Thursday, December 22, 2011

NAMMUDE CALICUT VARSITY

തേര്‍ഡ്‌ ഐ
പെരുപാമ്പ്‌, എലി, കൂറ....... കാലിക്കറ്റിന്റെ കായികനേട്ടം
ഖത്തറിന്റെ ആസ്ഥാനമായ ദോഹയില്‍ നടക്കുന്ന അറബ്‌ ഗെയിംസിലെ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ അല്‍സദ്ദ്‌ സ്‌റ്റേഡിയത്തിലായിരുന്നു. അതിമനോഹരമായ സ്‌റ്റേഡിയമെന്നത്‌ ഒരു വിശേഷണമല്ല. എന്തൊരു പരിപാലനമെന്നതാണ്‌ സവിശേഷത. സ്‌റ്റേഡിയത്തെ ശുശ്രൂഷിക്കാന്‍ 150 പേര്‍. പൊടി പോലും കണ്ട്‌ പിടിക്കാനാവില്ല സ്റ്റേഡിയത്തിലെ ഇരിപ്പിടത്തില്‍. മിഡിയാ ബോക്‌സും പ്ലെയേഴ്‌സ്‌ ബോക്‌സും ഡ്രസ്സിംഗ്‌ റൂമുമെല്ലാം രാജകീയം. മൈതാനത്തെ പച്ചപ്പ്‌ കണ്ടാല്‍ അതില്‍ ചവിട്ടിമെതിക്കാന്‍ തോന്നില്ല. ഒരു പുല്ല്‌ പോലും അനുസരണയില്ലാതെ വളരുന്നില്ല. നാല്‌ ചെക്കിംഗ്‌ പോയന്റുകള്‍ കഴിഞ്ഞ്‌ മാത്രമാണ്‌ നിങ്ങള്‍ക്ക്‌ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാനാവുക
ഇനി നമുക്ക്‌ തേഞ്ഞിപ്പലത്തുള്ള കാലിക്കറ്റ്‌ യുനിവേഴ്‌സിറ്റിയിലേക്കൊന്ന്‌ പോവാം.... കളിമുറ്റങ്ങള്‍ക്ക്‌ ദാരിദ്ര്യമുള്ള നാട്ടില്‍ ഒരു കാലത്ത്‌ കളിക്കാരുടെ വാല്‍സല്യ കേന്ദ്രമായിരുന്നു ഈ മൈതാനമെന്ന ആമുഖത്തില്‍ തന്നെ പ്രവേശിക്കാം. സ്വീകരിക്കാന്‍ വരുക പെരുമ്പാമ്പുകള്‍...! വേണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഞെട്ടി തിരിച്ച്‌ പോവാം. സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റില്‍ മുന്നോട്ടാണ്‌ നീങ്ങുന്നതെങ്കില്‍ സ്വീകരണമോതി എലികളുണ്ട്‌, ചെറുപാമ്പുകളുണ്ട്‌, കൂറകളും എട്ടുകാലികളുമെല്ലാമുണ്ട്‌. ഒന്നിരിക്കാന്‍ ധൈര്യപ്പെടരുത്‌. വിഷ ചികില്‍സക്ക്‌ പോവേണ്ടി വരും. ഇരിപ്പിടങ്ങള്‍ ധാരാളമുണ്ടായിരുന്നു ഇവിടെ. ഇപ്പോള്‍ അതൊന്നും കാണുന്നില്ല. കാട്‌ പിടിച്ചിരിക്കുന്നു. കാട്‌ എന്നാല്‍ കുറ്റിക്കാട്‌ തന്നെ. കളിക്കാരോ, പരിശീലകരോ ഇങ്ങോട്ട്‌ തിരിഞ്ഞുനോക്കുന്നില്ലെന്നത്‌ സത്യം. മൈതാനത്തിന്റെ കൂറെ ഭാഗം നാട്ടുകാരും കൊണ്ട്‌ പോയിരിക്കുന്നു. ആരും ചോദിക്കാനും പറയാനുമില്ല. ആര്‍ക്കും എന്തുമാവാം... കൊടി പിടിക്കുന്നതിലും മുദ്രാവാക്യം മുഴക്കുന്നതിലും ഘൊരാവോ നടത്തുന്നതിലും സര്‍ട്ടിഫിക്കറ്റുകള്‍ നശിപ്പിക്കുന്നതിലും വിദ്യാര്‍ത്ഥികളെ നട്ടം തിരിക്കുന്നതിലും പി.എച്ച്‌.ഡി സ്വന്തമാക്കിയ കലാശാല ജീവനകാര്‍ക്ക്‌ നാട്ടുകാരോട്‌ അതിരറ്റ സ്‌നേഹമാണ്‌. സമരവും ബഹളവും തെറിവിളിയുമെല്ലാം സഹിക്കുന്ന നാട്ടുകാരെ ദ്രോഹിക്കരുതല്ലോ....
സ്‌റ്റേഡിയത്തില്‍ നിന്ന്‌ കലാശാല കായികവിഭാഗം ആസ്ഥാനത്തേക്ക്‌ ഒന്ന്‌ കയറുക (പുരാവസ്‌തു ഗവേഷകരെ കൂട്ടരുത്‌)- എന്തെല്ലാമാണോ ഒരു കായിക വിഭാഗം ആസ്ഥാനത്ത്‌ വേണ്ടത്‌ അതൊന്നും നിങ്ങള്‍ക്ക്‌ ഇവിടെ കാണാനാവില്ല. നേരത്തെ സ്‌റ്റേഡിയത്തില്‍ കണ്ട ക്ഷുദ്രജീവികളെ കാണാം. പൊടി പാറി കിടക്കുന്ന ചില കസേരകളുണ്ട്‌. ശിലായുഗ കാലത്ത്‌ ആദിമ മനുഷ്യര്‍ തീയ്യുണ്ടാക്കാനും കളിക്കാനുമെല്ലാം ഉപയോഗിച്ച തരത്തിലുള്ള ചില വസ്‌തുക്കളുമുണ്ട്‌. സംസാരത്തിന്‌ മിടുക്കരായ, പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അലകും പിടിയും വിഭാഗീയതയുടെ നേരും നെറിയുമെല്ലാം അറിയുന്നവരുടെ ശുദ്ധരാഷട്രീയ സംവാദത്തില്‍ മാത്രമാണിവിടെ ജീവനുണ്ടെന്ന്‌ തെളിയുക.
ഒരു കാലത്ത്‌ ഇന്ത്യയിലെ ചാമ്പ്യന്‍ കലാശാലയായിരുന്നു ഇതെന്ന്‌ ഓര്‍ക്കണം. ഇവിടെയാണ്‌ ലോകോത്തര താരങ്ങള്‍ ജന്മമെടുത്തത്‌. ഇവിടെയായിരുന്നു വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ നടന്നത്‌. ഇവിടെ നിന്നാണ്‌ രാജ്യത്തിന്‌ വലിയ മെഡലുകള്‍ വന്നത്‌. പിന്നെ എങ്ങനെ ഈ കളിമുറ്റവും കായികാസ്ഥാനവും ഇന്‍ഡോര്‍ സ്‌റ്റേഡിയവുമെല്ലാം ഇങ്ങനെയായി എന്ന ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്‌-നിരുത്തരവാദിത്ത്വം.
മംഗലാപുരത്ത്‌ കഴിഞ്ഞ ദിവസം സമാപിച്ച അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റില്‍ വനിതാ വിഭാഗം ചാമ്പ്യന്‍ഷിപ്പ്‌ സ്വന്തമാക്കിയ കാലിക്കറ്റ്‌ ടീമിനെ സ്വീകരിക്കാന്‍ ഇന്നലെ കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷനിലെത്തിയ കലാശാല പ്രമുഖരോടെല്ലാം കായികാവസ്ഥ ചോദിച്ചപ്പോള്‍ എല്ലാവരുടെയും മുഖത്ത്‌ നിരാശ. എല്ലാവര്‍ക്കും പറയാനുള്ളത്‌ നേട്ടങ്ങളുടെ ഇന്നലെകളെക്കുറിച്ച്‌. ലോകവും രാജ്യവും അതിവേഗം ബഹുദൂരം കുതിക്കുമ്പോള്‍ എലിക്കും പാമ്പിനുമെല്ലാം വാസമൊരുക്കി നമ്മള്‍ നടത്തുന്ന കായിക പരിപാലനം ഒറ്റവാക്കില്‍ പറഞ്ഞാല്‍ ലജ്ജാകരമാണ്‌.
ഇന്നലെകളെ വാനോളം പുകഴ്‌ത്താം. ന്റ ഉപ്പുപ്പാന്റെ കാലം മ്മള്‌ വലിയ പുലിയാര്‍ന്നുവെന്ന്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഭാഷ കടമെടുത്ത്‌ പറയാം. പഞ്ചാബികളും ഹരിയാനക്കാരും തല ഉയര്‍ത്തി സര്‍ദാരി കഥകള്‍ പറയുമ്പോള്‍ അസുയയോടെ അവരെ നോക്കാനും, അവര്‍ക്കെതിരെ പരാതി നല്‍കാനും അനാവശ്യ തടസ്സവാദങ്ങള്‍ ഉയര്‍ത്തി സ്വന്തം വീഴ്‌ച്ച മറക്കാനും ശ്രമിക്കുന്നവരോട്‌ ഒരു വാക്ക്‌-ഒന്ന്‌ സന്മനസ്സ്‌ കാണിക്കുക, സ്ഥലം കാലിയാക്കുക........

No comments: