പി.എ ഹംസ കോമണ്‍വെല്‍ത്ത് ഗെയിംസ് കമ്മിറ്റിയില്‍
കോഴിക്കോട്: അടുത്ത വര്‍ഷം ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന പത്തൊമ്പതാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കേരളത്തിന് സംഘാടക പ്രാതിനിധ്യം. ഗെയിംസിന്റെ വിജയകരമായി നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട സെറീമണിസ്, കള്‍ച്ചര്‍ ആന്‍ഡ് ക്രിയേറ്റീവ് സബ് കമ്മിറ്റിയില്‍ കേരളാ ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി പി.എ ഹംസയെ അംഗമാക്കിയതായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ചെയര്‍മാനും, കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി തലവനുമായ സുരേഷ് കല്‍മാഡി അറിയിച്ചു. കേരളാ ഒളിംപിക് അസോസിയേഷന്റെ പ്രധാന സാരഥികളില്‍ ഒരാളായി വര്‍ഷങ്ങളായി തുടരുന്ന ഹംസ ബെയ്‌ജിംഗ് ഒളിംപിക്‌സിനുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നു.
ഗെയിംസിനുളള ഒരുക്കങ്ങള്‍ തകൃതിയില്‍ നടക്കുന്നതായി കല്‍മാഡി പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഇത് വരെ കണ്ടിട്ടില്ലാത്ത രീതിയില്‍ ഏറ്റവും മനോഹരമായ ഗെയിംസാണ് പ്ലാന്‍ ചെയ്യുന്നത്. ഇതിന് സര്‍ക്കാര്‍ തലത്തില്‍ എല്ലാ പ്രോല്‍സാഹനവും ലഭിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ അത്‌ലറ്റായ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെടെ ലോകോത്തര താരങ്ങളെല്ലാം ഗെയിംസില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വിജയകരമായ നടത്തിപ്പിന്റെ ഭാഗമായി സാമ്പത്തിക കരുത്ത് നേടാന്‍ തലസ്ഥാന നഗരിയില്‍ മാത്രമായി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അറിയിച്ചു. ഗെയിംസ് ചെലവേറിയതാണ്. അതിനൊപ്പം പിടിച്ചുനില്‍ക്കാന്‍ ചില സാധനങ്ങള്‍ക്കുളള വില ഉയരുമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന സൂചന. ആഡംബര വസ്‌തുകള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെയുളള നടപടികളാണ് ആലോചിക്കുന്നത്. മാര്‍ച്ചില്‍ നടക്കുന്ന സംസ്ഥാന നിയമസഭയുടെ ബഡ്‌ജറ്റ് സമ്മേളനത്തില്‍ ഈ നിര്‍ദ്ദേശം മുന്നോട്ട് വെക്കും. സഭയുടെ അനുമതി ലഭിക്കുന്നപക്ഷം ആഡംബര വസ്‌തുക്കളുടെ വില വര്‍ദ്ധിപ്പിക്കും.
ഗെയിംസിനെത്തുന്ന താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും സമ്പൂര്‍ണ്ണ ദന്ത സുരക്ഷ ഉറപ്പ് നല്‍കുന്ന പദ്ധതിക്ക് മൗലാന ആസാദ് മെഡിക്കല്‍ കോളജ് തുടക്കമിടും. ഗെയിംസിന്റെ പ്രധാന വേദികളായ താല്‍ക്കത്തോറ സ്‌റ്റേഡിയത്തിലും നാഷണല്‍ സ്‌റ്റേഡിയത്തിലും ഇതിനായി ദന്തസംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പരിപാടിയുളളതായി ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും മെഡിക്കല്‍ കോളജ് പ്രതിനിധികളും അറിയിച്ചു. നാഷണല്‍ സ്‌റ്റേഡിയത്തിലാണ് ഹോക്കി മല്‍സരങ്ങള്‍ നടക്കുന്നത്. ഹോക്കി മല്‍സരങ്ങള്‍ക്കിടെ പരുക്കിന്റെ സാധ്യകള്‍ കൂടുതലായതിനാലാണ് ഇവിടെ ദന്തസംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത്. താല്‍ക്കത്തോറയിലാണ് ബോക്‌സിംഗ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്. ഇവിടെയും താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും കൂടുതല്‍ ആരോഗ്യസംരക്ഷണം നല്‍കേണണ്ടതുണ്ടെന്ന് ഷീലാ ദീക്ഷിത് പറഞ്ഞു. ഗെയിംസ് വില്ലേജ് പ്രവര്‍ത്തനം ആരംഭിക്കുന്ന ദിവസം മുതല്‍ ഗെയിംസിന്റെ സമാപനം വരെ ഈ സൗകര്യങ്ങള്‍ ഉണ്ടാവും.
ടാറ്റാ ടീ ഫുട്‌ബോളിന് ഇന്ന് തുടക്കം
കോഴിക്കോട്: ടാറ്റാ ടീ ആഴ്‌സനല്‍ ഇന്റര്‍ സ്‌ക്കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ തുടക്കം. സംസ്ഥാനത്തെ 66 സ്‌ക്കൂളുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് രണ്ട് ദിവസം ദീര്‍ഘിക്കും. ടാറ്റാ ടീ അംബാസിഡര്‍ മുന്‍ ഇന്ത്യന്‍ താരം ജാംഷഡ് നസ്സീരിയും സംഘവും ഇന്നലെ നഗരത്തിലെത്തി. 66 ടീമുകളും ഇന്ന് പ്രാഥമക റൗണ്ടില്‍ മല്‍സരിക്കും. ക്വാര്‍ട്ടര്‍ ഘട്ടം നാളെയാണ്. വൈകീട്ട് ഫൈനലും നടക്കുമെന്ന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി ഹരിദാസ് അറിയിച്ചു.
യുവി പുറത്ത്, സങ്ക ഇന്‍
മുംബൈ: ഇന്ത്യന്‍ ഏകദിന ടീമിന്റെ ഉപനായകനും ഭാവി ഇന്ത്യയുടെ നായകനാവുമെന്നും വിശേഷിപ്പിക്കപ്പെട്ട യുവരാജ് സിംഗിന് കനത്ത ആഘാതം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനെ ആദ്യ രണ്ട് ചാമ്പ്യന്‍ഷിപ്പുകളിലും നയിച്ച യുവിക്ക് പകരം പുതിയ നായകനായി കുമാര്‍ സങ്കക്കാരയെ മാനേജ്‌മെന്റ്‌് നിയമിച്ചു. പുതിയ ക്യാപ്‌റ്റനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ടീമിന്റെ പരിശീലകനായ ടോം മൂഡിയുടെ പരാതിയാണ് യുവിയെ ചതിച്ചത്. യുവിയുടെ ആത്മാര്‍ത്ഥയില്‍ കോച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ടീം മാനേജ്‌മെന്റിന്റെ ഉപദേശം പലപ്പോഴും അദ്ദേഹം അവഗണിച്ചതായാണ് മുഡി റിപ്പോര്‍ട്ട് നല്‍കിയത്. പഞ്ചാബ് ടീമിന്റെ പഞ്ചാബി മുഖമായാണ് യുവിയെ അവതരിപ്പിച്ചത്. എന്നാല്‍ ഐ.പി.എല്ലിന്റെ രണ്ട് എഡിഷനിലും നായകന്‍ എന്ന നിലയില്‍ അദ്ദേഹം പരാജയമായിരുന്നു. ഇന്ത്യന്‍ ടീമിന്റെ നായകനായി പറയപ്പെട്ടിരുന്ന യുവിക്ക് കിംഗ്‌സ് ഇലവനെ വിജയങ്ങളിലേക്ക് നയിച്ചിരുന്നെങ്കില്‍ അത് ചവിട്ടുപടിയാക്കി ഇന്ത്യന്‍ ടീമിന്റെ നായകനാവാന്‍ കഴിയുമായിരുന്നു. പക്ഷേ ഐ.പി.എല്‍ ആദ്യ എഡിഷനില്‍ ലോകോത്തര താരങ്ങളുടെ സാന്നിദ്ധ്യത്തിലും ടീം സെമിയില്‍ പുറത്തായി. കഴിഞ്ഞ തവണ ദക്ഷിണാഫ്രിക്കയില്‍ മല്‍സരങ്ങള്‍ നടന്നപ്പോള്‍ അഞ്ചാം സ്ഥാനമാണ് ടീമിന് ലഭിച്ചത്. ലങ്കന്‍ ടീമിന്റെ നായകന്‍ എന്ന നിലയില്‍ സങ്കക്കാര പ്രകടിപ്പിക്കുന്ന കരുത്താണ് കാര്യങ്ങള്‍ അദ്ദേഹത്തിന് അനുകൂലമാക്കി മാറ്റിയത്.
ഓസീസിന് തകര്‍പ്പന്‍ തുടക്കം
പെര്‍ത്ത്: രണ്ടാം ടെസ്റ്റിലെ തണുപ്പന്‍ പ്രകടനം മറന്ന് ഓസ്‌ട്രേലിയ വിന്‍ഡീസിനെതിരായ മൂന്നാം ടെസ്‌റ്റിന്റെ ആദ്യദിവസത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം നടത്തി. മൂന്ന് വിക്കറ്റിന് 339 റണ്‍സാണ് അവര്‍ പെര്‍ത്തില്‍ നേടിയിരിക്കുന്നത്. ബാറ്റിംഗിനിടെ നായകന്‍ റിക്കി പോണ്ടിംഗ് പരുക്കുമായി പുറത്തായത് ടീമിന് തിരിച്ചടിയായെങ്കിലും ഓപ്പണര്‍മാരായ സൈമണ്‍ കാറ്റിച്ചും ഷെയിന്‍ വാട്ട്‌സണും സെഞ്ച്വറിക്കടുത്ത പ്രകടനം നടത്തി ടീമിന് കരുത്തേകി. 99 റണ്‍സാണ് കാറ്റിച്ച് നേടിയത്. വാട്ട്‌സണ്‍ 89 ലും പുറത്തായി. മൈക് ഹസി 81 റണ്‍സുമായി ഇപ്പോള്‍ ക്രീസിലുണ്ട്. വ്യക്തിഗത സ്‌ക്കോര്‍ 23 ല്‍ നില്‍ക്കുമ്പോഴാണ് വലത് കൈകുഴക്ക് പരുക്കുമായി പോണ്ടിംഗ് മടങ്ങിയത്. ഈ ടെസ്‌റ്റില്‍ ഇനി അദ്ദേഹം കളിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ആദ്യ ടെസ്‌റ്റില്‍ വിജയം സ്വന്തമാക്കിയ ഓസീസ് പരമ്പരയില്‍ 1-0 ത്തിന് മുന്നിട്ട് നില്‍ക്കുകയാണ്.
സ്‌പെയിന്‍ തന്നെ
സൂറിച്ച്: 2009 ന്റെ ടീം സ്‌പെയിന്‍ തന്നെ....യൂറോപ്യന്‍ കിരീടം ഉള്‍പ്പെടെ നിരവധി കപ്പുകള്‍ സീസണില്‍ സ്വന്തമാക്കിയ സ്‌പാനിഷ് ടീമിനെ ഈ വര്‍ഷത്തെ ടീമായി ഫിഫ തെരഞ്ഞെടുത്തപ്പോള്‍ പുതിയ ഫിഫ റാങ്കിംഗിലും അവര്‍ തന്നെ ഒന്നാം സ്ഥാനത്ത് വന്നു. ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ അമേരിക്കയോട് ഏറ്റ പരാജയം മാറ്റിനിര്‍ത്തിയാല്‍ പൂര്‍ണ്ണമായും 2009 നെ വരിച്ചത്‌് സ്‌പാനിഷ് സംഘമായിരുന്നു. ഫിഫ റാങ്കിംഗില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഒരു മാറ്റവുമില്ല. സ്‌പെയിനിന്‌് പിറകെ ബ്രസീലും ഹോളണ്ടും സ്ഥാനങ്ങള്‍ നേടി.
ദക്ഷിണാഫ്രിക്ക പൊരുതുന്നു
ജോഹന്നാസ്‌ബര്‍ഗ്ഗ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്‌റ്റിന്റെ ഒന്നാം ദിവസം ദക്ഷിണാഫ്രിക്ക ജാക് കാലിസിന്റെ മികവില്‍ പൊരുതുന്നു. സെഞ്ചൂറിയനില്‍ നടക്കുന്ന പോരാട്ടത്തില്‍ അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 70 ഓവറില്‍ ദക്ഷിണാഫ്രിക്ക 196 റണ്‍സ് നേടിയിട്ടുണ്ട്. കാലിസ് 67 റണ്‍സുമായി ക്രീസിലുണ്ട്. ക്യാപ്‌റ്റനും ഓപ്പണറുമായ ഗ്രയീം സ്‌മിത്ത് പൂജ്യത്തിന് പുറത്തായെങ്കിലും വൈസ് ക്യാപ്‌റ്റന്‍ പ്രിന്‍സ് 45 റണ്‍സുമായി പൊരുതി. ഹാഷിം അംല (19), എബി ഡി വില്ലിയേഴ്‌സ് (32) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്‌മാന്മാര്‍. ഇംഗ്ലണ്ടിന് വേണ്ടി ഗ്രയീം സ്വാന്‍ രണ്ട് വിക്കറ്റ് നേടി.
വഖാറിനെതിരെ ഖാദിര്‍
കറാച്ചി: ഒരിക്കലും ഒരു നല്ല ഫീല്‍ഡറല്ലാത്ത വഖാര്‍ യൂനസിനെ പാക്കിസ്‌താന്‍ ടീമിന്റെ ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചായി നിയമിച്ചത് 2009 ലെ വലിയ തമാശയാണെന്ന് പാക്കിസ്‌താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ മുഖ്യ സെലക്ടര്‍ അബ്‌ദുള്‍ ഖാദിര്‍. പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികാരികളുമായി അകന്ന് നില്‍ക്കുന്ന ഖാദിര്‍ രൂക്ഷമായ ഭാഷയിലാണ് വഖാറിനെ വിമര്‍ശിച്ചത്. പാക്കിസ്‌താന്‍ ടീമിന് വേണ്ടി കളിക്കുമ്പോള്‍ ടീമിലെ ഏറ്റവും മോശം ഫീല്‍ഡറായിരുന്നു വഖാര്‍. അദ്ദേഹത്തെ പോലെ ഒരാളെ ഫീല്‍ഡിംഗ് പരിശീലകനായി നിമയിച്ചത് ഏന്തടിസ്ഥാനത്തിലാണെന്ന് ഖാദിര്‍ ചോദിച്ചു.
അഫ്രീദി ടെസ്റ്റിന് റെഡി
ലാഹോര്‍: പാക്കിസ്‌താന്‍ ദേശീയ ടീമിന് ആവശ്യമാണെങ്കില്‍ ടെസ്റ്റില്‍ കളിക്കാന്‍ താന്‍ ഒരുക്കമാണെന്ന് പാക്കിസ്‌താന്‍ 20-20 ടീം നായകന്‍ ഷാഹിദ് അഫ്രീദി. അല്‍പ്പകാലമായി ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ചിട്ട്. എന്നാല്‍ ടീമിന് ആവശ്യമാണെങ്കില്‍ ടെസ്റ്റില്‍ കളിക്കുന്നതില്‍ സന്തോഷമാണെന്ന് അദ്ദേഹം പറഞ്ഞു.
മുരളിയില്ല
കൊളംബോ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന മല്‍സരങ്ങളിലും ലങ്കന്‍ സ്‌പിന്നര്‍ മുത്തയ്യ മുരളീധരന്‍ പങ്കെടുക്കില്ല. മുംബൈ ടെസ്റ്റില്‍ പരുക്കേറ്റ അദ്ദേഹമിപ്പോള്‍ നാട്ടിലാണ്. ഫാസ്റ്റ് ബൗളര്‍ ദില്‍ഹാര ഫെര്‍ണാണ്ടോയും പരുക്കേറ്റവരുടെ പട്ടികയിലാണ്. രാജ്‌ക്കോട്ട് ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഷോട്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ പരുക്കേറ്റ ഫെര്‍ണാണ്ടോക്ക് നാളെ നാഗ്‌പ്പൂരില്‍ നടക്കുന്ന രണ്ടാം മല്‍സരം നഷ്‌ടമാവും.
ദാദക്ക് അതിഥിയായി ആമീര്‍
കൊല്‍ക്കത്ത: കാഴ്‌ച്ചയില്‍ അയാള്‍ വൃദ്ധനായിരുന്നു.... കറുത്ത് ചുളിഞ്ഞ ഷര്‍ട്ട്. തോളില്‍ ഒരു മുഷിഞ്ഞ ബാഗ്.. പിന്നെ ചീകിവെക്കാത്ത താടിയും... അപരിചിതനായ ഇയാളുടെ ആവശ്യം ഒന്ന് മാത്രം-സൗരവ് ദാദയെ ഒന്ന് നേരില്‍ കാണണം. ദാദയുടെ കൊല്‍ക്കത്തയിലെ വസതിക്ക് മുന്നില്‍ അദ്ദേഹം വന്നപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കടുത്ത ഭാഷയില്‍ വിലക്കി. വൃദ്ധന്‍ ഹിന്ദിയില്‍ കാര്യങ്ങള്‍ പറഞ്ഞു.... ദാദ ഇവിടെയുണ്ടോ.. ? എനിക്ക് അദ്ദേഹത്തെ ഒന്ന് നേരില്‍ കാണണം... ഒരു ഫോട്ടോയെടുക്കണം ("Dada ghar pe hain? Mere ko dada se milna hai, photo khichana hai.) പക്ഷേ സെക്യൂരിറ്റിക്കാരന്‍ വിട്ടില്ല. രക്ഷയില്ലെന്ന് കണ്ടപ്പോള്‍ വൃദ്ധന്‍ തന്റെ തോള്‍ സഞ്ചി മാറ്റി, കറുത്ത ഷര്‍ട്ടും അഴിച്ചു. എന്നിട്ടും സെക്യരിറ്റിക്കാരന് ആളെ മനസ്സിലായില്ല. ഒടുവില്‍ താടിയും മാറ്റിയപ്പോള്‍ അത് സുന്ദരനായ ആമിര്‍ഖാന്‍...! ബോളിവുഡിലെ സൂപ്പര്‍ താരത്തെ അതിവേഗം തിരിച്ചറിഞ്ഞ സെക്യൂരിറ്റിക്കാരന്‍ ഗെയിറ്റ് തുറന്നു...
ദാദയുടെ അതിഥിയായാണ് ആരുമറിയാതെ ആമിറും ഭാര്യ കിരണ്‍ റാവുവും വന്നത്. രണ്ട് പേരും ഒരു മണിക്കൂറോളം ദാദയുടെ വീട്ടില്‍ ചെലവഴിച്ചു. ആമിറിന് ഒരു കാര്യമാണ് പറയാനുണ്ടായിരുന്നത്. ഇത്ര ചെറിയ പ്രായത്തില്‍ ദാദ എന്തിന് വിരമിച്ചു. വിരമിക്കാന്‍ പ്രായമായിട്ടുണ്ടായിരുന്നില്ല. സംസാരത്തിനിടെ എല്ലാവരും ചേര്‍ന്ന് ഉച്ചഭക്ഷണം കഴിച്ചു. സൗരവിന്റെ ഭാര്യ ഡോണയും മകള്‍ സനയുമെല്ലാം ചേര്‍ന്നാണ് അതിഥികളെ സ്വീകരിച്ചത്. മടങ്ങുമ്പോള്‍ സ്വന്തം മോതിരം ആമിര്‍ ദാദക്ക് നല്‍കി. നന്മകള്‍ നേരുകയും ചെയ്‌തു.
തേര്‍ഡ് ഐ- കമാല്‍ വരദൂര്‍
ഭാവി ഭദ്രം
എന്തൊക്കെ പറഞ്ഞാലും സ്‌ക്കൂള്‍ കായിക മേള നല്‍കുന്ന സുഖകരമായ അനുഭവത്തില്‍ നമ്മുടെ കായിക ഭാവിയെക്കുറിച്ച് തല്‍ക്കാലം സംശയിക്കേണ്ടതില്ല... പതിവിലെന്ന പോലെ ഇത്തവണയും എത്രയെത്ര താരങ്ങളാണ് പുതിയ ദൂരവും ഉയരവും താണ്ടുന്നത്. പക്ഷേ ഇവരുടെ മുന്‍ഗാമികളായി ഇങ്ങനെ കൂടുതല്‍ വേഗതയില്‍ പറന്ന പലരും എവിടെ എന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരം ലഭിക്കാതെ വരുമ്പോള്‍ നമ്മള്‍ പ്രതിഭകളെ പ്രയോജനപ്പെടുത്തുന്നില്ല എന്ന പതിവ് പരാതി തന്നെ ഉയരും. പി.ടി ഉഷയെന്ന ഒരേ ഒരു ഉഷ മാത്രമാണ് പ്രതിഭകളെ തേടി നടക്കുന്നത്. പതിവ് പോലെ ഇത്തവണയും വെയിലേറ്റ് കായിക കേരളത്തിന്റെ ഭാവിയെ തേടി ഉഷ തിരുവല്ലയിലുണ്ട്‌്. അതിനൊപ്പം സന്തോഷിക്കാവുന്ന വാര്‍ത്ത മേഴ്‌സിക്കുട്ടന്റെ മകന്‍ വേഗതയില്‍ ഒന്നാമതായതാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മക്കള്‍ മാഹാത്മ്യം നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. സ്വന്തം മക്കളെ രാജ്യത്തിന്റെ ഭരണാധികാരികളാക്കി മാറ്റാന്‍ കഠിനപ്രയത്‌നം നടത്തുന്ന നേതാക്കളുടെ ബഹളം ഇപ്പോള്‍ വാര്‍ത്ത പോലുമല്ല. പക്ഷേ കായികതാരങ്ങളുടെ മക്കള്‍ രക്ഷിതാക്കളുടെ അതേ പാതയില്‍ അങ്ങനെ വരാറില്ല. ഉഷയുടെ മകന്‍ തന്നെ അമ്മയുടെ ട്രാക്കിലേക്ക് വന്നിട്ടില്ല. പക്ഷേ മേഴ്‌സിയുടെ മകന്‍ അനാരോഗ്യം വക വെക്കാതെ പറന്ന് ഒന്നാമനായി. അവന്റെ ഭാവി നോക്കാന്‍ മേഴ്‌സിയുണ്ട്. പക്ഷേ തിരുവല്ലയില്‍ ഒന്നാം സ്ഥാനക്കാരായവരില്‍ മിക്കവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. അവരുടെ ഭാവി സംബന്ധിച്ച് മന്ത്രിമാരുടെ പ്രഖ്യാപനം മാത്രമാണ് ബാക്കി. കായിക വികസനത്തിന് കോടികളാണ് നല്‍കപ്പെടുന്നത്. ആ കോടികള്‍ എവിടെ പോവുന്നു എന്ന് പലരും പലവട്ടം ചോദിച്ചിട്ടുണ്ട്. ഉത്തരം ലഭിച്ചിട്ടില്ല. ഉഷക്കും മേഴ്‌സിക്കുമെല്ലാം ശക്തരായ പിന്‍ഗാമികളുണ്ട്. അവരെ വളര്‍ത്തിയെടുക്കാന്‍ പ്രഖ്യാപന വീരന്മാരായ മന്ത്രിമാരും ഉദ്യോഗസ്ഥരും ശ്രദ്ധിച്ചാല്‍ തിരുവല്ലയില്‍ നിന്നും മുത്തുകള്‍ ലഭിക്കും.
No comments:
Post a Comment