Thursday, August 16, 2012
വിസ്‌മയ വികാരം
വിസ്‌മയ വികാരം
ഒളിംപിക്‌സ് ഒരു വിസ്‌മയവികാരമാണെന്ന സത്യം നേരിട്ടറിഞ്ഞു ലണ്ടനിലേക്കുള്ള യാത്രയില്‍. കരിപ്പൂരില്‍ നിന്ന് ദുബായ് വഴി ഹിത്രു വിമാനത്താവളത്തിലെത്താന്‍ പതിമൂന്ന് മണിക്കൂറുകള്‍ വേണ്ടിവന്നെങ്കിലും രാത്രി യാത്രയിലുള്ള ഒളിംപിക് പരിവേഷം അഭിമാനകരമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ചൈനയിലെ ഗുവാന്‍ഷൂവില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രയില്‍ ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എന്നെയും മാതൃഭുമി റിപ്പോര്‍ട്ടര്‍ കെ.വിശ്വനാഥനെയും ഇമിഗ്രേഷന്‍ അധികാരികള്‍ ഒരു മണിക്കൂറോളം അക്രഡിറ്റേഷന്‍ കാര്‍ഡിന്റെ വിലയറിയാത്തതിനാല്‍ തടഞ്ഞ് വെച്ച സംഭവം ഓര്‍മ്മയുള്ളതിനാല്‍ നേരത്തെ തന്നെ കരിപ്പൂരിലെത്തി. എമിറേറ്റ്‌സ് കൗണ്ടറില്‍ ബഗേജ് നല്‍കാനായി യാത്രാ രേഖകള്‍ കാണിച്ചു. ഒളിംപിക്‌സ് അക്രഡിറ്റേഷന്‍ കണ്ടപ്പോള്‍ അവര്‍ക്ക് വലിയ സന്തോഷം. ഉടന്‍ തന്നെ ഷമാന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്‌ത് ബിസിനസ് ക്ലാസാക്കി. കായികലോകം ഒരുമിക്കുന്ന വലിയ മാമാങ്കവേദിയിലേക്ക് പോവുന്ന മാധ്യമ പ്രവര്‍ത്തകന് എമിറേറ്റ്‌സ് എയര്‍വെയ്‌സിന്റെ ആദരം. തിരക്കില്ലാത്ത ഇമിഗ്രേഷന്‍ കൗണ്ടറില്‍ ഒളിംപിക്‌സ് അക്രഡിറ്റേഷന്‍ കാര്‍ഡിന് പൊന്നിന്റെ വിലയായിരുന്നു. എസ്.ഐ ദേവദാസിന്റെ നേതൃത്ത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ കാര്‍ഡിന്റെ ഉന്നതനിലവാരവും അതീവസുരക്ഷാ മാര്‍ക്കുകളും വിവരിച്ചു. എല്ലാ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും കാര്‍ഡ് ആകാംക്ഷയോടെ പരീക്ഷിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ആദ്യമായി ലഭിക്കുന്ന ഒളിംപിക്‌സ് അക്രഡിറ്റേഷന്‍ കാര്‍ഡ്.പക്ഷേ ബാംഗ്ലൂരിലെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അജ്ഞതയൊന്നും പ്രകടിപ്പിക്കാതെ കാര്‍ഡിന്റെ പ്രസക്തിയും വിലയും മനസ്സിലാക്കി അതിവേഗത്തില്‍ അവര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. വി.ഐ.പി ലോഞ്ചിലെ കാത്തിരിപ്പിനിടയില്‍ നോമ്പ് തുറ. യാത്രാ മംഗളങ്ങള്‍ നേര്‍ന്ന് മൂന്ന് മന്ത്രിമാരുടെ ഫോണ്‍ കോളുകള്‍. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, സംസ്ഥാന വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, സാമുഹ്യക്ഷേമ മന്ത്രി ഡോ.എം.കെ മുനീര്‍-മൂന്ന്‌് പേരും ആവശ്യപ്പെട്ടത് ചൈനയിലെ ഡയറിക്കുറിപ്പുകള്‍ പോലെ ബ്രിട്ടഷ് സംസ്‌ക്കാരത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ തേടിയുള്ള രസകരങ്ങളായ കുറിപ്പുകള്‍. എമിറേറ്റ്‌സ് എയര്‍വെയ്‌സിന്റെ 536-ാം നമ്പര്‍ വിമാനത്തിലേക്ക് കയറിയപ്പോള്‍ അവിടെയും ഒളിംപിക്‌സ് തന്നെ വി.ഐ.പി. പൈലറ്റായ അയര്‍ലാന്‍ഡുകാരന്‍ വാനി വിസ്‌കിന്‍സ് എനിക്കായി പ്രത്യേക സ്വാഗതമോതി. തൊട്ടരികിലുള്ള സീറ്റിലെ യാത്രക്കാരനായ കാസര്‍ക്കോട് കാഞ്ഞങ്ങാട്ടുള്ള ഡോ. വിജയരാജ് മൃണാള്‍ തന്റെ അസൂയ തുറന്ന് പറഞ്ഞു. ഒളിംപിക്‌സ് വളരെ അരികില്‍ നിന്ന് കാണാനും ലോകോത്തര താരങ്ങളുടെ മാന്ത്രിക പ്രകടനങ്ങള്‍ക്ക് ദൃക്‌സാക്ഷിയാവാനും കഴിയുന്നത് ഭാഗ്യമാണെന്ന് പറഞ്ഞ അദ്ദേഹം തന്റെ പ്രൊഫഷന്‍ വിട്ട് മാധ്യമ പ്രവര്‍ത്തകനായാലോ എന്ന ആലോചനയും പങ്കിട്ടു. നാല് മണിക്കൂര്‍ യാത്രക്ക് ശേഷം ുദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോള്‍ അര്‍ദ്ധരാത്രി പിന്നിട്ടിരുന്നു. പതിവ് പോലെ ദുബായ് നഗരത്തിന് പകലും രാത്രിയുമില്ല. ബഹളമയത്തില്‍ എല്ലാവരും രാത്രിയെ പകലാക്കുകയാണ്. ലണ്ടനിലേക്കുള്ള ഇ.കെ 007 വിമാനം തേടിയപ്പോള്‍ വലിയ ബോര്‍ഡില്‍ 226-ാം നമ്പര്‍ ഗേറ്റിലെത്താനുള്ള നിര്‍ദ്ദേശം. ഗേറ്റ് തേടി അലയേണ്ടി വന്നില്ല. ഇംഗ്ലീഷുകാരുടെ വെളുത്ത സഞ്ചയം. അവര്‍ക്കിടയില്‍ ഒരാളായി രണ്ട് മണിക്കൂറിന്റെ കാത്തിരിപ്പും രസകരമായിരുന്നു. എല്ലാവരും പുസ്‌തക പാരായണത്തില്‍. നമ്മുടെ കുട്ടികളും ചെറുപ്പക്കാരും അല്‍പ്പസമയം കിട്ടിയാല്‍ മൊബൈല്‍ ഫോണെടുത്ത് വിക്രിയ കളിക്കുന്നവരാണെങ്കില്‍ വെള്ളക്കാരുടെ കുട്ടികള്‍ക്ക് ആ താല്‍പ്പര്യമൊന്നുമില്ല. രണ്ട് വയസുകാരിയായ കൊച്ചുമിടുക്കി പോലും വായനയില്‍....
അതിനിടയില്‍ ഗേറ്റ് നമ്പര്‍ മാറി എന്ന പ്രഖ്യാപനവുമായി ഒരു ഉദ്യോഗസ്ഥന്‍ എത്തിയപ്പോള്‍ ആരും ഒരു പരാതി പോലും പറഞ്ഞില്ല. പുതിയ ഗേറ്റിലേക്ക് എല്ലാവരും ബഗേജുമായി എഴുന്നേറ്റപ്പോള്‍ ഇംഗ്ലീഷുകാരുടെ മാന്യതയെ നമിച്ചു. നമ്മുടെ നാട്ടിലാണെങ്കില്‍ ആ ഉദ്യോഗസ്ഥനെ തെറി വിളിക്കുമായിരുന്നില്ലേ.... എല്ലാവരും ബഗേജുമായി നേരത്തെ പറഞ്ഞ ഗേറ്റില്‍ കാത്തുനില്‍ക്കുമ്പോള്‍ അവസാന നിമിഷത്തിലെ മാറ്റം. ദുബായില്‍ നിന്ന് ലണ്ടനിലേക്കുള്ള എമിറേറ്റ്‌സ് എയര്‍വെയ്‌സിന്റെ ബോയിംഗ് 007 വിമാനത്തില്‍ നിറയെ താരങ്ങളും ഒഫീഷ്യലുകളും മാധ്യമ പ്രവര്‍ത്തകരും. അരികിലെ സീറ്റില്‍ ടാന്‍സാനിയന്‍ ബോക്‌സിംഗ് കോച്ചായ ബ്രിട്ടീഷുകാരി താന്‍സ സുഗിയ. ഇന്ത്യയില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ നമ്മുടെ ബോക്‌സര്‍ വീജേന്ദര്‍ മെഡല്‍ നേടുമോ എന്ന ചോദ്യം. രാത്രിയുടെ ആലസ്യത്തില്‍ എല്ലാവരും ഉറക്കത്തിലേക്ക് പ്രവേശിച്ചതിനാല്‍ ഹിത്രു വിമാനത്താവളത്തിലെത്തിയത് അറിഞ്ഞത് തന്നെയില്ല. പ്രാദേശിക സമയം പുലര്‍ച്ചെ 6-30 ന് ഖലീല്‍ ഇസ്‌മാഈല്‍ എന്ന അറേബ്യന്‍ പൈലറ്റ് പറത്തിയ വിമാനം നിലംതൊട്ടു. മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ ഒളിംപിക്‌സ് ഫാമിലിക്ക് മാത്രമായി പ്രത്യേക സൗകര്യങ്ങള്‍. അതിവേഗം അക്രഡിറ്റേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ കോഴിക്കോട്ടെ എന്റെ അയല്‍വാസിയും ഇവിടെ എം.ബി.എ വിദ്യാര്‍ത്ഥിയുമായ എന്‍. എം മുഹമ്മദ് അഫീഖും ബ്രിട്ടീഷ് കെ.എം.സി.സി പ്രവര്‍ത്തകരും പൂച്ചെണ്ടുകളുമായി കാത്തുനില്‍ക്കുകയായിരുന്നു. അഫീഖ് മൊബൈല്‍ കാര്‍ഡ് എടുത്തുവെച്ചതിനാല്‍ വന്നയുടന്‍ തന്നെ ലണ്ടന്‍ നമ്പറിലേക്ക് വിളികള്‍. കേരളാ മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ എന്ന മുസ്‌ലിം ലീഗിന്റെ പ്രവാസി സംഘടനയുടെ കരുത്ത് ഗള്‍ഫ് നാടുകളില്‍ നിരന്തരം കണ്ടിട്ടുണ്ട്. ഇങ്ങിവിടെ വെള്ളക്കാരുടെ തട്ടകത്തിലും സംഘടനാ കരുത്തുമായി അവര്‍ എത്തിയത് അല്‍ഭുതമായിരുന്നു. യുണിറ്റ് പ്രസിഡണ്ട് പരപ്പനങ്ങാടിക്കാരനായ അസൈനാര്‍, സെക്രട്ടറി പേരാമ്പ്രയിലെ എന്‍.കെ സഫീര്‍, സാബു ഷഫീഖ്, അനീഷ്, മുഹമ്മദ്, അദിന്‍ലാല്‍, മുഹമ്മദ് റസിന്‍ഷാ, സി.പി അഹമ്മദ് എന്നിവരെല്ലാമുണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ അണ്ടര്‍ ഗ്രൗണ്ട് ട്രെയിനില്‍ ഞങ്ങളെല്ലാം ലണ്ടനിലെ ഏറ്റവും പഴക്കം ചെന്ന പ്രവാസി മലയാളിയായ ലണ്ടന്‍ ഉസ്‌മാന്‍ക്കയുടെ ഓള്‍ഡ് ഗേറ്റിലെ ഹോട്ടലിലേക്ക്. അദ്ദേഹവും മകന്‍ മെഹബൂബും ഞങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇനി മൂന്നാഴ്‌ച്ച കാലം ഉസ്‌മാന്‍ക്കയുടെ അതിഥിയായി 1939 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ഹലാല്‍ റസ്‌റ്റോറന്റില്‍. ഇവിടെ നിന്ന് അഞ്ച് മിനുട്ട് സഞ്ചരിച്ചാല്‍ ഒളിംപിക് പാര്‍ക്കിലെത്താം.
രാത്രിയില്‍ പാര്‍ക്കിലെത്തിയപ്പോള്‍ കണ്ടത് ആവേശത്തിന്റെ മാലപ്പടക്കങ്ങള്‍. മഴയെല്ലാം മാറിയിരിക്കുന്നു. ഇന്നലെ ചൂട് 30 ഡിഗ്രി. താരങ്ങളും സംഘാടകരുമെല്ലാമായി പാര്‍ക്കില്‍ ബഹളമയം...... അതെ ഒളിംപിക്‌സ് എന്ന വലിയ വികാരത്തിന്റെ വ്യാപ്‌തി പറഞ്ഞറിയിക്കാനാവില്ല.....കരിപ്പൂരില്‍ നിന്ന് ഹിത്രൂ വരെ കണ്ടത് അത് മാത്രം.....
Subscribe to:
Post Comments (Atom)
4 comments:
കൂടുതല്‍ വിശേഷങ്ങള്‍ പ്രതീക്ഷിക്കുന്നു ......
ok jaleel
കൂടുതൽ വിവരങ്ങൾ ഫോട്ടോകൾ സഹിതം പ്രതീക്ഷിക്കുന്നു.
ആശംസകൾ...
വിശ്വ മഹാ മേള നേരിട്ട് കാണുന്ന ഒരു പ്രതീതിയുണ്ട് കമാല്ജീ..ഇത് വായിക്കുമ്പോള്‍.
ഇനിയും,കൂടുതല്‍ വിവരണങ്ങള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
Post a Comment