Tuesday, June 30, 2009
ENGLISH CURTAIN
വോന്‍ മതിയാക്കി
എജ്‌ബാസ്‌റ്റണ്‍: ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ആഢിത്വം ഉയര്‍ത്തിപ്പിടിച്ച്, മൈതാനങ്ങളില്‍ മാന്യതയുടെ പര്യായമായി മാറിയ മൈക്കല്‍ വോന്‍ കളി മതിയാക്കുന്നു. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുളള തന്റെ തീരുമാനം ഇന്നലെ ചെറുപുഞ്ചിരിയോടെ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്. ആസന്നമായ ആഷസ് പരമ്പരക്കുള്ള ഇംഗ്ലീഷ് സംഘത്തില്‍ അംഗത്വം ലഭിക്കാത്തതിനെ തുടര്‍ന്ന് വോന്‍ വിരമിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അതാണിപ്പോള്‍ സത്യമായത്.
ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന വോനാണ് രാജ്യത്തിന് ഏറ്റവുമധികം ടെസ്‌റ്റ് ജയങ്ങള്‍ സമ്മാനിച്ചിട്ടുള്ളത്. 51 ടെസ്‌റ്റ് മല്‍സരങ്ങളില്‍ വോന്‍ ടീമിന്റെ അമരത്തിരുന്നപ്പോള്‍ 26 ലും ക്രിക്കറ്റിന്റെ തറവാട്ടുകാര്‍ക്കായിരുന്നു വിജയം. 2005 ലെ ആഷസ് പരമ്പരയിലെ ഐതിഹാസിക നേട്ടമായിരുന്നു വോനിന്റെ നായകത്വത്തിന് തൂവലേകിയത്. 18 വര്‍ഷത്തോളം ആഷസ് കിരീടം ഓസ്‌ട്രേലിയക്കാര്‍ക്ക് അടിയറവെച്ച ശേഷമായിരുന്നു വോനിലൂടെ ഇംഗ്ലണ്ട് കപ്പ് തിരിച്ചുപ്പിടിച്ചത്. ഇതേ വര്‍ഷം മറ്റൊരു ഐതിഹാസിക നേട്ടവും ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു-നാല്‍പ്പത് വര്‍ഷത്തിന് ശേഷം ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പര നേടാന്‍ വോനിന്റെ സംഘത്തിനായി. 2004 ല്‍ തുടര്‍ച്ചയായി എട്ട് ടെസ്റ്റുകളിലാണ് ഇംഗ്ലീഷ് ടീം വിജയം വരിച്ചത്.
ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലും കേമന്‍ പ്രകടനമാണ് വോന്‍ നടത്തിയത്. 1999 ല്‍ ടെസ്‌റ്റ് അരങ്ങേറ്റം നടത്തിയ വലം കൈയ്യന്‍ സ്‌റ്റൈലിഷ് ബാറ്റ്‌സ്‌മാന്‍ ഇടക്കാലത്ത്‌് ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമനായ ബാറ്റ്‌സ്‌മാനായിരുന്നു. 2002-03 ലെ ആഷസ് പരമ്പരയില്‍ മൂന്ന് സെഞ്ച്വറികളുമായി മൊത്തം 633 റണ്‍സ് വോന്‍ വാരിക്കൂട്ടിയിരുന്നു.
സ്വന്തം രാജ്യത്തെ നയിക്കാന്‍ കഴിഞ്ഞതും കൂടുതല്‍ വിജയങ്ങള്‍ നായകന്‍ എന്ന നിലയില്‍ സമ്മാനിക്കാന്‍ കഴിഞ്ഞതും ഒരിക്കലും മറക്കാനാവാത്ത നേട്ടമാണെന്നും വിരമിക്കാനുളള തീരുമാനം ദിര്‍ഘാലോചനക്ക് ശേഷം വേദനയോടെയാണ് കൈകൊണ്ടതെന്നും വാര്‍ത്താസമ്മേളനത്തില്‍ വോന്‍ പറഞ്ഞു. വിരമിക്കാന്‍ സമയമായിരിക്കുന്നു എന്ന തീരുമാനം രണ്ടാഴ്‌ച്ച മുമ്പ് തന്നെ ഞാന്‍ എടുത്തിരുന്നു. ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ യോര്‍ക്ക് ഷെയറിനായി കളിക്കവെ തന്റെ സാന്നിദ്ധ്യം യുവതാരങ്ങള്‍ക്കുളള അവസര നിഷേധമാണെന്ന് മനസ്സിലാക്കി. യുവതാരങ്ങള്‍ക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാനുളള അവസരം നിഷേധിക്കുന്നത് തെറ്റാണ്. പതിനാറ്-പതിനേഴ് വര്‍ഷമായി ക്രിക്കറ്റാണ് എന്റെ ജീവിതം. രാജ്യത്തിനായി ഇനി ഒരിക്കല്‍കൂടി കളിക്കാന്‍ കഴിയില്ലല്ലോ എന്ന യാഥാര്‍ത്ഥ്യം വേദനിപ്പിക്കുന്നതാണ്. പക്ഷേ എന്നായാലും ഈ തീരുമാനമെടുക്കണം. ഈ ആഷസ് പരമ്പരയോടെ വിരമിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ശരീരം മനസ്സ് പറയുന്നിടത്ത് നില്‍ക്കുന്നില്ല. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനോടും ആരാധകരോടും യോര്‍ക്ക്‌ഷെയര്‍ ക്ലബിനോടുമുളള അകൈതവമായ നന്ദി പ്രകടിപ്പിക്കുന്നു. ഭാര്യ നിക്കോളയും കുടുംബവും നല്‍കിയ പിന്തുണ മറക്കാനാവില്ല. ഇംഗ്ലീഷ് ടീമിലെ എല്ലാ താരങ്ങളോടും മാനേജര്‍മാരോടും പരിശീലകരോടും മാധ്യമ പ്രവര്‍ത്തകരോടും ക്രിക്കറ്റ് ഭരണാധികാരികളോടും നന്ദിയുണ്ട്. എന്റെ വളര്‍ച്ചയില്‍ അവര്‍ക്കുളള പങ്ക് ചെറുതല്ല. ഇപ്പോഴത്തെ ഇംഗ്ലീഷ് ടീമിനും നായകന്‍ ആന്‍ഡ്ര്യ സ്‌ട്രോസിനും ആഷസ് പരമ്പരയില്‍ വിജയം നേരുന്നു. 2005 ല്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയുമെന്നാണ് കരുതുന്നത്. 2005 ലെ ആഷസ് നേട്ടമാണ് ഒരു നായകന്‍ എന്ന നിലയില്‍ ഒരിക്കലും ഞാന്‍ മറക്കാതിരിക്കുക. ആ കിരീടം രാജ്യത്തിന്റേതായിരുന്നു. നായകന്‍ എന്ന നിലയില്‍ ക്രിക്കറ്റിന്റെ അന്തസ്സിന് നിരക്കാത്തത് ഒന്നും ചെയ്‌തിട്ടില്ലെന്നും വോന്‍ പറഞ്ഞു.
ഇംഗ്ലീഷ് ക്രിക്കറ്റിന് വോന്‍ നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്ന് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് കോളര്‍ പറഞ്ഞു. ആധുനിക ഇംഗ്ലീഷ് ക്രിക്കറ്റില്‍ ടീമിന് മഹത്തരമായ നേട്ടങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുളളതെന്നും കോളര്‍ അഭിപ്രായപ്പെട്ടു. ഏതൊരു നായകനും മാതൃകയാണ് വോനെന്ന് നിലവില്‍ ഇംഗ്ലീഷ് ടീമിന്റെ നായകനായ ആന്‍ഡ്ര്യ സ്‌ട്രോസ് പറഞ്ഞു.
ബിനിഷിന് സഹായം
തിരുവന്തപുരം: എസ്‌റ്റോണിയയില്‍ നടക്കുന്ന ലോക സ്‌ക്കൂള്‍ മീറ്റില്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയ മലയാളി താരം ബിനിഷീന് നിയമസഭയുടെ അനുമോദനം. സാമ്പത്തികമായി പിന്നോക്കം നല്‍ക്കുന്ന കോതമംഗലം എച്ച്. എസ്.എസ് വിദ്യാര്‍ത്ഥിക്ക് ഭവന സഹായം സര്‍ക്കാര്‍ നല്‍കുമെന്ന്‌് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് വ്യക്തമാക്കി. ഐതിഹാസിക പ്രകടനം നടത്തിയാണ് ബിനിഷ് ലോക സ്‌ക്കൂള്‍ മീറ്റില്‍ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ മലയാളി താരമായി മാറിയത്. കോതമംഗലത്തെ പാവപ്പെട്ട കുടുംബത്തില്‍ അംഗമായ ബിനീഷിലെ താരത്തെ കണ്ടെത്തിയത് സ്‌്‌കൂളിലെ കായികാധ്യാപകനായ രാജു പോളാണ്. 22 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത ഈ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എല്ലാവിധ പ്രോല്‍സാഹനവും അര്‍ഹിക്കുന്നതായി മന്ത്രി സഭയില്‍ പറഞ്ഞു. സംസ്ഥാന-ദേശീയ സ്‌ക്കൂള്‍ മീറ്റുകളില്‍ തിളങ്ങിയ ബിനിഷ് കൊച്ചിയില്‍ നടന്ന ദേശീയ സ്‌ക്കൂള്‍ മീറ്റിലെ വ്യക്തിഗത ചാമ്പ്യന്‍ കൂടിയായിരുന്നു. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന ദേശീയ സ്‌ക്കൂള്‍ മീറ്റിലും വ്യക്തിഗതപ്പട്ടമുണ്ടായിരുന്നു. ഇടുക്കി കാഞ്ഞിരക്കാട്ടു വീട്ടില്‍ ടി.കെ ഷാജിയുടെയും മീനയുടെയും മകനാണ് ബിനിഷ്.
മാറ്റമില്ല
ബാര്‍സിലോ: കാമറൂണുകാരന്‍ സാമുവല്‍ ഇറ്റോ സ്‌പാനിഷ് ക്ലബായ ബാര്‍സിലോണയില്‍ തന്നെ തുടരും. രണ്ട് വര്‍ഷത്തെ പുതിയ കരാര്‍ ബാര്‍സ ഇറ്റോവിന് നല്‍കി. പുതിയ സീസണില്‍ കോച്ച് പെപ് ഗുര്‍ഡിയോളയുടെ പ്ലാനുകളില്‍ ഇറ്റോ ഇല്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്ന് ഗോള്‍വേട്ടക്കാരന് വേണ്ടി പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റി ഉള്‍പ്പെടെയുളളവര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ 28 കാരനായ മുന്‍നിരക്കാരനെ ഇപ്പോള്‍ നല്‍കുന്നത് തെറ്റായിരിക്കുമെന്ന് മനസ്സിലാക്കിയാണ് ബാര്‍സ പുതിയ കരാര്‍ നല്‍കിയത്.
ബാറ്റിംഗ് പ്രാക്ടീസ്
കൊളംബോ: 20-20 ലോകകപ്പ് സ്വന്തമാക്കിയ ശേഷം ആദ്യ പര്യടനത്തിനെത്തിയ പാക്കിസ്‌താന് പരിശീലന മല്‍സരത്തില്‍ നല്ല ബാറ്റിംഗ് പ്രാക്ടീസ്. ശ്രീലങ്കന്‍ ഇലവനെതിരായ ത്രിദിന മല്‍സരത്തില്‍ പാക്കിസ്‌താന്‍ അഞ്ച് വിക്കറ്റിന് 301 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ ദിവസം ബാറ്റ് ചെയ്‌ത ലങ്ക അഞ്ച് വിക്കറ്റിന് 354 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്‌തിരുന്നു. ഓപ്പണര്‍മാരായ ഖുറം മന്‍സൂര്‍, സല്‍മാന്‍ ഭട്ട് എന്നിവരാണ് ടീമിന് മികച്ച തുടക്കം നല്‍കിയത്. ഇരുവരും അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കി. ആദ്യ വിക്കറ്റില്‍ 153 റണ്‍സാണ് പിറന്നത്. ഒരു വിക്കറ്റിന് 207 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്ന് പക്ഷേ യൂനസ്‌ഖാന്‍, മിസ്‌ബാഹുല്‍ ഹഖ്, മുഹമ്മദ് യൂസഫ് എന്നിവര്‍ക്ക് അവസരം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. നേരത്തെ ലങ്കന്‍ ടെസ്റ്റ് ടീമിലേക്ക് അവസരം കൊതിക്കുന്ന ചമര കപ്പുഗുഡേരയുടെ മികവാണ് ലങ്കന്‍ ഇലവന്‌് കരുത്തായത്. ആദ്യദിവസം പുറത്താവാതെ 90 റണ്‍സ് നേടിയ കപ്പുഗുഡേര ഇന്നലെ 115 റണ്‍സുമായി റിട്ടയര്‍ ചെയ്‌തു.
കക്ക കരുകരുത്തന്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ബ്രസീല്‍ മുത്തമിട്ടപ്പോള്‍ രാജ്യാന്തര സോക്കര്‍ വിപണിയില്‍ കക്ക എന്ന ഓള്‍റൗണ്ടറുടെ കരുത്താണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ ക്ലബായ ഏ.സി മിലാനില്‍ നിന്നും സ്‌പാനിഷ്‌് ക്ലബായ റയല്‍ മാഡ്രിഡിലേക്ക്‌് വന്‍ കരാറില്‍ കൂടുമാറിയ ശേഷം കക്ക കളിക്കുന്ന ആദ്യ രാജ്യാന്തര ചാമ്പ്യന്‍ഷിപ്പായിരുന്നു കോണ്‍ഫെഡറേഷന്‍ കപ്പ്. ഡുംഗെ പരിശീലിപ്പിച്ച ബ്രസീല്‍ സംഘത്തില്‍ കക്കയോടൊപ്പം ഫാബിയാനോ, റോബിഞ്ഞോ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാമുണ്ടായിരുന്നു. ഒരു മല്‍സരത്തിലും ബ്രസീലിന് തോല്‍വി പിണഞ്ഞിരുന്നില്ല. എല്ലാ മല്‍സരങ്ങളിലും ടീമിന്റെ കരുത്തായി നില കൊണ്ടത് മറ്റാരുമായിരുന്നില്ല. ഈ മികവിനാണ് ചാമ്പ്യന്‍ഷിപ്പിലെ താരമായി 28 കാരന്‍ തെരഞ്ഞെടുക്കപ്പെട്ടത്. 2007 ല്‍ ഫിഫ വേള്‍ഡ് ഫുട്‌ബോളര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കക്കക്ക് ലോക സോക്കറില്‍ നല്ല കാലമായിരുന്നു. 2002 ല്‍ ഏഷ്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോകകപ്പിലും 2006 ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പിലും പന്ത് തട്ടിയ കക്കക്ക് ഇത് വരെ ഫിഫയുടെ വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ പേരിനൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. 2002 ലെ ലോകകപ്പില്‍ അരങ്ങേറ്റക്കാരനായിരുന്നു കക്ക. റൊണാള്‍ഡോയും റിവാള്‍ഡോയുമെല്ലാം കത്തിനിന്ന ആ ലോകകപ്പില്‍ ബ്രസീല്‍ കിരീടം സ്വന്തമാക്കിയെങ്കിലും കക്കയുടെ പേര് ഉയര്‍ന്നിരുന്നില്ല. കഴിഞ്ഞ ലോകകപ്പില്‍ ബ്രസീല്‍ നിരാശയാണ് സമ്മാനിച്ചിരുന്നത്. അതിനാല്‍ തന്നെ കക്കയുടെ പേര് ലോക വേദികളില്‍ ഉയര്‍ന്നില്ല.
കോണ്‍ഫെഡറേഷന്‍ കപ്പിലാണ് തന്റെ മൂല്യം ഉയര്‍ത്താന്‍ റെക്കാര്‍ഡോ ഇസോണ്‍ ഡോസ് സാന്‍ഡോസ് ലീറ്റെ എന്ന കക്കക്ക് കഴിഞ്ഞത്. അമേരികക്കെതിരായ ഫൈനലിലായിരുന്നു കക്കയുടെ ലോകോത്തര മികവ് പകല്‍ പോലെ വ്യക്തമായത്. ആദ്യ പകുതിയില്‍ അമേരിക്ക രണ്ട് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ കക്കയെ പോലുളള അനുഭവസമ്പന്നരാണ് പതറാതെ പിടിച്ചുനിന്നത്. രണ്ടാം പകുതിയില്‍ ടീമിന് ഉണര്‍വ് നല്‍കിയത് കക്കയായിരുന്നു.
ബ്രസീലിന്റെ പത്താം നമ്പറില്‍ നിരവധി ലോകോത്തര താരങ്ങള്‍ കളിച്ചിട്ടുണ്ട്. പെലെയും സിക്കോയും റിവാള്‍ഡോയുമെല്ലാം നേടിയ പ്രശസ്‌തിക്കൊപ്പമുയരണമെങ്കില്‍ കക്കക്ക് അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ മിന്നി തിളങ്ങാന്‍ കഴിയണം.
ബ്രസീല്‍ ടീം ഇപ്പോള്‍ ഏറ്റവും ഫോമിലാണ് നില്‍ക്കുന്നതെന്നാണ് കക്കയുടെ ഭാഷ്യം. അമേരിക്കക്കെതിരാ ഫൈനലില്‍ രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷം മൂന്ന് ഗോളുകളുമായി തിരിച്ചുവരാന്‍ ബ്രസീലിനെ പോലെ ഒരു ടീമിന് മാത്രമാണ് കഴിയുക. വ്യക്തിഗത മികവിനൊപ്പം ടീമെന്ന നിലയില്‍ എല്ലാവരും സ്വന്തം ഉത്തരവാദിത്ത്വം ഭംഗിയാക്കുന്നു. ഫൈനലില്‍ ടീമിന്റെ വിജയ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത് നായകനായ ലൂസിയോയായിരുന്നു. ആദ്യ രണ്ട് ഗോളുകള്‍ ഫാബിയാനോയും കരസ്ഥമാക്കി. എല്ലാവരും ടീമിന്റെ ആവശ്യത്തിനനുസരിച്ച് കളിക്കുന്നത് കൊണ്ടാണ് ഈ നേട്ടം. കോണ്‍ഫെഡറേഷന്‍ കപ്പിലെ മികവ് അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കക്ക കരുതുന്നത്. 2005 ല്‍ നടന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയത് ബ്രസീലായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ ടീം നിരാശപ്പെടുത്തിയെന്നത് സത്യം. ഇത്തവണ നല്ല ഒരു കൂട്ടം താരങ്ങളാണ് ടീമിലുളളത്. എല്ലാവര്‍ക്കും സ്വന്തമായ സംഭാവനകള്‍ ടീമിന് നല്‍കാനാവും. ആന്ദ്രെ സാന്‍ഡോസ്, റാമിറസ്, ഫെലിപെ മെലോ, അലക്‌സാണ്ടറോ പാറ്റോ എന്നിവര്‍ ടീമിലെ പുതുമുഖങ്ങളാണ്. പക്ഷേ പുതുമുഖങ്ങളുടെ പരിഭ്രമങ്ങളൊന്നും അവര്‍ പ്രകടിപ്പിച്ചില്ല. അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ ഇതേ ടീമിനെ തന്നെ അവതരിപ്പിക്കുന്നതിനോട് കക്കക്ക് എതിര്‍പ്പില്ല. ലോകകപ്പ് ഒരു വര്‍ഷം അകലെയാണ്. ആ സമയമാവുമ്പോഴേക്കും കൂടുതല്‍ യുവതാരങ്ങള്‍ രംഗത്ത് വന്നാല്‍ അല്‍ഭുതപ്പെടാനില്ലെന്നും കക്ക പറഞ്ഞു.
വീനസ് സെമിയില്‍
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം നിലനിര്‍ത്താന്‍ വീനസ് വില്ല്യംസിന് ഇനി ആവശ്യം രണ്ട് വിജയങ്ങള്‍ കൂടി. ആറാം വിംബിള്‍ഡണ്‍ കിരീടത്തിനായി കളിക്കുന്ന വീനസ് ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ അധികമറിയിയപ്പെടാത്ത പ്രതിയോഗി ആഗനിസ്‌ക റാഡ് വാന്‍സ്‌ക്കയെ പരാജയപ്പെടുത്തി. സ്‌ക്കോര്‍ 6-1, 6-2. കാല്‍മുട്ടില്‍ പരുക്കുണ്ടായിട്ടും അതിവേഗതയില്‍ കളിച്ച അമേരിക്കന്‍ താരത്തിന് മുന്നില്‍ പ്രതിയോഗിക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment