Thursday, January 29, 2009


റോജര്‍ ഫൈനല്‍
മെല്‍ബണ്‍: അമേരിക്കന്‍ പ്രതിയോഗി ആന്‍ഡി റോഡിക്കിനെ നേരിട്ടുളള സെറ്റുകളില്‍ പരാജയപ്പെടുത്തി ലോക രണ്ടാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ റോജര്‍ ഫെഡ്‌റര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ ഫൈനല്‍ ടിക്കറ്റിന്‌ യോഗ്യത നേടി. ഇന്ന്‌ നടക്കുന്ന റാഫേല്‍ നദാല്‍-ഫെര്‍ണാണ്ടോ വെര്‍ദാസ്‌ക്കോ സെമിയിലെ വിജയികളെ ഞായറാഴ്‌ച്ച നടക്കുന്ന ഫൈനലില്‍ ഫെഡ്‌റര്‍ എതിരിടും. കഴിഞ്ഞ സീസണില്‍ വലിയ തിരിച്ചടികള്‍ നേരിട്ട ഫെഡ്‌റര്‍ സീസണിലെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പില്‍ കരുത്തുറ്റ പ്രകടനം നടത്തിയാണ്‌ അമേരിക്കന്‍ താരത്തെ വീഴ്‌ത്തിയത്‌. സ്‌ക്കോര്‍ 6-2, 7-5, 7-5.
ഫെഡ്‌ററിന്റെ പതിനെട്ടാമത്‌ ഗ്രാന്‍ഡ്‌സ്ലം ഫൈനലാണിത്‌. പത്തൊമ്പത്‌ തവണ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കളിച്ച ഇവാന്‍ ലെന്‍ഡലിന്റെ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ മികച്ച ഫോമില്‍ ഈ സീസണില്‍ തന്നെ ഫെഡ്‌റര്‍ക്കാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഞായറാഴ്‌ച്ച നടക്കുന്ന ഫൈനലില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ പീറ്റ്‌്‌ സംപ്രാസിന്റെ പേരിലുളള ഗ്രാന്‍ഡ്‌സ്ലാം ലോക റെക്കോര്‍ഡിനൊപ്പമെത്താനും സ്വിസ്‌ താരത്തിനാവും. സംപ്രാസ്‌ പതിനാല്‌ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്‌. ഫെഡ്‌റര്‍ ഇതിനകം പതിമൂന്ന്‌ തവണ ഗ്രാന്‍ഡ്‌സ്ലാമുകളില്‍ മുത്തമിട്ടിട്ടുണ്ട്‌.
റോഡിക്കിനെതിരായ മല്‍സരം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന്‌ മല്‍സര ശേഷം ഫെഡ്‌റര്‍ പറഞ്ഞു. ദീര്‍ഘകാലമായി ഞാന്‍ റോഡിക്കുമായി കളിക്കുന്നു. ഒരു ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ എപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്‌-അദ്ദേഹം പറഞ്ഞു. മല്‍സരത്തില്‍ മാത്രമാണ്‌ ശ്രദ്ധിച്ചതെന്നും ഇത്‌ പതിനെട്ടാമത്‌ തവണയാണ്‌ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കളിക്കുന്നത്‌ എന്നത്‌ തനിക്ക്‌ അറിയില്ലായിരുന്നുവെന്നും സൂപ്പര്‍ താരം പറഞ്ഞു.
വനിതാ വിഭാഗം ഫൈനലില്‍ അമേരിക്കയുടെ സറീന വില്ല്യംസും റഷ്യയുടെ ദിനാര സാഫിനയും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി സറീന നാലാം സീഡ്‌ റഷ്യക്കാരി എലീന ഡെമിത്തേവയെ തരിപ്പണമാക്കി. സ്‌ക്കോര്‍ 6-3, 6-4. മൂന്നാം സീഡായ സാഫീന നാട്ടുകാരിയായ വെറ സവറേവയെ 6-3, 7-6, (7-4) എന്ന സ്‌ക്കോറിനാണ്‌ പരാജയപ്പെടുത്തിയത്‌. ചാമ്പ്യന്‍ഷിപ്പിലുടനീളം തകര്‍പ്പന്‍ പ്രകടനം നടത്തിയാണ്‌ സറീന ഫൈനല്‍ ടിക്കറ്റ്‌ സ്വന്തമാക്കിയിരിക്കുന്നത്‌. സമീപകാലത്തുണ്ടായ തിരിച്ചടികള്‍ മറന്ന്‌ പവര്‍ ഗെയിമിന്റെ ശക്തയായ വക്താവായി മാറിയ അമേരിക്കക്കാരി ഡെമിത്തേവക്ക്‌ ഒരവസരവും നല്‍കിയില്ല. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടുകയല്ല മറിച്ച്‌ കൂടുതല്‍ സിംഗിള്‍സ്‌ കിരീടം സ്വന്തമാക്കുകയാണ്‌ തന്റെ ലക്ഷ്യമെന്ന്‌ അവര്‍ പറഞ്ഞു.
കനത്ത ചൂടിലാണ്‌ ഇന്നലെ റോഡ്‌ ലീവര്‍ അറീനയില്‍ മല്‍സരങ്ങള്‍ നടന്നത്‌. 4 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ ചൂട്‌. 1939 ന്‌ ശേഷം ഇതാദ്യമായാണ്‌ ഇത്രയും കനത്ത ചൂടില്‍ മല്‍സരങ്ങള്‍ നടക്കുന്നതെന്ന്‌ സംഘാടകര്‍ പറഞ്ഞു. സറീനയും ഡെമിത്തേവയും കളിക്കുമ്പോള്‍ റോഡ്‌ ലീവര്‍ അറീനയുടെ മേല്‍ക്കൂര സംഘാടകര്‍ താഴ്‌ത്താന്‍ നിര്‍ബന്ധിതരായിരുന്നു.

ലിവര്‍ വിറ
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ പിടിമുറുക്കുമ്പോള്‍ ലിവര്‍പൂളിന്‌ കാലിടറുന്നു. ഇന്നലെ നടന്ന ലീഗ്‌ മല്‍സരത്തില്‍ ലിവര്‍പൂള്‍ ദുര്‍ബലരെന്ന്‌ കരുതപ്പെട്ട വിഗാനുമായി സമനില വഴങ്ങിയപ്പോള്‍ ചെല്‍സി രണ്ട്‌ ഗോളിന്‌ മിഡില്‍സ്‌ബോറോയെ തരിപ്പണമാക്കി മാഞ്ചസ്‌റ്ററിന്‌ പിറകില്‍ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ വെസ്റ്റ്‌ ബ്രോംവിച്ചിനെ അഞ്ച്‌ ഗോളിന്‌ വീഴ്‌ത്തിയ മാഞ്ചസ്റ്റര്‍ ടേബിളില്‍ രണ്ട്‌ പോയന്റിന്റെ വ്യക്തമായ ലീഡ്‌ നേടിയിട്ടുണ്ട്‌. ലിവര്‍പൂള്‍, ചെല്‍സി എന്നിവരേക്കാള്‍ ഒരു മല്‍സരം കുറവാണ്‌ മാഞ്ചസ്‌റ്റര്‍ കളിച്ചിട്ടുളളതും.
പ്രീമിയര്‍ ലീഗ്‌ ആദ്യഘട്ടം പിന്നിട്ടപ്പോള്‍ എല്ലാവര്‍ക്കും മുന്നില്‍ നിന്ന ലിവര്‍പൂള്‍ 1990 ന്‌ ശേഷം ആദ്യമായി കിരീടത്തില്‍ മുത്തമിടാന്‍ തയ്യാറെടുക്കുകയും ചെയ്‌ത ഘട്ടത്തിലാണ്‌ മാഞ്ചസ്‌റ്റര്‍ കരുത്തോടെ തിരിച്ചെത്തിയത്‌. ജപ്പാനില്‍ നടന്ന ഫിഫ ലോക ക്ലബ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയതിന്‌ ശേഷം അലക്‌സ്‌ ഫെര്‍ഗൂസന്റെ സംഘത്തിന്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കളിച്ച മല്‍സരങ്ങളില്ലെല്ലാംവിജയം കൊയ്‌താണ്‌ അവര്‍ മുന്നേറുന്നത്‌.
വിഗാനെതിരെ ലിവര്‍പൂള്‍ വ്യക്തമായ വിജയം നേടുമെന്നാണ്‌ കരുതപ്പെട്ടത്‌. വിജയിക്കുന്ന അവര്‍ക്ക്‌ ടേബിളില്‍ ഒന്നാമത്‌ വരാനും കഴിയുമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ നേടിയ ലീഡ്‌ അവര്‍ കളഞ്ഞ്‌്‌ കുളിച്ചു. യോസി ബനിയോനായിരുന്നു സ്‌ക്കോറര്‍.ലോംഗ്‌ വിസിലിന്‌ തൊട്ട്‌ മുമ്പ്‌ ഈജിപ്‌തുകാരനായ മുന്‍നിരക്കാരന്‍ മിഡോ നേടിയ പെനാല്‍ട്ടി ഗോളിലാണ്‌്‌ വിഗാന്‍ ഒപ്പമെത്തിയത്‌.
മല്‍സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും മൂന്ന്‌ പോയന്റ്‌ സമ്പാദിക്കാന്‍ കഴിയാത്തതിലെ നിരാശ മറച്ചുവെക്കാന്‍ ലിവര്‍പൂള്‍ കോച്ച്‌ റാഫേല്‍ ബെനിറ്റസ്‌ തയ്യാറായില്ല. ചാമ്പ്യന്‍ഷിപ്പിന്റെ ഉയരത്തില്‍ നില്‍ക്കുന്ന ഏത്‌ ടീമിനും എല്ലാ മല്‍സരങ്ങളും വളരെ നിര്‍ണ്ണായകമാണ്‌. മൂന്ന്‌ പോയന്റ്‌ ലഭിക്കാവുന്ന മല്‍സരത്തില്‍ അത്‌ ലഭിക്കാതെ വരുമ്പോഴുളള നിരാശ ചെറുതല്ല. ഞായറാഴ്‌ച്ച ചെല്‍സിക്കെതിരെ നടക്കുന്ന മല്‍സരത്തില്‍ മികവ്‌ പ്രകടിപ്പിച്ച്‌ ശക്തരായി തിരിച്ചുവരുമെന്ന്‌ ബെനിറ്റസ്‌ പറഞ്ഞു.
മിഡില്‍സ്‌ബോറോക്കെതിരായ മല്‍സരത്തില്‍ സലോമാന്‍ കാലു നേടിയ ഇരട്ട ഗോളുകളാണ്‌ ചെല്‍സിയെ തുണച്ചത്‌. ടേബിളിലിപ്പോള്‍ മാഞ്ചസ്‌റ്ററിന്‌ പിറകെ ചെല്‍സിയും ലിവര്‍പൂളും ഒപ്പത്തിനൊപ്പമാണ്‌. ഗോള്‍ ശരാശരിയുടെ ആനുകൂല്യം പക്ഷേ ചെല്‍സിക്കുണ്ട്‌. ഈ രണ്ട്‌ ടീമുകള്‍ തമ്മില്‍ ഞായറാഴ്‌ച്ച നടക്കുന്ന മല്‍സരം ഇതോടെ ലീഗിലെ ഏറ്റവും മികച്ച മല്‍സരമായി മാറും. ബ്ലാക്‌ബര്‍ണും ബോള്‍ട്ടണും തമ്മില്‍ നട
ന്ന ആവേശകരമായ മല്‍സരം 2-2 ല്‍ അവസാനിച്ചു. മല്‍സരത്തിന്റെ തുടക്കത്തില്‍ ബ്ലാക്‌ബര്‍ണ്‍ രണ്ട്‌ ഗോളിന്‌ പിറകിലായിരുന്നു. എന്നാല്‍ ബെന്നി മക്‌ഗ്രാത്തിയുടെ മികവില്‍ രണ്ടാം പകുതിയില്‍ ബ്ലാക്‌ബര്‍ണ്‍ തിരിച്ചെത്തി. മറ്റൊരു മല്‍സരത്തില്‍ റോബിഞ്ഞോയുടെ കരുത്തില്‍ മാഞ്ചസ്‌റ്റര്‍ സിറ്റി 2-1ന്‌ ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു. ആദ്യ ഇലവനില്‍ തന്നെ സ്ഥാനം നേടിയ റോബിഞ്ഞോ ടീമിന്റെ ആദ്യ ഗോള്‍ നേടുക മാത്രമല്ല രണ്ടാം ഗോളിന്‌ ഷോണ്‍ റൈറ്റ്‌ ഫിലിപ്പ്‌സിന്‌ പന്ത്‌ കൈമാറുകയും ചെയ്‌തു. കഴിഞ്ഞയാഴ്‌ച്ച ആരോടും പറയാതെ ടീം ക്യാമ്പ്‌ വിട്ട്‌ ബ്രസീലില്‍ പോയതിന്‌ റോബിഞ്ഞോക്കെതിരെ അച്ചടക്ക നടപടിക്ക്‌ സിറ്റി ആലോചിക്കുന്നതിനിടെയാണ്‌ അദ്ദേഹത്തെ ആദ്യ ഇലവനില്‍ തന്നെ കളിപ്പിച്ചത്‌. മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ സൂപ്പര്‍ താരം മൈക്കല്‍ ഓവന്‍ പരുക്കുമായി പിന്മാറിയത്‌ ന്യൂകാസിലിന്‌ ക്ഷീണമായി. ഹള്‍ സിറ്റിയെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിച്ച്‌ വെസ്റ്റ്‌ ഹാം കരുത്ത്‌ കാട്ടി.

പിഴ
മെല്‍ബണ്‍: ന്യൂസിലാന്‍ഡ്‌ വിക്കറ്റ്‌ കീപ്പര്‍ ബ്രെന്‍ഡന്‍ മക്കുലത്തെക്കുറിച്ച്‌ റേഡിയോ അഭിമുഖത്തില്‍ മോശം പരാമര്‍ശം നടത്തിയതിന്‌ ആന്‍ഡ്ര്യൂ സൈമണ്ട്‌സിന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വലിയ പിഴ വിധിച്ചു. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ സൈമണ്ട്‌സ്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുടെ അച്ചടക്കസമിതി മുമ്പാകെ ഹാജരായി കുറ്റസമ്മതം നടത്തിയിരുന്നു. മക്കുലത്തോട്‌ മാപ്പ്‌ പറയാനും സൈമണ്ട്‌സ്‌ താല്‍പ്പര്യമെടുത്തിരുന്നു. തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തുന്ന ഓള്‍റൗണ്ടര്‍ക്കെതിരെ കര്‍ക്കശ നടപടിക്ക്‌ താമസിയാതെ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ മുതിരുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ താരം ഹര്‍ഭജന്‍സിംഗുമായി സൈമണ്ട്‌സ്‌ ഉടക്കിയത്‌ ലോക ക്രിക്കറ്റിലെ വന്‍വിവാദങ്ങളില്‍ ഒന്നായി മാറിയിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരക്കിടെ ടീം മീറ്റിംഗില്‍ പങ്കെടുക്കാതെ മീന്‍ പിടിക്കാന്‍ പോയ കുറ്റത്തിന്‌ ശിക്ഷിക്കപ്പെട്ട സൈമണ്ട്‌സ്‌ ഈയിടെയാണ്‌ ടീമില്‍ തിരിച്ചെത്തിയത്‌. എന്നാല്‍ പരുക്ക്‌ കാരണം ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ കളിക്കാന്‍ സൈമണ്ട്‌സ്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. അടുത്ത മാസം ഓസ്‌ട്രേലിയന്‍ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‌ പോവുകയാണ്‌. മൂന്ന്‌ ടെസ്‌റ്റും അഞ്ച്‌ ഏകദിനങ്ങളും ഒരു 20-20 മല്‍സരവുമാണ്‌ പരമ്പരയിലുളളത്‌. ഈ പരമ്പരയില്‍ കളിക്കാന്‍ സൈമണ്ട്‌സിന്‌ താല്‍പ്പര്യമുണ്ട്‌. എന്നാല്‍ അച്ചടക്ക ലംഘനം തുടര്‍ച്ചയായി നടത്തുന്ന താരത്തിനോട്‌ മമത കാട്ടാന്‍ സെലക്ടര്‍മാര്‍ തയ്യാറാവുമോ എന്ന്‌ കണ്ടറിയണം.

ഔട്ട്‌
സിഡ്‌നി: അടുത്ത മാസം നടക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടന സംഘത്തില്‍ ഫാസ്റ്റ്‌ ബൗളര്‍ സ്റ്റ്യൂവര്‍ട്ട്‌ ക്ലാര്‍ക്ക്‌ ഉണ്ടാവില്ല. വലത്‌ കൈക്കുഴയില്‍ ശസ്‌ത്രക്രിയ നടത്തിയ ക്ലാര്‍ക്ക്‌ ഇപ്പോള്‍ വിശ്രമത്തിലാണ്‌. 33 കാരനായ ക്ലാര്‍ക്കിന്‌ ഈയിടെ നടന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ പരമ്പരയിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന്‌ ടെസ്‌റ്റും അഞ്ച്‌ ഏകദിനങ്ങളും ഒരു 20-20 മല്‍സരവും ഉള്‍പ്പെടുന്ന പരമ്പര നഷ്ടമാവുമ്പോള്‍ ക്ലാര്‍ക്കിന്‌ ഇനി ദേശീയ ടീമിനായി കളിക്കാന്‍ ആഷസ്‌ പരമ്പര വരെ കാത്തിരിക്കണം. ഫെബ്രുവരി അവസാനത്തോടെ ക്ലാര്‍ക്കിന്‌ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനാവുമെന്നാണ്‌ കരുതപ്പെടുന്നത്‌.

അപ്പീല്‍ രണ്ട്‌
ദുബായ്‌: അമ്പയര്‍മാരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്‌ത്‌ അപ്പീല്‍ നല്‍കാന്‍ ടീമുകള്‍ക്ക്‌ നല്‍കിയ സ്വാതന്ത്ര്യം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ.സി.സി) വെട്ടിചുരുക്കുന്നു. മൂന്ന്‌ അപ്പീലുകളാണ്‌ ഒരു ഇന്നിംഗ്‌സില്‍ ഒരു ടീമിന്‌ നല്‍കിയിരുന്നത്‌. എന്നാല്‍ അപ്പീല്‍ ബഹളത്തില്‍ ഇത്‌ രണ്ടായി കുറക്കാനാണ്‌ പുതിയ തിരുമാനം. ഉടന്‍ നടക്കാന്‍ പോവുന്ന വിന്‍ഡീസ്‌-ഇംഗ്ലണ്ട്‌ പരമ്പരയില്‍ ടീമുകള്‍ക്ക്‌ അപ്പീലിന്‌ രണ്ട്‌ അവസരങ്ങളാണ്‌ നല്‍കിയിരിക്കുന്നത്‌. പരീക്ഷണാര്‍ത്ഥമാണ്‌ ഐ.സി.സി അപ്പീല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്‌. അമ്പയര്‍മാരുടെ തീരുമാനങ്ങളില്‍ സംശയമുണ്ടെങ്കില്‍ ഫീല്‍ഡിംഗ്‌ ക്യാപ്‌റ്റന്‌ അതിനെ ചോദ്യം ചെയ്യാനും അന്തിമ തീരുമാനത്തിന്‌ തേര്‍ഡ്‌ അമ്പയറെ സമീപിക്കാനും അവസരമുണ്ടായിരുന്നു. എന്നാല്‍ അപ്പീലുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ്‌ മാറ്റത്തിന്‌ ഐ.സി.സി തയ്യാറായത്‌.

ഭൂപതി ഫൈനലില്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്‌ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ്‌ ഭൂപതി-ബഹമാസിന്റെ മാര്‍ക്‌ നോളസ്‌ സഖ്യം ഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കി. അതേ സമയം മറ്റൊരു ഇന്ത്യന്‍ താരമായ ലിയാന്‍ഡര്‍ പെയ്‌സ്‌ പുറത്തായി. ലൂക്കാസ്‌ ഡോള്‍ഫിക്കൊപ്പം കളിച്ച പെയ്‌സ്‌ സെമി പോരാട്ടത്തില്‍ അമേരിക്കയില്‍ നിന്നുളള രണ്ടാം സീഡ്‌ ബ്രയന്‍ സഹോദരന്മാരോടാണ്‌ പരാജയപ്പെട്ടത്‌.
2002 ല്‍ യു.എസ്‌ ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ കിരീടം സ്വന്തമാക്കിയതിന്‌ ശേഷം ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പുകളില്‍ കപ്പില്‍ മുത്തമിടാന്‍ അവസരം ലഭിക്കാത്ത മഹേഷിന്‌ ഇത്‌ കനകാവസരമാണ്‌. 2008 ലാണ്‌ മഹേഷും നോളസും ഒരുമിച്ചത്‌. ഇത്‌ ഇവരുടെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം ഫൈനലാണ്‌. മുമ്പ്‌ പെയ്‌സിനൊപ്പം കളിച്ചപ്പോള്‍ പോലും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഒന്നാമനാവാന്‍ മഹേഷിന്‌ കഴിഞ്ഞിരുന്നില്ല. പെയ്‌സ്‌-മഹേഷ്‌ സഖ്യം ഫ്രഞ്ച്‌ ഓപ്പണിലും വിംബിള്‍ഡണിലും കിരീടം നേടിയിരുന്നു. യു.എസ്‌ ഓപ്പണില്‍ വിത്യസ്‌ത പാര്‍ട്ടണര്‍മാര്‍ക്കൊപ്പവും ഇവര്‍ക്ക്‌ കിരീടമുണ്ടായിരുന്നു. ഇന്നലെ പെയ്‌സ്‌-ഡോള്‍ഫി സഖ്യം ജയിച്ചിരുന്നെങ്കില്‍ ഫൈനല്‍ മല്‍സരം രണ്ട്‌ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലാവുമായിരുന്നു. പക്ഷേ പെയ്‌സിന്‌ ബ്രയന്‍ സഹോദരന്മാരുടെ കൂട്ടായ്‌മക്‌്‌ മുന്നില്‍ പൊരുതി നില്‍ക്കാനായില്ല.

സച്ചിന്‍ നിര്‍ബന്ധം
ന്യൂഡല്‍ഹി: ലോക ക്രിക്കറ്റില്‍ ഇന്ത്യക്ക്‌ ഒന്നാം സ്ഥാനം കൈവരിക്കണമെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമിനൊപ്പമുണ്ടായിരിക്കണമെന്ന്‌ ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററായ ഷെയിന്‍ വോണ്‍. നിലവില്‍ മഹേന്ദ്രസിംഗ്‌ ധോണി നയിക്കുന്ന ടീം രാജ്യാന്തര മല്‍സരങ്ങളില്‍ സ്ഥിരത പ്രകടിപ്പിക്കുന്നുണ്ട്‌. പക്ഷേ അനുഭവസമ്പന്നനായ സച്ചിനെ പോലുളളവര്‍ ടീമിലുണ്ടാവുമ്പോഴാണ്‌ മാറ്റം വ്യക്തമാവുന്നത്‌. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌ എന്നിവര്‍ക്കെതിരെ ശക്തമായ വിജയം നേടിയ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമാണ്‌ ഏറ്റവും മികച്ച ഇന്ത്യന്‍ ടീം എന്ന്‌ താന്‍ കരുതുന്നില്ലെന്ന്‌ വോണ്‍ പറഞ്ഞു. 1991 ലെ ഇന്ത്യന്‍ ടീമാണ്‌ ഏറ്റവും മികച്ചതായി എനിക്ക്‌ തോന്നിയത്‌. ഇപ്പോഴത്തെ ടീം മികച്ചവരുടേതാണ്‌. സച്ചിന്‍ കളിക്കുന്ന കാലത്ത്‌ ഈ ടീമിന്‌ ലോക റാങ്കിംഗില്‍ ഒന്നാമതെത്താന്‍ മല്‍സരിക്കാം. മറ്റ്‌ ബാറ്റ്‌സ്‌മാന്മാരില്‍ നിന്ന്‌ സച്ചിന്‍ വിത്യസ്‌തനാവുന്നത്‌ അദ്ദേഹം ബൗളര്‍മാരെ പഠിക്കുന്നതിലാണ്‌. ഒരു ബൗളറുടെ ലൈനും ലെംഗ്‌തും വളരെ എളുപ്പം മനസ്സിലാക്കാന്‍ സച്ചിന്‌ കഴിയുന്നു. ഓസ്‌ട്രേലിയന്‍ ടീമിന്റെ സമീപകാല തോല്‍വികള്‍ ടീമിന്റെ അധ:പതന സൂചനയല്ല. മറ്റ്‌ ടീമുകള്‍ ഓസ്‌ട്രേലിയക്കൊപ്പമെത്തുന്നതാണ്‌ മാറ്റം. ഇന്ത്യയില്‍ വെച്ച്‌ ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമല്ലെന്നും വോണ്‍ പറഞ്ഞു.

No comments: