Wednesday, December 30, 2009

NO AAMIR

ആമിറില്ല, സിഡ്‌നിയില്‍ പോരാട്ടം ഇന്ന്‌ മുതല്‍
സിഡ്‌നി: തിരിച്ചടിക്ക്‌ കോപ്പുകൂട്ടുന്ന പാക്കിസ്‌താന്‌ രണ്ടാം ടെസ്റ്റിന്‌ മുമ്പ്‌ കനത്ത ആഘാതം. ഇടുപ്പിലെ വേദന കാരണം ഫാസ്റ്റ്‌ ബൗളര്‍ മുഹമ്മദ്‌ ആമിറിന്റെ സേവനം രണ്ടാം ടെസ്റ്റില്‍ മുഹമ്മദ്‌ യൂസഫിന്റെ സംഘത്തിന്‌ ലഭിക്കില്ല. മെല്‍ബണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയന്‍ വിജയത്തില്‍ കലാശിച്ച ആദ്യ ടെസ്‌റ്റില്‍ റിക്കി പോണ്ടിംഗിന്റേതുള്‍പ്പെടെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച്‌ വിക്കറ്റുകള്‍ സ്വന്തമാക്കിയ ആമിര്‍ ഇന്നലെ പരിശീലനത്തിനിറങ്ങിയിരുന്നില്ല. രാവിലെ എഴുന്നേറ്റപ്പോള്‍ ശരീരത്തിനനുഭവപ്പെട്ട വേദന സഹിക്കാതായപ്പോഴാണ്‌ അദ്ദേഹം ഡോക്ടറെ സമീപിച്ചത്‌. നേരത്തെ തന്നെ ഇടുപ്പിന്‌ വേദനയുണ്ടായിരുന്നു. മെല്‍ബണ്‍ ടെസ്റ്റില്‍ കളിച്ചതോടെ വേദന വര്‍ദ്ധിച്ചു. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആമിറിനെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കുന്നില്ലെന്ന്‌ ഇന്നലെ വൈകി ടീം മാനേജര്‍ അബ്ദുള്‍ റഖീബ്‌ അറിയിക്കുകയും ചെയ്‌തു.
മെല്‍ബണ്‍ ടെസ്റ്റിനിടെയാണ്‌ ആമിര്‍ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തില്‍ അഞ്ച്‌ വിക്കറ്റ്‌ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ബൗളറായി മാറിയത്‌. റിക്കി പോണ്ടിംഗ്‌, മൈക്കല്‍ ക്ലാര്‍ക്ക്‌, മൈക്‌ ഹസി തുടങ്ങിയ പ്രമുഖരുടേതുള്‍പ്പെടെ അഞ്ച്‌ വിക്കറ്റുകളാണ്‌ അദ്ദേഹം സ്വന്തമാക്കിയത്‌. മല്‍സരത്തിന്റെ മൂന്നാം ദിവസം ലഞ്ചിന്‌ ശേഷമുള്ള സെഷനില്‍ ആമിര്‍ എറിഞ്ഞ ചില പന്തുകള്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലായിരുന്നു. ആമിറിന്‌ പകരം ഉമര്‍ ഗുല്‍, മുഹമ്മദ്‌ സമി എന്നിവരില്‍ ഒരാളായിരിക്കും അവസാന ഇലവനില്‍ വരുക. ചെറിയ ഇടവേളക്ക്‌ ശേഷം ടീമിലെത്തിയ സമിക്കാണ്‌ സാധ്യത കൂടുതല്‍. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയത്‌ വഴിയാണ്‌ സമീ ടീമിലെത്തിയത്‌. എന്നാല്‍ ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിന്‌ അവസരം ലഭിച്ചിരുന്നില്ല. സ്‌പിന്നര്‍ ഡാനിഷ്‌ കനേരിയക്കും ഇന്ന്‌ അവസരമുണ്ടാവും. എസ്‌.സി.ജിയിലെ പിച്ച്‌ സ്‌പിന്നര്‍മാരെ തുണക്കുന്നതിനാല്‍ കനേരിയക്ക്‌ മല്‍സരത്തില്‍ തിളങ്ങാനും അവസരമുണ്ട്‌.
ആദ്യ ടെസ്‌റ്റില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഓസ്‌ട്രേലിയക്ക്‌ തന്നെയാണ്‌ ഈ മല്‍സരത്തിലും മേല്‍ കൈ. ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും അവര്‍ക്ക്‌ വ്യക്തമായ കരുത്തുണ്ട്‌. ഷെയിന്‍ വാട്ട്‌സണ്‍, സൈമണ്‍ കാറ്റിച്ച്‌ എന്നിവര്‍ വിശ്വാസ്യത കൈവരിച്ച ഓപ്പണിംഗ്‌ ജോഡിയായി മാറിയിട്ടുണ്ട്‌. റിക്കി പോണ്ടിംഗ്‌, മൈക്‌ ഹസി, വൈസ്‌ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌, വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിന്‍ എന്നിവര്‍ ബാറ്റിംഗില്‍ വിലാസമുള്ളവരാണ്‌. ബൗളിംഗില്‍ മിച്ചല്‍ ജോണ്‍സണൊപ്പം പീറ്റര്‍ സിഡില്‍, സ്റ്റ്യൂവര്‍ട്ട്‌ ക്ലാര്‍ക്ക്‌, നതാന്‍ ഹൗറിറ്റ്‌സ്‌ എന്നിവരുണ്ട്‌.
്‌അതേ സമയം പാക്കിസ്‌താന്‌ ബാറ്റിംഗ്‌ ഇപ്പോഴും തലവേദനയാണ്‌. അനുഭവസമ്പന്നരായ ബാറ്റ്‌സ്‌മാന്മാരുടെ അഭാവത്തിലാണ്‌ ടീം ആദ്യ ടെസ്റ്റില്‍ തകര്‍ന്നത്‌. സല്‍മാന്‍ ഭട്ട്‌ എന്ന ഓപ്പണര്‍ക്ക്‌ ഇത്‌ വരെ പഴയ ഫോം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫൈസല്‍ ഇഖ്‌ബാല്‍, മുഹമ്മദ്‌ യൂസഫ്‌ എന്നിവര്‍ക്കും വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കഴിയുന്നില്ല. മധ്യനിരക്ക്‌ കരുത്ത്‌ പകരാന്‍ യൂനസ്‌ഖാന്റെ സേവനം ടീം മാനേജ്‌മെന്റ്‌ തേടിയെങ്കിലും പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അനുകൂലമായല്ല പ്രതികരിച്ചത്‌. ഉമര്‍ അക്‌മല്‍, മിസ്‌ബാഹുല്‍ ഹഖ്‌ എന്നിവരാണ്‌ ബാറ്റിംഗില്‍ ഫോം പ്രകടിപ്പിക്കുന്നവര്‍. വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ കമറാന്‍ അക്‌മലിനും ബാറ്റിംഗില്‍ സംഭാവനകള്‍ നല്‍കാനാവും.

ഒരു പരിശീലകന്റെ അനുഭവങ്ങള്‍
കോഴിക്കോട്‌: താരമായും പരിശീലകനായും കേരളാ ഫുട്‌ബോളിനെ ദീര്‍ഘകാലം സേവിച്ച മുഹമ്മദ്‌ നജീബ്‌ ഫുട്‌ബോള്‍ അനുഭവങ്ങള്‍ പുസ്‌തക രൂപത്തില്‍ പ്രസീദ്ധീകരിക്കുന്നു. പ്രീമിയര്‍ ടയേഴ്‌സിലൂടെ സംസ്ഥാന ഫുട്‌ബോളില്‍ കരുത്ത്‌ പ്രകടിപ്പിച്ചത്‌ വഴി മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗിലും ഈസ്‌റ്റ്‌ ബംഗാളിലുമെല്ലാം കളിച്ച നജീബ്‌ എസ്‌.ബി.ടിയുടെ പരിശീലകന്‍ എന്ന നിലയിലാണ്‌ കേരളാ ഫുട്‌ബോളിനെ കരുത്തോടെ സേവിച്ചത്‌. ദേശീയ ഫുട്‌ബോളില്‍ കേരളത്തിന്റെ മേല്‍വിലാസമായി എസ്‌.ബി.ടി നിറഞ്ഞ കാലത്ത്‌ ടീമിന്റെ അമരക്കാരനായിരുന്ന നജീബ്‌ പിന്നീട്‌ പലവിധ പ്രശ്‌നങ്ങളാല്‍ പുറത്താക്കപ്പെടുകയായിരുന്നു. എസ്‌.ബി.ടി ജൂനിയര്‍ ടീമിന്റെ പരിശീലകനായി ഒരു സീസണ്‍ ചെലവഴിച്ച ശേഷം ഇപ്പോള്‍ കോഴിക്കോട്ട്‌ ജോലി ചെയ്യുന്ന നജീബ്‌ ഫുട്‌ബോള്‍ കാല അനുഭവങ്ങളിലുടെ നടത്തുന്ന യാത്രാ സഞ്ചലനത്തില്‍ കുട്ടിക്കാലം മുതലുളള മൈതാനചിത്രമുണ്ട്‌.
കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ പ്രീമീയര്‍ ടയേഴ്‌സിന്‌ വേണ്ടി കളിക്കാനെത്തിയപ്പോഴുണ്ടായ അനുഭവത്തില്‍ നിന്ന്‌ ഹൃദ്യമായി തുടങ്ങുന്ന പുസ്‌കത്തിന്റെ പ്രകാശനം തിങ്കഴാഴ്‌ച്ച അദ്ദേഹത്തിന്റെ തട്ടകമായ കോഴിക്കോട്ട്‌ വെച്ച്‌ തന്നെയാണ്‌ നടക്കുന്നത്‌. വൈകീട്ട്‌ അഞ്ചിന്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പുസ്‌തകം പ്രകാശനം ചെയ്യുന്നത്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവായ യു.എ ഖാദറാണ്‌. ഏറ്റുവാങ്ങുന്നത്‌ നജീബിന്റെ പരിശീലകനായിരുന്ന സി.പി.എം ഉസ്‌മാന്‍ കോയയും. ഇരുപത്തിനാലാം വയസ്സില്‍ ജിവിതത്തൊടൊപ്പം നടക്കാന്‍ തുടങ്ങിയ കഷണ്ടിയെക്കുറിച്ച്‌ പുസ്‌തകത്തില്‍ രസകരമായി പ്രതിപാദിക്കുന്നുണ്ട്‌ നജീബ്‌. കഷണ്ടിക്കാരനായ നജീബിനെ കോഴിക്കോടന്‍ കാണികള്‍ വിളിച്ചിരുന്നത്‌ എളാപ്പയെന്നായിരുന്നത്രെ. കഷണ്ടിക്കാരനായ നജീബ്‌ ചാക്കോളാ ട്രോഫിയില്‍ പ്രിമിയര്‍ ടയേഴ്‌സിന്‌ വേണ്ടി മികച്ച പ്രകടനം നടത്തിയതിന്‌ സാക്ഷിയായ പ്രശ്‌സത സിനിമാ നടന്‍ അടൂര്‍ ഭാസിയുടെ പരാമര്‍ശങ്ങള്‍ പുസ്‌കത്തിലുണ്ട്‌. സമ്മാനദാനത്തിനെത്തിയ ഭാസി മല്‍സരത്തിന്‌ ശേഷം സംസാരിക്കവെ പറഞ്ഞത്‌ കഷണ്ടിക്കാരനായ ആ താരം തന്നെ ഹഠധാകര്‍ഷിച്ചു എന്നാണ്‌. ഈ പ്രായത്തിലും തളരാതെ 90 മിനുട്ടും കളിക്കാന്‍ കഴിഞ്ഞവനെയാണ്‌ തുടക്കം മുതല്‍ താന്‍ നോട്ടമിട്ടതെന്നായിരുന്നു ഭാസിയുടെ പരാമര്‍ശം. ധാരാളം വര്‍ഷം താരമെന്ന നിലയില്‍ സമ്പാദിക്കാനായ നേട്ടങ്ങളും ദുരനുഭവങ്ങളും വിവരിക്കുന്ന നജീബ്‌ കോച്ച്‌ എന്ന നിലയിലെ നേട്ടങ്ങളും താരങ്ങളെ വളര്‍ത്തിയതും പിന്നെയുണ്ടായ ദുരനുഭവങ്ങളെയുമെല്ലാം വിവരിക്കുന്നുണ്ട്‌.

പ്രശ്‌നമുണ്ട്‌
ധാക്ക: പുതിയ വര്‍ഷത്തിലെ ആദ്യ പരമ്പരക്കായി മഹേന്ദ്രസിംഗ്‌ ധോണിയും ഇന്ത്യയും ബംഗ്ലാദേശിലെത്തിയിരിക്കുന്നു. ത്രിരാഷ്‌ട്ര കപ്പിലെ ആദ്യ മല്‍സരത്തില്‍ ചൊവാഴ്‌ച്ച ശ്രീലങ്കയെ നേരിടുന്നതോടെയാണ്‌ 2010 ലെ പോരാട്ടങ്ങള്‍ ഇന്ത്യ ആരംഭിക്കുന്നത്‌. ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ച വിരേന്ദര്‍ സേവാഗ്‌ പുതിയ വര്‍ഷത്തില്‍ മികച്ച പ്രകടനം നടത്താന്‍ ഇന്ത്യക്കാവുമെന്നാണ്‌ പറഞ്ഞത്‌. പക്ഷേ ക്യാപ്‌റ്റന്‍ എം.എസ്‌ ധോണിയുടെ വാക്കുകള്‍ ടീമിലെ പ്രശ്‌നങ്ങളെയാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. നിലവില്‍ ഐ.സി.സി ടെസ്റ്റ്‌ റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്‌. ഈ സൂപ്പര്‍ സ്ഥാനം നിലനിര്‍ത്താന്‍ ടീമിന്‌ കഴിയുമെന്നാണ്‌ കരുതപ്പെടുന്നത്‌. കാരണം രണ്ട്‌ ടെസ്റ്റുകള്‍ മഷ്‌റഫെ മൊര്‍ത്തസ നയിക്കുന്ന ബംഗ്ലാദേശുകാര്‍ക്കെതിരെ ഇന്ത്യ കളിക്കുന്നുണ്ട്‌. ഇതിന്‌ ശേഷം ഫെബ്രുവരിയില്‍ സ്വന്തം തട്ടകത്ത്‌ ദക്ഷിണാഫ്രിക്കയുമായി കളിയുണ്ട്‌.
രാജ്യാന്തര തലത്തില്‍ പ്രഥമ സ്ഥാനം നിലനിര്‍ത്താന്‍ നിര്‍ബന്ധമായും ടീമിനൊപ്പം ബൗളിംഗ്‌, ഫീല്‍ഡിംഗ്‌ പരിശീലകര്‍ വേണമെന്നാണ്‌ നായകന്‍ വിശദീകരിക്കുന്നത്‌. ഇത്‌ വരെ ഇന്ത്യന്‍ ടീമിനൊപ്പം ബൗളിംഗ്‌ കോച്ചായി വെങ്കടേഷ്‌ പ്രസാദും ഫീല്‍ഡിംഗ്‌ കോച്ചായി റോബിന്‍ സിംഗുമുണ്ടായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ നിരാശപ്പെടുത്തിയപ്പോള്‍ രണ്ട്‌ പേരെയും ഒരു മുന്നറിയിപ്പുമില്ലാതെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പിരിച്ചുവിട്ടു. അതിന്‌ ശേഷം ടീമിന്റെ മൊത്തം ഭാരം കോച്ച്‌ ഗാരി കിര്‍സ്‌റ്റണിലാണ്‌. കോച്ച്‌ അനുഭവിക്കുന്ന പ്രയാസങ്ങള്‍ തനിക്ക്‌ വളരെ നന്നായി അറിയാമെന്നാണ്‌ ധോണി പറയുന്നത്‌. ടീമിനെ മൊത്തം നോക്കുന്നതിനൊപ്പം ബാറ്റ്‌സ്‌മാന്മാരെയും ബൗളര്‍മാരെയും ഫീല്‍ഡര്‍മാരെയും ശ്രദ്ധിക്കണം. ടീമിന്റെ സ്‌ട്രാറ്റജി തയ്യാറാക്കണം. ഇതെല്ലാം ഒരാള്‍ക്ക്‌ നടത്താന്‍ കഴിയില്ല. ബൗളിംഗ്‌ പരിശീലകനുണ്ടെങ്കില്‍ അദ്ദേഹത്തിന്‌ നിരന്തരമായി ബൗളര്‍മാരുമായി സംവദിക്കാനും അവരെ പ്രചോദിതരാക്കാനും കഴിയും. ഫീല്‍ഡിംഗ്‌ കോച്ചുണ്ടെങ്കില്‍ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാന്‍ അദ്ദേഹത്തിനാവും. എന്നാല്‍ രണ്ട്‌ പേരും ഇല്ലാത്ത സാഹര്യത്തില്‍ മുഖ്യ പരിശീലകന്റെ ജോലി ഭാരം വര്‍ദ്ധിക്കുകയാണെന്നാണ്‌ ധോണിയും ടീം അംഗങ്ങളും പറയുന്നത്‌.
താരങ്ങള്‍ പലപ്പോഴും പരുക്കിന്റെ പിടിയിലാവുന്നത്‌ അവര്‍ക്ക്‌ കാര്യമായ ശ്രദ്ധ ലഭിക്കാത്തത്‌്‌ കൊണ്ടാണ്‌. ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പില്‍ പരുക്ക്‌ കാരണം സഹീര്‍ഖാന്‌ കളിക്കാന്‍ കഴിയാതിരുന്നത്‌ ടീമിന്‌ ആഘാതമായിരുന്നു. ലോകകപ്പിന്‌ തൊട്ട്‌ മുമ്പ്‌ നടന്ന ഐ.പി.എല്‍ മല്‍സരങ്ങള്‍ക്കിടെയാണ്‌ സഹീറിന്‌ പരുക്കേറ്റത്‌. സഹീറിന്‌ പകരം ടീമിലെത്തിയ ഇഷാന്തിനും ആശിഷ്‌ നെഹ്‌റക്കും പ്രവീണ്‍ കുമാറിനും കരുത്തോടെ കളിക്കാന്‍ കഴിയാതിരുന്നതാണ്‌ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ടീമിനെ ബാധിച്ചത്‌. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും മുഖ്യ ബൗളര്‍മാരുടെ പരുക്കാണ്‌ പ്രശ്‌നമായത്‌. ശ്രീലങ്കക്കെതിരായ പരമ്പയില്‍ സഹീര്‍ തിരിച്ചുവന്നപ്പോള്‍ അത്‌ ടീമിനെ ഉണര്‍ത്തുകയും ചെയ്‌തു. ബൗളര്‍മാരെ പരുക്കില്‍ നിന്നും രക്ഷിക്കുന്നതില്‍ ബൗളിംഗ്‌ കോച്ചിന്‌ വലിയ പങ്കുണ്ടെന്ന്‌ നായകന്‍ പറഞ്ഞു. ഓരോ ബൗളറെയും പ്രത്യേകം ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ അവരുടെ ഫിറ്റ്‌നസ്‌ നിലനിര്‍ത്താന്‍ കഴിയും. ബംഗ്ലാദേശിനെതിരായ പരമ്പരയിലും ത്രിരാഷ്‌ട്ര കപ്പിലും സഹീറിനൊപ്പം ശ്രീശാന്തും നെഹ്‌റയും കളിക്കുമ്പോള്‍ ഫാസ്റ്റ്‌ ബൗളിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്‌ പ്രശ്‌നങ്ങളില്ലെന്നാണ്‌ ധോണി കരുതുന്നത്‌. എന്നാല്‍ തുടര്‍ച്ചയായ മല്‍സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അത്‌ ഫിറ്റ്‌നസിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന്‌ നായകന്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ലങ്കക്കെതിരെ രാജ്‌ക്കോട്ടില്‍ നടന്ന ഏകദിനത്തില്‍ മികച്ച ബൗളിംഗ്‌ നടത്താന്‍ ടീമിനായി. എന്നാല്‍ അടുത്ത മല്‍സരങ്ങളില്‍ ആ ഫോം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
ഫീല്‍ഡിംഗിലും പ്രശ്‌നങ്ങളുണ്ട്‌. ലങ്കക്കെതിരായ പരമ്പരയില്‍ ഇന്ത്യ 12 ക്യാച്ചുകളാണ്‌ നിലത്തിട്ടത്‌. നാഗ്‌പ്പൂരില്‍ നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ സഹീര്‍ഖാന്‍ നിര്‍ണ്ണായക ഘട്ടത്തില്‍ വരുത്തിയ പിഴവിലാണ്‌ ഇന്ത്യ മല്‍സരം തോറ്റത്‌. കൊല്‍ക്കത്താ മല്‍സരത്തിന്റെ തുടക്കത്തില്‍ ഗ്രൗണ്ട്‌ ഫീല്‍ഡിംഗ്‌ മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഉപുല്‍ തരംഗയും കുമാര്‍ സങ്കക്കാരയും നിലയുറപ്പിച്ചപ്പോള്‍ ഫീല്‍ഡിംഗ്‌ നിലവാരം താണു. 171 റണ്‍സിന്റെ വലിയ പാര്‍ട്ട്‌ണര്‍ഷിപ്പാണ്‌ ഈ സഖ്യം പടുത്തുയര്‍ത്തിയത്‌. നിര്‍ണ്ണായക മല്‍സരങ്ങളില്‍ ഫീല്‍ഡിംഗ്‌ പിഴവുകളില്‍ പത്തും ഇരുപതും റണ്‍സ്‌ നഷ്ടമാവുന്നത്‌ കനത്ത തിരിച്ചടിയാണെന്നാണ്‌ ധോണി പറയുന്നത്‌. സുരേഷ്‌ റൈന, രവീന്ദു ജഡേജ, വിരാത്‌ കോഹ്‌ലി, രോഹിത്‌ ശര്‍മ്മ തുടങ്ങിയവര്‍ മികച്ച ഫീല്‍ഡര്‍മാരാണെന്ന്‌ ക്യാപ്‌റ്റന്‍ വ്യക്തമാക്കുന്നു. ലങ്കക്കെതിരായ പരമ്പരക്കിടെ ഓസ്‌ട്രേലിയന്‍ ഫീല്‍ഡിംഗ്‌ കോച്ച്‌ മൈക്‌ യെംഗ്‌ അല്‍പ്പനാളുകള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഇത്‌ ടീമിന്‌ ഗുണം ചെയ്‌തിരുന്നതായി ധോണി പറയുന്നു.

ഇന്ന്‌ ഫൈനല്‍
ഗോഹട്ടി: ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ ഇന്ന്‌ തട്ടുതകര്‍പ്പന്‍ ഫൈനല്‍. പരമ്പരാഗത കരുത്തരായ ഈസ്റ്റ്‌ ബംഗാളിന്‌ മുന്നില്‍ യുവ വീര്യവുമായി ലാജോംഗ്‌ എഫ്‌.സി. നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകീട്ട്‌ അഞ്ചിനാണ്‌ കലാശപ്പോരാട്ടം. എല്ലാവരുടെയും പ്രതീക്ഷകളെ തകിടം മറിച്ചിട്ട്‌്‌ വന്നവരാണ്‌ ലാജോംഗ്‌. ചര്‍ച്ചില്‍ ബ്രദേഴ്‌സും ഡെംപോ ഗോവയും മഹീന്ദ്ര യുനൈറ്റഡുമെല്ലാം തല കുനിച്ച ചാമ്പ്യന്‍ഷിപ്പില്‍ ആര്‍ക്കും പിടികൊടുക്കാതെ വന്ന ലാജോംഗിനെ ഭയപ്പെടുന്നതായുള്ള ഈസ്റ്റ്‌ ബംഗാള്‍ നായകന്‍ ബൈജൂംഗ്‌ ബൂട്ടിയയുടെ പരാമര്‍ശം തന്നെ കിഴക്കനിന്ത്യന്‍ ടീമിനുള്ള അംഗീകാരമാണ്‌. നാല്‌ വര്‍ഷം മുമ്പ്‌ കളത്തില്‍ വന്ന ലാജോംഗിന്‌ ഇത്‌ ആദ്യ ഫെഡറേഷന്‍ കപ്പ്‌ ഫൈനലാണ്‌. ഈസ്റ്റ്‌ ബംഗാളാവാട്ടെ പതിമൂന്നാം തവണയാണ്‌ കലാശപ്പോരാട്ടത്തില്‍ പന്ത്‌ തട്ടുന്നത്‌. 2007 ല്‍ ലുഥിയാനയില്‍ നടന്ന ഫൈനലിലാണ്‌ അവസാനമായി ഈസ്റ്റ്‌ ബംഗാള്‍ കളിച്ചത്‌. അതിന്‌ ശേഷം ടീമിന്‌ ധാരാളം തിരിച്ചടികളായിരുന്നു. ഈ സീസണില്‍ തകര്‍ച്ചയുടെ ആഘാതത്തിലായിരുന്നു ഈസ്റ്റ്‌ ബംഗാള്‍. സുഭാഷ്‌ ഭൗമിക്‌ എന്ന പരിശീലകന്‌ കീഴില്‍ ടീം തകര്‍ന്നു. ഐ ലീഗില്‍ കളിച്ച മല്‍സരങ്ങളില്ലല്ലാം പരാജയപ്പെട്ടു. പിന്നീട്‌ ഭൗമിക്കിനെ മാറ്റി ബെല്‍ജിയക്കാരനായ കോച്ച്‌ ഫിലിപ്പ്‌ റൈഡര്‍ വന്നപ്പോഴാണ്‌ ടീം മാറിയത്‌. കൊല്‍ക്കത്താ ലീഗില്‍ മികച്ച പ്രകടനം നടത്തിയാണ്‌ ഈസ്റ്റ്‌ ബംഗാള്‍ ഗോഹട്ടിയിലേക്ക്‌ വന്നത്‌. ഇവിടെ മികച്ച പ്രകടനം നടത്താന്‍ ടീമിന്‌ കഴിയുകയും ചെയ്‌തു.
ഫെഡറേഷന്‍ കപ്പിനുളള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുന്‍നിരക്കാരായ റെനഡി സിംഗ്‌, ഗോവിന്‍സിംഗ്‌, ജീവന്‍ സിംഗ്‌ എന്നിവരെ തഴഞ്ഞാണ്‌ റൈഡര്‍ ടീമിനെ പ്രഖ്യാപിച്ചത്‌. പരുക്കില്‍ നിന്ന്‌ മുക്തരായി വരുന്ന സയ്യദ്‌ റഹീം നബി, ബൂട്ടിയ എന്നിവരെ ഇരുപതംഗ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. ഇരുവരും കോച്ചിന്റെ പ്രതീക്ഷ കാക്കുകയും ചെയ്‌തു. ബൂട്ടിയ ജെ.സി.ടിക്കെതിരായ മല്‍സരത്തില്‍ നിര്‍ണ്ണായക ഗോള്‍ നേടിയപ്പോള്‍ നബിയായിരുന്നു സെമിഫൈനല്‍ ഹീറോ. മുന്‍നിരയില്‍ കളിക്കുന്ന യൂസഫ്‌ യാക്കൂബാണ്‌ ടീമിന്റെ കുന്തമുന.
നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെയാണ്‌ ലാജോംഗ്‌ കളിക്കുന്നത്‌. സെക്കന്‍ഡ്‌ ഡിവിഷനില്‍ നിന്നും ഈ സീസണില്‍ പ്രൊമോഷന്‍ നേടിയെത്തിയ അവര്‍ കരുത്തുറ്റ പ്രകടനമാണ്‌ ഇത്‌ വരെ നടത്തിയത്‌. ഇവിടെ കാലാവസ്ഥ ടീമിന്‌ വളരെ അനുകൂലമാണ്‌. ഗോഹട്ടിയില്‍ അധികം അകലെയെല്ല ടീമിന്റെ ആസ്ഥാനം. ആസാമില്‍ ടീമിന്‌ നല്ല പിന്തുണയും ലഭിക്കുന്നുണ്ട്‌. പക്ഷേ ഇന്നത്തെ നിര്‍ണ്ണായക അങ്കത്തില്‍ ടീമില്‍ രണ്ട്‌ പ്രധാനികളില്ല. ഡിഫന്‍ഡര്‍ അദി ബാജദമി ഡാനിയേലും മധ്യനിരക്കാരന്‍ ജെയിംസ്‌ സിംഗും. രണ്ട്‌ പേരും സസ്‌പെന്‍ഷനിലാണ്‌. ക്യാപ്‌റ്റന്‍ ഐബര്‍ കോഞ്ചി പനി കാരണം നാട്ടിലേക്ക്‌ മടങ്ങുകയും ചെയ്‌തു. നേപ്പാളി താരം അനില്‍ ഗുരുംഗാണ്‌ ഇപ്പോള്‍ ടീമിന്റെ തുരുപ്പ്‌ ചീട്ട്‌.

No comments: