Friday, August 17, 2012
19 മണിക്കൂര്‍ നോമ്പും ഇംഗ്ലീഷ് ഫ്രൂട്ട്സ് കോക്ടെയിലും
ഒളിംപിക്സിനെത്തിയ പ്രമുഖ ടെലിവിഷന്‍ കമന്റേറ്റര്‍ ചാരു ശര്‍മ്മക്കൊപ്പം കമാല്‍ വരദൂര്‍
ലണ്ടന്‍ ഡയറി-2
19 മണിക്കൂര്‍ നോമ്പും ഇംഗ്ലീഷ് ഫ്രൂട്ട്സ് കോക്ടെയിലും
ലണ്ടന്‍ ഡയറിയുടെ രണ്ടാം ദിനം ഒരു നോമ്പ് കുറിപ്പാണ്. മഹാനഗരത്തിലെ ആദ്യ നോമ്പും അതിന്റെ വിശേഷങ്ങളും. ലണ്ടനിലെ നോമ്പിന് എന്താ ഇത്ര പ്രത്യേകത എന്ന് ചോദിക്കുന്ന നാട്ടിലെ നോമ്പുകാരോട് തുടക്കത്തില്‍ തന്നെ പറയാം-ഈ നോമ്പിന് ദൈര്‍ഘ്യമേറെയാണ്. പത്തൊമ്പത് മണിക്കൂര്‍......! പണ്ട് സൂര്യനസ്മതിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായ വെള്ളക്കാരന്റെ ഈ നാട്ടില്‍ നിന്ന് സൂര്യന് ആകെ മുങ്ങുന്നത് അഞ്ച് മണിക്കൂറാണ്. ആ സമയം മാത്രമാണ് ഉറക്കം. വേനല്‍ക്കാലത്തിന്റെ തുടക്കമായതിനാല്‍ ചൂടിന് രാവിലെ മുതല്‍ നല്ല കാഠിന്യമുണ്ട്. 19 മണിക്കൂര്‍ നോമ്പും നല്ല വെയിലും ഒളിംപിക്സ് തിരക്കും-ഒന്നാലോചിച്ച് നോക്കുക.
പുലര്‍ച്ചെ 3-15 നാണ് (നാട്ടില്‍ രാവിലെ 7-45 ) സുബഹി ബാങ്ക്. മഗ്രിബ് രാത്രി 9-03 നും (നാട്ടില്‍ പുലര്‍ച്ചെ 1-40). അതായത് നിങ്ങളെല്ലാം നോമ്പും തറാവീഹും കഴിഞ്ഞ് ഉറക്കത്തിന്റെ നാല് യാമങ്ങള്‍ പിന്നിടുമ്പോഴായിരിക്കും ഞങ്ങള്‍ പാവങ്ങള്‍ നോമ്പ് തുറക്കാനിരിക്കുക. ചിരിക്കാന്‍ വരട്ടെ-കൂടുതല്‍ പ്രതിഫലം ഞങ്ങള്‍ക്കാണ്.
സുബഹിക്ക് തൊട്ട് മുമ്പ് ഓള്‍ഡ് ഗേറ്റിലെ പുരാതന പാരമ്പര്യമുള്ള ഹലാല്‍ റസ്റ്റാറന്ഡിലായിരുന്നു അത്താഴം. ലണ്ടന്‍ ഉസ്മാന് ഹാജിയെ പോലുള്ള ബ്രിട്ടീഷ് പ്രവാസത്തിലെ അനുഭവസമ്പന്നര്‍ക്കൊപ്പം ലണ്ടന്‍ നോമ്പിനായി ഒരുങ്ങിയപ്പോള്‍ തന്നെ ചിലര്‍ പറഞ്ഞു സാഹസം വേണോ എന്ന്. സ്പോര്‍ട്സും സാഹസവും തമ്മിലൊരു ബന്ധമുള്ളതിനാല്‍ ധൈര്യത്തിന് കുറവുണ്ടായിരുന്നില്ല. നാനും ചിക്കന്‍ കറിയും സുലൈമാനിയുമായിരുന്നു അത്താഴവിഭവങ്ങള്‍. ഹലാല്‍ റസ്റ്റോറന്ഡിലെ ജീവനക്കാരെല്ലാം ബംഗ്ലാദേശികളാണ്. നല്ല കൈപ്പുണ്യമുള്ള പാചകക്കാര്‍. നാട്ടില്‍ ലഭിക്കുന്ന മല്ലി അരച്ചുള്ള നല്ല ചിക്കന്‍ കറി. അത്താഴവിരുന്ന് അര മണിക്കൂര്‍ ദീര്‍ഘിച്ചു. പുറത്തേക്ക് നോക്കിയപ്പോള്‍ തന്നെ സൂര്യന്റെ ആഗമനം വ്യക്തമാവുന്നുണ്ടായിരുന്നു.
നമസ്ക്കാരത്തിന് ശേഷം അല്‍പ്പം ഉറങ്ങിയെഴുന്നേറ്റപ്പോള്‍ എട്ട് മണി. വേഗം കുളിച്ച് റെഡിയായി മെട്രോ സ്റ്റേഷനിലേക്ക്. അഞ്ച് മിനുട്ട് നടന്നാല്‍ ാേല്ഡ് ഗേറ്റ് സ്റ്റേഷനെത്താം. അവിടെ നിന്ന് ഡിസ്ചട്രിക് ലൈനമ്# ട്രെയിനില്‍ കയറി മെയിന്‍ലാന്‍ഡ് സ്റ്റേഷനിലിറങ്ങി. സെന്‍ട്രല്‍ ലൈനിലേക്ക് മാറി അചടുത്ത മെട്രോയില്‍ കയറി ഒളിംപിക് പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സ്റ്റാഫോര്‍ഡ് സിറ്റിയിലേക്ക്. രാവിലെ ആയതിനാല്‍ വലിയ തിരക്കില്ല. സുരക്ഷാ പരിശോധനക്ക് ശേഷം മെയിന്‍ മീഡിയാ സെന്ററിലേക്ക് അര മണിക്കൂര്‍ നടക്കാനുണ്ട്. ഷട്ടില്‍ ബസ് സര്‍വീസ് ഉണ്ടെന്നൊക്കെ പറയുന്നുവെങ്കിലും രണ്ട് ദിവസമായി നല്ല നടത്തമാണ്. നടത്തത്തിനിടയിലെ കാഴ്ച്ചകളിലേക്ക് നേത്രമയച്ചാല് നോമ്പ് മുറിയും. വേനലായതിനാല്‍ ഇംഗ്ലീഷ് വനിതകള്‍ക്ക് വസ്ത്രവിരോധമല്പ്പമധികമാണ്. വെളുപ്പിനഴക് എന്നാണ് നമ്മളെല്ലാം കേട്ടതെങ്കില്‍ കറുപ്പിന് ഏഴഴകാണ് എന്ന വെല്ലുവിളിയുമായി വസ്ത്രാലര്ജിയില് ആഫ്രിക്കന്‍ വനിതകളും ഒപ്പത്തിനൊപ്പമുണ്ട്. ടൈലും നല്ല വെള്ളാരംകല്ലും പാകിയ പാര്‍ക്കിലൂടെ നടക്കവെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനും ഏഷ്യാനെറ്റ് റേഡിയോക്കും ഒളിംപിക് വിശേഷങ്ങള്‍ നല്കി.
റമസാന്‍ പുണ്യങ്ങളെ ബഹുമാനിക്കുന്നവരാണ് ഒളിംപിക് സംഘാടകര്‍. വിശാലമായ ഒളിംപിക് പാര്‍ക്കില്‍ സുന്ദരമായ പള്ളി. മഹാമേളയില്‍ പങ്കെടുക്കുന്നവരില്‍ മൂവായിരത്തോളം പേര് മുസ്ലിം താരങ്ങളും പത്രക്കാരുമാണ്. പള്ളിയില്‍ മുസായഫുകളുണ്ട്, തസ്ബിഹ് മാലകളുമുണ്ട്. ളുഹര്‍ നമസ്ക്കാരത്തിന് ഇരുന്നുറോളം പേര്. നോമ്പുള്ളവര്‍ക്കായി നോമ്പ് തുറയുണ്ടെന്ന് സംഘാടകരുടെ അറിയിപ്പും.
ഈസ്റ്റ് ലണ്ടനിലാണ് ഇംഗ്ലീഷ് മുസ്ലിം സംഖ്യ ഏറെ കൂടുതല്‍. ഈസ്റ്റ്ഹാമില്‍ ഭൂരിക്ഷവും ഇന്ത്യക്കാര്‍, ഓള്‍ഡ് ഗേറ്റില്‍ ബംഗ്ലാദേശികള്‍, സൗത്താപ്ടണില്‍ പാക്കിസ്താനികള്‍. എല്ലാവരും വിശ്വാസത്തെ ബഹുമാനിക്കുന്നവര്‍. അതിനിടയില്‍ പാര്‍ക്കില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഒളിംപിക് സംഘാടക സമിതി തലവന്‍ സെബാസ്റ്റ്യന്‍ കോയുടെയും വാര്‍ത്താ സമ്മേളനം. അതില്‍ പങ്കെടുത്ത് മടങ്ങവെ അമിതാബച്ചന്റെ വരവ്. അദ്ദേഹം ഒളിംപിക് ദീപത്തിന്റെ ഭാഗമായിരിക്കുന്നു. അങ്ങനെ അങ്ങോട്ട്. ഈ ഓട്ടമെല്ലാം നോമ്പെടുത്തിട്ടാണെന്ന് മറക്കരുത്. മീഡിയാ സെന്ററില്‍ ഇന്നത്തെ ഉദ്ഘാടന പരിപാടികളുടെ പാസ് വിതരണത്തിനായുള്ള നറുക്കെടുപ്പുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് ചന്ദ്രികയും മലയാള മനോരമയും മാതൃഭൂമിയും മാത്രമാണ് അക്രഡിറ്റേഷനോടെ ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും ഭാഗ്യമുണ്ടായിരുന്നു.
അസര്‍ നമസ്ക്കാരത്തിന് ഒത്തുചേര്‍ന്നപ്പോള്‍ മനസ്സിലേക്ക് വന്നത് നിങ്ങളെല്ലാം നാട്ടില്‍ നോമ്പ് തുറന്ന് വിശാലമായി കിടക്കുന്നതാണ്.
ലണ്ടനിലെ ഏറ്റവും വലിയ പള്ളി ഈസ്റ്റ് ലണ്ടന്‍ മോസ്ക്കാണ്. കാല്‍ലക്ഷത്തോളം പേര് ഇവിടെ ജുമുഅക്ക് പങ്കെടുക്കാറുണ്ടത്രെ.... അവിടെയാവാം നോമ്പ് തുറ എന്ന് കരുതി മെട്രോയില്‍ പള്ളിയിലേക്ക് തിരിച്ചു. മൂന്ന് മീനാരങ്ങളുള്ള വലിയ പള്ളി. ലണ്ടന്‍ മുസ്ലിം സെന്ററുകാരാണ് നടത്തിപ്പുകാര്‍. (ഇവിടെ വിശ്വാസത്തിനൊന്നും ഒരു പ്രശ്നവുമില്ല. ചൈനയില്‍ പോയപ്പോള്‍ കണ്ടത് പോലെ നാലാളുകള്‍ കൂടുമ്പോള്‍ പോലീസിന്റെ ഒളിച്ചുനോട്ടമില്ല) നോമ്പ് തുറ വിഭവങ്ങളിലെ പ്രധാനി അവിടെയും ഇവിടെയും നമ്മുടെ കാരക്ക തന്നെ..... വിവിധ വലുപ്പത്തിലുള്ള കാരക്കകള്‍. പിന്നെ ഫ്രൂട്ട്സ് കോക്ക് ടെയില്‍ എന്ന പുത്തന്മുറക്കാരന്. എല്ലാതരം ഫ്രൂട്ട്സിലെയും വൈറ്റമിനുകള്‍ ശരീരത്തിലെത്തിക്കാന്‍ എല്ലാ പഴങ്ങളും ചേര്‍ത്തുള്ള ഉഗ്രന്‍ ജ്യൂസ്. സമൂസയും ഉന്നക്കായും ചിക്കന്റോളും മട്ടന്‍ ഫ്രീറോളും കട്ലറ്റും മുട്ട ബാജിയും പക്കവടയുമെല്ലാം. കടലയും ചെറുപയറും വേവിച്ച പ്രത്യേക വിഭവമായിരുന്നു അപരിചിതന്. പിന്നെ പല തരത്തിലുള്ള ജിലേബികള്‍. നാട്ടിലെ രീതിയനുസരിച്ചുള്ള വലിയ തുറയും ചെറിയ തുറയുമൊന്നുമില്ല-എല്ലാം ഒരുമിച്ച്. പ്രിയപ്പെട്ട നാടന്‍ പത്തിരി തേടിയപ്പോള്‍ ഉത്തരമായി മുന്നില്‍ വന്നത് ചപ്പാത്തി.....
പള്ളിയില്‍ ഒത്തുചേര്ന്നിരിക്കുന്നവരില് സമ്പന്നനും സാധാരണക്കാരനുമെല്ലാമുണ്ട്. എല്ലാവരും മഗ്രിബ് സമയത്ത് പള്ളിയിലേക്ക് വരുന്നു. കൂട്ടമായി നോമ്പ് തുറക്കുന്നു. നമസ്കരിക്കുന്നു. പള്ളി കവാടത്തില്‍ തന്നെ ഒളിംപിക്സ് പ്രമാണിച്ചുള്ള നോട്ടീസ്-കഴിവതും സ്വന്തം കാറുകള്‍ ഉപയോഗിക്കാതിരിക്കുക. പള്ളിയിലേക്ക് വരുമ്പോള്‍ മെട്രോയെ ആശ്രയിക്കുക. ഒളിംപിക്സ് പ്രമാണിച്ച് വന്‍ ഗതാഗതകുരുക്കും പാര്‍ക്കിംഗ് നിയന്ത്രണവുമുള്ളതിനാല്‍ എല്ലാവരും നിയമങ്ങളുമായി സഹകരിക്കുന്നു. നോമ്പ് തുറ കഴിഞ്ഞാല്‍ മുത്താഴമൊന്നുമില്ല. അനഫി മദ്ഹബാണ് ഇവിടെ പിന്തുടരുന്നത്. 20 റക്കാഅത്ത് തറാവിഹ്. ആദ്യ പത്തിന് ശേഷം ഹാഫിളായ ഇമാം പിന്മാറി ആദ്യ നിരയിലെത്തുന്നു. പുതിയ ഇമാമാണ് പിന്നെ. നാട്ടില്‍ സുന്നികള്‍ പിന്തുടരുന്ന അതേ രീതികള്‍. കൂട്ടപ്രാര്‍ത്ഥനക്ക് ശേഷമാണ് എല്ലാവരും പിരിഞ്ഞത്. ഇപ്പോള്‍ നിങ്ങളെല്ലാം ഏഴാം നോമ്പിലായിരിക്കും-ഞങ്ങള്‍ക്ക് പക്ഷേ നോമ്പ് ആറില്‍ നിന്ന് ഏഴിലെത്താന്‍ അല്‍പ്പസമയം കൂടി ബാക്കിയുണ്ട്. 19 മണിക്കൂര്‍ പട്ടിണിയിരുന്നിട്ടും ശരീരത്തിന് വേവലാതികളൊന്നുമില്ല. വിജയകരമായ ആദ്യ ബ്രിട്ടീഷ് നോമ്പ്.....
Subscribe to:
Post Comments (Atom)
3 comments:
"വിജയകരമായ ആദ്യ ബ്രിട്ടീഷ് നോമ്പ്..... നന്നായിരുന്നു !"
ആ റിപ്പോര്‍ട്ടിങ്ങും .. !
പിന്നെ ഈ ബ്ലോഗും ..!! :)
ആശംസകള്‍ !
കായിക കാഴ്ചകളുടെ വരമൊഴിച്ചന്തം കൊണ്ടു മാത്രമല്ല, ഏതു പ്രതികൂല സന്ധിയിലും സ്വന്തം വിശ്വാസത്തോട് പുലര്‍ത്തുന്ന ധാര്‍മ്മിക പ്രതിബദ്ദത കൊണ്ടു കൂടി നിങ്ങള്‍ മനസ്സിനോട് ചേര്‍ന്ന് നില്ക്കുന്നു...
കൂടുതല്‍ വിശേഷങ്ങള്‍ക്ക് കാത്ത്...
(ഓര്‍മ്മയുണ്ടോ എന്നറിയില്ല ദര്‍ശന ടീവിയുടെ യൂറോ വണ്ടി എന്ന പ്രോഗ്രാമിന് വേണ്ടി അവതാരകനായി അന്ന് ചന്ദ്രികയില്‍ വന്നിരുന്നു ഞാന്‍ ...)
വായിക്കുന്നു...
നോമ്പു മുറിക്കുന്ന കാഴ്ചകൾക്കൊന്നും കണ്ണു കൊടുത്താലും മനസ്സു കൊടുക്കാതിരുന്നാൽ മതി.
തുടരട്ടെ..
ആശംസകൾ...
Post a Comment