യൂറോപ്യന്‍ ലീഗുകള്‍
ബാര്‍സ, ചെല്‍സി, ബയേണ്‍ മുന്നോട്ട്
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകളില്‍ കരുത്തര്‍ തന്നെ മുന്നോട്ട്.... സ്പെയിനില്‍ ബാര്‍സിലോണയും ഇറ്റലിയില്‍ ഏ.സി മിലാനും ജര്‍മനിയില്‍ ബയേണ്‍ മ്യൂണിച്ചും ഇംഗ്ലണ്ടില്‍ ചെല്‍സിയും വ്യക്തമായ വിജയം സ്വന്തമാക്കിയപ്പോള്‍ സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സമനിലയുമായി പിറകിലായി. വിവിധ ലീഗുകളിലൂടെ:
സ്പെയിനില്‍ ബാര്‍സ
ലാലീഗില്‍ ഇത് വരെ മുന്നിട്ടുനിന്ന വലന്‍സിയ സീസണില്‍ ഇതാദ്യമായി പരാജയം രുചിച്ച ദിനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ബാര്‍സ ഒന്നാം സ്ഥാനത്തെത്തി. സ്വന്തം മൈതാനത്ത് നടന്ന മല്‍സരത്തില്‍ ദുര്‍ബലരെന്ന് കരുതിയ റേസിംഗ് സാന്ഡറിനോട് 4-2ന് വലന്‍സിയ തകര്‍ന്നപ്പോള്‍ യൂറോ 2008 കിരീടം സ്പെയിനിന് സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച മധ്യനിരക്കാരന് സാവി അലോണ്‍സോയുടെ മിന്നലാട്ടത്തില്‍ ബാര്‍സ 4-1ന് മലാഗയെ വീഴ്ത്തി. ഈ ജയത്തോടെ ബാര്‍സക്ക് 22 പോയന്റായി. 21 പോയന്റ് സ്വന്തമാക്കിയ വില്ലാ റയല്‍ രണ്ടാമത് വന്നപ്പോള്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് അല്‍മേരിയക്ക് മുന്നില്‍ 1-1 സമനില വഴങ്ങി. സമനിലയോടെ റയല്‍ പിറകോട്ട് പിന്തള്ളപ്പെട്ടപ്പോള്‍ ടോപ് സ്ക്കോറര്‍ പട്ടികയില്‍ ഡേവിഡ് വിയ തുടരുകയാണ്. പത്ത് ഗോളുകളാണ് ഇതിനകം യുവതാരം സ്വന്തം ബൂട്ടില്‍ നിന്നായി സ്ക്കോര്‍ ചെയ്തത്. ഒമ്പത് ഗോളുകളുമായി സാമുവല്‍ ഇറ്റോ എന്ന കാമറൂണുകാരന് തൊട്ട് പിറകിലുണ്ട്. ലയണല്‍ മെസി, മാറ്റെ ബിലിച്ച് എന്നിവര്‍ ആറ് ഗോളുകളുമായി മൂന്നാം സ്ഥാനത്താണ്. ചാമ്പ്യന്‍ഷിപ്പില്‍ ഇത് വരെ പരാജയമറിയാത്ത ടീം എന്ന ബഹുമതി വില്ലാ റയലിനാണ്. വലന്‍സിയ തകര്‍പ്പന്‍ വിജയം പ്രതീക്ഷിച്ചാണ് സാന്ഡറിനെതിരെ കളിക്കാന്‍ ഇറങ്ങിയത്. പക്ഷേ മുഹമ്മദ് ടിച്ചെ എന്ന യുവതാരത്തിന്റെ ഹാട്രിക്കില്‍ സാന്‍ഡര്‍ അപ്രതീക്ഷിത വിജയം സ്വന്തമാക്കുകയായിരുന്നു. മലാഗക്കെതിരെ സൂപ്പര്‍ താരങ്ങളെയെല്ലാം അണിനിരത്തിയാണ് ബാര്‍സ വിജയിച്ചതെങ്കില്‍ റയല്‍ നിരയില്‍ വാന്‍ നിസ്റ്റര്‍ റൂയി ഉള്‍പ്പെടെയുളളവര്‍ നിറം മങ്ങിയതാണ് ചാമ്പ്യന്മാര്ക്ക് ആഘാതമായത്.
ജര്‍മനി-ബയേണ്‍ മൂന്നാമത്്
ബുണ്ടേല്‍സ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് സീസണിലെ അല്‍ഭുത ടീമായ ഹോഫന്‍ഹൈം തന്നെ. പുതിയ സീസണില്‍ കത്തികളിക്കുന്ന യുവ ടീം ഇന്നലെ കാള്ഷിനെ തകര്‍ത്തുവിട്ടത് 4-1 എന്ന സ്ക്കോര്‍ ലൈനിലാണ്. അതേ സമയം നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ച് തുടക്കത്തിലെ അസ്വാരസ്യങ്ങള്‍ മറന്ന് കരുത്തോടെ തിരിച്ചുവരുകയാണ്. ബെലിഫെല്ഡിനെ 1-3ന് തോല്‍പ്പിച്ചതോടെ പോയന്റ്് ടേബിളില്‍ ബയേണ്‍ മൂന്നാം സ്ഥാനത്തേക്ക് വന്നു. തുടര്‍ച്ചയായി ആറ് മല്‍സരങ്ങളില്‍ ജയം എന്തെന്ന് അറിയാതിരുന്ന വെര്‍ഡര്‍ ബ്രെഹ്മന് 5-1 ന് ഹെര്‍ത്ത ബി.എസ്.സിയെ പരാജയപ്പെടുത്തിയപ്പോള്‍ പൊരുതിക്കളിച്ച കോട്ട്ബാസിനെ ഷാല്‍ക്കെ രണ്ട് ഗോളിന് തോല്‍പ്പിച്ചു. 25 പോയന്റുമായി ഹോഫന്‍ഹൈം ടേബളില്‍ ഒന്നാമത് തുടരുമ്പോള്‍ 24 പോയന്റോടെ ബയര്‍ ലെവര്‍കൂസണും 21 പോയന്‍ുമായി ബയേണുമാണ് അടുത്ത സ്ഥാനങ്ങളില്‍.
ഇംഗ്ലണ്ട്: ചെല്‍സി കുതിപ്പ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയങ്ങളുമായി ഒന്നാം സ്ഥാനത്ത് കുതിക്കുകയായിരുന്ന ലിവര്‍പൂളിന് അപ്രതീക്ഷിത തിരിച്ചടിയേറ്റത് ചെല്‍സിക്ക് ഗുണമായി. എവേ മല്‍സരത്തില്‍ ലിവര്‍പൂള്‍ ടോട്ടന്‍ഹാമിനോട് 1-2ന് പരാജയപ്പെട്ടപ്പോള്‍ നിക്കോളാസ് അനേല്‍ക്കയുടെ ഹാട്രിക്കില്‍ ചെല്‍സി സുതര്‍ലാന്‍ഡിനെ അഞ്ച് ഗോളിനാണ് മുക്കിയത്. പക്ഷേ ടേബിളില്‍ ചെല്‍സിയും ലിവര്‍പൂളും 26 പോയന്റുമായി ഒപ്പത്തിനൊപ്പമാണ്. ഗോള്‍ ശരാശരിയുടെ ആനുകൂല്യം ചെല്‍സിക്കുണ്ട്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അട്ടിമറി വീരന്മാരായ ഹള്‍ സിറ്റിക്കെതിരെ 3-2ന്് രക്ഷപ്പെട്ടപ്പോള്‍ ആഴ്സനലിന് കാലിടറി. സ്റ്റോക്ക് സിറ്റിക്കെതിരായ മല്‍സരത്തില്‍ 1-2 നാണ് ഗണ്ണേഴ്സ് പരാജയമറിഞ്ഞത്. ഹാട്രിക്കോടെ ഫ്രഞ്ചുകാരനായ നിക്കോളാസ് അനേല്‍ക്ക ടോപ് സ്ക്കോറര്‍ പട്ടികയില്‍ അമീര്‍ സാക്കിക്കൊപ്പമെത്തി. ഇരുവരും എട്ട് ഗോളുകള്‍ വീതമാണ് സ്ക്കോര്‍ ചെയ്തിരിക്കുന്നത്. ഹള്‍ സിറ്റിക്കെതിരായ മല്‍സരത്തില്‍ ജയം സ്വന്തമാക്കിയതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി 400 വിജയങ്ങള്‍ സ്വന്തമാക്കുന്ന ടീമെന്ന ഖ്യാതിയും നേടി.
ഇറ്റലിയില്‍ ഏ.സി മിലാന്
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായി ഇറ്റാലിയന്‍ സിരിയ എ യില്‍ ഏ.സി മിലാന് ഒന്നാം സ്ഥാനത്ത് വന്നു. ഇത് വരെ മുന്‍പന്തിയില്‍ നിന്ന ഉദിനസിനെയും ചാമ്പ്യന്മാരായ ഇന്റര്‍ മിലാനെയും പിറകിലാക്കി 22 പോയന്റുമായാണ് കക്കയുടെ ക്ലബ് ഒന്നാമത് വന്നിരിക്കുന്നത്. പതിനേഴ്് തവണ ഇറ്റാലിയന്‍ ലീഗില്‍ കിരീടത്തില്‍ മുത്തമിട്ടിട്ടുളള ഏ.സി മിലാന് മുന്‍ ചാമ്പ്യന്മാരായ നാപ്പോളിയെ 2-1ന് വീഴ്ത്തിയപ്പോള്‍ ഉദിനസിനെ ജിനോവ 2-2 ല്‍ തളക്കുകയും ചെയ്തു. റെജിനക്കെതിരെ 2-3 ന്റെ ജയമാണ് ഇന്റര്‍ നേടിയത്. അതേ സമയം കരുത്തരായ റോമക്ക് വീണ്ടും അടിപിഴച്ചു. യുവന്തസിനോട് രണ്ട് ഗോളിനാണവര്‍ പരാജയപ്പെട്ടത്. ലീഗിലെ ഒമ്പത് മല്‍സരങ്ങളില്‍ നിന്നായി റോമക്ക് ഇത് വരെ സമ്പാദിക്കാനായത് കേവലം ഏഴ് പോയന്റാണ്.
ഫ്രാന്‍സില്‍ ലിയോണ്‍
ചാമ്പ്യന്മാരായ ഒളിംപിക് ലിയോണ്‍ ഫ്രഞ്ച് ലീഗില്‍ 27 പോയന്റുമായി ഏകാധിപത്യം തുടരുകയാണ്. ഇന്നലെ നടന്ന മല്‍സരത്തില്‍ ചാമ്പ്യന്മാര് രണ്ട് ഗോളിന് ലാമാന്സിനെ പരാജയപ്പെടുത്തി.
കഥ അവസാനിക്കുന്നില്ല
നാഗ്പ്പൂര്‍: ബോര്‍ഡര്‍ -ഗവാസ്ക്കര്‍ ട്രോഫി നിലനിര്‍ത്താനുളള ശ്രമത്തില്‍ ഓസ്ട്രേലിയയും കപ്പ് റാഞ്ചാന്‍ ഇന്ത്യയും ശ്രമങ്ങള്‍ ആരംഭിച്ചിരിക്കെ താരങ്ങള്‍ തമ്മിലുളള വാക് തര്‍ക്കങ്ങളും സമരങ്ങളും അവസാനിക്കുന്നില്ല. ഡല്‍ഹി ഫിറോസ് ഷാ കോട്ലയില് സമനിലയില്‍ അവസാനിച്ച മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗാംഭീറും ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്ട്സണും തമ്മിലുളള ഉരസല്‍ വിലക്കില്‍ വരെ കലാശിച്ചിട്ടും അച്ചടക്കത്തിന്റെ നിയന്ത്രിത രേഖയിലേക്ക് താരങ്ങള്‍ വരുന്നില്ല. കോട്ല ടെസ്റ്റിന്റെ അവസാന ദിവസത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന് വി.വി.എസ് ലക്ഷ്മണും ഓസീസ് സീമര്‍ മിച്ചല്‍ ജോണ്‍സണും ഒരു വട്ടമല്ല, മൂന്ന് തവണയാണ് ഇടഞ്ഞത്. പക്ഷേ സംഭവത്തെ അമ്പയര്‍മാര്‍ ഗുരുതരമായി കാണാതിരുന്നതിനാല്‍ മാച്ച് റഫറിയുടെ ഇടപെടലുണ്ടായില്ലെന്ന് മാത്രം.
മല്സരത്തിന്െ ആദ്യ ഇന്നിംഗ്സില്‍ പുറത്താവാതെ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കിയ ഹൈദരാബാദുകാരന് രണ്ടാം ഇന്നിംഗ്സിലും അപരാജിതനായി നില കൊണ്ട് കളിയിലെ കേമന്‍ പട്ടം സ്വന്തമാക്കിയിരുന്നു. മല്‍സരത്തിന്റെ രണ്ടാം ദിവസമാണ് ലക്ഷ്മണ് ഇരട്ടശതകം പൂര്‍ത്തിയാക്കിയത്. ആ ദിവസത്തെ പോരാട്ടത്തിന് ശേഷം ലക്ഷ്മണ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണത്രെ ജോണ്‍സണെ ചൊടിപ്പിച്ചത്. ഓസ്ട്രേലിയക്കാര്‍ പ്രതിരോധാത്മകമായാണ് കളിക്കുന്നതെന്നും അവര്‍ക്ക് ഇന്ത്യയില്‍ ജയിക്കാന്‍ കഴിയില്ല എന്നുമായിരുന്നു ലക്ഷ്മണ് പറഞ്ഞത്. ബാംഗ്ലൂരില്‍ നടന്ന ആദ്യ ടെസ്റ്റിന് ശേഷം മാന്‍ ഓഫ് ദ മാച്ച് പട്ടം ലഭിച്ച സഹീര്‍ഖാനും ഇതേ കാര്യം പറഞ്ഞിരുന്നു. ലക്ഷ്മണ് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുമ്പോള്‍ ജോണ്സണ് പലവട്ടം ബാറ്റ്സ്മാനെ പ്രകോപിതനാക്കാന്‍ ശ്രമിച്ചു. പലപ്പോഴും ലക്ഷ്മണ് വിവാദത്തില്‍ താല്‍പ്പര്യമെടുക്കാതെ പിന്മാറുകയായിരുന്നു.
എന്നാല്‍ ഓസീസ് നായകന് റിക്കി പോണ്ടിംഗ് സ്വന്തം താരത്തെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. പ്രതിരോധാത്മക സമീപനം ആരുടേതാണെന്ന് ക്രിക്കറ്റിനെ അറിയുന്നവര്‍ക്ക് മനസ്സിലാവുമെന്നാണ് പോണ്ടിംഗ് സമര്‍ത്ഥിക്കുന്നത്. ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യക്ക് വിജയ സാധ്യതയുണ്ടായിട്ടും മല്‍സരത്തെ സമനിലയിലേക്ക് നയിച്ചത് ആരാണെന്നാണ് പോണ്ടിംഗ് ചോദിക്കുന്നത്. മല്‍സരത്തിന്റെ അവസാന ദിവസത്തിലും ഓസ്ട്രേലിയ വിജയത്തിനായി ശ്രമിച്ചിരുന്നു. പക്ഷേ ഇന്ത്യയെ രണ്ടാം ഇന്നിംഗ്സില്‍ പുറത്താക്കാന്‍ ബൗളര്‍മാര്‍ക്കായില്ല. ഇന്ത്യയാവട്ടെ സമനില ലക്ഷ്യമാക്കിയാണ് കളിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫി പരമ്പരക്കിടെ രണ്ട് ടീമിലെയും താരങ്ങള്‍ തമ്മിലുളള ഉരസല്‍ നല്ലതിനല്ലെന്നാണ് പോണ്ടിംഗ് പറയുന്നത്. മൈതാനത്ത് പരസ്പരം പ്രശ്നങ്ങളുണ്ടാവാം. എന്നാല്‍ പ്രശ്നങ്ങള്‍ തുടര്‍ക്കഥയാവുന്നത് നല്ലതല്ല. ഇത് അവസാനിപ്പിക്കണം. ഡല്‍ഹിയില്‍ കാറ്റിച്ചും ഗാംഭീറും തമ്മിലുണ്ടായ ഉരസല്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രമിച്ചതാണ്. ഓസീസ് താരങ്ങള്‍ വഴക്കിനായി ശ്രമിക്കുന്നത് പരമ്പരയില്‍ പിറകില്‍ നില്‍ക്കുന്നത് കൊണ്ടല്ല. പരമ്പരയിലേക്ക് കരുത്തോടെ തിരിച്ചുവരാന്‍ ഓസ്ട്രേലിയക്കാവുമെന്ന് അദ്ദേഹം പറഞ്ഞു.
സൈന
പൂനെ: ലോക ജൂനിയര്‍ ബാഡ്മിന്റണിലെ കിരീടനേട്ടം സൈന നെഹ്വാള് രാജ്യത്തിനും ആരാധകര്‍ക്കും സമര്‍പ്പിക്കുന്നു. ജപ്പാനില്‍ നിന്നുള്ള പ്രതിയോഗി സയാകാ സാത്തോയെ പരാജയപ്പെടുത്തി ലോക ജൂനിയര്‍ ബാഡ്മിന്റണില്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ബഹുമതി സ്വന്തമാക്കിയ യുവതാരം നേട്ടത്തിന് പിറകില്‍ തന്നെ പ്രോല്‍സാഹിപ്പിച്ചവരും കുടുംുബവുമാണെന്ന് പറഞ്ഞു. ബെയ്ജിംഗില്‍ നടന്ന ഒളിംപിക്സിലൂടെ ലോകത്തന് സുപരിചിതയായ സൈന ലോക ചാമ്പ്യന്‍ഷിപ്പിലുടനീളം ഏകാധിപത്യം പുലര്‍ത്തിയാണ് തന്റെ ക്ലാസ് തെളിയിച്ചത്. ജപ്പാന് പ്രതിയോഗിക്കെതിരായ ഫൈനല്‍ മല്‍സരം കേവലം 25 മിനുട്ട് മാത്രമാണ് ദീര്‍ഘിച്ചത്. 2006 ല്‍ നടന്ന ലോക ജൂനിയറില്‍ കിരീടത്തിന് അരികില്‍ വരെ സൈന എത്തിയിരുന്നു. അന്ന് അകന്ന കിരീടമാണ് ഇത്തവണ സ്വന്തം തട്ടകത്ത് വെച്ച് തന്നെ സൈന നേടിയത്. അതാണ് സന്തോഷം ഇരട്ടിപ്പിക്കുന്നതെന്നും പത്തൊമ്പതുകാരി പറഞ്ഞു. ഫൈനല്‍ ഇത്ര എളുപ്പമായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് സൈന പറഞ്ഞു. ജപ്പാന് പ്രതിയോഗി മികച്ച താരമായിരുന്നു. പക്ഷേ ആദ്യ ഗെയിം എളുപ്പത്തില്‍ എനിക്ക് നേടാനായി. രണ്ടാം ഗെയിമില്‍ പ്രതിയോഗി തിരിച്ചുവരാന്‍ നടത്തിയ ശ്രമത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞതാണ് നേട്ടമായതെന്നും അവര്‍ വ്യക്തമാക്കി. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വിഷമകരമായ മല്‍സരം സെമി ഫൈനല്‍ പോരാട്ടമായിരുന്നെന്ന് സൈന പറഞ്ഞു. ചൈനയില്‍ നിന്നുള്ള ഷി സിയാന് വാംഗ് ആയിരുന്നു എതിരാളി. ആ മല്‍സരത്തില്‍ ജയിക്കാനായതോടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. അതാണ് കിരീടനേട്ടത്തെ സഹായിച്ചത്.
ബെയ്ജിംഗ് ഒളിംപിക്സില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയ സൈന അതിന് ശേഷം നടന്ന ചൈനീസ് തായ്പെയ് ഓപ്പണ്‍ ബാഡ്മിന്റണില്‍ കിരീടം സ്വന്തമാക്കിയിരുന്നു. ലോക റാങ്കിംഗില്‍ ഇപ്പോള്‍ പതിനൊന്നാം സ്ഥാനത്തുളള സൈനയുടെ നേട്ടപ്പട്ടികയില്‍ കോമണ്‍വെല്‍ത്ത് യൂത്ത് സ്വര്‍ണ്ണവുമുണ്ട്. ഈ മാസാവസാനം നടക്കുന്ന ചൈന ഓപ്പണിലും ഹോംഗ്കോംഗ് ഓപ്പണിലും കിരീടം സ്വന്തമാക്കുകയാണ് സൈനയുടെ പുതിയ ലക്ഷ്യങ്ങള്‍.
ബോക്സിംഗിലും ഇന്ത്യന്‍ നേട്ടം
ന്യൂഡല്‍ഹി: മെക്സിക്കോയിലെ ഗൗഡാലജാരയില് നടന്ന ലോക ജൂനിയര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ മണിപ്പൂരുകാരനായ തോക്ഹോം നനാവോ സിംഗിന് വീരോചിത സ്വീകരണം നല്‍കുമെന്ന് ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷന്. ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം കിരീടം സ്വന്തമാക്കുന്നത്. പൂനെയില്‍ നടന്ന യൂത്ത്് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ മണിപ്പൂരുകാരന്‍ ശക്തനായ പ്രതിയോഗി റഷ്യയില്‍ നിന്നുള്ള ഗ്രിഗറി നിക്കോളായിയാണ് അവസാന പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. നാനോവിന്റെ സ്വര്‍ണ്ണമുള്‍പ്പെടെ മൊത്തം പതിനഞ്ച് പോയന്റുമായി ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പതാം സ്ഥാനത്ത് വരുകയും ചെയ്തു.
കുംബ്ലെയെ ആദരിക്കും
നാഗ്പ്പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ അവസാന ടെസ്റ്റില്‍ അനില്‍ കുംബ്ലെ കളിക്കില്ലെങ്കിലും അദ്ദേഹത്തെയും സീനിയര്‍ താരങ്ങളായ സച്ചിന് ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്, സൗരവ് ഗാംഗുലി എന്നിവരെയും നവംബര്‍ ആറിന് നാലാം ടെസ്റ്റിന്റെ ഒന്നാം ദിനമായ നവംബര്‍ ആറിന് ആദരിക്കുമെന്ന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ആദരിക്കും. ബി.സി.സി.ഐ പ്രസിഡണ്ടും വിദര്‍ഭ ക്രിക്കറ്റ് അസോസിേയഷന്‍ തലവനുമായ ശശാങ്ക് മനോഹര്‍ അറിയിച്ചതാണിത്. കുംബ്ലെക്കും സൗരവ് ഗാംഗുലിക്കും പകരക്കാരെ തെരഞ്ഞെടുക്കുക എളുപ്പമല്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് മഹത്തായ നേട്ടങ്ങള്‍ സമ്മാനിച്ച താരമാണ് കുംബ്ലെ. നായകന് എന്ന നിലയില്‍ സൗരവ് നല്കിയ സേവനങ്ങളെയും മറക്കാനാവില്ല. മഹാന്മാരായ താരങ്ങള്‍ ദിവസവും ജനിക്കുന്നില്ല. കുംബ്ലെക്കും ഗാംഗുലിക്കും പകരക്കാരെ കണ്ടെത്തേണ്ടത് സെലക്ഷന് കമ്മിറ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നാഗ്പ്പൂരില്‍ പുതിയ സ്റ്റേഡിയം
നാഗ്പ്പൂര്‍: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുളള അവസാന ടെസ്റ്റ് നടക്കാന്‍ പോവുന്നത് വിദര്‍ഭ ക്രിക്കറ്റ ്അസോസിയേഷന്റെ പുതിയ സ്റ്റേഡിയത്തില്‍. നാഗ്പ്പൂര്‍-െൈഹദരബാദ് ഹൈവേയിലെ ജംതയില് സ്ഥാപിച്ചിരിക്കുന്ന പുത്തന്‍ സ്റ്റേഡിയത്തില്‍ 45,000 പേര്‍ക്കാണ് ഇരിപ്പിടം. നാഗ്പ്പൂര്‍ നഗരത്തില്‍ നിന്നും പതിനാറ് കിലോമീറ്റര്‍ അകലെയാണ് ജംത. ഈ മൈതാനത്ത് വെച്ചായിരിക്കും സൗരവ് ഗാംഗുലി തന്റെ അവസാന ടെസ്റ്റ് കളിക്കുക.
സച്ചിനെ റാഞ്ചാന്‍ ജയ്ഷെ പദ്ധതി
നാഗ്പ്പൂര്‍: ഇന്ത്യന്‍ താരം സച്ചിന് ടെണ്ടുല്‍ക്കറെ റാഞ്ചാന്‍ ഭീകരവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് പദ്ധതിയിട്ടതായുളള രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ ശക്തമാക്കി. ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ കളിക്കാനായി സച്ചിനും സംഘവും ഇന്നലെ വൈകീട്ട് ഇവിടെയെത്തിയിട്ടുണ്ട്. വ്യാഴാഴ്ച്ചയാണ് ടെസ്റ്റ് ആരംഭിക്കുന്നത്. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്റെ സിവില്‍ ലൈന്സിലുളള മൈതാനത്താണ് ടീമുകള്‍ പരിശീലനം നടത്തുക. മല്‍സരം ജംതയിലെ പുതിയ സ്റ്റേഡിയത്തിലാണ് നടക്കുക. സച്ചിനെ റാഞ്ചാന്‍ ഭീകരവാദികള്‍ പദ്ധതി തയ്യാറാക്കിയതായുളള സ്ഥിരീകരണം ഡല്‍ഹിയില്‍ നിന്ന് ലഭിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ പ്രവീണ്‍ ദീക്ഷിത് വ്യക്തമാക്കി. വിമാനത്താവളത്തിലും നഗരത്തിലെ പ്രധാന ഹോട്ടലുകളിലുമെല്ലാം കനത്ത പോലീസ് സുരക്ഷയുണ്ട്.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഇന്നത്തെ മല്‍സരങ്ങള്‍
ഫമഗൂസ്റ്റ-ഇന്റര്‍ മിലാന്, ബാര്‍സിലോണ-ബേസില്‍, സി.എഫ്.ആര് ക്ലൂജ്-ബോറോഡോക്സ്, ലിവര്‍പൂള്‍-അത്ലറ്റികോ മാഡ്രിഡ്, മാര്‍സലി-പി.എസ്.വി, റോമ-ചെല്‍സി, സ്പോര്‍ട്ടിംഗ് ലിസ്ബണ്‍-ഷാക്തര്‍ ഡോണ്സ്റ്റക്, വെര്‍ഡര്‍ ബ്രെഹ്മന്-പനാത്തിനായിക്കോസ്
യൂസഫ് ഐ.സി.എല്ലില്‍
ലാഹോര്‍: പാക്കിസ്താന് ക്രിക്കറ്റര്‍ മുഹമ്മദ് യൂസഫ് ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഐ.സി.എല്‍ അധികൃതരുമായി സംസാരിക്കാന്‍ യൂസഫ് ഡല്‍ഹിയിലെത്തിയിട്ടുണ്ട്. അബുദാബിയില്‍ വിന്‍ഡീസിനെ നേരിടുന്ന ഏകദിന പരമ്പരക്കുളള പാക് സംഘത്തില്‍ യൂസഫ് അംഗമാണ്. ഐ.പി.എല്ലില്‍ കളിക്കുന്നപക്ഷം ദേശീയ ടീമില്‍ നിന്ന് യൂസഫ് പുറത്താവും.
ഹാമില്ട്ടണ് ലോക ചാമ്പ്യന്‍
സാവോ: ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി അഞ്ചാം സ്ഥാനം നേടിയ മക്ലാറന് ഡ്രൈവര്‍ ലൂയിസ് ഹാമില്ട്ടണ് ഫോര്‍മുല വണ്‍ ലോകപട്ടം. ഫെരാരിയുടെ ഫെലിപെ മാസെയാണ് ചാമ്പ്യനായതെങ്കിലും ലോകപ്പട്ടത്തിന് ആവശ്യമായ പോയന്റുകള്‍ അഞ്ചാം സ്ഥാനം വഴി ഹാമില്ട്ടണ് നേടി. ഏറ്റവും പ്രായം കുറഞ്ഞ ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ എന്ന ബഹുമതിയാണ് 23 കാരനായ ബ്രിട്ടീഷുകാരന് സ്വന്തമാക്കിയത്.
No comments:
Post a Comment