പാക്കിസ്‌താന് പരമ്പര
അബുദാബി: ആദ്യ മല്‍സരത്തില്‍ കണ്ട അവസാന ഓവര്‍ വെടിക്കെട്ടുകള്‍ ആവര്‍ത്തിക്കപ്പെട്ടില്ല. വളരെ അനായാസം പാക്കിസ്‌താന്‍ 24 റണ്‍സിന്റെ വിജയവും പരമ്പരയും കരസ്ഥമാക്കിയപ്പോള്‍ വിന്‍ഡീസിന് നിരാശ മാത്രം. ആദ്യം ബാറ്റ് ചെയ്‌ത പാക്കിസ്‌താന്‍ 232 റണ്‍സ് മാത്രം നേടിയപ്പോള്‍ വിന്‍ഡീസിന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ 44 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ഉമര്‍ ഗുലും മറ്റ് ബൗളര്‍മാരും റണ്‍സ് നല്‍കുന്നതില്‍ പിശുക്ക് കാട്ടിയപ്പോള്‍ പൊരുതി നേടിയ ശിവനാരായണ്‍ ചന്ദര്‍പോളിന്റെ സെഞ്ച്വറി വെറുതെയായി. പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ കമറാന്‍ അക്‌മലിന്റെ അവസാന ഓവര്‍ വെടിക്കെട്ടില്‍ പാക്കിസ്‌താന്‍ ജയിക്കുന്നത് കാണാന്‍ ഷെയിക് സായിദ് സ്‌റ്റേഡിയത്തില്‍ കാണികള്‍ കുറവായിരുന്നെങ്കില്‍ ഇന്നലെ ഇരിപ്പിടങ്ങളെല്ലാം നിറഞ്ഞിരുന്നു. പരമ്പര സ്വന്തമാക്കാനായ ആത്മവിശ്വാസത്തില്‍ പാക്കിസ്‌താന്‍ നായകന്‍ ഷുഹൈബ് മാലിക് അടുത്ത മല്‍സരത്തിലും ജയം നേടി ഐ.സി.സി ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനമാണ് ലക്ഷ്യമാക്കുന്നത്.
വിജയപ്രതീക്ഷയില്‍ രാത്രി വെളിച്ചത്തില്‍ ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷേ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടമണിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഇടം കൈയ്യന്‍ സീമര്‍ സുഹൈല്‍ തന്‍വീറിന്റെ ന്യൂബോള്‍ സ്‌പെല്‍ സന്ദര്‍ശകരെ തളര്‍ത്തി. റണ്‍സ് അനുവദിക്കാതെ പന്തെറിഞ്ഞ തന്‍വീറിന് മറ്റ് ബൗളര്‍മാരെല്ലാം കാര്യമായ പിന്തുണ നല്‍കി. തന്‍വീര്‍ നല്‍കിയ തുടക്കത്തില്‍ ഉമര്‍ ഗുല്‍ തകര്‍പ്പന്‍ ബൗണ്‍സറുകളും യോര്‍ക്കറുകളും പായിച്ചപ്പോള്‍ ഓഫ് സ്‌റ്റംമ്പിന് പുറത്ത് മോഹിപ്പിക്കുന്ന പന്തുകള്‍ നല്‍കി ഇഫ്‌ത്തികാര്‍ അഞ്‌ജും ബാറ്റ്‌സ്‌മാന്മാരെ കെട്ടിയിട്ടു. തന്റെ ലെഗ് ബ്രേക്കുകളുമായി ഷാഹിദ് അഫ്രീദിയും ദൂസ്‌രകളുമായി സയദ് അജ്‌മലും കളം വാണപ്പോള്‍ ചന്ദര്‍പോളിന് പിന്തുണ നല്‍കാന്‍ ആരുമില്ലാത്ത അവസ്ഥയായിരുന്നു.
ആദ്യ മല്‍സരത്തില്‍ മിന്നല്‍ വേഗതയില്‍ സെഞ്ച്വറി സ്വന്തമാക്കിയ നായകന്‍ ക്രിസ് ഗെയിലിനെ തുടക്കത്തില്‍ തന്നെ തന്‍വീര്‍ പുറത്താക്കി. ആദ്യ ഓവറിലെ അവസാന പന്ത് ഇന്‍ സ്വിംഗറിന്റെ രൂപത്തില്‍ പറന്ന് വന്നപ്പോള്‍ കരീബിയന്‍ നായകന്റെ ലെഗ് സ്‌റ്റംമ്പ് വായുവില്‍ പറന്നു. ഗെയിലിനൊപ്പം ഇന്നിംഗ്‌സന് തുടക്കമിട്ട ശിവനാരായണ്‍ ചന്ദര്‍ഗോണിനെയും തന്‍വീര്‍ തന്നെ മടക്കി. രണ്ട് വിക്കറ്റുകള്‍ പെട്ടെന്ന് നിലംപതിച്ച ശേഷം ക്രീസിലെത്തിയ ചന്ദര്‍പോള്‍ മന്ദഗതിയിലാണ് ആരംഭിച്ചത്. മൂന്ന് വട്ടം അദ്ദേഹം ലെഗ് ബിഫോര്‍ അപ്പീലില്‍ നിന്ന് രക്ഷപ്പെട്ടു. രണ്ട് തവണ പാക് ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ നിലത്തിട്ടു. ഒരു തവണ റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ ചന്ദര്‍പോള്‍ സ്വന്തം ടീമിനെ രക്ഷപ്പെടുത്തുമെന്നാണ് കരുതിയത്.
ആദ്യം കൂട്ടിനെത്തിയത് രാം നരേഷ് സര്‍വനായിരുന്നു. തന്‍വിറിഇനും അഞ്‌ജൂമിനും മുന്നില്‍ വെളളം കുടിച്ച സര്‍വന് റണ്‍സ് നേടാന്‍ തന്നെ കഴിഞ്ഞില്ല. മല്‍സരം 17 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 49 റണ്‍സായിരുന്നു പാക്കിസ്‌താന്‍ സ്‌ക്കോര്‍. അഫ്രീദിയുടെ വേഗതയേറിയ പന്തില്‍ ബാറ്റ് വെച്ച് സര്‍വന്‍ പുറത്തായപ്പോള്‍ പാക്കിസ്‌താന് മല്‍സരത്തിന്റെ നിയന്ത്രണം തിരിച്ചുകിട്ടി. സേവ്യര്‍ മാര്‍ഷലും ഷോണ്‍ ഫിന്‍ഡ്‌ലിയും റണ്ണൗട്ടായി. ചന്ദര്‍പോള്‍ വളരെ മന്ദഗതിയിലായപ്പോള്‍ ആവശ്യമായ റണ്‍നിരക്ക് ഉയര്‍ന്നുവന്നു.
ആദ്യം ബാറ്റ് ചെയ്‌ത പാക്കിസ്‌താന് സ്വന്തം അനുകൂലികളായ കാണികളെ കൈയിലെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഓപ്പണര്‍മാര്‍ തുടക്കത്തില്‍ തന്നെ പുറത്തായി. സല്‍മാന്‍ ഭട്ട് ഏഴിനും ഖൂറാം മന്‍സൂര്‍ പൂജ്യത്തിനും തിരിഞ്ഞ് നടന്നു. പത്ത് റണ്ണുമായി നായകന്‍ മാലിക് റണ്ണൗട്ടായപ്പോള്‍ അഫ്രീദി 31 പന്തില്‍ 28 റണ്‍സ് നേടി. പക്ഷേ മുന്‍ ക്യാപ്‌റ്റന്‍ യൂനസ്‌ഖാന്‍ ഡാരല്‍ പവലിന്റെ ഓരോവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ പായിച്ചപ്പോള്‍ കാണികള്‍ ആവേശത്തിലായി. 52 റണ്‍സ് നേടിയ മിസ്‌ബാഹുല്‍ ഹഖാണ് പാക് ഇന്നിംഗ്‌സിലെ ടോപ് സ്‌ക്കോറര്‍. പരമ്പരയിലെ അവസാന മല്‍സരം ഇന്ന് നടക്കും.
പൊള്ളോക്ക് ഇനിയില്ല
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്‌റ്റന്‍ ഷോണ്‍ പൊള്ളോക്ക് ഇനി ക്രിക്കറ്റിലേക്കില്ല. ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ തുടങ്ങിയവര്‍ക്കൊപ്പം മുംബൈ ഇന്ത്യന്‍സിനായി കളിച്ച പൊള്ളോക്കിനെ പുതിയ സീസണില്‍ ലഭിക്കാന്‍ മുംബൈ ടീം ശ്രമിച്ചിരുന്നു. പക്ഷേ താന്‍ ഒരു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയെന്നും കരാര്‍ പുതുക്കാന്‍ ആലോചിക്കുന്നില്ലെന്നുമാണ് വ്യക്തമാക്കിയത്. ദീര്‍ഘകാലം ഞാന്‍ ക്രിക്കറ്റ് കളിച്ചു. ഇനി വയ്യ. ക്രിക്കറ്റിനോട് വിരോധമില്ലെങ്കിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണ് താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പരുക്ക് കാരണം ധാരാളം മല്‍സരങ്ങളില്‍ പൊള്ളോകായിരുന്നു ടീമിനെ നയിച്ചിരുന്നത്.
മക്‌ഗ്രാത്തിനും താല്‍പ്പര്യമില്ല
മുംബൈ: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ നിരയില്‍ ഇത്തവണ ഗ്ലെന്‍ മക്‌ഗ്രാത്ത് എന്ന ഓസ്‌ട്രേലിയന്‍ ഇതിഹാസ താരത്തിന്റെ സാന്നിദ്ധ്യമുണ്ടാവുന്ന കാര്യം സംശയത്തില്‍. അര്‍ബുദരോഗ ബാധിതയായിരുന്ന ഭാര്യ ജാന മരിച്ചതിനാല്‍ കുട്ടികളുടെ സംരക്ഷണം മക്‌ഗ്രാത്തിനാണ്. അവരെ വിട്ട് ക്രിക്കറ്റിലേക്കില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ പുതിയ സീസണില്‍ താന്‍ കളിക്കാനില്ലെന്ന് മക്‌ഗ്രാത്ത് ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്നാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്രിക്കറ്റ് ഡയരക്ടര്‍ ടി.എ ശേഖര്‍ വ്യക്തമാക്കുന്നത്. മക്‌ഗ്രാത്തും പാക്കിസ്‌താന്‍ സീമര്‍ മുഹമ്മദ് ആസിഫുമായിരുന്നു കഴിഞ്ഞ സീസണില്‍ വീരേന്ദര്‍ സേവാഗ് നയിച്ച ഡല്‍ഹി സംഘത്തിന്റെ പ്രധാന ആയുധങ്ങള്‍. ആസിഫ് ഉത്തേജകവിവാദത്തില്‍ പിടിക്കപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും ഉറപ്പില്ല.
ദ്രാവിഡ് വിശ്രമിക്കട്ടെ
ന്യൂഡല്‍ഹി: ഫോം തിരിച്ചുപിടിക്കാന്‍ രാഹുല്‍ ദ്രാവിഡിന് അത്യാവശ്യം വേണ്ടത് വിശ്രമമാണെന്ന് മുന്‍ ക്രിക്കറ്റര്‍മാര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പര അടുത്തമാസം ആരംഭിക്കാനിരിക്കെ സമ്മര്‍ദ്ദത്തിലേക്ക് ദ്രാവിഡിനെ തള്ളിയിടുന്നതിന് പകരം അദ്ദേഹത്തിന് ബ്രേക്ക് നല്‍കാനാണ് സെലക്ടര്‍മാര്‍ ശ്രമിക്കേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളായ അന്‍ഷുമാന്‍ ഗെയ്‌ക്ക്‌വാദും അബ്ബാസ് അലി ബെയ്‌ഗും നിര്‍്‌ദ്ദേശിച്ചു. എന്നാല്‍ ദ്രാവിഡിന്റെ നാട്ടുകാരനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായിരുന്ന സയദ് കിര്‍മാനി ഇതിനോട് യോജിച്ചില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ദ്രാവിഡിന് അവസരം നല്‍കണമെന്നും സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു പരമ്പരയില്‍ നിന്ന് ദ്രാവിഡിനെ മാറ്റുന്നത് ആ താരത്തോട് ചെയ്യുന്ന അനീതിയിയാരിക്കുമെന്നുമാണ് കിര്‍മാനിയുടെ പക്ഷം. ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ദ്രാവിഡ് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കട്ടെ. ആഭ്യന്തര മല്‍സരങ്ങളില്‍ റണ്‍സ് നേടുന്നതില്‍ പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന് വിശ്രമം നല്‍കാം. മികച്ച ഒരു ഇന്നിംഗ്‌സ് കാഴ്‌ച്ചവെക്കാനായാല്‍ അദ്ദേഹത്തിന് പഴയ കരുത്തിലേക്ക് തിരിച്ചുവരാനാവുമെന്നും കിര്‍മാനി പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ദയനീയ പ്രകടനമാണ് ദ്രാവിഡ് നടത്തിയത്. സൗരവ് ഗാംഗുലിയും അനില്‍ കുംബ്ലെയും വിരമിച്ച സാഹചര്യത്തില്‍ ദ്രാവിഡ് റിട്ടയര്‍മെന്റിന് നിര്‍ബന്ധിതനാവുന്ന സാഹചര്യമാണ് സംജാതമാവുന്നത്. ഓസ്‌ട്രേലിയക്കെതിരെ ഒരു അര്‍ദ്ധശതകം മാത്രമാണ് ദ്രാവിഡിന് സ്വന്തമാക്കാനായത്.
സൈഡ്‌ബോട്ടം സംശയം
ഇന്‍ഡോര്‍: നാളെ ഇവിടെ നടക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിലും ഇംഗ്ലീഷ് സീമര്‍ റ്യാന്‍ സൈഡ്‌ബോട്ടത്തിന് കളിക്കാനാവുന്ന കാര്യം സംശയത്തില്‍. പരുക്ക് കാരണം രാജ്‌ക്കോട്ടില്‍ നടന്ന ആദ്യ മല്‍സരത്തില്‍ സൈഡ്‌ബോട്ടത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. മല്‍സരത്തില്‍ 158 റണ്‍സിന്റെ വന്‍ തോല്‍വിയും ഇംഗ്ലണ്ട് രുചിച്ചു സമീപകാലത്തായി ഇംഗ്ലീഷ് പേസ് നിരയിലെ പ്രധാനിയാണ് സൈഡ്‌ബോട്ടം. അദ്ദേഹത്തിന്റെ അഭാവത്തില്‍ രാജ്‌ക്കോട്ടില്‍ ഇംഗ്ലീഷ് സീമര്‍മാരുടെ പ്രകടനം നിരാശാജനകമായിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്‌റ്റീവന്‍ ഹാര്‍മിസണ്‍, ക്രിസ് ബ്രോഡ് എന്നിവരെല്ലാം റണ്‍സ് വഴങ്ങി.
പരുക്കില്‍ നിന്നും സെഡ്‌ബോട്ടം മുക്തനായി വരുകയാണ്. നാളെ അദ്ദേഹത്തിന് കളിക്കാന്‍ കഴിയും. പക്ഷേ പരമ്പരയില്‍ കൂടുതല്‍ മല്‍സരങ്ങള്‍ അവശേഷിക്കുന്നതിനാല്‍ തിരക്കിട്ട് തന്റെ സംഘത്തിലെ പ്രധാന സീമറെ കളിപ്പിക്കാന്‍ കോച്ച് പീറ്റര്‍ മൂറിന് താല്‍പ്പര്യമില്ല. പന്തിനെ രണ്ട് വശത്തേക്കും മൂവ് ചെയ്യിക്കാനുളള കഴിവ് സൈഡ്‌ബോട്ടത്തിനുളളതിനാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ വിറപ്പിക്കാന്‍ അദ്ദേഹത്തിനാവുമെന്നാണ് കോച്ച് പറയുന്നത്.
കേരളം മുന്നില്‍
മൈസൂര്‍: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം മുന്നേറ്റം തുടരുന്നു. ഇന്നലെ എട്ട് സ്വര്‍ണ്ണവും ആറ്‌് വെള്ളിയും രണ്ട് വെങ്കലവുമുള്‍പ്പെടെ കേരളം പതിനാറ് മെഡലുകള്‍ കരസ്ഥമാക്കി. മൊത്തം 25 സ്വര്‍ണ്ണവും 20 വെള്ളിയും 15 വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം.
യൂറോപ്യന്‍ ലീഗുകളില്‍ ഇന്ന്
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകളില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ അല്‍മേരിയ മയോര്‍ക്കയെയും മുന്‍ ചാമ്പ്യന്മാരായ ബാര്‍സിലോണ റിക്രിയേറ്റിവോ ഹെലൂവെയെയും നേരിടും. മറ്റ് മല്‍സരങ്ങള്‍: അത്‌ലറ്റികോ ബില്‍ബാവോ-ഒസാസുന, അത്‌ലറ്റികോ മാഡ്രിഡ്-ഡിപ്പോര്‍ട്ടീവോ ലാ കോരുണ, എസ്‌പാനിയോള്‍-നുമാന്‍സിയ, ഗറ്റാഫെ-സെവിയെ, മലാഗ-വില്ലാറയല്‍, റയല്‍ ബെറ്റിസ്-റേസിംഗ് സാന്‍ഡര്‍.
ഇറ്റാലിയന്‍ ലീഗില്‍ ഇന്ന് കരുത്തരായ റോമയും ലാസിയോയും മുഖാമുഖം വരുന്നുണ്ട്. മറ്റ് മല്‍സരങ്ങള്‍: ഏ.സി മിലാന്‍-ചീവിയോ, അറ്റ്‌ലാന്റ-നാപ്പോളി, കാഗിലാരി-ഫിയോറന്റീന, കറ്റാനിയ-ടോറീനോ, സാംപദോറിയോ-ലീസ്, സിയന്ന-ബോളോഗ്ന, ഉദിനസ്-റെജീന.
അരുണ്‍,വിനീഷ് നായകര്‍
തേഞ്ഞിപ്പലം:ആസ്സാമിലെ ദിപുര്‍്‌ഗേ സര്‍വകലാശാലയില്‍ ഈ മാസം 20 മുതല്‍ ആരംഭിക്കുന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ബാഡ്‌മിന്റണില്‍ പങ്കെടുക്കുന്ന കാലിക്കറ്റ് വാഴ്‌സിറ്റി പുരുഷ വിഭാഗം ടീമിനെ ഫറോഖ് കോളജിലെ അരുണ്‍ വിഷ്‌ണുവും ശിവാജി സര്‍കലാശാലയില്‍ നടക്കുന്ന ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുളള കാലിക്കറ്റ് ടീമിനെ ചിറ്റൂര്‍ ഗവ. കോളജിലെ വിനീഷും നയിക്കും. ബാഡ്‌മിന്റണ്‍ ടീം: മിഥിലേഷ് സുന്ദര്‍, ജംഷിദ് ടി.കെ, അരുണ്‍ വിഷ്‌ണു, രാംസി വിജയ്, (എല്ലാവരും ഫറോഖ് കോളജ്), ഷിഥിന്‍ എം (സെന്റ ജോസഫ് ദേവഗിരി), ആനന്ദ് പി ബെനറ്റ്, ആന്റണി (സെന്റ് തോമസ് തൃശൂര്‍). കോച്ച് മോഹനചന്ദ്രന്‍ (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തൃശൂര്‍). മാനേജര്‍ അജി പി.എല്‍ (മീഞ്ചന്ത ആര്‍ട്‌സ്)
ഹാന്‍ഡ്‌ബാള്‍ ടീം: ബേസില്‍ സി.എസ്, മനു മാത്യൂ, അല്‍ജോ കെ ജോസ്, രാഹുല്‍ ടി.കെ, അഖില്‍ദാസ്, അരുണ്‍ കെ.കെ, സജിത് എസ്, നവാസ് എം.ഐ, വിനീഷ് ആര്‍, റോഷന്‍ ജോസ്, ജോമിന്‍ ജോസ്, വിനു പി, സുമേഷ് സി, അരുണ്‍ റാവു, പ്രംജിത് സി.പി. കോച്ച് ജയരാജ് (പേരാമ്പ്ര ഗവ.കോളജ്), മാനേജര്‍ ജഗനാഥന്‍ (ചിറ്റൂര്‍ ഗവ.കോളജ്)
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ലിവര്‍പൂള്‍ ഒന്നാം സ്ഥാനവുമായി മുന്നോട്ട്. ഇന്നലെ നടന്ന മല്‍സരത്തില്‍ ബോള്‍ട്ടണെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലിവര്‍പൂള്‍ 13 മല്‍സരങ്ങളില്‍ നിന്നായി 32 പോയന്റുമായി ഒന്നാമതെത്തി. കാര്‍ലിംഗ് കപ്പിലെ പരാജയം മറന്ന് കളിച്ച ചുവപ്പന്‍ സൈന്യം ഇരുപത്തിയെട്ടാം മിനുട്ടില്‍ ഡിര്‍ക് ക്യൂട്ടിന്റെ ഗോളില്‍ മുന്നിലെത്തി. മല്‍സരം അവസാനിക്കാന്‍ 18 മിനുട്ട് ശേഷിക്കെ സബ്‌സ്‌റ്റിറ്റിയൂട്ട് ഫെര്‍ണാണ്ടോ ടോറസിന്റെ ക്രോസില്‍ നിന്ന് ക്യാപ്‌റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡ് രണ്ടാം ഗോള്‍ നേടി. 1990 ന് ശേഷം പ്രീമിയര്‍ ലീഗില്‍ കപ്പ് സ്വന്തമാക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞിട്ടില്ല. സ്റ്റോക്ക് സിറ്റിക്കെതിരായ മല്‍സരത്തില്‍ അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോയുടെ ഗോളില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലീഡ് ചെയ്യുകയാണ്. മാഞ്ചസ്റ്ററിന് വേണ്ടി റൊണാള്‍ഡോ നേടുന്ന നൂറാമത് ഗോളാണിത്.
No comments:
Post a Comment