Saturday, December 24, 2011

THIRD EYE-MGS PAIN

ക്രിക്കറ്റ്‌ എന്നാല്‍ അത്‌ സാമ്രാജ്യത്വ ഗെയിമാണ്‌... എല്ലാവര്‍ക്കുമറിയുന്ന പകല്‍സത്യം. ബ്രിട്ടിഷുകാരല്ലേ ക്രിക്കറ്റിന്‌ ഇവിടെ അവതരിപ്പിച്ചത്‌. നമ്മുടെരാജ്യത്തിന്റെ ആകെയുള്ള ലോക കായികവിലാസം ക്രിക്കറ്റാണ്‌. കുറച്ച്‌ രാജ്യങ്ങള്‍ മാത്രം കളിക്കുന്ന ഗെയിമായതിനാലും യൂറോപ്യന്മാര്‍ക്കും ചൈന, ജപ്പാനികള്‍ക്കും വെയില്‍ കൊള്ളാന്‍ താല്‍പ്പര്യമില്ലാത്തതിനാലും നമ്മളാണ്‌ ലോക ചാമ്പ്യന്മാര്‍. പറഞ്ഞ്‌ വരുന്നത്‌ മഹാത്മാ സര്‍വകലാശാലയുടെ കളിമുറ്റത്തെക്കുറിച്ചാണ്‌. ആരും അതിശയിക്കുന്ന ഒരു സത്യം പറയാം-രാഷ്‌ട്ര പിതാവിന്റെ നാമധേയത്തില്‍ രൂപം കൊണ്ട, പണ്ട്‌ മുതല്‍ തന്നെ കായിക മികവിന്റെ പേരില്‍ അറിയപ്പെടുന്ന എം.ജി വാഴ്‌സിറ്റിക്ക്‌ ഇന്നും സ്വന്തമായി ഒരു മൈതാനമില്ല...! ഈ ദുരവസ്ഥക്ക്‌ പരിഹാരം കാണാന്‍ ധാരാളം പണം പോക്കറ്റിലുളള കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്‍ താല്‍പ്പര്യമെടുത്തു. ക്രിക്കറ്റുകാരെ- പ്രത്യേകിച്ച്‌ കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്‍കാരെ എല്ലാവരും കുറ്റം പറഞ്ഞാലും അവര്‍ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റുള്ളവരാണ്‌. കേരളത്തിന്റെ കായിക വികസനത്തിനായുള്ള നല്ല നീക്കങ്ങള്‍ക്ക്‌ പണത്തിന്റെ പച്ചക്കൊടി കാണിക്കാന്‍ ടി.സി മാത്യൂ മടിക്കാറില്ല. എം.ജിക്ക്‌ ഒരറു സ്‌റ്റേഡിയം എന്ന ലക്ഷ്യത്തിലും താല്‍പ്പര്യത്തിലും കേരളാ ക്രിക്കറ്റ്‌ അസോസിയേഷനും സര്‍വകലാശാലാ അധികൃതരും പരസ്‌പരധാരണാ കരാറില്‍ ഒപ്പിട്ടു. വര്‍ഷത്തില്‍ 198 ദിവസം സ്‌റ്റേഡിയം സര്‍വകലാശാലയുടെ കായികവാശ്യങ്ങള്‍ക്ക്‌. അവശേഷിക്കുന്ന ദിവസങ്ങള്‍ക്ക്‌ കെ.സി.എക്ക്‌. കരാറിന്‌ രൂപമായപ്പോഴാണ്‌ കലാശാല വൈസ്‌ ചാന്‍സലര്‍ കസേരയില്‍ മാറ്റം വരുന്നത്‌. പിന്നെയാണ്‌ കളി നടക്കുന്നത്‌. പുതിയ അധികാരിക്ക്‌ ക്രിക്കറ്റെന്നാല്‍ അത്‌ കൊളോണിയല്‍ ഗെയിമാണ്‌. സ്‌റ്റേഡിയത്തിന്‌ കണ്ട്‌ വെച്ച സ്ഥലത്തെ റബര്‍ കൃഷി നശിപ്പിച്ചാല്‍ അത്‌ പരിസ്ഥിതിയെ ബാധിക്കും. കായികതയിലെന്ത്‌ കാര്യമെന്ന നിലപാടില്‍ സ്‌റ്റേഡിയം നിര്‍മ്മാണം ഇഴഞ്ഞുവെന്ന്‌ മാത്രമല്ല പൂര്‍ണ്ണമായും നിശ്ചലമായി.
പിന്നെ ആശ്രയം കലാശാലക്ക്‌ കീഴിലുള്ള പാലാ അല്‍ഫോണ്‍സയിലെയും എറണാകുളം മഹാരാജാസിലെയും ചങ്ങനാശ്ശേരി അസംപ്‌ഷനിലെയുമെല്ലാം മൈതാനങ്ങളാണ്‌. ഈ കടമെടുത്ത മൈതാനങ്ങളില്‍ നിന്നാണ്‌ എം.ജി വളരുന്നത്‌. ചെറിയ കാലയളവില്‍ അല്‍ഭുതകരങ്ങളായ കായിക നേട്ടങ്ങള്‍ കൈവരിച്ച കലാശാലയെ സംരക്ഷിക്കാന്‍ അധികാരികള്‍ രംഗത്ത്‌ വരുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‌ പഠിക്കേണ്ടത്‌ പഞ്ചാബി, ഹരിയാന കലാശാലകളുടെ മുന്നേറ്റമാണ്‌.
മംഗലാപുരത്ത്‌ സമാപിച്ച അന്തര്‍ കലാശാല അത്‌ലറ്റിക്‌ മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്‍പ്പട്ടത്തില്‍ എം.ജി രണ്ടാമത്‌ വന്നു. രണ്ട്‌ സ്വര്‍ണ്ണം മാത്രമാണ്‌ ലഭിച്ചതെങ്കിലും വനിതാ കിരീടം സ്വന്തമാക്കുന്നതില്‍ അവര്‍ കാലിക്കറ്റുമായി മല്‍സരിച്ചിരുന്നു. അവസാന ദിവസത്തിലെ റിലേ സ്വര്‍ണ്ണം, അതല്ലെങ്കില്‍ പോള്‍വോള്‍ട്ടിലെ സ്വര്‍ണ്ണം ലഭിച്ചിരുന്നെങ്കില്‍ കാലിക്കറ്റിനെ പിറകിലാക്കാന്‍ ഒന്നുമില്ലാത്ത ഈ കലാശാലക്ക്‌ കഴിയുമായിരുന്നു.
കാലിക്കറ്റിന്‌ എല്ലാമുണ്ട്‌. സ്‌റ്റേഡിയങ്ങളും സാഹചര്യങ്ങളും പാരമ്പര്യവും നല്ല പരിശീലകരുമെല്ലാം. എം.ജിക്ക്‌ ഇതൊന്നുമില്ല. സായിയുടെ ഒരു കേന്ദ്രം പോലും വാഴ്‌സിറ്റിക്ക്‌ കീഴില്‍ എവിടെയുമില്ല. സ്‌ക്കൂള്‍ കായികമേളകളില്‍ മികവ്‌ പ്രകടിപ്പിക്കുന്ന കോരുത്തോടും മാര്‍ബേസിലും സെന്റ്‌ ജോര്‍ജുമെല്ലാം കലാശാലാ പരിധിയിലാണ്‌. ഇവിടെ നിന്നും കുട്ടികളെത്തുന്നത്‌ അസംപ്‌ഷനിലേക്കും അല്‍ഫോണ്‍സയിലേക്കും മഹാരാജാസിലേക്കുമെല്ലാമാണ്‌. ഈ കലാലയങ്ങളാണ്‌ എം.ജിയെ നിലനിര്‍ത്തുന്നത്‌.
സര്‍ക്കാരും വാഴ്‌സിറ്റി അധികാരികളും അല്‍പ്പം സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്‌ പ്രകടിപ്പിച്ചാല്‍ എല്ലാവരെയും പിറകിലാക്കാന്‍ എം.ജി ക്കാവും. അടിയന്തിരമായി വേണ്ടത്‌ ഒരു കളിമുറ്റം. വലിയ വാക്കുകള്‍ സംസാരിക്കുന്ന മന്ത്രിമാരും സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ തലവന്മാരും യാഥാര്‍ത്ഥ്യത്തിന്റെ കളിമുറ്റത്തേക്കൊന്ന്‌ ഇറങ്ങുക-വളരെ വൈകിയ ഈ വേളയില്ലെങ്കിലും.

No comments: