെസ്‌റ്റുകളില്ലെല്ലാം ഓസ്‌ട്രേലിയ ജയിച്ചിട്ടുണ്ട് എന്ന സത്യം ഇന്ത്യയെ തുറിച്ചു നോക്കുന്നു..... ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഹസി സ്വന്തമാക്കിയ സെഞ്ച്വറി കരുത്തില്‍ ഓസ്‌ട്രേലിയ ഒന്നാം ടെസ്‌റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ സമ്പാദിച്ചിരിക്കുന്നത് 430 റണ്‍സെന്ന കൂറ്റന്‍ സ്‌ക്കോര്‍. മഴ മൂലം നേരത്തെ അവസാനിച്ച രണ്ടാം ദിനത്തിന്റെ അവസാനം പരിഭ്രാന്തി പ്രകടിപ്പിക്കാതെ കളിച്ച് വിക്കറ്റ് നഷ്‌ടമില്ലാതെ 68 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. പൊട്ടി പൊളിയാന്‍ തുടങ്ങുന്ന പിച്ചില്‍ ഇന്നത്തെ ദിവസമാണ് നിര്‍ണ്ണായകം. ഇന്ത്യന്‍ പേസര്‍മാരായ സഹീര്‍ഖാനും ഇശാന്ത് ശര്‍മ്മക്കും ലഭിച്ച ആനുകൂല്യം ഓസീസ് സീമര്‍മാരായ ബ്രെട്ട് ലീക്കും മിച്ചല്‍ ജോണ്‍സണും സ്‌റ്റിയൂവര്‍ട്ട് ക്ലാര്‍ക്കിനും ലഭിച്ചാല്‍ ഇന്ത്യ വട്ടം കറങ്ങും.
അല്‍പ്പദിവസം മുമ്പാണ് ഉദ്യാനനഗരി സ്വന്തം പുത്രനായ രാഹുല്‍ ദ്രാവിഡിന് സ്വന്തമായി ഒരു മതിലുണ്ടാക്കി ആദരിച്ചത്. ടെസ്‌റ്റ് ക്രിക്കറ്റില്‍ ദ്രാവിഡ് പതിനായിരം റണ്‍സ് പിന്നിട്ടതിന്റെ ഓര്‍മ്മക്കായാണ് ഇഷ്‌ടിക കൊണ്ട് കൂറ്റന്‍ മതിലുണ്ടാക്കിയത്. എന്നാല്‍ ഇന്നലെ ചിന്നസ്വാമിയില്‍ ബാംഗ്ലൂര്‍കാര്‍ കണ്ടത് ഹസിയെന്ന ഓസ്‌ട്രേലിയക്കാരന്‍ പടുത്തുയര്‍ത്തിയ മതിലായിരുന്നു. ഓസ്‌ട്രേലിയന്‍ നിരയിലെ മതിലായി വിശേഷിപ്പിക്കപ്പെടുന്ന ഹസി 146 റണ്‍സുമായി ഏറ്റവും അവസാനം പുറത്താവുമ്പോള്‍ ലോക ചാമ്പ്യന്മാര്‍ ഏറെക്കുറെ ഭദ്രതയില്‍ എത്തിയിരുന്നു.
സ്‌പിന്നിനെ തുണക്കുമെന്ന് കരുതപ്പെട്ട ട്രാക്കില്‍ ഇന്ത്യന്‍ സ്‌പിന്‍ ജോഡികളായ ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും സമ്പൂര്‍ണ്ണ നിരാശ സമ്മാനിച്ചപ്പോള്‍ പേസര്‍മാരായ സഹീറും ഇശാന്തുമാണ് സന്ദര്‍ശകര്‍ക്ക് മുന്നില്‍ വില്ലന്മാരായത്. തകര്‍പ്പന്‍ പ്രകടനം നടത്തിയ സഹീര്‍ 91 റണ്‍സ് മാത്രം നല്‍കി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഇശാന്ത് 77 റണ്‍സിന് നാല് പേരെ പുറത്താക്കി. 43 ഓവറുകള്‍ പന്തെറിഞ്ഞ കുംബ്ലെക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. 41 ഓവറുകള്‍ ആക്രമണത്തിന് നിയോഗിക്കപ്പെട്ട ഹര്‍ഭജന്‌് പോണ്ടിംഗിന്റെ വിക്കറ്റില്‍ സംതൃപ്‌തനാവേണ്ടി വന്നു.
ഇന്നലെ നല്ല തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനെ ജേതാക്കളാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ഷെയിന്‍ വാട്ട്‌സണെ നാലാം ഓവറില്‍ തന്നെ ഇശാന്ത് ശര്‍മ്മ തിരിച്ചയച്ചപ്പോള്‍ കുംബ്ലെയും ആരാധകരും ഓസീസ് ഇന്നിംഗ്‌സിന് പെട്ടെന്ന് അന്ത്യാമാവുമെന്ന് കരുതി. പക്ഷേ ക്യാപ്‌റ്റനായ പോണ്ടിംഗ് ആദ്യ ദിവസം സ്വന്തമാക്കിയ സെഞ്ച്വറിയുടെ ആത്മവിശ്വാസത്തിലായിരുന്ന ഹസ്സി ക്ഷമയുടെ നെല്ലിപലകയായി മാറി. സമീപകാലത്തായി ചെറിയ സ്‌ക്കോറുകള്‍ക്ക് പുറത്തായതിന്റെ നിരാശ മറക്കാതെ ജാഗ്രതയോടെ കളിച്ച മധ്യനിരക്കാരന് വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാദ്ദിന്‍ നല്ല കൂട്ടാളിയായി. കഴിഞ്ഞ അഞ്ച് ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ ഒരു അര്‍ദ്ധശതകം പോലും സ്വന്തമാക്കാന്‍ കഴിയാത്ത നിരാശയില്‍ സ്വന്തം ബാറ്റിംഗ് ടെക്‌നിക്കില്‍ സജീവ ശ്രദ്ധ പുലര്‍ത്തിയാണ് ഹസി കളിച്ചത്. സെഞ്ച്വറിയിലേക്ക് നയിച്ച ഇശാന്തിന്റെ പന്തിലെ ഷോട്ട് മാറ്റിനിര്‍ത്തിയാല്‍ അപകടകരമായി അദ്ദേഹം കളിച്ചതേയില്ല. പന്തുകളെ ജഡ്‌ജ് ചെയ്യുന്നതിലായിരുന്നു ഹസ്സി വിജയിച്ചത്. സഹീറിന്റെ ഇന്‍സ്വിംഗറുകള്‍ക്ക് മുന്നില്‍ ക്ഷമയും കുംബ്ലെയുടെ ലെഗ് ബ്രേക്കുകള്‍ക്ക് മുന്നില്‍ ജാഗ്രതയും ഹര്‍ഭജന്റെ ഓഫ് സ്‌പിന്നിന് മുന്നില്‍ ആക്രമണവുമായിരുന്നു തന്ത്രം. 189 പന്തുകളില്‍ അദ്ദേഹം റണ്‍സ് നേടിയില്ല എന്നത് ക്ഷമയുടെ തെളിവായിരുന്നു. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ആലസ്യവും പലപ്പോഴും ഹസ്സിക്ക് തുണയായി. ഈ പരമ്പരയോടെ ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യന്‍ സംഘത്തിലെ ഫീല്‍ഡിംഗ് ആലസ്യക്കാരനായ സൗരവ് ഗാംഗുലിയുടെ കാലുകള്‍ക്കിടയിലൂടെയാണ് ഒരു തവണ ഹസി പന്തിനെ ബൗണ്ടറി കടത്തിയത്. ഹസിയുടെ പ്രതിരോധം മനസ്സിലാക്കി സിംഗിളുകളുമായാണ് ഹാദ്ദീന്‍ കളിച്ചത്. ഇത് വരെ ഒരു ടെസ്‌റ്റ് ഇന്നിംഗ്‌സില്‍ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കാന്‍ കഴിയാത്ത ഹാദ്ദിന്‍ ആ ലക്ഷ്യത്തിലേക്കാണ് കളിച്ചത്. പക്ഷേ 33 ല്‍ അദ്ദേഹം വീണു. ഇശാന്തിന്റെ ഓഫ് സ്‌പിന്‍ പോലെയുളള പന്തില്‍ ഹാദ്ദിന്‍ കബളിപ്പിക്കപ്പെട്ടു. ഇതേ തന്ത്രത്തില്‍ ഇശാന്ത് കാമറൂണ്‍ വൈറ്റിനെയും പെട്ടെന്ന് മടക്കി. ബ്രെട്ട് ലീ, ജോണ്‍സണ്‍ എന്നീ വാലറ്റക്കാരെ വീഴ്‌ത്താന്‍ സഹീറിന് എളുപ്പം കഴിഞ്ഞു.
ഓസ്‌ട്രേലിയ സ്വന്തമാക്കിയ കൂറ്റന്‍ സ്‌ക്കോര്‍ എളുപ്പം പിന്തുടരാനാണ് സേവാഗും ഗാംഭീറും തീരുമാനിച്ചത്. ഇരുവരും ആക്രമണ ക്രിക്കറ്റിന്റെ വക്താക്കളായി. പക്ഷേ ഇടക്ക് മഴയെത്തി. അതോടെ കളിയും നിര്‍ത്തി.
സ്‌ക്കോര്‍ കാര്‍ഡ്
ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്: മാത്യൂ ഹെയ്‌ഡന്‍-സി-ധോണി-ബി-സഹീര്‍-0, സൈമണ്‍ കാറ്റിച്ച്-സി-ധോണി-ബി-ഇശാന്ത്-66, റിക്കി പോണ്ടിംഗ്‌്-എല്‍.ബി.ഡബ്ല്യു-ബി-ഹര്‍ഭജന്‍-123, മൈക്ക് ഹസ്സി-ബി-സഹീര്‍-146, മൈക്കല്‍ ക്ലാര്‍ക്ക്-എല്‍.ബി.ഡബ്ല്യൂ-ബി-സഹീര്‍-11, ഷെയിന്‍ വാട്ട്‌സണ്‍-ബി-ഇശാന്ത്-2, ബ്രാഡ് ഹാദ്ദീന്‍-സി-ലക്ഷ്‌മണ്‍-ബി-ഇശാന്ത്-33, കാമറൂണ്‍ വൈറ്റ്-സി-ഹര്‍ഭജന്‍-ബി-ഇശാന്ത്-6, ബ്രെട്ട് ലീ-ബി-സഹീര്‍-27, മിച്ചല്‍ ജോണ്‍സണ്‍-ബി-സഹീര്‍-1, സ്‌റ്റിയൂവര്‍ട്ട് ക്ലാര്‍ക്ക്-നോട്ടൗട്ട്-0, എക്‌സ്‌ട്രാസ് 15, ആകെ 149.5 ഓവറില്‍ 430. വിക്കറ്റ് വീഴ്‌്‌ച്ച: 1-0 (ഹെയ്‌ഡന്‍), 2-166 (കാറ്റിച്ച്), 3-226 (പോണ്ടിംഗ്), 4-254 (മൈക്കല്‍ ക്ലാര്‍ക്ക്), 5-259 (വാട്ട്‌സണ്‍), 6-350 (ഹാദ്ദീന്‍), 7-362 (വൈറ്റ്), 8-421 (ലീ), 9-429 (മിച്ചല്‍ ജോണ്‍സണ്‍), 10-430 (ഹസ്സി). ബൗളിംഗ്: സഹീര്‍ 29.5-4-91-5, ഇശാന്ത് 30-7-77-4, ഹര്‍ഭജന്‍ 41-8-103-1, കുംബ്ലെ 43-6-129-0, സേവാഗ് 6-0-19-0.
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്: ഗൗതം ഗാംഭീര്‍-നോട്ടൗട്ട്-20, സേവാഗ് -നോട്ടൗട്ട്-43, എക്‌സ്‌ട്രാസ്‌് 5, ആകെ 18.1 ഓവറില്‍ വിക്കറ്റ് പോവാതെ 68. ബൗളിംഗ്: ബ്രെട്ട് ലീ 5-1-12-0, ക്ലാര്‍ക്ക് 7-1-28-0, മിച്ചല്‍ ജോണ്‍സണ്‍ 4.1-0-23-0, വാട്ട്‌സണ്‍ 2-1-1-0
സച്ചിന്‍
ബാംഗ്ലൂര്‍: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്ന് സച്ചിന്റെ ദിവസമായിരിക്കുമോ...? ബ്രയന്‍ ചാള്‍
സ് ലാറ എന്ന കരിബീയന്‍ ഇതിഹാസത്തിന്റെ പേരിലുളള ടെസ്‌റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍ വേട്ടക്കാരന്‍ എന്ന ബഹുമതി സ്വന്തമാക്കാന്‍ സച്ചിന് 77 റണ്‍സ് കൂടി മതി. ഒന്നാം ടെസ്‌റ്റില്‍ ഇന്ത്യ ബാറ്റിംഗ് തുടങ്ങിയതിനാല്‍ ഒക്ടോബര്‍ പതിനൊന്നിലെ ശനി ചിലപ്പോള്‍ ലോക ക്രിക്കറ്റിലെ റെക്കോര്‍ഡ് ദിനമായിരിക്കും. ഇന്ത്യന്‍ ഓപ്പണര്‍മാരായ വിരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും അനായാസം ബാറ്റ് ചെയ്‌ത സാഹചര്യത്തില്‍ സമ്മര്‍ദ്ദമില്ലാതെ സച്ചിന് കളിക്കാനാവും.
കോഴിക്കോട്
ഇനി ബ്ലാക് ലിസ്‌റ്റില്‍
കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോളില്‍ ഗോവക്കാര്‍ക്കും കൊല്‍ക്കത്തക്കാര്‍ക്കും മുംബൈകാര്‍ക്കുമെല്ലാം പ്രിയപ്പെട്ട വേദിയായിരുന്നു കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം. 2005 ല്‍ രാജ്യത്തെ മികച്ച സോക്കര്‍ വേദിയായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തെരഞ്ഞെടുക്കുകയും ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌ത വേദിയുടെ സല്‍പ്പേരും ഖ്യാതിയുമെല്ലാം നഷ്‌ടമാവുകയാണ്.... കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം ഇനി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ബ്ലാക് ലിസ്റ്റിലാണ്. ഇവിടെ ഇനി മുതല്‍ വലിയ മല്‍സരങ്ങള്‍ അനുവദിക്കേണ്ടതില്ലെന്നാണ് പ്രിയരഞ്‌ജന്‍ ദാസ് മുന്‍ഷി നേതൃത്തം നല്‍കുന്ന ഫെഡറേഷന്റെയും ഫെഡറേഷന്‍ അച്ചടക്കസമിതിയുടെയും തീരുമാനം.
കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് എം.ഇ.ബി ബാലഗോപാലക്കുറുപ്പ് വിവ കേരളയുടെ ഐ ലീഗ് ഹോം മല്‍സരങ്ങളുടെ സമയത്ത് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് നല്‍
കിയ പരാതിയാണ് കോഴിക്കോടിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയിരിക്കുന്നത്. ഐ ലീഗ് മാച്ച് കമ്മീഷണറായ ഗോവക്കാരന്‍ ആന്റണി ഡിക്കോസ്‌റ്റക്കെതിരെ ഒരു മല്‍സരത്തിന്റെ ജഴ്‌സി സംബന്ധിച്ച് നല്‍കിയ പരാതിക്ക് തെളിവായി സ്വകാര്യ ചാനല്‍ ദ്യശ്യങ്ങളുടെ സീ.ഡി കോപ്പി തെളിവായി നല്‍കിയിരുന്നു. ഐ ലീഗ് മല്‍സരങ്ങളുടെ സംപ്രേക്ഷണാവകാശം സീ സ്‌പോര്‍ട്‌സിന് മാത്രമായതിനാല്‍ സ്വകാര്യ ചാനലുകാര്‍ മല്‍സരം പകര്‍ത്തിയതിനുളള തെളിവായി ഈ സീ ഡി മാറുകയും അച്ചടക്കസമിതിക്ക് കോഴിക്കോടിനെ ബ്ലാക് ലിസ്‌റ്റില്‍ ഉള്‍പ്പെടുത്താന്‍ ഇത് ധാരാളമാവുകയും ചെയ്‌തിരിക്കയാണ്. കോഴിക്കോട്ട് നടന്ന ഐ ലീഗ് മല്‍സരങ്ങള്‍ വാര്‍ത്താ ചാനലുകള്‍ പകര്‍ത്തിയതില്‍ സി സ്‌പോര്‍ട്‌സ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിക്കാണ് കേരളത്തിലെ ഉന്നത സോക്കര്‍ സംഘാടകന്റെ സി.ഡി വലിയ തെളിവായി മാറിയിരിക്കുന്നത്. സംഭവത്തില്‍ കോഴിക്കോടിന് മൂന്ന് ലക്ഷം രൂപയുടെ പിഴയാണ് അച്ചടക്കസമിതി ചുമത്തിയിരിക്കുന്നത്. ഈ പിഴ കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ അടക്കണമെന്നാണ് ചട്ടം. എന്നാല്‍ കെ.എഫ്.എ പിഴ അടക്കാന്‍ തയ്യാറല്ല. അവര്‍ പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചുള്ള അച്ചടക്കസമിതി കത്ത്‌് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന് കൈമാറിയിരിക്കയാണ്. ഐ ലീഗ് നടത്തി വന്‍ നഷ്‌ടത്തില്‍ വീണിരിക്കുന്ന ജില്ലാ അസോസിയേഷന് പിഴ അടക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ജില്ലാ അസോസിയേഷന് തന്നെ വിലക്ക് വരാനും സാധ്യതകളുണ്ട്.
മണ്ണില്‍ മുഹമ്മദ് പ്രസിഡണ്ടായ പുതിയ ജില്ലാ ഭരണസമിതി ചുമതലയേറ്റത് മുതല്‍ പ്രശ്‌നങ്ങളുടെ നൂലാമാലയാണ്. കെ.എഫ്.എ ഭാരവാഹിയും ജില്ലാ സെക്രട്ടറിയും തമ്മിലുളള ശീതസമരത്തില്‍ സെക്രട്ടറിക്ക് രാജി നല്‍കേണ്ടി വന്നു. ജില്ലാ കാര്യങ്ങളില്‍ അമിതമായി ചിലര്‍ നടത്തുന്ന ഇടപെടലുകളില്‍ പ്രവര്‍ത്തനങ്ങളെല്ലാം മന്ദീഭവിച് കിടക്കവെയാണ് പുതിയ തലവേദനയായി പിഴയും പ്രശ്‌നങ്ങളും വന്നിരിക്കുന്നത്.
സ്റ്റേഡിയത്തില്‍ ഫ്‌ളഡ്‌ലിറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞ് കോര്‍പ്പറേഷന്‍ ഭരണക്കൂടം ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. 2008 ഒക്ടോബറില്‍ സ്‌റ്റേഡിയത്തില്‍ വിളക്ക് തെളിയുമെന്നായിരുന്നു മേയറുടെ അവസാന പ്രഖ്യാപനം. പക്ഷേ ഫ്‌ളഡ്‌ലിറ്റ് നിര്‍മ്മാണം തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ്. 2009 ഒക്ടോബറിലും ഈ നിലയില്‍ സ്‌റ്റേഡിയത്തില്‍ വിളക്ക് തെളിയില്ല. കളിവിളക്കുകള്‍ തെളിഞ്ഞാല്‍ കോഴിക്കോട് രാജ്യാന്തര ഫുട്‌ബോള്‍ നടത്തുമെന്ന് പറഞ്ഞ ജില്ലാ പ്രസിഡണ്ട് ഇപ്പോഴും വിദേശത്താണ്. കാര്യങ്ങളുടെ ഗതിയില്ലാ കിടപ്പില്‍ വിലക്കുമായാല്‍ കോഴിക്കോട്ടെ സോക്കര്‍ ദുരന്തം സമ്പൂര്‍ണ്ണമാവും.
ഇന്നത്തെ മല്‍സരങ്ങള്‍
ലാറ്റിനമേരിക്ക: ബൊളിവിയ-പെറു, അര്‍ജന്റീന-ഉറുഗ്വേ, കൊളംബിയ-പരാഗ്വേ,
ആഫ്രിക്ക: കാമറൂണ്‍-മൗറീഷ്യസ്, ടാന്‍സാനിയ-കേപ് വര്‍ഡെ, നമിബിയ-സിംബാബ്‌വെ, നൈജീരിയ-സിയറാ ലിയോണ്‍, ഗുനിയ-ദക്ഷിണാഫ്രിക്ക
യൂറോപ്പ്: ഫിന്‍ലാന്‍ഡ്-അസര്‍ ബെയ്‌ജാന്‍, വെയില്‍സ്-ലൈഞ്ചസ്‌റ്റിന്‍, സ്വിറ്റ്‌്‌സര്‍ലാന്‍ഡ്-ലാത്വിയ, ഹംഗറി-അല്‍ബേനിയ, ഡെന്മാര്‍ക്ക്-മാള്‍ട്ട, സ്വീഡന്‍-പോര്‍ച്ചുഗല്‍, ലക്‌സംബര്‍ഗ്ഗ്-ഇസ്രാഈല്‍, സാന്‍മറീനോ-സ്ലോവാക്യ, പോളണ്ട്-ചെക് റിപ്പബ്ലിക്, സ്ലോവേനിയ-ഉത്തര അയര്‍ലാന്‍ഡ്, ജര്‍മനി-റഷ്യ, ഗ്രീസ്-മോള്‍ദോവ, ഓസ്‌ട്രിയ-ഫറോ ഐലന്‍ഡ്‌സ്, ഇംഗ്ലണ്ട്-കസാക്കിസ്ഥാന്‍, സെര്‍ബിയ-ലിത്വാനിയ, തുര്‍ക്കി-ബോസ്‌നിയ, റുമേനിയ-ഫ്രാന്‍സ്,
കോണ്‍കാകാഫ്: സുരിനാം-കോസ്‌റ്റാറിക്ക, ഹെയ്‌തി-എല്‍സാവഡോര്‍, ജമൈക്ക-മെക്‌സിക്കോ, അമേരിക്ക-ക്യൂബ, ഹോണ്ടുറാസ്-കാനഡ, ഗ്വാട്ടിമല-ട്രിനിഡാഡ്.
ലോകം ഇന്ന് ഫുട്‌ബോളില്‍
ലണ്ടന്‍: 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിനുളള ടിക്കറ്റ് ഉറപ്പിക്കാനുളള പോരാട്ടങ്ങളുടെ തുടര്‍ച്ചയിലാണ് ഇന്ന് ലോകം. യൂറോപ്പിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും കോണ്‍കാകാഫിലുമായി മുപ്പതോളം മല്‍സരങ്ങളാണ് ഇന്ന് നടക്കുന്നത്. യൂറോപ്പില്‍ കരുത്തരെല്ലാം പന്ത് തട്ടുന്നു. പോരാട്ടങ്ങളില്‍ പ്രമുഖം ഫ്രാന്‍സും റുമേനിയയും തമ്മിലുളളതും ഇംഗ്ലണ്ടും കസാക്കിസ്‌ഥാനും തമ്മിലുളളതുമാണ്. ലാറ്റിനമേരിക്കയില്‍ ഇന്ന് അര്‍ജന്റീന മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വേയുമായി കളിക്കുന്നുണ്ട്. അഞ്ച് വട്ടം ലോകകപ്പ് ഉയര്‍ത്തിയ ബ്രസീല്‍ നാളെ ഇറങ്ങുന്നു. ആഫ്രിക്കയില്‍ കാമറൂണും നൈജിരിയയുമെല്ലാം കളിക്കുന്നുണ്ട്. കോണ്‍കാകാഫില്‍ അമേരിക്കയും കോസ്‌റ്റാറിക്കയും കളിക്കുന്നു.
യൂറോപ്പ്: ഒമ്പത് ഗ്രൂപ്പുകളിലായി യൂറോപ്പില്‍ നടക്കുന്ന മല്‍സരങ്ങളില്‍ പ്രമുഖ ടീമുകള്‍ക്ക് ഇത് വരെ സ്വതസിദ്ധമായ ശൈലിയില്‍ കരുത്തോടെ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. യോഗ്യതാ ഘട്ടത്തിന്റെ തുടക്കം മാത്രമായതിനാല്‍ പല ടീമുകള്‍ക്കും പ്രതീക്ഷ സജീവമായുണ്ട്. ഗ്രൂപ്പ് ഒന്നില്‍ പോര്‍ച്ചുഗലും ഡെന്മാര്‍ക്കും സ്വീഡനുമെല്ലാം കളിക്കുമ്പോള്‍ തന്നെ അധികമാരുമറിയാത്ത അല്‍ബേനിയയാണ് മുന്നില്‍. ഗ്രൂപ്പ് രണ്ടില്‍ മുന്‍ വന്‍കരാ ചാമ്പ്യന്മാരായ ഗ്രീസ് കളിച്ച രണ്ട് മല്‍സരങ്ങളിലും വിജയം വരിച്ചിട്ടുണ്ട്. ഗ്രൂപ്പ് മൂന്നില്‍ പോളണ്ട് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ചെക്കുകാര്‍ പിറകിലാണ്. നാലില്‍ ജര്‍മനിയും റഷ്യയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്ലെങ്കില്‍ സ്‌പെയിനും തുര്‍ക്കിയും പ്രഭാവം നിലനിര്‍ത്തി ഗ്രൂപ്പ് അഞ്ചില്‍ പ്രതീക്ഷ കാക്കുന്നു. ആറില്‍ ഇംഗ്ലണ്ടും ഉക്രൈനും ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ നിലവിലെ ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ഫ്രാന്‍സ് ഗ്രൂപ്പ് ഏഴില്‍ നാലാം സ്ഥാനത്താണ്. എട്ടിലെ ഒന്നാം സ്ഥാനക്കാര്‍ ലോക ചാമ്പ്യന്മാരായ ഇറ്റലിയാണ്. ഒമ്പതില്‍ ഡച്ചുകാരാണ് മുന്നില്‍.
ലാറ്റിനമേരിക്ക: എട്ട് മല്‍സരങ്ങളാണ് ലാറ്റിനമേരിക്കയില്‍ നടന്നത്. പരാഗ്വേ 17 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. ബ്രസീല്‍, അര്‍ജന്റീന, ചിലി എന്നിവര്‍ക്ക് 13 പോയന്റ്‌് വീതമുണ്ട്.
കോണ്‍കാകാഫ്: മൂന്ന് ഗ്രൂപ്പുകളിലായാണ് ഉത്തര-മധ്യ അമേരിക്കയില്‍ മല്‍സരങ്ങള്‍ നടക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ അമേരിക്കയും രണ്ടില്‍ മെക്‌സിക്കോയും മൂന്നില്‍ കോസ്‌റ്റാറിക്കയുമാണ് മുന്നില്‍.
ആഫ്രിക്ക: പന്ത്രണ്ട് ഗ്രൂപ്പുകളിലായാണ് ആതിഥേയ വന്‍കരയില്‍ മല്‍സരങ്ങള്‍ നടക്കുന്നത്. ഒന്നില്‍ കാമറൂണും രണ്ടില്‍ കെനിയയും മൂന്നില്‍ ബെനിനും നാലില്‍ നൈജീരിയയും അഞ്ചില്‍ ലിബിയയും ആറില്‍ അള്‍ജീരിയയും ഏഴില്‍ ഐവറി കോസ്‌റ്റും എട്ടില്‍ റുവാന്‍ഡയും ഒമ്പതില്‍ ബുര്‍കിനോ ഫാസോയും പത്തില്‍ മാലിയും പതിനൊന്നില്‍ സാംബിയയും പന്ത്രണ്ടില്‍ ഈജിപ്‌തുമാണ് മുന്നില്‍.
ഏഷ്യ: ഏഷ്യയില്‍ ഇന്ന് മല്‍സരങ്ങളില്ല. 13 നാണ് അടുത്ത മല്‍സരങ്ങള്‍. രണ്ട് ഗ്രൂപ്പുകളിലായാണ് ഇവിടെ മല്‍സരങ്ങള്‍. ഒന്നാം ഗ്രൂപ്പില്‍ ഖത്തര്‍, ജപ്പാന്‍ എന്നിവരും രണ്ടാം ഗ്രൂപ്പില്‍ ഉത്തര കൊറിയയും സൗദി അറേബ്യയുമാണ് മുന്നില്‍.
എറണാകുളവും വയനാടും ജേതാക്കള്‍
കൊണ്ടോട്ടി: സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാടും ജേതാക്കളായി. എറണാകുളം തിരുവനന്തപുരത്തെയും (സ്‌ക്കോര്‍ 25-18, 21-25, 25-17, 25-18) വയനാട് കോഴിക്കോടിനെയും (25-11,25-17, 25-11) പരാജയപ്പെടുത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിനെ തോല്‍പ്പിച്ച് തൃശൂരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരിനെ പരാജയപ്പെടുത്തി എറണാകുളവും മൂന്നാംസ്ഥാനം നേടി.
ഇ.എം.ഇ.എ കോളജ് മൈതാനത്ത് നടന്ന ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്ക് മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ട്രോഫികള്‍ വിതരണം ചെയ്‌തു. കെ.ടി അബ്ദുറഹിമാന്‍, പി.ബി ശിവന്‍, പോള്‍ ടി ജോണ്‍ ,ഡോ.സക്കീര്‍ ഹുസൈന്‍, ടി.എം ശിഹാബ് സംസാരിച്ചു. കോളജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.എം അബ്ദുള്‍ ഹമീദ് അദ്ധ്യക്ഷനായിരുന്നു.
യൂത്ത് ചെസ് തുടങ്ങി
പെരിന്തല്‍മണ്ണ: സംസ്ഥാന യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് പെരിന്തല്‍മണ്ണയില്‍ ആരംഭിച്ചു. നഗരസഭാ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ നിമ്മി ജോര്‍ജജ്, അജ്‌മല്‍, അദില്‍ കൃഷ്‌ണ, അപര്‍ണ എന്നിവരാണ് മുന്നില്‍.
No comments:
Post a Comment