ആസുത്രണം ആരുടെ ജോലി
കേണല്‍ ഗോദവര്‍മരാജ എന്ന ജി.വി രാജയുടെ ജന്മദിനമായ ഒക്ടോബര്‍ 13 സംസ്ഥാനത്ത് കായികദിനമായി ആഘോഷിക്കാനുളള സര്‍ക്കാരിന്റെ തീരുമാനത്തിന് നൂറില്‍ നൂറ് മാര്‍ക്ക്. ജി.വി രാജയുടെ പേരില്‍ നല്‍കുന്ന അവാര്‍ഡുകള്‍ മാത്രമായിരുന്നല്ലോ ഇത് വരെ ആ കായിക ദാര്‍ശനികനെ ഓര്‍മിക്കാനുളള ഏക പരിപാടി. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് രൂപം നല്‍കിയ രാജയാണ് കായികഭരണത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഭരണക്കൂടങ്ങളെ ബോധിപ്പിച്ചത്. വളരെ വളരെ വൈകിയാണെങ്കിലും അദ്ദേഹത്തെ ആദരിക്കാനുളള തീരുമാനമെടുത്ത സ്‌പോര്‍ട്‌്‌സ് മന്ത്രി എം.വിജയകുമാര്‍ പക്ഷേ ഒരു പാതകം ചെയ്‌തു. സ്‌പോര്‍ട്‌സ് ദിനാഘോഷത്തിന്റെ ഉദ്‌ഘാടന ചടങ്ങില്‍ സംസാരിക്കവെ കേരളം കായികമായി പിറകോട്ട് പോവാന്‍ കാരണം ആസുത്രണമില്ലായ്‌മയാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി പറഞ്ഞത് പകല്‍ പോലെയുളള സത്യമാണ്. പക്ഷേ ആരാണ് കായികാസുത്രണം നടത്തേണ്ടത്. മന്ത്രി തന്നെ നേതൃത്ത്വം നല്‍കുന്ന കായിക വകുപ്പും സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും വിവിധ കായിക അസോസിയേഷനുകളുമല്ലേ....?
ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന പത്രപ്രവര്‍ത്തകരില്‍ തലമുതിര്‍ന്ന വ്യക്തിയും എഴുപതോളം വര്‍ഷമായി മാധ്യമ പ്രവര്‍ത്തനരംഗത്ത് സജീവസാന്നിദ്ധ്യവുമായ എം.വി കാമത്തുമായി വിശദമായി സംസാരിക്കാന്‍ ഇന്നലെ അവസരം ലഭിച്ചിരുന്നു. 1947 ഓഗസ്‌റ്റ് പതിനാലിന് അര്‍ദ്ധരാത്രി വെളളക്കാര്‍ ഇന്ത്യ വിടുന്ന അവിസ്‌മരണീയ ചരിത്ര മുഹൂര്‍ത്തം റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരമുണ്ടായ, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗുമായി രണ്ട് മണിക്കൂറിലധികം സംസാരിച്ച, ലോകത്തെ നൂറ് കണക്കിന് ഭരണത്തലവന്മാരെ അഭിമുഖം നടത്തിയ കാമത്ത് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായി പറഞ്ഞത് നമ്മുടെ കായിക മന്ത്രി പറഞ്ഞ ആസുത്രണമില്ലായ്‌മ തന്നെയാണ്. വാര്‍ത്താ ലോകത്ത് എല്ലാം ബ്രേക്കിംഗ് വാര്‍ത്തകളാവുന്നു. വാര്‍ത്തകള്‍ക്ക് പിറകെ പോവാനും വാര്‍ത്തകളിലെ സത്യസന്ധതയെ പഠിക്കാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമയമില്ല എന്ന് അദ്ദേഹം പറഞ്ഞത് പോലെ നമ്മുടെ കായിക ഭരണാധികാരികള്‍ക്ക് കായിക സംഭവങ്ങളെല്ലാം ബ്രേക്കിംഗ് വാര്‍ത്തകള്‍ മാത്രമാവുകയാണ്.
ബെയ്‌ജിംഗ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഷൂട്ടര്‍ അഭിനവ് ബിന്ദ്ര സ്വര്‍ണ്ണം സ്വന്തമാക്കിയ ദിവസം മന്ത്രി വിജയകുമാര്‍ തന്നെ തിരുവനന്തപുരത്ത് അടിയന്തിര വാര്‍ത്താസമ്മേളനം വിളിച്ച് തൊടുപുഴയില്‍ ഷൂട്ടിംഗ് അക്കാദമി ആരംഭിക്കുമെന്ന് വ്യക്തമാക്കി. ബിന്ദ്ര സ്വര്‍ണ്മം നേടിയപ്പോള്‍, അതും ഒളിംപിക്‌സില്‍ ഒരു ഇന്ത്യക്കാരന്റെ ആദ്യ വ്യക്തിഗത സ്വര്‍ണ്ണമായപ്പോള്‍ ആ നേട്ടത്തിന് ലഭിച്ച വാര്‍ത്താ പ്രാധാന്യത്തില്‍ മന്ത്രിയിലെ രാഷ്ട്രീയക്കാരന്‍ ഉണരുകയായിരുന്നു. അടിയന്തിരമായി എന്തെങ്കിലും ചെയ്‌താല്‍ വാര്‍ത്തയില്‍ നിറയാം എന്ന സത്യത്തില്‍ നിന്നുമായിരുന്നു ആ വാര്‍ത്താ സമ്മേളനം. ബ്രേക്കിംഗ് ന്യൂസ് പോലെ തൊടുപുഴയിലെ അക്കാദമി വാര്‍ത്തകളിലെത്തി. പിന്നെ അതിനെപ്പറ്റി ഒന്നും മന്ത്രി പറഞ്ഞില്ല, ആരും അന്വേഷിച്ചതുമില്ല.
ജസ്‌പാല്‍ റാണയെയും മന്‍ഷേര്‍ സിംഗിനെയും അഭിനവ് ബിന്ദ്രയെയും അഞ്‌ജലി ഭാഗവതിനെയുമെല്ലാം ഉന്നം പഠിപ്പിച്ചയാള്‍ മലയാളിയായ സണ്ണി ജോസഫാണ്. അദ്ദേഹത്തെ ഒന്നാദരിക്കന്‍ കേരളക്കര ഭരിച്ചവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. സണ്ണിയെ ദ്രോണാചാര്യയാക്കിയതും ഇന്ത്യന്‍ ഷൂട്ടിംഗിലെ തലതൊട്ടപ്പനാക്കിയതും ഉത്തരേന്ത്യക്കാരായ സംഘാടകരും താരങ്ങളുമാണ്. നമുക്ക് അതില്‍ ഒരു പങ്കുമില്ല. ഏഷ്യന്‍ ഗെയിംസോ, ഒളിംപിക്‌്‌സോ, കോമണ്‍വെല്‍ത്ത്‌് ഗെയിംസോ നടക്കുമ്പോള്‍ മാധ്യമങ്ങളില്‍ മാത്രം നിറയുന്ന പ്രതിഭാസമാണ് നമുക് സണ്ണി ജോസഫ്. മന്ത്രി പറഞ്ഞ ആസുത്രണമില്ലായ്‌മയുടെ ഒന്നാം നമ്പര്‍ തെളിവാണ് സണ്ണി. ഉന്നതനായ ഒരു പരിശീലകന്‍ സ്വന്തം നാട്ടില്‍ നില്‍ക്കവെ ഒരു അക്കാദമിയെക്കുറിച്ച് പ്രഖ്യാപനം നടത്താന്‍ ബിന്ദ്രയുടെ സ്വര്‍ണ്ണം വേണ്ടിവന്നു.
അദ്ദേഹത്തെ ഉപയോഗപ്പെടുത്താന്‍ നമ്മുടെ കായിക ഭരണാധികാരികള്‍ക്ക് സമയമില്ല. കാമത്ത് പറഞ്ഞത് പോലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടും സെക്രട്ടറിയുമെല്ലാം ബ്രേക്കിംഗ് വാര്‍ത്തകളുടെ മാത്രം വക്താക്കളാണ്. ബെയ്‌ജിംഗില്‍ ഒളിംപിക്‌സ് നടന്നപ്പോള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികളായി മൂന്ന് പേര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ചൈനയിലേക്ക് പോയി. (മന്ത്രി വിജയകുമാര്‍ പോവാതിരുന്നത് ഭാഗ്യമായി. നന്ദി കേന്ദ്രസര്‍ക്കാരിന്) ഈ മൂന്ന് പേരെയും കേരളക്കരയില്‍ നിന്ന് ഒളിംപിക്‌്‌സ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകര്‍ പോലും ബെയ്‌ജിംഗില്‍ കണ്ടില്ല ഒരു ദിവസം മാത്രമാണത്രെ ഇവര്‍ ഒളിംപിക്‌സ് മല്‍സരങ്ങള്‍ കാണാനുണ്ടായിരുന്നത്. മല്‍സരങ്ങള്‍ കാണാനല്ല, ചൈനയിലെ കായികസൗകര്യങ്ങള്‍ നിരീക്ഷിക്കാനും ആ സൗകര്യങ്ങള്‍ ഇവിടെ നടപ്പിലാക്കാനുമാണ് പോവുന്നതെന്ന് സ്‌പോര്‍ട്‌്‌്‌സ് കൗണ്‍സിലിന്റെ മഹാനായ പ്രസിഡണ്ട് ടി.പി ദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ചൈനയില്‍ നിറയെ സ്‌പോര്‍ട്‌സ് സ്‌ക്കൂളുകളാണ്. സ്‌പോര്‍ട്‌സ് അക്കാദമികളും ധാരാളം. പക്ഷേ നമ്മുടെ പ്രതിനിധികള്‍ ഒരു സ്‌ക്കൂളിലോ അക്കാദമിയിലോ എത്തിയില്ല. അക്കാദമികളില്‍ എത്തണമെങ്കില്‍ ആ വഴികളിലൂടെ സഞ്ചരിക്കണം. നമ്മുടെ സ്‌പോര്‍ട്‌സ് സ്‌ക്കൂളില്‍ ഓടിക്കയറുന്നത് പോലെ എളുപ്പം നടക്കില്ല. ആദ്യം അധികാരികളില്‍ നിന്ന് അനുമതി തേടണം. അക്കാദമികള്‍ നിരീക്ഷിക്കാന്‍ മാത്രം യോഗ്യരാണ് ഇവരെന്ന് തെളിയിക്കണം. നമ്മുടെ ദാസനും തങ്കപ്പനും നാടുകാണാനുളള യോഗ്യതയുണ്ടായിരുന്നു. അവരത് ഭംഗിയായി നിര്‍വഹിച്ചു. അവര്‍ സിംഗപ്പൂരിലും തായ്‌ലാന്‍ഡിലുമെല്ലാം ഷോപ്പിംഗിലായിരുന്നു. ബെയ്‌ജിംഗിലേക്ക് പോവാനും കാര്യങ്ങള്‍ പഠിക്കാനും യോഗ്യതയുളളവരായി പി.ടി ഉഷയെ പോലുളളവര്‍ ഇവിടെയുണ്ടായിരുന്നു. നാളെയുടെ കായിക ഇന്ത്യയുടെ അഭിമാനമായി വളരാന്‍ പോവുന്ന ഉഷ സ്‌്‌ക്കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ നടപ്പിലാക്കേണ്ട അത്യാധുനിക സൗകര്യങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനും ഉഷക്ക് താല്‍പ്പര്യമുണ്ടായിരുന്നു. പക്ഷേ ദാസനും സംഘവുമെല്ലാം സ്വയാസുത്രണത്തിന്റെ വക്താക്കളായി ഷോപ്പിംഗ് നടത്തി. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ പ്രതിനിധികളായി നൂറോളം പേര്‍ ബെയ്‌ജിംഗിലുണ്ടായിരുന്നു. ആ നൂറംഗ സംഘത്തില്‍ പോലും ഉഷയെ പോലുളളവര്‍ക്ക് ബെര്‍ത്ത് ലഭിച്ചില്ല. സുരേഷ് കല്‍മാഡി തനക്കിഷ്ടപ്പെട്ടവരെ തിരുകിക്കയറ്റി, ബെയ്‌ജിംഗിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ദിവസങ്ങളോളം വാടകകെടുത്ത് രാജകീയമായി വാണു. ഔദ്യോഗിക ബ്രോഡ്‌കാസ്‌റ്ററായ ദുരദര്‍ശനിലൂടെ ബെയ്‌ജിംഗില്‍ നിന്ന്‌് കല്‍മാഡിയും രണ്‍ധീര്‍ സിംഗും ലളിത് ഭാനോട്ടും വീരാസാഹസികങ്ങള്‍ ദിനേന വിവരിച്ചപ്പോള്‍ എല്ലാം ദൂരദര്‍ശനിലായത് കൊണ്ട്‌് പാവം ജനതക്ക് കേള്‍്‌ക്കേണ്ടി വന്നില്ല. (ഇവിടെ ആസുത്രണമുണ്ടായിരുന്നു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ തലവനായ പ്രിയരഞ്‌ജന്‍ ദാസ് മുന്‍ഷി വാര്‍ത്താവിതരണ മന്ത്രി. വാര്‍ത്താ വിനിമയ വകുപ്പിന്റെതാണല്ലോ പ്രസാര്‍ ഭാരതി. കോണ്‍ഗ്രസ്സുകാരായ മുന്‍ഷിയും കല്‍മാഡിയും പരസ്‌പരാസുത്രണം ഭംഗിയായി നടപ്പിലാക്കി. ഇപ്പോള്‍ പൂനെയില്‍ നടക്കുന്ന യൂത്ത് ഗെയിംസിലെ കാഴ്‌ച്ചകള്‍ പോലെ)
വിജയകുമാര്‍ മന്ത്രിയായത് മുതല്‍ പ്രസ്‌താവനകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും കുറവില്ല. മലപ്പുറത്തെ അരീക്കോട്ട്‌് ഫുട്‌ബോള്‍ അക്കാദമി, കോഴിക്കോട്ട്‌്‌് ക്രിക്കറ്റ് അക്കാദമി തുടങ്ങി അദ്ദേഹം അക്കാദമികളുടെ സ്വന്തം വക്താവായിരുന്നു. പക്ഷേ ഫുട്‌ബോള്‍ അക്കാദമിയും ക്രിക്കറ്റ് അക്കാദമിയും ഇന്നും കടലാസില്‍ തന്നെ.( ഇവിടെ നമ്മുടെ കേരളാ ക്രിക്കറ്റ് അസോസിയേഷനെ ഭരിക്കുന്ന ടി.സി മാത്യൂവിനെ സമ്മതിക്കണം. ലക്ഷങ്ങള്‍ അദ്ദേഹത്തിന്റെ പോക്കറ്റിലേക്ക് മറിഞ്ഞെങ്കിലും സമീപഭാവിയില്‍ തന്നെ അല്‍പ്പം ക്രിക്കറ്റ് മൈതാനങ്ങള്‍ നമുക്ക് സ്വന്തമാവും. ക്രിക്കറ്റ് കള്ളക്കളിയിലെ വാളയാര്‍ സത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത മാധ്യമ പ്രവര്‍ത്തകരെ കൊല വിളിച്ച് പത്രസമ്മേളനം നടത്തിയ മാത്യു അടുത്ത ദിവസം തന്നെ മാപ്പ്‌് പ്രസ്‌താവനയുമായി രംഗത്ത് വന്ന് ആസുത്രണ ബോധവും തെളിയിച്ചിരുന്നു) മന്ത്രിയടെ പാര്‍ട്ടി ഭരിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന് സ്വന്തമായി ഒരു സ്‌റ്റേഡിയമുണ്ട്. അതിന്റെ ഇന്നത്തെ അവസ്ഥയെന്താണ്....? ഫ്‌ളഡ്‌ലിറ്റ്‌് സൗകര്യങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞ് സ്‌റ്റേഡിയത്തിന്റെ മുറ്റത്ത് രണ്ട് ഇരുമ്പ്‌ദണ്ഡ് നാട്ടിയിട്ട് മാസങ്ങളായി. അതങ്ങനെ തന്നെ കിടക്കുന്നു. ( ഫ്‌ള്‌ഡലിറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം നടന്നത് സ്‌റ്റേഡിയം പരിസരത്തായിരുന്നു. കോര്‍പ്പറേഷനിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും ചടങ്ങിന്‌് സാക്ഷി. അവര്‍ക്കെല്ലാം ചുവന്ന നിറത്തിലുളള ലഡു ലഭിച്ചിരുന്നു. അത് തന്നെ ലാഭം). തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയവും കണ്ണൂരിലെ ജവഹര്‍ സ്‌റ്റേഡിയവും കൊച്ചിയിലെ നെഹ്‌റു സ്‌റ്റേഡിയവുമെല്ലാം പിടിപ്പുകേടിന്റെ നിത്യസ്‌മാരകങ്ങളായി നിലനില്‍ക്കുന്നു. മഹാരാജാസ് കോളജ് മൈതാനിയില്‍ സിന്തറ്റിക് സംവിധാനം ഒരുക്കിയത് കാണാതിരിക്കുന്നില്ല. കൊച്ചിയില്‍ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ്‌്‌് നടന്നപ്പോള്‍ സിന്തറ്റിക് പ്രൗഡി നാം കണ്ടതാണ്. ഇനിയിപ്പോള്‍ ദേശീയ ഗെയിംസ് കേരളത്തില്‍ നടക്കാന്‍ പോവുന്നു. ഈ വര്‍ഷത്തെ ഗെയിംസ് താര്‍ഖണ്ഡിലാണ്. അതിന് ശേഷമാണ് മഹാമേള കേരളത്തില്‍ വരുന്നത്. സൗകര്യങ്ങള്‍ ഒരുക്കുമെന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. ബാക്കിയെല്ലാം കടലാസിലായിരിക്കും.
സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ ഇലക്ഷന്‍ സമയാണിപ്പോള്‍. ഇത് വരെ കൗണ്‍സിലിന്റെ ചെയര്‍മാന്മാര്‍ ജില്ലാ കലക്ടര്‍മാരായിരുന്നു. പുതിയ ഭേദഗതിയില്‍ ചെയര്‍മാന്‍ഷിപ്പും രാഷ്ട്രിയക്കാര്‍ക്കാണ് നല്‍കുന്നത്. അപ്പോള്‍ പിന്നെ പറയാനില്ല. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സ്‌പോര്‍ട്‌സ് കമ്മീഷന്‍ എല്ലാ ജില്ലകളിലും രാജകീയ സിറ്റിംഗ് നടത്തി. എല്ലാവരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടി. കായികസംഘാടകരെല്ലാം മല്‍സരിച്ച് അഭിപ്രായങ്ങള്‍ കമ്മീഷനല്‍ അടിച്ചേല്‍പ്പിച്ചു. ഉത്തരേന്ത്യക്കാരനായ കമ്മീഷണര്‍ നമ്മുടെ സംഘാടകരുടെ മലയാളവും ആവശ്യങ്ങളും തലകുലുക്കി സമ്മതിക്കുമ്പോള്‍ തന്നെ കമ്മീഷന്റെ ഭാവി വ്യക്തമായിരുന്നു.
ആസുത്രണം ഇങ്ങനെയെല്ലാം നീങ്ങുമ്പോള്‍ ഒരു കായിക ദിനാചരണത്തില്‍ എന്ത് കാര്യം...? ഇത് വരെ നമ്മുടെ കായികദിനം ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ഓഗസ്‌റ്റ് 29 നായിരുന്നു. അതിനൊരു മാറ്റമായി ജി.വി രാജയുടെ ജന്മദിനം കായികദിനമായിരിക്കുന്നു. ഈ മാറ്റം തന്നെ ഒരു ആസുത്രണവും ഇല്ലാതെയാണ്. പക്ഷേ ജി.വി രാജയെ ഓര്‍മിക്കാന്‍ ഈ ദിനം സഹായകമാവുമെന്ന കാര്യത്തില്‍ സംശയമില്ല. അത് തന്നെ വലിയ നേട്ടം. ഇങ്ങനെയുള്ള ദിവസങ്ങളില്‍ അല്‍പ്പം കായികചിന്തകളെങ്കിലും നടക്കുമല്ലോ.....!
No comments:
Post a Comment