Friday, November 14, 2008
SAVARI GIRIGIRI.....
പാവം പാവം പാവം ഇംഗ്ലണ്ട്
രാജ്‌ക്കോട്ട്: പാവം ഇംഗ്ലണ്ട്... അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.... അത്രമാത്രം ആധിപത്യമാണ് ഇന്ത്യ പ്രകടിപ്പിച്ചത്. യുവരാജ് സിംഗിന്റെ കത്തിയാളുന്ന സെഞ്ച്വറിയില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഇന്ത്യ അഞ്ച് വിക്കറ്റിന് 387 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ചുവരെഴുത്ത് വ്യക്തമായിരുന്നു. 229 റണ്‍സില്‍ ഇംഗ്ലണ്ടിന്റെ താരങ്ങള്‍ ഒതുങ്ങിയ കാഴ്‌ച്ചയില്‍ ഇന്ത്യക്ക് 158 റണ്‍സിന്റെ മാരകവിജയം.
ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ഒരു സന്ദര്‍ശക ടീമിന്റെ നായകനും ഇങ്ങനെ ഒരു തുടക്കത്തില്‍ ഇത് വരെ പീഡിപ്പിക്കപ്പെട്ടിട്ടില്ല. രാജ്‌ക്കോട്ടിലെ ബാറ്റിംഗ് സ്വര്‍ഗ്ഗത്തില്‍ ടോസ് ലഭിച്ചിട്ടും ഇന്ത്യയെ ബാറ്റിംഗിന് അയച്ച കെവിന്‍ പീറ്റേഴ്‌സണ്‍ കണ്ടത് ബൗണ്ടറികളുടെയും സിക്‌സറുകളുടെയും മാലപ്പടക്കമായിരുന്നു. പിച്ചില്‍ രാവിലെയുണ്ടാവുന്ന ഈര്‍പ്പം ഉപയോഗപ്പെടുത്തി ഇന്ത്യന്‍ മുന്‍നിരയെ പരീക്ഷിക്കാമെന്ന ലക്ഷ്യത്തിലാണ് പീറ്റേഴ്‌സണ്‍ ഇന്ത്യയെ ബാറ്റിംഗിനയച്ചത്. ആ നിമിഷം മുതല്‍ പക്ഷേ മല്‍സരം ഇന്ത്യയൂടെ വരുതിയിലായി. ഒന്നാം വിക്കറ്റില്‍ വിരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും ചേര്‍ന്ന് 127 റണ്‍സ് നേടിയ ശേഷം യുവരാജിന്റെ മാസ്‌മരികതയാണ് മൈതാനത്ത് കണ്ടത്. 78 പന്തില്‍ നിന്ന് പുറത്താവാതെ 138 റണ്‍സ് സ്വന്തമാക്കിയ യുവരാജിന്റെ കരുത്തില്‍ ഇന്ത്യ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ സ്വന്തം മൈതാനത്തെ ഏറ്റവും ഉയര്‍ന്ന സ്‌ക്കോറാണ് സമ്പാദിച്ചത്. തുടക്കം മുതല്‍ അവസാനം വരെ റണ്‍വേട്ട തുടര്‍ന്ന ഇന്ത്യക്ക് മുന്നില്‍ 229 ല്‍ പുറത്തായപ്പോള്‍ ഇംഗ്ലണ്ട് സ്വന്തം ചരിത്രത്തിലെ ഏറ്റവും ദയനീയമായ മൂന്നാം പരാജയമാണ് രുചിച്ചത്.
മല്‍സരത്തിന്റെ സമസ്‌ത മേഖലകളിലും ഇന്ത്യന്‍ ആധിപത്യമായിരുന്നു. ടോസ് മാത്രം മഹേന്ദ്രസിംഗ് ധോണിയുടെ വഴിക്ക് വന്നില്ല. ആ ഭാഗ്യം ലഭിച്ച പീറ്റേഴ്‌സണാവട്ടെ നാണയഭാഗ്യം ഇന്ത്യക്കായി വിട്ടുനല്‍കുകയും ചെയ്‌തു. ലക്കും ലഗാനുമില്ലാതെ പന്തെറിഞ്ഞ ഇംഗ്ലീഷ് സീമര്‍മാര്‍ ഉറച്ച ബാറ്റിംഗ് പ്രതലത്തില്‍ വലിയ സ്‌ക്കോറിനുളള അവസരം ഇന്ത്യക്ക് നല്‍കുകയായിരുന്നു. യൂസഫ് പത്താന്‍ ഒഴികെ ഇന്ത്യയുടെ എല്ലാ ബാറ്റ്‌സ്‌മാന്മാരും ബൗളര്‍മാരെ ആക്രമിക്കുന്നതിലും റണ്‍സ് നേടുന്നതിലും വിജയിച്ചു. വലിയ സ്‌ക്കോര്‍ ഉച്ചവെയിലില്‍ ചേസ് ചെയ്‌ത ഇംഗ്ലണ്ടിനാവട്ടെ സഹീര്‍ഖാന്‍ തുടക്കത്തില്‍ തന്നെ മുക്കൂകയറിട്ടു. പീറ്റേഴ്‌സണും രവി ബോപ്പാരയും അല്‍പ്പസമയം പിടിച്ചുനിന്നെങ്കിലും അനിവാര്യതയെ തടയാനായില്ല.
ഇരുപത്തിനാലാം ഓവറില്‍ ക്രീസിലെത്തി അവസാനം വരെ മാരകമായ ആക്രമണം നടത്തിയ യുവരാജ് സിംഗ് കളിയിലെ കേമന്‍പ്പട്ടത്തിന് അര്‍ഹനായി. പുതിയ പവര്‍ പ്ലേ നിയമത്തിന് കീഴില്‍ ആദ്യമായി കളിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയയെ വീഴ്‌ത്തിയിടത്ത് നിന്നാണ് തുടങ്ങിയത്. സേവാഗും ഗാംഭീറും ആന്‍ഡേഴ്‌സണെയും ക്രിസ് ബ്രോഡിനെയും അനായാസം നേരിട്ടപ്പോള്‍ ബൗണ്ടറികളും സിക്‌സറുകളും പിറക്കാന്‍ തുടങ്ങി. പോള്‍ കോളിംഗ്‌വുഡ് ആക്രമണത്തിന് വന്നപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യ രണ്ട് പന്തുകളും സേവാഗ് ഗ്യാലറിയിലെത്തിച്ചു. 44 പന്തില്‍ നിന്നും അര്‍ദ്ധസെഞ്ച്വറി തികച്ച ഓപ്പണര്‍ സുമിത് പട്ടേലിനെയും വെറുതെ വിട്ടില്ല. പട്ടേലിന്റെ ഒരോവറില്‍ 15 റണ്‍സ്‌് അടിച്ചെടുത്ത സേവാഗ് ഇയാന്‍ ബെല്ലിന്റെ മികച്ച ക്യാച്ചിലാണ് പുറത്തായത്. സേവാഗ് വീഴുന്നതിന് മുമ്പ് ഗാംഭീറിന്റെ രൂപത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു.
സേവാഗിന് പകരമായാണ് യുവരാജ് എത്തിയത്. അദ്ദേഹം കാത്തുനിന്നതേയില്ല. ഷോട്ട് പിച്ച് പന്തുകളുമായി പഞ്ചാബുകാരനെ പരീക്ഷിക്കാന്‍ മുതിര്‍ന്ന ഹാര്‍മിസണാണ് തുടക്കത്തില്‍ അടി കിട്ടിയത്. പിന്നെ പന്തെടുത്തവരെല്ലാം അടിവാങ്ങി. മൂന്നാം വിക്കറ്റില്‍ യുവരാജ്-സുരേഷ് റൈന സഖ്യം 78 പന്തില്‍ നിന്ന് 89 റണ്‍സ് നേടി. 43 റണ്‍സുമായി റൈന ഫ്‌ളിന്റോഫിന്റെ പന്തില്‍ പുറത്തായി. തുടര്‍ന്നെത്തിയ യൂസഫ് പത്താന്‍ ഒന്നും ചെയ്യാനായില്ല. ഇത് കാര്യമാക്കാതെ ക്യാപ്‌റ്റനെ സാക്ഷിയാക്കി യുവി വെടിക്കെട്ട് തുടര്‍ന്നു. ബ്രോഡിന്റെ രണ്ട് പന്തുകള്‍-സിക്‌സറിനും ബൗണ്ടറിക്കും പറത്തി ടീം ടോട്ടല്‍ 300 കടത്തിയ യുവരാജ് നാല്‍പ്പത്തിയേഴാം ഓവറില്‍ ഫ്‌ളിന്റോഫിനെ രണ്ട് വട്ടം സിക്‌സറിനും പറത്തി.
വലിയ സ്‌ക്കോര്‍ പിന്തുടരാനെത്തിയ ഇംഗ്ലണ്ടിന്‌് അത്യാവശ്യം മികച്ച തുടക്കമായിരുന്നു. പക്ഷേ സഹീറും മുനാഫും കൃത്യതയോടെ പന്തെറിഞ്ഞു. ഓപ്പണര്‍ മാറ്റ് പ്രയര്‍ മുനാഫിന്റെ പന്തില്‍ സ്ലിപ്പില്‍ സേവാഗിന് ക്യാച്ച് നല്‍കിയപ്പോള്‍ ഒവൈസ് ഷായെ 150-ാമത് ഏകദിനം കളിക്കുന്ന സഹീര്‍ വീഴ്‌ത്തി. പതിനൊന്നാം ഓവറില്‍ സഹീര്‍ ഇയാന്‍ ബെല്ലിനെയും ഫ്‌ളിന്റോഫിനെയും വീഴ്‌്‌ത്തി. ആര്‍.പി സിംഗിന്റെ ഒരോവറില്‍ മൂന്ന്‌് ബൗണ്ടറികള്‍ നേടിയ പീറ്റേഴ്‌സണ് ആ വേഗത നിലനിര്‍ത്താനായില്ല. രോഹിത് ശര്‍മയുെട ഫീല്‍ഡിംഗ് മികവില്‍ ക്യാപ്‌റ്റന്‍ പുറത്തായതോടെ മല്‍സരം അവസാനിച്ചിരുന്നു. പരമ്പരയിലെ അടുത്ത മല്‍സരം തിങ്കളാഴ്‌്‌ച ഇന്‍ഡോറില്‍ നടക്കും.
അസ്‌ഹറിന്റെ റെക്കോര്‍ഡ് തകര്‍ന്നില്ല
രാജ്‌ക്കോട്ട്: മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ ഇരുപത് വര്‍ഷം മുമ്പ് ന്യൂസിലാന്‍ഡിനെതിരെ സ്വന്തമാക്കിയ റെക്കോര്‍ഡ് ഇന്നലെ തകര്‍ച്ചയുടെ വക്കിലായിരുന്നു. 1988 ഡിസംബര്‍ 17ന് ബറോഡയിലെ മോത്തിബാഗ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 62 പന്തില്‍ നിന്ന് അസ്‌ഹര്‍ സെഞ്ച്വറി കരസ്ഥമാക്കിയിരുന്നു. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി ഈ മാസ്‌മരിക പ്രകടനമായിരുന്നു. അസ്‌ഹറിന്റെ റെക്കോര്‍ഡ് യുവരാജ് സ്വന്തമാക്കുമെന്ന് കരുതിയ നിമിഷങ്ങള്‍ രാജ്‌ക്കോട്ടില്‍ പിറന്നു-പക്ഷേ യുവിക്ക് അല്‍പ്പം പിഴച്ചു. 61 പന്തില്‍ 94 റണ്‍സ് അദ്ദേഹം നേടിയിരുന്നു. അടുത്ത പന്ത് സിക്‌സറിന് പറത്തിയാല്‍ സെഞ്ച്വറിയുമാവുമായിരുന്നു. സെഞ്ച്വറിക്കായി പക്ഷേ യുവി 64 പന്തുകള്‍ എടുത്തു. ബറോഡ ഏകദിനം ഇന്ത്യന്‍ ആരാധകര്‍ മറക്കില്ല. ജോണ്‍ റൈറ്റും മാര്‍ക് ഗ്രേറ്റ്‌ബാച്ചുമെല്ലാം ഉള്‍പ്പെടുന്ന കിവി ടീം ആദ്യം ബാറ്റ് ചെയ്‌തപ്പോള്‍ 278 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് നല്ല തുടക്കം ലഭിച്ചിരുന്നില്ല. ഓപ്പണര്‍മാരായ വി.ബി ചന്ദ്രശേഖറും സി.എസ് പണ്ഡിറ്റും, ഡബ്ല്യൂ.വി രാമനും പെട്ടെന്ന് പുറത്തായി. പിന്നീട് സഞ്‌ജയ് മഞ്ച്‌രേക്കര്‍ക്കൊപ്പം ചേര്‍ന്ന് അസ്‌ഹര്‍ കടന്നാക്രമണം നടത്തുകയായിരുന്നു. 62 പന്തില്‍ സെഞ്ച്വറി തികച്ച അദ്ദേഹം 65 പന്തില്‍ പുറത്താവാതെ 108 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. പത്ത് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അദ്ദേഹം പായിച്ചിരുന്നു. അസ്‌ഹറിന് പിറകില്‍ അതിവേഗ ഇന്ത്യന്‍ സെഞ്ച്വറിയില്‍ രണ്ടാമനാണിപ്പോള്‍ യുവരാജ്. ഇംഗ്ലണ്ടിനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിഇക്കുടമയും യുവി തന്നെ.
റെക്കോര്‍ഡ് മഴ
രാജ്‌ക്കോട്ട്: ഇന്ത്യയുടെ മാസ്‌മരിക വിജയത്തില്‍ ഇന്നലെ റെക്കോര്‍ഡുകളുടെ പെരുമഴയായിരുന്നു. ഇന്ത്യയില്‍ ഇന്ത്യ കരസ്ഥമാക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌ക്കോറാണ് 387 റണ്‍സ്. മൊത്തം 22 സിക്‌സറുകളാണ് ഇന്നലെ പിറന്നത്. ഏകദിന ചരിത്രത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പിറക്കുന്ന രണ്ടാമത് മല്‍സരമാണിത്. 2006 ല്‍ ജോഹന്നാസ്‌ബര്‍ഗ്ഗില്‍ നടന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മല്‍സരത്തിലാണ് ഏറ്റവുമധികം സിക്‌സറുകള്‍ പിറന്നിരുന്നത്-26. യുവരാജിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ഏകദിന സ്‌ക്കോറാണ് ഇന്നലെപിറന്നത്.
പേടിയില്ലെന്ന് കെ.പി
രാജ്‌ക്കോട്ട്: ഇംഗ്ലണ്ടിന്റെ നായകനെന്ന നിലയില്‍ തകര്‍പ്പന്‍ തുടക്കം ലഭിച്ച താരമായിരുന്നു കെവിന്‍ പീറ്റേഴ്‌സണ്‍ എന്ന കെ.പി. ദക്ഷിണാഫ്രിക്കക്കെതിരെ നാല് മല്‍സര പരമ്പരയില്‍ വ്യക്തമായ വിജയം. ആ ഘട്ടത്തില്‍ കെ.പിക്ക് ഇംഗ്ലീഷ് ക്രിക്കറ്റ് വിദഗ്‌ദ്ധര്‍ നല്‍കിയ ഒരു മുന്നറിയിപ്പുണ്ടായിരുന്നു-ഇന്ത്യന്‍ പര്യടനത്തില്‍ കരുത്ത് കാണിച്ചാല്‍ തീര്‍ച്ചയായും നായകന്‍ എന്ന നിലയില്‍ ശോഭിക്കാനാവും. ഇന്ത്യയില്‍ ആദ്യ മല്‍സരത്തില്‍ തന്നെ വലിയ വെല്ലുവിളിക്ക് മുന്നില്‍ വിയര്‍ത്ത കെ.പിക്ക് മുന്നില്‍ ഇനി ആശങ്കാനാളുകളായിരിക്കും. ആദ്യ മല്‍സരത്തിലേറ്റ 158 റണ്‍സ് പരാജയത്തില്‍ പേടിയില്ലെന്നാണ് അദ്ദേഹം മല്‍സരശേഷം പറഞ്ഞത്. യുവരാജ് സിംഗും സേവാഗും കളിക്കുന്നത് കണ്ടപ്പോള്‍ അസൂയ തോന്നി. തൊടുന്നതെല്ലാം ബൗണ്ടറികള്‍. അല്‍പ്പം കരുത്തില്‍ ഷോട്ടുകള്‍ പായിച്ചാല്‍ അത് സിക്‌സര്‍. ഇവരെ എങ്ങനെ തടുക്കാനാവും. എങ്കിലും തെറ്റുകള്‍ തിരുത്താന്‍ സമയമുണ്ട്. അടുത്ത മല്‍സരത്തിന് മുമ്പ് പിഴവുകള്‍ തിരുത്തും. പരമ്പരയില്‍ ആറ് മല്‍സരങ്ങള്‍ ശേഷിക്കുന്നതിനാല്‍ തിരിച്ചുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെ.പി പറഞ്ഞു.
തേര്‍ഡ്‌് ഐ
2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ 20-20 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മല്‍സരത്തെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു ഇന്നലെ രാജ്‌ക്കോട്ടില്‍ നടന്ന ഏകദിന മല്‍സരം. 20-20 യില്‍ സേവാഗും യുവരാജും തട്ടുതകര്‍പ്പന്‍ ബാറ്റിംഗ് നടത്തിയപ്പോള്‍ ഇംഗ്ലണ്ട് നിസ്സഹായരായിരുന്നു. ക്രിസ് ബ്രോഡ് എന്ന യുവസീമറുടെ ഒരോവറിലെ ആറ് പന്തും യുവരാജ് സിക്‌സറിന് പറത്തിയ കാഴ്‌ച്ചയില്‍ ഇന്ത്യന്‍ ആരാധകര്‍ തുള്ളിചാടിയപ്പോള്‍ ഇംഗ്ലണ്ടിന്റെയും ക്രിസ് ബ്രോഡിന്റെയും വേദനിക്കുന്ന മുഖം പലരും കാണാതിരുന്നു.
ആ ലോകോത്തര പ്രകടനത്തിന് ശേഷം യുവരാജിന് അതേ പ്രഹര ശേഷിയില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്ഥിരതയും യുവരാജും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായ ഒരാള്‍ പരസ്യമായി പറയാനും നിര്‍ബന്ധിതനായിരുന്നു. എട്ട് വര്‍ഷമായി യുവരാജ് ഇന്ത്യക്കായി കളിക്കുന്നു. നൂറിലധികം ഏകദിനങ്ങളും ഇരുപതിലധികം ടെസ്‌റ്റുകളും കളിച്ചിട്ടും ഇടക്കിടെയുളള മിന്നലാട്ടങ്ങളില്‍ ഈ താരത്തിന്റെ കീര്‍ത്തി അവസാനിക്കുന്നതിലാണ് ഖേദം.
മറ്റേതൊരു ക്രിക്കറ്ററില്‍ നിന്നും യുവരാജ് വിത്യസ്‌തനാവുന്നത് അദ്ദേഹത്തിന്റെ ജന്മസിദ്ധമായ കരുത്തിലാണ്. യുവരാജിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മായികലോകത്തേക്ക് വന്ന താരമായിരുന്നു മുഹമ്മദ് കൈഫ്. കൈഫ് പോരാളിയായിരുന്നു. കഠിനമായി അദ്ധ്വാനിക്കും. സ്വന്തമായി പഠിച്ചുളളതാണ് കൈഫിന്റെ ഷോട്ടുകളെങ്കില്‍ യുവരാജിന്റെ നൈസര്‍ഗികതയില്‍, അദ്ദേഹത്തിന്റെ ഷോട്ടുകള്‍ നയനാനന്ദകരമാണ്.
രാജ്‌ക്കോട്ടില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള അന്തരം യുവരാജായിരുന്നു. എത്ര അനായാസമായിട്ടാണ് അദ്ദേഹത്തിന്റെ ഷോട്ടുകളും ചലനങ്ങളും ഇംപ്രൊവൈസേഷനുമെല്ലാം. ക്രിസ് വിട്ട് പന്തിനെ മാരകമായി പ്രഹരിക്കുന്നില്ല യുവരാജ്. നിന്നനില്‍പ്പില്‍ പന്തിനെ കോരി ഗ്യാലറിയിലെത്തിക്കുന്നു. യുവരാജ് ഫോമില്‍ കളിക്കുമ്പോള്‍ ഏത് ബൗളര്‍ക്കും അദ്ദേഹത്തെ നിയന്ത്രിക്കാനാവില്ല. രാജ്‌ക്കോട്ടില്‍ മിന്നിയ യുവരാജ് ചിലപ്പോള്‍ ഇന്‍ഡോറില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തിയേക്കാം. അതാണ് ഈ താരത്തിന്റെ പ്രശ്‌നം. സ്ഥിരതയില്‍ പിന്നോക്കം നില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പിന്നാമ്പുറത്തേക്ക് പോവാന്‍ നിര്‍ബന്ധിക്കപ്പെടുന്നു അദ്ദേഹം. സൗരവ് ഗാംഗുലിക്ക് ശേഷം അടുത്ത ഇന്ത്യന്‍ നായകന്‍ യുവരാജെന്ന് പറഞ്ഞവരില്‍ കപില്‍ദേവ് ഉള്‍പ്പെടെയുളളവരുണ്ടായിരുന്നു.
ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിംഗിന് അയച്ച കെവിന്‍ പീറ്റേഴ്‌സണെ കുറ്റം പറയാനാവില്ല. അദ്ദേഹം ക്യൂറേറ്ററുടെ വാക്കുകളെ വിശ്വസിച്ചു. പിച്ചിലെ ഈര്‍പ്പം ഉപയോഗപ്പെടുത്താന്‍ രാവിലെ സീമര്‍മാര്‍ക്കാവുമെന്ന് ക്യൂറേറ്റര്‍ പറഞ്ഞപ്പോള്‍ ടോസ് കിട്ടിയിട്ടും പീറ്റേഴ്‌സണ്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പക്ഷേ തുടക്കം മുതല്‍ പന്ത് ബൗണ്ടറിയിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയപ്പോള്‍ പുതിയ പന്തിലെ മിനുസം പെട്ടെന്ന് ഇല്ലാതായി. മിനുസം പോയ പന്തില്‍ ബാറ്റ്‌സ്‌മാന്മാരെ വിറപ്പിക്കാന്‍ ഹാര്‍മിസണോ, ബ്രോഡിനോ, ആന്‍ഡേഴ്‌സണോ കഴിഞ്ഞതുമില്ല.
പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തന്നെ വന്‍ പരാജയം രുചിച്ച സാഹചര്യത്തില്‍ ഒരു തിരിച്ചുവരവ് ഇംഗ്ലണ്ടിന് ഇനി എളുപ്പമല്ല. രാജ്‌ക്കോട്ടിലേത് പോലെ നല്ല ബാറ്റിംഗ് ട്രാക്കാണ് ഇന്‍ഡോറിലേത്. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ ഈ വിധം പ്രഹരശേഷിയുമായി നില്‍ക്കുമ്പോള്‍ പീറ്റേഴ്‌സണ് ചിരിക്കാന്‍ അവസരമുണ്ടാവില്ല.
ഇന്‍സിയും ബാദ്‌ഷമാരും കപ്പിന്
അഹമ്മദാബാദ്: കഴിഞ്ഞ വര്‍ഷം ഐ.സി.എല്‍ കപ്പുമായി സ്വന്തം നാട്ടിലേക്ക് പോവാന്‍ ഇന്‍സമാമിന് കഴിഞ്ഞിരുന്നില്ല. ഹൈദരാബാദ് ഹീറോസിനോട് പരാജയപ്പെട്ട് വേദനയോടെ മടങ്ങിയ ഇന്‍സിയെ ഇത്തവണ ഐ.സി.എല്‍ കിരീടം മാടിവിളിക്കുകയാണ്. ഐ.സി.എല്‍ 20-20 ലീഗ് ബെസ്‌റ്റ് ഓഫ് ത്രീ ഫൈനലിലെ രണ്ടാം മല്‍സരം ഇന്ന് നടക്കുമ്പോള്‍ ജയിച്ചാല്‍ കപ്പില്‍ ഇന്‍സിക്കും സംഘത്തിനും മുത്തമിടാം. ആദ്യ ഫൈനലില്‍ ക്രിസ് ഹാരീസ് നയിച്ച ഹൈദരാബാദ് സംഘത്തെ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് ഇന്‍സിയും സംഘവും ഇന്നിറങ്ങുക. മുഹമ്മദ് യൂസഫ്, ഇംറാന്‍ നസീര്‍, ഇംറാന്‍ ഫര്‍ഹാത്ത്, അസ്‌ഹര്‍ മഹമൂദ്, സഖ്‌ലൈന്‍ മുഷ്‌ത്താഖ് തുടങ്ങിയ പാക് ക്രിക്കറ്റര്‍മാരുടെ താവളമാണ് ലാഹോര്‍ സംഘം. ഹാരിസിന്റെ സംഘത്തില്‍ ഒരു പാക്കിസ്‌താനിയുണ്ട്-അബ്ദുള്‍ റസാക്ക്.
യൂറോപ്പില്‍ ബലാബലം
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകളില്‍ ഇന്ന് തകര്‍പ്പന്‍ മല്‍സരങ്ങള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എട്ട് മല്‍സരങ്ങളാണിന്ന്. അവ ഇപ്രകാരം: ആഴ്‌സനല്‍-ആസ്റ്റണ്‍വില്ല, ബ്ലാക്‌ബര്‍ണ്‍-സുതര്‍ലാന്‍ഡ്, ബോള്‍ട്ടണ്‍-ലിവര്‍പൂള്‍, ഫുള്‍ഹാം -ടോട്ടന്‍ഹാം, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്-സ്‌റ്റോക്ക്‌സിറ്റി, ന്യൂകാസില്‍ യുനൈറ്റഡ്-വിഗാന്‍, വെസ്‌റ്റ് ബ്രോം-ചെല്‍സി, വെസ്‌റ്റ് ഹാം-പോര്‍ട്‌സ്‌മൗത്ത്. സ്‌പാനിഷ് ലീഗില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് വല്ലഡോളിഡുമായി കളിക്കന്നു. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബാര്‍സ റിക്രിയേറ്റിവോ ഹെലുവയെയാണ് എതിരിടുന്നത്. ഇറ്റാലിയന്‍ ലീഗില്‍ റോമയും ലാസിയോയും തമ്മില്‍ നാളെ മല്‍സരമുണ്ട്.
ഡാല്‍മിയ കേസ്
ക്രിക്കറ്റ് ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി: ജഗ്‌മോഹന്‍ ഡാല്‍മിയയെ ക്രിക്കറ്റ്‌് ബോര്‍ഡില്‍ നിന്ന് പുറത്താക്കിയതിനെ തെളിവായി ഹാജരാക്കിയത് വ്യാജരേഖകളാണെന്ന കല്‍ക്കത്ത ഹൈകോടതിയുടെ നീരീക്ഷണവും ക്രിമിനല്‍ കേസ് നടപടികളും കാരണം പ്രതിക്കൂട്ടിലായ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് രക്ഷ തേടി സുപ്രീം കോടതിയിലേക്ക്. തന്നെ ബോര്‍ഡില്‍ നിന്നും പുറത്താക്കിയതിന് തെളിവായി ക്രിക്കറ്റ് ബോര്‍ഡ് കോടതിയില്‍ നല്‍കിയ രേഖകള്‍ വ്യാജമാണെന്ന ഡാല്‍മിയയുടെ വിശദീകരണത്തില്‍ സത്യം കണ്ടെത്തിയ കല്‍ക്കത്ത ഹൈകോടതി ശരത് പവാര്‍ ഉള്‍പ്പെടെ ക്രിക്കറ്റ് ബോര്‍ഡിലെ ആറ് പ്രമുഖര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് രണ്ട് ദിവസം മുമ്പാണ്. എന്നാല്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കാതെയാണ് കൊല്‍ക്കത്ത ഹൈകോടതി വിധി പറഞ്ഞിരിക്കുന്നതെന്നാണ് ക്രിക്കറ്റ് ബോര്‍ഡ് വീശദീകരിക്കുന്നത്.
ക്രിക്കറ്റ്‌് ഓസ്‌ട്രേലിയക്കെതിരെ വാര്‍ത്താ ഏജന്‍സികള്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ക്രിക്കറ്റ് മല്‍സരങ്ങള്‍ പ്രമുഖ വാര്‍ത്താ ഏജന്‍സികളായ റൂയിറ്റേഴ്‌സും അസോസിയേറ്റഡ് പ്രസ്സും (ഏ.പി), ഏജന്‍സ് ഫ്രാന്‍സ് പ്രസ്സും (ഏ.എഫ്.പി) ബഹിഷ്‌ക്കരിക്കുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അക്രഡിറ്റേഷന്‍ വ്യവസ്ഥകളില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം. അടുത്തയാഴ്‌ച്ച ബ്രിസ്‌ബെനില്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മില്‍ ആരംഭിക്കന്ന ഒന്നാം ടെസ്‌റ്റ് മുതലായിരിക്കും ബഹിഷ്‌ക്കരണം. മല്‍സര കവറേജും, പരിശീലന ചിത്രങ്ങളും താരങ്ങളുടെ കമേഴ്‌സ്യലുകളുമൊന്നും വാര്‍ത്തയാവില്ലെന്നാണ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഫോട്ടോ ഏജന്‍സിയായ ജെറ്റി ഇമേജസും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാടില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ വെബ് എഡിഷനുകളില്‍ നല്‍കരുത്, അവലോകനങ്ങളും നിരൂപണങ്ങളും പാടില്ല തുടങ്ങിയ നിബന്ധനകളാണ് ഏജന്‍സികളെ ചൊടിപ്പിച്ചിരിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment