Thursday, December 17, 2009
QUTAR TO 2022
2022 ലേക്ക് ഖത്തര്‍
ദോഹ: ഒരു മാസം മുമ്പ് ഖലീഫ സ്‌റ്റേഡിയത്തില്‍ നടന്ന ബ്രസീല്‍-ഇംഗ്ലണ്ട് സൗഹൃദ മല്‍സരം ലോക ഫുട്‌ബോള്‍ ഭരണാധികാരികള്‍ക്ക് മുന്നില്‍ ഖത്തറിന്റെ ശ്രദ്ധക്ഷണിക്കലായിരുന്നു. ലോകത്തെ ഏറ്റവും മികച്ച രണ്ട് ഫുട്‌ബോള്‍ ടീമുകളും ലോകോത്തര താരങ്ങളും മാറ്റുരച്ച മല്‍സരം ആസ്വദിക്കാന്‍ ടിക്കറ്റില്ലാത്ത അവസ്ഥയിലും രാജ്യത്തിന്റെ ഭരണക്കൂടം സന്തോഷിക്കുന്നു. അതിന് കാരണമുണ്ട്-2022 ലെ ലോകകപ്പ് ഫുട്‌ബോളിന് വേദിയാവാന്‍ ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു. ഇത് വരെ മധ്യപൂര്‍വേഷ്യക്ക് ലഭിച്ചിട്ടില്ലാത്ത ലോകകപ്പ് നടത്താന്‍ ഖത്തര്‍ എന്ന കൊച്ചുരാജ്യം എല്ലാ തയ്യാറെടുപ്പുകളുമായി കാത്തിരിക്കുമ്പോള്‍ അവര്‍ക്ക് നേരെ മുഖം മറക്കാന്‍ ഫിഫക്ക് എളുപ്പം കഴിയില്ല. 2006 ല്‍ ഏഷ്യന്‍ ഗെയിംസിന് വിജയകരമായി ആതിഥേയത്വം വഹിച്ച ഖത്തര്‍ 2011 ല്‍ ഏഷ്യാ കപ്പ് ഫുട്‌ബോളിനും ആതിഥേയത്വം വഹിക്കാന്‍ പോവുകയാണ്. അതിനിടയില്‍ തന്നെ നിരവധി ലോകോത്തര ചാമ്പ്യന്‍ഷിപ്പുകള്‍ വിജയകരമായി രാജ്യത്ത് നടക്കുന്നു. ഖത്തര്‍ ഓപ്പണ്‍ ടെന്നിസ് എല്ലാ വര്‍ഷവും ടെന്നിസ് ലോകത്തെ ആകര്‍ഷിക്കുമ്പോള്‍ ഒരു പരാതി പോലും ഇത് വരെ ഉയര്‍ന്നിട്ടില്ല. അത് തന്നെയാണ് ഖത്തറിന്റെ പ്ലസ് പോയന്റായി ഷെയിക് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ത്താനി വിശേഷിപ്പിക്കുന്നത്. 2022 ലെ ലോകകപ്പ് ലഭിക്കാനുളള ഖത്തറിന്റെ പരിശ്രമ കമ്മിറ്റിയുടെ തലവനാണ് രാജകുമാരന്‍. ഖത്തര്‍ ലോകകപ്പിനായി എല്ലാ ശ്രമവും നടത്തുന്നുണ്ട്‌്. എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഫിഫയാണെന്ന് അദ്ദേഹം പറയുന്നു.
ഒരു ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുളള കരുത്ത് ഇന്ന് അറബ് ലോകത്തിനുണ്ടെന്നാണ് ഷെയിക്ക് മുഹമ്മദ് പറയുന്നത്. ഇംഗ്ലീഷും സ്‌പാനിഷും പോര്‍ച്ചുഗലും ഫ്രഞ്ചും ജപ്പാനിയും കൊറിയയുമെല്ലാം സംസാരിക്കുന്നവര്‍ക്ക് ഫിഫ ലോകകപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത പത്ത് വര്‍ഷത്തിനകം അറബ് സംസാരിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാവും. ഇതിനെ അവഗണിക്കാന്‍ ഫിഫക്ക് കഴിയില്ല.
വിസ്‌മയങ്ങളെ പ്രതീക്ഷിക്കുക എന്നതാണ് ഖത്തറിന്റെ ലോകകപ്പ് പരിശ്രമ മുദ്രാവാക്യം. ഇതിനകം തന്നെ രാജ്യം ഈ ലക്ഷ്യത്തിലേക്ക് ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തിക്കഴിഞ്ഞു. രാജ്യത്തുടനീളം ബിഡ് 2022 പ്രചാരണ കമാനങ്ങളാണ്. റിയോഡിജനറോക്ക് ഒളിംപിക്‌സ് സമ്മാനിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വിറോ കമ്മ്യൂണിക്കേഷന്‍സാണ് ഖത്തറിന്റെ ലോകകപ്പ് ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഖത്തര്‍ അമീര്‍ ഷെയിക് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയുടെ ഇളയ മകനാണ് ഷെയിക് മുഹമ്മദ്. 21 വയസ്സ് മാത്രം പ്രായമുളള രാജകുമാരന്‍ ഇപ്പോള്‍ തന്നെ ലോകത്തിന് മുന്നില്‍ ഖത്തറിന്റെ ശബ്ദം ശക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ഇനി കനിയേണ്ടത് ഫിഫയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. ഓസ്‌ട്രേലിയ ഉള്‍പ്പെടെ ശക്തരായ രാജ്യങ്ങള്‍ 2022 ലെ ലോകകപ്പിനായി രംഗത്തുണ്ട്.
കഴിഞ്ഞ ദിവസം സമാപിച്ച ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിന്റെ മൂന്നാമത് കേരളാ അന്തര്‍ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സമാപനത്തിലും 2022 ലെ ലോകകപ്പിനായുളള പിന്തുണ സജീവമായിരുന്നു. ദോഹ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മല്‍സരത്തിന് മുമ്പ് നിറഞ്ഞ് കവിഞ്ഞ സ്‌റ്റേഡിയത്തെ സാക്ഷിയാക്കി നടന്ന ബിഡ് 2022 ശ്രമത്തിന് പിന്തുണയേകാന്‍ ഇറാഖിന്റെ മുന്‍ ക്യാപ്‌റ്റന്‍ മുഹമ്മദ്‌് യൂനസ്, ഇന്ത്യയുടെ മുന്‍ നായകന്‍ ജോപോള്‍ അഞ്ചേരി, ബ്രസീല്‍ താരം ജുനിഞ്ഞോ, പ്രശസ്‌ത സ്‌പോര്‍ട്‌സ് നിരൂപകനും ചന്ദ്രിക സ്‌പോര്‍ട്‌സ് എഡിറ്ററുമായ കമാല്‍ വരദൂര്‍ തുടങ്ങിയവരെല്ലാമുണ്ടായിരുന്നു. വിശിഷ്‌ടാതിഥികള്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിച്ചതും ബിഡ് 2022 പിന്തുണയേകി വലിയ ബാനറാണ് സ്‌റ്റേഡിയത്തില്‍ ഉയര്‍ന്നത്. ഖത്തര്‍ ആഭ്യന്തരകാര്യ മന്ത്രാലയവും ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനുമെല്ലാം മലയാളികളുടെ ഈ കൂട്ടായ്‌മയക്കും പിന്തുണക്കും നന്ദി പറയുമ്പോള്‍ ഖത്തര്‍ ഫിഫയുടെ പിന്തുണക്ക് കാതോര്‍ക്കുകയാണ്. ഖത്തറിന് ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ എല്ലാ യോഗ്യതയുമുണ്ടെന്നാണ് രാജ്യത്തെ പ്രധാനപ്പെട്ട പ്രവാസി സംഘടനകളെല്ലാം പറയുന്നത്. ഖത്തര്‍ മുസ്ലിം കള്‍ച്ചറല്‍ സെന്ററും ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറവും മറ്റ് പ്രവാസി സംഘടനകളും രാജ്യത്തിന് പൂര്‍ണ്ണ പിന്തുണയാണ് പ്രഖ്യാപിക്കുന്നത്.
പ്രതീക്ഷയില്‍ വിവ
കൊച്ചി: എം.പി സക്കീര്‍ നയിക്കുന്ന വിവ കേരള ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിനായി പ്രതീക്ഷയോടെ വണ്ടി കയറുന്നു. ഗോഹട്ടിയില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് ഫൈനല്‍ റൗണ്ടില്‍ ശക്തരായ ജെ.സി.ടി മില്‍സുും ഈസ്റ്റ് ബംഗാളുമെല്ലാം കളിക്കുന്ന ഗ്രൂപ്പിലാണ് വിവ. 22 ന് ഈസ്റ്റ് ബംഗാളുമായാണ് ആദ്യ മല്‍സരം. കേരളത്തില്‍ നിന്നും ഫെഡറേഷന്‍ കപ്പിനുളള ഏക ടീം എന്ന നലയില്‍ വലിയ പ്രതീക്ഷാ ഭാരം തന്റെ ടീമിലുണ്ടെന്ന് നായകന്‍ സക്കീര്‍ പറഞ്ഞു. കാണികളുടെ പ്രതീക്ഷ കാക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ഐ ലീഗ് ഫുട്‌ബോളില്‍ വിവ വളരെ പിറകിലാണെങ്കിലും നല്ല പ്രകടനം കാഴ്‌ച്ചവെക്കാന്‍ വിവക്ക് കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഈസ്റ്റ് ബംഗാളിനെയും ജെ.സി.ടിയെയും പോലുള്ള ശക്തരായ എതിരാളികള്‍ക്കെതിരെ പിടിച്ചുപൊരുതാന്‍ കഴിയുമെന്നാണ് നായകന്‍ പറയുന്നത്. നല്ല തുടക്കമാണ് ടീമിന് വേണ്ടത്. ഐ ലീഗില്‍ മോഹന്‍ ബഗാന്‍, മഹീന്ദ്ര യുനൈറ്റഡ് തുടങ്ങിയ പ്രബലര്‍ക്കെതിരെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നു. ആ കരുത്താണ് ടീമിനെ മുന്നോട്ട് നയിക്കുന്നത്. ആദ്യ മല്‍സരത്തില്‍ ക്ലിക്ക് ചെയ്യാന്‍ സാധിച്ചാല്‍ സമ്മര്‍ദ്ദത്തിലും മികച്ച സോക്കര്‍ കാഴ്‌ച്ചവെക്കാന്‍ ടീമിനാവുമെന്ന് സക്കീര്‍ പറഞ്ഞു.
ഇനിയസ്റ്റയില്ല
അബുദാബി: ഫിഫ ക്ലബ് ഫുട്‌ബോള്‍ ഫൈനല്‍ പോരാട്ടത്തില്‍ ബാര്‍സിലോണയെ സഹായിക്കാന്‍ മധ്യനിരക്കാരന്‍ ആന്‍ഡ്രിയാസ് ഇനിയസ്‌റ്റയുണ്ടാവില്ല. അറ്റലാന്റക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തില്‍ തുടക്ക് പരുക്കേറ്റ ഇനിയസ്റ്റയെ പരീക്ഷിക്കേണ്ടതില്ലെന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.
ഇന്ന് നാഗ്‌പ്പൂര്‍ പോരാട്ടം
നാഗ്‌പ്പൂര്‍: ആദ്യ ഏകദിനത്തില്‍ മൂന്ന് റണ്‍സിന് രക്ഷപ്പെട്ട ഇന്ത്യ സമ്മര്‍ദ്ദപ്പനിയില്‍ ഇന്ന് ശ്രീലങ്കയെ രണ്ടാം മല്‍സരത്തില്‍ നേരിടുന്നു. പകല്‍ രാത്രി പോരാട്ടത്തില്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമല്ല. പനി കാരണം യുവരാജ് സിംഗ് ഇന്നും കളിക്കുന്നില്ല. അദ്ദേഹത്തിന് പകരം വിരാത് കോഹ്‌ലിക്ക് തന്നെ ക്യാപ്‌റ്റന്‍ അവസരം നല്‍കുമ്പോള്‍ ബൗളിംഗ് വിഭാഗമാണ് വലിയ ആശങ്ക സമ്മാനിക്കുന്നത്. രാജ്‌ക്കോട്ട് ഏകദിനത്തില്‍ ഇന്ത്യ നേടിയ വലിയ സ്‌ക്കോറിനെ പ്രതിരോധിക്കുന്നതില്‍ സഹീര്‍ഖാന്‍ ഉള്‍പ്പെടെയുള്ള മുഖ്യ ബൗളര്‍മാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ലങ്കന്‍ ബാറ്റ്‌സ്‌മാന്മാര്‍ പ്രതീക്ഷകളിലാണ്. ബൗളിംഗ് നിരയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പനി കാരണം ചികില്‍സയില്‍ കഴിയുന്ന ശ്രീശാന്തിന് കളിക്കാന്‍ കഴിയില്ല. സഹീര്‍ഖാനും ആശിഷ് നെഹ്‌റയും പ്രവീണ്‍ കുമാറും പേസ് നിരയിലും ഹര്‍ഭജന്‍ സ്‌പിന്‍ നിരയിലും കളിക്കും. ലങ്കന്‍ നിരയിലും പരുക്കിന്റെ പ്രശ്‌നങ്ങളുണ്ട്. മുത്തയ്യ മുരളീധരന്‍, ദില്‍ഹാര ഫെര്‍ണാണ്ടോ എന്നിവര്‍ കളിക്കുന്നില്ല. പക്ഷേ ബാറ്റിംഗില്‍ ലങ്ക അജയ്യരാണ്. തിലകരത്‌നെ ദില്‍ഷാന്‍, കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ദ്ധനെ, സനത് ജയസൂര്യ എന്നിവരെല്ലാം സ്വന്തം ദിവസങ്ങളില്‍ ആരെയും വെല്ലുവിളിക്കാന്‍ കഴിയുന്നവരാണ്‌്. ബാറ്റിംഗ് തന്നെയാണ് ഇന്ത്യയുടെ കരുത്തും. വിരേന്ദര്‍ സേവാഗ് തുടങ്ങുന്ന ആക്രമണത്തിന് പിന്തുണയേകാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നായകന്‍ എം.എസ് ധോണി, സുരേഷ് റൈന തുടങ്ങിയവരുണ്ട്. വിശാഖപട്ടണത്ത് നിശ്ചയിച്ചിരുന്ന മല്‍സരം സുരക്ഷാ കാരണങ്ങളാലാണ് നാഗ്‌പ്പൂരിലേക്ക് മാറ്റിയത്. മല്‍സരത്തിന്റെ തല്‍സമയ സംപ്രേക്ഷണം ഉച്ചതിരിഞ്ഞ് രണ്ട് മുതല്‍ നിയോ ക്രിക്കറ്റിലും ദുരദര്‍ശനിലും.
ബാര്‍സ ചരിത്രത്തിലേക്ക്
അബുദാബി: കഴിഞ്ഞ മെയ് മാസം മുതല്‍ ബാര്‍സിലോണയുടെ ഷോക്കേസിലേക്ക് കപ്പുകളുടെ വരവായിരുന്നു. ഇപ്പോള്‍ 2009 ന് തിരശ്ശീല വീഴാനിരിക്കെ സ്‌പാനിഷ് ജേതാക്കള്‍ ആഗ്രഹിക്കുന്ന ഒരു കപ്പ് കൂടി വരാന്‍ പോവുന്നു. ഫിഫ ക്ലബ് ഫുട്‌ബോളില്‍ ഫൈനല്‍ ബെര്‍ത്ത് നേടിയ ബാര്‍സക്ക് നാളെ നടക്കുന്ന പോരാട്ടത്തില്‍ ലാറ്റിനമേരിക്കയെ പ്രതിനിധീകരിക്കുന്ന അര്‍ജന്റീനിയന്‍ ക്ലബായ എസ്റ്റൂഡിയന്‍സിനെ തോല്‍പ്പിച്ചാല്‍ ഇതാദ്യമായി ക്ലബ് പട്ടവും നേടാം. സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗും സ്‌പാനിഷ് ലീഗും കിംഗ്‌സ് കപ്പും യൂറോപ്യന്‍ സൂപ്പര്‍ കപ്പുമെല്ലാം സ്വന്തമാക്കിയ ബാര്‍സക്ക് ഇത് വരെ അകന്നു നില്‍ക്കുന്ന കിരീടമാണ് ക്ലബ് പട്ടം. രണ്ട് തവണ ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കിയിട്ടും ക്ലബ് ജേതാക്കളാവാന്‍ കഴിയാത്ത നിരാശയകറ്റാന്‍ സായിദ് സ്റ്റേഡിയത്തില്‍ സൂപ്പര്‍ ടീമിന് കഴിയുമെന്നാണ് കരുതപ്പെടുന്നത്. സെമിയില്‍ മെക്‌സിക്കന്‍ ക്ലബായ അറ്റ്‌ലാന്റയെ പരാജയപ്പെടുത്താന്‍ ബാര്‍സക്ക് അധികം വിയര്‍ക്കേണ്ടി വന്നില്ല. തുടക്കത്തില്‍ തന്നെ ഒരു ഗോള്‍ വഴങ്ങിയെങ്കിലും സെര്‍ജിയോ ബസ്‌ക്കറ്റെ, ലയണല്‍ മെസി എന്നിവരുടെ മികവില്‍ 3-1 ന്റെ വിജയമാണ് ബാര്‍സ നേടിയത്. മല്‍സരത്തിന്റെ അഞ്ചാം മിനുട്ടില്‍ തന്നെ സ്‌റ്റേഡിയം ഞെട്ടിയിരുന്നു. ബാര്‍സയുടെ വിജയം കാണാനെത്തിയവര്‍ക്ക് മുമ്പാകെ അതിവേഗ ഗോളില്‍ ഗുലെര്‍മോ റോജസ് അറ്റ്‌ലാന്റയെ മുന്നിലെത്തിച്ചു. പക്ഷേ ലീഡ് നിലനില്‍ത്താന്‍ അവര്‍ക്കായില്ല. മുപ്പത്തിയഞ്ചാം മിനുട്ടില്‍ സെര്‍ജിയോ ബസ്‌ക്കറ്റസ് ബാര്‍സയെ ഒപ്പമെത്തിച്ചു. രണ്ടാം പകുതി തുടങ്ങിയതും സൂപ്പര്‍ താരം മെസി സ്വതസിദ്ധമായ ശൈലിയില്‍ നേടിയ ഗോള്‍ സ്‌റ്റേഡിയത്തിന് വിരുന്നായിരുന്നു. പരുക്ക് കാരണം മല്‍സരത്തില്‍ കളിക്കില്ലെന്ന് കരുതപ്പെട്ട സൂപ്പര്‍ താരം മൂന്ന് പ്രതിരോധക്കാരെ മറികടന്നാണ് ഗോള്‍ നേടിയത്. കാണികളുടെ പ്രിയപ്പെട്ട താരങ്ങളായ സുല്‍ത്താന്‍ ഇബ്രാഹിമോവിച്ചും സാവിയുമെല്ലാം രണ്ടാം പകുതിയില്‍ പലവട്ടം ഗോളിന് അരികിലെത്തി. പക്ഷേ ഭാഗ്യത്തിന് അറ്റ്‌ലാന്റ രക്ഷപ്പെടുകയായിരുന്നു. അറുപത്തിയേഴാം മിനുട്ടിലായിരുന്നു ബാര്‍സയുടെ മൂന്നാം ഗോള്‍. ഇനിയസ്‌റ്റ നല്‍കിയ ക്രോസ് ഉപയോഗപ്പടുത്തിയ പെഡ്രോ പതിനെട്ട് വാര അകലെ നിന്ന് പായിച്ച ഷോട്ട് ഗോള്‍ക്കീപ്പറെ പരാജിതനാക്കി.
തേര്‍ഡ് ഐ-കമാല്‍ വരദൂര്‍
ജനകീയ മേള
ഒരു വലിയ മേള നടത്തുമ്പോള്‍ കുറ്റങ്ങളും കുറവുകളുമെല്ലാം സ്വാഭാവികം.... ആയിരക്കണക്കിന് താരങ്ങളും ഓഫീഷ്യലുകളും കൊടും വെയിലില്‍ മല്‍സരങ്ങളും സംഘാടനവും നടത്തുമ്പോള്‍ അവര്‍ക്ക് പിന്തുണയുമായി എത്തുന്ന കാണികളാണ് തിരുവല്ല സ്‌ക്കൂള്‍ മീറ്റിനെ ശ്രദ്ധേയമാക്കുന്നത്. ആലസ്യത്തിന്റെ വക്താക്കളായി സംഘാടകസംഘത്തില്‍ പലരമുണ്ടാവാറുണ്ട്. ഇവര്‍ നമ്മുടെ കായിക സംഘാടനത്തിന്റെ ഭാഗമാണ്. അവരെ തല്‍ക്കാലം മാറ്റാനാവില്ല. പക്ഷേ സംഘാടനത്തില്‍ ജനങ്ങളും രാഷ്‌ട്രീയ നേതാക്കളും പങ്കെടുക്കുമ്പോള്‍ പരാതികള്‍ കുറയുന്നു. എല്ലാം സ്വന്തം കാര്യമായി ജനം ഏറ്റെടുക്കുന്നു. തിരുവല്ലയില്‍ ഇത് വരെ ട്രാക്കില്‍ ഒരു റെക്കോര്‍ഡ് പിറന്നിട്ടില്ല. പക്ഷേ ട്രാക്കിനെക്കുറിച്ച് ആര്‍ക്കും പരാതിയില്ല. സംഘാടനത്തിന്റെ കാര്യത്തിലും വലിയ ബഹളങ്ങളില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ തിരുവല്ലയില്‍ കണ്ടത് ജനകീയതയാണ്. എല്ലായിടത്തും ജനങ്ങളും ജനകീയ നേതാക്കളും. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ക്ക് അവര്‍ പരിഹാരം കാണുന്നു. വലിയ മേളകളുടെ വിജയം ഇവിടെയാണ്. സംസ്ഥാന സ്‌ക്കൂള്‍ യുവജനോല്‍സവം പോലുളള മേളകള്‍ അടിമുടി ജനകീയ പങ്കാളിത്തത്തിലാണ് നടക്കാറുള്ളത്. സ്‌റ്റേഡിയം നിറയെ കാണികളുണ്ടാവുമ്പോള്‍ മല്‍സരാര്‍ത്ഥികള്‍ക്ക് പുതുജീവന്‍ ലഭിക്കും. ആരവങ്ങള്‍ക്ക് മധ്യേ മല്‍സരിക്കുമ്പോള്‍ ലഭിക്കുണ ഉണര്‍വില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ നടത്താന്‍ കഴിയും. സ്‌ക്കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സാന്നിദ്ധ്യം തന്നെ മൈതാനത്ത് ബഹളമുണ്ടാക്കും. അവര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരും ഓഫീഷ്യലുകളും പിന്നെ ജനങ്ങളുമാവുമ്പോള്‍ ഉല്‍സവമേളമുറപ്പാണ്. ഈ ഉല്‍സവമേളത്തിന് ശേഷമാണ് നമ്മുടെ കായിക മേധാവികള്‍ ഉണരേണ്ടത്. സ്‌ക്കൂള്‍ മീറ്റില്‍ മികവ് പ്രകടിപ്പിച്ച താരങ്ങളുടെ ഭാവി സംരക്ഷിക്കേണ്ടത് ഭരണക്കൂടമാണ്. ഇത്തവണ ദേശീയ സ്‌ക്കൂള്‍ മീറ്റ് തുടക്കത്തില്‍ തന്നെ കഴിഞ്ഞതിനാല്‍ സംസ്ഥാന സ്‌ക്കൂള്‍ മീറ്റിന് ശേഷം പിന്നെ ശൂന്യതയാണ്. ക്രിസ്‌തുമസും നവവല്‍സരവുമെല്ലാമായി ആഘോഷത്തിരക്കില്‍ പിന്നെ താരങ്ങള്‍ക്ക് പഠനകാലമാവും. അടുത്ത അദ്ധ്യയന വര്‍ഷത്തിലാണ് പിന്നെ താരങ്ങള്‍ മല്‍സരിക്കാനിറങ്ങുക. ഈ ആലസ്യം ഒഴിവാക്കാന്‍ കായിക വികസസ കാര്യത്തില്‍ മണിക്കൂറുകള്‍ പ്രസംഗിക്കുന്ന മന്ത്രിമാര്‍ ശ്രദ്ധിച്ചാല്‍ നന്ന്...
ഗെയില്‍ വെടി
പെര്‍ത്ത്: വാക്കയില്‍ വിന്‍ഡീസ് ക്യാപ്‌റ്റന്‍ ക്രിസ് ഗെയിലിന്റെ വെടിക്കെട്ട്...! ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റിന്റെ രണ്ടാം ദിവസം 70 പന്തില്‍ സെഞ്ച്വറിയുമായി ഗെയില്‍ അരങ്ങ് തകര്‍ത്തപ്പോള്‍ ഓസ്‌ട്രേലിയയുടെ കൂറ്റന്‍ സ്‌ക്കോറിന് മറുപടിയായി വിന്‍ഡീസ് പൊരുതുകയാണ്. ഏഴ് വിക്കറ്റിന് 520 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്‌ത ഓസീസിനെതിരെ രണ്ടാം ദിവസം വിന്‍ഡീസ് രണ്ട് വിക്കറ്റിന് 214 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്‌റ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അഞ്ചാം സെഞ്ച്വറി സ്വന്തമാക്കിയ ഗെയിലായിരുന്നു വാക്കയിലെ ഹീറോ. രാവിലെ ഓസീസ് വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാദ്ദിനും വിന്‍ഡീസ് സ്‌പിന്നര്‍ സുലൈമാന്‍ ബെന്നും തമ്മിലുളള ഉരസല്‍ വിവാദമായതിന് ശേഷമായിരുന്നു ഗെയില്‍ കത്തിയത്.
കാലിസിന് സെഞ്ച്വറി
ജോഹന്നാസ്‌ബര്‍ഗ്ഗ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്‌റ്റില്‍ വൈസ് ക്യാപ്‌റ്റന്‍ ജാക് കാലിസിന്റെ സെഞ്ച്വറിയില്‍ (120) ദക്ഷിണാഫ്രിക്കക്ക് മികച്ച സ്‌ക്കോര്‍. 418 റണ്‍സാണ് സന്ദര്‍ശകര്‍ നേടിയത്. മറുപടി ബാറ്റിംഗില്‍ അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റിന് 59 റണ്‍സ് നേടിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment