Wednesday, November 19, 2008

KANPUR CHALLENGE


യുവരാജിനെ പിടിക്കാന്‍ സ്വാന്‍
കാണ്‍പ്പൂര്‍: യുവരാജ്‌സിംഗ്‌ എന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ രാജ്‌ക്കോട്ടിലും ഇന്‍ഡോറിലും ഇംഗ്ലീഷ്‌ ബൗളിംഗ്‌ നിരയിലെ ആര്‍ക്കുമായിരുന്നില്ല. രണ്ടിടങ്ങളിലും സെഞ്ച്വറിയുമായി അരങ്ങ്‌ തകര്‍ത്ത ഇന്ത്യന്‍ സിംഹത്തെ തളക്കാന്‍ ബാറ്റിംഗ്‌ സ്വര്‍ഗ്ഗമായ കാണ്‍പ്പൂരിലെ ഗ്രീന്‍പാര്‍ക്കില്‍ ഇംഗ്ലീഷ്‌ ക്യാപ്‌്‌്‌റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ഒരാളെ കണ്ടെത്തിയിരിക്കുന്നു-ഗ്രയീം സ്വാന്‍ എന്ന സ്‌പിന്നര്‍. കക്ഷിക്ക്‌ വലിയ അനുഭവസമ്പത്തൊന്നുമില്ല. പക്ഷേ ഒരു വര്‍ഷം മുമ്പ്‌ ഇംഗ്ലീഷ്‌ ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ സ്വാന്‍ സനത്‌ ജയസൂര്യ ഉള്‍പ്പെടെയുളള ഇടം കൈയ്യന്മാരെ വിറപ്പിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ്‌ പീറ്റേഴ്‌സണ്‍ തന്റെ പുതിയ താരത്തെ അവതരിപ്പിക്കുന്നത്‌. ഇന്ന്‌ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ സ്വാന്‍ കളിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്‌്‌. പരമ്പരയില്‍ രണ്ട്‌ മല്‍സരങ്ങള്‍ പിന്നിട്ട്‌ നില്‍ക്കുന്ന സന്ദര്‍ശകര്‍ക്ക്‌ എന്തെങ്കിലും പ്രതീക്ഷ ബാക്കിയാവണമെങ്കില്‍ ഇവിടെ ജയിക്കണം.
ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റിംഗ്‌ ട്രാക്കായാണ്‌ ഗ്രീന്‍പാര്‍ക്ക്‌ വിശേഷിപ്പിക്കപ്പെടാറുളളത്‌. പന്ത്‌ വളരെ മനോഹരമായി ബാറ്റിലേക്ക്‌ ഓടിയെത്തും. വീരേന്ദര്‍ സേവാഗിനെ പോലുള്ള തട്ടുപൊളിപ്പന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ വേണമെങ്കില്‍ സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറിയുമെല്ലാം സ്വന്തമാക്കാം.
ഇംഗ്ലീഷ്‌ ക്യാമ്പ്‌ പ്രശ്‌ന പ്രക്ഷുബ്‌ദ്ധമാണ്‌. ആദ്യ മല്‍സരത്തിലെ പരാജയം 158 റണ്‍സിനായിരുന്നെങ്കില്‍ രണ്ടാം മല്‍സരത്തില്‍ തോല്‍വിഭാരം 54 റണ്‍സായി കുറഞ്ഞു എന്നത്‌ മാത്രമാണ്‌ ആശ്വാസം. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലുമെല്ലാം ഇംഗ്ലീഷ്‌പ്പട തോറ്റോടുന്ന കാഴ്‌ച്ചയാണ്‌ ആദ്യ രണ്ട്‌ മല്‍സരങ്ങളിലും കണ്ടത്‌. മഹേന്ദ്രസിംഗ്‌ ധോണി എന്ന കരുത്തനായ നായകന്‌ കീഴില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ വിജയിക്കാന്‍ മാത്രം കളിക്കുന്ന കാഴ്‌ച്ചയില്‍ പീറ്റേഴ്‌സണ്‌ തന്റെ സീനിയര്‍-ജൂനിയര്‍ താരങ്ങളോട്‌ ഉപദേശിക്കാന്‍ ഒന്ന്‌ മാത്രമാണുളളത്‌-പിടിച്ചുനില്‍ക്കുക.
ദക്ഷിണാഫ്രിക്കയെ പോലെ കരുത്തരായ ടീമിനെ നാല്‌ മല്‍സരങ്ങളില്‍ തോല്‍പ്പിച്ച ഇംഗ്ലീഷ്‌ സൈന്യത്തിന്‌ വലിയ ആഘാതമായത്‌ ഇന്ത്യന്‍ പര്യടനത്തിന്‌ തൊട്ട്‌ മുമ്പ്‌ അല്‍പ്പനാള്‍ വിന്‍ഡീസില്‍ തങ്ങിയതാണ്‌. വിന്‍ഡീസ്‌ മല്‍സരങ്ങള്‍ വന്‍ ദുരന്തമായിരുന്നു. ആ തിരിച്ചടിയില്‍ നിന്ന്‌ കരകയറുന്നതിന്‌ മുമ്പാണ്‌ ഇന്ത്യയിലെത്തി പരിശീലന മല്‍സരത്തില്‍ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഇലവന്‌ മുന്നില്‍ തരിപ്പണമായത്‌.
നായകന്റെ ഉത്തരവാദിത്ത്വത്തില്‍ പീറ്റേഴ്‌സണ്‍ പറയുന്നത്‌ പേടിക്കാനില്ലെന്നാണ്‌. രണ്ട്‌ മല്‍സരങ്ങള്‍ തോറ്റുവെന്നത്‌ സത്യം. പക്ഷേ തിരിച്ചടിക്കാന്‍ തന്റെ ടീമിന്‌ പ്രാപ്‌തിയുണ്ടെന്നാണ്‌ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്‌.
ആദ്യ രണ്ട്‌ മല്‍സരങ്ങളിലും അനായാസവിജയം സ്വന്തമാക്കിയതിനാല്‍ ഇന്ത്യന്‍ സംഘത്തില്‍ വലിയ സമ്മര്‍ദ്ദമില്ല. ടീമില്‍ മാറ്റത്തിനും സാധ്യതയില്ല. റണ്‍സ്‌ നേടാന്‍ വിഷമിക്കുന്ന രോഹിത്‌ ശര്‍മ്മക്ക്‌ പകരം ചിലപ്പോള്‍ വിരാത്‌ കോഹ്‌ലി കളിച്ചേക്കാം. ഗൗതം ഗാംഭീറും വീരേന്ദര്‍ സേവാഗും നല്‍കുന്ന തകര്‍പ്പന്‍ തുടക്കം, മധ്യനിരയില്‍ യുവരാജും ധോണിയും, വാലറ്റത്ത്‌ വെടി പൊട്ടിക്കാന്‍ യൂസഫ്‌്‌ പത്താനും സംഘവും. വലിയ സ്‌ക്കോര്‍ സ്വന്തമാക്കാന്‍ ഈ ആയുധങ്ങള്‍ തന്നെ ധാരാളം. ബൗളിംഗില്‍ സഹീറും മുനാഫും പുതിയ പന്ത്‌ പങ്കിടാന്‍ മിടുക്കരാണ്‌. വിക്കറ്റുകള്‍ അധികം ലഭിച്ചില്ലെങ്കിലും റണ്‍സ്‌ ഇവര്‍ നല്‍കുന്നില്ല. പരുക്ക്‌ കാരണം ആദ്യ രണ്ട്‌ മല്‍സരങ്ങളിലും കളിക്കാന്‍ കഴിയാതിരുന്ന ഇഷാന്ത്‌ ശര്‍മ ഫിറ്റ്‌നസ്‌ തെളിയിച്ച സാഹചര്യത്തില്‍ ആര്‍.പി സിംഗ്‌ അദ്ദേഹത്തിന്‌ വഴിമാറിയേക്കും. സ്‌പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹര്‍ഭജന്‍ എന്ന സ്‌പെഷ്യലിസ്‌റ്റിനൊപ്പം യുവരാജ്‌, സേവാഗ്‌ എന്നീ പാര്‍ട്ട്‌ടൈമര്‍മാര്‍ ധാരാളം. ഇന്‍ഡോറില്‍ യുവരാജ്‌ നാലും സേവാഗ്‌ മൂന്നൂം വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. ഇന്നത്തെ മല്‍സരത്തിനിടെ പരമ്പരയിലെ അവശേഷിക്കുന്ന നാല്‌ മല്‍സരങ്ങളിലേക്കുമുളള ടീമിനെ തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ യോഗം ചേരുന്നുണ്ട്‌. വലിയ മാറ്റങ്ങള്‍ക്ക്‌ സെലക്ടര്‍മാര്‍ മുതിരില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമില്‍ മടങ്ങിയെത്തും.
രാജ്‌ക്കോട്ടിലെ ആദ്യ മല്‍സരത്തിന്‌ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പീറ്റേഴ്‌സണ്‍ പറഞ്ഞത്‌ ഗൗതം ഗാംഭീറിനെയും വിരേന്ദര്‍ സേവാഗിനെയും പിടിച്ചുകെട്ടിയാല്‍ ഇന്ത്യ സാധാരണ ടീം മാത്രമാണെന്നായിരുന്നു. ഇന്‍ഡോറില്‍ ഇന്ത്യയുടെ ഓപ്പണിംഗ്‌ പാളിയെങ്കിലും യുവരാജ്‌ സിംഗും യൂസഫ്‌ പത്താനുമെല്ലാം കത്തിനിന്നു. ഇന്നലെ സംസാരിക്കവെ ഇന്ത്യന്‍ ദൗര്‍ബല്യത്തെക്കുറിച്ച്‌ സംസാരിക്കാതെ സ്വന്തം ടീമിന്റെ കരുത്തിലാണ്‌ പീറ്റേഴ്‌സണ്‍ വിശ്വാസമര്‍പ്പിച്ചത്‌. യുവരാജിനെ ഭയമുണ്ടോ എന്ന ചോദ്യത്തിന്‌ ആരെയും ഭയപ്പെടുന്നില്ല എന്ന മറുപടിയാണ്‌ അദ്ദേഹം നല്‍കിയത്‌. യുവരാജ്‌ രാജ്‌ക്കോട്ടില്‍ 78 പന്തില്‍ 138 റണ്‍സും ഇന്‍ഡോറില്‍ 118 റണ്‍സിനൊപ്പം നാല്‌ വിക്കറ്റും നേടിയത്‌ പരാമര്‍ശിച്ചപ്പോള്‍ ഇംഗ്ലീഷ്‌ സംഘത്തിലും ഇത്തരം ബഹുമുഖ പ്രതിഭകളുണ്ടെന്നും അവര്‍ ഫോമിലെത്തിയാല്‍ തീര്‍ച്ചയായും ടീം വിജയിക്കുമെന്നുമാണ്‌ നായകന്‍ പ്രതികരിച്ചത്‌. ബാറ്റിംഗ്‌ ഓര്‍ഡറില്‍ ചിലപ്പോള്‍ ഇന്ന്‌ നേരിയ മാറ്റത്തിന്‌ സാധ്യതയുണ്ട്‌. ഇംഗ്ലീഷ്‌ നിരയില്‍ വണ്‍ഡൗണ്‍ സ്ഥാനത്ത്‌ ഒവൈസ്‌ ഷാക്ക്‌ പകരം നായകന്‍ തന്നെ വന്നേക്കും. പീറ്റേഴ്‌സണ്‍ ഇന്‍ഡോറില്‍ നല്ല ഫോമിലായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ട്‌ എളുപ്പത്തില്‍ 63 റണ്‍സ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തിരുന്നു. ഫ്‌്‌ളിന്റോഫും ഫോമിലേക്കുളള സൂചന നല്‍കിയിട്ടുണ്ട്‌. ഈ രണ്ട്‌ പേരിലുമാണ്‌ ഇംഗ്ലീഷ്‌ പ്രതീക്ഷകള്‍.
ആദ്യ രണ്ട്‌ മല്‍സരത്തിലും പരുക്ക്‌ കാരണം കളിക്കാന്‍ കഴിയാതിരുന്ന റ്യാന്‍ സൈഡ്‌ബോട്ടത്തിന്‌ ഇന്നും കളിക്കാന്‍ കഴിയില്ല എന്നാണ്‌ സൂചനകള്‍. വീണ്ടും പുറം വേദന അനുഭവപ്പെട്ടതായി സൈഡ്‌ബോട്ടം പരാതിപ്പെട്ടിട്ടുണ്ട്‌. മല്‍സരത്തല്‍ 300 റണ്‍സിലപ്പുറം നേടാന്‍ പ്രയാസമില്ലെന്നാണ്‌ ക്യൂറേറ്റര്‍ ശിവകുമാര്‍ അഭിപ്രായപ്പെട്ടത്‌. പാക്കിസ്‌താനെതിരായ മല്‍സരത്തില്‍ ഇന്ത്യ നേടിയ 294 റണ്‍സാണ്‌ ഈ പിച്ചിലെ ഏറ്റവും ഉയര്‍ന്ന സ്‌ക്കോര്‍. മല്‍സരം രാവിലെ ഒമ്പത്‌ മുതല്‍ നിയോ സ്‌പോര്‍ട്‌സിലും ഡി.ഡി സ്‌പോര്‍ട്‌സിലും.

തേര്‍ഡ്‌ ഐ
ഗ്രീന്‍ പാര്‍ക്കിനെ ഇഷ്ടപ്പെടാത്ത ബാറ്റ്‌സ്‌മാന്മാരും വെറുക്കാത്ത ബൗളര്‍മാരുമുണ്ടാവില്ല. ബാറ്റിംഗ്‌ കലയില്‍ പ്രാവീണ്യം തെളിയിച്ചവരെല്ലാം ഇവിടെ സെഞ്ച്വറി സ്വന്തമാക്കിയവരാണ്‌. മുന്‍ ഇന്ത്യന്‍ നായകനായ മുഹമ്മദ്‌ അസ്‌ഹറുദ്ദീനെ പോലുളളവര്‍ ഗ്രീന്‍പാര്‍ക്കില്‍ എന്നും കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചവരാണ്‌. അസ്‌ഹറിനെ ക്രിക്കറ്റ്‌ ലോകമറിയാന്‍ തുടങ്ങിയത്‌ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റത്തില്‍ തന്നെ തുടര്‍ച്ചയായി മൂന്ന്‌ സെഞ്ച്വറികള്‍ സ്വന്തമാക്കിയതിലൂടെയായിരുന്നു. ഇവിടെ ഇന്ന്‌ അത്തരമൊരു റെക്കോര്‍ഡിന്‌ യുവരാജ്‌ സിംഗിന്‌ അവസരമുണ്ട്‌. രാജ്‌ക്കോട്ടിലും ഇന്‍ഡോറിലും സെഞ്ച്വറികള്‍ സ്വന്തമാക്കിയ യുവരാജ്‌ ഹാട്രിക്‌ സെഞ്ച്വറിയുടെ അരികിലാണ്‌.
ലോക ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന്‌ സെഞ്ച്വറികള്‍ സ്വന്തമാക്കിയവര്‍ മൂന്ന്‌ പേരാണ്‌. പാക്കിസ്‌താന്റെ വിഖ്യാതരായ സഹീര്‍ അബാസും സയദ്‌ അന്‍വറും ദക്ഷിണാഫ്രിക്കന്‍ ഓപ്പണറായ ഹര്‍ഷല്‍ ഗിബ്‌സും. ഈ ക്ലബില്‍ അംഗമാവാന്‍ തീര്‍ച്ചയായും ഇന്ന്‌ യുവരാജിന്‌ കഴിയും. കാരണം അത്രമാത്രം ഫോമിലാണ്‌ അദ്ദേഹം. 55.78 ആണ്‌ കഴിഞ്ഞ രണ്ട്‌ മല്‍സരത്തിലെയും ബാറ്റിംഗ്‌ ശരാശരി.
ഇന്‍ഡോറിലെ മല്‍സരത്തിന്‌ ശേഷം പ്രതികരിക്കവെ പീറ്റേഴ്‌സണ്‍ പറഞ്ഞ വാക്കുകള്‍ തന്നെ യുവിയുടെ ഫോമിനുളള തെളിവാണ്‌. കാണ്‍പൂര്‍ മല്‍സരത്തില്‍ യുവരാജ്‌ കളിക്കാതിരിക്കാന്‍ വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുമെന്നാണ്‌ കെ.പി തമാശയായി പറഞ്ഞിരുന്നത്‌. നല്ല തുടക്കം ലഭിക്കുന്നപക്ഷം യുവരാജിനെ പിടിച്ചുകെട്ടുക എളുപ്പമല്ല.
ഇംഗ്ലണ്ട്‌ സ്വാന്‍ എന്ന സ്‌പിന്നറെ പരീക്ഷിക്കുന്നത്‌ ചിലപ്പോള്‍ ബാക്‌ഫയര്‍ ചെയ്‌തേക്കാം. ഗ്രീന്‍പാര്‍ക്കിലെ സുന്ദരമായ ബാറ്റിംഗ്‌ ട്രാക്കില്‍ താളം കണ്ടെത്താന്‍ സ്‌പിന്നര്‍മാര്‍ക്ക്‌ എളുപ്പം കഴിയില്ല. യുവരാജും സേവാഗും യൂസഫ്‌്‌ പത്താനുമെല്ലാമുളള ഇന്ത്യന്‍ ടീമിനെതിരെ പന്തെറിയാന്‍ മാനസിക കരുത്ത്‌ നന്നായി വേണം. അജാന്ത മെന്‍ഡീസ്‌ എന്ന ലങ്കക്കാരന്‍ കഴിഞ്ഞ ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ വിറപ്പിക്കുന്ന മാസ്‌മരികത പ്രകടിപ്പിച്ചിരുന്നു. അത്തരത്തിലുളള അപൂര്‍വ്വ പ്രകടനത്തിന്‌ മാത്രമാണ്‌ ഇന്ത്യയെ തടയാനാവുക.
ഇന്ത്യക്ക്‌ ഈ പരമ്പര പരീക്ഷണത്തിനായും ഉപയോഗിക്കാനായുളള സമയമാണിത്‌. വീരാത്‌ കോഹ്‌ലിക്കും മുരളി വിജയിനും അവസരം നല്‍കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുളള വലിയ പരമ്പരയില്‍, ടീം മുന്നിട്ട്‌്‌ നില്‍ക്കുമ്പോള്‍ മാത്രമാണ്‌ പരീക്ഷണത്തിന്‌ അവസരമുള്ളത്‌.

മറഡോണക്ക്‌ ഹസ്‌തദാനം ഇല്ല
ഗ്ലാസ്‌ക്കോ: അത്‌ മറക്കാന്‍ ടെറി ബൂച്ചര്‍ ഇപ്പോഴും തയ്യാറല്ല.... അന്ന്‌, 86 ലെ ആ മെക്‌സിക്കന്‍ രാത്രിയില്‍ ലോകകപ്പ്‌ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീനക്കായി അവരുടെ ക്യാപ്‌റ്റന്‍ ഡിയാഗോ മറഡോണ നേടിയ ദൈവത്തിന്റെ ഗോള്‍ യഥാര്‍ത്ഥ ഗോളല്ലെന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്ന ഇംഗ്ലണ്ടിന്റെ മുന്‍താരമായ ബുച്ചര്‍ ഇപ്പോള്‍ സ്‌ക്കോട്ട്‌ലാന്‍ഡിന്റെ അസിസ്‌റ്റന്‍ഡ്‌ കോച്ചാണ്‌. ഇന്നലെ അര്‍ജന്റീന-സ്‌ക്കോട്ട്‌ലാന്‍ഡ്‌ മല്‍സരം ആരംഭിക്കുന്നതിന്‌ മുമ്പ്‌ താരങ്ങളും ഒഫീഷ്യലുകളും പരസ്‌പരം ഹസ്‌തദാനം ചെയ്യവെ മറഡോണക്ക്‌ കൈ നല്‍കാന്‍ ബൂച്ചര്‍ തയ്യാറായില്ല.
എനിക്ക്‌ മറഡോണക്ക്‌ മാപ്പ്‌ നല്‍കാനാവില്ല....അദ്ദേഹം നയം വ്യക്തമാക്കുന്നു. ബുച്ചറുടെ സമീപനം ശരിയായില്ലെന്നാണ്‌ മറഡോണ പ്രതികരിച്ചത്‌. 1966 ലെ ലോകകപ്പില്‍ ഇംഗ്ലണ്ട്‌ കപ്പ്‌ സ്വന്തമാക്കിയത്‌ ഗോള്‍ ലൈന്‍ കടക്കാത്ത ഗോളിലാണ്‌. എന്നിട്ട്‌ എന്നെ കുറ്റം പറയുന്നതില്‍ എന്താണ്‌്‌ കാര്യം-മറഡോണ ചോദിച്ചു. 66 ലെ ലോകകപ്പ്‌ ഫൈനല്‍ വെംബ്ലിയില്‍ നടന്നപ്പോള്‍ പശ്ചിമ ജര്‍മനിക്കെതിരായ മല്‍സരത്തില്‍ ജിയോഫ്‌ ഹര്‍സ്റ്റ്‌ അധികസമയത്ത്‌ നേടിയ വിവാദഗോള്‍ ലൈന്‍ കടന്നിരുന്നില്ലെന്ന വാദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. ഈ കാര്യമാണ്‌ മറഡോണ സൂചിപ്പിച്ചത്‌. ക്രോസ്‌ ബാറിന്‌ അടിയില്‍ തട്ടിയ പന്ത്‌ ഗോള്‍ ലൈനില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ റഫറി ഗോള്‍ അനുവദിച്ചു. ഫൈനല്‍ 4-2 എന്ന സ്‌ക്കോറില്‍ ഇംഗ്ലണ്ട്‌ നേടിയെങ്കിലും ഹര്‍സ്‌റ്റ്‌ നേടിയ നാലാം ഗോളും വിവാദത്തിലായിരുന്നു. അദ്ദേഹം സ്‌ക്കോര്‍ ചെയ്യുന്നതിന്‌ മുമ്പ്‌ തന്നെ ഇംഗ്ലണ്ടിന്റെ വിജയം ആഘോഷിക്കാന്‍ കാണികള്‍ ഗ്രൗണ്ടില്‍ ഇറങ്ങിയിരുന്നു.
ബുച്ചര്‍ ഹസ്‌തദാനത്തിന്‌ തയ്യാറാവത്തതില്‍ തനിക്ക്‌ നിരാശയില്ലെന്ന്‌ മറഡോണ പറഞ്ഞു. എനിക്ക്‌ സ്‌ക്കോട്ട്‌ലാന്‍ഡിലെ ജനങ്ങള്‍ വലിയ സ്വീകരണമാണ്‌ നല്‍കിയത്‌. അവര്‍ എന്നെ ഇപ്പോഴും സ്‌നേഹിക്കുന്നു. അതാണ്‌ എനിക്ക്‌ സന്തോഷം നല്‍കുന്നത്‌. ബുച്ചര്‍ എനിക്ക്‌ ഹസ്‌തം തന്നില്ലല്ലോ എന്നാലോചിച്ച്‌ ഉറക്കം കളയാന്‍ ഞാനില്ല. 86 ലെ ലോകകപ്പില്‍ ഞാന്‍ നേടിയ ഗോളുകള്‍ എല്ലാവരും കണ്ടതാണ്‌. ലോകം മുഴുവന്‍ കണ്ടതാണ്‌. എല്ലാവര്‍ക്കുമറിയാം ഞാന്‍ നേടിയ ഗോളുകളുടെ കരുത്ത്‌. ബുച്ചര്‍ ഇപ്പോഴും അത്‌ അംഗീകരിക്കാത്തത്‌ അദ്ദേഹത്തിന്റെ മനസ്സ്‌ കൊണ്ടായിരിക്കാം. ഇതില്‍ അദ്ദേഹത്തിന്‌ മാത്രമായിരിക്കാം പരാതി-മറഡോണ പറഞ്ഞു.

കങ്കാരുകള്‍ക്ക്‌ മാനം കാക്കണം
ബ്രിസ്‌ബെന്‍: ഇന്ത്യയില്‍ നിന്നേറ്റ വന്‍ പരാജയത്തിലുടെ നഷ്ടമായ മാനം തിരിച്ചുപിടിക്കാന്‍ ഓസ്‌ട്രേലിയ ഇന്ന മുതല്‍ അയല്‍പ്പക്കകാരായ ന്യൂസിലാന്‍ഡിനെതിരെ. ഇരുവരും തമ്മിലുളള ഒന്നാം ടെസ്റ്റ്‌ ഇന്ന്‌ ഗാബയില്‍ ആരംഭിക്കും. ഇത്‌ വരെയില്ലാത്ത കനത്ത സമ്മര്‍ദ്ദമുഖത്താണ്‌ റിക്കി പോണ്ടിംഗും സംഘവും. മൊഹാലിയിലും നാഗ്‌പ്പൂരിലും ഇന്ത്യയില്‍ നിന്നേറ്റ ആഘാതത്തിന്‌ മറുപടി കിവീസിന്‌ നല്‍കാന്‍ പോണ്ടിംഗും സംഘവും തയ്യാറെടുത്തുനില്‍ക്കുകയാണ്‌. പക്ഷേ പേസും ബൗണ്‍സുമുളള ഗാബ പിച്ചില്‍ ഓസ്‌ട്രേലിയക്കാര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമല്ല. ഡാനിയല്‍ വെട്ടോരി നയിക്കുന്ന കിവി സംഘത്തില്‍ നല്ല പേസര്‍മാരുണ്ട്‌. ആന്‍ഡ്ര്യൂ സൈമണ്ട്‌്‌സ്‌ ഓസീസ്‌ സംഘത്തില്‍ കളിക്കുന്നുണ്ട്‌.

യൂസഫ്‌ അങ്ങനെ പറയരുതായിരുന്നു
ലാഹോര്‍: പാക്കിസ്‌താന്‍ ദേശീയ ടീം വിട്ട്‌ ലാഹോര്‍ ബാദ്‌ഷാസില്‍ ചേരാന്‍ താന്‍ നിര്‍ബന്ധിതനായത്‌ ദേശീയ ടീമിന്റെ നായകന്‍ ഷുഹൈബ്‌ മാലിക്കിന്റെ സമീപനമാണെന്ന മുഹമ്മദ്‌ യൂസഫിന്റെ ആരോപണം വിവാദമാവുന്നു. ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ ഇന്‍സമാം നയിച്ച ലാഹോര്‍ ബാദ്‌ഷാസിനെ കിരീടമണിയിച്ച ശേഷം നാട്ടില്‍ തിരിചെത്തിയ വേളയിലാണ്‌ യൂസഫ്‌ പൊട്ടിത്തെറിച്ചത്‌.
തന്നെ കുറ്റം പറഞ്ഞ്‌ രക്ഷപ്പെടാനാണ്‌ യൂസഫ്‌ ശ്രമിച്ചതെന്നാണ്‌ മാലിക്‌ പ്രതികരിച്ചിരിക്കുന്നത്‌. പാക്കിസ്‌താന്‍ പത്രമായ ന്യൂസുമായി സംസാരിക്കവെ യൂസഫിന്റെ നിലപാടും നിഗമനവും ശരിയായില്ലെന്ന്‌ മാലിക്‌ പറഞ്ഞു. പാക്‌ സംഘത്തിലെ സീനിയര്‍ അംഗമായ യൂസഫിനെ പോലെ ഒരാള്‍ അത്തരത്തില്‍ ഒരു അഭിപ്രായം രേഖപ്പെടുത്തരുതായിരുന്നു. എല്ലാ കാര്യത്തിലും ഞാന്‍ അദ്ദേഹത്തിന്റെ അഭിപ്രായം തേടാറുണ്ട്‌. ഇപ്പോള്‍ യൂസഫ്‌ എനിക്കെതിരെ രംഗത്ത്‌്‌ വന്നത്‌ തെറ്റായ നിഗമനങ്ങളില്‍ നിന്നാണ്‌. ഞാന്‍ കാരണമാണ്‌ ദേശീയ ടീം വിട്ട്‌ ഐ.സി.എല്ലില്‍ കളിക്കാന്‍ പോയതെന്ന്‌ പറഞ്ഞാല്‍ മുഖം രക്ഷിക്കാന്‍ എളുപ്പമാണല്ലോ-നായകന്‍ പറഞ്ഞു.
വിന്‍ഡീസിനെതിരെ അബുദാബിയില്‍ നടന്ന ഏകദിന പരമ്പരയിലെ മൂന്ന്‌ മല്‍സരങ്ങളും ജയിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ മാലിക്‌ ക്യാപ്‌റ്റന്‍സി തന്നെ ബാധിച്ചിട്ടില്ലെന്നാണ്‌ വ്യക്തമാക്കുന്നത്‌. ക്യാപ്‌റ്റനാവുന്നതിന്‌ മുമ്പ്‌ ഞാന്‍ പാക്‌ ടീമില്‍ അംഗമായിരുന്നു. നാളെ നായകസ്ഥാനം നഷ്ടമായാല്‍ ഒരു സാധാരണ അംഗമായി കളിക്കാനും ഞാന്‍ റെഡിയാണ്‌. ക്യാപ്‌റ്റന്‍സി അഭിമാനമാണ്‌. രാജ്യത്തെ നയിക്കുക വലിയ ഉത്തരവാദിത്ത്വവും. പക്ഷേ രണ്ടും ഞാന്‍ ആസ്വദിക്കുന്നു. വിന്‍ഡീസിനെതിരായ പരമ്പരയില്‍ പ്രകടിപ്പിക്കാനായ കരുത്തില്‍ ഏകദിന റാങ്കിംഗില്‍ ആറാം സ്ഥാനത്ത്‌ നിന്നും നാലാം സ്ഥാനത്തേക്ക്‌ വരാന്‍ ടീമിനായി . ഇത്‌നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഐ.സി. എല്ലില്‍ കളിക്കുന്നവരെ വിലക്കാനുളള തീരുമാനത്തില്‍ നിന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പിന്മാറണമെന്ന്‌ ഇന്‍സമാം അഭിപ്രായപ്പെട്ടു. ഐ.സി.എല്ലില്‍ കളിക്കുന്നത്‌ പാതകമായി കാണരുത്‌. വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക്‌ കരുത്ത്‌ പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തണം. പാക്കിസ്‌താന്‍ ദേശീയ ടീമിന്‌ മല്‍സരങ്ങള്‍ കുറവാണെങ്കില്‍ മാച്ച്‌ പ്രാക്ടീസിനായി ലാഹോര്‍ ബാദ്‌ഷാസുമായി കളിക്കാന്‍ തയ്യാറാവണമെന്നും ഇന്‍സി അഭിപ്രായപ്പെട്ടു.

സെപ്‌റ്റ്‌ ടീം തിരിച്ചെത്തി
കോഴിക്കോട്‌: വിജയകരമായ മലേഷ്യന്‍ പര്യടനത്തിന്‌ ശേഷം സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ എജ്യുക്കേഷന്‍ പ്രൊമോഷന്‍ ട്രസ്‌റ്റ (സെപ്‌റ്റ്‌) ഫുട്‌ബോള്‍ ടീം തിരിച്ചെത്തി. അണ്ടര്‍ 12 വിഭാഗത്തില്‍ നടന്ന അഞ്ച്‌ മല്‍സരങ്ങളില്‍ രണ്ട്‌ വിജയവും രണ്ട്‌ പരാജയവും ഒരു സമനിലയുമാണ്‌ ടീമിന്റെ സമ്പാദ്യം. ഷാ ആലമിലെ മത്സഷിത സ്റ്റേഡിയത്തില്‍ നടന്ന മല്‍സരങ്ങളില്‍ സുഗൈ രംഗം സ്‌ക്കൂളിനെ ഒരു ഗോളിന്‌ തോല്‍പ്പിച്ച സെപ്‌റ്റ്‌ റോയല്‍ സേലങ്കോര്‍ ക്ലബിനോട്‌ മൂന്ന്‌ ഗോളിന്‌ തോറ്റിരുന്നു. മിഡ്‌ലാന്‍ഡ്‌സ്‌ ക്ലബിനെ മൂന്ന്‌ ഗോളിന്‌ വീഴ്‌ത്തി അടുത്ത മല്‍സരത്തില്‍ തിരിച്ചുവന്ന ടീം നാലാം മല്‍സരത്തില്‍ എവര്‍ടെന്‍ സപ്പോര്‍ട്ടേഴ്‌സ്‌ ടീമിനോട്‌ തോറ്റു. മലേഷ്യന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അക്കാദമിക്കെതിരായ മല്‍സരം സമനിലയില്‍ കലാശിച്ചു. ഈ മല്‍സരത്തില്‍ അനീസ്‌ മാന്‍ ഓഫ്‌ ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

No comments: