Wednesday, December 23, 2009

NO BOND

ബോണ്ട്‌ ഇനി ടെസ്‌റ്റിനില്ല
വെല്ലിംഗ്‌ടണ്‍: ഏറ്റവും വേഗതയില്‍ ടെസ്‌റ്റിലും ഏകദിനങ്ങളിലും അമ്പത്‌ വിക്കറ്റ്‌ നേട്ടം പൂര്‍ത്തിയാക്കിയ ആദ്യ കിവി ബൗളറായ ഷെയിന്‍ ബോണ്ടിനെ ഇനി പരിമിത ഓവര്‍ മല്‍സരങ്ങളിലും കുട്ടി ക്രിക്കറ്റിലും മാത്രം കാണാം. നിരന്തരം പരുക്കുമായി മല്ലടിക്കുന്ന താരം ടെസ്റ്റ്‌ മല്‍സരങ്ങളോട്‌ വിട ചൊല്ലാന്‍ വേദനയോടെ തീരുമാനിച്ചു. 2001 ല്‍ അരങ്ങേറ്റം നടത്തിയ ബോണ്ടിന്‌ പരുക്കുകള്‍ കാരണം ഇതിനകം 18 ടെസ്റ്റുകള്‍ മാത്രമാണ്‌ കളിക്കാനായത്‌. ഈയിടെ പാക്കിസ്‌താനെതിരെ നടന്ന ടെസ്റ്റ്‌ പരമ്പരയിലെ ഒരു മല്‍സരം കളിച്ചതോടെ നടുവേദന ഗുരുതരമായതിനാലാണ്‌ അദ്ദേഹം പഞ്ചദിന മല്‍സരങ്ങളോട്‌ ഗുഡ്‌ ബൈ പറയാന്‍ തീരുമാനിച്ചത്‌. 18 ടെസ്‌റ്റുകളില്‍ നിന്നായി 87 വിക്കറ്റുകള്‍ സ്വന്തമാക്കിയ ബോണ്ടിന്റെ വജ്രായുധം സ്വിഗിംഗ്‌്‌ യോര്‍ക്കറുകളാണ്‌. അതിവേഗതയില്‍ പന്തെറിയുന്ന മുപ്പത്തിനാലുകാരന്‍ നല്‍കുന്ന ഗംഭീര തുടക്കമാണ്‌ സമീപകാല മല്‍സരങ്ങളില്‍ കിവി ടീമിന്‌ തുണയായത്‌. പുറം വേദന കാരണം നിരവധി ചാമ്പ്യന്‍ഷിപ്പുകളും പരമ്പരകളും നഷ്ടമായ ബോണ്ടിന്‌ 2004 ലെ ഇംഗ്ലണ്ട്‌ പര്യടനം പൂര്‍ണ്ണമായും നഷ്ടമായിരുന്നു. 2005 ലെ സിംബാബ്‌വെ പര്യടനത്തില്‍ ശക്തനായി അദ്ദേഹം തിരിച്ചുവന്നെങ്കിലും പുറം വേദന കലശലായതിനെ തുടര്‍ന്ന്‌ അടുത്ത ഒമ്പത്‌ മാസം പുറത്തിരിക്കേണ്ടി വന്നു. 2007 ല്‍ കപില്‍ദേവിന്റെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ ചേര്‍ന്നതിനെ തുടര്‍ന്ന്‌ ബോണ്ടുമായുളള കരാര്‍ ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ റദ്ദാക്കിയിരുന്നു. പക്ഷേ പിന്നീട്‌ അദ്ദേഹം ഐ.സി.എല്‍ വിട്ട്‌ തിരിച്ചുവന്നതോടെ കരാര്‍ പുതുക്കി.
റിച്ചാര്‍ഡ്‌ ഹാഡ്‌ലിക്ക്‌ ശേഷം കിവി ക്രിക്കറ്റ്‌ ദര്‍ശിച്ച ഏറ്റവും മികച്ച സീമറായ ബോണ്ട്‌ ഡുനഡിനില്‍ പാക്കിസ്‌താനെതിരെ നടന്ന ടെസ്റ്റില്‍ ടീമിനെ വിജയത്തിലേക്ക്‌ നയിക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ചിരുന്നു. ടീമിന്‌ നല്ല തുടക്കം നല്‍കാറുളള ബോണ്ടിന്റെ അഭാവം ടീമിനെ ബാധിക്കുമെന്ന്‌ നായകന്‍ ഡാനിയല്‍ വെട്ടോരി പറഞ്ഞു. ഡുനഡിനിലെ മല്‍സരത്തിന്‌ ശേഷം അടുത്ത രണ്ട്‌ ടെസ്റ്റുകളിലും പങ്കെടുക്കാന്‍ കഴിയാതിരുന്നതാണ്‌ ബോണ്ടിനെ പെട്ടെന്ന്‌ ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്‌. ടെസ്‌റ്റ്‌ ക്രിക്കറ്റിന്‌ അനുയോജ്യനായ ബൗളറായ തനിക്ക്‌ പാക്കിസ്‌താനെതിരെ ശക്തമായി തിരിച്ചുവരവ്‌ നടത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടായിരുന്നു. എന്നാല്‍ തൊട്ടുപിറകെ പരുക്ക്‌ കാരണം രണ്ട്‌ മല്‍സരങ്ങള്‍ നഷ്ടമായി. ഫിറ്റ്‌നസ്‌ ലെവല്‍ നിലനിര്‍ത്തി ടെസ്റ്റ്‌ സംഘത്തില്‍ തുടരാന്‍ നടത്തിയ ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെടുമ്പോള്‍ ടീമിന്‌ ഭാരമായി തുടരാന്‍ താല്‍പ്പര്യമില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. പരുക്കുകളുമായി വലിയ മല്‍സരങ്ങള്‍ കളിച്ചാല്‍ കൂടുതല്‍ കാലം ക്രിക്കറ്റില്‍ തുടരാന്‍ കഴിയില്ല എന്ന്‌ മനസ്സിലാക്കിയാണ്‌ ടെസ്റ്റിനോട്‌ വിട പറഞ്ഞ്‌ പരിമിത ഓവര്‍ മല്‍സരങ്ങളില്‍ മാത്രം ശ്രദ്ധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ കളിക്കാന്‍ ബോണ്ടിന്‌ താല്‍പ്പര്യമുണ്ട്‌.

ഫെഡറേഷന്‍ കപ്പ്‌
ഗോഹട്ടി: ഗ്രൂപ്പ്‌ സിയില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ തുടര്‍ച്ചയായ രണ്ടാം വിജയവുമായി സെമി ഫൈനല്‍ സാധ്യത സജീവമാക്കി. ആദ്യ മല്‍സരത്തില്‍ എച്ച്‌.ഏ.എല്‍ ബാംഗ്ലൂരിനെ മൂന്ന്‌ ഗോളിന്‌ തരിപ്പണമാക്കിയ ചര്‍ച്ചില്‍ ഇന്നലെ മുംബൈ എഫ്‌.സി യെ ഒരു ഗോളിനാണ്‌ കീഴടക്കിയത്‌. മല്‍സരത്തിന്റെ അറുപത്തിയൊമ്പതാം മിനുട്ടില്‍ ഒഡാഫെ ഒനാകെ ഒകോലിയാണ്‌ നിര്‍ണ്ണായക ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. രണ്ട്‌ വിജയങ്ങളില്‍ നിന്ന്‌ ആറ്‌ പോയന്റാണ്‌ ഇപ്പോള്‍ ചര്‍ച്ചിലിന്റെ സമ്പാദ്യം. ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ട ചിരാഗ്‌ യുനൈറ്റഡ്‌ ഗ്രൂപ്പ്‌ ബി യിലെ രണ്ടാം മല്‍സരത്തില്‍ ശക്തരും നിലവിലെ ജേതാക്കളുമായ മോഹന്‍ ബഗാനെ ഗോള്‍രഹിത സമനിലയില്‍ തളച്ച്‌ സാധ്യത നിലനിര്‍ത്തി. മഹീന്ദ്ര യുനൈറ്റഡിനോടാണ്‌ ആദ്യ മല്‍സരത്തില്‍ ചിരാഗ്‌ തോറ്റിരുന്നത്‌. രണ്ടാം മല്‍സരത്തിലും പരാജയമായിരുന്നെങ്കില്‍ ടീമിന്‌ പുറത്ത്‌ പോവാമായിരുന്നു.
ഇന്ന്‌ ഗ്രൂപ്പ്‌ എ യില്‍ വിവ കേരള ജെ.സി.ടി മില്‍സ്‌ ഫഗ്‌വാരയെയും സാല്‍ഗോക്കര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ ഈസ്‌റ്റ്‌ ബംഗാളിനെയും ഗ്രൂപ്പ്‌ ഡിയില്‍ ഷില്ലോംഗ്‌ ലാജോംഗ്‌ എഫ്‌.സി ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവയെയും പൂനെ എഫ്‌.സി എയര്‍ ഇന്ത്യയെയും നേരിടും. ആദ്യ മല്‍സരത്തില്‍ ഈസ്റ്റ്‌ ബംഗാളിനെ സമനിലയില്‍ കുരുക്കിയ വിവ വര്‍ദ്ധീത വീര്യത്തിലാണ്‌ ഇന്ന്‌ ഇറങ്ങുന്നത്‌. ജെ.സി.ടിയാവട്ടെ സമ്മര്‍ദ്ദത്തിലാണ്‌. ആദ്യ മല്‍സരത്തിലവര്‍ സാല്‍ഗോക്കറിനോട്‌ പരാജയപ്പെട്ടിരുന്നു.

പരമ്പരക്ക്‌ ഇന്ത്യ
കൊല്‍ക്കത്ത: സൗരവ്‌ ഗാംഗുലിയുടെ തട്ടകത്തില്‍ അദ്ദേഹമില്ലാതെ ഇന്ത്യ ഇന്ന്‌ ശ്രീലങ്കക്കെതിരെ പരമ്പര തേടി കളിക്കുന്നു. പകല്‍ രാത്രി മല്‍സരത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സ്‌ പലപ്പോഴും ആദ്യം ബാറ്റ്‌ ചെയ്‌തവരെ തുണച്ച സാഹചര്യത്തില്‍ ടോസ്‌ നിര്‍ണ്ണായകമാണ്‌. നായകന്‍ എം.എസ്‌ ധോണി, യുവരാജ്‌ സിംഗ്‌ എന്നിവരില്ലാതെ കളിക്കുന്ന ഇന്ത്യക്ക്‌ ഈ മല്‍സരം ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. കട്ടക്കില്‍ നടന്ന മല്‍സരത്തില്‍ ഏഴ്‌ വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കിയ ഇന്ത്യക്കുമേല്‍ മാനസികാധിപത്യം നേടാന്‍ തന്റെ ടീമിന്‌ കഴിയുമെന്ന ലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാരയുടെ വാക്കുകള്‍ മല്‍സരത്തിന്‌ ആവേശം പകരുന്നുണ്ട്‌. ഇന്ത്യക്ക്‌ സ്വപ്‌നതുല്യമായ നിരവധി വിജയങ്ങള്‍ സമ്മാനിച്ച ഈഡനില്‍ ദീര്‍ഘകാലത്തിന്‌ ശേഷം നടക്കുന്ന ഏകദിനത്തില്‍ ബാറ്റിംഗിന്‌ അനുകൂലമായ ട്രാക്കാണ്‌ ക്യൂറേറ്റര്‍ ഒരുക്കിയിരിക്കുന്നത്‌. രാജ്‌ക്കോട്ടിലും നാഗ്‌പ്പൂരിലും പിറന്നത്‌ പോലെ വലിയ സ്‌ക്കോറുകള്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ടീം നേടിയാല്‍ അല്‍ഭുതപ്പെടാനില്ല.
ഇന്ത്യന്‍ സംഘത്തിലേക്ക്‌ യുവരാജ്‌ സിംഗിന്‌ പകരം മനോജ്‌ തീവാരിയെയാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പക്ഷേ അദ്ദേഹത്തിന്‌ ആദ്യ ഇലവനില്‍ കളിക്കാന്‍ അവസരമുണ്ടാവില്ല. കട്ടക്കില്‍ ജയിച്ച ഇലവനില്‍ ഇന്ത്യ കാര്യമായ മാറ്റത്തിന്‌ തയ്യാറാവില്ലെന്നാണ്‌ നായകന്‍ സേവാഗ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. യുവരാജ്‌ സിംഗിന്റെ സ്ഥാനത്ത്‌ വിരാത്‌ കോഹ്‌ലി കളിക്കും. ബാറ്റിംഗില്‍ സേവാഗ്‌ നല്‍കുന്ന തുടക്കം ഉപയോഗപ്പെടുത്താന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗൗതം ഗാംഭീര്‍, സുരേഷ്‌ റൈന, കോഹ്‌ലി, രവീന്ദു ജഡേജ, ദിനേശ്‌ കാര്‍ത്തിക്‌ തുടങ്ങിയവര്‍ക്കാവും. ബൗളിംഗിലാണ്‌ പ്രശ്‌നം നിലനില്‍ക്കുന്നത്‌. കട്ടക്ക്‌ മല്‍സരത്തില്‍ ജയിച്ചെങ്കിലും ഇന്ത്യന്‍ മുന്‍നിര ബൗളര്‍മാരെ ലങ്കന്‍ ഓപ്പണര്‍മാരായ തിലകരത്‌നെ ദില്‍ഷാനും ഉപുല്‍ തരംഗയും കാര്യമായി ശിക്ഷിച്ചിരുന്നു. പിന്നീട്‌ പാര്‍ട്ട്‌ ടൈം സ്‌പിന്നര്‍മാരുടെ മികവാണ്‌ ടീമിനെ തുണച്ചത്‌. സഹീറും ഇഷാന്തും നിരാശപ്പെടുത്തുമ്പോള്‍ ആശിഷ്‌ നെഹ്‌റ മാത്രമാണ്‌ നിലവാരം കാക്കുന്നത്‌. ഫീല്‍ഡിംഗിലും പിഴവുകള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്‌. ദിനേശ്‌ കാര്‍ത്തിക്‌ കട്ടക്കില്‍ കാണിച്ച വിഡ്ഡിത്തങ്ങള്‍ ടീം മാനേജ്‌മെന്റിന്‌ തലവേദനയാണ്‌.
അതേ സമയം ബാറ്റിംഗിലെ അസ്ഥിരതയാണ്‌ ലങ്കയെ അലട്ടുന്നത്‌. കട്ടക്കില്‍ ഗംഭീര തുടക്കമാണ്‌ ദില്‍ഷാനും തരംഗയും നല്‍കിയത്‌. ഒരു വിക്കറ്റിന്‌ 162 റണ്‍സ്‌ എന്ന ശക്തമായ സ്‌ക്കോറില്‍ നിന്നും പിന്നീട്‌ ലങ്ക തകര്‍ന്നത്‌ മുന്‍നിരക്കാരായ ബാറ്റ്‌സ്‌മാന്മാരുടെ ആലസ്യം മൂലമാണ്‌. മഹേല ജയവര്‍ദ്ധനെ, കപ്പുഗുഡേര തുടങ്ങിയവര്‍ക്ക്‌ ഇത്‌ വരെ വലിയ സ്‌ക്കോറുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നത്തെ മല്‍സരം ഉച്ചതിരിഞ്ഞ്‌ 2-30 ന്‌ നിയോ ക്രിക്കറ്റിലും ദൂരദര്‍ശനിലും.

ഐ ലീഗ്‌ 16 ന്‌
കോഴിക്കോട്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ കേരളയുടെ ഹോം മല്‍സരങ്ങളുടെ അടുത്ത ഘട്ടം ജനുവരി പതിനാറിനായിരിക്കും ആരംഭിക്കുക. ജനുവരി മൂന്നിന്‌ നിശ്ചയിക്കപ്പെട്ട മല്‍സരങ്ങള്‍ ഫെഡറേഷന്‍ കപ്പ്‌ നടക്കുന്നതിനാല്‍ ആറിലേക്ക്‌ മാറ്റുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന്‌ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഫിക്‌സ്‌ച്ചര്‍ കമ്മിറ്റി മല്‍സര തിയ്യതികളില്‍ വീണ്ടും മാറ്റം വരുത്തുകയായിരുന്നു. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം 16 ന്‌ വിവ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ജെ.സി.ടി മില്‍സ്‌ ഫഗ്‌വാരയുമായി കളിക്കും. 24 ന്‌ പൂനെ എഫ്‌.സിയെയും 28ന്‌ എയര്‍ ഇന്ത്യയെയും വിവ നേരിടും. മൂന്ന്‌ മല്‍സരങ്ങളാണ്‌ ഇനിതകം സ്വന്തം മൈതാനത്ത്‌ വിവ കളിച്ചത്‌. ഫെബ്രുവരി മൂന്നോടെ ഐ ലീഗിന്റെ ആദ്യ ഘട്ടത്തിന്‌ തിരശ്ശീല വീഴും. പതിനാല്‌ ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇപ്പോള്‍ അവസാന സ്ഥാനത്താണ്‌ ഏ.എം ശ്രീധരന്‍ പരിശീലിപ്പിക്കുന്ന ടീം.

സര്‍വേ
കാര്‍ത്തിക്‌ ചെയ്‌തത്‌ പക്വതയില്ലാത്ത അപരാധം
പക്വമതിയായ ക്രിക്കറ്ററായിരുന്നു ദിനേശ്‌ കാര്‍ത്തികെങ്കില്‍ അദ്ദേഹം കട്ടക്ക്‌ ഏകദിനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുമായിരുന്നെന്ന്‌ സ്‌പോര്‍ട്‌സ്‌ ചന്ദ്രിക സര്‍വെ. ഇ-മെയില്‍ വഴി നടത്തിയ സര്‍വെയില്‍ 1031 പേരാണ്‌ പങ്കെടുത്തത്‌. ഇവരില്‍ 63 ശതമാനം കാര്‍ത്തിക്കിന്റെ നിലപാടിനെ ചോദ്യം ചെയ്‌തപ്പോള്‍ മുപ്പത്‌ ശതമാനം കാര്‍ത്തിക്‌ തെറ്റ്‌ ചെയ്‌തില്ല എന്ന നിലപാടിലായിരുന്നു. ഏഴ്‌ ശതമാനം പേര്‍ കളിയില്‍ ഇതെല്ലാം സ്വാഭാവികമാണെന്ന പക്ഷത്തായിരുന്നു. കാര്‍ത്തിക്കിന്‌ ഏകദിന മല്‍സരങ്ങളില്‍ അനുഭവസമ്പത്ത്‌ കുറവാണ്‌. ഇതാണ്‌ അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ കണ്ടതെന്നാണ്‌ സച്ചിനെ അനുകൂലിച്ച്‌ മെയില്‍ ചെയ്‌തവര്‍ ചൂണ്ടിക്കാട്ടുന്നത്‌. സച്ചിന്‍ സീനിയര്‍ ക്രിക്കറ്ററാണ്‌. അദ്ദേഹം സെഞ്ച്വറിക്ക്‌ തൊട്ടരികില്‍ നില്‍ക്കുമ്പോള്‍ അനുഭവസമ്പന്നനായ ഒരു താരമാണെങ്കില്‍ സ്‌ട്രൈക്ക്‌ കൈമാറി സെഞ്ച്വറിക്ക്‌ അവസരം നല്‍കുമായിരുന്നുവെന്ന്‌ കുഞ്ഞുമോന്‍ പൊങ്ങല്ലൂര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കാര്‍ത്തിക്കിന്റെ നിലപാടില്‍ തെറ്റില്ലെന്നാണ്‌ കാസര്‍ക്കോട്‌ പടന്നയിലെ സതീദേവി കെ.പി അഭിപ്രായപ്പെട്ടത്‌. ടീമിനെ വിജയിപ്പിക്കുക എന്നതാണ്‌ ഓരോ താരത്തിന്റെയും ലക്ഷ്യം. അതിലേക്ക്‌ എളുപ്പത്തിലാണ്‌ കാര്‍ത്തിക്‌ സഞ്ചരിച്ചത്‌. സച്ചിന്‍ മനോഹരമായി കളിച്ചു എന്നതില്‍ രണ്ടഭിപ്രായമില്ല. പക്ഷേ ലൂസ്‌ പന്ത്‌ വന്നപ്പോള്‍ കാര്‍ത്തിക്‌ സിക്‌സര്‍ പായിച്ചതില്‍ തെറ്റ്‌ കാണാനാവില്ലെന്ന്‌ മാങ്കാവിലെ ടി.സിദ്ദിഖും പറയുന്നു. തിരുവനന്തപുരം നേമത്തെ രാജശേഖരന്‍ കൈപ്പാട്‌ ഏകദിന ക്രിക്കറ്റില്‍ ഇതെല്ലാം സ്വാഭാവികമാണെന്ന അഭിപ്രായക്കാരനാണ്‌. വ്യക്തിഗത റെക്കോര്‍ഡിനേക്കാള്‍ ടീമിന്റെ വിജയമാണ്‌ പ്രധാനം. കാര്‍ത്തിക്കും സച്ചിനും തെറ്റുകാരല്ല. ഇത്തരം ചര്‍ച്ചകള്‍ അപ്രാധാന്യമുളളതാണെന്നും അദ്ദേഹം പറയുന്നു. അഭിപ്രായ സര്‍വെയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ്‌പോര്‍ട്‌സ്‌ ചന്ദ്രികയുടെ നന്ദി.

ഷുമി വീണ്ടും
ലണ്ടന്‍: മൂന്ന്‌ വര്‍ഷത്തെ വനവാസത്തിന്‌ ശേഷം ഫോര്‍മുല വണ്‍ മുന്‍ ലോക ചാമ്പ്യന്‍ മൈക്കല്‍ ഷുമാക്കര്‍ മല്‍സര രംഗത്ത്‌ തിരിച്ചുവരുന്നു. പക്ഷേ ഫെരാരിയുടെ ഡ്രൈവിംഗ്‌ സീറ്റിലേക്കല്ല അദ്ദേഹത്തിന്റെ വരവ്‌. മെര്‍സിഡസിന്റെ കുപ്പായത്തിലാണ്‌ ഷുമി വരുന്നത്‌. ജനുവരി മൂന്നിന്‌ 41 വയസ്സ്‌ പൂര്‍ത്തിയാവുന്ന ഷുമിയെ ഇന്നലെ നോര്‍ത്താംടണിലെ ബ്രാക്കലിയിലുള്ള സ്വന്തം ഫാക്ടറിയില്‍ വെച്ച്‌ മെര്‍സിഡസ്‌ വാര്‍ത്താലോകത്തിന്‌ മുന്നില്‍ അവതരിപ്പിച്ചു. 2009 ല്‍ ഡ്രൈവേഴ്‌സ്‌ പട്ടം സ്വന്തമാക്കിയ ടീമില്‍ ഷുമി നികോ റോസ്‌ബര്‍ഗ്ഗിനൊപ്പമായിരിക്കും ഇറങ്ങുക. മൂന്ന്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം വളരെ കരുത്തനായി താന്‍ തിരിച്ചുവരുന്നതെന്ന്‌ എട്ട്‌ തവണ ഫോര്‍മുല വണ്‍ ഡ്രൈവര്‍പ്പട്ടം സ്വന്തമാക്കിയ ജര്‍മന്‍കാരന്‍ പറഞ്ഞു. 2006 ലാണ്‌ ഷുമി മല്‍സരരംഗം വിട്ടത്‌.

യുവതാരങ്ങള്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന്‌ സേവാഗ്‌
കൊല്‍ക്കത്ത: മഹേന്ദ്രസിംഗ്‌ ധോണി,യുവരാജ്‌ സിംഗ്‌ എന്നിവരുടെ പരുക്കില്‍ ദേശീയ ടീമില്‍ അവസരം ലഭിച്ചിരിക്കുന്ന യുവതാരങ്ങള്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന്‌ ഇന്ത്യന്‍ നായകന്‍ വിരേന്ദര്‍ സേവാഗ്‌. ഇന്നലെ പരിശീലനത്തിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വലിയ പരമ്പരക്കിടയില്‍ പലര്‍ക്കും പരുക്കേല്‍ക്കും. പലരും പുറത്താവും. ഇവര്‍ക്ക്‌ പകരം അവസരം ലഭിക്കുന്നവര്‍ അത്‌ പ്രയോജനപ്പെടുത്തണം. ദേശീയ ടീമിനായി അവസരം ലഭിക്കുന്ന യുവതാരങ്ങള്‍ അത്‌ പ്രയോജനപ്പെടുത്തിയാല്‍ അവര്‍ക്കും രാജ്യത്തിനും അത്‌ നേട്ടമാവും. 2011 ല്‍ ലോകകപ്പ്‌ വരുകയാണ്‌. വിരാത്‌ കോഹ്‌ലി, രോഹിത്‌ ശര്‍മ്മ തുടങ്ങിയവര്‍ക്ക്‌ കൂടുതല്‍ റണ്‍സ്‌ സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ അത്‌ ടീമിന്‌ ഗുണകരമാവും. കോഹ്‌ലി മികച്ച താരമാണ്‌. അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിക്കാറുണ്ട്‌. ഭാവിയുടെ താരമാണ്‌ കോഹ്‌ലിയെന്നും നായകന്‍ പറഞ്ഞു.

സമി തിരിച്ചുവരുന്നു
ലാഹോര്‍: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലുടെ മുഹമ്മദ്‌ സമീ രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ തിരിച്ചുവരുന്നു. മുഹമ്മദ്‌ യൂസഫ്‌ നയിക്കുന്ന പാക്കിസ്‌താന്‍ സംഘത്തില്‍ അംഗമായ സമി കഴിഞ്ഞ ദിവസം തന്റെ സെലക്ഷനെ ന്യായീകരിച്ച്‌ കൊണ്ട്‌ ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ഖ്വായിദെ ഇ അസം ട്രോഫി ഫൈനലില്‍ കറാച്ചി ബ്ലൂസിന്‌ വേണ്ടി കളിച്ച സമി ആറ്‌ വിക്കറ്റാണ്‌ നേടിയത്‌. ഹബീബ്‌ ബാങ്കിനെ 141 റണ്‍സിന്‌ തോല്‍പ്പിച്ച കറാച്ചി ബ്ലുസ്‌ ട്രോഫി സ്വന്തമാക്കിയിരുന്നു. രണ്ട്‌ വര്‍ഷം മുമ്പ്‌ ബാംഗ്ലൂരില്‍ ഇന്ത്യക്കെതിരെയാണ്‌ സമി അവസാനമായി രാജ്യത്തിന്റെ കുപ്പായത്തില്‍ കളിച്ചത്‌. ഇത്തവണ ഓസീസ്‌ പര്യടനത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്തി തിരിച്ചുവരവ്‌ രാജകീയമാക്കാന്‍ കഴിയുമെന്നാണ്‌ സമി കരുതുന്നത്‌. മുഹമ്മദ്‌ ആസിഫ്‌, ഉമര്‍ ഗുല്‍, മുഹമ്മദ്‌ ആമിര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ്‌ സമി കളിക്കുന്നത്‌.

No comments: