Monday, January 12, 2009
റെഡ്‌സ് ദി ഡെവിള്‍സ്
ലണ്ടന്‍: പുതിയ വര്‍ഷത്തില്‍ പ്രീമിയര്‍ ലീഗിലെ കാര്യങ്ങള്‍ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന് അനുകൂലമാവുന്നു.... കഴിഞ്ഞ വര്‍ഷം തപ്പിതടഞ്ഞ ടീം 2009 ലെ ആദ്യ മല്‍സരത്തില്‍ തന്നെ ശക്തരായ പ്രതിയോഗികളായ ചെല്‍സിയെ മൂന്ന് ഗോളിന് മറിച്ചിട്ടു. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂള്‍ കഴിഞ്ഞദിവസം സമനില വഴങ്ങുകയും ചെയ്‌തതോടെ മാഞ്ചസ്‌റ്ററിന് ലീഗില്‍ ഒന്നാം സ്ഥാനം പിടിക്കാന്‍ അവസരം കൈവന്നിരിക്കയാണ്. മറ്റ് ടീമുകളെല്ലാം 21 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 19 മല്‍സരങ്ങള്‍ മാത്രം കളിച്ച റെഡ്‌സിന് അടുത്ത ഒരു മല്‍സരത്തില്‍ വിജയം വരിക്കാനായാല്‍ ഒന്നാമന്മാരാവം.
ഞായറാഴ്‌ച്ച രാത്രി സ്വന്തം മൈതാനത്ത് നടന്ന മല്‍സരത്തില്‍ ചെല്‍സിയെ മുക്കിയാണ് മാഞ്ചസ്‌റ്റര്‍ തകര്‍പ്പന്‍ വിജയം നേടിയത്. ആദ്യ പകുതിയിലുടനീളം തകര്‍പ്പന്‍ പ്രകടനം നടത്തിയ ലൂയിസ് ഫിലിപ്പ് സ്‌കോളാരിയുടെ ചെല്‍സി അവസാന മിനുട്ടില്‍ പിറകിലാവുന്നതാണ് കണ്ടത്. കോര്‍ണര്‍കിക്കില്‍ നിന്നും ഉയര്‍ന്ന പന്ത് കൃസ്റ്റിയാനോ റൊണാള്‍ഡോ പോസ്‌റ്റിലേക്ക് ഹെഡ് ചെയ്‌തപ്പോള്‍ റഫറി അനുവദിച്ചില്ല. നിശ്ചിത സ്ഥലത്ത് വെച്ചായിരുന്നില്ല കോര്‍ണര്‍ കിക്ക് എടുത്തത്. കോര്‍ണര്‍ കിക്ക് വീണ്ടുമെടുത്തപ്പോള്‍ നിമാഞ്ച വിദിക്ക് തകര്‍പ്പന്‍ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ വെയിന്‍ റൂണിയും ഡിമിത്രര്‍ ബെര്‍ബതോവും ഗോളുകള്‍ നേടിയതോടെ കഴിഞ്ഞ ഇരുപത് മല്‍സരത്തിനിടെ നീലപ്പടക്ക് ആദ്യ പരാജയമേറ്റു.
സ്‌ക്കോളാരിയുടെ സംഘം എണ്ണയിട്ട യന്ത്രം പോലെ മനോഹരമായാണ് ആദ്യ പകുതിയില്‍ കളിച്ചത്. ദീദിയര്‍ ദ്രോഗ്‌ബയെ മുന്‍നിര്‍ത്തിയുളള ആക്രമണത്തില്‍ വാന്‍ഡര്‍സര്‍ കാത്ത റെഡ്‌സ് വലയം പലപ്പോഴും അപകടം മണത്തു. ഭാഗ്യത്തിന് രക്ഷപ്പെട്ട ആതിഥേയര്‍ക്ക് ആദ്യ പകുതിയിലെ അവസാനത്തില്‍ ഭാഗ്യം ലഭിച്ചു. ഈ ഗോളാണ് ശരിക്കും മല്‍സരത്തിലെ വഴിത്തിരിവായത്. നിലവില്‍ മാഞ്ചസ്‌റ്ററും ചെല്‍സിയും തമ്മില്‍ ഒരു പോയന്റിന്റെ മാത്രം അകലമാണുളളത്.
ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലിവര്‍പൂള്‍ ഈ സീസണില്‍ പ്രൊമോട്ട് ചെയ്യപ്പെട്ട സ്റ്റോക് സിറ്റിക്ക് മുന്നില്‍ പതറുകയായിരുന്നു. ഗോള്‍രഹിത സനിലയില്‍ കലാശിച്ച പോരാട്ടം റാഫേല്‍ ബെനിറ്റസിന്റെ സംഘത്തിന് ഒന്നാം സ്ഥാനം ഉറപ്പിക്കാനുളള അവസരമാണ് നഷ്ടമാക്കിയത്. 46 പോയന്റാണ് ഇപ്പോള്‍ ലിവര്‍പൂളിനുള്ളത്. ചെല്‍സിക്ക് 42 ഉം മാഞ്ചസ്റ്ററിന് 41 ഉം. ചാമ്പ്യന്‍ഷിപ്പില്‍ ഇതിനകം 14 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത ടോപ് സ്‌ക്കോറര്‍ പട്ടത്തില്‍ നില്‍ക്കുന്ന ഫ്രഞ്ചുകാരന്‍ നിക്കോളാസ് അനേല്‍ക്കക്ക് ഇന്നലെ സ്‌ക്കോളാരി കൂടുതല്‍ അവസരങ്ങള്‍ നല്‍കാതിരുന്നതും ടീമിന് തിരിച്ചടിയായി.
സ്‌പെയിന്‍
സ്‌പാനിഷ് ലീഗില്‍ ബാര്‍സിലോണ തന്നെ ഒന്നാമത് തുടരുന്നു. ഒസാസുനയെ 2-3ന് പരാജയപ്പെടുത്തിയ കരുത്തര്‍ തൊട്ടരികിലുളള റയല്‍ മാഡ്രിഡിനേക്കാള്‍ 12 പോയന്റ് മുന്നിലാണ്. കഴിഞ്ഞ പതിനാറ് മല്‍സരങ്ങളില്‍ പരാജയമറിഞ്ഞിട്ടില്ല ലയണല്‍ മെസിയുടെ ടീം. ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മയോര്‍ക്കയെ പരാജയപ്പെടുത്തി. അര്‍ജന്‍ റൂബന്‍, റൗള്‍ ഗോണ്‍സാലസ്, സെര്‍ജിയോ റാമോസ് എന്നിവരാണ് റയലിനായി ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്. വിജയം വഴി ബാര്‍സക് പിറകില്‍ രണ്ടാം സ്ഥാനത്തെത്താനും ചാമ്പ്യന്മാര്‍ക്കായി. ഇത് വരെ രണ്ടാം സ്ഥാനത്തായിരുന്ന വലന്‍സിയയെ വില്ലാ റയല്‍ 3-3 ല്‍ തളച്ചപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡ് 3-2ന് ബില്‍ബാവോയെ തോല്‍പ്പിച്ചു. ഡിപ്പോര്‍ട്ടീവോ ലാ കോരുണയെ 1-3ന് പരാജയപ്പെടുത്തിയ സെവിയെയാണ് ടേബിളില്‍ മൂന്നാമത്.
47 പോയന്റാണ് ഇത് വരെ ബാര്‍സയുടെ സമ്പാദ്യം. റയല്‍ മാഡ്രിഡും സെവിയെക്കും 35 പോയന്റുണ്ട്.
ഇറ്റലി
മിലാന്‍ ക്ലബുകള്‍ രണ്ടും സമനില വഴങ്ങിയ ദിനമായിരുന്നു ഇന്നലെ ഇറ്റലിയില്‍. നിലവിലെ ചാമ്പ്യന്മാരും ഒന്നാം സ്ഥാനക്കാരുമായ ഇന്റര്‍ മിലാനെ കാഗിലാരി 1-1 ല്‍ പിടിച്ചുനിര്‍ത്തിയപ്പോള്‍ ഏ.സി മിലാനും ഏ.എസ് റോമയും തമ്മിലുളള മല്‍സരം 2-2 ല്‍ അവസാനിച്ചു. മിലാന് വേണ്ടി മുന്‍ ഇംഗ്ലീഷ് നായകന്‍ ഡേവിഡ് ബെക്കാം രംഗത്തിറങ്ങിയ മല്‍സരത്തില്‍ പക്ഷേ റോമക്കായിരുന്നു മുന്‍ത്തൂക്കം.
അതേ സമയം മുന്‍ ചാമ്പ്യന്മാരായ യുവന്തസ് സൂപ്പര്‍ താരം അലക്‌സാണ്ടറോ ദെല്‍പിയാറോയുടെ ഗോളില്‍ സിയന്നയെ മുക്കി നിര്‍ണ്ണായക വിജയം നേടി. അവസാന പോയന്റ് നില ഇങ്ങനെ: ഇന്റര്‍ മിലാന്‍ -43, യുവന്തസ് 39, ഏ.സി മിലാന്‍ 34.
പ്രതീക്ഷകള്‍ക്ക്‌് തിരിച്ചടിയെന്ന് സ്‌ക്കോളാരി
ഓള്‍ഡ്‌ട്രാഫോഡ്: ഒരു തവണ പോലും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ ഗോള്‍ വലയത്തിലേക്ക് പന്തിനെ പായിക്കാന്‍ കഴിയാത്ത തന്റെ ടീമിന്റെ നിരാശയില്‍ ചെല്‍സി കോച്ച് ലൂയിസ് ഫിലിപ്പ് സ്‌ക്കോളാരി ഒരു കാര്യം സമ്മതിക്കുന്നു-പ്രീമിയര്‍ ലീഗിലെ ചെല്‍സിയുടെ കിരീട പ്രതീക്ഷകള്‍ അസ്‌തമിക്കുകയാണ്. കഴിഞ്ഞ 17 മല്‍സരങ്ങളില്‍ പരാജയം എന്തെന്ന് അറിഞ്ഞിരുന്നില്ല ചെല്‍സി. സ്‌ക്കോളാരി ടീമിന്റെ ചുമതലയേറ്റെടുത്തത് മുതല്‍ കുതിപ്പിന്റെ പാതയില്‍ സഞ്ചരിച്ചവര്‍ക്ക് പക്ഷേ മാഞ്ചസ്റ്ററിന്‍രെ മൈാതാനത്ത് കാലിടറി.
സീസണില്‍ ചെല്‍സി ആദ്യമായി തോല്‍ക്കുന്ന എവേ മല്‍സരം നല്‍കുന്നത് നല്ല ചിത്രമല്ലെന്ന് ബ്രസീലുകാരനായ സ്‌ക്കോളാരി സമ്മതിക്കുന്നു. ലീഗില്‍ 17 മല്‍സരങ്ങള്‍ കൂടി ഇനി ചെല്‍സിക്ക് കളിക്കാനുണ്ട്. ഈ മല്‍സരങ്ങളില്‍ മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ കപ്പില്‍ മുത്തമിടാന്‍ കഴിയും. എന്നാല്‍ പുതിയ വര്‍ഷത്തിലെ ആദ്യ പ്രകടനം വളരെ മോശമായതാണ് കോച്ചിന് ആഘാതമായിരിക്കുന്നത്.
ഇങ്ങനെ കളിക്കാനായിരുന്നില്ല ഞങ്ങള്‍ ഇവിടെ എത്തിയത്. മനോഹരമായ സോക്കറിലൂടെ മനോഹരമായ വിജയമായിരുന്നു ലക്ഷ്യം. പക്ഷേ സാധിച്ചില്ല. കളിക്കളത്തില്‍ ഇതെല്ലാം സംഭവിക്കുമെങ്കിലും ടീമിന്റെ നിലവാരത്തകര്‍ച്ചയില്‍ കോച്ച് ആശങ്ക പ്രകടിപ്പിക്കുന്നു. അടുത്ത മല്‍സരത്തില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്നാര്‍ക്കും മുന്‍കൂട്ടി പറയാനാവില്ല. ചിലപ്പോള്‍ എന്റെ ടീം മികവ് പ്രകടിപ്പിക്കാം. എങ്കിലും സ്ഥിരതയോടെ കളിക്കുമ്പോഴാണ് ടീമിന്റെ വിലാസം കാക്കാനാവുന്നത്. ലീഗില്‍ കഴിഞ്ഞ അഞ്ച് മല്‍സരങ്ങളില്‍ ഒരു വിജയമാണ് ചെല്‍സിക്ക് സമ്പാദിക്കാനായത്. ഈ മോശം ഫോമില്‍ മാഞ്ചസ്‌റ്ററാവട്ടെ മുതലെടുപ്പും നടത്തി.
മാഞ്ചസ്റ്ററിനെതിരായ മല്‍സരത്തിന്റെ ആദ്യ ഇലവനില്‍ അനേല്‍ക്കക്ക് പകരം ദീദിയര്‍ ദ്രോഗ്‌ബെക്കാണ് സ്‌ക്കോളാരി അവസരം നല്‍കിയത്. ദ്രോഗ്‌ബെക്കാവട്ടെ പ്രതീക്ഷ കാക്കാനുമായില്ല. ഇന്നലെ മല്‍സരം കാണാന്‍ ഓള്‍ഡ് ട്രാഫോഡിലെ മൈതാനത്ത് ചെല്‍സിയുടെ മുന്‍ കോച്ച് ജോസ്‌് മോറീനോ എത്തിയിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അടുത്ത മാസം ഇന്റര്‍ മിലാന്‍ മാഞ്ചസ്റ്ററുമായി കളിക്കുന്നുണ്ട്. ഈ മല്‍സരം മുന്‍നിര്‍ത്തി മാഞ്ചസ്റ്ററിന്റെ പ്രകടനം കാണാനെത്തിയതാണ് ഇന്ററിന്റെ പരിശീലകനായ മോറീനോ.
അജാന്തക്ക് റെക്കോര്‍ഡ്
മിര്‍പ്പൂര്‍: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ വിക്കറ്റ് വേട്ടയില്‍ അര്‍ദ്ധശതകം സ്വന്തമാക്കുന്ന ബൗളറെന്ന ബഹുമതി ഇനി ലങ്കന്‍ സ്‌പിന്നര്‍ അജാന്ത മെന്‍ഡിസിന്റെ പേരില്‍. ഇന്നലെ ഇവിടെ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റില്‍ സിംബാബ്‌വെയെ 130 റണ്‍സിന് തകര്‍ക്കുന്നതിനിടെയാണ് അജാന്ത വലിയ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ലങ്ക മാത്യൂസ് നേടിയ അര്‍ദ്ധസെഞ്ച്വറിയില്‍ ആറ് വിക്കറ്റിന് 210 റണ്‍സ് നേടിയപ്പോള്‍ സിംബാബ്‌വെ 80 റണ്‍സിന് പുറത്തായി. ലങ്കന്‍ ബൗളര്‍മാരില്‍ നുവാന്‍ കുലശേഖരയും അജാന്ത മെന്‍ഡിസും മൂന്ന് വീതം വിക്കറ്റുകള്‍ കരസ്ഥമാക്കി. ബാറ്റിംഗ് ദുഷ്‌ക്കരമായ പിച്ചില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ലങ്കന്‍ നിരയില്‍ പുതിയ താരം മാത്യൂസ് പിടിച്ചുനിന്നപ്പോള്‍ തരംഗ 42 റണ്‍സ് നേടി. ഇവര്‍ രണ്ട് പേരും മാത്രമാണ് കൂടുതല്‍ സമയം കളിച്ചത്.
രഞ്‌ജി ഫൈനലില്‍ സച്ചിന്‍ പൂജ്യം
ഹൈദരാബാദ്: സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ക്ക് ആഭ്യന്തര ക്രിക്കറ്റിലെ ആദ്യ വട്ടപൂജ്യം. ഇവിടെ ഉത്തര്‍ പ്രദേശിനെതിരെ ആരംഭിച്ച രഞ്‌ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിനത്തില്‍ മുംബൈയുടെ പ്രതീക്ഷയയ സൂപ്പര്‍ താരം പത്ത് പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാനാവാതെ പുറത്തായി. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഭാഗ്യത്തിന്റെ സമ്പൂര്‍ണ്ണ അകമ്പടിയില്‍ ബാറ്റ് ചെയ്യുന്ന രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയില്‍ (113) മുംബൈ ആറ് വിക്കറ്റിന് 297 റണ്‍സ് നേടിയിട്ടുണ്ട്. അഭിഷേക് നായര്‍ 99 റണ്‍സുമായി കളിക്കുന്നു. നാല് വിക്കറ്റിന് 55 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന മുംബൈയെ തുണച്ചത് യു.പി നായകന്‍ മുഹമ്മദ് കൈഫാണ്. രണ്ട് നിര്‍ണ്ണായക ക്യാച്ചുകള്‍ കൈഫ് നിലത്തിട്ടതാണ് മാനം കാക്കാന്‍ മുംബൈയെ സഹായിച്ചത്.
പച്ചപ്പുളള പിച്ചില്‍ ടോസ് നേടിയ കൈഫ് മുംബൈയെ ബാറ്റിംഗിന് അയച്ചത് തന്റെ സീമര്‍മാരില്‍ വിശ്വാസമര്‍പ്പിച്ചാണ്. പ്രവീണ്‍ കുമാര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് യു.പിക്കായി പുതിയ പന്തെടുത്തത്. ഈ രണ്ട് പേരും പിന്നെ ആര്‍.പി സിംഗുമായപ്പോള്‍ മുംബൈ ബാറ്റ്‌സ്‌മാന്മാര്‍ക്ക് പന്ത് തൊടാന്‍ കഴിയാതെയായി.
മുംബൈ നായകന്‍ വസീം ജാഫറായിരുന്നു യു.പി ക്കാരുടെ ആദ്യ നോട്ടപ്പുളളി. സെമി ഫൈനലില്‍ ട്രിപ്പിള്‍ സെഞ്ച്വറി സ്വന്തമാക്കിയ ജാഫറിന് പക്ഷേ പിടിച്ചുനില്‍ക്കാനായില്ല. പ്രവീണും ഭൂവനേശ്വറും പന്ത് രണ്ട് വശത്തേക്കും മൂവ് ചെയിച്ചപ്പോള്‍ ജാഫറും വിനായക് സാമന്തും പെട്ടെന്ന് പുറത്തായി. അജിന്‍ക്യ രഹാനെയെയും വേഗത്തില്‍ നഷ്ടമായപ്പോള്‍ സച്ചിന്‍ ആദ്യ സെഷനില്‍ തന്നെ പാഡണിഞ്ഞ് ഇറങ്ങാന്‍ നിര്‍ബന്ധിതനായി. തുടക്കത്തില്‍ പന്തുകള്‍ കളിക്കാതിരിക്കാന്‍ ശ്രദ്ധിച്ച സച്ചിന് ഭൂവനേശ്വറിന്റെ വെട്ടിതിരിഞ്ഞ പന്തില്‍ ബാറ്റ് വെക്കേണ്ടി വന്നു. ബാറ്റിംലും പാഡിലും തട്ടിയ പന്ത് ശിവകാന്ത് ശുക്ല പിടികൂടി.
തുടര്‍ന്നാണ് രോഹിതും നായരും ഒരുമിച്ചത്. ഈ കൂട്ടുകെട്ടിനും തുടക്കത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് തവണയാണ് കൈഫ് രോഹിതിനെ വിട്ടത്. ഒരു റണ്ണൗട്ട് അവസരവും അദ്ദേഹം പാഴാക്കി.
കരുതലോടെ ദക്ഷിണാഫ്രിക്ക
ബ്രിസ്‌ബെന്‍: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരലക്ഷത്തിലധികം കാണികളെ സാക്ഷിയാക്കി ഡേവിഡ് വാര്‍ണര്‍ എന്ന ഓസ്‌ട്രേലിയന്‍ കന്നിക്കാരന്‍ നടത്തിയ കടന്നാക്രമണത്തിന്റെ ഷോക്ക് ദക്ഷിണാഫ്രിക്ക മറക്കുന്നില്ല. ഇന്ന് 20-20 പരമ്പരയിലെ അവസാന മല്‍സരത്തിനിറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ജഹാന്‍ ബോത്തയിലാണ് സമ്മര്‍ദ്ദം. സി.ബി സീരിസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്‌ച്ച ആരംഭിക്കാനിരിക്കെ ഫോമില്‍ തിരിച്ചെത്താന്‍ ഇന്നത്തെ മല്‍സരത്തില്‍ സന്ദര്‍ശകര്‍ക്ക് ജയിക്കണം.
എം.സി.ജിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയോടല്ല മറിച്ച് 22 കാരനായ ഓപ്പണര്‍ വാര്‍ണറോടാണ് പരാജയപ്പെട്ടത്. ഒരു ഫസ്റ്റ് ക്ലാസ് മല്‍സരത്തില്‍ പോലും പാഡണിയാതെ ആദ്യ അവസരം തന്നെ രാജ്യത്തിനായി കളിക്കാന്‍ ലഭിച്ച സന്തോഷത്തില്‍ യുവതാരം തട്ടുതകര്‍പ്പന്‍ പ്രകടനം നടത്തുകയായിരുന്നു. 43 പന്തില്‍ നിന്ന് 89 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ആറ് കനമുളള സിക്‌സറുകളുണ്ടായിരുന്നു. മറുപടി ബാറ്റിംഗില്‍ ജെ.പി ഡുമിനി മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതിയത്.
ഇന്ന് ദക്ഷിണാഫ്രിക്കന്‍ സംഘത്തില്‍ മൂന്ന് മാറ്റങ്ങളുണ്ടാവും. ആദ്യ മല്‍സരത്തിനിടെ ഇടുപ്പിന് പരുക്കേറ്റ എബി ഡി വില്ലിയേഴ്‌സ് കളിക്കുന്ന കാര്യം സംശയത്തിലാണ്. ഓസീസ് സീമര്‍ ഷോണ്‍ ടെയിറ്റിന്റെ അതിവേഗതയുളള പന്ത് തട്ടി പരുക്കേറ്റ ഡി വില്ലിയേഴ്‌സ് ഇപ്പോഴും ചികില്‍സയിലാണ്. ബൗളര്‍മാരായ ലോണ്‍വാബഹോ സോസോടോബിന് പകരം വെയിനെ പാര്‍ണലും മക്കായ എന്‍്‌ടിനിക്ക് പകരം മോര്‍ണെ മോര്‍ക്കലും ജാക് കാലിസിന് പകരം ഹാഷിം അംലയും കളിക്കും.
ബെക്കാം മൈതാനത്ത്
മിലാന്‍: യൂറോപ്യന്‍ ലീഗില്‍ വീണ്ടും ഡേവിഡ് ബെക്കാമിന്റെ പന്ത് തട്ടല്‍.അമേരിക്കന്‍ ടീമായ ലോസ് ആഞ്ചലസ് ഗ്യാലക്‌സിയുടെ താരമായ ബെക്കാം ലോണ്‍ അടിസ്ഥാനത്തില്‍ ഏ.സി മിലാന് വേണ്ടിയാണ് കളിക്കുന്നത്. ഇന്നലെ ഇറ്റാലിയന്‍ ലീഗില്‍ ഏ.എസ് റോമക്കെതിരെ മിലാന്റെ കുപ്പായത്തില്‍ 89 മിനുട്ട് ബെക്കാം കളിച്ചു. മല്‍സരം 2-2 ല്‍ അവസാനിച്ചു. കഴിഞ്ഞ ഒക്ടോബറിന് ശേഷം ബെക്കാമിന് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
കൃസ്‌റ്റിയാനോ മുന്നില്‍
സൂറിച്ച്: ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരത്തിനുളള നോമിനേഷനില്‍ കൂടുതല്‍ വോട്ടുകള്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരവും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്നണി പോരാളിയുമായ കൃസ്‌റ്റിയാനോ റൊണാള്‍ഡോ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് അവാര്‍ഡ്‌് പ്രഖ്യാപിക്കും. 2007 ലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുളള ഫിഫ പുരസ്‌ക്കാരം സ്വന്തമാക്കിയ ബ്രസീലുകാരന്‍ കക്കയാണ് കൃസ്റ്റിയാനോക്ക് വെല്ലുവിളി. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന് പ്രീമിയര്‍ ലീഗ് കിരീടവും യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച കൃസ്റ്റിയാനോ ഇതിനകം യൂറോപ്യന്‍ സോക്കറിലെ പല ബഹുമതികളും സ്വന്തമാക്കിയിട്ടുണ്ട്. സ്‌പാനിഷ് താരം ഫെര്‍ണാടോ ടോറസ്, ബാര്‍സിലോണയുടെ ലയണല്‍ മെസി എന്നിവരും രംഗത്തുണ്ട്‌്. വനിതാ വിഭാഗത്തില്‍ ബ്രസീലിന്റെ മാര്‍ത്തക്കാണ് സാധ്യത.
Subscribe to:
Post Comments (Atom)
No comments:
Post a Comment