സൗദി അല്ലെങ്കില്‍ കൊറിയ
റിയാദ്: ദക്ഷിണാഫ്രിക്കയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌് ഫൈനല്‍ റൗണ്ടില്‍ ഏഷ്യയില്‍ നിന്നും ബെര്‍ത്ത്‌് സ്വന്തമാക്കുന്ന നാലാമത്തെ ടീം ആരാണെന്ന് ഇന്നറിയാം. ഓസ്‌ട്രേലിയയും ജപ്പാനും ദക്ഷിണ കൊറിയയും സീറ്റ് സ്വന്തമാക്കിയിരിക്കെ ഗ്രൂപ്പ്‌് ബിയില്‍ നിന്നും മൂന്ന്‌് ടീമുകളാണ് ടിക്കറ്റിനായി ഇന്ന് മരണപ്പോരാട്ടത്തിനിറങ്ങുന്നത്.
റിയാദില്‍ കളിക്കുന്ന സൗദി അറേബ്യക്കും ഉത്തര കൊറിയക്കുമാണ് ഓപ്പണ്‍ സാധ്യതയുള്ളത്. ഈ മല്‍സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനവുമായി ഫൈനല്‍ റൗണ്ട് കളിക്കാം. ഈ മല്‍സരം സമനിലയില്‍ പിരിഞ്ഞാല്‍ ഇറാന് നേരിയ സാധ്യതയുണ്ട്. സോളില്‍ നടക്കുന്ന മല്‍സരത്തില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിക്കാനായാല്‍ ഇറാന് ടിക്കറ്റ് നേടാം. മറ്റൊരു സാധ്യത നിലനില്‍ക്കുന്നത് ബഹറൈനാണ്. ഗ്രൂപ്പ് എയില്‍ നിലവില്‍ അവര്‍ മൂന്നാമതാണ്. ഇന്ന് ഉസ്‌ബെക്കിസ്ഥാനാണ് അവരുടെ എതിരാളികള്‍. ഈ മല്‍സരത്തില്‍ സമനില സ്വന്തമാക്കാനായല്‍ ബഹറൈന് മൂന്നാം സ്ഥാനം നിലനിര്‍ത്തി പ്ലേ ഓഫ് യോഗ്യത നേടാം.
റിയാദില്‍ സൗദിക്ക് ജയത്തില്‍ കുറഞ്ഞതൊന്നും തുണയാവില്ല. ഉത്തര കൊറിയക്കെതിരായ ആദ്യപാദ മല്‍സരത്തില്‍ ഒരു ഗോളിന്റെ തോല്‍വി പിണഞ്ഞ സൗദി ഗോള്‍ ശാശരിയിലും പിറകിലാണ്. ജയിച്ചാല്‍ സൗദിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. നേരിട്ട് ലോകകപ്പ്‌് കളിക്കാം. സ്വന്തം മൈതാനത്ത് കളിക്കുമ്പോഴും ടീമിനെ അലട്ടുന്ന പ്രശ്‌നം ഫോമിലുള്ള അബ്ദു അത്തീഫ്, അഹമ്മദ് അത്തീഫ് എന്നീ സഹോദരന്മാരുടെ അസാന്നിദ്ധ്യമാണ്. അബ്ദു അത്തീഫിന് പരുക്ക് കാരണം കളിക്കാന്‍ കഴിയില്ല. അഹമ്മദ് അത്തീഫാകട്ടെ സസ്‌പെന്‍ഷനിലും. കഴിഞ്ഞ മല്‍സരങ്ങളില്‍ പ്രതീക്ഷിച്ച നിലവാരത്തില്‍ കളിക്കാന്‍ സൗദിക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ സ്വന്തം മൈതാനത്ത് നടക്കുന്ന മല്‍സരങ്ങളാവുമ്പോള്‍ അവര്‍ നിലവാരം കാക്കാറുണ്ട്. ആക്രമിച്ച് കളിക്കുന്നവരാണ് കൊറിയക്കാര്‍. സ്വന്തം മൈതാനത്ത് കളിക്കുന്ന സൗദിക്ക് സമ്മര്‍ദ്ദമുണ്ടെന്ന സത്യത്തില്‍ കൊറിയക്കാര്‍ കടന്നാക്രമണത്തിന് മുതിര്‍ന്നാല്‍ അത് സൗദി ഗെയിം പ്ലാനിനെ ബാധിക്കും.
സോളിലെ ലോകകപ്പ് സ്‌റ്റേഡിയത്തിലാണ് ഇന്ന് ഇറാന്‍ കളിക്കുന്നത്. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ ഇറാന് രണ്ട് സാധ്യതകളുണ്ട്. സൗദി- ഉ.കൊറിയ മല്‍സരം സമനിലയിലായാല്‍ ഓട്ടോമാറ്റിക് ഫൈനല്‍ റൗണ്ട് ബെര്‍ത്ത് സ്വന്തമാക്കാം. അല്ലെങ്കില്‍ മികച്ച മൂന്നാം സ്ഥാനക്കാര്‍ എന്ന ടിക്കറ്റില്‍ പ്ലേ ഓഫ് സാധ്യതയുമുണ്ട്. ദ.കൊറിയക്കാരെ ഇത് വരെ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ തോല്‍പ്പിക്കാന്‍ ആര്‍ക്കുമായിട്ടില്ല. അപരാജിതരായി മുന്നേറുന്ന അവര്‍ ഇന്ന് സ്വന്തം മൈതാനത്താണ് കളിക്കുന്നത്. അതിനാല്‍ തന്നെ കാര്യങ്ങള്‍ എളുപ്പമല്ലെന്ന സത്യം ഇറാന്‍ കോച്ച് അഫ്‌ഷിന്‍ ഗോതാബി തിരിച്ചറിയുന്നു. ഇറാന്‍ ടീമിന് സമീപകാല മല്‍സരങ്ങള്‍ ദുരന്തങ്ങളായിരുന്നു. ടീമിലെ പ്രശ്‌നങ്ങളില്‍ അലി ദായി്‌ക് പരിശീലക സ്ഥാനം നഷ്‌ടമായി. ഗോതാബി കഴിഞ്ഞ എട്ട് വര്‍ഷമായി കൊറിയന്‍ ഫുട്‌ബോളിലുളള പരിശീലകനാണ്. അദ്ദേഹത്തിന് കൊറിയന്‍ തന്ത്രങ്ങളെക്കുറിച്ചറിയാം. ഇത് നേട്ടമാക്കാനാണ് ഇറാന്‍ ആഗ്രഹിക്കുന്നത്. ഫൈനല്‍ ബെര്‍ത്ത് ഇതിനകം സ്വന്തമാക്കിയെങ്കിലും ഇന്ന് നടക്കുന്ന യോഗ്യതാ മല്‍സരത്തില്‍ ഒരു കാരുണ്യവും തന്റെ ടീമില്‍ നിന്ന് പ്രതീക്ഷിക്കരുതെന്ന ശക്തമായ മുന്നറിയിപ്പാണ് കൊറിയന്‍ കോച്ച് ഹുംഗ് ജുംഗ് മൂ എതിരാളികള്‍ക്ക് നല്‍കിയിരിക്കുന്നത്.
മനാമയിലാണ് ബഹറൈന്‍ ഉസ്‌ബെക്കുകാരുമായി കളിക്കുന്നത്. 2006 ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പിലേക്കുളള യോഗ്യതാ മല്‍സരങ്ങളില്‍ ഉസ്‌ബെക്കുകാരെ തോല്‍പ്പിച്ച റെക്കോര്‍ഡ് ബഹറൈനുണ്ട്. പക്ഷേ സമ്മര്‍ദ്ദ സാഹചര്യങ്ങളെ അതിജയിക്കാന്‍ സ്വന്തം മൈതാനത്ത് ഏറ്റവും മികച്ച പ്രകടനം തന്നെ ടീം നടത്തേണ്ടി വരും. സിഡ്‌നിയില്‍ തുല്യ ശക്തികളുടെ തകര്‍പ്പന്‍ പോരാട്ടമുണ്ട്. ഇതിനകം ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയവരായ ഓസ്‌ട്രേലിയയും ജപ്പാനും നേര്‍ക്കുനേര്‍. രണ്ട് ടീമുകള്‍ക്കും സമ്മര്‍ദ്ദമില്ല. പക്ഷേ തോല്‍വി ഇരുവര്‍ക്കും സഹിക്കാനുമാവില്ല. 17 തവണ ഇരുവരും മുഖാമുഖം വന്നിട്ടുണ്ട്. ഇതില്‍ ആറ്‌് മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയയാണ് ജയിച്ചത്.
ടോറസും സംഘവും ലോക റെക്കോര്‍ഡിന്
ബ്ലോംഫോണ്‍ടെയിന്‍: ന്യൂസിലാന്‍ഡിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ രാജകീയ അരങ്ങേറ്റം നടത്തിയ സ്‌പെയിന്‍ ഇന്ന് ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ ഏഷ്യന്‍ പ്രതിനിധികളായ ഇറാഖുമായി കളിക്കുന്നത്‌് മൂന്ന് ലക്ഷ്യത്തില്‍. ജയിച്ചാല്‍ സെമിഫൈനല്‍ ബെര്‍ത്ത് മാത്രമല്ല ടീമിന് സ്വന്തമാക്കാനാവുക, തുടര്‍ച്ചയായ രാജ്യാന്തര വിജയങ്ങളുടെ കാര്യത്തില്‍ ഓസ്‌ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ് എന്നിവര്‍ക്കൊപ്പമെത്താം, അപരാജിത മല്‍സര റെക്കോര്‍ഡിന്റെ കാര്യത്തില്‍ ബ്രസീലിനൊപ്പം റെക്കോര്‍ഡ് പങ്കിടാം. ഫെര്‍ണാണ്ടോ ടോറസിന്റെ അതിവേഗ ഹാട്രിക്കില്‍ തകര്‍പ്പന്‍ ഫോമിലാണ് സ്‌പെയിന്‍. ലോകോത്തര താരങ്ങളാണ് അവരുടെ നിരയിലുളളത്. അതിനാല്‍ ഇറാഖിനെ തോല്‍പ്പിക്കാന്‍ പ്രയാസമുണ്ടാവില്ല. ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത് വഴി ഇറാഖിന് ഒരു പോയന്റുണ്ട്. തുടര്‍ച്ചയായി പതിനാല് വിജയങ്ങളുമായി 1996-97 സീസണില്‍ ഓസ്‌ട്രേലിയയും 2003-04 സീസണില്‍ ഫ്രാന്‍സും 1997 ല്‍ ബ്രസീലും സ്വന്തമാക്കിയ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ ഇന്ന് ജയിച്ചാല്‍ സ്‌പെയിനിന് കഴിയും. ന്യൂസിലാന്‍ഡിനെതിരെ കോണ്‍ഫെഡറേഷന്‍ കപ്പില്‍ അവര്‍ നേടിയത് തുടര്‍ച്ചയായ പതിമൂന്നാമത് രാജ്യാന്തര വിജയമാണ്. കഴിഞ്ഞ 34 മല്‍സരങ്ങളില്‍ സ്‌പെയിന്‍ പരാജയമറിഞ്ഞിട്ടില്ല. ഇന്നത്തെ മല്‍സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ഈ കാര്യത്തിലും സ്‌പെയിനിന് റെക്കോര്‍ഡ് സ്വന്തമാക്കാം. തുടര്‍ച്ചയായി 35 മല്‍സരങ്ങളില്‍ പരാജയം അറിയാത്തവരായി ബ്രസീല്‍ കാത്ത റെക്കോര്‍ഡ് 1993-1996 കാലത്തുണ്ട്. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പാനിഷ് സംഘത്തില്‍ യൂറോപ്പിലെ വിവിധ ക്ലബുകളില്‍ കളിക്കുന്ന സൂപ്പര്‍ താരങ്ങളാണുളളത്. അവരെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന സത്യം വ്യക്തമാക്കുന്ന ഇറാഖിന്റെ മധ്യനിരക്കാരന്‍ നഷാത് അക്രം തന്റെ ടീമിന് സ്‌പെയിനുമായി കളിക്കാന്‍ ലഭിക്കുന്ന അവസരം തന്നെ വലിയ ഭാഗ്യമായാണ് കരുതുന്നത്.
റൂസ്‌റ്റന്‍ബര്‍്‌്‌ഗ്ഗില്‍ വെച്ച് ന്യൂസിലാന്‍ഡുമായി കളിക്കുന്ന ദക്ഷിണാഫ്രിക്കക്കാര്‍ സമ്മര്‍ദ്ദത്തിലാണ്. ഇറാഖിനെതിരായ ആദ്യ മല്‍സരത്തില്‍ നെഗറ്റീവ് സമീപനം സ്വീകരിച്ചതിന്റെ പേരില്‍ ടീം വിമര്‍ശന കയത്തിലാണ്. ബ്രസീലുകാരനായ ടീം കോച്ച് ജോയല്‍ സന്‍ഡാനക്കെതിരെയാണ് മാധ്യമങ്ങള്‍. ഇന്ന് മൂന്ന് പോയന്റാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കുക എളുപ്പമല്ലെങ്കിലും ഏറ്റവും മികച്ച പ്രകടനമാണ് കോച്ച്‌് വാഗ്‌ദാനം ചെയ്യുന്നത്.
ക്യാപ്‌റ്റന് പിറകെ കോച്ചും
ലോര്‍ഡ്‌സ്: ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ് ധോണി ആരാധകരോട് മാപ്പ് പറഞ്ഞതിന് പിറകെ കോച്ച് ഗാരി കിര്‍സ്‌റ്റണും കുറ്റസമ്മതം നടത്തുന്നു. ലോകകപ്പില്‍ നിന്ന് സെമിഫൈനല്‍ കാണാതെ ഇന്ത്യ പുറത്താവാന്‍ കാരമം തിരക്കിട്ട മല്‍സര ഷെഡ്യൂളുകളും താരങ്ങളുടെ ക്ഷീണവുമാണെന്നാണ് കോച്ചിന്റെ പക്ഷം. ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക് ശേഷം വിശ്രമം ലഭിക്കാതെയാണ് താരങ്ങള്‍ ലോകകപ്പിന് എത്തിയത്. പലര്‍ക്കും പരുക്കുണ്ടായിരുന്നു. പരുക്കില്‍ നിന്ന് മുക്തരാവാന്‍ ആര്‍ക്കും സമയം ലഭിച്ചില്ല. രാജ്യാന്തര മല്‍സരങ്ങള്‍ക്ക് ഒരുങ്ങുമ്പോള്‍ താരങ്ങളുടെ ആരോഗ്യവും ശാരീരിക ക്ഷമതയും ഉയര്‍ന്ന തരത്തിലായിരിക്കണം. എന്നാല്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ തളര്‍ത്തിയിരുന്നു. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ അത്യാവേശത്തോടെയാണ് ഇന്ത്യ കളിച്ചത്. ലോകകപ്പില്‍ ആ ആവേശമുണ്ടായിരുന്നില്ല.ശാരീരിക ക്ഷീണം മാത്രമല്ല മാനസികമായും വലിയ മല്‍സരങ്ങള്‍ക്കായുളള അഭിനിവേശം പലരിലുമുണ്ടായിരുന്നില്ല. ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടില്‍ ലോകകപ്പിനെത്തിയപ്പോള്‍ തുടര്‍ച്ചയായി രണ്ട് സന്നാഹ മല്‍സരങ്ങള്‍ കളിച്ചു. ജനുവരി മുതല്‍ ടീം നോണ്‍ സ്‌റ്റോപ്പ്‌് കളി തുടരുകയായിരുന്നു. പാക്കിസ്‌താന്‍ പര്യടനം റദ്ദാക്കിയതിനെ തുടര്‍ന്ന് ശ്രീലങ്കക്കെതിരെ അഞ്ച് മല്‍സര ഏകദിന പരമ്പരയിലും ഒരു 20-20 മല്‍സരത്തിലും കളിച്ചു. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ രണ്ട് 20-20 മല്‍സരങ്ങളും അഞ്ച് ഏകദിനങ്ങളും മൂന്ന്‌് ടെസ്റ്റുകളും കളിച്ചു. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്‌റ്റിന് ശേഷം പതിനൊന്ന് ദിവസങ്ങള്‍ക്കിടെയാണ് ഐ.പി.എല്‍ തുടങ്ങിയത്. ഐ.പി.എല്ലില്‍ തുടര്‍ച്ചയായ മല്‍സരങ്ങളായിരുന്നു. ഇന്ത്യന്‍ സംഘത്തിലെ എല്ലാവരും വിവിധ ടീമുകള്‍ക്കായി മല്‍സര രംഗത്തുണ്ടായിരുന്നു. ഐ.പി.എല്ലില്‍ നിന്നും നേരിട്ട് ഇംഗ്ലണ്ടില്‍ വന്നപ്പോള്‍ താരങ്ങള്‍ക്ക് നെറ്റ് പ്രാക്ടീസ് നിര്‍ബന്ധമാക്കിയിരുന്നില്ല.
തിരക്കേറിയ ഷെഡ്യൂള്‍ പരാജയത്തിനുള്ള മറുപടിയല്ല. പക്ഷേ താരങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യം വളരെ പ്രധാന ഘടകമാണെന്ന് കിര്‍സ്റ്റണ്‍ പറഞ്ഞു. 2010 ല്‍ വിന്‍ഡീസില്‍ നക്കുന്ന ലോകകപ്പിന് മുന്നോടിയായി വിശ്രമം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഗൗരവതര ചിന്ത വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ ടീമിന്റെ അടുത്ത ഷെഡ്യൂള്‍ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയാണ്. ഈ പരമ്പരയില്‍ പുതിയ കരുത്തോടെയായിരിക്കും ഇന്ത്യ കളിക്കുകയെന്നും കിര്‍സ്‌റ്റണ്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെ മഴ ചതിച്ചു
ഓവല്‍: ഇന്ത്യയെ തോല്‍പ്പിച്ച് സെമി ഫൈനല്‍ ടിക്കറ്റിനായി വിന്‍ഡീസിനെ എതിരിട്ട ഇംഗ്ലണ്ടിനെ മഴയാണ് ചതിച്ചതെന്ന് ക്യാപ്‌റ്റന്‍ പോള്‍ കോളിംഗ്‌വുഡ്. മഴ മൂലം ഓവറുകള്‍ വെട്ടിചുരുക്കപ്പെട്ട നിര്‍ണ്ണായക മല്‍സരത്തില്‍ വിന്‍ഡീസിന് മുന്നില്‍ അഞ്ച് വിക്കറ്റിന് തോറ്റാണ് ഇംഗ്ലണ്ട് പുറത്തായത്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 20 ഓവറില്‍ 163 റണ്‍സാണ് നേടിയത്. ഇംഗ്ലീഷ് ഇന്നിംഗ്‌സ് മഴ കാരണം അരമണിക്കൂറോളം മുടങ്ങിയിരുന്നു. വിന്‍ഡീസ് ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ വീണ്ടും മഴ വന്നു. ഇതോടെ വിജയലക്ഷ്യം ഒന്‍പത് ഓവറില്‍ 80 റണ്‍സാക്കി മാറ്റി. ഈ ലക്ഷ്യത്തിലേക്കുളള യാത്രയില്‍ ക്രിസ് ഗെയില്‍, ഡ്വിന്‍ ബ്രാവോ തുടങ്ങിയവരുള്‍പ്പെടെയുളള മുന്‍നിരക്കാരായ അഞ്ച് പേരെ കേവലം 45 റണ്‍സിനിടെ വിന്‍ഡീസിന് നഷ്‌ടമായിരുന്നു. പക്ഷേ മാന്‍ ഓഫ് ദ മാച്ച് രാം നരേഷ് സര്‍വനും, അനുഭവ സമ്പന്നനായ ശിവനാരായണ്‍ ചന്ദര്‍പോളും തമ്മില്‍ 18 പന്തില്‍ നേടിയ 37 റണ്‍സ് ടീമിനെ തുണച്ചു.
20 ഓവറും മല്‍സരം നടന്നിരുന്നെങ്കില്‍ തീര്‍ച്ചയായും ഇംഗ്ലണ്ടിന് മല്‍സരം ജയിക്കാന്‍ കഴിയുമായിരുന്നെന്ന് കോളിംഗ്‌വുഡ് പറഞ്ഞു. മഴ നിയമം കാരണം പെട്ടെന്ന് ഓവറുകള്‍ വെട്ടിചൂരുക്കി വിജയലക്ഷ്യം പുതുതായി നിശ്ചയിക്കുമ്പോള്‍ അതിനൊപ്പം എളുപ്പത്തില്‍ മുന്നേറാന്‍ കഴിയില്ലെന്ന് ക്യാപ്‌റ്റന്‍ പറഞ്ഞു. മഴ നിയമത്തെ കുറ്റം പറാന്‍ കഴിയില്ലെങ്കിലും മല്‍സരം മുഴുവന്‍ ഓവറും കളിച്ചിരുന്നെങ്കില്‍ തന്റെ ടീമിനായിരുന്നു വ്യക്തമായ സാധ്യതയെന്ന് ഇംഗ്ലീഷ് കോച്ച് ആന്‍ഡി ഫ്‌ളവര്‍ പറഞ്ഞു. പാക്കിസ്‌താന്‍, ഇന്ത്യ എന്നിവര്‍ക്കെതിരായ മല്‍സരവിജയങ്ങള്‍ ടീമിന് കരുത്തായിട്ടുണ്ടെന്ന് ചാമ്പ്യന്‍ഷിപ്പിലെ നേട്ടങ്ങളെക്കുറിച്ചുളള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അനുഭവസമ്പത്താണ് അന്തിമ ഘട്ടത്തില്‍ വിന്‍ഡീസിന് വിജയം നല്‍കിയതെന്ന് രാം നരേഷ് സര്‍വന്‍ പറഞ്ഞു.
ക്രിക്കറ്റ്
ട്രെന്‍ഡ്‌ബ്രിഡ്‌ജ്: ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കയെ 158 ല്‍ എത്തിച്ചത് ഓപ്പണറായ തിലകരത്‌നെ ദില്‍ഷാന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. 36 പന്തില്‍ നിന്നം 48 റണ്‍സ് സ്വന്തമാക്കിയ ദില്‍ഷാന് പുറത്താവാതെ 41 റണ്‍സ് നേടിയ മഹേല ജയവര്‍ദ്ധനെ ഉറച്ച പിന്തുണ നല്‍കി. സെമിയില്‍ കളിക്കാന്‍ വലിയ വിജയം ആവശ്യമായ ന്യൂസിലാന്‍ഡിന് മുന്നില്‍ ബ്രെന്‍ഡന്‍ മക്കലം, റോസ് ടെയ്‌ലര്‍ എന്നിവരുടെ പരുക്ക് പ്രശ്‌നമായി ഉണ്ടായിരുന്നു. എന്നാല്‍ നിര്‍ണ്ണായക മല്‍സരമായതിനാല്‍ ഇരുവരെയും ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. ലങ്കയുടെ അപകടകാരികളായ ഓപ്പണിംഗ് ജോഡിയെ അതിവേഗം തകര്‍ക്കുക എന്നതായിരുന്നു വെട്ടോരിയുടെ പ്ലാന്‍. ഇതിനായി അദ്ദേഹം പുതിയ പന്ത് സ്‌പിന്നര്‍ നതാന്‍ മക്കലത്തിനാണ് കൊടുത്തത്. ഈ നീക്കം ഫലം ചെയ്‌തു. സനത് ജയസൂര്യ ആദ്യ ഓവറില്‍ തന്നെ കൂടാരം കയറി. സ്വീപ്പ് ഷോട്ടിന് ശ്രമിച്ച വെറ്ററന്‍ താരത്തിന് ആകെ പിഴച്ചു. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡില്‍ കേവലം മൂന്ന് റണ്‍ മാത്രം. ബാറ്റിംഗ് ഓര്‍ഡറില്‍ പ്രൊമോഷന്‍ ലഭിച്ച ചമര സില്‍വയാണ് മൂന്നാം നമ്പറില്‍ വന്നത്. പക്ഷേ കൈല്‍ മില്‍സിന്റെ പന്തില്‍ സില്‍വയും വേഗം മടങ്ങി.
ഇവിടെ നിന്നുമാണ് ദില്‍ഷാനൊപ്പം നായകന്‍ സങ്കകാര ചേര്‍ന്നത്. മൂന്നാം വിക്കറ്റില്‍ ഈ സഖ്യം വിലപ്പെട്ട 62 റണ്‍സ് സ്വന്തമാക്കി. ഇയാന്‍ ബട്‌ലര്‍ക്കെതിരെ തുടര്‍ച്ചയായ ഫോറുകളില്‍ ആരംഭിച്ച സങ്ക നല്ല ഫോമിലായിരുന്നു. പവര്‍ പ്ലേ ഓവറുകള്‍ സമാപിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 51 റണ്‍സായിരുന്നു ലങ്കന്‍ സ്‌ക്കോര്‍. ആക്രമണത്തിന് വെട്ടോരി വന്നപ്പോഴാണ് ദില്‍ഷാന്‍ പുറത്തായത്.
പകരമെത്തിയ മഹേല കഴിഞ്ഞ മല്‍സരത്തില്‍ നിര്‍ത്തിയിടത്ത്‌് നിന്നാണ് ആരംഭിച്ചത്. 29 പന്തില്‍ നിന്ന് 41 വിലപ്പെട്ട റണ്‍സ് അദ്ദേഹം നേടി.
No comments:
Post a Comment