വാട്ട് എ വിന്‍
മൊഹാലി: ആദ്യ നാല് ദിവസങ്ങളില്‍ പ്രകടിപ്പിച്ച അതേ മികവ് അഞ്ചാം ദിവസത്തിന്റെ തുടക്കത്തിലും ഇന്ത്യ ആവര്‍ത്തിച്ചപ്പോള്‍ എല്ലാം ഒരു മണിക്കൂറില്‍ അവസാനിച്ചു. 516 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയയെ 195 ല്‍ പുറത്താക്കി 320 റണ്‍സിന്റെ രാജകീയ വിജയം ഇന്ത്യ സ്വന്തമാക്കുമ്പോള്‍ ക്ലോക്കില്‍ കൃത്യം 11-00 മണി.... നാല്‌് പന്തിനിടെ സഹീര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ തന്റെ ആദ്യ രണ്ട് ഓവറില്‍ അമിത് മിശ്ര ശേഷിക്കുന്ന രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയപ്പോള്‍ ചരിത്രം പിറക്കുകയായിരുന്നു-ടെസ്റ്റ്‌് ക്രിക്കറ്റ് ചരിത്രത്തില്‍ റണ്‍സിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. ഓസ്‌ട്രേലിയക്ക് 1991 ന് ശേഷം ഏറ്റവും വലിയ പരാജയവും. 91 ല്‍ ബാര്‍ബഡോസില്‍ വിന്‍ഡീസിനെതിരെ നടന്ന മല്‍സരത്തില്‍ കങ്കാരുക്കള്‍ 343 റണ്‍സിന് തോല്‍വി രുചിച്ചിരുന്നു. അതിന് ശേഷം വിജയങ്ങളെ മാത്രം പുണര്‍ന്ന റിക്കി പോണ്ടിംഗിന്റെ സംഘത്തിന് താങ്ങാന്‍ കഴിയാത്ത ആഘാതം ഇന്ത്യ സമ്മാനിക്കുമ്പോള്‍ അതിന് സാക്ഷിയാവാന്‍ പാവം ഗ്രെഗ് ചാപ്പലിനുമുണ്ടായി നിയോഗം. ഇന്ത്യയെ തൂത്തെറിയാന്‍ ഓസീസ് സംഘത്തെ സഹായിക്കാനാണ് മുന്‍ ഇന്ത്യന്‍ കോച്ച് ഇവിടെയെത്തിയത്.
നാലാം ദിവസത്തില്‍ തന്നെ വിജയമുറപ്പാക്കിയ ഇന്ത്യക്ക് കാലാവസ്ഥയെ മാത്രമായിരുന്നു ഭയം. പ്രകൃതി പൂര്‍ണ്ണമായും മഹേന്ദ്രസിംഗ് ധോണിയുടെ സംഘത്തിനൊപ്പം നിന്ന കാഴ്‌ച്ചയില്‍ രാവിലെ കാണാനായത് സഹീര്‍ഖാന്റെ മാന്ത്രികത. അതോടെ ഓസ്‌ട്രേലിയക്കാരില്‍ ചിലര്‍ക്കെങ്കിലുമുണ്ടായിരുന്ന പ്രതീക്ഷകള്‍ അസ്‌തമിച്ചിരുന്നു. നാലാം ദിവസം അഞ്ച് വിക്കറ്റിന് 58 റണ്‍സ്‌് എന്ന നിലയില്‍ ഓസ്‌ട്രേലിയയെ തളര്‍ത്തിയ ഇന്ത്യക്ക് മുന്നില്‍ മൈക്കല്‍ ക്ലാര്‍ക്കും വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാദ്ദീനും ചേര്‍ന്ന് തടസ്സങ്ങളുണ്ടാക്കിയിരുന്നു. 84 റണ്‍സ് കൂട്ടിചേര്‍ത്ത ഈ സഖ്യത്തില്‍ പോണ്ടിംഗ് കണ്ണും നട്ടിരിക്കവെയാണ് ഇന്നലെ രാവിലെ ധോണി സഹീറിന് പന്ത് നല്‍കുന്നത്. അപാരമായ ഫോമിലായിരുന്നു സഹീര്‍. ഇത്ര കരുത്തില്‍ മുംബൈക്കാരനെ ഇതിന് മുമ്പ് കണ്ടിട്ടില്ല. ആദ്യ ഓവറില്‍ തന്നെ സഹീര്‍ ബ്രാഡ് ഹാദ്ദിനെ പുറത്താക്കി. മനോഹരമായ കാഴ്‌ച്ചയായിരുന്നു അത്. ലെംഗ്‌ത് ബോള്‍ പെട്ടെന്ന് കുത്തിതിരിഞ്ഞ് ബാറ്റിനും പാഡിനുമിടയിലൂടെ മിഡില്‍ സ്‌റ്റംമ്പും ഓഫ് സ്‌റ്റംമ്പും തകര്‍ക്കുകയായിരുന്നു. മൊഹാലി ടെസ്‌റ്റിലെ ഏറ്റവും മികച്ച ഡെലിവറി. ഹാദ്ദിന് ഒന്നും ചെയ്യാനാവുമായിരുന്നില്ല. അടുത്ത ഓവറിലെ രണ്ടാം പന്തില്‍ വീണ്ടും സഹീര്‍ ആഞ്ഞടിച്ചു. ഇന്‍സ്വിംഗറില്‍ ഡ്രൈവിന് ശ്രമിച്ച കാമറൂണ്‍ വൈറ്റിനെ ധോണി മുന്നോട്ട് ഡൈവ് ചെയ്‌ത് പിടികൂടി. അടുത്ത പന്തില്‍ ബ്രെട്ട് ലീയും വീണു. ഹാദ്ദിനെതിരെ പായിച്ച അതേ പന്തില്‍ ലീയുടെ സ്റ്റംമ്പും വായുവില്‍ പറന്നു. കേവലം മൂന്ന് റണ്ണിനിടെയായിരുന്നു ഈ മൂന്ന് വിക്കറ്റുകളും വീണത്. ഹാട്രിക്കിന്റെ വക്കത്തായിരുന്നു സഹീര്‍. പുതിയ ബാറ്റ്‌സ്‌മാന്‍ മിച്ചല്‍ ജോണ്‍സണ് മുന്നില്‍ ധോണി ഒമ്പത് ഫീല്‍ഡര്‍മാരെ നിരത്തി. സഹീറിന് പക്ഷേ ഹാട്രിക് നല്‍കാന്‍ ജോണ്‍സണ്‍ തയ്യാറായിരുന്നില്ല.
ഒരു ഭാഗത്ത് മൈക്കല്‍ ക്ലാര്‍ക് വിക്കറ്റ് സംരക്ഷിക്കുന്നതിലും റണ്‍സ് നേടുന്നതിലും ജാഗ്രത കാട്ടിയപ്പോള്‍ ജോണ്‍സണ്‍ അവസരം ഉപയോഗപ്പെടുത്തി. ഉടന്‍ തന്നെ ധോണി ഹര്‍ഭജനെയും മിശ്രയെയും വിളിച്ചു. അമ്പത് റണ്‍സാണ് ക്ലാര്‍ക്-ജോണ്‍സണ്‍ സഖ്യം ഇതിനകം നേടിയത്. മിശ്രയുടെ ഫ്‌ളിപ്പറില്‍ ജോണ്‍സണ് ആയുധമുണ്ടായിരുന്നില്ല. പന്ത് വാനിലുയര്‍ന്നപ്പോള്‍ ബൗളര്‍ക്ക് തന്നെ അനായാസ ക്യാച്ച്. പരാജയം ഏത് നിമിഷത്തിലും സംഭവിക്കാമെന്ന ഘട്ടത്തില്‍ ക്ലാര്‍ക്കിനൊപ്പം അവസാന ബാറ്റ്‌സ്‌മാന്‍ സിഡില്‍. മിശ്രയുടെ പന്തിനെ മിഡ്‌വിക്കറ്റിലുടെ അതിര്‍ത്തി കടത്താനുളള ക്ലാര്‍ക്കിന്റെ മോഹം സേവാഗിന്റെ കരങ്ങളിലവസാനിക്കുമ്പോള്‍ സ്‌റ്റേഡിയത്തില്‍ ബാംഗ്ര നൃത്തമാരംഭിച്ചുകഴിഞ്ഞിരുന്നു.
രണ്ട് ഇന്നിംഗ്‌സിലും തകര്‍പ്പന്‍ ബാറ്റിംഗ് നടത്തിയ ധോണിയാണ് കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത ടെസറ്റ് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ 29 ന്. അത് വരെ ടീമുകള്‍ക്ക് വിശ്രമം. പരമ്പരയില്‍ 1-0 ത്തിന് ലീഡ് നേടിയ ഇന്ത്യക്ക് കോട്‌ലയിലേക്കായി ആയുധങ്ങള്‍ക്ക്‌് മൂര്‍ഛ കൂട്ടാം. ഓസ്‌ട്രേലിയക്കാര്‍ക്ക് തിരിച്ചടിക്കാനുളള ആയുധങ്ങളും ഒരുക്കാം.
തേര്‍ഡ് ഐ
മൊഹാലി വിജയത്തിലെ ഏറ്റവും പ്രധാന സവിശേഷത മല്‍സരത്തിന്റെ ഒരു സെഷനിലും ഇന്ത്യ പ്രതിയോഗികള്‍ക്ക് അവസരം നല്‍കിയില്ല എന്നതാണ്. അഞ്ച് ദിവസങ്ങളിലായി 13 സെഷനുകളില്‍ കളി നടന്നു. എല്ലാ സെഷനുകളും ഇന്ത്യന്‍ നിയന്ത്രണത്തിലായിരുന്നു-ഇങ്ങനെ ഒരു ഏകാധിപത്യം ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇത് വരെ സാധിച്ചിരുന്നില്ല. ടോസ് നേടിയത് മുതല്‍ തുടങ്ങിയ ആധിപത്യത്തിന് ചെറിയ തടസ്സം വന്നത് ഗാംഭീര്‍,സേവാഗ്, ദ്രാവിഡ് എന്നിവരുടെ വിക്കറ്റുകള്‍ പെട്ടെന്ന് പോയപ്പോള്‍ മാത്രമായിരുന്നു. പക്ഷേ സച്ചിനും സൗരവും ഒത്തുചേര്‍ന്നതോടെ റണ്‍സ് എളുപ്പമായി. സച്ചിന്റെയും സൗരവിന്റെയും റെക്കോര്‍ഡുകളില്‍ ഒന്നാം ദിവസം പിന്നിട്ട ഇന്ത്യ രണ്ടാം ദിനത്തില്‍ സൗരവ്-ധോണി സഖ്യത്തിന്റെ മികവിലായിരുന്നു. ഓസ്‌ട്രേലിയ ബാറ്റിംഗിനിറങ്ങിയപ്പോള്‍ സഹീറും ഇഷാന്തും നല്‍കിയ തുടക്കം ഉപയോഗപ്പെടുത്തി അമിത് മിശ്ര കരുത്ത് കാട്ടി. മൂന്നാം ദിവസത്തില്‍ മിശ്രയുടെ അഞ്ച്‌് വിക്കറ്റ് നേട്ടവും രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ കരുത്തും കണ്ടു. നാലാം ദിവസം ഗാംഭീറിന്റെ സെഞ്ച്വറിയിലും ഹര്‍ഭജന്റെ മികവിലും ഇന്ത്യ തന്നെ. അഞ്ചാം ദിവസം സഹീറും മിശ്രയും ദൗത്യം പൂര്‍ത്തിയാക്കി.
ഇത്തരത്തിലുളള ഏകപക്ഷീയ വിജയം ഇത് വരെ സ്വന്തമാക്കിയിരുന്നവര്‍ ഓസ്‌ട്രേലിയയായിരുന്നു. എതിരാളികളെ നാമാവശേഷരാക്കാന്‍ മിടുക്കരായവര്‍ക്ക് പക്ഷേ ഇന്ത്യ പ്രകടിപ്പിച്ച ഓള്‍റൗണ്ട് മികവിന് മുന്നില്‍ തല താഴ്‌്‌ത്തേണ്ടിവന്നു.
മറ്റൊരു ഇന്ത്യന്‍ സവിശേഷത മല്‍സരം ഫിനിഷ് ചെയ്യുന്നതില്‍ കാട്ടിയ വേഗതയായിരുന്നു. പലവട്ടം മല്‍സരത്തില്‍ പിടിമുറുക്കിയിട്ടും ഫിനിഷിംഗില്‍ ഇന്ത്യക്ക് പിഴച്ച അനുഭവങ്ങള്‍ സമീപകാലത്ത് മാത്രം ധാരാളമുണ്ടായിരുന്നു. മൊഹാലിയില്‍ പക്ഷേ ഫിനിഷിംഗിലും ഇന്ത്യ പിഴവു വരുത്തിയില്ല. മല്‍സരത്തിലേക്ക് ഓസ്‌ട്രേലിയയെ തിരിച്ചുവരാന്‍ അനുവദിക്കാത്ത രീതിയില്‍ എല്ലാ പഴുതുകളും ധോണി അടച്ചിരുന്നു. വളരെ ശാന്തനായി മല്‍സരത്തെ സമീപിച്ച ധോണിയുടെ ക്ഷമയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഒരു നായകന്‍ പെര്‍ഫെക്ടാവുന്നത് എല്ലാ തീരുമാനങ്ങളും ശരിയാവുമ്പോഴാണ്. ധോണിക്ക് മൊഹാലിയില്‍ പിഴച്ചതേയില്ല. ഓസ്‌ട്രേലിയയെ ഫോളോ ഓണിന് വിടാതിരുന്നത് തന്ത്രപരമായ വിജയമായിരുന്നു. നാലാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ദുഷ്‌ക്കരമാണെന്ന് മനസ്സിലാക്കിയാണ് ധോണി ഫോളോ ഓണിന് നിര്‍ബന്ധിക്കാതിരുന്നത്. ബാറ്റിംഗിലും ബൗളിംഗിലും വരുത്തിയ മാറ്റങ്ങളും അവസരോചിതമായി.
സ്വന്തം തട്ടകത്ത് സ്‌പിന്‍ കുഴിയൊരുക്കിയാണ് ഇന്ത്യ വിജയിക്കാറുളളത് എന്നത് പതിവ് ആക്ഷേപമാണ്. ഇവിടെ തീര്‍ച്ചയായും ആ ആക്ഷേപമുണ്ടാവില്ല. ബാറ്റിംഗിനെ തുണക്കുന്ന ട്രാക്കായിരുന്നു ഇത്. അത്തരം ട്രാക്കിലാണ് ഓസ്‌ട്രേലിയയെ വീഴ്‌ത്താനായത് എന്നതും വിജയത്തെ ശ്രദ്ധേയമാക്കുന്നു.
ഈ മല്‍സരം ചരിത്രത്തില്‍ പല വിധത്തില്‍ അറിയപ്പെടും. സച്ചിന്റെ ലോക റെക്കോര്‍ഡ്, 12,000 ക്ലബില്‍ അംഗമാവുന്ന ആദ്യതാരമെന്ന ബഹുമതി, സൗരവ് 7000 ക്ലബില്‍ അംഗമായ മല്‍സരം,. അമിത് മിശ്രയുടെയും സിഡിലിന്റെയും അരങ്ങേറ്റം, ഇന്ത്യ റണ്‍സിന്റെ കാര്യത്തില്‍ സമ്പാദിച്ച ഏറ്റവും വലിയ വിജയം തുടങ്ങി സമ്പൂര്‍ണ്ണമായി ഇന്ത്യ നിറഞ്ഞുനിന്ന മല്‍സരം. ഈ ആധിപത്യം നിലനിര്‍ത്തപ്പെടണം. സ്ഥിരതയിലാണ് ഇന്ത്യ കരുത്ത് പ്രകടിപ്പിക്കേണ്ടത്. ബാംഗ്ലൂര്‍ ടെസ്റ്റിലെ വീഴ്‌ച്ചക്ക് ശേഷമുളള തിരിച്ചുവരവില്‍ എല്ലാ താരങ്ങളുടെയും ശരീരഭാഷ അപാരമായിരുന്നു. ടീം എന്ന നിലയില്‍ ഇത്ര കരുത്ത് പ്രകടിപ്പിച്ച മറ്റൊരു മല്‍സരമില്ല. ഇന്ത്യന്‍ ആരാധകര്‍ക്ക് ആവശ്യം ഇത്തരം വിജയങ്ങളാണ്. ഓസട്രേലിയയെ പോലെ ഒരു ടീമിനെ ഒരു ഘട്ടത്തില്‍ പോലും തിരിച്ചുവരാന്‍ അനുവദിക്കാതെ നേടിയ വിജയത്തിന്റെ ശില്‍പ്പികള്‍ മതിമറക്കാതിരിക്കുക.
അവസാന സ്‌ക്കോര്‍
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 469 (സൗരവ് 102, ധോണി 92, സച്ചിന്‍ 88, ഗാംഭീര്‍ 67), രണ്ടാം ഇന്നിംഗ്‌സ് 314 ഡിക്ലയേര്‍ഡ് (ഗാംഭീര്‍ 104, സേവാഗ് 90, ധോണി 68 നോട്ടൗട്ട്)
ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് 268 (വാട്ട്‌സണ്‍ 78, ഹസി 54, മിശ്ര 71ന് 5), രണ്ടാം ഇന്നിംഗ്‌സ് 195 (മൈക്കല്‍ ക്ലാര്‍ക്ക് 69)
വിജയത്തിന് ശേഷം
ടെസ്‌റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ റണ്‍സിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് മൊഹാലിയില്‍ പിറന്നത്. നിരവധി തവണ ഇന്നിംഗ്‌സ് വിജയം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും റണ്‍സിന്റെ കാര്യത്തില്‍ ഇത്ര വലിയ വിജയം ഇന്ത്യയെ പുണര്‍ന്നിരുന്നില്ല. മഹാവിജയത്തിന് ശേഷമുള്ള മുഹൂര്‍ത്തങ്ങളിലൂടെ...
രാവിലെ 11-00 മണി: അമിത് മിശ്രയുടെ പന്തില്‍ ഓസ്‌ട്രേലിയന്‍ മധ്യനിരക്കാരന്‍ മൈക്കല്‍ ക്ലാര്‍ക് മിഡ് വിക്കറ്റില്‍ വിരേന്ദര്‍ സേവാഗിന്‍െ കരങ്ങളിലെത്തിയതോടെ ഇന്ത്യന്‍ താരങ്ങള്‍ സ്‌റ്റംമ്പിന് നേരെ ഓടിയടുക്കുന്നു. എന്നുമെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും സുവനീറായി സ്‌റ്റംമ്പ് വേണമായിരുന്നു. രണ്ടാം ഇന്നിംഗ്‌സിലെ സെഞ്ച്വറിക്കാരന്‍ ഗൗതം ഗാംഭീര്‍ ഒരു സ്‌റ്റംമ്പ് കൈക്കലാക്കിയപ്പോള്‍ ആദ്യ ടെസ്‌റ്റില്‍ തന്നെ ഏഴ് വിക്കറ്റ് സ്വന്തമാക്കിയ അമിത് മിശ്ര മറ്റൊന്ന് റാഞ്ചി. ബ്രയന്‍ ലാറയുടെ ലോക റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും വേണമായിരുന്നു ഒരു സുവനീര്‍. അദ്ദേഹത്തിനും സ്‌റ്റംമ്പ് കിട്ടി. ക്യാപ്‌റ്റന്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ധോണിയും ഒരു സ്‌റ്റംമ്പ് കൈക്കലാക്കിയപ്പോഴാണ് സൗരവ് ഗാംഗുലി വരുന്നത്. തന്റെ അവസാന പരമ്പര കളിക്കുന്ന സൗരവിന് മൊഹാലിയിലെ സെഞ്ച്വറി ഓര്‍മ്മിക്കാന്‍ സുവനീര്‍ വേണമായിരുന്നു. പക്ഷേ സ്റ്റംമ്പില്ല. കാര്യം മനസ്സിലാക്കിയ ധോണി വളരെ പെട്ടെന്ന് തന്റെ സുവനീര്‍ സൗരവിന് കൈമാറി.....
ഇന്ത്യന്‍ വിജയത്തില്‍ പങ്ക് ചേരാന്‍ ടെലിവിഷന്‍ കമന്ററി സംഘത്തിലെ രവിശാസ്‌ത്രിയും അലന്‍ ബോര്‍ഡറും മൈതാനത്തിറങ്ങി. ഇന്ത്യന്‍ ബൗളിംഗ് ഇത്രത്തോളം മികവ് പുലര്‍ത്തിയ മല്‍സരമില്ലെന്ന് രവി. ബാജി തുടങ്ങി, ഇഷാന്ത് കസറി, സഹീര്‍ പാര്‍ട്ടിയില്‍ പങ്ക് ചേര്‍ന്നു, അമിത് മിശ്ര ഫിനിഷ് ചെയ്‌തു. എന്തും കൊണ്ടും ഏറ്റവും മികച്ച ഓള്‍റൗണ്ട് പ്രകടനം-രവിയുടെ വാക്കുകള്‍.
പവിലിയനിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ താരങ്ങളെ അനുമോദിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത് മൈതാനത്ത്. എല്ലാവരെയും ശ്രീകാന്ത് ആശ്ലേഷിച്ചു. ക്യാപ്‌റ്റന്‍ ധോണിക്ക് പക്ഷേ പ്രത്യേക അഭിനന്ദനമുണ്ടായിരുന്നു മുഖ്യ സെലക്ടറുടെ വക
സമ്മാനദാന വേള. റിക്കി പോണ്ടിംഗാണ് ആദ്യം സംസാരിച്ചത്. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും അദ്ദേഹം ഇന്ത്യന്‍ ടീമിന് നല്‍കി. ആദ്യദിവസം രാവിലെ മുതല്‍ തന്നെ ഇന്ത്യ മല്‍സരത്തില്‍ പിടിമുറുക്കിയിരുന്നു. അവര്‍ വളരെ അക്രമകാരികളായി. ഈ വിജയം ധോണിയും സംഘവും അര്‍ഹിക്കുന്നതാണ്. അവര്‍ക്കാണ് ഫുള്‍മാര്‍ക്ക്. ഇനി അല്‍പ്പദിവസം വിശ്രമമുണ്ട്. തുടര്‍ച്ചയായ മല്‍സരങ്ങള്‍ തീര്‍ച്ചയായും കഠിനമാണ്. ഇന്ത്യന്‍ ബൗളിംഗിന്റെ കരുത്തും മറക്കാനാവില്ല. രണ്ട് സീമര്‍മാരും സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി. റിവേഴ്‌സ് സ്വിംഗും അവര്‍ ഫലപ്രദമാക്കി. തീര്‍ച്ചയായും അല്‍പ്പദിവസത്തെ വിശ്രമം ഗുണം ചെയ്യും.
ടെസ്‌റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായതിന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും, 7000 റണ്‍സ് പിന്നിട്ടതിന് സൗരവ് ഗാംഗുലിക്കും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ വക പ്രത്യേക ഉപഹാരം.
ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി എല്ലാവരെയും അഭിനന്ദിച്ചാണ് സംസാരം ആരംഭിച്ചത്. ടോസ് ലഭിച്ചത് തന്നെ വലിയ സഹായമായി. കളിയുടെ സമസ്‌ത മേഖലകളിലൂം ആധിപത്യം ചെലുത്താനുമായി. ബാറ്റിംഗിന് ആനുകൂലമായിരന്നു തുടക്കത്തില്‍ കാര്യങ്ങള്‍. കന്നിക്കാരനായ അമിത് മിശ്ര വളരെ മനോഹരമായാണ് ബൗള്‍ ചെയ്‌തത്. ഫാസ്‌റ്റ് ബൗളര്‍മാര്‍ നല്‍കിയ നല്ല തുടക്കമാണ് മിശ്ര ഉപയോഗപ്പെടുത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ പുതിയ പന്ത് ഫലപ്രദമാവാതെ വന്നപ്പോള്‍ എത്ര പെട്ടെന്ന് റിവേഴ്‌സ് സ്വിംഗുകള്‍ പായിക്കാനാവും എന്നതിനെ ആശ്രയിച്ചായിരുന്നു കാര്യങ്ങള്‍. ഇന്നിംഗ്‌സിന്റെ പന്ത്രണ്ടാം ഓവര്‍ മുതല്‍ റിവേഴ്‌സ് സ്വിംഗുകള്‍ പിറന്നു.
മാന്‍ ാേഫ് ദ മാച്ചായി ധോണിയെ പ്രഖ്യാപിക്കുന്നു. രണ്ട് ഇന്നിംഗ്‌സിലെയും ബാറ്റിംഗ് മികവിനാണ് അംഗീകാരം.
സെലക്ടര്‍മാര്‍ക്ക് സുഖകര തലവേദന
മൊഹാലി: തല്‍ക്കാലം കൃഷ്‌ണമാചാരി ശ്രീകാന്തിനും സംഘത്തിനും റെക്കോര്‍ഡ് വിജയം ആഘോഷമാക്കാം. പക്ഷേ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയിലേക്ക് മൂന്നാം ടെസ്‌റ്റ് കളിക്കാനായി പോവുമ്പോള്‍ ആദ്യ ഇലവനെ തെരഞ്ഞെടുക്കുക എളുപ്പമായിരിക്കില്ല. ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ എങ്ങനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തും എന്നതാണ് വലിയ ചോദ്യം. പരുക്ക് കാരണം ഇവിടെ കളിക്കാതിരുന്ന കുംബ്ലെക്ക് പകരം കളിച്ച അമിത് മിശ്ര ഏഴ് വിക്കറ്റാണ് കന്നി ടെസ്റ്റില്‍ സ്വന്തമാക്കിയത്. അദ്ദേഹത്തെ ഡല്‍ഹി ടെസ്‌റ്റില്‍ നിന്ന മാറ്റി നിര്‍ത്താനാവില്ല. ഡല്‍ഹിക്കാരന്‍ കൂടിയാണ് മിശ്ര. അതേ സമയം കുംബ്ലെ ഫിറ്റ്‌നസ് തെളിയിക്കുന്നപക്ഷം അദ്ദേഹത്തിനും അവസരം നല്‍കേണ്ടതുണ്ട്. കോട്‌ലയിലെ മൈതാനത്താണ് ഒരു ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റുമായി കുംബ്ലെ കളം നിറഞ്ഞത്. പരമ്പരയിലെ ക്യാപ്‌റ്റനായി കുംബ്ലെയെ നേരത്തെ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ അകറ്റിനിര്‍ത്താന്‍ സെലക്ടര്‍മാര്‍ക്ക് കഴിയില്ല.
കുംബ്ലെക്കും മിശ്രക്കും അവസരം നല്‍കിയാല്‍ അഞ്ച് ബൗളര്‍മാരാവും. അപ്പോള്‍ മധ്യനിരയില്‍ വി.വി.എസ് ലക്ഷ്‌മണിന്റെ സ്ഥാനത്തിനാണ് ഭീഷണി വരുക.
താല്‍കാലിക നായകന്‍ എന്ന നിലയില്‍ ധോണി പ്രകടിപ്പിച്ച മികവും, പകരക്കാരനായി മിശ്ര പുറത്തെടുത്ത കരുത്തും കുംബ്ലെയില്‍ സൃഷ്ടിച്ചിരിക്കുന്ന സമ്മര്‍ദ്ദം ചെറുതല്ല.
ശാസ്‌ത്രി കുംബ്ലെക്കൊപ്പം
ചാപ്പല്‍ ധോണിക്കൊപ്പം
മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ അവശേഷിക്കുന്ന ടെസ്‌റ്റുകളിലും മഹേന്ദ്രസിംഗ് ധോണിയെ നായകനാക്കി നിലനിര്‍ത്തണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍. എന്നാല്‍ 600 ലധികം വിക്കറ്റുകള്‍ സ്വന്തമാക്കിയ അനില്‍ കുംബ്ലെയെ തന്നെ നിലനിര്‍ത്തണമെന്ന് രവിശാസ്‌ത്രി. ഇന്നലെ മൊഹാലി ടെസ്‌റ്റിന്റെ സമാപനത്തിലാണ് രണ്ട് മുന്‍ താരങ്ങള്‍ തമ്മില്‍ കമന്ററി കൂട്ടില്‍ വാദപ്രതിവാദം നടത്തിയത്. മൊഹാലി വിജയത്തിന്റെ ക്രെഡിറ്റ് ചാപ്പല്‍ നല്‍കുന്നത് ധോണിക്കാണ്. ഒരു നായകന്‍ എന്ന നിലയില്‍ ധോണി പ്രകടിപ്പിച്ച ആക്രമണോത്സുകതയാണ് വിജയത്തിന് കാരണം. സേവാഗിനെ പോലുള്ള താരങ്ങള്‍ പ്രകടിപ്പിച്ച ആവേശം ധോണിയെന്ന നായകന്‍ നല്‍കിയ പ്രചോദനത്തിലാണ്. ധാരാളം മല്‍സരങ്ങള്‍ കളിച്ച കുംബ്ലെ ധോണിക്ക് വഴി മാറണം-ചാപ്പല്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി വര്‍ഷങ്ങളോളമായി കളിക്കുന്ന കുംബ്ലെയെ പരുക്കിന്റെ പേരില്‍ മാറ്റിനിര്‍ത്തരുതെന്ന് ശാസ്‌ത്രി അഭിപ്രായപ്പെട്ടു. മിശ്ര മികവ് പ്രകടിപ്പിച്ചിട്ടുണ്ട്‌്. പക്ഷേ പ്രായം അദ്ദേഹത്തിന് അനുകൂല ഘടകമാണ്. 25 വയസ്സാണ് മിശ്രയുടെ പ്രായം. അദ്ദേഹത്തിന് ഇനിയും കളിക്കാം. എന്നാല്‍ കുംബ്ലെ കരിയറിന്റെ അവസാനത്തിലാണ്. അദ്ദേഹത്തിന് അവസരം നല്‍കണം. നായകന്റെ കാര്യത്തില്‍ തീര്‍ച്ചയായും കുംബ്ലെ വിരമിക്കുമ്പോള്‍ ആ പട്ടത്തിന് ധോണിയല്ലാതെ മറ്റൊരാളില്ലെന്നും ശാസ്‌ത്രി പറഞ്ഞു. ഡല്‍ഹി ടെസ്റ്റില്‍ കുംബ്ലെ കളിക്കുമോ എന്ന ചോദ്യത്തിന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത് മറുപടി നല്‍കിയില്ല.
അപാരമെന്ന് ശ്രീകാന്ത്
മൊഹാലി: അപാരം-സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത് ഇന്ത്യന്‍ വിജയത്തെ പ്രകീര്‍ത്തിച്ചത് ഈ ഒരു വാക്കില്‍. അസാധാരണമായ ടീം വിജയം. ടേണും ബൗണ്‍സുമൊന്നുമില്ലാത്ത ബാറ്റിംഗ് ട്രാക്കിലാണ് ഓസ്‌ട്രേലിയക്കാര്‍ കുഴഞ്ഞുവീണത്. നല്ല ട്രാക്കില്‍ തകര്‍പ്പന്‍ വിജയം. ധോണിയെന്ന നായകന്റെ സമീപനം, ക്ഷമ-അത് മറക്കാനാവില്ല. സേവാഗ്, ഗാംഭീര്‍, മിശ്ര, സഹീര്‍, ബാജി എന്നിവരെല്ലാം മികവു പ്രകടിപ്പിച്ചു. ദുര്‍ബലരായ ഓസീസ് സംഘത്തോടാണ് ഇന്ത്യ ജയിച്ചത് എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
ലീയുമായി പിണങ്ങിയിട്ടില്ലെന്ന് പോണ്ടിംഗ്
മൊഹാലി: ബ്രെട്ട് ലീയുമായി താന്‍ പിണങ്ങിയിട്ടില്ലെന്ന് റിക്കി പോണ്ടിംഗ്. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തിന്റെ തുടക്കത്തില്‍ ലീക്ക് പന്ത് നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് ലീ ക്യാപ്‌റ്റനുമായി വഴക്കിട്ടിരുന്നു. ഈ കാര്യം ഓസീസ് മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ നാലാം ദിവസം ലീക്ക് പന്ത് നല്‍കാതിരുന്നത് ടീമിന്റെ തന്ത്രത്തിന്‍െ ഭാഗമായിട്ടായിരുന്നു എന്നാണ് പോണ്ടിംഗ് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ യഥേഷ്ടം റണ്‍സ് നേടുമ്പോള്‍ പന്തിന്റെ പേസ് കുറക്കാനാണ് ലീയെ മാറ്റിനിര്‍ത്തിയത്. കൂടാതെ ഞങ്ങള്‍ ഓവര്‍ നിരക്കിലും പിറകിലായിരുന്നു. അത് കൊണ്ടാണ് ഹസിയെ പോലുളളവര്‍ ബൗള്‍ ചെയ്‌തതെന്നും പോണ്ടിംഗ് പറഞ്ഞു. എന്നാല്‍ താനും ലീയും തമ്മില്‍ ആശയവിനിമയത്തില്‍ പാകപിഴവുകള്‍ സംഭവിച്ചതായി ക്യാപ്‌റ്റന്‍ സമ്മതിക്കുന്നുണ്ട്.
സഹീറിന് പിഴ
മൊഹാലി: രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യൂ ഹെയ്‌ഡന്‍ ഹര്‍ഭജന്‍സിംഗിന്റെ പന്തല്‍ പുറത്തായി മടങ്ങുമ്പോള്‍ അദ്ദേഹത്തിനെ അവഹേളിച്ചതിന് ഇന്ത്യന്‍ സീമര്‍ സഹീര്‍ഖാന് മാച്ച് റഫറി മല്‍സര ഫീസിന്റെ എണ്‍പത് ശതമാനം പിഴ ചുമത്തി. രണ്ടാം ഇന്നിംഗ്‌സില്‍ സഹീറിന്റെ പന്തുകളെ ഹെയ്‌ഡന്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് ക്യാപ്‌റ്റന്‍ ധോണി ഹര്‍ഭജന് പന്ത് നല്‍കിയത്. ബാജിയുടെ ആദ്യ ഓവറില്‍ തന്നെ ഹെയ്‌ഡന്‍ പുറത്താവുകയും ചെയ്‌തു. പവിലിയനിലേക്ക് മടങ്ങവെ തന്റെ ഫീല്‍ഡിംഗ് പൊസിഷനില്‍ നിന്നും ഹെയ്‌ഡനു നേരെ ഓടിയടുത്ത സഹീര്‍ ചിലത് പറയുകയും ചെയ്‌തു. ഇത്തരത്തിലുളള പെരുമാറ്റം ഒരു തരത്തിലും അനുവദിക്കില്ലെന്ന് മാച്ച് റഫറി ക്രിസ് ബ്രോഡ് വ്യക്തമാക്കി.
നായകന്‍
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍ ആരാണ്...? ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. മികച്ച നായകന് വേണ്ട ഗുണഗണങ്ങള്‍ സംബന്ധിച്ച് വിദഗ്‌ദ്ധര്‍ക്കിടയില്‍ ഏകാഭിപ്രായങ്ങളില്ല. മൈക് ബ്രിയാര്‍ലി എന്ന ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ക്യാപ്‌റ്റന്‍സിയെക്കുറിച്ചെഴുതിയ പുസ്‌തകമാണ് ദി ആര്‍ട്ട് ഓഫ് ക്യാപ്‌റ്റന്‍സി (The Art of Captaincy ).
ഈ പുസ്‌കത്തില്‍ അദ്ദേഹം ഏറ്റവും നല്ല നായകന് വേണ്ട യോഗ്യതയായി പറയുന്നത് സ്വന്തം താരങ്ങളെ അറിയുകയും വിശ്വസിക്കുകയുമാണ്. ക്രിക്കറ്റ് എന്നാല്‍ ടീം ഗെയിമാണ്. ടീമില്‍ പതിനൊന്ന് പേര്‍ കളിക്കുന്നു. അവരുടെ കരുത്തും ന്യൂനതകളും അറിയണം. അതിനനുസരിച്ച് അവരെ ഉപയോഗപ്പെടുത്തണം. സ്വന്തം താരങ്ങളെ ഉപയോഗപ്പെടുത്തുന്ന ക്യാപ്‌റ്റനാണ് മികച്ച ക്യാപ്‌റ്റനെന്ന് ബ്രിയാര്‍ലി പറയുന്നതില്‍ കാര്യമുണ്ട്. (ബ്രിയാര്‍ലി എന്ന നായകന്‍ ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നത് 1981 ലെ ആഷസ് പരമ്പരയിലൂടെയാണ്. ആഷസ് പരമ്പരക്കായി ഓസ്‌ട്രേലിയന്‍ ടീം ഇംഗ്ലണ്ടിലെത്തുന്നു.ഹെഡിംഗ്ലിലിയിലെ മല്‍സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ഫോളോ ഓണ്‍ ചെയ്യുകയാണ്. ഏഴ് വിക്കറ്റിന് 135 റണ്‍സ് എന്ന നിലയില്‍
ടീം തകരവെ ഇയാന്‍ ബോതമിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ ഇംഗ്ലണ്ട് 356 റണ്‍സ് നേടുന്നു. പക്ഷേ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടത് 130 റണ്‍സ് മാത്രം. നല്ല തുടക്കമാണ് ഓസീസിന് ലഭിച്ചത്. എതിരാളികള്‍ ഒരു വിക്കറ്റിന് 56 റണ്‍സ് എന്ന നിലയില്‍ മുന്നേറവെ ബ്രിയാര്‍ലിയിലെ നായകന്‍ പ്രാക്ടിക്കലാവുന്നു. സ്വന്തം നിരയിലെ പേസറായ ബോബ് വില്ലിസിനെ അരികില്‍ വിളിച്ച് കാറ്റിന് അനുകൂലമായി പന്തെറിയാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കേവലം 43 റണ്‍സ് മാത്രം വഴങ്ങി എട്ട് വിക്കറ്റാണ് വില്ലിസ് നേടിയത്. മല്‍സരത്തില്‍ ഓസ്‌ട്രേലിയ 19 റണ്‍സിന് തോറ്റു. ക്യാപ്‌റ്റന് സ്വന്തം താരത്തിലുണ്ടായ വിശ്വാസവും അതിനെ ഉപയോഗപ്പെടുത്തിയതുമാണ് ഈ ടെസ്‌റ്റിലെ വിജയത്തിന് കാരണം. ഈ വിജയത്തിലൂടെ മാത്രം ലോക ക്രിക്കറ്റിലെ മികച്ച നായകരില്‍ ഒരാളായി ഇന്നും ബ്രിയാര്‍ലി അറിയപ്പെടുന്നു)
സ്വന്തം നിരയിലെ താരങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയും അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവരാണ് മികച്ച ക്യാപ്‌റ്റനെങ്കില്‍ മഹേന്ദ്രസിംഗ് ധോണിയിലെ നായകന്‍ മികച്ചതല്ലേ...? ഇന്നലെ മൊഹാലിയില്‍ കണ്ടില്ലേ... ഇന്ത്യ ഓസ്‌ട്രേലിയയെ 320 റണ്‍സിനാണ് തകര്‍ത്തത്. ഈ വിജയത്തില്‍ ധോണിയിലെ നായകന് ചെറുതല്ലാത്ത പങ്കുണ്ട്. ഓസ്‌ട്രേലിയയെ പോലെ ശക്തരായ പ്രതിയോഗികള്‍ക്കെതിരെ തന്ത്രപരമായാണ് ധോണി കരുക്കള്‍ നീക്കിയത്. ധോണിയിലെ നായകന്‍ ചിന്തകനും ദീര്‍ഘവീക്ഷണക്കാരനുമാണ്. അനില്‍ കുംബ്ലെ വഴി മാറേണ്ട സന്ദര്‍ഭമല്ലേ ഇത്......
അലന്‍ ബോര്‍ഡര്‍ എന്ന നായകനിലെ സവിശേഷത പോരാട്ടവീര്യമായിരുന്നു. 1984 ല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് തരിപ്പണമായി നില്‍ക്കുന്ന കാലത്താണ് കിം ഹ്യൂസില്‍ നിന്ന് ബോര്‍ഡര്‍ നായകസ്ഥാനം ഏറ്റെടുക്കുന്നത്. പത്ത് വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം ടീമിനെ നയിച്ചു. ഓസ്‌ട്രേലിയ ലോകത്തോളം ഉയരുകയും ചെയ്‌തു. പോരാട്ടവീര്യം മാനദണ്ഡമാക്കിയാലും ധോണിയിലെ നായകന്‍ കരുത്തനാണ്. പോരാട്ടം അദ്ദേഹം എതിര്‍ ക്യാമ്പിലേക്ക് നല്‍കുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ 20-20 ലോകകപ്പിന്റെ ഫൈനലില്‍ കണ്ട കാഴ്‌്‌ചകള്‍ അതായിരുന്നു. ഇന്ത്യയില്‍ നിന്ന് പാക്കിസ്‌താന്‍ അവസാന ഓവറില്‍ മല്‍സരം റാഞ്ചുമെന്ന ഘട്ടത്തില്‍ പോലും പതറാതെ പട നയിച്ച ധോണി അലന്‍ ബോര്‍ഡറിലെ നായകനെയാണ് അനുസ്‌മരിപ്പിച്ചത്. ഒരിക്കലും തോല്‍വിക്ക് മുന്നില്‍ തല താഴ്‌ത്താറില്ലായിരുന്നു ബോര്‍ഡര്‍. തോല്‍ക്കുമെന്നുറപ്പിച്ച മല്‍സരങ്ങളില്‍ പോലും അദ്ദേഹം എന്തെങ്കിലും തന്ത്രങ്ങള്‍ പ്രയോഗിക്കും. ധോണി 20-20 ഫൈനലില്‍ ജോഗീന്ദര്‍ ശര്‍മ്മയെ അവസാന ഓവര്‍ ഏല്‍പ്പിച്ചത് വിജയമുറപ്പിച്ചായിരുന്നില്ല-എന്തെങ്കിലും സംഭവിക്കട്ടെ എന്ന് കരുതിയാണ്.
പലപ്പോഴും ക്രിക്കറ്റിലെ നായകന്‍ ഭാഗ്യവാനാണ്. ബ്രിയാര്‍ലി മികച്ച താരമായിരുന്നില്ല. പക്ഷേ മികച്ച ക്യാപ്‌റ്റനായത് ഇയാന്‍ ബോതം, ബോബ് വില്ലിസ് തുടങ്ങിയ പ്രതിഭാശാലികളുടെ സാന്നിദ്ധ്യം ടീമിലുളളത് കൊണ്ടായിരുന്നു. ബോര്‍ഡറുടെ ഓസീസ് സംഘത്തില്‍ മാര്‍ക് ടെയ്‌ലറും സ്റ്റീവ് വോയും ജെഫ് മാര്‍ഷും ഡേവിഡ് ബൂണുമെല്ലാമുണ്ടായിരുന്നു. ധോണിയിലെ നായകന് കരുത്ത് പകരാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും വിരേന്ദര്‍ സേവാഗുമെല്ലാമുണ്ട്. കുംബ്ലെയെന്ന നായകന് പക്ഷേ ഈ സൂപ്പര്‍താരങ്ങളുടെ സേവനമുണ്ടായിട്ടും അവരെ വിജയഘടകമാക്കി മാറ്റാന്‍ കഴിയുന്നില്ല എന്ന സത്യത്തിലാണ് ധോണിയിലെ നായകന്‍ വിത്യസ്‌തനാവുന്നത്.
അലന്‍ ബോര്‍ഡുടെ പിന്‍ഗാമിയായി വന്ന സ്റ്റീവ് വോക്ക് ലഭിച്ചത് മികച്ച ടീമിനെയായിരുന്നു. ആ കരുത്താണ് വോ ഉപയോഗപ്പെടുത്തിയത്. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്ക് ശേഷം നായകനായ കുംബ്ലെക്ക് ലഭിച്ചത് മികച്ച ടീമിനെയാണ്. പക്ഷേ അവരെ പ്രയോജനകരമായി കളത്തിലിറക്കാന്‍ കുംബ്ലെക്ക് കഴിയുന്നില്ല. ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്‌ട്ര ഏകദിന പരമ്പരയില്‍ ആതിഥേയര്‍ക്കെതിരെ നടന്ന ബെസ്‌റ്റ് ഓഫ് ത്രീ ഫൈനലില്‍ ധോണിയുടെ ഇന്ത്യ വിജയം വരിച്ച കാഴ്‌്‌ച കണ്ട് ടോണി ക്രെയിഗ് പറഞ്ഞിരുന്നു-ഇതാണ് നായകന്നെ്. ധിരോദാത്തനും അതിപ്രതാപ ഗുണവാനുമായ നായകന്‍. കാരണം അദ്ദേഹം ആരെയും ഭയപ്പെടുന്നില്ല. സ്വന്തം താരങ്ങളുടെ സമ്പൂര്‍ണ്ണ പിന്തുണ ധോണിക്ക് ലഭിക്കുന്നു. സച്ചിന്‍ എന്ന അനുഭവസമ്പന്നന്‍ പോലും ധോണിക്ക് മാര്‍ക്കിടുന്നു. സച്ചിന്‍ ഒരിക്കലും മികച്ച നായകനായിരുന്നില്ല. ക്രിക്കറ്റ് ചരിത്രത്തിലെ മോശം നായകരുടെ പട്ടികയിലാണ് സച്ചിന്‍. അദ്ദേഹം നായകനായ കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിനെ തേടിയെത്തിയത് തോല്‍വികലായിരുന്നു. അതേ സമയം അസ്‌ഹറദ്ദീന്‍ എന്ന നായകന് വിജയങ്ങള്‍ സമ്മാനിച്ചതാവട്ടെ സച്ചിനും. നല്ല താരത്തിന് നല്ല നായകനാവാന്‍ കഴിഞ്ഞെന്ന് വരില്ല. ധോണി പെര്‍ഫോം ചെയ്യുമ്പോള്‍ സപ്പോര്‍ട്ട് ചെയ്യുന്ന സച്ചിനിലെ മഹാമനസ്‌കതയാണ് ശ്രദ്ധിക്കേണ്ടത്.
മൊഹാലി ടെസ്‌റ്റില്‍ കണ്ട വിരേന്ദര്‍ സേവാഗിനെയാണ് ഇവിടെ ഉദാഹരിക്കുന്നത്. മല്‍സരത്തിന്റെ അഞ്ച്‌് ദിസവും ആഹ്ലാദവാനായിരുന്നു സേവാഗ്. ബാറ്റിംഗിലും ഫീല്‍ഡിഗിലും അദ്ദേഹത്തിന്റെ പാര്‍ട്ട് ടൈം സ്‌പിന്‍ ബൗളിംഗിലുമെല്ലാം ഈ ആഹ്ലാദം പ്രകടമായിരുന്നു. ഈ ആഹ്ലാദത്തിന് നിദാനം ധോണിയാണെന്ന സത്യം അറിയാത്തവരില്ല. ധോണി നല്‍കുന്ന സ്വാതന്ത്ര്യമാണ് സേവാഗിനെ പോലുളളവര്‍ ഉപയോഗപ്പെടുത്തിയത്. 20-20 ലോകകപ്പിന് തൊട്ട് മുമ്പ് ആര്‍ക്കും വേണ്ടാതെ ടീമിന് പുറത്ത്‌് നില്‍ക്കാനായിരുന്നു സേവാഗിന്റെ വിധി. ലോകകപ്പില്‍ ധോണി സേവാഗിനെ മാറ്റി. ബ്രിയാര്‍ലി ചെയ്‌തത് പോലെ ആ താരത്തില്‍ വിശ്വാസമര്‍പ്പിച്ച് താരത്തിന്റെ കരുത്തിനെ ചൂഷണം ചെയ്‌തു.
നായകന്‍ ക്ഷമാശീലനായിരിക്കണമെന്നാണ് ഇമ്രാന്‍ഖാന്‍ പറയാറുളളത്. പാക്കിസ്‌താന്‍ ദര്‍ശിച്ച ഏറ്റവും മികച്ച നായകനായിരുന്നു ഇമ്രാന്‍. രാജ്യത്തിന് ലോകകപ്പ് സമ്മാനിച്ച ഇമ്രാന്റെ സവിശേഷത ടീമില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനമായിരുന്നു. പാക്കിസ്‌താന്‍ ടീമെന്നാല്‍ എല്ലാവര്‍ക്കുമറിയാം പടലപിണക്കത്തിന്റെ താവളമാണെന്ന്. ജാവേദ് മിയാന്‍ദാദിനെ പോലുളളവരുളളപ്പോള്‍ തന്നെ ഇമ്രാന്‍ എന്നാല്‍ ടീമിലെ സര്‍വാധിപതിയായിരുന്നു. ഇമ്രാന് ശേഷം പാക്കിസ്‌താനില്‍ വന്ന ഒരു നായകനും (അക്രം, അന്‍വര്‍, വഖാര്‍, ഇന്‍സമാം, മാലിക്) ഇമ്രാനോളം പിന്തുണ ലഭിച്ചിട്ടില്ല. ഇമ്രാനുമായി ധോണിയെ താരതമ്യം ചെയ്യാം. കാരണം ഇന്നത്തെ ഇന്ത്യന്‍ ടീമിലെ സര്‍വസമ്മതന്‍ ധോണിയാണ്.
ഇവിടെ തിരിച്ചറിവ് വേണ്ടത് കുംബ്ലെക്കാണ്. കുംബ്ലെയിലെ നായകന്‍ പരമ്പരാഗത വാദിയും സംഭവങ്ങള്‍ക്ക് കാത്തുനില്‍ക്കുന്ന മിതവാദിയുമാണ്. ആധുനിക യുഗത്തില്‍ പരമ്പരാഗതമായി ചിന്തിക്കുന്നത് കുംബ്ലെയിലെ തെറ്റ്. ബാറ്റിംഗ് ഓര്‍ഡറില്‍ ചെറിയ മാറ്റത്തിന് പോലും അദ്ദേഹം തയ്യാറാവുന്നില്ല. തന്ത്രപരമായി ചിന്തി്‌ക്കാത്തത് കൊണ്ടാണിത്.
ഇന്ന് ലോക ക്രിക്കറ്റിലെ മികച്ച നായകന്‍ റിക്കി പോണ്ടിംഗാണ് എന്ന ലോകം സമര്‍ത്ഥിക്കുന്നത് അദ്ദേഹത്തിലൂടെ ഓസ്‌ട്രേലിയ സമ്പാദിച്ച വിജയ ശരാശരി വിലയിരുത്തിയാണ്. പോണ്ടിംഗ് വിജയിക്കുന്നത് സ്വന്തം താരങ്ങള്‍ മികവ് പ്രകടിപ്പിക്കുന്നത് കൊണ്ടാണ്. മൊഹാലിയില്‍ അദ്ദേഹത്തിന്റെ സൈന്യം പരാജയപ്പെട്ടപ്പോള്‍ നായകനും പരാജയമായി. ടീമിനോളം ഉയാരാന്‍ മാത്രമാണ് ക്യാപ്‌റ്റനാവുക എന്ന്‌് അസ്‌ഹറുദ്ദീന്‍ പറഞ്ഞത് വിഡ്ഡിത്തമായിരുന്നു. ടീമിന് മുകളില്‍ ഉയരണം-അതാണ് വ്യക്തിപ്രഭാവം. അതും ധോണിക്കുണ്ട്. മൊഹാലിയില്‍ രണ്ട് ഇന്നിംഗ്‌സിലും ധോണി പ്രകടിപ്പിച്ചത് വ്യക്തിപ്രഭാവമാണ്. ആ നേട്ടത്തിനാണ് അദ്ദേഹത്തിന് കളിയിലെ കേമന്‍പ്പട്ടം നല്‍കിയത്.
ബാംഗ്ലരിലെ സൗരവ് ഗാംഗുലിയുടെ പ്രഖ്യാപനം പോലെ നാഗ്‌പ്പൂരില്‍ (നാലാം ടെസ്റ്റ് വേദി) കുംബ്ലെയുടെ പ്രഖ്യാപനമുണ്ടാവുന്നതായിരിക്കും ബുദ്ധി. കാരണം ക്രിക്കറ്റില്‍ സമയം തെല്ലുമില്ല. ധോണിയെന്ന നായകന്‍ റെഡിയാണ്. കുംബ്ലെക്ക് ധൈര്യസമേതം ബാറ്റണ്‍ കൈമാറാം.
No comments:
Post a Comment