Wednesday, January 21, 2009

LANKAN HEAT IN KARACHI....



കറാച്ചി: 129 റണ്‍സിന്‌ പാക്കിസ്‌താനെ തകര്‍ത്ത്‌ ശ്രീലങ്ക ഏകദിന പരമ്പരയില്‍ ഒപ്പമെത്തി. നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ സ്‌പിന്നര്‍മാരായ മുത്തയ്യ മുരളിധരന്‍ (19ന്‌ മൂന്ന്‌ ), അജാന്ത മെന്‍ഡിസ്‌ (29 ന്‌ മൂന്ന്‌) എന്നിവരുടെ കരുത്തിലാണ്‌ ലങ്ക വന്‍ വിജയം നേടിയത്‌. ലങ്കയുടെ 290 റണ്‍സിന്‌ മറുപടിയായി പാക്കിസ്‌താന്‍ 161 റണ്‍സാണ്‌ നേടിയത്‌. മൂന്ന്‌ വിക്കറ്റിന്‌ 17 റണ്‍സ്‌ എന്ന നിലയില്‍ നിന്നും ഓപ്പണര്‍ സല്‍മാന്‍ ഭട്ട്‌, ക്യാപ്‌റ്റന്‍ ഷുഹൈബ്‌ മാലിക്‌ എന്നിവരുടെ മികവില്‍ കരുത്ത്‌ പ്രകടിപ്പിച്ച പാക്കിസ്‌താന്‌ അവസാന ഏഴ്‌ വിക്കറ്റുകള്‍ കേവലം 36 റണ്‍സിനാണ്‌ നഷ്‌ടമായത്‌.
ബാറ്റിംഗ്‌ പാളിച്ചകളിലും ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക എട്ട്‌ വിക്കറ്റിന്‌ 290 റണ്‍സ്‌ നേടിയിരുന്നു. 76 റണ്‍സ്‌ നേടിയ തിലകരത്‌നെ ദില്‍ഷാന്റെയും 59 റണ്‍സ്‌ സ്വന്തമാക്കിയ തിലിന കാന്‍ഡാംബിയുടെ ഇന്നിംഗ്‌സുകള്‍ ഇല്ലായിരുന്നെങ്കില്‍ ബാറ്റിംഗിലെ സമീപകാല ദയനീയത ലങ്ക ആവര്‍ത്തിക്കുമായിരുന്നു. ഓപ്പണറുടെ കുപ്പായത്തില്‍ തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും കളിച്ച ദില്‍ഷാന്‍ പാക്കിസ്‌താനെതിരെ ആദ്യ അര്‍
ദ്ധ സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ കന്നി മല്‍സരത്തില്‍ തന്നെ അര്‍ദ്ധശതകം സ്വന്തമാക്കാന്‍ യുവതാരം കാന്‍ഡാംബിക്കായി. ആദ്യ മല്‍സരത്തിലെ തകര്‍ച്ച മനസ്സിലാക്കി ലങ്കന്‍ ബാറ്റ്‌സ്‌മാന്മാര്‍ കരുതലോടെയാണ്‌ കളിച്ചത്‌. പക്ഷേ അനുഭവസമ്പന്നനായ സനത്‌ ജയസൂര്യ ഹിറ്റ്‌ വിക്കറ്റിന്റെ രൂപത്തിലും കുമാര്‍ സങ്കക്കാര ആത്മഹത്യാപരമായ റണ്ണൗട്ടിലും പുറത്തായപ്പോള്‍ പതിവ്‌ തകര്‍ച്ചയാണ്‌ മുന്നില്‍ കണ്ടത്‌.
വീരേന്ദര്‍ സേവാഗിനെ പോലെ പന്തിനെ കണ്ണുമടച്ച്‌ പ്രഹരിക്കുന്നതിലായിരുന്നു ദില്‍ഷാന്റെ ശ്രദ്ധ. പന്തുകളെ ഒരു തരത്തിലും ബഹുമാനിക്കാതെയുളള ഇന്നിംഗ്‌സില്‍ അദ്ദേഹത്തിനൊപ്പം ഭാഗ്യമുണ്ടായിരുന്നു. ഷുഹൈബ്‌ അക്തര്‍ പായിച്ച ആദ്യ ഓവറിലെ മൂന്നാം പന്ത്‌ ദില്‍ഷാനെ കബളിപ്പിച്ച്‌ പാഞ്ഞെങ്കിലും അപകടമുണ്ടാക്കിയില്ല. ഇത്‌ പോലെ പല തവണ അദ്ദേഹം ഭാഗ്യാകമ്പടിയില്‍ രക്ഷപ്പെട്ടു. അക്തറിന്‌ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും പേരിനൊത്ത പ്രകടനം നടത്താനായില്ല. ദില്‍ഷാന്‍ അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ നാല്‌ ബൗണ്ടറികളാണ്‌ അക്തറിന്റെ രണ്ടാം ഓവറില്‍ പിറന്നത്‌. ഉടന്‍ തന്നെ നായകന്‍ ഷുഹൈബ്‌ മാലിക്‌ അക്തറിനെ ആക്രമണത്തില്‍ നിന്ന്‌ പിന്‍വലിക്കുകയും ചെയ്‌തു.
426-ാമത്‌ രാജ്യാന്തര ഏകദിനം കളിക്കുന്ന സനത്‌ ജയസൂര്യ കരിയറില്‍ ആദ്യമായി ഹിറ്റ്‌ വിക്കറ്റായി പുറത്താവുന്ന കാഴ്‌ച്ചയില്‍ പാക്കിസ്‌താന്‍ തുടക്കം ഗംഭീരമാക്കിയിരുന്നു. 34 പന്തില്‍ 19 റണ്‍സ്‌ നേടിയ ഘട്ടത്തിലാണ്‌ സനത്‌ പുറത്തായത്‌. സങ്കക്കാര സാഹസികമായ റണ്ണിന്‌ ശ്രമിച്ച്‌ വിക്കറ്റ്‌ വലിച്ചെറിഞ്ഞു. പകരം വന്ന കാന്‍ഡാംബിയെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ കമറാന്‍ അക്‌മലിന്‌ അവസരമുണ്ടായിരുന്നു. പക്ഷേ അഫ്രീദിയുടെ പന്തില്‍ ഉയര്‍ന്ന ക്യാച്ച്‌ അദ്ദേഹം പാഴാക്കി.
റണ്‍സിനായി വിഷമിക്കുന്ന നായകന്‍ മഹേല അഞ്ചാം നമ്പറിലാണ്‌ വന്നത്‌. കാന്‍ഡാംബിക്കൊപ്പം ഇന്നിംഗ്‌സ്‌ കെട്ടിപടുക്കുന്നതില്‍ വിജയിച്ചെങ്കിലും 59 പന്തില്‍ 24 റണ്‍സിന്‌ നായകന്‍ പുറത്തായി. വാലറ്റത്തില്‍ പര്‍വേസ്‌ മഹറൂഫിനും തിലാന്‍ തുഷാരക്കും പിടിച്ചുനില്‍ക്കാനായില്ല. പാക്കിസ്‌താന്‌ വേണ്ടി ഗുല്‍ 58 റണ്‍സിന്‌ നാല്‌ വിക്കറ്റ്‌ നേടി. അക്തര്‍ ആറ്‌ ഓവറില്‍ 45 റണ്‍സ്‌ വഴങ്ങി.
മൂന്ന്‌ മല്‍സര പരമ്പര സ്വന്തമാക്കാനുളള ശ്രമത്തില്‍ തുടക്കത്തില്‍ പാക്കിസ്‌താനും പിഴച്ചു. സ്‌ക്കോര്‍ബോര്‍ഡില്‍ ആറ്‌ റണ്‍സുളളപ്പോള്‍ ഓപ്പണര്‍ ഖുറം മന്‍സൂര്‍ പുറത്തായി. ആദ്യ മല്‍സരത്തില്‍ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക്‌ നയിച്ച സല്‍മാന്‍ ഭട്ടിന്‌ പിന്തുണ നല്‍കുന്നതില്‍ മുന്‍ ക്യാപ്‌റ്റന്‍ യൂനസ്‌ഖാനും (4) പിഴച്ചു. മിസ്‌ബാഹുല്‍ ഹഖ്‌ ഒരു റണ്ണുമായി പുറത്താവുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡില്‍ 17 റണ്‍സ്‌ മാത്രമാണുണ്ടായിരുന്നത്‌. നാലാം വിക്കറ്റില്‍ ഭട്ടും ഷുഹൈബ്‌ മാലിക്കും ഒത്തുചേര്‍ന്നപ്പോള്‍ സ്‌ക്കോര്‍ബോര്‍ഡ്‌ പതുക്കെ ചലിച്ചു. മാലിക്‌ തകര്‍പ്പന്‍ ഫോമിലായിരുന്നു. സീമര്‍മാരെയും സ്‌പിന്നര്‍മാരെയും പ്രഹരിക്കുന്നതില്‍ വിജയിച്ച അദ്ദേഹത്തിന്‌ പക്ഷേ ടീമിനെ കരകയറ്റാനായില്ല. അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ ഉടന്‍ (54) മുത്തയ്യ മുരളീധരന്റെ പന്തില്‍ പുറത്തായി. പിറകെ ജയസൂര്യയുടെ സ്‌പിന്നില്‍ 62 റണ്‍സുമായി ഭട്ടും പുറത്തായപ്പോള്‍ ലങ്ക വിജയം മണത്തു.

വിജയം കടുവകള്‍ക്ക്‌
മിര്‍പ്പൂര്‍: സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിന മല്‍സരത്തില്‍ ബംഗ്ലാദേശിന്‌ ആറ്‌ വിക്കറ്റ്‌ വിജയം. ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ട ആതിഥേയര്‍ ഇന്നലെ അച്ചടക്കത്തോടെ കളിച്ചു.ആദ്യം ബാറ്റ്‌ ചെയ്‌ത സിംബാബ്‌വെയെ 160 റണ്‍സില്‍ നിയന്ത്രിക്കുന്നതില്‍ ബൗളര്‍മാരായ നസ്‌മുല്‍ ഹുസൈനും റൂബല്‍ ഹുസൈനും വിജയിച്ചു. ആറ്‌ വിക്കറ്റിന്‌ 47 റണ്‍സ്‌ എന്ന നിലയില്‍ ഒരു ഘട്ടത്തില്‍ തകര്‍ന്ന ആഫ്രിക്കന്‍ ടീമിനെ സിയാല്‍ വില്ല്യംസാണ്‌ അല്‍പ്പമെങ്കിലും തുണച്ചത്‌. വില്ല്യംസ്‌ 59 റണ്‍സ്‌ നേടി. 38 റണ്‍സ്‌ നേടിയ ഉറ്റ്‌സേയയും പൊരുതിനിന്നു. മറുപടി ബാറ്റിംഗില്‍ 43 റണ്‍സ്‌ നേടിയ മെഹറാബും പുറത്താവാതെ 52 റണ്‍സ്‌ നേടിയ റഖിബുലും ആതിഥേയരെ തുണച്ചു. മൂന്ന്‌ മല്‍സര പരമ്പരയിലെ അവസാന മല്‍സരം നാളെ നടക്കും.

റെഡ്‌സ്‌ ഫൈനലില്‍
ലണ്ടന്‍: രണ്ടാം ലഗ്ഗില്‍ പൊരുതി നേടിയ വിജയവുമായി പ്രീമിയര്‍ ലീഗ്‌ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ കാര്‍ലിംഗ്‌ കപ്പ്‌ ഫുട്‌ബോളിന്റെ ഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കി. ഇന്നലെ നടന്ന രണ്ടാം ലഗ്‌ മല്‍സരത്തിലവര്‍ 4-2ന്‌ ഡെര്‍ബി കൗണ്ടിയെ പരാജയപ്പെടുത്തി. ആദ്യ പാദ മല്‍സരത്തില്‍ ഡെര്‍ബി ഒരു ഗോളിന്റെ അട്ടിമറി വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം മൈതാനത്ത്‌ നടന്ന രണ്ടാം ലഗ്ഗില്‍ നാല്‌ ഗോളുകളുമായി റെഡ്‌സ്‌ കളം നിറഞ്ഞെങ്കിലും അവസാനത്തില്‍ ഡെര്‍ബി കരുത്തുമായി തിരിച്ചുവന്നപ്പോള്‍ മല്‍സരം ആവേശകരമായി. ഒടുവില്‍ ആകെ 4-3 ന്റെ വിജയവുമായി ചാമ്പ്യന്‍ ക്ലബ്‌ കരകയറുകയായിരുന്നു. നാനിയാണ്‌ മാഞ്ചസ്റ്ററിന്റെ ആദ്യ ഗോള്‍ നേടിയത്‌. പിറകെ ജോണ്‍ സിയയും കാര്‍ലോസ്‌ ടെവസും മാഞ്ചസ്‌റ്ററിന്റെ ഫൈനല്‍ ബെര്‍ത്ത്‌ എളുപ്പമാക്കി ഗോളുകള്‍ നേടി. എന്നാല്‍ ഇടവേളക്ക്‌ ശേഷം ഗൈല്‍സ്‌ ബര്‍നസ്‌ ഡെര്‍ബിക്കായി ഒരു ഗോള്‍ മടക്കി. മാഞ്ചസ്‌റ്ററിന്‌ ലഭിച്ച സ്‌പോട്ട്‌ കിക്ക്‌ കൃസ്‌റ്റിയാനോ റൊണാള്‍ഡോ ഗോളാക്കി മാറ്റിയപ്പോള്‍ അലക്‌സ്‌ ഫെര്‍ഗൂസന്റെ സംഘം ആശ്വാസം കൊണ്ടു. പക്ഷേ വീണ്ടും തകര്‍പ്പന്‍ ഫ്രികിക്ക്‌ ഗോളുമായി ബര്‍നസ്‌ ഡെര്‍ബിക്ക്‌ പ്രതീക്ഷയേകി.

പ്രശ്‌നങ്ങളില്ല
ലണ്ടന്‍: ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീമില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന്‌ ക്യാപ്‌റ്റന്‍ ആന്‍ഡ്ര്യൂ സ്‌്‌ട്രോസ്‌. മുന്‍ ക്യാപ്‌റ്റന്‍ കെവിന്‍ പീറ്റേഴ്‌സണില്‍ നിന്ന്‌ പൂര്‍ണ്ണ സഹകരണമാണ്‌ താന്‍ പ്രതീക്ഷിക്കുന്നതെന്ന്‌ വിന്‍ഡീസ്‌ പര്യടനത്തിന്‌ പുറപ്പെട്ട ഇംഗ്ലീഷ്‌ സംഘത്തിന്റെ പുതിയ നായകന്‍ പറഞ്ഞു. നാടകീയ സാഹചര്യത്തിലാണ്‌ പീറ്റേഴ്‌സണെ മാറ്റി സ്‌ട്രോസിനെ ഇംഗ്ലീഷ്‌ സെലക്ടര്‍മാര്‍ നായകനാക്കിയത്‌. ഇന്ത്യന്‍ പര്യടനത്തിന്‌ ശേഷം പീറ്റേഴ്‌സണും കോച്ച്‌ മൂറും തമ്മിലുളള ശത്രുത വര്‍ദ്ധിച്ചപ്പോള്‍ ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഇതില്‍ ഇടപെടുകയായിരുന്നു. പീറ്റേഴ്‌സണ്‍ നെഗറ്റീവായി ചിന്തിക്കുന്ന താരമല്ലെന്നും വിന്‍ഡീസ്‌ ബൗളര്‍മാരെ പ്രഹരിക്കാനുളള കരുത്ത്‌ അദ്ദേഹത്തിനുണ്ടെന്നും സ്‌ട്രോസ്‌ പറഞ്ഞു. അതേ സമയം വിന്‍ഡീസ്‌ പര്യടന സംഘത്തിലെ മാനേജ്‌മെന്റ്‌ ഗ്രൂപ്പില്‍ നിന്നും പീറ്റേഴ്‌സണെ തഴഞ്ഞിട്ടുണ്ട്‌. ഫ്‌ളിന്റോഫ്‌, കോളിംഗ്‌വുഡ്‌, അലിസ്‌റ്റര്‍ കുക്ക്‌,സ്‌റ്റിയൂവര്‍ട്ട്‌ ബ്രോഡ്‌ എന്നിവരാണ്‌ ഗ്രൂപ്പിലുളളത്‌. ഇവരെ കൂടാതെ ക്യാപ്‌റ്റനും താല്‍കാലിക കോച്ച്‌ ആന്‍ഡി ഫ്‌ളവറുമായിരിക്കും ടീമിന്റെ കാര്യങ്ങള്‍ തീരുമാനിക്കുക.

സാനിയക്ക്‌ മടക്കടിക്കറ്റ്‌
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്‌ സിംഗിള്‍സ്‌ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക്‌ രണ്ടാം റൗണ്ടില്‍ തന്നെ അസ്‌തമനം. ഇന്ത്യന്‍ താരം സാനിയ മിര്‍സ വനിതാ വിഭാഗം സിംഗിള്‍സ്‌ രണ്ടാം റൗണ്ടില്‍ പുറത്തായി. പത്താം സീഡ്‌ റഷ്യക്കാരി നാദിയ പെട്രോവക്കെതിരെ കളിക്കാന്‍ മറന്ന സാനിയ എളുപ്പം തോറ്റു. സ്‌ക്കോര്‍ 3-6, 2-6. കൈക്കുഴയിലെ പരുക്കില്‍ നിന്ന്‌ മുക്തയായ ശേഷം ആദ്യമായി കളിക്കുന്ന ഹൈദരാബാദുകാരിക്ക്‌ തോല്‍വിയില്‍ സ്വയം പഴിക്കാം. നിര്‍ണ്ണായക ഘട്ടത്തില്ലെല്ലാം എതിരാളിക്ക്‌്‌ ബ്രേക്ക്‌ പോയന്റ്‌ നല്‍കിയാണ്‌ സാനിയ മികവ്‌ പ്രകടിപ്പിച്ചത്‌. മികച്ച സര്‍വീസുകള്‍ പായിച്ച പെട്രോവ ഏഴ്‌ എയ്‌സുകളാണ്‌ ശരവേഗതയില്‍ തൊടുത്തുവിട്ടത്‌. സാനിയ ഡബിള്‍സില്‍ അമേരിക്കന്‍ താരം വാനിയ കിംഗിനൊപ്പവും മിക്‌സഡ്‌ ഡബിള്‍സില്‍ മഹേഷ്‌ ഭൂപതിക്കൊപ്പവും കളിക്കുന്നുണ്ട്‌.
പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ താരം സ്വിറ്റ്‌്‌സര്‍ലാന്‍ഡിന്റെ റോജര്‍ ഫെഡ്‌റര്‍ അനായാസ വിജയവുമായി അടുത്തഘട്ടം ഉറപ്പാക്കി. 6-2, 6-3, 6-1 എന്ന സ്‌ക്കോറിന്‌ യവ്‌ഗ്നി കോറോലോവിനെയാണ്‌ ഫെഡ്‌റര്‍ പരാജയപ്പെടുത്തിയത്‌. സ്‌പാനിഷ്‌ താരം ഗുലെര്‍മോ ഗാര്‍സിയ ലോപസിനെ പരാജയപ്പെടുത്തിയ മുന്‍ ചാമ്പ്യന്‍ മറാത്ത്‌ സാഫിനെയാണ്‌ അടുത്ത മല്‍സരത്തില്‍ ഫെഡ്‌റര്‍ എതിരിടേണ്ടത്‌. സ്‌ക്കോര്‍ 7-5, 6-2, 6-2. ഫ്രാന്‍സിന്റെ ജെറമി ചാര്‍ഡയെ പരാജയപ്പെടുത്തി (7-5, 6-1, 6-3) നോവാക്‌ ജോകോവിച്ചും അടുത്ത റൗണ്ടിലെത്തി. അതേ സമയം പത്താം സീഡ്‌ അര്‍ജന്റീനയുടെ ഡേവിഡ്‌ നാല്‍ബാണ്ടിയാന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി. ചൈനീസ്‌ തായ്‌പെയുടെ ലൂ യെന്‍ സണാണ്‌ സീഡഡ്‌ താരത്തെ മറിച്ചിട്ടത്‌. സ്‌ക്കോര്‍ 6-4, 5-7, 4-6, 6-4, 6-2. ഒരു ഗ്രാന്‍ഡ്‌ സ്ലാം ചാമ്പ്യന്‍ഷിപ്പില്‍ ലോക റാങ്കിംഗില്‍ പത്താം സ്ഥാനത്തുളള പ്രതിയോഗിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതില്‍ യുവ ചൈനീസ്‌ താരം ആഹ്ലാദം പ്രകടിപ്പിച്ചു.
സ്‌പെയിനില്‍ നിന്നുളള പതിനൊന്നാം സീഡ്‌ ഡേവിഡ്‌ ഫെറര്‍ മൂന്ന്‌ സെറ്റ്‌ പോരാട്ടത്തില്‍ സ്ലോവാക്യയുടെ ഡൊമിനിക്‌ ഹെര്‍ബാത്തിയെ തോല്‍പ്പിച്ചു. സ്‌ക്കോര്‍ 6-2, 6-2, 6-1. വനിതാ വിഭാഗത്തില്‍ ഒന്നാം സീഡ്‌ ജെലീന ജാന്‍കോവിച്ച്‌ ബെല്‍ജിയത്തിന്റെ കര്‍സ്‌റ്റണ്‍ ഫെലിപ്‌കെന്‍ഡസിനെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തി. സ്‌ക്കോര്‍ 6-4, 7-5. ജപ്പാന്റെ ആമി സുഗിയാമയാണ്‌ അടുത്ത റൗണ്ടില്‍ ജാന്‍കോവിച്ചിന്റെ എതിരാളി. മറ്റൊരു മല്‍സരത്തില്‍ ആദ്യ സെറ്റില്‍ തന്നെ തിരിച്ചടി നേരിട്ട ദിനാര സാഫിന മികച്ച അങ്കത്തില്‍ റഷ്യയുടെ എകാതറീന മകറോവയെ പരാജയപ്പെടുത്തി. സ്‌ക്കോര്‍ 6-7 (3-7),6-3, 6-0. സെര്‍ബിയയില്‍ നിന്നുളള അഞ്ചാം സീഡ്‌ അന്ന ഇവാനോവിച്ച്‌ ഇറ്റലിയുടെ ആല്‍ബെര്‍ട്ട ബ്രിട്ടാനിയെ 6-3, 6-2 ന്‌ തോല്‍പ്പിച്ചു.

എ.ഐ.ജി മുങ്ങുന്നു
ലണ്ടന്‍: മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ ഉള്‍പ്പെടെ കായിക ലോകത്തെ പ്രമുഖ ടീമുകളെ സ്‌പോണ്‍സര്‍ ചെയ്‌ത്‌ പ്രശസ്‌തി നേടിയ അമേരിക്കന്‍ ഇന്‍ഷൂറന്‍സ്‌ കമ്പനിയായ എ.ഐ.ജി സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങുന്നു.... ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡുമായുള്ള എ.ഐ.ജി കരാര്‍ 2010 ലാണ്‌ അവസാനിക്കുന്നത്‌. ഇത്‌ പുതുക്കേണ്ടതില്ലെന്നാണ്‌ കമ്പനി തീരുമാനം. അമേരിക്കന്‍ ഡേവിസ്‌ കപ്പ്‌ ടീമിനെ സ്‌പോണ്‍സര്‍ ചെയ്‌തിരുന്നത്‌ എ.ഐ.ജിയാണ്‌. ഇതും വേണ്ടെന്ന്‌ വെച്ചു.
400 കോടിയുടെ കരാറാണ്‌ എ.ഐ.ജി മാഞ്ചസ്‌റ്ററുമായി ഒപ്പിട്ടിരുന്നത്‌. മാഞ്ചസ്റ്ററിന്റെ താരങ്ങള്‍ അണിയുന്ന ജഴ്‌സിയില്‍ എ.ഐ.ജിയുടെ ലോഗോയും പേരുമുണ്ടാവും. കൃസ്റ്റിയാനോ റൊണാള്‍ഡോയും വെയിന്‍ റൂണിയും വാന്‍ഡര്‍സറുമെല്ലാം എ.ഐ.ജി ലോഗോ ധരിച്ചാണ്‌ കളിക്കാന്‍ ഇറങ്ങാറുള്ളത്‌. ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയായ സഹാറ പരിവാറുമായി പുതിയ കരാറിന്‌ മാഞ്ചസ്റ്റര്‍ ശ്രമിക്കുന്നുണ്ട്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌,ഹോക്കി ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ സഹാറയാണ്‌.

ഐ.സി.എല്ലിന്‌ വേണ്ടി പാക്കിസ്‌താന്‍
കറാച്ചി: വിമതരെന്ന്‌ മുദ്ര കുത്തി ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡും, ഇന്ത്യന്‍ ബോര്‍ഡിന്റെ സമ്മര്‍ദ്ദത്തില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലും (ഐ.സി.സി) അകറ്റി നിര്‍ത്തിയിരിക്കുന്ന കപില്‍ദേവിന്റെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിനു (ഐ.സി.എല്‍) വേണ്ടി പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ശക്തമായി രംഗത്ത്‌. ഐ.സി.എല്ലില്‍ കളിക്കുന്ന താരങ്ങളെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന്‌ പോലും വിലക്കണമെന്ന നിലപാട്‌ ഐ.സി.സി മാറ്റണമെന്ന്‌ പി.സി.ബി തലവന്‍ ഇജാസ്‌ ഭട്ട്‌ പരസ്യമായി ആവശ്യപ്പെട്ടു. ഐ.സി.എല്ലില്‍ കളിച്ചു എന്ന കാരണത്താല്‍ പാക്‌ ക്രിക്കറ്റര്‍മാരെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന്‌ വിലക്കാന്‍ പി.സി.ബിക്ക്‌ മനസ്സില്ല. പക്ഷേ ഐ.സി.സി ഈ വിഷയത്തില്‍ കര്‍ക്കശ നിലപാട്‌ സ്വീകരിക്കുന്നതിനാല്‍ പാക്കിസ്‌താന്‌ താരങ്ങളുടെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന്‌ പി.ടി.ഐ യുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മുഹമ്മദ്‌ യൂസഫ്‌, മുന്‍ ക്യാപ്‌റ്റന്‍ ഇന്‍സമാമുല്‍ ഹഖ്‌, ഓള്‍റൗണ്ടര്‍മാരായ അബ്ദുള്‍ റസാക്‌, അസ്‌ഹര്‍ മഹമൂദ്‌, സീമര്‍ മുഹമ്മദ്‌ സമി തുടങ്ങി 13 പാക്‌ ക്രിക്കറ്റര്‍മാര്‍ ഐ.സി.എല്ലുമായി കരാര്‍ ചെയ്‌തിട്ടുണ്ട്‌. ഇവരെയെല്ലാം പാക്‌ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന്‌ വിലക്കിയിരിക്കയാണ്‌. എന്നാല്‍ നിരോധനം പരിശീലകരുടെ കാര്യത്തില്‍ ബാധകമല്ലതാനും. ഐ.സി.എല്ലില്‍ ലഹോര്‍ ബാദ്‌ഷാസ്‌ ടീമിനെ പരിശീലിപ്പിച്ച മോയിന്‍ഖാന്‍ പാക്കിസ്‌താന്‍ ആഭ്യന്തര ലീഗില്‍ പാക്കിസ്‌താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പരിശീലകനാണ്‌.
ഐ.സി.എല്ലില്‍ കളിച്ചതിന്റെ പേരില്‍ ഒരു താരത്തെയും ഇത്‌ വരെ പാക്കിസ്‌താന്‍ നേരിട്ട്‌ നിരോധിച്ചിട്ടില്ലെന്ന്‌ ഭട്ട്‌ പറഞ്ഞു. ഐ.സി.സി സമ്മര്‍ദ്ദം ചെലുത്തുന്നത്‌ മൂലമാണ്‌ ആഭ്യന്തര ക്രിക്കറ്റില്‍ പോലും താരങ്ങളെ കളിപ്പിക്കാന്‍ കഴിയാത്തത്‌.
ഈ മാസം 31 ന്‌ പെര്‍ത്തില്‍ നടക്കുന്ന ഐ.സി.സി പ്രവര്‍ത്തക സമിതിയില്‍ ഈ വിഷയം വരുമ്പോള്‍ ഐ.സി.എല്‍ കാര്യത്തിലെ പിടിവാശി അവസാനിപ്പിക്കാന്‍ പാക്കിസ്‌താന്‍ ആവശ്യപ്പെടും. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തില്‍ പ്രശ്‌ന പരിഹാരത്തിന്‌ ഐ.സി.സി ശ്രമിച്ചതിനെക്കുറിച്ച്‌ തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.എല്ലില്‍ കളിച്ചതിന്റെ പേരില്‍ പാക്കിസ്‌താന്‍ സ്വന്തം താരങ്ങളെ നിരോധിക്കുന്നതില്‍ കാര്യമില്ലെന്ന്‌ പി.സി.ബി ഡയക്ടര്‍ ജനറല്‍ ജാവേദ്‌ മിയാന്‍ദാദ്‌ ഈയിടെ പറഞ്ഞിരുന്നു. ഇതിന്‌ പിറകെയാണ്‌ പി.സി.ബി തലവനും രംഗത്ത്‌ വന്നിരിക്കുന്നത്‌. 2007 ലെ ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായപ്പോള്‍ സീ ടെലിവിഷന്‍ ചെയര്‍മാന്‍ സുഭാഷ്‌ ചന്ദ്രയുടെ പ്രേരണയില്‍ കപില്‍ദേവിന്റെ നേതൃത്ത്വത്തില്‍ ആരംഭിച്ച ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിനെ തകര്‍ക്കാനായാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ആരംഭിച്ചത്‌. ഇന്ത്യന്‍ ക്രിക്കറ്റിലെ ശീതസമരത്തില്‍ ക്രിക്കറ്റ്‌ ബോര്‍ഡിലെ ഔദ്യോഗിക പക്ഷമാണ്‌ വിജയിച്ചത്‌. ഐ.സി.എല്ലിനെതിരെ ഐ.സി.സിയെ സ്വാധീനിക്കുന്നതില്‍ അവര്‍ വിജയിച്ചു. ആദ്യ ഐ.പി.എല്‍ ചാമ്പ്യന്‍ഷിപ്പ്‌ വന്‍ വിജയമാവുകയും ചെയ്‌തു.
ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം റദ്ദാക്കിയ പ്രശ്‌നത്തില്‍ പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഇപ്പോള്‍ ഇന്ത്യന്‍ ബോര്‍ഡിന്‌ അനുകൂലമല്ല. ശ്രീലങ്കന്‍ ബോര്‍ഡും ഈ വിഷയത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കില്ല. 2011 ലെ ലോകകപ്പിന്‌ സംയുക്തമായി ആതിഥേയത്വം വഹിക്കേണ്ട രാജ്യങ്ങള്‍ പരസ്‌പരം കലഹിക്കുമ്പോള്‍ തലവേദന ഇന്ത്യക്ക്‌ തന്നെയാണ്‌.

No comments: