Friday, January 23, 2009

MORKEL AGAIN


മോര്‍ക്കല്‍ എഗൈന്‍.....
സിഡ്‌നി: വീണ്ടും ആല്‍ബെ മോര്‍ക്കല്‍ ഓസ്‌ട്രേലിയക്ക്‌ മുന്നില്‍ വില്ലനായി....കോമണ്‍വെല്‍ത്ത്‌ ബാങ്ക്‌ ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരത്തിലും അവസാനം വരെ ആവേശം കത്തി നിന്നു... മോര്‍ക്കലിന്റെ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്ക വിജയം വരിക്കുകയും ചെയ്‌തു. ഇതോടെ അഞ്ച്‌ മല്‍സര പരമ്പരയില്‍ സന്ദര്‍ശകര്‍ 2-1ന്‌ മുന്നിലെത്തി.
സ്വന്തം മൈതാനത്ത്‌ ആദ്യ മല്‍സരം കളിച്ച ഓപ്പണര്‍ ഡേവിഡ്‌ വാര്‍ണറുടെ വെടിക്കെട്ടില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ലോക ചാമ്പ്യന്മാര്‍ 269 റണ്‍സ്‌ സ്വന്തമാക്കിയിരുന്നു. മറുപടിയില്‍ ഹര്‍ഷല്‍ ഗിബ്‌സും ജാക്‌ കാലിസും ദക്ഷിണാഫ്രിക്കക്ക്‌ നല്ല തുടക്കം നല്‍കി. പക്ഷേ മധ്യനിര തകര്‍ന്നപ്പോള്‍ ടീം പരാജയമുഖത്തായി. ഇവിടെ നിന്നും രക്ഷകന്റെ റോളില്‍ മോര്‍ക്കലെത്തി. 21 പന്തുകള്‍ ബാക്കിനില്‍ക്കെ ടീമിനെ മൂന്ന്‌ വിക്കറ്റ്‌്‌ വിജയത്തിലേക്ക്‌ നയിച്ചു. മെല്‍ബണില്‍ നടന്ന ആദ്യ മല്‍സരത്തിലും മോര്‍ക്കലിന്റെ വെടിക്കെട്ടിലാണ്‌ ദക്ഷിണാഫ്രിക്ക വിജയിച്ചത്‌.
സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ നിറഞ്ഞുകവിഞ്ഞ സ്‌റ്റേഡിയത്തെ സാക്ഷിയാക്കിയാണ്‌ മോര്‍ക്കല്‍ ഇടം കൈയ്യന്‍ വെടിക്കെട്ട്‌ നടത്തിയത്‌. അഞ്ച്‌ വിക്കറ്റിന്‌ 163 റണ്‍സ്‌ എന്ന നിലയില്‍ ടീം തകരുമ്പോള്‍ ക്രീസിലെത്തിയാണ്‌ മോര്‍ക്കല്‍ വിശ്വരൂപം കാട്ടിയത്‌. വിക്കറ്റ്‌ കീപ്പര്‍ ബാറ്റസ്‌മാന്‍ മാര്‍ക്ക്‌ ബൗച്ചറെ സാക്ഷി നിര്‍ത്തി മിച്ചല്‍ ജോണ്‍സണ്‍ ഉള്‍പ്പെടെ ഓസീസ്‌ നിരയിലെ എല്ലാ കേമന്മാരെയും അദ്ദേഹം നിലംപരിശാക്കി. 29 റണ്‍സ്‌ മാത്രം നല്‍കി ഒരു വിക്കറ്റ്‌ നേടിയ നതാന്‍ ബ്രാക്കന്‍ മാത്രമാണ്‌ റിക്കി പോണ്ടിംഗിന്റെ പ്രതീക്ഷ കാത്ത ബൗളര്‍.
എസ്‌.സി.ജിയില്‍ ഇത്ര വലിയ ചേസ്‌ വിജയകരമായി ഇത്‌ വരെ ഒരു ടീമും നടത്തിയിട്ടില്ല. സ്‌പിന്നിനെ തുണക്കുന്ന ട്രാക്കില്‍ 250 ലധികം റണ്‍സ്‌ പിന്തുടര്‍ന്ന്‌ നേടുക പ്രയാസമായാണ്‌ കരുതപ്പെട്ടിരുന്നത്‌. പക്ഷേ ആഫ്രിക്കന്‍ വാലറ്റക്കാര്‍ കാര്യങ്ങള്‍ എളുപ്പമാക്കി. ദക്ഷിണാഫ്രിക്ക വിജയത്തിന്‌ നാല്‌ റണ്‍സ്‌ അരികിലെത്തിയപ്പോഴാണ്‌ മോര്‍ക്കല്‍ പുറത്തായത്‌. 22 പന്തില്‍ നിന്ന്‌ 40 റണ്‍സ്‌ നേടിയ ഓള്‍റൗണ്ടര്‍ നതാന്‍ ഹൗറിറ്റ്‌സിനെ പ്രഹരിക്കുന്നതിനിടെ ലോംഗ്‌ ഓണില്‍ ക്യാച്ച്‌ നല്‍കുകയായിരുന്നു. ഹൗറിറ്റ്‌സിന്റെ ഇതേ ഓവറില്‍ ഒരു സിക്‌സറും രണ്ട്‌ ബൗണ്ടറികളും മോര്‍ക്കല്‍ പായിച്ചിരുന്നു. ഇന്നിംഗ്‌സിന്റെ അവസാനത്തില്‍ ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുത്തതാണ്‌ കാര്യങ്ങള്‍ പൂര്‍ണ്ണമായും ദക്ഷിണാഫ്രിക്കക്ക്‌ അനുകൂലമായത്‌. മെല്‍ബണ്‍ മല്‍സരത്തിലും പവര്‍ പ്ലേ ആനുകൂല്യമാണ്‌ ദക്ഷിണാഫ്രിക്ക ഉപയോഗപ്പെടുത്തിയത്‌. നാല്‍പ്പത്തിയൊന്നാം ഓവറിലാണ്‌ പവര്‍ പ്ലേ ദക്ഷിണാഫ്രിക്ക തെരഞ്ഞെടുത്തത്‌. അഞ്ച്‌ ഓവറുകളില്‍ ഒരു വിക്കറ്റ്‌ മാത്രം നഷ്‌ടത്തില്‍ 41 റണ്‍സ്‌ ദക്ഷിണാഫ്രിക്ക നേടുകയും ചെയ്‌തു.
ബ്രാക്കന്‍ അച്ചടക്കത്തോടെ ബൗള്‍ ചെയ്‌തപ്പോള്‍ ടീമില്‍ തിരിച്ചെത്തിയ മിച്ചല്‍ ജോണ്‍സണാണ്‌ വന്‍ നിരാശ സമ്മാനിച്ചത്‌. ഒമ്പത്‌ ഓവറുകള്‍ പന്തെറിഞ്ഞ ജോണ്‍സണ്‍ 71 റണ്‍സാണ്‌ വഴങ്ങിയത്‌. ആദ്യ സെഷനില്‍ സിഡ്‌നിക്കാര്‍ കാത്തിരുന്ന ഇന്നിംഗ്‌സിന്‌ വാര്‍ണര്‍ തിരി തെളിയിച്ചു. മെല്‍ബണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആദ്യ 20-20 മല്‍സരത്തില്‍ അരങ്ങുതകര്‍ത്ത വാര്‍ണറുടെ പ്രകടനം നേരില്‍ കാണാന്‍ സിഡ്‌നിക്കാര്‍ കാത്തുനില്‍ക്കുകയായിരുന്നു. 20-20 പരമ്പരിയലെ രണ്ടാം മല്‍സരത്തിലും ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തിലും വാര്‍ണര്‍ നിരാശപ്പെടുത്തിയപ്പോള്‍ സിഡ്‌നിക്കാരും വേദനിച്ചിരുന്നു. എന്നാല്‍ തനിക്ക്‌ പരിചിതമായ മൈതാനത്ത്‌ വാര്‍ണര്‍ കത്തിക്കയറി. 60 പന്തില്‍ നിന്ന്‌ 69 റണ്‍സാണ്‌ വാര്‍ണര്‍ നേടിയത്‌. ദക്ഷിണാഫ്രിക്കന്‍ നിരയിലെ അതിവേഗ ബൗളറായ ഡാലെ സ്റ്റെനിന്റെ പന്ത്‌ ഗ്യാലറിയിലെത്തിച്ചാണ്‌ വാര്‍ണര്‍ ആഘോഷം നടത്തിയത്‌. ഷോണ്‍ മാര്‍ഷും വാര്‍ണറും തമ്മിലുളള ഓപ്പണിംഗ്‌ സഖ്യം 43 പന്തില്‍ നിന്ന്‌്‌ അര്‍ദ്ധശതകം നേടിയിരുന്നു. ഇതില്‍ മാര്‍ഷിന്റെ സംഭാവന കേവലം ആറ്‌ റണ്‍സ്‌ മാത്രമായിരുന്നു. 41 പന്തില്‍ 50 കടന്ന വാര്‍ണര്‍ ജാക്‌ കാലിസിന്റെ ഓവറില്‍ സിക്‌സറും ബൗണ്ടറിയുമായി കാണികളെ വിരൂന്നൂട്ടി. വാര്‍ണറുടെ അതേ വേഗതയില്‍ കളിക്കാന്‍ മാര്‍ഷിനോ ഹസിക്കോ പോണ്ടിംഗിനോ കഴിഞ്ഞില്ല. ഇത്‌ കാരണം റണ്‍ നിരക്ക്‌ ഉയര്‍ന്നില്ല. ആഫ്രിക്കന്‍ ബൗളര്‍മാരില്‍ 32 ന്‌ മൂന്ന്‌ വിക്കറ്റുമായി ക്യാപ്‌റ്റന്‍ ജഹാന്‍ ബോത്ത ടീമിനെ മുന്നില്‍ നിന്ന്‌ നയിച്ചു. 29 റണ്‍സ്‌ നേടിയ പോണ്ടിംഗിന്റെ വിക്കറ്റ്‌ ബോത്തക്കായിരുന്നു.
പരമ്പരയില്‍ ഇതാദ്യമായി ഫോമിലേക്കുയര്‍ന്ന ഹര്‍ഷല്‍ ഗിബ്‌സിന്റെ മികവില്‍ ദക്ഷിണാഫ്രിക്കക്ക്‌ നല്ല തുടക്കമാണ്‌ ലഭിച്ചത്‌. ഹാഷിം അംല പുറത്തായതിന്‌ ശേഷമെത്തിയ ജാക്‌ കാലിസിനെ സാക്ഷിയാക്കി അതിവേഗ ബാറ്റിംഗാണ്‌ ഗിബ്‌സ്‌ നടത്തിയത്‌. 19 ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌ക്കോര്‍ ഒരു വിക്കറ്റിന്‌ 125 റണ്‍സ്‌ എന്ന നിലയിലായിരുന്നു. ഷോണ്‍ ടെയിറ്റിനെ തെരഞ്ഞെടുപിടിച്ചാണ്‌ ഗിബ്‌സ്‌ ആക്രമിച്ചത്‌.

അറബ്‌ ചെല്‍സി
ലണ്ടന്‍:ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയെ കോടികള്‍ വീശി റാഞ്ചിയ അറബ്‌ കോടീശ്വരന്‍ ഡോ.സുലൈമാന്‍ അല്‍ ഫാഹിം ചെല്‍സി ക്ലബിലേക്കും നോട്ടമിട്ടിരിക്കുന്നു..... ചില ജര്‍മന്‍ നിക്ഷേപകരുടെ പിന്തുണയില്‍ ചെല്‍സിയെ വിലക്ക്‌ ചോദിക്കാനാണ്‌ ഫാഹിമിന്റെ നീക്കം. ഇപ്പോള്‍ റഷ്യന്‍ കോടീശ്വരന്‍ റോമന്‍ അബ്രമോവിച്ചിന്റെ കൈവശമാണ്‌ ചെല്‍സി. ക്ലബ്‌ വില്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന്‌അദ്ദേഹം ഈയിടെ പറഞ്ഞിരുന്നു. പക്ഷേ ഫാഹിം പ്രതീക്ഷയോടെ കരുക്കള്‍ നീക്കുകയാണ്‌. 2003 ജൂലൈയിലാണ്‌ അബ്രമോവിച്ച്‌ ചെല്‍സി സ്വന്തമാക്കിയത്‌.
ചെല്‍സി പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ ക്ലബാണ്‌. സൂപ്പര്‍ താരങ്ങളാണ്‌ ടീമില്‍ കളിക്കുന്നത്‌. ഈ ക്ലബിനെ സ്വന്തമാക്കുക എളുപ്പമല്ല. പക്ഷേ തനിക്ക്‌ ആത്മവിശ്വാസമുണ്ടെന്ന്‌ ഫാഹിം പറയുന്നു. അബുദാബിയിലെ യുനൈറ്റഡ്‌ ഗ്രൂപ്പിലെ അംഗമാണ്‌ ഫാഹിം. മാഞ്ചസ്റ്റര്‍ സിറ്റി ഈ ഗ്രൂപ്പാണ്‌ സ്വന്തമാക്കിയത്‌. ഏ.സി മിലാന്‍ സൂപ്പര്‍താരം കക്കയെ റാഞ്ചാന്‍ കോടികള്‍ വാഗ്‌ദാനം ചെയ്‌തതും യുനൈറ്റഡ്‌ ഗ്രൂപ്പാണ്‌. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ അബ്രമോവിച്ചിന്‌ തിരിച്ചടികള്‍ നേരിട്ട സാഹചര്യത്തില്‍ ക്ലബിനെ വിലക്കെടുക്കാന്‍ അനുയോജ്യമായ സമയമാണിതെന്നാണ്‌ യുനൈറ്റഡ്‌ ഗ്രൂപ്പ്‌ കരുതുന്നത്‌.

അന്ന ഔട്ട്‌്‌
മെല്‍ബണ്‍: വീനസ്‌ വില്ല്യംസിന്‌ പിറകെ അന്ന ഇവാനോവിച്ചും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നിന്ന്‌ പുറത്തായി. മൂന്നാം റൗണ്ടില്‍ അലീസ ക്ലബനോവയാണ്‌ സൂപ്പര്‍ താരത്തെ വീഴ്‌ത്തിയത്‌. സക്കോര്‍ 5-7, 7-6, (7-5), 2-6. ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള സെര്‍ബുകാരി കഴിഞ്ഞ വര്‍ഷം ഇവിടെ ഫൈനല്‍ കളിച്ചിരുന്നു. 50 അണ്‍ഫോഴ്‌സ്‌ഡ്‌ എററുകള്‍ വരുത്തിയ അന്ന തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ജാന്‍കോവിച്ച്‌ അനായാസം ജപ്പാന്‍ പ്രതിയോഗി ആമി സുഗിയാമയെ പരാജയപ്പെടുത്തി.സ്‌ക്കോര്‍ 6-4, 6-4. നാലാം റൗണ്ടില്‍ മരിയോണ്‍ ബര്‍ത്തോളിയാണ്‌ ഡാന്‍കോവിച്ചിന്റെ എതിരാളി. റഷ്യന്‍ താരം ദിനാര സാഫിന 6-2, 6-2 എന്ന സ്‌ക്കോറിന്‌ കേയ കാന്‍പിയെ തോല്‍പ്പിച്ചു. ഇന്ത്യന്‍ താരം സാനിയ മിര്‍സയെ രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ച റഷ്യക്കാരി നാദിയ പെട്രോവ കസാക്കിസ്ഥാന്റെ ഗലീന വോസ്‌കോബോവയെ പരാജയപ്പെടുത്തി നാലാം റൗണ്ടിലെത്തി.
ഇന്ത്യക്ക്‌ ഓസീസ്‌ ഓപ്പണില്‍ ഇന്നലെ നല്ല ദിവസമായിരുന്നു. സാനിയ മിര്‍സ-മഹേഷ്‌ ഭൂപതി മിക്‌സഡ്‌ സഖ്യം ആദ്യ റൗണ്ട്‌ വിജയകരമായി പിന്നിട്ടു. പുരുഷ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സും രോഹന്‍ ബോപ്പണയും മുന്നേറി. ആറാം സീഡ്‌ വേത പാഷ്‌കെ-പാവല്‍ വിസ്‌നര്‍ സഖ്യത്തെയാണ്‌ സാനിയ-മഹേഷ്‌ സഖ്യം പരാജയപ്പെടുത്തിയത്‌.

ഷാക്കിബ്‌ ഷോ
മിര്‍പ്പൂര്‍: സിംബാബ്‌വെക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആറ്‌ വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ബംഗ്ലാദേശ്‌ ഏകദിന പരമ്പര 1-2 ന്‌ സ്വന്തമാക്കി. ഐ.സി.സിയുടെ ഏകദിന ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമനായ ഷാക്കിബ്‌ അല്‍ ഹസന്റെ മികവിലാണ്‌ ആതിഥേയര്‍ വിജയം വരിച്ചത്‌. കനത്ത മൂടല്‍മഞ്ഞ്‌ കാരണം 37 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത സന്ദര്‍ശകര്‍ 119 റണ്‍സാണ്‌ നേടിയത്‌. ബംഗ്ലാ വൈസ്‌ ക്യാപ്‌റ്റന്‍ മഷ്‌റഫെ മൊര്‍ത്തസ 26 റണ്‍സിന്‌ മൂന്ന്‌ പേരെ പുറത്താക്കിയപ്പോള്‍ ഷാക്കിബ്‌ 15 റണ്‍സ്‌ മാത്രം നല്‍കി മൂന്ന്‌ പേരെ തിരിച്ചയച്ചു. മറുപടിയില്‍ ഷാക്കിബിന്റെ 33 റണ്‍സ്‌ ബംഗ്ലാദേശിന്‌ കാര്യങ്ങള്‍ എളുപ്പമാക്കി.

നിരപരാധി
ലണ്ടന്‍: നിശാ ക്ലബില്‍ ബഹളമുണ്ടാക്കിയ കേസില്‍ താന്‍ നിരപരാധിയാണെന്ന്‌ ലിവര്‍പൂള്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡ്‌ കോടതിയെ അറിയിച്ചു. ഡിസംബര്‍ 29 ന്‌ സൗത്ത്‌പോര്‍ട്ടിലെ ഒരു നിശാക്ലബില്‍ ജെറാര്‍ഡും കൂട്ടുകാരും ബഹളം വെച്ച സംഭവത്തില്‍ ഒരാള്‍ക്ക്‌ പരുക്കേറ്റിരുന്നു. സംഭവത്തില്‍ ഫുട്‌ബോളറെ അറസ്‌റ്റ്‌ ചെയ്യുകയും പിന്നീട്‌ വിട്ടയക്കുകയും ചെയ്‌തിരുന്നു. പ്രിമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ന്യൂകാസില്‍ യുനൈറ്റഡിനെതിരായ മല്‍സരത്തില്‍ 5-1 ന്റെ തകര്‍പ്പന്‍ വിജയം ലിവര്‍പൂള്‍ സ്വന്തമാക്കിയത്‌ ആഘോഷമാക്കാനാണ്‌ ജെറാര്‍ഡും സംഘവും നിശാക്ലബില്‍ എത്തിയത്‌. ബഹളത്തിനിടെ മുപ്പത്തിനാലുകാരനായ ഒരാള്‍ക്ക്‌ പരുക്കേറ്റിരുന്നു. സംഭവത്തില്‍ താന്‍ തെറ്റുകാരനല്ലെന്നാണ്‌ ജെറാര്‍ഡ്‌ പറഞ്ഞത്‌. കേസ്‌ മാര്‍ച്ച്‌ 20 ലേക്ക്‌ മാറ്റി.

കൈഫ്‌ പൊരുതി, ശ്രീശാന്തിന്‌ മൂന്ന്‌ വിക്കറ്റ്‌
ബാംഗ്ലൂര്‍: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണമേഖലാ-മധ്യമേഖലാ ദൂലിപ്‌ ട്രോഫി മല്‍സരം ആവേശകരമാവുന്നു. മല്‍സരത്തിന്റെ രണ്ടാം ദിവസം ദക്ഷിണമേഖലയുടെ ഒന്നാം ഇന്നിംഗ്‌സ്‌ സ്‌ക്കോറായ 329 റണ്‍സിന്‌ മറുപടിയായി മധ്യമേഖല ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 326 റണ്‍സ്‌ നേടി. ഒന്നാം ഇന്നിംഗ്‌സിലെ നിര്‍ണ്ണായക ലീഡിനായി ഒരു വിക്കറ്റ്‌ മാത്രം ശേഷിക്കെ മുഹമ്മദ്‌ കൈഫിന്റെ മധ്യമേഖലക്ക്‌ നാല്‌ റണ്‍സ്‌ മാത്രം മതി.
കൈഫ്‌ പൊരുതി നേടിയ 73 റണ്‍സിന്റെയും നമാന്‍ ഒജയുടെ 85 റണ്‍സിന്റെയും മികവിലാണ്‌ മധ്യമേഖല പൊരുതി കയറിയത്‌. ആദ്യ ദിവസത്തിലെന്ന പോലെ സീമര്‍മാരാണ്‌ രണ്ടാം ദിവസത്തിലും പിടിമുറുക്കിയത്‌. വിക്കറ്റ്‌്‌ പോവാതെ 30 റണ്‍സ്‌ എന്ന നിലയില്‍ ഇന്നിംഗ്‌്‌സ്‌്‌ ആരംഭിച്ച മധ്യമേഖലക്ക്‌ പത്തം ഓവറില്‍ ഓപ്പണര്‍ തന്മയി ശ്രീവാസ്‌തവയെ നഷ്ടമായി. റോബിന്‍ ഉത്തപ്പയുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ദിനേശ്‌ കാര്‍ത്തിക്‌ ക്യാച്ചെടുക്കുകയായിരുന്നു.
ശ്രീശാന്തിന്റെ സീമില്‍ അപകടകാരിയായ ശിവകാന്ത്‌ ശുക്ല പുറത്തായത്‌ വി.വി.എസ്‌ ലക്ഷ്‌മണ്‍ നയിച്ച ദക്ഷിണ മേഖലക്ക്‌ പൊരുതാനുളള ഊര്‍ജ്ജമേകി. മാരത്തോണ്‍ ഇന്നിംഗ്‌സിന്റെ വക്താവായ ശുക്ലക്ക്‌ പൊരുതി നില്‍ക്കാനായില്ല. യെരെ ഗൗഡിനും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. പര്‍വീന്ദര്‍ സിംഗ്‌ ശ്രീശാന്തിന്റെ മുപ്പത്തിമൂന്നാം ഓവറില്‍ പുറത്താവുമ്പോള്‍ മധ്യമേഖലയുടെ സ്‌ക്കോര്‍ നാല്‌ വിക്കറ്റിന്‌ 78 റണ്‍സ്‌ എന്ന നിലയിലായിരുന്നു.
ഇവിടെ നിന്നുമാണ്‌ കൈഫും ഭുവനേശ്വര്‍ കുമാറും ഒരുമിച്ചത്‌. 127 റണ്‍സാണ്‌ സഖ്യം നേടിയത്‌. തുടക്കത്തില്‍ ആക്രമണകാരിയായിരുന്നു കൈഫ്‌. 50 പന്തില്‍ നിന്ന്‌ 47 റണ്‍സ്‌ നേടിയ അദ്ദേഹം ലഞ്ചിന്‌ ശേഷം പ്രതിരോധക്കാരന്റെ രൂപത്തിലായി. ഭുവനേശ്വര്‍ പുറത്തായശേഷം നമാന്‍ ഒജയാണ്‌ കൈഫിന്‌ കൂട്ടായി വന്നത്‌. എന്നാല്‍ ടീമിന്‌ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ ഉറപ്പിക്കാന്‍ കൈഫിനായില്ല.
ദക്ഷിണമേഖലക്കായി ശ്രീശാന്താണ്‌ മികവു കാട്ടിയത്‌. 25 ഓവര്‍ പന്തെറിഞ്ഞ ശ്രിശാന്ത്‌ 92 റണ്‍സ്‌ വഴങ്ങി മൂന്ന്‌ വിക്കറ്റ്‌ നേടിയപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ലക്ഷ്‌മിപതി ബാലാജി 72 റണ്‍സിന്‌ രണ്ട്‌ വിക്കറ്റ്‌ നേടി. റോബിന്‍ ഉത്തപ്പയുടെ സ്‌പിന്നിനും രണ്ട്‌ ഇരകളെ ലഭിച്ചു. മധ്യമേഖലാ ഓപ്പണര്‍ ശുക്ലയെ ക്ലീന്‍ ബൗള്‍ഡാക്കിയ ശ്രീശാന്ത്‌ പര്‍വിന്ദര്‍ സിംഗിന്റെയും നുമാന്‍ ഒജയുടെയും വിക്കറ്റുകള്‍ നേടി.

അക്തര്‍ ടെസ്‌റ്റ്‌ മതിയാക്കണം
ലാഹോര്‍: ഷുഹൈബ്‌ അക്തര്‍ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ മതിയാക്കി ഏകദിനങ്ങളിലും 20-20 മല്‍സരങ്ങളിലും ശ്രദ്ധിക്കണമെന്ന്‌ പാക്കിസ്‌താന്‍ മുന്‍ നായകന്‍ വഖാര്‍ യൂനസ്‌. രാജ്യാന്തര കരിയര്‍ തുടരാന്‍ അക്തര്‍ ആഗ്രഹിക്കുന്നെങ്കില്‍ ടെസ്‌റ്റിലെ പങ്കാളിത്തം അവസാനിപ്പിക്കണം. നിലവിലെ ആരോഗ്യത്തില്‍ കൂടുതല്‍ കാലം കരുത്തനായി പന്തെറിയാന്‍ അക്തറിന്‌ കഴിയില്ലെന്ന്‌ വഖാര്‍ പറഞ്ഞു. ഇപ്പോള്‍ ശ്രീലങ്കക്കെതിരെ നടന്നുവരുന്ന മൂന്ന്‌ മല്‍സര ഏകദിന പരമ്പരയിലെ അക്തറിന്റെ പ്രകടനം വിമര്‍ശന വിധേയമായതിന്‌ പിറകെയാണ്‌ വഖാറിന്റെ നിരീക്ഷണം. കഴിഞ്ഞ ദിവസമാണ്‌ ക്യാപ്‌റ്റന്‍ ഷുഹൈബ്‌ മാലിക്‌ അക്തറിനെതിരെ പരസ്യമായി സംസാരിച്ചത്‌. അക്തറിന്റെ ആത്മാര്‍ത്ഥയില്‍ തനിക്ക്‌ സംശയമുണ്ടെന്നും ആരോഗ്യകാര്യത്തില്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തുന്നില്ലെന്നും മാലിക്‌ അഭിപ്രായപ്പെട്ടിരുന്നു. ലങ്കക്കെതിരായ രണ്ട്‌ മല്‍സരങ്ങളിലും സ്വന്തം ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ അക്തറിന്‌ കഴിഞ്ഞിരുന്നില്ല.
അടുത്ത മൂന്ന്‌ നാല്‌ വര്‍ഷം കൂടി പാക്കിസ്‌താന്‌ വേണ്ടി കളിക്കാന്‍ തനിക്ക്‌ താല്‍പ്പര്യമുണ്ടെന്ന്‌ കഴിഞ്ഞ ദിവസം അക്തര്‍ പറഞ്ഞതായി കേട്ടു. നാല്‌ വര്‍ഷം കളിക്കണമെങ്കില്‍ ആരോഗ്യം വേണം. ആരോഗ്യം നിലനിര്‍ത്താന്‍ ടെസ്‌റ്റ്‌ മല്‍സരങ്ങളില്‍ നിന്ന്‌ അക്തര്‍ മാറി നില്‍ക്കണം. അഞ്ച്‌ ദിവസം ദീര്‍ഘിക്കുന്ന മല്‍സരത്തിന്റെ സമര്‍ദ്ദം താങ്ങാനുളള ആരോഗ്യം ഇപ്പോള്‍ അക്തറിനില്ലെന്നാണ്‌ തന്റെ വിശ്വാസമെന്ന്‌ വഖാര്‍ പറഞ്ഞു. ആരോഗ്യമുളള അക്തര്‍ ഇപ്പോഴും അപകടകാരിയാണ്‌. അദ്ദേഹം മല്‍സരങ്ങളുടെ എണ്ണം കുറക്കണം. ഏകദിനങ്ങളിലും 20-20 മല്‍സരങ്ങളിലും ശ്രദ്ധിക്കണം. 145-150 കീലോമീറ്റര്‍ സ്‌പീഡില്‍ എപ്പോഴും പന്തെറിയാന്‍ ആര്‍ക്കുമാവില്ല. അക്തര്‍ പ്രായത്തെയും പരിഗണിക്കണം. നിര്‍ണ്ണായക തീരുമാനങ്ങള്‍ അനുയോജ്യമായ സമയത്ത്‌ എടുത്താല്‍ അക്തറിന്‌ കരിയര്‍ തുടരാനാവും. പാക്കിസ്‌താനില്‍ ആഭ്യന്തര ക്രിക്കറ്റ്‌ വളരെ ശക്തമാണ്‌. ധാരാളം മികച്ച സീമര്‍മാര്‍ ആഭ്യന്തര ക്രിക്കറ്റിലുണ്ട്‌. ഇവരുടെ കരുത്തിനെ പ്രയോജനപ്പെടുത്താന്‍ സെലക്ടര്‍മാര്‍ക്ക്‌ കഴിയണമെന്നും വഖാര്‍ പറഞ്ഞു.

ലുധിയാന: ഐ ലീഗ്‌ ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലൂബ്‌ ഗോവ തപ്പിതടയുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ മുന്‍ ജേതാക്കളായ ജെ.സി.ടി മില്‍സ്‌ ഫഗ്വാര 2-1ന്‌ ഡെംപോയെ പരാജയപ്പെടുത്തി. മറ്റൊരു മല്‍സരത്തില്‍ മോഹന്‍ ബഗാന്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ മുംബൈ എഫ്‌.സിയെ വീഴ്‌ത്തി. ബഗാന്‌ വേണ്ടി ബൂട്ടിയ, ജോസ്‌ റാമിറസ്‌ ബരാറ്റോ, ലാലം പുയ എന്നിവരാണ്‌ ഗോളുകള്‍ നേടിയത്‌. ഡെംപോക്കെതിരെ ജെ.സി.ടിക്കായി ഗോളുകള്‍ നേടിയത്‌ ബാല്‍ജിത്‌ സിംഗ്‌ സാഹ്നിയാണ്‌. പോയന്റ്‌്‌ ടേബിളില്‍ ഇപ്പോള്‍ ഡെംപോ അഞ്ചാം സ്ഥാനത്താണ്‌. 11 മല്‍സരങ്ങള്‍ എല്ലാ ടീമുകളും പൂര്‍ത്തിയാക്കിയപ്പോള്‍ 25 പോയന്റുമായി സ്‌പോര്‍ട്ടിംഗ്‌ ഗോവയാണ്‌ ഒന്നാം സ്ഥാനത്ത്‌. 21 പോയന്റുമായി ബഗാന്‍ രണ്ടാം സ്ഥാനത്തും 20 പോയന്റുമായി ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ മൂന്നാമതും നില്‍ക്കുന്നു.

No comments: