വെല്‍ഡണ്‍ സിസ്‌റ്റേഴ്‌സ്
മെല്‍ബണ്‍: റോഡ് ലീവര്‍ അറീനയുടെ മേല്‍ക്കുര ഇന്നലെയും സംഘാടകര്‍ ക്ലോസ് ചെയ്‌തു-അത്രമാത്രം ചൂടായിരുന്നു മെല്‍ബണില്‍. പക്ഷേ ആ ചൂടൊന്നും വില്ല്യംസ് സഹോദരിമാരെ ബാധിച്ചില്ല. അവര്‍ തകര്‍പ്പന്‍ പ്രകടനം നടത്തി. സറീന പവര്‍ ഗെയിമും വീനസ് സിംപിള്‍ ഗെയിമും പുറത്തെടുത്തപ്പോള്‍ ഡാനിയേല ഹനുച്ചോവക്കും ആമി സുഗിയാമക്കും മറുപടിയുണ്ടായിരുന്നില്ല. 6-3,6-3 എന്ന സ്‌ക്കോറിന്റെ വിജയവുമായി വില്ല്യംസ് സഹോദരിമാര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ടു. റോഡ് ലീവര്‍ അറീനയില്‍ ഇത് മൂന്നാം തവണയാണ് വില്ല്യംസ് സഹോദരിമാര്‍ മികവ് പ്രകടിപ്പിക്കുന്നത്. വിജയത്തിന്റെ ക്രെഡിറ്റ് ചേച്ചിയായ വിനസ് അനുജത്തിക്കാണ് നല്‍കുന്നത്. സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായ വീനസ് അനുജത്തിയുടെ പവര്‍ ഗെയിമിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കുന്നു. അവള്‍ അതി മനോഹരമായാണ് കളിച്ചത്. എനിക്ക് സപ്പോര്‍ട്ടീവ് റോള്‍ മാത്രമായിരുന്നു-28 കാരിയായ ചേച്ചി പറഞ്ഞു. വനിതാ ഡബിള്‍സില്‍ അനുജത്തിക്കൊപ്പം കളിക്കാനാണ് വീനസിന് താല്‍പ്പര്യം. മറ്റാരുമായി കൂട്ടിന് താനില്ലെന്ന് പലവട്ടം വീനസ് പറഞ്ഞിട്ടുമുണ്ട്. വനിതാ ഡബിള്‍സില്‍ ഇവിടെ പത്താം സീഡായിരുന്നു സഹോദരിമാര്‍. പക്ഷേ ഓരോ മല്‍സരം കഴിയും തോറും അവര്‍ മികവ് പ്രകടിപ്പിച്ചപ്പോള്‍ സീഡിംഗ് ടീമുകള്‍ അതിവേഗത്തില്‍ പുറത്താവുകയായിരുന്നു.
ഇന്ന് ഫൈനല്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ഇന്ന് അമേരിക്ക-റഷ്യ പോരാട്ടം. വനിതാ വിഭാഗം സിംഗിള്‍സില്‍ അമേരിക്കയില്‍ നിന്നുളള രണ്ടാം സീഡ് സറീന വില്ല്യംസ് റഷ്യയില്‍ നിന്നുളള നാലാം സീഡ് ദിനാര സാഫിനയുമായി കളിക്കുന്നു. ഇന്നത്തെ മല്‍സരത്തില്‍ ജയിക്കുന്നവരെ കാത്തിരിക്കുന്നത് കിരീടത്തിനൊപ്പം ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനമാണ്. നിലവില്‍ രണ്ടാം സീഡാണ് സറീന. റോഡ് ലിവര്‍ അറീനയില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി അവര്‍ മുന്നേറുകയാണ്. ഇന്നലെ വനിതാ ഡബിള്‍സില്‍ ചേച്ചി വീനസിനൊപ്പം കിരീടം നേടിയ സറീനക്കാണ് ഇന്നത്തെ ഫൈനലില്‍ മുന്‍ത്തൂക്കം. റഷ്യയില്‍ നിന്നുളള പ്രതിയോഗി വേര സോനാര്‍വയെ പരാജയപ്പെടുത്തിയാണ് സാഫിന ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയത്.
ഡബിള്‍ ഭൂപതി
മെല്‍ബണ്‍: ഇന്ത്യന്‍ താരം മഹേഷ് ഭൂപതിക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ഇന്ന് രണ്ട് ഫൈനല്‍. പുരുഷ വിഭാഗം ഡബിള്‍സില്‍ മാര്‍ക്ക് നോളസിനൊപ്പം ഫൈനല്‍ കളിക്കുന്ന ഭൂപതി മിക്‌സഡ് ഡബിള്‍സില്‍ നാട്ടുകാരിയായ സാനിയ മിര്‍സക്കൊപ്പവും കിരീടത്തിനിറങ്ങും. ഇന്നലെ നടന്ന മിക്‌സഡ് ഡബിള്‍സ് സെമിഫൈനലില്‍ ഭൂപതി-സാനിയ സഖ്യം ചെക്‌് റിപ്പബ്ലിക്കില്‍ നിന്നുള്ള ഇവേത ബെനസോവ-ലുകാസ്‌ഡോള്‍ഫി സഖ്യത്തെ പരാജയപ്പെടുത്തി. മെല്‍ബണ്‍ പാര്‍ക്കില്‍ നടന്ന മല്‍സരത്തില്‍ ആദ്യ സെറ്റില്‍ അല്‍പ്പം പിറകിലായ ഇന്ത്യന്‍ ജോഡി മികച്ച പ്രകടനം നടത്തി 54 മിനുട്ട് കൊണ്ട് ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ വേദിയില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്ന ഇന്ത്യന്‍ ജോഡിയുടെ ഇന്നത്തെ അവസാന എതിരാളികള്‍ ഫ്രഞ്ച്-ഇസ്രാഈല്‍ ജോഡികളായ നതാലി ഡെച്ചി-ആന്‍ഡി റാം സഖ്യമാണ്. സ്‌പെയിനില്‍ നിന്നുള്ള അനബല്‍ മെദിന ഗാരിഗസ്-ടോമി അറബോര്‍ഡി സഖ്യത്തെയാണ് ഇവര്‍ തോല്‍പ്പിച്ചത്. ഇന്നലെ മല്‍സരത്തിന്റെ തുടക്കം കണ്ടപ്പോള്‍ സാനിയയും ഭൂപതിയും നിരാശപ്പെടുത്തുമെന്നാണ് തോന്നിയത്. സെമി വരെ ആകെ ഒരു സെറ്റ് മാത്രം നഷ്‌ടമായിരുന്ന ടീം 1-3 പിറകില്‍ നില്‍ക്കുകകയായിരുന്നു. പക്ഷേ അപകടം മനസ്സിലാക്കി സാനിയ തന്ത്രം മാറ്റിയപ്പോള്‍ ഭൂപതിയും അവസരത്തിനൊത്തുയര്‍ന്നു. രണ്ടാം സെറ്റില്‍ മൂന്ന് തവണ പ്രതിയോഗികളുടെ സര്‍വീസ് ബ്രേക്ക് ചെയ്യാന്‍ ഇവര്‍ക്കായി.
ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പുകളില്‍ ഇതിനകം ആറ് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുളള ഭൂപതിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിന്ന്. രണ്ട് ഫൈനലുകള്‍. രണ്ടിലും ജയിക്കാനായാല്‍ അദ്ദേഹത്തിന് ചരിത്രം തിരുത്താം. 2006 ല്‍ ഇതേ വേദിയില്‍ മാര്‍ട്ടീന ഹിന്‍ജിസിനൊപ്പം മിക്‌സഡ് ഡബിള്‍സ് കിരീടം സ്വന്തമാക്കിയതിന് ശേഷം മഹേഷിന് ഗ്രാന്‍ഡ്‌സ്ലാം നേട്ടങ്ങള്‍ കിട്ടാകനിയാണ്.
നമ്പര്‍ വണ്‍
പെര്‍ത്ത്: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) ഏകദിന റാങ്കിംഗില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ഓസ്‌ട്രേലിയക്ക് ഇനി താഴോട്ടിറങ്ങാം.... കോമണ്‍വെല്‍ത്ത് ബാങ്ക് ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ 39 റണ്‍സിന് മറിച്ചിട്ട ദക്ഷിണാഫ്രിക്കയാണ് ഇനി ഏകദിന ക്രിക്കറ്റിലെ രാജാക്കന്മാര്‍. 3-1 എന്ന നിലയില്‍ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയ സന്ദര്‍ശകര്‍ അവസാന മല്‍സരത്തില്‍ പുതുമുഖങ്ങളെ അണിനിരത്തിയാണ് തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയത്. ക്യാപ്‌റ്റന്‍ ഗ്രയീം സ്‌മിത്ത്, അനുഭവസമ്പന്നനായ ജാക് കാലിസ്, ടെസ്റ്റ് ടീം വൈസ് ക്യാപ്‌റ്റനായ ആഷ്‌വെല്‍ പ്രിന്‍സ്, വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചര്‍, സീമര്‍ ഡാലെ സ്റ്റിന്‍ എന്നിവരൊന്നും ഇന്നലെ വാക്കയില്‍ ആഫ്രിക്കന്‍ സംഘത്തില്‍ കളിച്ചിരുന്നില്ല. രണ്ട് ഇടം കൈയ്യന്‍ സീമര്‍മാര്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയാണ് ജഹാന്‍ ബോത്തയും ദക്ഷിണാഫ്രിക്കന്‍ സംഘവും ഇറങ്ങിയത്. കന്നിക്കാരായ സോട്ട്‌സോബും പത്തൊമ്പതുകാരനായ വെയിനെ പാര്‍നലും കങ്കാരുകള്‍ക്ക് മുന്നില്‍ വിറച്ചു കളിച്ചില്ല.
ആദ്യം ബാറ്റ് ചെയ്‌തപ്പോള്‍ 117 പന്തില്‍ നിന്ന് വളരെ ശാന്തനായി ബാറ്റ് ചെയ്‌ത് 97 റണ്‍സ് കരസ്ഥമാക്കിയ ഹാഷിം അംലയുടെയും 71 പന്തില്‍ 60 റണ്‍സ് കരസ്ഥമാക്കിയ എബി ഡിവില്ലിയേഴ്‌സിന്റെയും 42 പന്തില്‍ മൂന്ന് സിക്‌സറുകളുടെ അകമ്പടിയില്‍ പുറത്താവാതെ 60 റണ്‍സ് നേടിയ ജെ.പി ഡുമിനിയുടെയും മികവില്‍ അമ്പത് ഓവറില്‍ ആറ് വിക്കറ്റിന് 288 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഓസ്‌ട്രേലിയന്‍ മറുപടിയില്‍ 78 റണ്‍സ് നേടിയ മൈക് ഹസിയും 63 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാദ്ദിനും മാത്രമാണ് പൊരുതിയത്. സോട്ട്‌സോബോ 50 റണ്‍സ് മാത്രം നല്‍കി കങ്കാരുപ്പടയിലെ നാല് വിക്കറ്റുകളാണ് ചോര്‍ത്തിയത്.
ടെസ്‌റ്റ് പരമ്പരയിലെന്ന പോലെ ആധികാരികമായ പ്രകടനത്തിലൂടെയാണ് ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും സ്വന്തമാക്കിയിരിക്കുന്നത്. വാക്കയിലെ പകല്‍ രാത്രി മല്‍സരത്തില്‍ പതറാതെയാണ് അവര്‍ തുടക്കത്തില്‍ ബാറ്റ് ചെയ്‌തത്. നതാന്‍ ബ്രാക്കന്റെ പന്തില്‍ ക്രിസ് വിട്ടുളള പ്രഹരത്തിന് ശ്രമിച്ച ഹര്‍ഷല്‍ ഗിബ്‌സി്‌സിനെ പുറത്താക്കാന്‍ ലഭിച്ച കനകാവസരം സബ്‌സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ കാമറൂണ്‍ വൈറ്റ് പാഴാക്കിയപ്പോള്‍ തന്നെ ഓസ്‌ട്രേലിയക്കാര്‍ തലയില്‍ കൈവെച്ചിരുന്നു. അടുത്ത ഓവറിലും കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് ഗിബ്‌സ് പുറത്തായി. ബെന്‍ ഹില്‍ഫാന്‍ഹസായിരുന്നു ബ്രാക്കനൊപ്പം പുതിയ പന്ത് പങ്കിട്ടത്. ഓസീസ് നിരയിലെ പുതിയ വാഗ്‌ദാനത്തെ സിക്‌സറിന് പറത്തിയ അംലക്ക് പക്ഷേ അടുത്ത ഓവറില്‍ നീല്‍ മക്കന്‍സിയുടെ പതനത്തിന് ദൃക്‌സാക്ഷിയാവേണ്ടി വന്നു. ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ശേഷമാണ് ഇന്നിംഗ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നത്. അംലയും ഡി വില്ലിയേഴ്‌സും ആക്രമണതിന് മുതിര്‍ന്നല്ല. അച്ചടക്കമുളള ഇന്നിംഗ്‌സില്‍ സിംഗിളുകളും ഡബിളുകളുമായിരുന്നു സ്‌ക്കോര്‍ബോര്‍ഡിനെ നയിച്ചത്. മുപ്പത്തിയേഴാം ഓവര്‍ വരെ ഈ സഖ്യം പൊരുതി നിന്നു. സ്‌ക്കോറിംഗിന് വേഗത കൂട്ടാനുളള ശ്രമത്തില്‍ ഡി വില്ലിയേഴ്‌സ് ഡീപ്പ് മിഡ് വിക്കറ്റില്‍ പിടി നല്‍കിയപ്പോള്‍ ഏകദിന ക്രിക്കറ്റിലെ കന്നി സെഞ്ച്വറിക്ക് മൂന്ന് റണ്‍ അരികെ അംലയും പുറത്തായി.
പരമ്പരയിലെ കേമന്‍ താരമായ ജെ.പി ഡുമിനിയുടെ ഊഴമായിരുന്നു പിന്നെ. ടെസ്‌റ്റ് പരമ്പരയില്‍ ഓസീസ് ബൗളര്‍മാരെ വട്ടം കറക്കിയ യുവ ബാറ്റ്‌്‌സ്‌മാന്‍ ആ ഫോം ആവര്‍ത്തിച്ചു. മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ നാല്‍പ്പത്തിയഞ്ചാമത് ഓവറില്‍ മിഡോണിലൂടെ നേടിയ സിക്‌സറടക്കം 20 റണ്‍സാണ് ഡുമിനി വാരിയത്. അടുത്ത രണ്ട് ഓവറുകളിലും ഡുമിനി സിക്‌സര്‍ പ്രകടനം ആവര്‍ത്തിച്ചു.അവസാന പത്ത് ഓവറില്‍ 92 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്.
മറുപടിയില്‍ ഓസ്‌ട്രേലിയക്ക് വേഗതയിലുളള തുടക്കം ലഭിച്ചു. പതിവ് ശൈലിയില്‍ പോണ്ടിംഗ് സുന്ദരമായ രണ്ട് ബൗണ്ടറികള്‍ പായിച്ചു. പക്ഷേ ആ ഫോം നിലനിര്‍ത്താന്‍ നായകനായില്ല. സോട്ട്‌സോബിന് പ്രൈസ് വിക്കറ്റ് നല്‍കി ക്യാപ്‌റ്റന്‍ മടങ്ങിയപ്പോള്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ പ്രതിരോധം എളുപ്പം ഭേദിക്കാന്‍ മോര്‍ണെ മോര്‍ക്കലിനായി. തട്ടുതകര്‍പ്പന്‍ ഓപ്പണറായ ഡേവിഡ് വാര്‍ണര്‍ മോര്‍ക്കലിനെതിരെ ബൗണ്ടറിയും സിക്‌സറും പായിച്ച് കാണികളുടെ പ്രതീക്ഷ സജീവമാക്കി. വ്യക്തിഗത സ്‌ക്കോര്‍ 22 ല്‍ നില്‍ക്കവെ വാര്‍ണര്‍ തികച്ചും നിര്‍ഭാഗ്യകരമായി പുറത്തായി. മൈക് ഹസ്സി പായിച്ച ഷോട്ട് ബൗളറായ പാര്‍നലിന്റെ കൈകളില്‍ തട്ടി നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലെ സ്‌റ്റംമ്പില്‍ പതിക്കുമ്പോള്‍ വാര്‍ണര്‍ ക്രീസിലുണ്ടായിരുന്നില്ല.
പിന്നെ ഹസ്സി സഹോദരന്മാരുടെ ചെറുത്തുനില്‍പ്പായിരുന്നു. പക്ഷേ ഉയരുന്ന റണ്‍റേറ്റിനൊപ്പം സ്‌ക്കോറിംഗിനെ കൊണ്ടു പോവാന്‍ ഇവര്‍ക്കായില്ല. സഹോദരന്മാരുടെ സഖ്യം 69 ല്‍ എത്തിയപ്പോള്‍ പാര്‍ട്ട് ടൈം സ്‌പിന്നറായ ഡുമിനിയുടെ നിരുപദ്രവകരമായ പന്തില്‍ ഡേവിഡ് പുറത്തായി. ബ്രാഡ് ഹാദ്ദീന്‍ ക്രീസിലേക്ക് വരുമ്പോള്‍ 167 റണ്‍സായിരുന്നു ടീമിന് ആവശ്യം. ഡുമിനിയുടെ ഓവറുകളെ ഉപയോഗപ്പെടുത്തിയ ഹസിയും ഹാദ്ദിനും പ്രതീക്ഷ നിലനിര്‍ത്തുന്നതില്‍ വിജയിച്ചു. അവസാന പതിനാറ് ഓവറുകള്‍ ശേഷിക്കുമ്പോള്‍ 144 റണ്‍സായിരുന്നു ടീമിന് ആവശ്യം.
മുപ്പത്തിയേഴാം ഓവറില്‍ ഹസി ബാറ്റിംഗ് പവര്‍ പ്ലേ തെരഞ്ഞെടുത്തു. സര്‍ക്കിളിന് പുറത്ത് മൂന്ന് ഫീല്‍ഡര്‍മാര്‍ക്ക് മാത്രം അനുവാദമുളള ഈ ഘട്ടത്തില്‍ പന്തിനെ പറത്തുന്നതില്‍ ഹസി വിജയിച്ചു. സോട്‌സോബെയെ സിക്‌സറിനും ബൗണ്ടറിക്കും പറത്തി ഹസി ആവശ്യമായ റണ്‍റേറ്റിന് അരികിലേക്ക് പതുക്കെ നീങ്ങി. തന്ത്രപൂര്‍വ്വം അടവുമാറ്റിയ സോട്‌സോബ് വേഗത കുറഞ്ഞ പന്തില്‍ ഹസിയെ കബളിപ്പിച്ചു. വാലറ്റകാര്‍ക്ക് കാര്യമായൊന്നും ചെയ്യാനുമായില്ല.
സ്‌ക്കോര്‍ബോര്‍ഡ്
ദക്ഷിണാഫ്രിക്ക: അംല-സി-ഹാദ്ദിന്‍-ബി-ഹോപ്‌സ്-97, ഗിബ്‌സ്-സി-ഹോപ്‌സ്-ബി-ഹില്‍ഫാന്‍ഹസ്-7, മക്കന്‍സി-സി-ഹാദ്ദീന്‍-ബി-ഹോപ്‌സ്-10, ഡി വില്ലിയേഴ്‌സ്-സി-വാര്‍ണര്‍-ബി-ഹോപ്‌സ്-60, ഡുമിനി-നോട്ടൗട്ട്-60, ആബെ മോര്‍ക്കല്‍-ബി-ജോണ്‍സണ്‍-14, വാന്‍ ജാര്‍സ്‌വെല്‍ഡ്-സി-ഹസി-ബി-ഹില്‍ഫാന്‍ഹസ്-5, ബോത്ത-നോട്ടൗട്ട്-14, എക്‌സ്‌ട്രാസ് 21, ആകെ 50 ഓവറില്‍ ആറ് വിക്കറ്റിന് 288. വിക്കറ്റ് വീഴ്‌ച്ച: 1-28 (ഗിബ്‌സ്), 2-58 (മക്കന്‍സി), 3-176 (ഡി വില്ലിയേഴ്‌സ്), 4-196 (അംല), 5-212 (മോര്‍ക്കല്‍),6-256 (വാന്‍ ജാര്‍സ്വാല്‍ഡ്). ബൗളിംഗ്: ബ്രാക്കന്‍ 10-0-70-0, ഹില്‍ഫാന്‍ഹസ് 10-0-43-2, ജോണ്‍സണ്‍ 10-0-68-1, ഹോപ്‌സ് 9-1-44-3, ക്ലാര്‍ക്ക് 7-0-30-0, ഡേവിഡ് ഹസി 4-0-24-0.
ഓസ്‌ട്രേലിയ: മാര്‍ഷ്-സി-അംല-ബി-സോട്‌സോബ്-5, വാര്‍ണര്‍-റണ്ണൗട്ട്-22, പോണ്ടിംഗ്-സി-ഡി വില്ലിയേഴ്‌സ്-ബി-സോട്‌സോബ്-12, ക്ലാര്‍ക്ക്-ബി-മോര്‍ക്കല്‍-0, മൈക് ഹസി-ബി-സോട്‌സോബ്-78,ഡേവിഡ് ഹസി-സി-ബോത്ത-ബി-ഡുമിനി-32, ഹാദ്ദീന്‍-സി-സോട്ട്‌സോബ്-ബി-പാര്‍നല്‍-63, ഹോപ്‌സ്-ബി-ബോത്ത-11, ജോണ്‍സണ്‍ -സി ആന്‍ഡ് ബി-സോട്‌സോബ്-5, ബ്രാക്കന്‍-സി-സബ്-ബി-മോര്‍ക്കല്‍-5, ഹിള്‍ഫാന്‍ഹസ്-നോട്ടൗട്ട്‌്-1,എക്‌സ്‌ട്രാസ്-15, ആകെ 49 ഓവറില്‍ 249. വിക്കറ്റ് വീഴ്‌ച്ച: 1-10 (മാര്‍ഷ്), 2-35 (പോണ്ടിംഗ്), 3-35 (ക്ലാര്‍ക്ക്), 4-53 (വാര്‍ണര്‍), 5-122 (ഡേവിഡ് ഹസി), 6-174 (മൈക് ഹസി),7-218 (ഹോപ്‌സ്), 8-237 (മിച്ചല്‍), 9-244 (ഹാദ്ദീന്‍), 10-249 (ബ്രാക്കന്‍).
ഇന്ന് രണ്ടാം ഏകദിനം
കൊളംബോ: ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍ ഭാഗ്യത്തിന് മുന്നില്‍ നിഷ്‌കസിതരായ ശ്രീലങ്ക ഇന്ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ അഭിമാന പോരാട്ടം കാഴ്‌ച്ചവെക്കും. ക്യാപ്‌റ്റന്‍ മഹേല ജയവര്‍ദ്ധനെയാണ് മല്‍സരത്തലേന്ന് ടീമംഗങ്ങളോട് അഭിമാനപോരാട്ടത്തിന് തയ്യാറാാവന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രേമദാസ സ്‌റ്റേഡിയത്തിലെ പകല്‍ രാത്രി മല്‍സരം ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ആരംഭിക്കും. ആദ്യ മല്‍സരത്തില്‍ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ ആറ് വിക്കറ്റ് വിജയം വരിച്ചത്. ടീമില്‍ ഇന്ന് മാറ്റമുണ്ടാവില്ല. ലങ്കന്‍ നിരയില്‍ സെഞ്ച്വറി സ്വന്തമാക്കിയ സനത് ജയസൂര്യ മാത്രമായിരുന്നു പൊരുതിയത്. ബാറ്റിംഗില്‍ വിശ്വാസ്യത കാക്കാനായാല്‍ ഇന്ന് ജയിക്കാന്‍ കഴിയുമെന്നാണ് മഹേല പറയുന്നത്. നല്ല സ്‌ക്കോര്‍ നേടാനായാല്‍ ഇന്ത്യന്‍ ബാറ്റിംഗിനെ നിയന്ത്രിക്കാന്‍ സ്‌പിന്‍ ജോഡികളായ മുത്തയ്യ മുരളീധരനും അജാന്ത മെന്‍ഡിസുമുണ്ട്.
വിലക്ക് തന്നെ
കറാച്ചി: ഡോപ്പിംഗ് വിവാദത്തില്‍ പിടിക്കപ്പെട്ട പാക്കിസ്‌താന്‍ സീമര്‍ മുഹമ്മദ് ആസിഫിന് ഒരു വര്‍ഷത്തെ വിലക്ക് ലഭിക്കാന്‍ സാധ്യത. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആദ്യ പതിപ്പിനിടെ പിടിക്കപ്പെട്ട താരം കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തി ഐ.പി.എല്‍ ട്രിബ്യൂണലിന് മുന്നില്‍ ഹാജരായിരുന്നു. സ്റ്റിറോയിഡ് കലര്‍ന്ന ഐ ഡ്രോപ്പ് ഉപയോഗിച്ചതിനാലാണ് ഡോപ്പ് ടെസ്‌റ്റില്‍ താന്‍ പിടിക്കപ്പെട്ടതെന്നായിരുന്നു താരത്തിന്റെ വാദം. എന്നാല്‍ സുനില്‍ ഗവാസ്‌ക്കര്‍ ഉള്‍പ്പെട്ട മൂന്നംഗ ട്രിബ്യൂണല്‍ ഇത് അംഗീകരിച്ചിട്ടില്ല. ഉത്തേജകം ഉപയോഗിച്ച കുറ്റത്തിന് ഒരു വര്‍ഷത്തെ വിലക്കാണ് ട്രിബ്യൂണല്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രശ്‌നത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ വിലകക് തന്നെ സംബന്ധിച്ച് വലിയ നിരാശയായിരിക്കുമെന്ന് ആസിഫ് പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് ഞാന്‍ ട്രിബ്യൂണലിനോട് പറഞ്ഞതാണ്. അവര്‍ അത് വിശ്വസിച്ചിട്ടില്ലെങ്കില്‍ തെറ്റ് എന്റേതല്ല-ആസിഫ് പറഞ്ഞു.
ദി ബെസ്റ്റ്
കൊളംബോ: ഇന്ത്യക്കെതിരെ താന്‍ നേടിയ ഏറ്റവും മികച്ച സെഞ്ച്വറികളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം ധാംബൂലയില്‍ പിറന്നതെന്ന് ലങ്കന്‍ ഓപ്പണര്‍ സനത് ജയസൂര്യ. ഇന്ത്യക്കെതിരെ ധാരാളം സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന സെഞ്ച്വറികളിലൊന്ന്‌് ധാംബൂലയിലേതായിരിക്കുമെന്ന് സനത് പറഞ്ഞു. നാല്‍പ്പതാം വയസ്സിലാണ് സെഞ്ച്വറി പിറന്നത്. ഏകദിന ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ കുറിക്കപ്പെടുന്ന സെഞ്ച്വറിയാണിത്. 107 റണ്‍സാണ് ജയസൂര്യ നേടിയത്. ടീമിന് വളരെ അത്യാവശ്യമായ ഘട്ടത്തിലായിരുന്നു ആ സെഞ്ച്വറി. നല്ല തുടക്കം ടീമിന് ലഭിച്ചിരുന്നില്ല. ദില്‍ഷാന്‍ പുറത്തായപ്പോള്‍ ടീമിനെ മുന്നോട്ട് നയിക്കേണ്ട ജോലി എനിക്കായിരുന്നു-സനത് പറഞ്ഞു. ഇന്ത്യക്കെതിരെ നേടിയ സെഞ്ച്വറികളില്‍ ഏറ്റവും മികച്ചത് എന്തെന്ന ചോദ്യത്തിനും സനത് പെട്ടെന്ന് ഉത്തരം നല്‍കി. 1997 മെയില്‍ മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ പുറത്താവാതെ നേടിയ 151 റണ്‍സിന്റെ പ്രകടനം.
ക്ലാസിക്
മെല്‍ബണ്‍: ടെന്നിസ് ലോകം കാത്തിരിക്കുന്ന ക്ലാസിക് പോരാട്ടം റോഡ് ലീവര്‍ അറീനയില്‍ നാളെ കാണാം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ സ്വിസുകാരന്‍ റോജര്‍ ഫെഡ്‌ററിനെതിര റാക്കറ്റെടുക്കുന്നത് സ്‌പെയിനുകാരനായ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍. ഇന്നലെ നടന്ന മാരത്തോണ്‍ സെമിയില്‍ നദാല്‍ നാട്ടുകാരനായ ഫെര്‍ണാണ്ടോ വെര്‍ദാസ്‌ക്കോയെ അഞ്ച് സെറ്റ് ദീര്‍ഘിച്ച പോരാട്ടത്തില്‍ തോല്‍പ്പിച്ചു. സ്‌ക്കോര്‍ 6-7, (4-7),6-4, 7-6, (7-2),6-7, (1-7), 6-4. ടെന്നിസ് പ്രേമികള്‍ ശരിക്കും ആസ്വദിച്ച ആവേശപ്പോരാട്ടത്തില്‍ അനുഭവസമ്പത്താണ് നദാലിനെ തുണച്ചത്. 95 വിന്നറുകളുമായി വെര്‍ദാസ്‌കോ കളം നിറഞ്ഞ നിമിഷത്തില്‍ പതറാതെ നിന്നാണ് നദാല്‍ തന്റെ ഊഴം ഉപയോഗപ്പെടുത്തിയത്. ഇതാദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നദാല്‍ കലാശക്കളിക്ക് യോഗ്യത നേടുന്നത്.
No comments:
Post a Comment