വിയര്‍ക്കാന്‍ ഇതാ ഒരു വ്യാഴം
ക്രിക്കറ്റ് വൃത്തങ്ങളില്‍ അസ്ഥിരത എന്നാല്‍ അത് ഇന്ത്യയാണ്.... ഒരു കാലത്ത് പാക്കിസ്‌താനായിരുന്നു ഈ മോശം വിശേഷണം. ഇമ്രാന്‍ഖാനും വസീം അക്രവും വഖാര്‍ യൂനസും ജാവേദ് മിയാന്‍ദാദുമെല്ലാം കളിക്കുന്ന കാലത്തും സയ്യദ് അന്‍വറും ഇന്‍സമാമും സലീം മാലിക്കുമെല്ലാം കളിക്കുമ്പോഴും പാക്കിസ്‌താനെ പ്രവചിക്കാന്‍ പ്രയാസമായിരുന്നു. ഇപ്പോള്‍ പാക്കിസ്‌താനെന്നാല്‍ അസ്ഥിരക്കാരല്ല, ജയിക്കാനറിയാത്തവരാണ്. മെല്‍ബണിലേക്ക് നോക്കുക-മുന്‍ത്തൂക്കം ഉറപ്പായിരുന്നു. നിര്‍ണ്ണായകമായ ഒരു ടെസ്റ്റില്‍ എട്ട് ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത് കേവലം 68 റണ്‍സിന്..! രണ്ട് വിക്കറ്റിന് 214 റണ്‍സ് എന്ന നിലയില്‍ നിന്ന് ഇന്ത്യ പുറത്തായത് 282 റണ്‍സിന്.
മല്‍സരം മൂന്ന് ദിവസം പിന്നിടുമ്പോള്‍ ആതിഥേയര്‍ക്കാണ് വ്യക്തമായ ആധിപത്യം. 230 റണ്‍സിന്റെ ലീഡ് അവര്‍ക്കുണ്ട്. മൈക്ക് ഹസി 79 റണ്‍സുമായി ക്രീസിലും നില്‍ക്കുന്നു. ഓസ്‌ട്രേലിയന്‍ ലീഡ് 300 കടന്നാല്‍ ഇന്ത്യ വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ക്രീസ് അപ്ലിക്കേഷന്‍ എന്ന സത്യത്തെക്കുറിച്ച് ഇന്ത്യന്‍ കോച്ച് ഡങ്കണ്‍ ഫ്‌ളെച്ചര്‍ പറയാറുണ്ട്‌്. പക്ഷേ ഇന്നലെ രണ്ടാം പന്തില്‍ തന്നെ രാഹുല്‍ ദ്രാവിഡിനെ പോലെ മിടുക്കനായ പ്രതിരോധ ബാറ്റ്‌സ്‌മാന്‍ പുറത്തായി. ആ ഒരു പുറത്താവലില്‍ പിറകെ വന്നവര്‍ പതറി. അസ്ഥിരതയില്‍ ഇന്ത്യ സ്വയം ചെറുതാവുന്നത് തുടക്കത്തിലെ തകര്‍ച്ചയിലാണ്. ദ്രാവിഡ് പുറത്തായത് ആദ്യ ഓവറിലാണെങ്കില്‍ പിറകെ വന്നവര്‍ അതിജീവനത്തിന് ശ്രമിക്കാതെ പതറിയ മനസ്സുമായി കളിച്ചു. 22 പന്ത് കളിച്ച ലക്ഷ്‌മണ്‍ രണ്ട് റണ്‍സില്‍ പുറത്തായ കാഴ്‌ച്ച വേദനാജനകമായിരുന്നു. ഹില്‍ഫാന്‍ഹസ് വേഗതയില്‍ ദ്രാവിഡിനെ തളച്ചപ്പോള്‍ ലക്ഷ്‌മണിന് മുന്നിലെ പ്രശ്‌നം രാവിലെയിലെ ആദ്യ മണിക്കൂര്‍ കടമ്പ കടക്കുക എന്നതായിരുന്നു. വിക്കറ്റിന് മുന്നില്‍ സ്‌തബ്‌ധനായി അദ്ദേഹം നിന്നതാണ് പ്രശ്‌നമായത്. ധോണിയും കോലിയും ഇത് മൂലം പതറി. അശ്വിന്‍ നേടിയ വിലപ്പെട്ട 31 റണ്‍സ് എത്ര നിര്‍ണായകമായി.
ക്രീസ് അപ്ലിക്കേഷനില്‍ ബാറ്റ്‌സ്‌മാന്മാര്‍ പരാജയപ്പെടുന്നത് ഇതാദ്യമായല്ല. വേഗതയില്‍ തളരുന്ന, തുടക്കത്തിലെ തകര്‍ച്ചയില്‍ സ്‌തബ്‌ധരാവുന്ന, പ്രതിയോഗിയുടെ കണ്ണുരുട്ടലില്‍ വിറക്കുന്ന ബാറ്റ്‌സ്‌മാന്മാര്‍ എങ്ങനെ രണ്ടാം ഇന്നിംഗ്‌സില്‍ പിടിച്ചുനില്‍ക്കും...?
രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് മുന്‍നിരയെ തകര്‍ക്കുന്നതില്‍ യാദവും ഇഷാന്തും സഹീറും വിജയിച്ചു. പോണ്ടിംഗും ഹസിയും പൊരുതാനുറച്ച് കളിച്ചപ്പോള്‍ ബൗളിംഗില്‍ പ്രശ്‌നങ്ങളുദിച്ചു. റിക്കിയും ഹസിയും ഈ പരമ്പരയിലേക്ക് വന്നത് ആത്മവിശ്വാസമില്ലാതെയാണ്. രണ്ട് പേരുടെയും ടീമിലെ സ്ഥാനം പോലും സംശയത്തിലായിരുന്നു. അപകടം മനസ്സിലാക്കി ഇവര്‍ കളിച്ചപ്പോള്‍ സമ്മര്‍ദ്ദമടിച്ചേല്‍പ്പിക്കാന്‍ ബൗളര്‍മാര്‍ക്കായില്ല. ഹസി അവസാന ഓവറില്‍ പോലും അവസരം നല്‍കി. ഇന്ന് നാലാം ദിവസം-ഇന്ത്യയുടെ പരമ്പരാഗത രോഗങ്ങള്‍ പ്രകാരം കളി പെട്ടെന്ന് അവസാനിച്ചേക്കാം. വിരു, ഗാംഭീര്‍, സച്ചിന്‍, ദ്രാവിഡ്, ധോണി, ലക്ഷ്‌മണ്‍, കോലി-ഏഴ് മികച്ച ബാറ്റ്‌സ്‌മാന്മാര്‍. അവരിലൊരാള്‍ പൊരുതിയാല്‍ ജയിക്കാം. പക്ഷേ.....
No comments:
Post a Comment