Monday, June 22, 2009

PAK GLORY




അഭിമാനത്തോടെ യൂനസ്‌ വിരമിച്ചു
ലോര്‍ഡ്‌സ്‌: ലോകകപ്പ്‌ സ്വന്തമാക്കി മണിക്കൂറുകള്‍ കഴിയും മുമ്പ്‌ പാക്കിസ്‌താന്‍ നായകന്‍ യൂനസ്‌ഖാന്‍ 20-20 ക്രിക്കറ്റിനോട്‌ വിടപറഞ്ഞു. 34 വയസ്സായ തനിക്ക്‌ യോജിച്ചതല്ല 20-20 ഫോര്‍മാറ്റെന്നും അത്‌ കൊണ്ടാണ്‌ കുഞ്ഞന്‍ ക്രിക്കറ്റിനോട്‌ വിട ചോദിക്കുന്നതെന്നും ലോകകപ്പ്‌ സ്വന്തമാക്കിയതിന്‌ ശേഷം നടത്തിയ മാധ്യമ സമ്മേളനത്തില്‍ യൂനസ്‌ പറഞ്ഞു. ഇനി പാക്കിസ്‌താന്‌ വേണ്ടി 20-20 ക്രിക്കറ്റ്‌ കളിക്കാന്‍ യൂനസുണ്ടാവില്ല. കൂടുതല്‍ യുവതാരങ്ങള്‍ രംഗത്ത്‌ വരുന്ന സാഹചര്യത്തില്‍ സീനിയര്‍ താരങ്ങള്‍ വഴി മാറേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഇഷ്ടതാരമായ ഇമ്രാന്‍ഖാന്റെ വഴിയാണ്‌ യൂനസ്‌ തെരഞ്ഞെടുത്തത്‌. 1992 ലെ ലോകകപ്പ്‌ നേട്ടത്തിന്‌ ശേഷം അന്നത്തെ പാക്കിസ്‌താന്‍ ടീമിന്റെ നായകനായ ഇമ്രാന്‍ ഏകദിന ക്രിക്കറ്റിനോട്‌ വിടപറഞ്ഞിരുന്നു. അത്‌ പോലെയാണ്‌ ലോകകപ്പ്‌ നേട്ടത്തിന്‌ ശേഷം യൂനസ്‌ 20-20 യോട്‌ വിടപറഞ്ഞിരിക്കുന്നത്‌.
മറ്റൊരു ഖാനിലൂടെ പാക്കിസ്‌താന്‌ മറ്റൊരു ലോകകപ്പ്‌ സമ്മാനിക്കാന്‍ കഴിഞ്ഞതിലെ ചാരിതാര്‍ത്ഥ്യം യൂനസ്‌ മറച്ചുവെച്ചില്ല. എന്റെ സ്വപ്‌നമാണ്‌ സഫലമായത്‌. ഒരു ലോകകപ്പ്‌ ഉയര്‍ത്താന്‍ ഏറെ മോഹിച്ചിരുന്നു. 1992 ല്‍ ലോകകപ്പ്‌ സ്വന്തമാക്കിയ ടീമിനെ പോലെ ഒരു ലോകോത്തര ടീമില്‍ അംഗമായി ക്രിക്കറ്റ്‌ ലോകം എന്നെ ഓര്‍മ്മിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അത്‌ സത്യമായി.

കപ്പ്‌ വൂള്‍മര്‍ക്ക്‌
ലോര്‍ഡ്‌സ്‌: പാക്കിസ്‌താനും ക്യാപ്‌റ്റന്‍ യൂനസ്‌ഖാനും കൊല്ലപ്പെട്ട കോച്ച്‌ ബോബ്‌ വൂള്‍മറെ മറന്നില്ല. 2007 ല്‍ വിന്‍ഡീസില്‍ നടന്ന ലോകകപ്പിനിടെ ദൂരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട അന്നത്തെ പാക്കിസ്‌താന്‍ കോച്ചായിരുന്ന വൂള്‍മര്‍ക്കാണ്‌ പാക്കിസ്‌താന്‍ 20-20 ലോകകപ്പ്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. തനിക്കും പാക്കിസ്‌താന്‍ ടീമിനും വൂള്‍മറെ ഒരിക്കലും മറക്കാനാവില്ലെന്ന്‌ യൂനസ്‌ഖാന്‍ പറഞ്ഞു. പാക്കിസ്‌താന്‍ ക്രിക്കറ്റിന്‌ പിതൃതുല്യനായിരുന്നു വൂള്‍മര്‍. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ടീമിന്‌ നല്‍കിയ കരുത്ത്‌ ചെറുതായിരുന്നില്ല. പാക്കിസ്‌താന്‍ ടീമിന്റെ അടുത്ത നായകന്‍ യൂനസ്‌ഖാനായിരിക്കണമെന്ന്‌ സെലക്ടര്‍മാരോടും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനോടും അന്നേ വൂള്‍മര്‍ പറഞ്ഞതായും ക്യാപ്‌റ്റന്‍ പറഞ്ഞു.

പ്ലീസ്‌....
ലോകത്തോട്‌ പാക്കിസ്‌താന്‍
ലോര്‍ഡ്‌സ്‌: ലോകകപ്പ്‌ ഞങ്ങള്‍ സ്വന്തമാക്കിയില്ലേ.., ഇനിയെങ്കിലും നിങ്ങളെല്ലാം ഞങ്ങളുടെ നാട്ടിലേക്ക്‌ വരുക-പാക്കിസ്‌താന്‍ നായകന്‍ യൂനസ്‌ഖാന്റെ അഭ്യര്‍ത്ഥന ക്രിക്കറ്റ്‌ രാജ്യങ്ങളോടാണ്‌. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ്‌ ലോക ക്രിക്കറ്റില്‍ നിന്നും പാക്കിസ്‌താനെ ഒറ്റപ്പെടുത്തുന്ന ക്രിക്കറ്റ്‌ രാജ്യങ്ങളോട്‌ വളരെ ദയനീയമായാണ്‌ യൂനസിന്റെ ക്ഷണം. പാക്കിസ്‌താനിപ്പോള്‍ 20-20 ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരാണ്‌. ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ നാട്ടില്‍ ക്രിക്കറ്റ്‌ വളര്‍ത്തണമെങ്കില്‍ എല്ലാവരും അങ്ങോട്ട്‌ വരണം. എന്റെ നാട്ടില്‍ എല്ലാ ഭദ്രമാണെന്ന്‌ ഞാന്‍ പറയില്ല. പക്ഷേ അത്‌ ഞങ്ങളുടെ കുഴപ്പം കൊണ്ടല്ല എന്ന്‌ മാത്രം മനസ്സിലാക്കുക-നായകന്റെ വാക്കുകള്‍.
കഴിഞ്ഞ വര്‍ഷത്തെ മുംബൈ സംഭവത്തിന്‌ ശേഷം ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ പാക്കിസ്‌താനിലേക്കുളള യാത്ര റദ്ദാക്കിയിരുന്നു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന്‌ അരികില്‍ വെച്ച്‌ ശ്രീലങ്കന്‍ ടീം സഞ്ചരിച്ച ബസ്സ്‌ തീവ്രവാദികള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളില്‍ എല്ലാവരും പാക്കിസ്‌താനെ വെറുത്തിരുന്നു. 2011 ല്‍ ഏഷ്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ നിന്നും പാക്കിസ്‌താനെ അകറ്റി. ക്രിക്കറ്റ്‌ ലോകത്ത്‌ നിന്ന്‌ ഒറ്റപ്പെട്ട ഘട്ടത്തില്‍ അയല്‍രാജ്യമായ യു.എ.ഇയിലെത്തി കളിക്കേണ്ട അവസ്ഥയിലായിരുന്നു രാജ്യം.
ലോകകപ്പ്‌ സ്വന്തമാക്കിയ രാജ്യമെന്ന നിലയില്‍ പാക്കിസ്‌താനെ ഇനിയെങ്കിലും വിശ്വസിക്കാനാണ്‌ ലോകത്തോട്‌ യൂനസ്‌ പറയുന്നത്‌. ശക്തമായ ക്രിക്കറ്റാണ്‌ പാക്കിസ്‌താന്‍ കാഴ്‌ച്ചവെച്ചത്‌. ലോകകപ്പില്‍ തോല്‍വിയോടെയായിരുന്നു തുടക്കം. പക്ഷേ രണ്ടാം മല്‍സരത്തില്‍ ദുര്‍ബലരാണെങ്കിലും ഹോളണ്ടിനെ ആധികാരികമായി തോല്‍പ്പിച്ചു. സൂപ്പര്‍ എട്ടില്‍ ആദ്യ മല്‍സരത്തില്‍ മികവ്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി. ഈ മല്‍സരമാണ്‌ ശരിക്കും ടീമിന്‌ ഊര്‍ജ്ജമായത്‌. പാക്കിസ്‌താന്‍ ശരിക്കും കറുത്ത കുതിരകളായിരുന്നു. ആരും ഞങ്ങളെ അത്രയങ്ങ്‌ ഭയപ്പെട്ടില്ല. നിര്‍ണ്ണായകമായ രണ്ട്‌ മല്‍സരങ്ങളില്‍ ഷാഹിദ്‌ അഫ്രീദി പ്രകടിപ്പിച്ച കരുത്താണ്‌ ടീമിന്‌ കപ്പ്‌ സമ്മാനിച്ചതെന്നും യൂനസ്‌ പറഞ്ഞു. സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും ഫൈനലില്‍ ശ്രീലങ്കക്കെതിരെയും ഓള്‍റൗണ്ടറായ അഫ്രീദിയാണ്‌ പാക്കിസ്‌താനെ മുന്നോട്ട്‌ നയിച്ചത്‌. രണ്ട്‌ ലോകകപ്പ്‌ ഫൈനലുകളില്‍ ഇതിന്‌ മുമ്പ്‌ താന്‍ കളിച്ചിരുന്നതായി അഫ്രീദി പറഞ്ഞു. 1999 ലെ ഫൈനലിലും 2007 ലെ 20-20 ലോകകപ്പ്‌ ഫൈനലിലും. ഈ രണ്ട്‌ പരാജയങ്ങള്‍ക്ക്‌ ശേഷം വീണ്ടുമൊരു ഫൈനലില്‍ കളിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അത്‌ ഉപയോഗപ്പെടുത്താനായില്ലെങ്കില്‍ ഇനിയൊരവസരം ഉണ്ടാവില്ലെന്ന്‌ കരുതി. ക്യാപ്‌റ്റന്‍ യൂനസ്‌ നല്‍കിയ പിന്തുണയും സഹായിച്ചു. മൂന്നാം നമ്പറില്‍ ബാറ്റ്‌ ചെയ്യാന്‍ അവസരം നല്‍കണമെന്നുള്ള തന്റെ ആവശ്യം ക്യാപ്‌റ്റന്‍ അനുഭാവപൂര്‍ണമാണ്‌ പരിഗണിച്ചതെന്നും അഫ്രീദി വ്യക്തമാക്കി. കഴിഞ്ഞ രണ്ടര വര്‍ഷമായി ഒരു ബൗളര്‍ എന്ന നിലയില്‍ കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കഴിഞ്ഞില്ല. മൂന്നാ നമ്പറില്‍ കളിക്കാന്‍ യൂനസ്‌ അവസരം നല്‍കിയപ്പോള്‍ എന്നില്‍ ക്യാപ്‌റ്റന്‍ പ്രകടിപ്പിച്ച വിശ്വാസം നിലനിര്‍ത്താന്‍ ക്ഷമയോടെ കളിച്ചു. 20-20 ക്രിക്കറ്റെന്നാല്‍ അത്‌ ആസ്വദിക്കാനുളളതാണെന്നും സ്വന്തം ഇഷ്ടപ്രകാരം കളിക്കാമെന്നും ക്യാപ്‌റ്റന്‍ പറഞ്ഞതും ഗുണമായെന്ന്‌ അഫ്രീദി പറഞ്ഞു.

മികച്ച ബൗളിംഗ്‌
ലോര്‍ഡ്‌സ്‌: ലോക ക്രിക്കറ്റില്‍ ഇന്നുള്ളതില്‍ വെച്ചേറ്റവും മികച്ച ബൗളിംഗ്‌ ലൈനപ്പാണ്‌ ശ്രീലങ്കന്‍ ടീമിന്റേതെന്ന്‌ ക്യാപ്‌റ്റന്‍ കുമാര്‍ സങ്കക്കാര. ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക്‌ ശേഷം സംസാരിക്കവെ തന്റെ ബൗളര്‍മാര്‍ നടത്തിയ പ്രകടനവും അവര്‍ പ്രകടിപ്പിച്ച കരുത്തും അപാരമായിരുന്നെന്ന്‌ സങ്ക അഭിപ്രായപ്പെട്ടു. ആദ്യം ബാറ്റ്‌ ചെയ്‌തപ്പോള്‍ ചെറിയ സ്‌ക്കോറിനാണ്‌ പുറത്തായത്‌. അതാണ്‌ പ്രശ്‌നമായത്‌. 20 റണ്‍സെങ്കിലും കൂടുതല്‍ നേടണമായിരുന്നെന്നും നായകന്‍ പറഞ്ഞു.

ഓര്‍മ്മകളില്‍ 1992, 1999
ലാഹോര്‍: പാക്കിസ്‌താനില്‍ ആഘോഷം അവസാനിക്കുന്നില്ല. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ യൂനസ്‌ഖാന്റെ സംഘം ശ്രീലങ്കയെ എട്ട്‌ വിക്കറ്റിന്‌ തോല്‍പ്പിച്ച്‌ സമ്മാനിച്ച ലോകകപ്പ്‌ നേട്ടം ആഘോഷമാക്കുന്ന തിരക്കില്‍ ഇസ്ലാമബാദിലും ലാഹോറിലും കറാച്ചിയിലും റാവല്‍പിണ്ടിയിലും പെഷവാറിലും ജനം എല്ലാം മറക്കുന്നു. ഭീകരതയും പട്ടിണിയും പ്രശ്‌നങ്ങളുമെല്ലാം മറന്ന്‌ തെരുവുകളില്‍ ക്രിക്കറ്റിന്റെ ആഘോഷപരതയാണ്‌. സ്‌ഫോടനങ്ങളുടെ നഗരമായ പെഷവാറില്‍ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. പാക്കിസ്‌താന്‍ നായകന്‍ യൂനസ്‌ഖാന്റെ തട്ടകമാണ്‌ പെഷവാര്‍. മാന്‍ ഓഫ്‌ ദ മാച്ച്‌ അഫ്രീദിയുടെ നാടായ കൈബര്‍ ഏജന്‍സിയിലും പ്രശ്‌നങ്ങളില്ല.
1992 ലായിരുന്നു ഇതേ പോലെ ഒരവസരം പാക്കിസ്‌താനികള്‍ക്ക്‌ ലഭിച്ചത്‌. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായി നടന്ന 92 ലെ ലോകകപ്പില്‍ ഇമ്രാന്‍ഖാന്‍ നയിച്ച പാക്കിസ്‌താന്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച്‌ കപ്പില്‍ മുത്തമിട്ടപ്പോള്‍ പാക്‌ നഗരവീഥികളില്‍ കണ്ട അതേ ആഘോഷമാണ്‌ ഇപ്പോള്‍ കാണുന്നത്‌. വസീം അക്രവും വഖാര്‍ യൂനസും ഇന്‍സമാമുല്‍ ഹഖുമെല്ലാം കളിച്ച പാക്കിസ്‌താന്‍ കപ്പ്‌ നേടുമെന്ന്‌ ആരും കരുതിയിരുന്നില്ല. മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ നയിച്ച ഇന്ത്യയോട്‌ ആദ്യ മല്‍സരത്തില്‍ തന്നെ തോറ്റാണ്‌ പാക്കിസ്‌താന്‍ തുടങ്ങിയിരുന്നത്‌. പക്ഷേ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ കരുത്ത്‌ പ്രകടിപ്പിച്ച ഇമ്രാനും സംഘവും രാജകീയമായി കപ്പ്‌ സ്വന്തമാക്കുകയായിരുന്നു.
ഈ നേട്ടത്തിന്‌ ശേഷം 1999 ല്‍ പാക്കിസ്‌താന്‍ വീണ്ടും ലോകകപ്പിന്റെ ഫൈനലിലെത്തി. നായകന്‍ വസീം അക്രം. എല്ലാ കരുത്തരും ടീമില്‍. പക്ഷേ സ്റ്റീവ്‌ വോ നയിച്ച ഓസ്‌ട്രേലിയക്ക്‌ മുന്നില്‍ ടീം തകര്‍ന്നു. അന്ന്‌ ആഘോഷത്തിനായി തയ്യാറെടുത്തിരുന്നു പാക്‌ ജനത. അക്രമിന്റെ സംഘം ഓസ്‌ട്രേലിയക്കാരെ കശക്കുന്നത്‌ കാണാന്‍ ടെലിവിഷന്‌ മുന്നില്‍ തടിച്ചുകൂടിയവര്‍ക്ക്‌ മുന്നില്‍ പാക്‌ ബാറ്റിംഗിന്റെ ദുരന്തമാണ്‌ കണ്ടത്‌. അബ്ദുള്‍ റസാക്കും ഷാഹിദ്‌ അഫ്രീദിയും അന്നത്തെ ടീമിലുണ്ടായിരുന്നു. റസാക്ക്‌ രണ്ട്‌ ഓവര്‍ മാത്രമാണ്‌ അന്നെറിഞ്ഞത്‌. മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി 51 പന്തില്‍ നിന്ന്‌ 17 റണ്‍സുമായി മുടന്തി മടങ്ങി. 16 പന്തില്‍ അഫ്രീദി രണ്ട്‌ ബൗണ്ടറികള്‍ പായിച്ചു. അദ്ദേഹത്തിന്റെ ലെഗ്‌ സ്‌പിന്‍ പരീക്ഷിക്കപ്പെട്ടില്ല. ഈ രണ്ട്‌ പേര്‍ തന്നെ കഴിഞ്ഞ ദിവസം ലോര്‍ഡ്‌സില്‍ ടീമിന്‌ വിജയപാത ഒരുക്കിയത്‌ വിരോധാഭാസമായിരിക്കാം. ലങ്ക ആദ്യം ബാറ്റ്‌ ചെയ്‌തപ്പോള്‍ തന്റെ ജെന്റില്‍ മീഡിയം പേസിലൂടെ മൂന്ന്‌ വിക്കറ്റുകളാണ്‌ റസാക്ക്‌ നേടിയത്‌. അഫ്രീദിയാവട്ടെ നാല്‌ ഓവറില്‍ 20 റണ്‍സ്‌ മാത്രം വഴങ്ങി ഒരു വിക്കറ്റ്‌ നേടിയതിനൊപ്പം പുറത്താവാതെ അര്‍ദ്ധ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക്‌ നയിച്ച്‌ കളിയിലെ കേമന്‍ പട്ടം സ്വന്തമാക്കുകയും ചെയ്‌തു.
2007 ലെ പ്രഥമ 20-20 ലോകകപ്പ്‌ ദക്ഷിണാഫ്രിക്കയില്‍ നടന്നപ്പോള്‍ പാക്കിസ്‌താന്‍ ടീം ഫൈനല്‍ വരെയെത്തിയിരുന്നു. ഇന്ത്യന്‍ ആധിപത്യം പ്രകടമായ കലാശപ്പോരാട്ടത്തില്‍ മിസ്‌ബാഹുല്‍ഹഖിലുടെ പാക്കിസ്‌താന്‍ നടത്തിയ വീരോചിത തിരിച്ചുവരവില്‍ മിസ്‌ബാഹുല്‍ ഹഖിന്റെ അവസാന ഷോട്ട്‌ പിഴച്ചത്‌ വഴി പാക്കിസതാന്‌ മറ്റൊരു ലോകകപ്പ്‌ നഷ്ടമായിരുന്നു. ആ ടീമില്‍ റസാക്ക്‌ ഉണ്ടായിരുന്നില്ല. തന്നെ തഴഞ്ഞ പാക്കിസ്‌താന്‍ അധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ അപ്പോള്‍ തന്നെ വിമതര്‍ക്കൊപ്പം ചേര്‍ന്ന റസാക്ക്‌ രണ്ടര വര്‍ഷത്തോളം വനവാസത്തിലായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവിലൂടെ ടീമിന്‌ ലോകകപ്പ്‌ ലഭിച്ചത്‌ മറ്റൊരു നേട്ടമാണ്‌.
എല്ലാവരും ഒറ്റപ്പെടുത്തിയിട്ടും തങ്ങള്‍ ജയിച്ചുവെന്ന്‌ അഹങ്കാരത്തോടെയാണ്‌ പാക്കിസ്‌താനികള്‍ പറയുന്നത്‌. ലോകകപ്പ്‌ വേദി നല്‍കില്ലെന്ന്‌ ഐ.സി.സി പറഞ്ഞു, ഇങ്ങോട്ട്‌ വരില്ലെന്ന്‌ ടീമുകള്‍ പറഞ്ഞു-എന്നിട്ടും പാക്കിസ്‌താന്‍ കപ്പ്‌ നേടിയതില്‍ അഹങ്കരിക്കുന്നതില്‍ തെറ്റില്ലെന്നാണ്‌ ജനം പറയുന്നത്‌.

യൂസഫ്‌ ടീമില്‍
ലാഹോര്‍: ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന പാക്കിസ്‌താന്‍ ടെസ്റ്റ്‌ ടീമില്‍ മുഹമ്മദ്‌ യൂസഫും. ഈ മാസാവസാനമാണ്‌ പാക്കിസ്‌താന്‍ ടീം ലങ്കയിലെത്തുന്നത്‌. പതിനഞ്ചാംഗ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാക്കുമുണ്ട്‌. യൂസഫും റസാക്കും ഇന്ത്യന്‍ വിമത ക്രിക്കറ്റ്‌ ലീഗുമായി സഹകരിച്ചതിന്റെ പേരില്‍ ഒരു വര്‍ഷത്തോളം രാജ്യാന്തര ക്രിക്കറ്റിന്‌ പുറത്തായിരുന്നു. ഐ.സി.എല്ലുമായുള്ള എല്ലാ ഇടപാടുകളും ഇവര്‍ അവസാനിപ്പിച്ചതോടെയാണ്‌ വീണ്ടും ദേശീയ ടീമില്‍ എത്തിയിരിക്കുന്നത്‌. റസാക്ക്‌ 20-20 ലോകകപ്പ്‌ സ്വന്തമാക്കിയ പാക്‌ സംഘത്തില്‍ അംഗമായിരുന്നു. രാജ്യത്തിന്‌ വേണ്ടി വീണ്ടും കളിക്കാന്‍ അവസരം ലഭിക്കുന്നത്‌ വലിയ ഭാഗ്യമാണെന്ന്‌ യൂസഫ്‌ പറഞ്ഞു. 2007 ലാണ്‌ യൂസഫ്‌ ഐ.സി.എല്ലുമായി കരാര്‍ ഒപ്പിട്ടത്‌. പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിലെ ചില അധികാരികളുമായി ഇടഞ്ഞതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. പി.സി.ബി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും നിയമപരമായ തടസ്സങ്ങളാല്‍ വൈകി. 2008 നവംബറില്‍ യൂസഫ്‌ വീണ്ടും ഐ.സി. എല്ലില്‍ കളിച്ചു. അതോടെ ദേശീയ രംഗത്ത്‌ നിന്ന്‌ പൂര്‍ണ്ണമായും യൂസഫ്‌ അപ്രത്യക്ഷനായിരുന്നു. ഈ കഴിഞ്ഞ മെയിലാണ്‌ ഐ.സി.എല്‍ വിടാന്‍ യൂസഫ്‌ തീരുമാനിച്ചതും പി.സി.ബി അദ്ദേഹത്തെ സ്വീകരിച്ചതും. 2007 ഡിസംബറിലാണ്‌ യൂസഫ്‌ അവസാനമായി പാക്കിസ്‌താന്‌ വേണ്ടി ഒരു ടെസ്റ്റ്‌ കളിച്ചത്‌. ലോകകപ്പ്‌ സ്വന്തമാക്കിയ സംഘത്തില്‍ അംഗമായ മുഹമ്മദ്‌ ആമിറും സയദ്‌ അജ്‌മലും ടീമിലുണ്ട്‌. ഷാഹിദ്‌ അഫ്രീദി 15 ദിവസത്തെ വിശ്രമം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം ഏകദിന ടീമില്‍ അംഗമായിരിക്കുമെന്നും പി.സി.ബി വ്യക്തമാക്കി. ടീം ഇതാണ്‌: യൂനസ്‌ഖാന്‍ (ക്യാപ്‌റ്റന്‍), സല്‍മാന്‍ ഭട്ട്‌, ഖുറം മന്‍സൂര്‍, മുഹമ്മദ്‌ യൂസഫ്‌, മിസ്‌ബാഹുല്‍ ഹഖ്‌, ഷുഹൈബ്‌ മാലിക്‌, കമറാന്‍ അക്‌മല്‍, ഉമര്‍ ഗുല്‍, സയദ്‌ അജ്‌മല്‍, മുഹമ്മദ്‌ ആമിര്‍, ഡാനിഷ്‌ കനേരിയ, അബ്ദുള്‍ റസാക്ക്‌, അബ്ദുള്‍റൗഫ്‌, ഫവാദ്‌ ആലം, ഫൈസല്‍ ഇഖ്‌ബാല്‍.

യു.എസ്‌ ഗാഥ
റൂസ്‌റ്റന്‍ബര്‍ഗ്ഗ്‌: ആദ്യ മല്‍സരത്തില്‍ ഇറ്റലിയോടും (1-3), രണ്ടാം മല്‍സരത്തില്‍ ബ്രസീലിനോടും (0-3) തോറ്റ അമേരിക്ക നേരത്തെ തന്നെ നാട്ടിലേക്ക്‌ മടങ്ങാമെന്ന വിശ്വാസത്തിലാണ്‌ കോണ്‍ഫെഡറേഷന്‍ കപ്പിലെ അവസാന ഗ്രൂപ്പ്‌ മല്‍സരത്തില്‍ ഫോമിലുള്ള ഈജിപ്‌തുമായി കളിക്കാനിറങ്ങിയത്‌. ഇറ്റലിയെ തോല്‍പ്പിച്ചവരാണ്‌ ഈജിപ്‌ത്‌. അവര്‍ ഫോമില്‍ നില്‍ക്കുമ്പോള്‍ അമേരിക്കയുടെ ലക്ഷ്യം മല്‍സരം പൂര്‍ത്തിയാക്കുക എന്നത്‌ മാത്രമായിരുന്നു. പക്ഷേ ഈജിപ്‌ത്‌ നിറം മങ്ങിയപ്പോള്‍ അമേരിക്കന്‍ സംഘത്തിന്‌ ആവേശമേറി. ആദ്യ പകുതിയില്‍ ഒരു ഗോളിന്‌ മുന്നിട്ടു നിന്ന അവര്‍ ഇടവേളക്ക്‌ പിരിഞ്ഞപ്പോള്‍ കേള്‍ക്കുന്നത്‌ ഇറ്റലിക്കെതിരെ ബ്രസീല്‍ മൂന്ന്‌ ഗോളിന്‌ മുന്നിട്ട്‌ നില്‍ക്കുന്നതാണ്‌. ബ്രസീല്‍ ഇറ്റലിയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ തങ്ങള്‍ക്ക്‌ സാധ്യതയുണ്ടെന്ന്‌ തിരിച്ചറിഞ്ഞ്‌ രണ്ടാം പകുതിയില്‍ അമേരിക്കന്‍ താരങ്ങള്‍ ആക്രമണം ശക്തമാക്കി. രണ്ടാം പകുതിയില്‍ രണ്ട്‌്‌ ഗോളുകളുമായി അവര്‍ മൂന്ന്‌ ഗോളിന്റെ ഏകപക്ഷീയ വിജയവുമായി സെമി ടിക്കറ്റ്‌ നേടി. ഇന്ന്‌ കളിയില്ല. നാളെ നടക്കുന്ന ആദ്യ സെമിയില്‍ സ്‌പെയിന്‍ അമേരിക്കയുമായും 25ന്‌ ബ്രസീല്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയുമായും കളിക്കും.

ലോക ടീമില്‍ നോ ഇന്ത്യ
ലോര്‍ഡ്‌സ്‌: ലോകകപ്പിന്‌ ശേഷം ഇന്നലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ.സി.സി) പ്രഖ്യാപിച്ച 20-20 ലോക ഇലവനില്‍ ഇന്ത്യന്‍ താരങ്ങള്‍ ആരുമില്ല. പാക്കിസ്‌താന്‌ ലോകകപ്പ്‌ സമ്മാനിച്ച യൂനസ്‌ഖാനാണ്‌ ലോക ഇലവന്റെ നായകന്‍. യൂനസിനെ കൂടാതെ പാക്കിസ്‌താനില്‍ നിന്ന്‌ ഷാഹിദ്‌ അഫ്രീദി, ഉമര്‍ ഗുല്‍, കമറാന്‍ അക്‌മല്‍ എന്നിവര്‍ ലോക സംഘത്തിലുണ്ട്‌. ശ്രീലങ്കയടെ തിലകരത്‌നെ ദില്‍ഷാനും വിന്‍ഡീസ്‌ നായകന്‍ ക്രിസ്‌ ഗെയിലുമാണ്‌ ഓപ്പണര്‍മാര്‍. മധ്യനിരക്ക്‌ കരുത്ത്‌ പകരാന്‍ ദക്ഷിണാഫ്രിക്കയുടെ ജാക്‌ കാലിസും എബി ഡി വില്ലിയേഴ്‌സും. ലങ്കന്‍ സ്‌പിന്നര്‍ അജാന്ത മെന്‍ഡിസ്‌, സീമര്‍ ലാസിത്‌ മാലിങ്ക, വിന്‍ഡീസിന്റെ ഡ്വിന്‍ ബ്രാവോ, ദക്ഷിണാഫ്രിക്കയുടെ യുവസീമര്‍ വെയിന്‍ പാര്‍നല്‍ എന്നിവരും ടീമിലുണ്ട്‌. ഐ.സി.സി ലോക വനിതാ സംഘത്തില്‍ ഇന്ത്യന്‍ താരം റുമേലി ഥറുണ്ട്‌.
പുരുഷ ടീം ഇതാണ്‌: ജാക്‌ കാലിസ്‌, എബി ഡി വില്ലിയേഴ്‌സ്‌, ഷാഹിദ്‌ അഫ്രീദി, കമറാന്‍ അക്‌മല്‍, ക്രിസ്‌ ഗെയില്‍, തിലകരത്‌നെ ദില്‍ഷാന്‍, മുഹമ്മദ്‌ യൂനസ്‌ഖാന്‍, ഡ്വിന്‍ ബ്രാവോ, വെയിന്‍ പാര്‍നല്‍, ഉമര്‍ ഗുല്‍, അജാന്ത മെന്‍ഡിസ്‌, ലാസിത്‌ മാലിങ്ക