Tuesday, November 18, 2008

DIAGO........................ AGAIN..............




ദി ലാസ്‌റ്റ്‌ റിഹേഴ്‌സല്‍
ലണ്ടന്‍: 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ ടിക്കറ്റാണ്‌ എല്ലാ ടീമുകളുടെയും ലക്ഷ്യം.... ലോക സോക്കറിന്റെ മഹാവേദിയില്‍ മല്‍സരിക്കാനുള്ള ഒരുക്കത്തിന്റെ അവസാന ഡ്രസ്സ്‌ റിഹേഴ്‌സല്‍ പോലെ ഇന്ന്‌ ലാറ്റിനമേരിക്കയിലും അമേരിക്കയിലും യൂറോപ്പിലുമായി സൗഹൃദ മല്‍സരങ്ങളുടെ കേളികൊട്ട്‌. 45 മല്‍സരങ്ങളാണ്‌ ഇന്ന്‌ അരങ്ങേറുന്നത്‌. ഇതില്‍ ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്ന ചില മല്‍സരങ്ങളുണ്ട്‌. ഗ്ലാസ്‌ക്കോയിലെ ഹംദാന്‍ പാര്‍ക്കില്‍ അര്‍ജന്റീനയും സ്‌ക്കോട്ട്‌ലാന്‍ഡും തമ്മിലുള്ള മല്‍സരത്തിലേക്ക്‌ കണ്ണയക്കാത്ത ഫുട്‌ബോള്‍ പ്രേമികളില്ല. അഞ്ച്‌ തവണ ലോകകപ്പ്‌ സ്വന്തമാക്കിയ ബ്രസീലിനും പോര്‍ച്ചുഗലും മാറ്റുരക്കുന്ന വേദിയിലും നിലവിലെ ലോകകപ്പ്‌ റണ്ണേഴ്‌്‌സ്‌ അപ്പായ ഫ്രാന്‍സും മുന്‍ ലോക ചാമ്പ്യന്മാരായ ഉറുഗ്വേയും തമ്മിലുളള മല്‍സരത്തിലും യൂറോ ചാമ്പ്യന്മാരായ സ്‌പെയിനും ചിലിയും കണ്ടുമുട്ടുന്ന മൈതാനത്തുമെല്ലാം തീപ്പാറുമെന്ന കാര്യത്തില്‍ സംശയമില്ല. ജര്‍മനി ഇംഗ്ലണ്ടിനെ നേരിടുന്നത്‌ കാണാനും നെതര്‍ലാന്‍ഡ്‌സ്‌ സ്വീഡനെ എതിരിടുന്നത്‌ ആസ്വദിക്കാനും കൊളംബിയക്കാര്‍ നൈജീരിയയെ വെല്ലുവിളിക്കുന്നതിന്‌ ദൃക്‌സാക്ഷിയാവാനും കാണികള്‍ കുറയില്ല. ലോക ചാമ്പ്യന്മാരായ ഇറ്റലിയും മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഗ്രീസും ഏറ്റുമുട്ടുന്ന വേദിയിലും ആവേശത്തിന്‌ കുറവുണ്ടാവില്ല.
ഡിയാഗോ മറഡോണയാണ്‌ ഇന്നത്തെ താരം. പരിശീലകനായി അര്‍ജന്റീനയുടെ കുപ്പായത്തില്‍ അദ്ദേഹം ഇന്ന്‌ ആദ്യമായി ഇറങ്ങുകയാണ്‌. ലോകകപ്പ്‌ യോഗ്യതാ റൗണ്ട്‌ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്ത്‌ വേദനയോടെ നില്‍ക്കവെ ടീമിന്റെ ചുമതലയേറ്റ മറഡോണക്ക്‌ ആദ്യ മല്‍സരത്തില്‍ തന്നെ കരുത്ത്‌ തെളിയിക്കേണ്ടതുണ്ട്‌. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, ജുവാന്‍ റോമന്‍ റിക്കല്‍മെ എന്നിവര്‍ ഇന്ന്‌ കളിക്കുന്നില്ല. ഇരുവര്‍ക്കും വിശ്രമം അനുവദിച്ചിരിക്കയാണ്‌. ഇവര്‍ക്ക്‌ പകരം സെര്‍ജി അഗ്വീറോ, ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളിക്കായി കളിക്കുന്ന യൂവ സൂപ്പര്‍താരം എസകില്‍ ലവാസി എന്നിവര്‍ കളിക്കുന്നുണ്ട്‌. 1986 ല്‍ അര്‍ജന്റീനക്ക്‌ ലോകകപ്പ്‌ സമ്മാനിച്ച മറഡോണ തന്റെ കേളി ശൈലി ആക്രമണം തന്നെയാണെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ലോക സോക്കറില്‍ വലിയ മേല്‍വിലാസമില്ലാത്ത ടീമാണ്‌ സ്‌ക്കോട്ട്‌്‌ലാന്‍ഡ്‌. പക്ഷേ അല്‍ഭുതങ്ങള്‍ കാണിക്കാന്‍ തന്റെ ടീമിന്‌ കഴിയുമെന്നാണ്‌ കോച്ച്‌്‌ പറയുന്നത്‌. മിഡ്‌ഫീല്‍ഡ്‌ ജനറല്‍ ബാരി ഫെര്‍ഗൂസണാണ്‌ ടീമിന്റെ തുരുപ്പ്‌ചീട്ട്‌. റൈറ്റ്‌ ബാക്‌ അലന്‍ ഹൂട്ടണിലും കോച്ചിന്‌ പ്രതീക്ഷയുണ്ട്‌. പരുക്ക്‌ കാരണം ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുന്ന ഡാരന്‍ ഫ്‌ളെച്ചറുടെ സേവനം സ്‌ക്കോട്ടിഷ്‌ സംഘത്തിനുണ്ടാവില്ല.
ഇംഗ്ലണ്ടും ജര്‍മനിയും തമ്മിലുളള ബലാബലത്തിന്‌ സൂപ്പര്‍താരങ്ങളുടെ സജീവ സാന്നിദ്ധ്യമില്ല. ജോണ്‍ ടെറി നയിക്കുന്ന ഇംഗ്ലീഷ്‌ സംഘത്തില്‍ പ്രബലര്‍ കുറവാണ്‌. ജര്‍മന്‍ കോച്ച്‌ ജോക്കിം ലോ പുതിയ ഡിഫന്‍സുമായാണ്‌ കളിക്കുന്നത്‌. വോള്‍സ്‌ബര്‍ഗ്ഗിന്റെ താരം മാര്‍സല്‍ ഷാല്‍ഫര്‍, ഹോഫന്‍ഹൈമിന്റെ മാര്‍വിന്‍ കോര്‍ എന്നിവര്‍ക്ക്‌ അധിക മല്‍സര പരിചയമില്ല. പക്ഷേ രാജ്യാന്തര രംഗത്ത്‌ പരീക്ഷണത്തിന്റെ സമയമാണിതെന്ന്‌ കോച്ച്‌ വ്യക്തമാക്കുന്നു. മൈക്കല്‍ ബലാക്‌, ടോര്‍സ്‌റ്റണ്‍ ഫ്രിംഗ്‌സ്‌ എന്നിവരുടെ അസാന്നിദ്ധ്യത്തില്‍ യുവതാരങ്ങള്‍ക്ക്‌ കരുത്ത്‌ തെളിയിക്കാനുള്ള അവസരമാണിത്‌.
ഇംഗ്ലീഷ്‌ കോച്ച്‌ ഫാബിയോ കാപ്പലോയും യുവസംഘത്തിനാണ്‌ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്‌. സ്റ്റീവന്‍ ജെറാര്‍ഡ്‌, വെയിന്‍ റൂണി ,റിയോ ഫെര്‍ഡിനാന്‍ഡ്‌, ജോ കോള്‍, ഡേവിഡ്‌ ബെക്കാം എന്നിവരൊന്നും കളിക്കുന്നില്ല. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പാനിഷ്‌ സംഘത്തിലും യുവതാരങ്ങള്‍ക്കാണ്‌ കോച്ച്‌ വിസന്‍ഡെ ഡെല്‍ ബോസ്‌കെ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്‌. ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ കരുത്തരായ അര്‍ജന്റീനയെ മറിച്ചിട്ട അതേ സംഘത്തെ ചിലി കോച്ച്‌ മാര്‍സിലോ ബിയല്‍സ അണിനിരത്തുന്നത്‌.
പോര്‍ച്ചുഗലിനെ നേരിടുന്ന ബ്രസീല്‍ സംഘത്തില്‍ വെറ്ററന്‍ മധ്യനിരക്കാരന്‍ റൊണാള്‍ഡിഞ്ഞോ കളിക്കുന്നില്ല. എങ്കിലും മറ്റ്‌ പ്രമുഖരെല്ലാം കളത്തിലുണ്ടാവും. ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനും ഇത്‌ വരെ ആധികാരികത പ്രകടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോച്ച്‌ ഡുംഗെയുടെ തൊപ്പിക്കായി മുറവിളി ഉയരുന്നുണ്ട്‌. ഇന്ന്‌ നല്ല വിജയം നേടാനായാല്‍ മാത്രമാണ്‌ രക്ഷ. പോര്‍ച്ചുഗല്‍ കോച്ച്‌ കാര്‍ലോസ്‌ ക്വിറസ്‌ പ്രമുഖരെയെല്ലാം രംഗത്തിറക്കുന്നുണ്ട്‌.
ഇറ്റാലിയന്‍ സംഘത്തിലെ ആകര്‍ഷണം ഉദിനസിനായി കളിക്കുന്ന ഇരുപത്തിയാറുകാരനായ മുന്‍നിരക്കാരന്‍ ഗറ്റീനോ അഗോസ്‌റ്റിനോയാണ്‌. വെറ്ററന്‍ താരം അലക്‌സാണ്ടറോ ദെല്‍പിയാറോക്ക്‌ പകരമായാണ്‌ കോച്ച്‌ മാര്‍സിലോ ലിപ്പി യുവതാരത്തിന്‌ അവസരം നല്‍കിയിരിക്കുന്നത്‌.
ക്യാപ്‌റ്റന്‍ പാട്രിക്‌ വിയേരയും മധ്യനിരക്കാരായ സില്‍വസ്‌റ്ററും ജൂലിയന്‍ എസ്‌കൂഡും ഇന്ന്‌ ഫ്രഞ്ച്‌ സംഘത്തില്‍ കളിക്കുന്നുണ്ട്‌. ഉറുഗ്വേ അട്ടിമറി വീരന്മാരായതിനല്‍ കോച്ച്‌ ഡൊമന്‍ച്ചെ ആത്മവിശ്വാസത്തോടെയല്ല സംസാരിക്കുന്നത്‌.

ഇന്നത്തെ മല്‍സരങ്ങള്‍
ഓസ്‌ട്രിയ-തുര്‍ക്കി, അസര്‍ബെയ്‌ജാന്‍-അല്‍ബേനിയ, ബഹറൈന്‍-ഓസ്‌ട്രേലിയ, ബ്രസീല്‍-പോര്‍ച്ചുഗല്‍, കൊളംബിയ-നൈജീരിയ, സൈപ്രസ്‌-ബെലാറൂസ്‌, ഡെന്മാര്‍ക്ക്‌-വെയില്‍സ്‌, ഈജിപ്‌ത്‌-ബെനിന്‍, ഫ്രാന്‍സ്‌-ഉറുഗ്വേ, ജര്‍മനി-ഇംഗ്ലണ്ട്‌, ഗ്രീസ്‌-ഇറ്റലി, ഹോളണ്ട്‌-സ്വീഡന്‍, ഇസ്രാഈല്‍-ഐവറികോസ്‌റ്റ്‌, ലക്‌സംബര്‍ഗ്‌-ബെല്‍ജിയം, മാള്‍ട്ട-ഐസ്‌ലാന്‍ഡ്‌, മോള്‍ദോവ-ലിത്വാനിയ, മോണ്ടിനിഗ്രോ-മാസിഡോണിയ, മൊറോക്കോ-സാംബിയ, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്‌-ഹംഗറി, പെറു-പരാഗ്വേ, റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌-പോളണ്ട്‌, റുമേനിയ-ജോര്‍ജിയ, സ്‌ക്കോട്ട്‌ലാന്‍ഡ്‌-അര്‍ജന്റീന, സെര്‍ബിയ-ബള്‍ഗേറിയ, സ്ലോവാക്യ-ലൈഞ്ചസ്‌റ്റിന്‍, സ്ലോവേനിയ-ബോസ്‌നിയ, ദക്ഷിണാഫ്രിക്ക-കാമറൂണ്‍, സ്‌പെയിന്‍-ചിലി, സ്വിറ്റ്‌സര്‍ലാന്‍ഡ്‌-ഫിന്‍ലാന്‍ഡ്‌, ഉക്രൈന്‍-നോര്‍വെ.

ഏഷ്യയില്‍ ഇന്ന്‌ തീപ്പൊരി
മനാമ: ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ്‌ ടിക്കറ്റിനായുളള ശ്രമത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഇന്ന്‌ കച്ച മുറുക്കുന്നു. മനാമയില്‍ ബഹറൈന്‍ കരുത്തരായ ഓസ്‌ട്രേലിയയുമായി കളിക്കുമ്പോള്‍ ദുബായില്‍ യു.എ.ഇ ശക്തരായ ഇറാനെ വെല്ലുവിളിക്കുന്നു. ദോഹയില്‍ നടക്കുന്ന വാശിയേറിയ മല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ ജപ്പാനെ നേരിടുമ്പോള്‍ റിയാദിലെ മല്‍സരത്തില്‍ സൗദി അറേബ്യ കൊറിയയെ എതിരിടും. ഈ വര്‍ഷം ഏഷ്യയില്‍ നടക്കുന്ന അവസാന റൗണ്ട്‌ യോഗ്യതാ മല്‍സരങ്ങളാണിത്‌. അടുത്ത ഫെബ്രുവരിയിലാണ്‌ അടുത്ത ഘട്ടം പോരാട്ടങ്ങള്‍. രണ്ട്‌ ഗ്രൂപ്പുകളിലായി പത്ത്‌ ടീമുകളാണ്‌ യോഗ്യതാക്കായി മല്‍സരിക്കുന്നത്‌. ഗ്രൂപ്പ്‌ എ യില്‍ ഓസ്‌ട്രേലിയ, ജപ്പാന്‍, ഖത്തര്‍, ബഹറൈന്‍, ഉസ്‌ബെക്കിസഥാന്‍ എന്നിവരാണുളളത്‌. രണ്ട്‌ മല്‍സരങ്ങളില്‍ നിന്നായി ആറ്‌ പോയന്റ്‌ നേടിയ ഓസ്‌ട്രേലിയയാണ്‌ ഗ്രൂപ്പില്‍ മുന്നിട്ടുനില്‍ക്കുന്നത്‌. ജപ്പാന്‌ നാല്‌ പോയന്റുണ്ട്‌. മൂന്ന്‌ മല്‍സരങ്ങളില്‍ നിന്നായി ഖത്തറിന്‌ നാല്‌ പോയന്റാണുള്ളത്‌.
ഗ്രൂപ്പ്‌ രണ്ടില്‍ ദക്ഷിണ കൊറിയയും ഇറാനും സൗദി അറേബ്യയും ഉത്തര കൊറിയയും യു.എ.ഇയുമാണ്‌ മല്‍സിക്കുന്നത്‌. രണ്ട്‌ മല്‍സരങ്ങളില്‍ നിന്ന്‌ നാല്‌ പോയന്റ്‌ നേടിയ ദക്ഷിണ കൊറിയയാണ്‌ മുന്നില്‍. ഇറാനും രണ്ട്‌ മല്‍സരങ്ങളില്‍ നിന്നായി നാല്‌ പോയന്റുണ്ട്‌.

നോ പരിഭവം
ബ്രിസ്‌ബെന്‍: ഗാബയില്‍ ഇന്നലെ നല്ല സുഹൃത്തുക്കളായിരുന്നു ആന്‍ഡ്ര്യൂ സൈമണ്ട്‌സും മൈക്കല്‍ ക്ലാര്‍ക്കും.... ബംഗ്ലാദേശിനെതിരായ പരമ്പരക്കിടെ തെറ്റിപിരിഞ്ഞവര്‍ ഇന്നലെ ഒരുമിച്ചത്‌ രസകരമായ കാഴ്‌ച്ചയായിരുന്നു. ഡാര്‍വിനില്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരക്കിടെ നിര്‍ബന്ധിത ടീം മീറ്റിംഗില്‍ പങ്കെടുക്കാന്‍ താല്‍കാലിക നായകനായിരുന്ന ക്ലാര്‍ക്‌ ക്ഷണിച്ചപ്പോള്‍ അത്‌ വക വെക്കാത മീന്‍ പിടിക്കാന്‍ പോയ കുറ്റത്തിന്‌ സൈമോ രണ്ട്‌ മാസം ടീമിന്‌ പുറത്തായിരുന്നു. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ അദ്ദേഹത്തെ നല്ല നടപ്പിന്‌ ശിക്ഷിച്ചപ്പോള്‍ ക്ലാര്‍ക്കിന്റെ സംഘം ഇന്ത്യയില്‍ തരിപ്പണമായി. നാളെ ന്യൂസിലാന്‍ഡിനെതിരെ ആരംഭിക്കുന്ന ടെസ്‌റ്റ്‌ പരമ്പരക്കുളള സംഘത്തില്‍ സൈമോയെ കളിപ്പിക്കാന്‍ ഓസ്‌ട്രേലിയ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ്‌ ക്ലാര്‍ക്‌ പറയുന്നത്‌.
രണ്ട്‌ മാസം സൈമോ ടീമിനൊപ്പമുണ്ടായിരുന്നില്ല എന്നത്‌ സത്യം. പക്ഷേ അദ്ദേഹം പഴയത്‌ പോലെ തന്നെയാണ്‌ എത്തിയിരിക്കുന്നത്‌. ആരോടും പരിഭവമില്ല-ടീമിലെ ഒരു സീനിയര്‍ താരം പറഞ്ഞു. സൈമോ ടീമില്‍ തിരിച്ചെത്തിയത്‌ ഓസ്‌ട്രേലിയക്ക്‌ വലിയ ആശ്വാസമാണെന്നാണ്‌ ക്ലാര്‍ക്‌ പറയുന്നത്‌. കാരണം ഏത്‌ ഘട്ടത്തിലും ഉപയോഗപ്പെടുത്താന്‍ പറ്റിയ ക്രിക്കറ്ററാണ്‌ സൈമോ-ക്ലാര്‍ക്‌ പറഞ്ഞു. എന്നാല്‍ വിലക്ക്‌ കാലയളവില്‍ ആഭ്യന്തര ക്രിക്കറ്റ്‌ കളിച്ച സൈമോക്ക്‌ ഇത്‌ വരെ പഴയ ഫോം പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ പരാജയമായ സാഹചര്യത്തില്‍ ഗാബയിലെ സീമിംഗ്‌ ട്രാക്കില്‍ കിവി പേസര്‍മാരെ നേരിടുക ഓസീസ്‌ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ വലിയ വെല്ലുവിളിയാണ്‌.
ആദ്യ ഇലവനെ ഇത്‌ വരെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഓള്‍റൗണ്ടര്‍മാരായ സൈമോയും ഷെയിന്‍ വാട്ട്‌സണും കളിക്കുമെന്നാണ്‌ സൂചനകള്‍.

ചര്‍ച്ചിലിന്‌ സമനില
മഡ്‌ഗാവ്‌: ദേശീയ ഐ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സും എയര്‍ ഇന്ത്യയും 1-1 ല്‍ പിരിഞ്ഞു. ഫെലിക്‌സ്‌ ചമാക്കുവിന്റെ ഗോളില്‍ മല്‍സരത്തിന്റെ മുപ്പത്തിയെട്ടാം മിനുട്ടില്‍ ചര്‍ച്ചില്‍ ലീഡ്‌ നേടി. പക്ഷേ ലോംഗ്‌ വിസിലിന്‌ അല്‍പ്പം മുമ്പ്‌ മൈക്കല്‍ സിംഗ്‌ ടായോ എയര്‍ ഇന്ത്യക്കാരുടെ മാനം കാത്തു. ലീഗില്‍ എട്ട്‌ മല്‍സരങ്ങള്‍ വീതം എല്ലാ ടീമുകളും പൂര്‍ത്തിയാക്കിയപ്പോള്‍ 18 പോയന്റുമായി സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ ഗോവയാണ്‌ ഒന്നാമത്‌. ഒമ്പത്‌ മല്‍സരങ്ങളില്‍ നിന്നായി 16 പോയന്റ്‌ കരസ്ഥമാക്കിയ എയര്‍ ഇന്ത്യ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. കൊല്‍ക്കത്ത ടീമുകളെല്ലാം തപ്പിതടയുകയാണ്‌. എട്ട്‌ മല്‍സരങ്ങളില്‍ നിന്നായി 12 പോയന്റ്‌ വീതമാണ്‌ ഈസ്‌റ്റ്‌ബംഗാളും മോഹന്‍ ബഗാനും നേടിയിരിക്കുന്നത്‌. മുഹമ്മദന്‍സാവട്ടെ 9 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ്‌. പ്രൊമോട്ട്‌ ചെയ്യപ്പെട്ട ടീമുകളില്‍ 12 പോയന്റുമായി മുംബൈ ഫുട്‌ബോള്‍ ക്ലബാണ്‌ മെച്ചപ്പെട്ട പ്രകടനം നടത്തുന്നത്‌.



സൗരവ്‌ രണ്ടാമന്‍
ഇന്‍ഡോര്‍: ഇംഗ്ലണ്ടിനെതിരെ രാജ്‌ക്കോട്ടിലും ഇന്‍ഡോറിലും നടത്തിയ മാസ്‌മരിക പ്രകടനത്തിന്റെ മികവില്‍ യുവരാജ്‌ സിംഗ്‌ ഇന്ത്യന്‍ ടെസ്റ്റ്‌ ടീമിലും കസേര ഉറപ്പിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയോടെ കളിക്കളം വിട്ട സൗരവ്‌ ഗാഗംുലിക്ക്‌ പകരം ടെസ്‌റ്റിനുളള ഇന്ത്യന്‍ സംഘത്തില്‍ തീര്‍ച്ചയായും യുവരാജിന്‌ സ്ഥാനമുണ്ടാവുമെന്ന്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ടീമിനെ രക്ഷപ്പെടുത്താനും വിജയിപ്പിക്കാനും തനിക്കാവുമെന്ന്‌ യുവരാജ്‌ തെളിയിച്ചിട്ടുണ്ട്‌. ടെസ്റ്റിലും ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാവുമെന്നുറപ്പാണ്‌. സൗരവിന്റെ സ്ഥാനത്തേക്ക്‌ വരാന്‍ തീര്‍ച്ചയായും യുവി അര്‍ഹനാണ്‌-ശ്രീകാന്ത്‌ പറഞ്ഞു. സൗരവിന്‌ പകരം ഇന്ത്യന്‍ മധ്യനിരയിലേക്ക്‌ നോട്ടമിട്ടവര്‍ പലരുമുണ്ട്‌. എന്നാല്‍ തീര്‍ച്ചയായും ഇവരില്‍ ഒന്നാമന്‍ യുവിയായിരിക്കുമെന്ന്‌ ശ്രീകാന്ത്‌ പറഞ്ഞു.
എട്ട്‌ വര്‍ഷമായി ഇന്ത്യക്കായി കളിക്കുന്ന യുവരാജിന്‌ ടെസ്‌റ്റ്‌ മല്‍സരങ്ങളില്‍ ഇത്‌ വരെ സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. 23 ടെസ്റ്റ്‌ മല്‍സരങ്ങളില്‍ നിന്നായി 1050 റണ്‍സ്‌ മാത്രമാണ്‌ അദ്ദേഹത്തിന്‌ സ്‌ക്കോര്‍ ചെയ്യാനായത്‌. അതേ സമയം 219 ഏകദിനങ്ങളില്‍ നിന്നായി പത്ത്‌ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 6397 റണ്‍സ്‌ സമ്പാദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ സ്ഥിരത പ്രകടിപ്പിക്കാന്‍ യുവരാജിന്‌ കഴിയാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്‌ ഏകദിനങ്ങള്‍ മാത്രമാണ്‌ ആശ്രയമെന്ന്‌ സെലക്ഷന്‍ കമ്മിറ്റിയുടെ മുന്‍ ചെയര്‍മാന്‍ ദീലിപ്‌ വെംഗ്‌സാര്‍ക്കര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സ്ഥിരതയല്ല, ആത്മവിശ്വാസത്തോടെ കളിക്കാനുളള മനസ്സും തന്റേടവുമാണ്‌ യുവിക്കുളളതെന്ന്‌ ശ്രീകാന്ത്‌ നിരീക്ഷിക്കുന്നു. രാജ്‌്‌കോട്ട്‌ മല്‍സരത്തിലെ ബാറ്റിംഗ്‌ പ്രകടനത്തേക്കാള്‍ മികച്ചത്‌ ഇന്‍ഡോറിലെ ബാറ്റിംഗായിരുന്നുവെന്ന്‌ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.
പരമ്പരയിലെ മൂന്നാം മല്‍സരം നാളെ കാണ്‍പ്പൂരില്‍ നടക്കും. ഈ മല്‍സരത്തിനിടെ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന മല്‍സരങ്ങള്‍ക്കുളള ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കും.

No comments: