Wednesday, February 11, 2009

ASIAN SOCCER TEN.... SION


സമനില
യോക്കോഹാമ: ഏഷ്യയില്‍ ലോകകപ്പ്‌ ടിക്കറ്റിനായുളള യാത്രയില്‍ ഓസ്‌ട്രേലിയ മുന്നില്‍. ഇന്നലെ നടന്ന നാല്‌ മല്‍സരങ്ങളുടെ ഫലങ്ങളില്‍ കങ്കാരുക്കളാണ്‌ നേരിയ മുന്‍ത്തൂക്കം സ്വന്തമാക്കിയിരിക്കുന്നത്‌. ഗ്രൂപ്പ്‌ ഒന്നില്‍ ഓസ്‌ട്രേലിയ ജപ്പാനെ അവരുടെ തട്ടകത്ത്‌ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ ഇതേ ഗ്രൂപ്പില്‍ ബഹറൈന്‍ ഒരു ഗോളിന്‌ ഉസ്‌ബെക്കിനെ വീഴ്‌ത്തി. ഗ്രൂപ്പ്‌ രണ്ടില്‍ ഇറാനും ദക്ഷിണ കൊറിയയും തമ്മിലുള്ള മല്‍സരം 1-1 ല്‍ അവസാനിച്ചപ്പോള്‍ ഉത്തര കൊറിയ ഒരു ഗോളിന്‌ സൗദി അറേബ്യയെ തോല്‍പ്പിച്ച്‌ സാധ്യതകള്‍ സജീവമാക്കി.
യോക്കോഹാമയിലെ ലോകകപ്പ്‌ സ്‌റ്റേഡിയത്തില്‍ നടന്ന ഓസ്‌ട്രേലിയ-ജപ്പാന്‍ മല്‍സരം പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ തുല്യശക്തികളുടെ ആവേശപ്പോരാട്ടമായിരുന്നു. തിങ്ങിനിറഞ്ഞ കാണികളുടെ കൈയ്യടികളോടെ ആദ്യ പകുതി ജപ്പാന്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ ആക്രമണവുമായി ഓസ്‌ട്രേലിയ കളം നിറഞ്ഞു. പക്ഷേ രണ്ട്‌ പകുതികളിലും ഗോള്‍ മാത്രം പിറന്നില്ല. സമനില ഓസ്‌ട്രേലിയക്കാണ്‌ നേട്ടമാവുന്നത്‌. വിലപ്പെട്ട ഒരു പോയന്റ്‌്‌ ലഭിച്ചതോടെ യോഗ്യതാ റൗണ്ട്‌ ഗ്രൂപ്പ്‌ എ യില്‍ അവര്‍ക്ക്‌ ഒന്നാം സ്ഥാനം നിലനിര്‍ത്താനായി. ഇതിനകം കളിച്ച നാല്‌ കളികളില്‍ മൂന്ന്‌ ജയങ്ങളും ഒരു സമനിലയുമായി മൊത്തം പത്ത്‌ പോയന്റാണ്‌ കങ്കാരുകള്‍ക്കുളളത്‌. ജപ്പാന്‌ എട്ട്‌ പോയന്റുണ്ട്‌. രണ്ട്‌ ഗ്രൂപ്പുകളിലായാണ്‌ ഏഷ്യയില്‍ ലോകകപ്പ്‌ യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടം നടക്കുന്നത്‌. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട്‌ സ്ഥാനക്കാര്‍ക്കാണ്‌ അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ അവസരം. ഏറ്റവും മികച്ച ഒരു മൂന്നാം സ്ഥാനക്കാര്‍ക്ക്‌ ഓഷ്യാനയില്‍ നിന്നുള്ള ചാമ്പ്യന്മാരുമായി പ്ലേ ഓഫ്‌ കളിക്കാന്‍ അവസരവുമുണ്ട്‌. ഗ്രൂപ്പ്‌ ഒന്നില്‍ ഖത്തര്‍, ബഹറൈന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവരാണ്‌ മറ്റ്‌ ടീമുകള്‍. ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ ശക്തരുടെ ആധിപത്യം ഗ്രൂപ്പില്‍ നിലനില്‍ക്കുന്നതിനാല്‍ ബാക്കി മൂന്ന്‌ ടീമുകള്‍ക്കും വലിയ സാധ്യതകളില്ല.
ഇന്നലെ ആദ്യപകുതി നിറയെ ജപ്പാനായിരുന്നു. മല്‍സരത്തിന്‌ നാല്‌ മിനുട്ട്‌ പ്രായമായപ്പോള്‍ തന്നെ കൈജി തമാട്ടോ പായിച്ച മിന്നല്‍ ഷോട്ടില്‍ നിന്ന്‌ ഭാഗ്യത്തിനാണ്‌ ഓസീസ്‌ രക്ഷപ്പെട്ടത്‌. അടുത്ത മിനുട്ടില്‍ ഡിഫന്‍ഡര്‍ അട്‌സുടോ ഉചിഡ എല്ലാവരെയും കടന്നുകയറി പെനാല്‍ട്ടി ബോക്‌സില്‍ പ്രവേശിച്ചത്‌ ഓസീസ്‌ ക്യാമ്പിനെ പരിഭ്രാന്തിയിലാക്കി. പക്ഷേ അവരുടെ ഭാഗ്യത്തിന്‌ ഓഫ്‌ സൈഡ്‌ കൊടി ഉയര്‍ന്നു. സ്‌ക്കോട്ടിഷ്‌്‌ ലീഗില്‍ സെല്‍റ്റിക്കിനായി കളിക്കുന്ന ഷുന്‍സുകെ നകമുറയുടെ കാലില്‍ പന്ത്‌ കിട്ടിയപ്പോഴെല്ലാം ഓസീസ്‌ പ്രതിരോധത്തിന്‌ പിടിപ്പത്‌ ജോലിയായിരുന്നു. മുപ്പത്തിയാറാം മിനുട്ടില്‍ യുടോ നഗമോട്ടോ ഫ്രീകിക്കില്‍ നിന്നും പായിച്ച ബലമുള്ള ഷോട്ടിന്‌ തലവെക്കാന്‍ യുഷിട്ടോ എന്‍ഡോക്ക്‌ കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ ടീം കാഹിലിലൂടെയാണ്‌ ഓസ്‌ട്രേലിയ സാന്നിദ്ധ്യമറിയിച്ചത്‌. ഗ്രൂപ്പിലെ അടുത്ത മല്‍സരത്തില്‍ മാര്‍ച്ച്‌ 28ന്‌ ജപ്പാന്‍ ബഹറൈനെയും ഏപ്രില്‍ ഒന്നിന്‌ ഓസ്‌ട്രേലിയ ഉസ്‌ബെക്കിസ്ഥാനെയും നേരിടും.
ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ബഹറൈന്‍ ഏക ഗോളിന്‌ ഉസ്‌ബെക്കിസ്ഥാനെ തോല്‍പ്പിച്ച്‌ സാധ്യതകള്‍ നിലനിര്‍ത്തി. വിജയത്തോടെ ഗ്രൂപ്പില്‍ നാല്‌ പോയന്റുമായി ബഹറൈന്‍ ഖത്തറിനൊപ്പമെത്തി. മല്‍സരമവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ മഹമൂദ്‌ അബ്ദുള്‍ റഹ്‌മാനാണ്‌ ബഹറൈന്റെ വിജയഗോള്‍ നേടിയത്‌. കഴിഞ്ഞ മൂന്ന്‌ മല്‍സരങ്ങളില്‍ നിന്നായി ഒരു പോയന്റ്‌ മാത്രം സമ്പാദിക്കാനാണ്‌ ബഹറൈന്‌ കഴിഞ്ഞത്‌. താഷ്‌ക്കന്റിലെ പക്തകര്‍ സ്റ്റേഡിയത്തില്‍ കാല്‍ലക്ഷത്തോളം ആരാധകരെ സാക്ഷിനിര്‍ത്തി നടന്ന മല്‍സരത്തില്‍ ഉസ്‌ബെക്കുകാര്‍ക്കായിരുന്നു മുൂന്‍ത്തൂക്കം. തുടക്കം മുതല്‍ അവര്‍ ആധിപത്യം ചെലുത്തുകയും ചെയ്‌തു. എന്നാല്‍ ഗോള്‍ മാത്രം പിറന്നില്ല. കഴിഞ്ഞ മല്‍സരങ്ങളിലൊന്നിലും ജയിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ഫൈനല്‍ റൗണ്ട്‌ സാധ്യത നിലനിര്‍ത്താന്‍ രണ്ട്‌ ടീമുകള്‍ക്കും വിജയവും അത്യാവശ്യമായിരുന്നു. ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടില്‍ ബഹറൈന്‌ അനുകൂലമായി ലഭിച്ച ഫ്രീകിക്കാണ്‌ ഉസ്‌ബെക്കുകാരുടെ നെഞ്ച്‌ തകര്‍ത്തത്‌. ഗോള്‍ വലയത്തില്‍ നിന്നും 20 വാര അകലെ, അബ്‌ുറഹ്‌്‌മാന്‍ പായിച്ച കിക്ക്‌ ഉസ്‌ബെക്ക്‌ ഗോള്‍ക്കീപ്പര്‍ ഇഗ്നാറ്റി നെസ്റ്ററോവിനെ നിസ്സഹായനാക്കി.
ഗ്രൂപ്പ്‌ രണ്ടില്‍ നടന്ന മല്‍സരത്തില്‍ ഉത്തര കൊറിയ ഒരു ഗോളിന്‌ സൗദി അറേബ്യയെ തോല്‍പ്പിച്ച്‌ സാധ്യതകള്‍ നിലനിര്‍ത്തി. 1966 ന്‌ ശേഷം ആദ്യ ലോകകപ്പ്‌ കളിക്കാന്‍ ഒരുങ്ങുന്ന ഉത്തര കൊറിയക്കായി മുന്‍ ഇന്‍ ഗുകാണ്‌ നിര്‍ണ്ണായക ഗോള്‍ നേടിയത്‌. ഇതോടെ നാല്‌ മല്‍സരങ്ങളില്‍ നിന്നായി കൊറിയക്കാര്‍ക്ക്‌ ഏഴ്‌ പോയന്റായി. കഴിഞ്ഞ നാല്‌ ലോകകപ്പുകളിലും ഏഷ്യയെ പ്രതിനിധീകരിച്ചവരായ സൗദിയുടെ സാധ്യതകള്‍ക്ക്‌ കനത്ത ആഘാതമാണ്‌ ഈ തോല്‍വി. നാല്‌ പോയന്റാണ്‌ ടീമിന്റെ ആകെ സമ്പാദ്യം. ഇനി നാല്‌ മല്‍സരങ്ങള്‍ കളിക്കാനുണ്ട്‌. ഈ മല്‍സരങ്ങളില്ലെല്ലാം വിജയിക്കുകയും മുഖ്യ പ്രതിയോഗികള്‍ പരാജയപ്പെടുകയും ചെയ്‌താല്‍ മാത്രമാണ്‌ സൗദി മോഹം പൂവണിയുക. ദക്ഷിണ കൊറിയയും ഉത്തര കൊറിയയും ഇറാനുമാണ്‌ ഗ്രൂപ്പില്‍ മുന്നിട്ടുനില്‍ക്കുന്നത്‌.
ഇന്നലെ ടെഹ്‌റാനിലെ ആസാദി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ദക്ഷിണ കൊറിയയും ഇറാനും 1-1 ല്‍ പിരിഞ്ഞിരുന്നു. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ജാവേദ്‌ നെക്കൂനത്തിന്റെ ഗോളില്‍ ഇറാന്‍ ലീഡ്‌ നേടിയിരുന്നു. ആസാദി സ്‌റ്റേഡിയത്തില്‍ ഒരു ലക്ഷത്തോളം പേരെ സാക്ഷിയാക്കി മികച്ച പ്രകടനം നടത്തിയ ഇറാന്‌ പക്ഷേ കൊറിയയുടെ പ്രീമിയര്‍ ലീഗ്‌ സൂപ്പര്‍ താരം പാര്‍ക്‌ ജി സംഗിന്റെ മികവിന്‌ മുന്നില്‍ തലതാഴ്‌ത്തേണ്ടി വന്നു. എണ്‍പത്തിയൊന്നാം മിനുട്ടിലായിരുന്നു പാര്‍ക്കിന്റെ ഗോള്‍.

മാറ്റമില്ല
ലണ്ടന്‍: ഗസ്‌ ഹിഡിങ്കിന്‌ ഡബിള്‍ ഡ്യൂട്ടി.... റഷ്യന്‍ ദേശീയ ടീമിന്റെ പരിശീലകനായ ഡച്ചുകാരന്‌ പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ ചെല്‍സിയുടെ ഡ്യൂട്ടിയുമുണ്ടാവും. ക്ലബ്‌ അധികാരികള്‍ ഇന്നലെ ഹിഡിങ്കിന്റെ സ്ഥാനാരോഹണം സ്ഥീരീകരിച്ചു. രണ്ട്‌ ദിവസം മുമ്പാണ്‌ നാടകീയ നീക്കത്തില്‍ ചെല്‍സി ലൂയിസ്‌ ഫിലിപ്പ്‌ സ്‌ക്കോളാരിയുടെ ഡ്യൂട്ടി അവസാനിപ്പിച്ചത്‌. തുടര്‍ന്ന്‌്‌ ഹിഡിങ്കുമായി മാനേജ്‌മെന്റ്‌്‌ ചര്‍ച്ച നടത്തുകയും റഷ്യന്‍ സോക്കര്‍ ഫെഡറേഷന്റെ അനുമതിയോടെ അദ്ദേഹം ജോലി ഏറ്റെടുക്കുകയുമായിരുന്നു. ഈയാഴ്‌ച്ച തന്നെ ഹിഡിങ്ക്‌ താരങ്ങളുമായി സംസാരിക്കും. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌, ലിവര്‍പൂള്‍ എന്നിവര്‍ക്ക്‌ പിറകില്‍ നാലാം സ്ഥാനത്താണിപ്പോള്‍ ചെല്‍സി.

ഒരു വര്‍ഷം
മുംബൈ: പ്രതീക്ഷിച്ചത്‌ തന്നെ.... ഉത്തേജക വിവാദത്തില്‍ പ്രതിയായ പാക്കിസ്‌താന്‍ ക്രിക്കറ്റര്‍ മുഹമ്മദ്‌ ആസിഫിന്‌ ഇന്ത്യന്‍ പ്രിമിയര്‍ ലീഗ്‌ ട്രിബ്യൂണല്‍ ഒരു വര്‍ഷത്തെ വിലക്ക്‌ നല്‍കി. 2009 സെപ്‌തംബര്‍ 21 വരെ വിലക്ക്‌ കാലാവധിയുണ്ട്‌. ഐ.പി.എല്‍ ആദ്യ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ച വേളയില്‍ ആസിഫ്‌ നിരോധിക്കപ്പെട്ട മരുന്നുകള്‍ കഴിച്ചതായി വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹത്തെ വിലക്കിയതെന്നും സുനില്‍ ഗവാസ്‌ക്കര്‍ ഉള്‍പ്പെട്ട ട്രിബ്യൂണല്‍ പ്രസ്‌താവനയല്‍ വ്യക്തമാക്കി. പ്രിമിയര്‍ ലീഗിന്‌ ശേഷം നാട്ടിലേക്ക്‌ മടങ്ങവെ ദുബായ്‌ വിമാനത്താവളത്തില്‍ വെച്ച്‌ നിരോധിക്കപ്പെട്ട ഉത്തേജകങ്ങളുമായി ആസിഫ്‌ പിടിക്കപ്പെട്ടിരുന്നു. പാക്കിസ്‌താന്‍ അധികാരികളാണ്‌ പിന്നീട്‌ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്‌. ഈ വിവാദത്തില്‍ രണ്ട്‌ തവണ ഐ.പി.എല്‍ ട്രിബ്യൂണലിന്‌ മുമ്പാകെ ആസിഫ്‌ ഹാജരായിരുന്നു. ആസിഫിന്‌ കുറഞ്ഞത്‌ ഒരു വര്‍ഷ വിലക്ക്‌ ലഭിക്കുമെന്ന്‌ സ്‌പോര്‍ട്‌സ്‌ ചന്ദ്രിക മൂന്ന്‌ മാസം മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

നമ്പര്‍ വണ്‍
ലാഗോസ്‌്‌: ഈ വര്‍ഷത്തെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌ക്കാരം ആഴ്‌സനലിന്റെ മുന്‍നിരക്കാരനായ ടോംഗോ താരം ഇമാനുവല്‍ അബിദേയര്‍ക്ക്‌. ആഫ്രിക്കന്‍ ഫുട്‌ബോള്‍ ടീമുകളുടെ പരിശീലകര്‍ പങ്കെടുത്ത വോട്ടിംഗില്‍ നിന്നാണ്‌ അബിദേയര്‍ ഒന്നാമനായി തെരഞ്ഞെടുക്കപ്പെട്ടത്‌. ഈജിപ്‌തിന്റെ മുഹമ്മദ്‌ അബ്ദുറിക്കയെയാണ്‌ അദ്ദേഹം പിറകിലാക്കിയത്‌. കഴിഞ്ഞ സീസണില്‍ ആഴ്‌സനലിനായി പ്രീമിയര്‍ ലീഗില്‍ 24 ഗോളുകള്‍ അബിദേയര്‍ സ്‌ക്കോര്‍ ചെയ്‌തിരുന്നു. നൈജീരിയന്‍ നഗരമായ ലാഗോസില്‍ ഇന്നലെ നടന്ന അവാര്‍ഡ്‌ ദാന ചടങ്ങില്‍ വെച്ച്‌ അബിദേയര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. ആഴ്‌സനലിനും ടോംഗോക്കും അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണിതെന്ന്‌ സന്തോഷവാനായി കാണപ്പെട്ട യുവതാരം പറഞ്ഞു.

സമയമായി....
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമിന്റെ നായകന്‍ മഹേല ജയവര്‍ദ്ധനെ രാജി പ്രഖ്യാപിച്ചു. പാക്കിസ്‌താനെതിരെ നടക്കാനിരിക്കുന്ന രണ്ട്‌ മല്‍സര ടെസ്‌റ്റ്‌ പരമ്പരക്ക്‌ ശേഷം അദ്ദേഹം ടീമിന്റെ ചുമതല കൈമാറും. വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാനും ഇപ്പോള്‍ ടീമിന്റെ ഉപനായകനുമായ കുമാര്‍ സങ്കക്കാരയായിരിക്കും പുതിയ നായകനെന്നാണ്‌ സൂചനകള്‍. പാക്കിസ്‌താനെതിരായ പരമ്പരക്ക്‌ ശേഷം സിംബാബ്‌വെക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയോടെ പുതിയ നായകന്‍ ചുമതലയേല്‍ക്കും. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വിയാണ്‌ മഹേലയെ പെട്ടെന്ന്‌ രാജിക്ക്‌ പ്രേരിപ്പിച്ചത്‌. കഴിഞ്ഞ ദിവസം നടന്ന 20-20 മല്‍സരത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഇന്നലെ സെലക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ്‌ മഹേല രാജി നല്‍കാനുളള തീരുമാനം പരസ്യമാക്കിയത്‌. 2004 ലാണ്‌ മഹേല ലങ്കന്‍ ഏകദിന ടീമിന്റെ നായകനായത്‌. 2006 ല്‍ മര്‍വന്‍ അട്ടപ്പട്ടുവില്‍ നിന്ന്‌ ടെസ്റ്റ്‌ ടീമിന്റെ നായകസ്ഥാനവും ഏറ്റെടുത്തു. വിന്‍ഡീസില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെയെത്തിച്ചതായിരുന്നു നായകനെന്ന നിലയില്‍ മഹേലയുടെ ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ വര്‍ഷം കറാച്ചിയില്‍ നടന്ന ഏഷ്യാകപ്പില്‍ ഇന്ത്യയെ തകര്‍ത്ത്‌ കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞതും നേട്ടമായി. മഹേലക്ക്‌ കീഴില്‍ ലങ്കന്‍ ടീമിന്റെ വിദേശ വിജയനിരക്കിലും മാറ്റമുണ്ടായിരുന്നു. ഇംഗ്ലണ്ട്‌, ന്യൂസിലാന്‍ഡ്‌, വിന്‍ഡീസ്‌ എന്നിവര്‍ക്കെതിരായ ടെസ്‌റ്റ്‌ പരമ്പരകള്‍ സമനിലയിലെത്തിക്കാന്‍ കഴിഞ്ഞു. 26 ടെസ്‌റ്റുകളില്‍ അദ്ദേഹം ടീമിനെ നയിച്ചു. ഇതില്‍ 15 മല്‍സരങ്ങളില്‍ വിജയിച്ചപ്പോള്‍ ഏഴില്‍ പരാജയപ്പെട്ടു. ടെസ്റ്റ്‌ മല്‍സരങ്ങളില്‍ നായകന്‍ എന്ന നിലയില്‍ ഏറെ തവണ വലിയ ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുളള മഹേലക്ക്‌ സമീപകാലത്തായി ഏകദിനങ്ങളില്‍ മികവ്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 94 ഏകദിനങ്ങളില്‍ അദ്ദേഹം ടീമിനെ നയിച്ചു. ഇതില്‍ 54 ല്‍ വിജയിച്ചപ്പോള്‍ 35 മല്‍സരങ്ങളില്‍ പരാജയപ്പെട്ടു.
പിന്‍ഗാമിക്ക്‌ അവസരം നല്‍കാനുളള അനുയോജ്യ സമയമാണിതെന്ന്‌ ഇന്നലെ വാര്‍ത്താലേഖകരുമായി സംസാരിക്കവെ മഹേല പറഞ്ഞു. 2011 ലെ ലോകകപ്പിന്‌ ഇനിയും 18 മാസങ്ങള്‍ ശേഷിക്കുന്നു. ലോകകപ്പിന്‌ മുന്നോടിയായി ടീമിനെ ഒരുക്കാന്‍ പുതിയ നായകന്‌ കഴിയും-മഹേല വ്യക്തമാക്കി. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ഈ തീരുമാനവുമായി ഞാന്‍ നടക്കുന്നു. അനുയോജ്യമായ സമയത്താണ്‌ സെലക്‌
ര്‍മാരെയും ലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സി.ഇ.ഒ ദുലീപ്‌ മെന്‍ഡിസിനെയും കണ്ടത്‌. ലങ്കന്‍ ടീമിനെ നയിക്കുക എന്നത്‌ വലിയ നേട്ടമാണ്‌. നായകന്‍ എന്ന നിലയില്‍ ടീമിനെയും ക്രിക്കറ്റിനെയും നാട്ടുകാരെയും സേവിക്കാന്‍ എനിക്കായി എന്നാണ്‌ വിശ്വാസം. പുതിയ നായകന്‌ കീഴില്‍ ഒരു ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ കളിക്കാനാണ്‌ തീരുമാനം-മഹേല പറഞ്ഞു.
കുമാര്‍ ചോയിസ്‌
കൊളംബോ: 2011 ല്‍ ഇന്ത്യയിലും പാക്കിസ്‌താനിലും ലങ്കയിലും ബംഗ്ലാദേശിലുമായി നടക്കുന്ന ലോകകപ്പിലും ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന രണ്ടാമത്‌ 20-20 ലോകകപ്പിലും കളിക്കുന്ന ലങ്കന്‍ ടീമിനെ നയിക്കുക കുമാര്‍ സങ്കക്കാരയായിരിക്കും. മഹേല ജയവര്‍ദ്ധനെ നായകസ്ഥാനത്ത്‌ നിന്ന്‌ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ സെലക്ടര്‍മാര്‍ പുതിയ നായകനെ പ്രഖ്യാപിക്കും. മഹേലയുടെ വിശ്വസ്‌തനും ലങ്കന്‍ ക്രിക്കറ്റിലെ സ്റ്റൈലിഷ്‌ ബാറ്റ്‌സ്‌മാനുമായ സങ്കക്കാരക്കാണ്‌ എല്ലാ സാധ്യതകളും. ഇന്ത്യക്കെതിരായ 20-20 മല്‍സരത്തില്‍ ടീമിനെ നയിച്ച തിലകര്‌തനെ ദില്‍ഷാന്‍ മാത്രമാണ്‌ സങ്കക്കാരക്ക്‌ വെല്ലുവിളി. എന്നാല്‍ ടെസ്‌റ്റ്‌, ഏകദിന, 20-20 ടീമുകളില്‍ ദില്‍ഷാന്‌ സ്ഥിരസ്ഥാനമില്ലാത്തതിനാല്‍ കുമാര്‍ തന്നെ സ്വാഭാവിക ചോയിസായി മാറും.
തന്റെ പിന്‍ഗാമിയാവാന്‍ അനുയോജ്യന്‍ സങ്കക്കാരയാണെന്ന്‌ നേരത്തെ തന്നെ മഹേല പറഞ്ഞിരുന്നു. ക്രിക്കറ്റിനെക്കുറിച്ച്‌ നല്ല അവബോധമുണ്ട്‌ കുമാറിന്‌. ഞാന്‍ നായകനും കുമാര്‍ ഉപനായകനുമായപ്പോള്‍ പരസ്‌പരം ചര്‍ച്ച ചെയ്‌താണ്‌ എല്ലാ കാര്യങ്ങളും തീരുമാനിച്ചത്‌. ലോക ക്രിക്കറ്റില്‍ കുമാറിന്‌ അനുഭവസമ്പത്തുമുണ്ട്‌. അതിനാല്‍ കുമാറായിരിക്കും ഏറ്റവും മികച്ച ചോയിസെന്നും മഹേല വ്യക്തമാക്കിയിരുന്നു.


ലോക ജേതാക്കളെ ബ്രസീല്‍ വീഴ്‌ത്തി
ലണ്ടന്‍: സൂപ്പര്‍ താരം റോബിഞ്ഞോയുടെ മികവില്‍ രണ്ട്‌ ഗോളുകള്‍ക്ക്‌ ലോക ജേതാക്കളായ ഇറ്റലിയെ വീഴ്‌ത്തി ബ്രസീല്‍ സൗഹൃദ മല്‍സരത്തില്‍ കരുത്ത്‌ കാട്ടി. പ്രീമിയര്‍ ലീഗ്‌ ക്ലബായ ആഴ്‌സനലിന്റെ എമിറേറ്റ്‌സ്‌ സ്‌റ്റേഡിയത്തില്‍ അറുപതിനായിരത്തോളം ആരാധകരെ സാക്ഷിനിര്‍ത്തി നടന്ന മല്‍സരത്തില്‍ റോബിഞ്ഞോയായിരുന്നു ഹീറോ. മല്‍സരത്തിന്റെ പതിമൂന്നാം മിനുട്ടില്‍ തന്റെ മാഞ്ചസ്റ്റര്‍ സിറ്റി സഹതാരമായ ഇലാനോക്ക്‌ ഗോളടിക്കാന്‍ പാകത്തിന്‌ പന്ത്‌ നല്‍കിയ റോബിഞ്ഞോ പതിനാല്‌ മിനുട്ടിന്‌ ശേഷം ടീമിന്റെ വിജയമുറപ്പിച്ച ഗോളും നേടുകയായിരുന്നു. ഇറ്റാലിയന്‍ തോല്‍വിയില്‍ അവരുടെ കോച്ച്‌ മാര്‍സിലോ ലിപ്പിക്‌്‌ അപൂര്‍വമായ റെക്കോര്‍ഡും നഷ്ടമായി. മല്‍സരം സമനിലയില്ലെങ്കിലുമായിരുന്നെങ്കില്‍ ലോക സോക്കറില്‍ ഏറ്റവുമധികം കാലം പരാജയമറിയാത്ത കോച്ച്‌ എന്ന ബഹുമതി ലിപ്പിക്ക്‌ ലഭിക്കുമായിരുന്നു. കഴിഞ്ഞ ജൂണില്‍ ഇറ്റാലിയന്‍ ദേശീയ ടീമിന്റെ കോച്ചായി വീണ്ടും ചുമതലയേറ്റ ലിപ്പി തുടര്‍ച്ചയായി 31 മല്‍സരങ്ങളില്‍ തോല്‍വിയറിഞ്ഞിരുന്നില്ല. 2004 ല്‍ സ്ലോവേനിയക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന പരാജയം. സ്‌പെയിനിന്റെ ജാവിര്‍ ക്ലമന്റെയും അര്‍ജന്റീനയുടെ അല്‍ഫിയോ ബാസിലും തുടര്‍ച്ചയായി 31 മല്‍സരങ്ങളില്‍ സ്വന്തം ടീമുകളെ പരാജയമറിയാതെ സംരക്ഷിച്ചിട്ടുണ്ട്‌.

No comments: