Saturday, January 24, 2009
LANKA-THE KILLERS
പാവം പാവം പാക്കിസ്‌താന്‍
ലാഹോര്‍: ഗദ്ദാഫി സ്റ്റേഡിയത്തിലെത്തിയ അരലക്ഷത്തോളം പേര്‍ സ്വന്തം ടീമിന്റെ വിജയം കാണാനാണ് എത്തിയത്. പക്ഷേ ഏകദിന ക്രിക്കറ്റിലെ കൊലപാതകത്തില്‍ ശ്രീലങ്ക പാക്കിസ്‌താനെ 234 റണ്‍സിന് നാണം കെടുത്തിയ കാഴ്‌ച്ച കാണാനായിരുന്നു പാവം പാവം നാട്ടുകാരുടെ വിധി. ഏകദിന ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരന്‍ 500 വിക്കറ്റ് സ്വന്തമാക്കിയ ദിനത്തില്‍ പാക്കിസ്‌താന്‍ ഒന്നുമല്ലാതായി. തിലകരത്‌നെ ദില്‍ഷാന്റെ മാരത്തോണ്‍ നോട്ടൗട്ട്‌് ഇന്നിംഗ്‌സില്‍ ആദ്യം ബാറ്റ് ചെയ്‌ത ലങ്ക അഞ്ച് വിക്കറ്റിന് 309 റണ്‍സാണ് നേടിയത്. പാക്കിസ്‌താന്റെ പതിനൊന്ന് ബാറ്റ്‌സ്‌മാന്മാര്‍ക്ക് ലങ്കന്‍ സ്‌ക്കോറിന്റെ നാലയലത്ത് എത്താനായില്ല. 75 റണ്‍സിനാണ് അവര്‍ പുറത്തായത്.
പാക്കിസ്‌താന്‍ ഏകദിന ക്രിക്കറ്റില്‍ നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്. വലിയ സ്‌ക്കോര്‍ ഫ്‌ളഡ്‌ലൈറ്റ് വെളിച്ചത്തില്‍ പിന്തുടരുന്നതില്‍ മുന്‍നിരയൊന്നാകെ പരാജയപ്പെട്ടു. ആദ്യ പത്ത് ഓവറിനിടെ തന്നെ ആറ് മുന്‍നിര വിക്കറ്റുകള്‍ പാക്കിസ്‌താന് നഷ്ടമായി. തിലാന്‍ തുഷാരയും നുവാന്‍ കുലശേഖരയും ചേര്‍ന്ന് പന്തിനെ സ്വിംഗ് ചെയ്യിച്ചപ്പോള്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.
മല്‍സരം ഫാസ്‌റ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമാവുമെന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഉച്ചവെളിച്ചത്തില്‍ ദില്‍ഷാനും സംഘവും ആഞ്ഞടിച്ചു. എല്ലാ പാക്കിസ്‌താന്‍ ബൗളര്‍മാരും കണക്കിന് അടി വാങ്ങി. രാത്രി വെളിച്ചത്തില്‍ പാക്കിസ്‌താന്‍ ബാറ്റ്‌സ്‌മാന്മാര്‍ പ്രതീക്ഷയോടെ കളിക്കാന്‍ വന്നപ്പോഴാണ് കാര്യങ്ങള്‍ മാറിയത്.
നുവാന്‍ കുലശേഖര ആദ്യ ഓവറില്‍ തന്നെ അപകടകാരിയായ സല്‍മാന്‍ ഭട്ടിനെ പൂജ്യത്തിന് പുറത്താക്കി. പരമ്പരയില്‍ പാക്കിസ്‌താന് ആദ്യ മല്‍സരത്തില്‍ സെഞ്ച്വറിയോടെ നല്ല തുടക്കം നല്‍കിയിരുന്ന സല്‍മാന്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. സല്‍മാന്‍ ഭട്ടിനൊപ്പം ഇന്നിംഗ്‌സ് തുടങ്ങാനെത്തിയ മുന്‍ ക്യാപ്‌റ്റന്‍ യൂനസ്‌ഖാനെ തുഷാര വിക്കറ്റിന് മുന്നില്‍ കുടുക്കി.
മൂന്നാം നമ്പറില്‍ കമറാന്‍ അക്‌മലിനെയാണ് പാക്കിസ്‌താന്‍ അയച്ചത്. അതും വെറുതെയായി. കൂറ്റനടിക്കാരനായ അക്‌മലിന് തുഷാരയുടെ വളഞ്ഞ് തിരിഞ്ഞ് വന്ന പന്തിന്റെ ഗതി മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ബൗളര്‍മാര്‍ അപാരമായ ഫോമിലേക്ക് വന്നപ്പോള്‍ അവരെ പിന്തുണക്കാന്‍ ഫീല്‍ഡര്‍മാരും അസാമാന്യ പ്രകടനം പുറത്തെടുത്തു. ഖുറം മന്‍സുറിനെ പുറത്താക്കാന്‍ ഷോര്‍ട്ട് വിക്കറ്റില്‍ പര്‍വേസ് മഹറൂഫ് എടുത്ത ക്യാച്ച് അപാരമായിരുന്നു. ഖുറം കരുത്തോടെ പായിച്ച ഷോട്ട് അതേ കരുത്തിലാണ് മഹറൂഫ് കൈകളിലാക്കിയത്. പിന്നെ വന്നത് മിസ്‌ബാഹുല്‍ ഹഖായിരുന്നു. പാക്കിസ്‌താന്റെ പുതിയ ഇന്‍സമാം എന്ന് വിഷേശിപ്പിക്കപ്പെടുന്ന മിസ്‌ബാഹിനെയും തുഷാര അതിവേഗം പവിലിയനിലേക്ക് തിരിച്ചയച്ചു. ഷാഹിദ് അഫ്രീദി വന്നത് കാണികളുടെ വമ്പന്‍ ആരവത്തിലായിരുന്നു. കാണികളുടെ അവശേഷിച്ചിരുന്ന പ്രതീക്ഷ പന്തിനെ പ്രഹരിക്കാന്‍ മിടുക്കനായ പത്താനിയിലായിരുന്നു. നാല് പന്തുകള്‍ മാത്രമാണ് അദ്ദേഹത്തിന് ക്രീസില്‍ നില്‍ക്കാനായത്. ഓഫ് സൈഡില്‍ നിന്നും കുത്തതിരിഞ്ഞ പന്ത് അഫ്രീദി കാണുന്നത് തന്റെ സ്റ്റംമ്പുമായി പറന്നപ്പോഴാണ്. അഫ്രീദിയും പോയതോടെ കാണികളില്‍ പകുതിയും സ്‌റ്റേഡിയം വിട്ടു. പിന്നെയെല്ലാം ചടങ്ങ് മാത്രമായിരുന്നു. ഉമര്‍ ഗുലും നായകന്‍ ഷുഹൈബ് മാലിക്കും പിടിച്ചുനില്‍ക്കാന്‍ നടത്തിയ ശ്രമവും വിജയിച്ചില്ല. മൂന്ന് ബൗണ്ടറികളും ഒരു സിക്‌സറും പായിച്ച് ഗുല്‍ തനിക്ക് ബാറ്റ് പിടിക്കാന്‍ അറിയാമെന്ന് തെളിയിച്ചു. പക്ഷേ അപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു. മാലിക് 63 പന്തില്‍ 19 റണ്‍സുമായി പുറത്തായി. വാലറ്റക്കാരെ പറഞ്ഞയക്കാന്‍ മുരളി ധാരാളമായിരുന്നു. മാലിക്കും ഗുലും മാത്രമാണ് ഇന്നിംഗ്‌സില്‍ രണ്ടക്കം കണ്ടവര്‍. നാല് പേര്‍ പൂജ്യരായി.
ലങ്കന്‍ ബൗളിംഗ് കണക്കുകള്‍ അപാരമായിരുന്നു. കുലശേഖര ഏഴ് ഓവറില്‍ 17 റണ്‍സിനാണ് മൂന്ന് വിക്കറ്റ്‌് നേടിയത്. തുഷാര ഏഴ് ഓവറില്‍ 33 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സ്‌പിന്നര്‍മാരായ മുരളിക്കും മെന്‍ഡിസിനും കൂടുതല്‍ അവസരം ലഭിച്ചില്ല. മെന്‍ഡീസ് മൂന്ന് ഓവറില്‍ പത്ത് റണ്ണിന് ഒരു വിക്കറ്റ് നേടിയപ്പോള്‍ കേവലം 11 പന്തുകളാണ് മുരളി എറിഞ്ഞത്. രണ്ട് വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി.
സമീപകാലത്തായി ദുര്‍ബലരായ പ്രതിയോഗികള്‍ക്ക് മുന്നില്‍ പതറിയിരുന്ന ലങ്ക നിര്‍ണ്ണായകമായ അവസാന മല്‍രത്തില്‍ അവസരത്തിനൊത്തുയരുന്നതാണ് ആദ്യ സെഷനില്‍ കണ്ടത്. തുടക്കത്തില്‍ ഫാസ്‌റ്റ്‌് ബൗളര്‍മാരെ ജയസൂര്യയും ദില്‍ഷാനും ബഹുമാനിച്ചു. എന്നാല്‍ സ്‌പിന്നര്‍മാര്‍ രംഗത്ത് വന്നപ്പോള്‍ കളി മാറി.
ബൗളര്‍മാരെ പ്രഹരിക്കുന്നതില്‍ വിജയം കണ്ടെത്തുന്ന ദില്‍ഷാന് കാര്യങ്ങള്‍ വളരെ അനുകൂലമായിരുന്നു. അനായാസം അദ്ദേഹം സ്‌പിന്നര്‍മാരെ കൈകാര്യം ചെയ്‌തു. 50 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയ ജയസൂര്യയാണ് ആദ്യം പുറത്തായത്. പക്ഷേ അപ്പോഴേക്കും ലങ്കന്‍ സ്‌ക്കോര്‍ 76 ല്‍ എത്തിയിരുന്നു. സങ്കക്കാരയാണ് പകരം വന്നത്. അര്‍ജുന രണതുംഗെയെ അനുസ്‌മരിപ്പിക്കുന്ന വിധം പന്തിനെ വളരെ വൈകി കട്ട് ചെയ്യുന്നതിലും പുള്‍ ചെയ്യുന്നതിലും സങ്കക്കാര അപാരമായ മികവു കാട്ടി. 50 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ അഫ്രീദിയുടെ മികവില്‍ റണ്ണൗട്ടാവുകയായിരുന്നു. ആദ്യ രണ്ട് വിക്കറ്റ് വീഴുമ്പോഴും ദില്‍ഷാന് കുലുക്കമുണ്ടായിരുന്നില്ല. കാഡംബി 34 പന്തില്‍ 32 റണ്ണുമായി ദില്‍ഷാന് പിന്തുണ നല്‍കി. ക്യാപ്‌റ്റന്‍ മഹേലക്ക് പിടിച്ചുനില്‍ക്കാനായില്ല. അദ്ദേഹം 18 ല്‍ പുറത്തായി. ഇന്നിംഗസ് അവസാനിക്കുമ്പോഴും ദില്‍ഷാന്‍ ക്രിസിലുണ്ടായിരുന്നു. 45 റണ്‍സ് നല്‍കി മൂന്ന് വിക്കറ്റ് നേടിയ ഗുല്‍ മാത്രമാണ് മികവു കാട്ടിയ പാക് ബൗളര്‍.
മാന്‍ ഓഫ് ദ മാച്ച് പട്ടവും മാന്‍ ഓഫ് ദ സീരിസ് പട്ടവും ദില്‍ഷാന്‍ സ്വന്തമാക്കി.
500
ലാഹോര്‍: മുത്തയ്യ മാജിക് മുരളി ഏകദിന ക്രിക്കറ്റില്‍ 500 വിക്കറ്റ് പൂര്‍ത്തിയാക്കി. ഇന്നലെ പാക്കിസ്‌താനെതിരായ പരമ്പരയിലെ അവസാന മല്‍സരത്തിലാണ് മുരളി മാജിക് നമ്പറിലെത്തിയത്. മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്‌ത്താനായാല്‍ ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന വിക്കറ്റ് വേട്ട്‌ക്കാരന്‍ എന്ന ബഹുമതി ലങ്കക്കാരന് സ്വന്തമാക്കാം. 502 വിക്കറ്റുകള്‍ നേടിയ പാക്കിസ്‌താന്‍ സീമര്‍ വസീം അക്രമാണ് നിലവില്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം ഇരകളെ കണ്ടെത്തിയ ബൗളര്‍. 500 വിക്കറ്റുമായി മുരളി രണ്ടാമത് നില്‍ക്കുന്നു. അടുത്ത മാസം നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ലങ്കന്‍ പര്യടനത്തിലായിരിക്കും ഒരു പക്ഷേ മുരളിയുടെ ലോക റെക്കോര്‍ഡ്. 357 മല്‍സരങ്ങളില്‍ നിന്നാണ് അക്രം 502 വിക്കറ്റ് നേടിയതെങ്കില്‍ മുരളിക് 500 ലെത്താന്‍ മുന്നൂറോളം മല്‍സരങ്ങളാണ് വേണ്ടി വന്നത്. 15 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. വസീം അക്രം വിരമിച്ച സാഹചര്യത്തില്‍ മുരളിക്ക് ഏകദിനങ്ങളിലും ലോക റെക്കോര്‍ഡ് ഭദ്രമായി നിലനിര്‍ത്താം. മൂന്നാം സ്ഥാനത്തുളള വഖാര്‍ യൂനസും വിരമിച്ചു കഴിഞ്ഞു. 416 വിക്കറ്റാണ് വഖാര്‍ നേടിയത്. നാലാമതുളളത് ലങ്കയുടെ തന്നെ ചാമിന്ദ വാസാണ്. 400 വിക്കറ്റ് നേടിയ വാസ് രംഗത്ത് സജീവമാണെങ്കിലും ദീര്‍ഘകാലം കളിക്കാനാവില്ല. 337 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെയാണ് ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍.
ടെസ്‌റ്റ് ക്രിക്കറ്റില്‍ നിലവില്‍ ലോക ഒന്നാമന്‍ മുരളിയാണ്. കുംബ്ലെ, വോണ്‍, മക്‌ഗ്രാത്ത്, കോട്‌നി വാല്‍ഷ് എന്നിവരെയെല്ലാം പിറകിലാക്കിയാണ് നേട്ടം മുരളി കൈവരിച്ചിരിക്കുന്നത്. ഏകദിനത്തിലും അദ്ദേഹത്തിന്റെ പ്രഭാവം തുടരുമ്പോള്‍ മുരളിക്ക് തുല്യം മുരളി മാത്രമാവുകയാണ്.
കോടതിയില്‍
കൊളംബോ: ലാഹോറില്‍ പാക്കിസ്‌താനെ നാണം കെടുത്തി ശ്രീലങ്ക ഏകദിന പരമ്പര സ്വന്തമാക്കിയ ദിനം തന്നെ കൊളംബോയില്‍ ലങ്കന്‍ ക്രിക്കറ്റ് കോടതി കയറുന്നു. തന്നെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കിയ സ്‌പോര്‍ട്‌സ് മന്ത്രി ഗാമിനി ലോകുഗെതിരെ അര്‍ജുന രണതുംഗെയാണ് പരമോന്നത നീതിപീഠത്തെ സമീപിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം 23 നാണ് രണതുംഗയെ ലങ്കന്‍ ബോര്‍ഡിന്റെ ഇടക്കാല പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കിയത്. ഒരു വീശദീകരണവും തേടാതെയുളള പുറത്താക്കലില്‍ തന്റെ സല്‍പ്പേരാണ് തകര്‍ന്നതെന്നും ഇതിന് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നുമാണ് രണതുംഗെ ആവശ്യപ്പെടുന്നത്. 15 കോടിയോളം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ലങ്കക്ക് ലോകകപ്പ് സമ്മാനിച്ച നായകന്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. 11 മാസത്തോളം രണതുംഗെയായിരുന്നു ക്രിക്കറ്റ് ബോര്‍ഡിനെ നയിച്ചത്. രാജ്യത്തിനായി 93 ടെസ്‌റ്റുകളും 269 ഏകദിനങ്ങളും കളിച്ച താരത്തിന് ക്രിക്കറ്റ് ഭരണത്തില്‍ അതിയായ താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പ്രശ്‌നമായപ്പോഴാണ് സര്‍ക്കാര്‍ പുറത്താക്കിയത്. ബോര്‍ഡുമായും താരങ്ങളുമായും രണതുംഗെ സഹകരിക്കുന്നില്ലെന്ന് പറഞ്ഞാണ് അദ്ദേഹത്തെ പുറത്താക്കിയത്. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കോടതിക്ക്‌് മാത്രമേ കഴിയുവെന്ന് രണതുംഗെ പറഞ്ഞു.
സറീന നാലാം റൗണ്ടില്‍
മെല്‍ബണ്‍: തകര്‍പ്പന്‍ പ്രകടനവുമായി അമേരിക്കയുടെ ലോക രണ്ടാം നമ്പര്‍ താരം സറീന വില്ല്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ വിഭാഗം നാലാം റൗണ്ടിലെത്തി. ചൈനയില്‍ നിന്നുളള എതിരാളി പെംഗ് ഷൂയെ 6-1, 6-4 എന്ന സ്‌ക്കോറിന് തോല്‍പ്പിച്ചാണ് സറീന മുന്നേറിയത്. ആദ്യ സെറ്റ് അനായാസം നേടിയ അമേരിക്കന്‍ താരം രണ്ടാം സെറ്റില്‍ അല്‍പ്പം പതറിയിരുന്നു. ആതിഥേയരുടെ പ്രതീക്ഷയായ സാമന്ത സ്റ്റോസറെ പരാജയപ്പെടുത്തി നാലാം സീഡ്‌് എലീന ഡെമത്തേവ പ്രി ക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കിയപ്പോള്‍ റഷ്യയില്‍ നിന്നുള്ള എട്ടാം സീഡ് സെത്‌ലാന കുസന്‍സോവ അല്‍പ്പം വിയര്‍ത്തു. അലോന ബോണ്‍ഡികര്‍ക്കെതിരായ മല്‍സരത്തില്‍ 7-6, (9-7), 6-4 എന്ന സ്‌ക്കോറിനാണ് കുസന്‍സോവ കടന്നുകയറിയത്. ചൈനയില്‍ നിന്നുള്ള മറ്റൊരു താരം ജി സെംഗ് 6-2, 6-2 എന്ന സ്‌ക്കോറിന് ഉക്രൈനില്‍ നിന്നുള്ള കാതറിനയെ പരാജയപ്പെടുത്തി.
ചതിച്ചത് ഐ ഡ്രോപ്പെന്ന് ആസിഫ്
മുംബൈ: വിചിത്രവാദവുമായി പാക്കിസ്‌താന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ആസിഫും അദ്ദേഹത്തിന്റെ വിദഗദ്ധ് സംഘവും ഐ.പി.എല്‍ ഡ്രഗ്‌സ് ട്രിബ്യൂണലിന് മുന്നില്‍ ഹാജരായി. ഐ.പി.എല്‍ പ്രഥമ സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായി കളിച്ച് ഉത്തേജക വിവാദത്തില്‍ പിടിക്കപ്പെട്ട താരം ഇന്നലെ ട്രിബി്യൂണലിന് മുമ്പാകെ ഹാജരായി കുറ്റം ചാര്‍ത്തിയത് ഐ ഡ്രോപ്പിനെ... കണ്ണിന് വേദനയുണ്ടായതിനെ തുടര്‍ന്ന് കേരാടില്‍ (Keratyl) എന്ന ഐ ഡ്രോപ്പ് മെഡിസിന്‍ താന്‍ ഉപയോഗിച്ചുവെന്നും ഡോപ്പിംഗ് ടെസ്‌്‌റ്റില്‍ പിടിക്കപ്പെടാന്‍ കാരണം ഇതാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. സുനില്‍ ഗവാസ്‌ക്കര്‍, ഡോ.രവി ബോപാട്ട്, അഭിഭാഷകനായ ശിരീഷ് ഗുപ്‌ത എന്നിവരാണ് ട്രിബ്യൂണല്‍ അംഗങ്ങള്‍. കേരാ ടല്‍ എന്ന മരുന്നില്‍ നിരോധിക്കപ്പെട്ട ഉത്തേജകങ്ങളുണ്ട്. ഇതറിയാതെയാണ് ആ മരുന്ന് ഉപയോഗിച്ചത്. കണ്ണിലെ വേദന കാരണം തുടര്‍ച്ചയായി ഈ മരുന്ന് ഉപയോഗിച്ചിരുന്നു.
ഡല്‍ഹിയുടെ താരമായിരുന്ന ആസിഫ് ചാമ്പ്യന്‍ഷിപ്പിന് ശേഷം പാക്കിസ്‌താനിലേക്ക് മടങ്ങവെ ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് പിടിക്കപ്പെട്ടത്. അതോടെ അദ്ദേഹത്തിന്റെ രാജ്യാന്തര കരിയറിനും താല്‍കാലിക കര്‍ട്ടണ്‍ വീണിരുന്നു.
ഇന്നലെ രാവിലെ 10-45 നാണ് ആസിഫും അദ്ദേഹത്തിന്റെ സംഘവും വിചാരണക്കായി മുംബൈയിലെ ക്രിക്കറ്റ് ബോര്‍ഡ് ആസ്ഥാനത്ത് വന്നത്. കനത്ത സുരക്ഷയില്‍ നടന്ന വിചാരണ രണ്ടര മണിക്കൂര്‍ ദീര്‍ഘിച്ചു. കഴിഞ്ഞ നവംബറില്‍ മുംബൈയിലുണ്ടായ സ്‌ഫോടനങ്ങളെ തുടര്‍ന്ന് പാക്കിസ്‌താനികള്‍ക്കെതിരെ തദ്ദേശികള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിനാലായിരുന്നു സുരക്ഷ കര്‍ക്കശമാക്കിയത്. മാധ്യമ പ്രവര്‍ത്തകരോട് എന്തെങ്കിലും പറയാന്‍ ആസിഫ് തയ്യാറായില്ല. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സ്‌പോര്‍ട്‌സ് മെഡിസിന്‍ വിദഗ്‌ധന്‍ ഡോ.മൈക്കല്‍ ഗ്രഹാമാണ് കാര്യങ്ങള്‍ വീശദീകരിച്ചത്. ഐ ഡ്രോപ്പ് മരുന്നില്‍ അപകടകാരികളുണ്ടെന്ന കാര്യം ആസിഫിന് അറിയില്ലായിരുന്നുവെന്നും അറിയാതെ ചെയ്‌ത തെറ്റിന് വലിയ ശിക്ഷ ലഭിക്കുന്നതിലുളള വേദന താരത്തിനുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് വിചാരണ നടക്കുന്നത്. ഒക്ടോബര്‍ 11 നായിരുന്നു ആദ്യ വിചാരണ. അതിന് ശേഷം നവംബര്‍ 29 ലേക്ക് രണ്ടാം വിചാരണ തീരുമാനിച്ചു. എന്നാല്‍ മുംബൈ സ്‌ഫോടനങ്ങള്‍ കാരണം അത് നടന്നില്ല. മുംബൈ സ്‌ഫോടനം കാരണം വിചാരണ ദീര്‍ഘിച്ചത് ആസിഫിനെയാണ് കാര്യമായി ബാധിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. മാധ്യമങ്ങള്‍ അദ്ദേഹത്തെ വെറുതെ വേട്ടയാടി.
ഇന്നലെ ട്രിബ്യൂണല്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ആസിഫിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്നാണ് ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡി വ്യക്തമാക്കിയത്.
നേട്ടം ദക്ഷിണ മേഖലക്ക്
ബാംഗ്ലര്‍: മധ്യമേഖലക്കെതിരായ ദുലിപ് ട്രോഫി മല്‍സരത്തിന്റെ മൂന്നാം ദിനം വി.വി.എസ് ലക്ഷ്‌മണിന്റെ ദക്ഷിണ മേഖല സ്വന്തമാക്കി. ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടുന്നതില്‍ നിന്ന് മധ്യമേഖലയെ തടയാന്‍ കഴിഞ്ഞ ദക്ഷിണ മേഖല ഇന്നലെ കളി നിര്‍ത്തുമ്പോള്‍ രാഹുല്‍ ദ്രാവിഡ് (118), ദിനേശ് കാര്‍ത്തിക് (103 നോട്ടൗട്ട്) എന്നിവരുടെ കരുത്തില്‍ ആറ് വിക്കറ്റിന് 345 റണ്‍സ് നേടി. ഒന്നാം ഇന്നിംഗ്‌സ് ലീഡ് കരസ്ഥമാക്കാന്‍ കേവലം നാല് റണ്‍ മാത്രം ആവശ്യമായിരുന്ന മുഹമ്മദ് കൈഫിന്റെ മധ്യ മേഖലക്ക് മൂന്നാം ദിവസത്തെ രണ്ടാം പന്തില്‍ തന്നെ അവസാന ബാറ്റ്‌സ്‌മാനെ നഷ്‌ടമായി. തുടര്‍ന്ന് പങ്കജ് സിംഗിന്റെ കരുത്തില്‍ ദക്ഷിണ മേഖലയുടെ ആദ്യ മൂന്ന് വിക്കറ്റുകള്‍ 24 റണ്‍സിനിടെ വീഴ്‌ത്താനുമായി. പക്ഷേ ദ്രാവിഡും കാര്‍ത്തികും ഒരുമിച്ചപ്പോള്‍ ബൗളര്‍മാര്‍ തകര്‍ന്നു. ഒന്നാം ഇന്നിംഗ്‌സിലും കാര്‍ത്തികായിരുന്നു ദക്ഷിണ മേഖലയുടെ രക്ഷകന്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment