വരാമെന്ന് ഇംഗ്ലണ്ട്
മുംബൈ: ടെസ്‌റ്റ് പരമ്പരക്കായി ഇന്ത്യയില്‍ തിരിച്ചെത്താമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അധികാരികള്‍ ഉറപ്പ് നല്‍കിയതായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വൈസ് പ്രസിഡണ്ടും ഫിക്‌സ്‌ച്ചര്‍ കമ്മിറ്റി ചെയര്‍മാനുമായ ലളിത് മോഡി വ്യക്തമാക്കി. മുംബൈയിലെ സ്‌ഫോടനങ്ങള്‍ കാരണം ഏകദിന പരമ്പരയിലെ അവസാന രണ്ട് മല്‍സരങ്ങള്‍ റദ്ദാക്കി നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ അഹമ്മദാബാദിലും ചെന്നൈയിലും നടക്കുന്ന ടെസ്‌റ്റുകളില്‍ കളിക്കാനുണ്ട്. എന്നാല്‍ നിലവിലുളള ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു തിരിച്ചുവരവ് എളുപ്പമല്ലെന്ന് ഇന്ത്യയില്‍ നിന്നും യാത്രയാവും മുമ്പ് ഇംഗ്ലണ്ട് ടീമിന്റെ നായകനായ കെവിന്‍ പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിരിച്ചപ്പോഴാണ്‌് തീര്‍ച്ചയായും തിരിച്ചുവരാമെന്ന ഉറപ്പ് ലഭിച്ചതെന്ന് ഇന്നലെ ടൈംസ് ഓഫ് ഇന്ത്യയുമായി സംസാരിക്കവെ മോഡി പറഞ്ഞു. റദ്ദാക്കപ്പെട്ട രണ്ട് ഏകദിന മല്‍സരങ്ങള്‍ വീണ്ടും കളിക്കുന്ന കാര്യത്തില്‍ ഇംഗ്ലണ്ടിന് താല്‍പ്പര്യമുണ്ട്. അവരുടെ ആവശ്യം ഒന്ന് മാത്രമാണ്-ടെസ്‌റ്റ്‌് വേദി മുംബൈയില്‍ നിന്ന് മാറ്റുക. ദക്ഷിണേന്ത്യയില്‍ എവിടെയെങ്കിലും മല്‍സരം നടത്തുന്നതിനോടായിരുന്നു അവര്‍ക്ക് യോജിപ്പ്. ഇത് കാരണമാണ് ചെന്നൈ രണ്ടാം ടെസ്റ്റിന്റെ വേദിയാക്കിയത്. ചാമ്പ്യന്‍സ് ലീഗ് മാറ്റിവെക്കപ്പെട്ട സാഹചര്യത്തില്‍ ഏകദിന പരമ്പരയിലെ രണ്ട് മല്‍സരങ്ങള്‍ കളിക്കുന്നതിനോട് ഇംഗ്ലണ്ട് യോജിപ്പാണ് പ്രകടിപ്പിച്ചത്. ഇന്ത്യയില്‍ ഇടക്കിടെ ഉണ്ടാവുന്ന സ്‌ഫോടനങ്ങള്‍ രാജ്യത്തിന്റെയും ക്രിക്കറ്റിന്റെയും മുഖം വികൃതമാക്കുമെന്ന് മോഡി പറഞ്ഞു. ലോക ക്രിക്കറ്റില്‍ പാക്കിസ്‌താനുളള സ്ഥാനം പോലെയായിരിക്കും ഇന്ത്യയുടെയും സ്ഥാനം. പല പരമ്പകളും റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്‍ ക്രിക്കറ്റിന് അത് വലിയ നഷ്ടമുണ്ടാക്കും. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഏറ്റവും മികച്ച സുരക്ഷയും പിന്തുണയും ജനങ്ങള്‍ക്കും വിദേശികള്‍ക്കുമെല്ലാം നല്‍കാന്‍ കഴിയണം. കളിക്കാരുടെ സുരക്ഷ പരമപ്രധാനമാണ്. അത് കൊണ്ടാണ് ഇംഗ്ലണ്ട് ടീം നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ നടക്കുന്നതിനിടെ ജയ്‌പ്പൂരില്‍ സ്‌ഫോടനമുണ്ടായിരുന്നു. എന്നാല്‍ അത് ചാമ്പ്യന്‍ഷിപ്പിനെ ബാധിച്ചിരുന്നില്ല. ചാമ്പ്യന്‍ഷിപ്പുകള്‍ മാറ്റിവെക്കപ്പെടുമ്പോള്‍ രാജ്യത്തെക്കുറിച്ച് പുറം ലോകത്തുളള സല്‍പ്പേരാണ് നഷ്ടമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന കാര്യത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍ ആവര്‍ത്തിച്ചു. സുരക്ഷാ ഉപദേഷ്‌ടാക്കള്‍ നല്‍കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന കാര്യത്തിലെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
പ്രശ്‌നത്തില്‍ ക്യാപ്‌റ്റനും ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ഇടയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ട് അധികാരികള്‍ ടെസ്‌റ്റ് പരമ്പര മുന്‍നിശ്ചയപ്രകാരം നടക്കുമെന്ന് ആവര്‍ത്തിക്കുമ്പോള്‍ തന്റെ താരങ്ങളെ നിര്‍ബന്ധിക്കില്ല എന്നാണ് ക്യാപ്‌റ്റന്റെ നിലപാട്. ഇന്ത്യയിലേക്ക് തിരികെ വരാന്‍ ഏതെങ്കിലും താരം അസൗകര്യം പ്രകടിപ്പിച്ചാല്‍ അയാളെ നിര്‍ബന്ധിക്കാന്‍ തനിക്കാവില്ലെന്നാണ് ഇന്നലെ വൈകീട്ട് ഹിത്ര്യു വിമാനത്താവളത്തില്‍ വെച്ച് പീറ്റേഴ്‌സണ്‍ പറഞ്ഞത്. താരങ്ങളുടെ സുരക്ഷയാണ് പ്രധാനം. ഇന്ത്യയില്‍ കളിക്കുന്നതിനോട് എതിര്‍പ്പില്ല. പക്ഷേ സമീപകാല സംഭവങ്ങള്‍ക്ക് സാക്ഷികളായ ഏതെങ്കിലും ഒരു താരം വിസ്സമ്മതം പ്രകടിപ്പിച്ചാല്‍ അയാളെ ഞാന്‍ നിര്‍ബന്ധിക്കില്ല-നായകന്‍ പറഞ്ഞു. ഇംഗ്ലീഷ് ക്രിക്കറ്റര്‍മാരുടെ സംഘടനയായ പ്രൊഫഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ (പി.സി.എ) താരങ്ങള്‍ക്കൊപ്പമാണ്. ടെസ്റ്റ് പരമ്പരയുടെ ഭാവി നിശ്ചയിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിനാണ് അധികാരം. അവര്‍ തീരുമാനിക്കട്ടെ. ലോക ക്രിക്കറ്റില്‍ ഇന്ത്യന്‍ സര്‍വാധിപത്യം നിലനില്‍ക്കുന്നതിനാല്‍ ഇംഗ്ലീഷ് താരങ്ങളില്‍ അധികസമ്മര്‍ദ്ദമുണ്ടെന്ന വാദം തെറ്റാണെന്ന് പി.സി.എ തലവന്‍ സിയാന്‍ മോറിസ് പറഞ്ഞു.
ഡിസംബര്‍ 11 നാണ് ഒന്നാം ടെസ്‌റ്റ് അഹമ്മദാബാദില്‍ ആരംഭിക്കുന്നത്. ഈ മല്‍സരത്തിന് മുമ്പ് ബറോഡയില്‍ സന്നാഹ മല്‍സരമുണ്ട്. സന്നാഹ മല്‍സരത്തില്‍ കളിക്കണമെങ്കില്‍ മൂന്ന് ദിവസത്തിനകം ഇംഗ്ലീഷ്‌് ടീം ഇന്ത്യയില്‍ തിരിച്ചെത്തണം. ടെസ്‌റ്റ് പരമ്പരയില്‍ കളിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെങ്കിലും മുംബൈയിലെ സാഹചര്യങ്ങള്‍ പഠിക്കുമ്പോള്‍ ഇംഗ്ലണ്ടിന് തിരിച്ചുവരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മുന്‍ ക്യാപ്‌റ്റന്‍ മൈക്കല്‍ വോന്‍ അഭിപ്രായപ്പെട്ടു. അല്‍പ്പദിവസം മുമ്പ് ടെലിവിഷന്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച ഒരു ലോറി ഇസ്ലാമബാദിലെ മരിയട്ട് ഹോട്ടല്‍ ആക്രമിക്കുന്ന കാഴ്‌ച്ച കണ്ടു. ഇസ്ലാമബാദില്‍ നിന്നും ഇത്തരം വിധ്വംസക പ്രവര്‍ത്തകര്‍ ഇപ്പോള്‍ മുംബൈയില്‍ എത്തിയിരിക്കുന്നു. അതിനാല്‍ തന്നെ എല്ലാവരെയും ഭയപ്പെടേണ്ടിയിരിക്കുന്നു. മുംബൈയില്‍ സ്‌ഫോടനങ്ങള്‍ നടക്കുമ്പോള്‍ ഞങ്ങള്‍ ബാംഗ്ലൂരിലായിരുന്നു. ചിന്നസ്വാമി സ്‌റ്റേഡിയത്തിന് അരികിലുളള ഹോട്ടലില്‍ കഴിഞ്ഞിരുന്ന ഞങ്ങള്‍ക്ക് എല്ലാവിധ സുരക്ഷയും പോലീസ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തികഞ്ഞ സുരക്ഷിതത്വ ബോധത്തില്‍ കളിക്കാന്‍ നിലവിലുളള സാഹചര്യത്തില്‍ കഴിയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അതേ സമയം ഇംഗ്ലണ്ടിന്റെ മറ്റൊരു മുന്‍ നായകന്‍ മൈക്കല്‍ ആതര്‍ട്ടണ്‍ ടെസറ്റ് പരമ്പര തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്.
കടുവകള്‍ വീണ്ടും പൂച്ചകളായി
ജോഹന്നാസ്‌ബര്‍ഗ്ഗ്: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്നിംഗ്‌സ് വിജയവുമായി ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് പരമ്പര 2-0 ത്തിന് തൂത്തുവാരി. രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക സമ്പാദിച്ച ഒന്നാം ഇന്നിംഗ്‌സ് സ്‌ക്കോറായ 429 റണ്‍സിനെ മറികടക്കാന്‍ രണ്ട് ഇന്നിംഗ്‌സിലുമായി മുഹമ്മദ് അഷറഫുലിന്റെ സംഘത്തിനായില്ല. ആദ്യ ഇന്നിംഗ്‌സില്‍ 250 റണ്‍സിന് പുറത്തായ സന്ദര്‍ശകര്‍ രണ്ടാം ഇന്നിംഗ്‌സില്‍ 131 റണ്‍സാണ് ആകെ നേടിയത്. ഇന്നിംഗ്‌സിനും 48 റണ്‍സിനും വിജയിച്ച ദക്ഷിണാഫ്രിക്കയുടെ അടുത്ത ഷെഡ്യൂള്‍ ഓസ്‌ട്രേലിയന്‍ പര്യടനമാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിച്ച എല്ലാ മല്‍സരങ്ങളിലും തോറ്റാണ് കടുവകള്‍ കേവലം പൂച്ചകളായി നാട്ടിലേക്ക് മടങ്ങുന്നത്.
ഓസീസ് ആധിപത്യം
അഡലെയ്‌ഡ്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയന്‍ ആധിപത്യം. ഗാബയില്‍ സന്ദര്‍ശകരുടെ ഒന്നാം ഇന്നിംഗ്‌സ് 270 റണ്‍സില്‍ അവസാനിപ്പിച്ച ആതിഥേയര്‍ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 241 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍മാരായ മാത്യൂ ഹെയ്‌ഡനെയും സൈമണ്‍ കാറ്റിച്ചിനെയും നേരത്തെ നഷ്ടമായ ഓസ്‌ട്രേലിയക്കായി നായകന്‍ റിക്കി പോണ്ടിംഗ് (79), മൈക്കല്‍ ഹസ്സി (69 നോട്ടൗട്ട്) എന്നിവരാണ് മികവ് പ്രകടിപ്പിച്ചത്. രാവിലെ ആറിന് 262 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാന്‍ഡിന് ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കേവലം എട്ട് റണ്‍സിനിടെ നഷ്ടമായി. ആറ് റണ്‍സ് മാത്രം നല്‍കി ബ്രെട്ട് ലീ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മുപ്പതും റണ്‍സുമായി കിവി ക്യാമ്പിന് പ്രതീക്ഷ നല്‍കിയ ബ്രെന്‍ഡന്‍ മക്കുലത്തെ സ്ലോ ബോളില്‍ പുറത്താക്കിയ ലീ തകര്‍പ്പന്‍ ഫോമിലായിരുന്നു.
ചുവപ്പും നീലയും
ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് കരുത്തരുടെ ബലാബലം. പോയന്റ്‌് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലൂയിസ് ഫിലിപ്പ് സ്‌ക്കോളാരിയുടെ ചെല്‍സി നാലാം സ്ഥാനത്തുള്ള ആഴ്‌സന്‍ വെംഗറുടെ ആഴ്‌സനലുമായി കളിക്കുന്നു. ചെല്‍സിയുടെ തട്ടകമായ സ്‌റ്റാഫോര്‍ഡ് ബ്രിഡ്‌ജിലാണ് കളി. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ചെല്‍സിയുടെ നീലപ്പടക്കാണ് എല്ലാവരും മുന്‍ത്തൂക്കം കല്‍പ്പിക്കുന്നതെങ്കിലും വെംഗര്‍ പറയുന്നത് എല്ലാം കാത്തിരുന്ന് കാണാനാണ്. ഈ സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചവരാണ് ഞങ്ങള്‍. അതേ കരുത്തില്‍ പെര്‍ഫോാം ചെയ്‌താല്‍ ചെല്‍സിയെ തോല്‍പ്പിക്കാനാവുമെന്നാണ് ഫ്രഞ്ചുകാരനായ വെംഗര്‍ വ്യക്തമാക്കുന്നത്.
വെംഗര്‍ക്ക് സീസണില്‍ കനത്ത തിരിച്ചടികള്‍ പലതുമേറ്റിട്ടുണ്ട്. ഫുള്‍ഹാം, ഹള്‍ സിറ്റി, സ്റ്റോക്ക് സിറ്റി, ആസ്‌റ്റണ്‍വില്ല, മാഞ്ചസ്‌റ്റര്‍ സിറ്റി എന്നിവരോട് പരാജയപ്പെട്ടു. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചെല്‍സിയേക്കാള്‍ പത്ത് പോയന്റ് പിറകിലാണ് ആഴ്‌സനലിപ്പോള്‍.
നിലവില്‍ ചാമ്പ്യന്‍ഷിപ്പ് സാധ്യതാപ്പട്ടികയില്‍ തന്റെ ടീം വരുന്നില്ലെങ്കിലും ഇന്ന് ചെല്‍സിയെ തോല്‍പ്പിച്ചാല്‍ എന്തും സാധ്യമാവുമെന്ന വിശ്വാസത്തിലാണ് വെംഗര്‍. ഈ സീസണില്‍ ഒരു ടീമിനും വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. എല്ലാവരും പതറുന്നുണ്ട്. ടേബിളില്‍ പത്ത് പോയന്റ് പിറകിലാണെങ്കിലും ആഴ്‌സനലിന് കിരീടം നേടാനാവില്ല എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. എല്ലാ മല്‍സരങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം. എല്ലാ ടീമിനും എല്ലാ മല്‍സരത്തിലും ഏറ്റവും മികച്ച പ്രകടനം നടത്താന്‍ കഴിയില്ല. ലോകത്തെവിടെയും കളിച്ചിട്ടുള്ളവരാണ് ഗണ്ണേഴ്‌സ് താരങ്ങള്‍. സമ്മര്‍ദ്ദങ്ങള്‍ അവര്‍ക്ക് പുതുമയുളളതല്ലെന്നും വെംഗര്‍ പറഞ്ഞു.
ടീമില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാദം കോച്ച് നിഷേധിച്ചു. ഈയിടെയാണ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് ഫ്രഞ്ചുകാരനായ വില്ല്യം ഗല്ലാസിനെ മാറ്റി സ്‌പാനിഷ് താരം ഫാബ്രിഗസിനെ നായകനാക്കിയത്. ഗല്ലാസ് തന്റെ ആത്മകഥയില്‍ സഹതാരങ്ങളില്‍ പലരെയും വിമര്‍ശിച്ചത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ മാറ്റിയത്. കഴിഞ്ഞയാഴ്‌ച്ച മാഞ്ചസ്‌റ്റര്‍ സിറ്റിക്കെതിരായ പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ മൂന്ന് ഗോളിനാണ് ആഴ്‌സനല്‍ തകര്‍ന്നത്. ഈ മല്‍സരത്തില്‍ ഗല്ലാസ് കളിച്ചിരുന്നില്ല.
ഗല്ലാസ് ഇന്നത്തെ മല്‍സരത്തില്‍ കളിക്കുന്നുണ്ട്. മുമ്പ് ചെല്‍സിക്കായി കളിച്ച താരമാണ് അദ്ദേഹം. അതിനാല്‍ ചെല്‍സിയുടെ ദൗര്‍ബല്യങ്ങളെ മനസ്സിലാക്കാനും അതിനനുസരിച്ച് കളിക്കാനും ഗല്ലാസിന് കഴിയുമെന്നാണ് വെംഗര്‍ പറയുന്നത്.
പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ് അട്ടിമറിക്കരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. തപ്പിതടയുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പുതുജീവന്‍ ലഭിക്കണമെങ്കില്‍ ഈ മല്‍സരം ജയിക്കണം. ഇന്നത്തെ മറ്റ് മല്‍സരങ്ങള്‍: പോര്‍ട്‌സ്‌മൗത്ത്-ബ്ലാക്‌ബര്‍ണ്‍, ടോട്ടന്‍ഹാം-എവര്‍ട്ടണ്‍.
സ്‌പാനിഷ് ലീഗില്‍ ഇന്ന് എട്ട് മല്‍സരങ്ങളുണ്ട്. അവ ഇങ്ങനെ: അല്‍മേരിയ-ഡിപ്പോര്‍ട്ടീവോ, അത്‌ലറ്റികോ ബില്‍ബാവോ-നുമാന്‍സിയ, അത്‌ലറ്റികോ മാഡ്രിഡ്-റേസിംഗ് സാന്‍ഡര്‍, എസ്‌പാനിയോള്‍-സ്‌പോര്‍ട്ടിംഗ് ഗിജോണ്‍, മലാഗ-ഒസാസുന, റിക്രിയേറ്റീവോ ഹെലൂവ-വില്ലാ റയല്‍, വലന്‍സിയ-റയല്‍ ബെറ്റിസ്, വല്ലഡോളിഡ്-മയോര്‍ക്ക.
ഇറ്റാലിയന്‍ ലീഗ്: അറ്റ്‌ലാന്റ-ലാസിയോ, കാഗിലാരി-സംപദോറിയോ, ജിനോവ-ബോളോഗ്ന,ഇന്റര്‍ മിലാന്‍-നാപ്പോളി, പലെര്‍മോ-ഏ.സി മിലാന്‍, റോമ-ഫിയോറന്റീന, സിയന്ന-ടോറീനോ, ഉദിനസ്-ചീവിയോ.
ബഗാനും വാസ്‌ക്കോക്കും ജയം
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന മല്‍സരങ്ങളില്‍ മോഹന്‍ ബഗാന്‍ രണ്ട് ഗോളിന് നാട്ടുകാരായ ചിരാഗ് യുനൈറ്റഡിനെയും മഡ്‌ഗാവിലെ മല്‍സരത്തില്‍ വാസ്‌ക്കോ ഗോവ ഒരു ഗോളിന് എയര്‍ ഇന്ത്യയെും പരാജയപ്പെടുത്തി. ഇന്ന് സ്‌പോര്‍ട്ടിംഗ് ഗോവ ജെ.സി.ടി മില്‍സ് ഫഗ്‌വാരയെ എതിരിടും. മല്‍സരത്തിന്റെ പതിനാറാം മിനുട്ടില്‍ ബ്രസീലുകാരന്‍ ജോസ് റാമിറസ് ബരാറ്റോ, മുപ്പതാം മിനുട്ടില്‍ ക്യാപ്‌റ്റന്‍ ബൈജൂംഗ് ബൂട്ടിയ എന്നിവരാണ് ബഗാന്റെ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്. ബരാറ്റോയാണ് കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത്. എയര്‍ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ വാസ്‌ക്കോയുടെ ഗോള്‍ വാന്‍ തേഷ്‌ബെവേനിന്റെ ബൂട്ടില്‍ നിന്നായിരുന്നു.
വിവ തകര്‍ന്നടിഞ്ഞു
ബാംഗ്ലൂര്‍: ഇന്ത്യയിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടിന് ടിക്കറ്റ് സ്വന്തമാക്കാന്‍ വിവ കേരളക്ക് കഴിഞ്ഞില്ല. പോയ വര്‍ഷം ഐ ലീഗില്‍ കളിച്ച കേരളാ ടീമിനെ ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സ് ലിമിറ്റഡ് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് തകര്‍ത്തത്. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയില്‍ നടന്ന നിര്‍ണ്ണായക മല്‍സരത്തില്‍ വിജയം വരിക്കാനായാല്‍ വിവക്ക് ്‌സാധ്യതയുണ്ടായിരുന്നു. എന്നാല്‍ തുടക്കം മുതല്‍ പതറിയ ശ്രീധരന്റെ ടീം അവസരങ്ങള്‍ തുലക്കുന്നതിലും മികവുകാട്ടി. 28 ാം മിനുട്ടില്‍ ഫ്രെഡറിക് ഒവാഗയാണ് എച്ച്.എ എല്ലിന് വേണ്ടി ആദ്യ ഗോള്‍ സക്കോര്‍ ചെയ്‌തത്. ബാക്കി മൂന്ന് ഗോളുകള്‍ രണ്ടാം പകുതിയിലായിരുന്നു. അമ്പത്തിയൊമ്പതാം മിനുട്ടില്‍ പെനാല്‍ട്ടിയില്‍ നിന്ന് ആര്‍.സി പ്രകാശ് രണ്ടാം ഗോള്‍ നേടിയപ്പോള്‍ അറുപത്തിയാറാം മിനുട്ടില്‍ സേവ്യര്‍ വിജയകുമാര്‍ ലീഡുയര്‍ത്തി. നാലാം ഗോള്‍ ഒവാഗയുടെ ബൂട്ടില്‍ നിന്ന് തന്നെയായിരുന്നു.
സംസ്ഥാന വോളിക്ക് നാളെ നാദാപുരത്ത് തുടക്കം
നാദാപുരം: മുപ്പത്തിയെട്ടാമത് സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ പേരോട് ലുലുഗോള്‍ഡ് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ തുടക്കം. പുരുഷ-വനിതാ വിഭാഗങ്ങളിലായി 14 ജില്ലാ ടീമുകള്‍ക്കൊപ്പം കെ.എസ്.ഇ.ബി, ടൈറ്ററാനിയം, കൊച്ചിന്‍ റിഫൈനറിസ് തുടങ്ങിയവരും പങ്കെടുക്കും. മന്ത്രി ബിനോയ് വിശ്വം ചാമ്പ്യന്‍ഷിപ്പ് ഉദ്‌ഘാടനം ചെയ്യും
No comments:
Post a Comment