Tuesday, January 20, 2009
OBAMA- THE SPORTSMAN
ഒബാമക്ക് കായികലോകത്തിന്റെ സ്വാഗതം
വാഷിംഗ്‌ടണ്‍: അമേരിക്കയുടെ നാല്‍പ്പത്തിനാലാമത് പ്രസിഡണ്ടായി ഇന്നലെ ചുമതലയേറ്റ ബാരക് ഒബാമക്ക് കായിക ലോകത്തിന്റെ മംഗളങ്ങള്‍. അമേരിക്കയെയും ലോകത്തെയും സമാധാനത്തിന്റെ പാതയില്‍ കരുത്തോടെ നയിക്കാന്‍ ഒബാമക്ക് കഴിയുമെന്നാണ് മുന്‍ ലോക ഹെവിവെയ്‌റ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ മുഹമ്മദലി ഉള്‍പ്പടെയുളള പ്രമുഖര്‍ കരുതുന്നത്. കായിക മേഖലയലെ വിദഗ്‌ദ്ധരുടെ അഭിപ്രായപ്രകടനങ്ങളിലൂടെ-
മുഹമ്മദലി: അമേരിക്കയെയും ലോകത്തെയും പുതുയുഗത്തിലേക്ക് നയിക്കാന്‍ പ്രാപ്‌തനാണ് ഒബാമ. പ്രായം 47 മാത്രം. ലോകത്തിന്റെ ഗതിവിഗതികളെ പഠിക്കാനും സമാധാനത്തെ പുണരാനും അദ്ദേഹത്തിന് കഴിയും. ലോകത്താകമാനം അരാജകത്വം നിലനില്‍ക്കുന്നുണ്ട്. പാവപ്പെട്ടവരെ പീഡിപ്പിക്കുന്ന, സാമ്രാജ്യത്വത്തിന്റെ കരാള ഹസ്‌തങ്ങളെ പരാജയപ്പെടുത്താന്‍ ഒബാമ ശ്രമിക്കണം.
ജോണ്‍ തോംസണ്‍: ഒരു പുതിയ പ്രസിഡണ്ട് അധികാരമേല്‍ക്കുമ്പോള്‍ എപ്പോഴും അത് പ്രതീക്ഷകള്‍ സമ്മാനിക്കും. ഒബാമ ആഫ്രിക്കന്‍ അമേരിക്കനാണ്. ഇതാദ്യമായാണ് ഒരു കറുത്ത വംശജന്‍ അമേരിക്കയെ ഭരിക്കാന്‍ പോവുന്നത്. അമേരിക്കയുടെ പ്രസിഡണ്ടാവാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഇത് വരെ ഒരു ആഫ്രിക്കന്‍ അമേരിക്കനും ചിന്തിച്ചിട്ടില്ല. ഇപ്പോള്‍ അവര്‍ക്ക് അതിന് കഴിയുന്നു. ലോകത്തെ നയിക്കാന്‍ ഒബാമക്ക് കഴിയും (അമേരിക്കന്‍ ഒളിംപിക് ടീമിന്റെ ആദ്യ കറുത്ത വംശജനായ കോച്ചാണ് ജോണ്‍ തോംസണ്‍)
ടോം വില്ല്യംസ്: എല്ലാ അര്‍ത്ഥത്തിലും ഇത് പുതുയുഗ പിറവിയാണ്. ചരിത്രപരവും സാമുഹ്യപരവും സാംസ്‌കാരിക പരവുമായി പ്രാധാന്യം ഇതിനുണ്ട്. അമേരിക്കന്‍ ജനതയെ സമാധാനത്തിലേക്ക് നയിക്കാന്‍ എന്ത് കൊണ്ടും യോഗ്യന്‍ ഒബാമയാണ്. (യെലെ സര്‍വകലാശാല ഫുട്‌ബോള്‍ കോച്ചാണ് ടോം).
ക്രിക്കറ്റ്...
കറാച്ചി: ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക നല്ല തുടക്കത്തിന് ശേഷം 45.2 ഓവറില്‍ 219 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ റാവു ഇഫ്‌ത്തിക്കാര്‍, ഉമര്‍ ഗുല്‍ എന്നിവരാണ് ലങ്കന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ല് ഒടിച്ചത്. തിലകരത്‌നെ ദില്‍ഷാനും സനത് ജയസൂര്യയുമാണ് ഇന്നിംഗ്‌സിന് തുടക്കമിട്ടത്. ആദ്യ ഒമ്പത് ഓവറില്‍ തന്നെ 71 റണ്‍സുമായി ഇവര്‍ പാക്കിസ്‌താന്‍ ബൗളര്‍മാരെ ഞെട്ടിച്ചു. ഇവര്‍ പുറത്തായതിന് ശേഷമാണ് ടീം തകര്‍ന്നത്.
പേസ് ബൗളര്‍മാരെ തുടക്കത്തില്‍ തുണക്കുമെന്ന് കരുതപ്പെട്ട പിച്ചില്‍ ടോസ് നേടിയ ലങ്ക ബാറ്റിംഗിന് തിരുമാനിക്കുകയായിരുന്നു. മല്‍സരം 25 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 143 റണ്‍സ് എന്ന നിലയില്‍ സാമാന്യം ഭദ്രമായ സ്‌ക്കോറിലേക്കാണ് അവര്‍ നീങ്ങിയത്. പക്ഷേ പഴക്കം ചെന്ന പന്തില്‍ പാക് സ്‌പിന്നര്‍മാരും ഒപ്പം സീമര്‍മാരും അരങ്ങ് തകര്‍ത്തു. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കാന്‍ കഴിയാതിരുന്ന ദില്‍ഷാനും തട്ടുതകര്‍പ്പന്‍ ഓപ്പണറായ ജയസൂര്യയും ഒരുമിച്ചപ്പോള്‍ ഷുഹൈബ് അക്തറിനെ പോലെയുളള അതിവേഗക്കാര്‍ക്ക് ഒന്നും ചെയ്യാനായില്ല. 2007 ന് ശേഷം ആദ്യമായി രാജ്യത്തിന് കളിക്കുന്ന അക്തറിന് ബാറ്റ്‌സ്‌മാന്മാരെ വിറപ്പിക്കാന്‍ കഴിഞ്ഞില്ല.
ദില്‍ഷാന്‍ 17 ല്‍ നില്‍ക്കുമ്പോള്‍ അക്തറിന്റെ പന്തില്‍ ഉയര്‍ന്ന അവസരം ഒന്നാം സ്ലിപ്പില്‍ യൂനസ്‌ഖാന്‍ പാഴാക്കിയിരുന്നു. താളം കണ്ടെത്താന്‍ അക്തര്‍ വിഷമിച്ചപ്പോള്‍ സ്ലിപ്പില്‍ ഒരു ഫീല്‍ഡറെ മാത്രമാണ് ക്യാപ്‌റ്റന്‍ ഷുഹൈബ് മാലിക് നിയോഗിച്ചത്. ഭാഗ്യത്തെ ഉപയോഗപ്പെടുത്തിയ ദില്‍ഷാന്‍ പിന്നെ തിരിഞ്ഞു നോക്കിയില്ല. ആദ്യ ഏഴ് ഓവറില്‍ സ്‌ക്കോര്‍ബോര്‍ഡില്‍ 59 റണ്‍സായപ്പോള്‍ മാലിക് രണ്ട് ബൗളര്‍മാരെയും മാറ്റി. സുഹൈല്‍ തന്‍വീറും ഉമര്‍ ഗുലും വന്നപ്പോള്‍ മാറ്റമുണ്ടായി. തന്റെ ആദ്യ ഓവറില്‍ തന്നെ ഗുല്‍ ദില്‍ഷാനെ പുറത്താക്കി. ടീമിന് നല്ല തുടക്കം നല്‍കാന്‍ നിയോഗിക്കപ്പെട്ട ദില്‍ഷാന്‍ സ്വന്തം ജോലി നിര്‍വഹിച്ചാണ് മടങ്ങിയത്. 2008 ജൂണിന് ശേഷം ശ്രീലങ്ക ആദ്യമായാണ് ഓപ്പണിംഗ് വിക്കറ്റില്‍ അമ്പത് റണ്‍സ് പിന്നിടുന്നത്.
സുഹൈല്‍ തന്‍വീറിന്റെ ലക്ഷ്യമില്ലാത്ത ബൗളിംഗ് ജയസൂര്യക്ക് കൈകള്‍ സ്വതന്ത്രമാക്കാന്‍ അവസരം നല്‍കി. വ്യക്തിഗത സ്‌ക്കോര്‍ 35 ല്‍ റാവു ഇഫ്‌ത്തിക്കാറിന്റെ പന്തില്‍ ജയസൂര്യ നല്‍കിയ അനായാസ അവസരം പോയന്റില്‍ ഷാഹിദ് അഫ്രീദി പാഴാക്കിയിരുന്നു. പക്ഷേ ഗുലിന്റെ വരവില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി അപകടകാരിയായ താരം പുറത്തായി. തീര്‍ത്തും മങ്ങിയ ഫോമിലുളള നായകന്‍ മഹേല ജയവര്‍ദ്ധന ക്രീസില്‍ വന്നപ്പോള്‍ തുടക്കത്തില്‍ തന്നെ അദ്ദേഹത്തെ പുറത്താക്കാന്‍ പാക് ബൗളര്‍മാര്‍ പ്രയോഗിച്ച തന്ത്രം പാഴായില്ല. കഴിഞ്ഞ ആറ് ഇന്നിംഗ്‌സില്‍ തന്റെ നാലാമത്തെ വട്ടപൂജ്യവുമായി മഹേല മടങ്ങി.
റോബിഞ്ഞോ മുങ്ങി
ലണ്ടന്‍:അനുവാദമില്ലാതെ കോച്ചിംഗ് ക്യാമ്പില്‍ നിന്ന് മുങ്ങിയതിന് ബ്രസീലിയന്‍ മുന്‍നിരക്കാരന്‍ റോബിഞ്ഞോക്കെതിരെ പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്‌റ്റര്‍ സിറ്റി അച്ചടക്കനടപടിക്കൊരുങ്ങുന്നു. ആരോടും പറയാതെയാണ് റോബിഞ്ഞോ മുങ്ങിയിരിക്കുന്നത്. അദ്ദേഹം സ്വന്തം നാട്ടില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്. റെക്കോര്‍ഡ് തുകക്ക് സ്‌പാനിഷ് ക്ലബായ റയല്‍ മാഡ്രിഡില്‍ നിന്നും സിറ്റിയിലെത്തിയ റോബിഞ്ഞോ ഇതിനകം 14 ഗോളുകള്‍ ക്ലബിനായി സ്വന്തമാക്കിയിട്ടുണ്ട്. സിറ്റിയുടെ ആരാധകരുടെ പ്രിയപ്പെട്ട താരവും ഇപ്പോള്‍ മറ്റാരുമല്ല. ആരോടും പറയാതെ റോബിഞ്ഞോ എന്തിനാണ് മുങ്ങിയത് എന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ക്ലബിന് കഴിയുന്നില്ല.
ആസിഫ് ഇല്ല
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിക്കാന്‍ ഇനി പാക്കിസ്‌താന്‍ സീമര്‍ മുഹമ്മദ് ആസിഫില്ല. മൂന്ന് വര്‍ഷത്തെ കരാറില്‍ നേരത്തെ ആസിഫ് ഒപ്പിട്ടിരുന്നുവെങ്കിലും ഉത്തേജക വിവാദത്തില്‍ പ്രതിയായ പാക് സീമറുമായി കളിക്കാനുളള താല്‍പ്പര്യക്കുറവ് ഡല്‍ഹി ഡെയര്‍
ഡെവിള്‍സ് താരത്തെ അറിയിക്കുകയായിരുന്നു. ടീമുമായുളള സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ട് ദിവസം മുമ്പ് ആസിഫ് ഇവിടെയെത്തിയിരുന്നു. രണ്ട് ദിവസത്തോളം വിശദമായി ചര്‍ച്ച ചെയ്‌ത ശേഷമാണ് ഡെയര്‍ഡെവിള്‍സുമായുളള ബന്ധം വിഛേദിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്നും പ്രശ്‌നങ്ങളെയെല്ലാം അതിജയിച്ച ശേഷം രാജ്യത്തിനായി കളിക്കുകയാണ് പ്രധാനമെന്നും ആസിഫ് പറഞ്ഞു. ഐ.പി.എല്ലിലെ ആദ്യ സീസണില്‍ ഡല്‍ഹിക്കായി തിളങ്ങിയ ആസിഫ് മടക്കയാത്രയില്‍ ദുബായ് വിമാനത്താവളത്തില്‍ വെച്ച് പിടിക്കപ്പെടുകയായിരുന്നു. പിടിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കൈവശം നിരോധിക്കപ്പെട്ട ഉത്തേജക മരുന്നുകളുണ്ടായിരുന്നു. ഈ സംഭവത്തിന് ശേഷം രാജ്യാന്തര രംഗത്ത് നിന്ന് വിലക്കപ്പെട്ട താരത്തിന് ഇനി ഒരു പുനര്‍ജന്മം എളുപ്പമല്ല.
കക്ക കളം മാറുന്നില്ല
മിലാന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വന്‍ വാഗ്‌ദാനത്തിന് ഏ.സി മിലാന്‍ അനുകൂലമായി പ്രതികരിച്ചിട്ടും ബ്രസീലുകാരന്‍ കക്ക സാന്‍സിറോ വിടുന്നില്ല. മിലാനില്‍ തന്നെ തുടരാനാണ് തന്റെ തീരുമാനമെന്ന് കക്ക വ്യക്തമാക്കി. 650 കോടിയുടെ റെക്കോര്‍ഡ് തുകക്ക് കക്കയെ മാഞ്ചസ്‌റ്റര്‍ സിറ്റി റാഞ്ചിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തല്‍ക്കാലം മിലാനില്‍ തന്നെ തുടരാനാണ് തന്റെ തീരുമാനമെന്ന് ക്ലബ് വെബ് സൈറ്റിലൂടെ കക്ക വ്യക്തമാക്കി. 2001 ല്‍ യുവന്തസില്‍ നിന്നും ഫ്രഞ്ച് സൂപ്പര്‍ താരം സൈനുദ്ദീന്‍ സിദാനെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് ചെലവിട്ട റെക്കോര്‍ഡ് തുകയെക്കാള്‍ വലിയ തുക വാഗ്‌ദാനം ചെയ്‌തിട്ടും കക്ക സ്വന്തം ക്ലബിലേക്ക് വരാത്തതില്‍ സിറ്റി നിരാശ പ്രകടിപ്പിച്ചു.
കൈഫ്, ലക്ഷ്‌മണ്‍ നായകര്‍
ബാംഗ്ലൂര്‍: ദൂലിപ് ട്രോഫി ക്രിക്കറ്റിനുളള ഉത്തര മേഖലാ ടീമിനെ മഹമ്മദ് കൈഫും ദക്ഷിണ മേഖലാ ടീമിനെ വി.വി.എസ് ലക്ഷ്‌മണും നയിക്കും. ഇരു ടീമുകളും തമ്മിലുളള മല്‍സരം നാളെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കും. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്, റോബിന്‍ ഉത്തപ്പ, എസ്.ശ്രീശാന്ത്, എസ്.ബദരീനാഥ്, ഈ സീസണില്‍ ഹൈദരാബാദിന് വേണ്ടി രഞ്‌ജി ട്രോഫി ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ അനൂപ് പൈ തുടങ്ങിയവരാണ് ദക്ഷിണ മേഖലാ സംഘത്തിലുളളത്. അഞ്ച് തമിഴ്‌നാട് താരങ്ങള്‍ ദക്ഷിണമേഖലാ സംഘത്തിലുണ്ട്. ഇവരില്‍ ഒന്നാമന്‍ രഞ്‌ജി സീസണില്‍ നാല് സെഞ്ച്വറികള്‍ സ്വന്തമാക്കിയ അഭിനവ് മുകുന്ദാണ്. വിക്കറ്റ് കീപ്പിംഗ് ഗ്ലൗസുകള്‍ ഒരിക്കല്‍കൂടി ദിനേശ് കാര്‍ത്തിക്കിനായിരിക്കും. മുന്‍ ഇന്ത്യന്‍ താരം എല്‍.ബാലാജിക്കും അവസരമുണ്ട്. ബദരീനാഥ്, ഓഫ് സ്‌പിന്നര്‍ ആര്‍.അശ്വിന്‍ എന്നിവരും കളിക്കുന്നു. ശ്രീശാന്തിന് ദേശീയ ടീമില്‍ തിരിച്ചെത്താനുള്ള അവസരാമാണിത്. പക്ഷേ ഫിറ്റ്‌നസ് തെളിയിക്കാത്തപക്ഷം വീണ്ടും പുറത്തിരിക്കാനായിരിക്കും കൊച്ചിക്കാരന്റെ വിധി. രഞ്‌ജി സീസണില്‍ കേരളത്തിനായി ഒരു മല്‍സരം മാത്രമാണ് ശ്രീശാന്തിന് കളിക്കാനായത്. താര്‍ഖണ്ഡിനെതിരായ മല്‍സരത്തില്‍ ശ്രീശാന്ത് ഏഴ് വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ് അദ്ദേഹം. ദുലിപ് ട്രോഫിയില്‍ മൂന്ന് മല്‍സരങ്ങളാണ് ദക്ഷിണ മേഖല കളിക്കുക. ഈ മല്‍സര
ങ്ങളില്ലെല്ലാം കരുത്ത് പ്രകടിപ്പിക്കാന്‍ കഴിയണം. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുളള ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ പ്രഗ്യാന്‍ ഒജയും ദക്ഷിണ മേഖലാ സംഘത്തിലുണ്ട്.
ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ കൊതിക്കുന്ന മുഹമ്മദ് കൈഫിന് മറ്റൊരു അവസരമാണ് കൈവന്നിരിക്കുന്നത്. രഞ്‌ജി സീസണില്‍ ഉത്തര്‍ പ്രദേശിനായി 529 റണ്‍സാണ് കൈഫ് സ്‌ക്കോര്‍ ചെയ്‌തത്. കഴിഞ്ഞ മൂന്ന് സീസണിലായി ഉത്തര്‍ പ്രദേശിന് തുടര്‍ച്ചയായി രഞ്‌ജി ഫൈനലിലേക്ക്‌് നയിച്ചതും അലഹാബാദുകാരനായിരുന്നു. ഹൈദരാബാദില്‍ നടന്ന രഞ്‌ജി ട്രോഫി ഫൈനലിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ കരുത്ത് പ്രകടിപ്പിച്ച കൈഫ് ന്യൂസിലാന്‍ഡ് പര്യടനത്തിനുളള ഇന്ത്യന്‍ സംഘത്തില്‍ സ്ഥാനം ആഗ്രഹിക്കുന്നുണ്ട്. യു.പി ക്കായി സീസണില്‍ ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കിയ തന്‍മയ് ശ്രീവാസ്‌തവ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും മധ്യമേഖലാ ടീമിലുണ്ട്. പിയൂഷ് ചാവ്‌ല, മുരളി കാര്‍ത്തിക്, ആര്‍.പി സിംഗ് തുടങ്ങിയവരും കൈഫിന്റെ ടീമിലുണ്ട്.
ടീമുകള്‍ ഇതാണ്: ദക്ഷിണമേഖല: വി.വി.എസ് ലക്ഷ്‌മണ്‍ (ക്യാപ്‌റ്റന്‍), എസ്.ബദരീനാഥ്, അഭിനവ് മുകുന്ദ്, റോബിന്‍ ഉത്തപ്പ, രാഹുല്‍ ദ്രാവിഡ്, അര്‍ജുന്‍ യാദവ്, ദിനേശ് കാര്‍ത്തിക്, ആര്‍.അശ്വിന്‍, പ്രഗ്യാന്‍ ഒജ, എല്‍.ബാലാജി, ശ്രീശാന്ത്, ആര്‍.വിനയ് കുമാര്‍,സൗരബ് ഭണ്ഡാര്‍കര്‍, സുരേഷ് എം, അനൂപ് പൈ.
മധ്യമേഖല: മുഹമ്മദ് കൈഫ് (ക്യാപ്‌റ്റന്‍), ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍,അരിത് സിംഗ്, റോബിന്‍ ബിസ്‌ത്, പിയൂഷ് ചാവ്‌ല, ഫായിസ് ഫസല്‍, യെരെ ഗൗഡ്, മുരളി കാര്‍ത്തിക്, നമാന്‍ ഒജ, പങ്കജ് സിംഗ്, പര്‍വീണ്‍സിംഗ്, ജലാജ് സക്‌സേന, ശിവകാന്ത് ശുക്ല, ആര്‍.പി സിംഗ്, തന്മയ് ശ്രീവാസ്‌തവ്.
സറീന, വീനസ് മുന്നോട്ട്
മെല്‍ബണ്‍: രണ്ടാം സീഡും മൂന്ന് തവണ ഇവിടെ കിരീടവും സ്വന്തമാക്കിയ അമേരിക്കന്‍ താരം സറീന വില്ല്യംസ് തകര്‍പ്പന്‍ വിജയവുമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ വനിതാ വിഭാഗം സിംഗിള്‍സില്‍ രണ്ടാം റൗണ്ടിലെത്തി. ചൈനയില്‍ നിന്നുള്ള നമെന്‍ യുവാനെ നേരിട്ടുളള സെറ്റുകള്‍ക്കാണ് സറീന തോല്‍പ്പിച്ചത്. സ്‌ക്കോര്‍ 6-3,6-1. സറീനയുടെ ചേച്ചി വീനസ് വില്ല്യംസ് ജര്‍മനിയുടെ ആന്‍ഞ്ചല്‍ കെര്‍ബറിയെ വീഴ്‌ത്തി രണ്ടാം റൗണ്ട് ഉറപ്പാക്കി. സ്‌ക്കോര്‍ 6-3, 6-3. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ നാലാം സീഡ് എലീന ഡെമന്‍ത്തേവ പൊരുതിക്കളിച്ച ജര്‍മനിയുടെ ക്രിസ്റ്റീനിയ ബാറോസിനെ പരാജയപ്പെടുത്തി. സക്കോര്‍ 7-6, (7-4), 2-6, 6-1. 2006 ല്‍ ഇവിടെ കിരീടം സ്വന്തമാക്കിയ ഫ്രാന്‍സിന്റെ അമലി മൗറിസ്‌മോ ഒല്‍ഗാ ഗോവോര്‍ത്സോവയെ കീഴടക്കി. സ്‌ക്കോര്‍ 6-4, 6-4. ജര്‍മനിയുടെ അന്ന ലെനയെ 6-1, 6-4 ന് പരാജയപ്പെടുത്തിയ ബ്രിട്ടന്റെ എലീന ബാല്‍ടാച്ചയാണ് രണ്ടാം റൗണ്ടില്‍ മൗറിസ്‌മോയുടെ പ്രതിയോഗി.
ഒമ്പതാം സീഡ് അഗനിസ്‌ക റഡ്വാന്‍സ്‌ക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി. ഉക്രൈന്റെ കാതറീന ബോണ്‍ഡാരന്‍ഡകോയയാണ് സീഡഡ് താരത്തെ പുറത്താക്കിയത്. സ്‌ക്കോര്‍ 6-7 (7-9),6-4, 1-6. എട്ടാം സീഡ് സ്വത്‌ലാന കൂസന്‍സോവ റഷ്യയുടെ യുവതാരം അനസ്‌താസിയ റോദിനോവയെ പരാജയപ്പെടുത്താന്‍ പ്രയാസപ്പെട്ടു. സ്‌ക്കോര്‍ 6-2, 3-6, 6-3. ആതിഥേയരുടെ പ്രിയപ്പെട്ട താരം സാമന്ത സ്റ്റോസര്‍ രണ്ട് മണിക്കൂര്‍ ദിര്‍ഘിച്ച മല്‍സരത്തില്‍ ക്ലാര സാകോപലോവയെ പരാജയപ്പെടുത്തി. സ്‌ക്കോര്‍ 7-6 (7-5),7-6, (7-0).
Subscribe to:
Post Comments (Atom)
No comments:
Post a Comment