തുറന്ന പിന്തുണ
മിലാന്‍: ഡേവിഡ് ബെക്കാമിന് തുറന്ന പിന്തുണയുമായി ഏ.സി മിലാന്‍ സൂപ്പര്‍ താരം കക്ക. ഏ.സി മിലാനില്‍ തുടരാനുളള ബെക്കാമിന്റെ ആഗ്രഹത്തിനൊപ്പം നില്‍ക്കാന്‍ അദ്ദേഹം അമേരിക്കന്‍ ക്ലബായ ലോസാഞ്ചലസ്സ് ഗ്യാലക്‌സിയോട് ആവശ്യപ്പെട്ടു. ഏ.സി മിലാനില്‍ ബെക്കാം പ്രകടിപ്പിക്കുന്ന മികവ് മനസ്സിലാക്കി ഗ്യാലക്‌സി മാനേജ്‌മെന്റ്‌് ബെക്കാമിനായുളള പിടിവാശി അവസാനിപ്പിക്കണമെന്നും ബ്രസീലിയന്‍ ടെലിവിഷനുമായി സംസാരിക്കവെ കക്ക അഭിപ്രായപ്പെട്ടു.
ഗ്യാലക്‌സിയുടെ താരമായ ബെക്കം ഇപ്പോള്‍ ലോണ്‍ അടിസ്ഥാനത്തില്‍ ഏ.സി മിലാന് വേണ്ടി കളിക്കുകയാണ്. ലോണ്‍ കാലാവധി കഴിയുന്നത് മാര്‍ച്ച് ഒമ്പതിനാണ്. പക്ഷേ ബെക്കാം എത്രയും പെട്ടെന്ന് തിരിച്ചെത്തണമെന്നതാണ് ഗ്യാലക്‌സിയുടെ ആവശ്യം. കഴിഞ്ഞ വെള്ളിയാഴ്‌ച്ചക്ക് മുമ്പ് ബെക്കാമിനെ തിരിച്ചയക്കാന്‍ ഗ്യാലക്‌സി മിലാന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഏ.സി മിലാനില്‍ തുടരാനുളള താല്‍പ്പര്യമാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ പ്രകടിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെ ചാമ്പ്യന്‍ ക്ലബായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനും സ്‌പെയിനിലെ അജയ്യരായ റയല്‍ മാഡ്രിഡിനുമായെല്ലാം കളിച്ച ബെക്കാം കഴിഞ്ഞ സീസണിലാണ് അതിനാടകീയ നീക്കത്തില്‍ ഫുട്‌ബോളിന് വലിയ വേരില്ലാത്ത അമേരിക്കയിലേക്ക് ചാടിയത്. വന്‍കിട ക്ലബുകളുടെ ക്ഷണം നിരസിച്ച് അമേരിക്കയിലേക്ക്‌് ചേക്കേറാനുള്ള ബെക്കാമിന്റെ തീരുമാനത്തില്‍ സോക്കര്‍ ലോകം അല്‍ഭുതപ്പെട്ടിരുന്നു.
എന്ത് കൊണ്ടാണ് ബെക്കാം അമേരിക്കയിലേക്ക് പോയതെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. തന്റെ കരിയര്‍ അവസാനിക്കുമെന്ന തോന്നല്‍ മൂലമായിരിക്കാം ഗ്യാലക്‌സിയുടെ ക്ഷണം അദ്ദേഹം സ്വീകരിച്ചതെന്നായിരുന്നു പറയപ്പെട്ടിരുന്നത്. അമേരിക്കന്‍ സീസണിന് ശേഷമാണ് ഇപ്പോള്‍ ലോണ്‍ അടിസ്ഥാനത്തില്‍ ബെക്കാം ഇറ്റലിയിലെ വലിയ ക്ലബിനായി കളിക്കുന്നത്. ബെക്കാമിനെ കിട്ടിയപ്പോള്‍ മിലാന്റെ പ്രകടനവും അക്ഷരാര്‍ത്ഥത്തില്‍ മാറിയിരുന്നു. പല മല്‍സരങ്ങളിലും അദ്ദേഹത്തിന്റെ പ്രകടനവും സാന്നിദ്ധ്യവും നിര്‍ണ്ണായകമായി. ഈ സാഹചര്യത്തിലാണ് അവിടെ തന്നെ നില്‍ക്കാനുളള മോഹം ബെക്കാം പ്രകടിപ്പിച്ചതും ഗ്യാലക്‌സി ഇത് തള്ളിയതും.
ബെക്കാമിന്റെ സാന്നിദ്ധ്യം ഈ സീസണിലും തുടര്‍ന്നും മിലാന് വേണമെന്നാണ് കക്ക പറയുന്നത്. അദ്ദേഹം ലോകോത്തര ഫുട്‌ബോളറാണ്. ബെക്കാമിനെ ലോണ്‍ അടിസ്ഥാനത്തില്‍ മിലാന്‍ ആദ്യം വാങ്ങിയത് വിപണനത്തിന്റെ ഭാഗമായിട്ടായിരിക്കാം. എന്നാല്‍ ഇപ്പോള്‍ സത്യം തെളിഞ്ഞിരിക്കുന്നു. ബെക്കാമിന്റെ സാന്നിദ്ധ്യം എത്രമാത്രം വിലപ്പെട്ടതാണെന്ന് മിലാനും ആരാധകരും മനസ്സിലാക്കുന്നു. മിലാന് ബെക്കാമിനെ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും കക്ക പറഞ്ഞു. ഏറ്റവും മികച്ച പാസുകളും ഗോള്‍ ഷോട്ടുകളുമാണ് ബെക്കാം പായിക്കുന്നത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മികവിനെ ഗ്യാലക്‌സി കണ്ടില്ലെന്ന് നടിക്കരുതെന്നും കക്ക പറയുന്നു.
ബെക്കാം എവിടെ തുടരുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെയുണ്ടാവുമെന്നാണറിയുന്നത്. ഗ്യാലക്‌സി സ്വന്തം നിലപാടില്‍ ഉറച്ച് നിന്നാല്‍ ബെക്കാമിന്റെ മോഹം നടക്കില്ല. മിലാന്‍ ചീഫ് എക്‌സിക്യൂട്ടീവ് അഡ്രിയാനോ ഗലാനിക്ക് ബെക്കാമിനോട് അതിയായ താല്‍പ്പര്യമുണ്ട്. അദ്ദേഹത്തെ സ്വന്തമാക്കാനായുളള ചര്‍ച്ചകള്‍ക്കായി തന്റെ ദൂതനെ അഡ്രിയനോ ലോസാഞ്ചലസ്സിലേക്ക് അയച്ചിട്ടുണ്ട്.
ഗ്യാലക്‌സി ടീമിനെ പരിശീലിപ്പിക്കുന്നത് അമേരിക്കന്‍ ദേശീയ ടീമിന്റെ കോച്ചായിരുന്ന ബ്രൂസ് അറീനയാണ്. അദ്ദേഹത്തിന് ബെക്കാമിനോട് താല്‍പ്പര്യമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ കാര്യത്തില്‍ എന്തെങ്കിലും പറയുന്നതില്‍ കാര്യമില്ലെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അറീന മറുപടി നല്‍കിയത്. ബെക്കാമിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അന്തിമമായി എന്തെങ്കിലും പറയേണ്ടത് താനല്ലെന്ന് അദ്ദേഹം പറഞ്ഞു.
മിലാന് കളിക്കാന്‍ തുടങ്ങിയതോടെ സോക്കര്‍ ലോകം വീണ്ടും ബെക്കാമിനെ ശ്രദ്ധിക്കുന്നുണ്ട്. സ്‌പെയിനിനെതിരായ സൗഹൃദ മല്‍സരത്തില്‍ ബെക്കാമിന് ഇംഗ്ലണ്ടിനായി കളിക്കാന്‍ അവസരം ലഭിച്ചത് മിലാന് വേണ്ടി മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ്. ആ മല്‍സരത്തില്‍ കളിച്ചതോടെ രാജ്യത്തിനായി ഏറ്റവുമധികം മല്‍സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരമെന്ന ബഹമതിയും ബെക്കാമിന് ലഭിച്ചിരുന്നു. 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് വിരമിക്കാനാണ് അദ്ദേഹത്തിന്റെ താല്‍പ്പര്യം. അതിന് കഴിയണമെങ്കില്‍ ഇംഗ്ലണ്ടിന്റെ കോച്ച് ഫാബിയോ കാപ്പലോയുടെ ശ്രദ്ധ നേടണം. ഇറ്റലിയില്‍ കളിച്ചാല്‍ കാപ്പലോയുടെ മാത്രമല്ല സോക്കര്‍ ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ലഭിക്കുമെന്ന് വളരെ വൈകിയാണ് ബെക്കാം മനസ്സിലാക്കിയത്. ഇനി അദ്ദേഹം ലോസാഞ്ചലസ് ഗ്യാലക്‌സിയുടെ കരുണക്കായി കാത്തുനില്‍ക്കണം.
സ്വാന്‍ ഹീറോ
ആന്റിഗ്വയില്‍ ഇംഗ്ലീഷ് കാറ്റ്
ആന്റിഗ്വ: ജമൈക്കയിലെ സബീനാ പാര്‍ക്കിലെ വന്‍ തോല്‍വിക്ക് അതേ നാണത്തില്‍ മറുപടി നല്‍കാന്‍ ഇംഗ്ലണ്ടിന് അവസരം. വിന്‍ഡീസിനെതിരായ മൂന്നാം ടെസ്‌റ്റ് മൂന്നാം ദിനം പിന്നിടുമ്പോള്‍ ശക്തമായ നിലയിലാണ് സന്ദര്‍ശകര്‍. ഒന്നാം ഇന്നിംഗ്‌സില്‍ നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്, പോള്‍ കോളിംഗ്‌വുഡ് എന്നിവരുടെ സെഞ്ച്വറികളില്‍ ഒമ്പത് വിക്കറ്റിന് 566 റണ്‍സ് നേടിയ ഇംഗ്ലണ്ട് ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ് 285 റണ്‍സില്‍ അവസാനിപ്പിച്ച് കൂറ്റന്‍ ലീഡ് നേടിക്കഴിഞ്ഞു. ഫോളോ ഓണിന് വിന്‍ഡീസിനെ നിര്‍ബന്ധിക്കാതെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 31 റണ്‍സ് നേടിയിട്ടുണ്ട്. 312 റണ്‍സിന്റെ വലിയ ലീഡുളള ഇംഗ്ലണ്ട് ഇന്ന് വേഗത്തില്‍ ബാറ്റ് ചെയത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്‌ത് വിന്‍ഡീസിനെ വെല്ലുവിളിക്കും.
തന്റെ മൂന്നാം മല്‍സരം മാത്രം കളിക്കുന്ന ഗ്രയീം സ്വാന്‍ എന്ന സ്‌പിന്നറാണ് വിന്‍ഡീസിന്റെ ഇന്നിംഗ്‌സിന്റെ അന്തകനായത്. 57 റണ്‍സിന് സ്വാന്‍ അഞ്ച് വിക്കറ്റ് നേടി. ടെസ്‌റ്റ് കരിയറില്‍ യുവസ്‌പിന്നറുടെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഇംഗ്ലീഷ് ടീമിലെ ഒന്നാം നമ്പര്‍ സ്‌പിന്നര്‍ മോണ്ടി പനേസറെ പിറകിലാക്കിയാണ് സ്വാന്‍ അവസരത്തിനൊത്തുയര്‍ന്നത്. 94 റണ്‍സ് നേടിയ രാം നരേഷ് സര്‍വന്‍ മാത്രമാണ് വിന്‍ഡീസ് ബാറ്റ്‌സ്‌മാന്മാരില്‍ പിടിച്ചുനിന്നത്.
പ്രധാന ബൗളര്‍മാരായ സ്‌റ്റിവന്‍ ഹാര്‍മിസണും ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫും പരുക്കില്‍ തളര്‍ന്നപ്പോള്‍ കനത്ത ചൂടിനെ അവഗണിച്ച് പന്തെറിഞ്ഞാണ് സ്വാന്‍ വിന്‍ഡീസ് ബാറ്റ്‌സ്‌മാന്മാരെ വട്ടം കറക്കിയത്. ഹാര്‍മിസണ് തന്റെ ബൗളിംഗ് എന്‍ഡ് മാറ്റിനല്‍കാനാണ് തുടക്കത്തില്‍ ഇംഗ്ലീഷ് നായകന്‍ സ്‌ട്രോസ് സ്വാനിന് പന്ത് നല്‍
കിയത്. എന്നാല്‍ പിച്ചിനെ ഉപയോഗപ്പെടുത്തുന്നതില്‍ മികവ് കാട്ടിയ സ്‌പിന്നര്‍ ലഞ്ചിന് ശേഷം ആദ്യ സെഷനില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി. 38 റണ്‍സ് നേടിയ ഡിവോണ്‍ സ്‌മിത്ത് അപകടകരമായി ബാറ്റ് ചെയ്‌തപ്പോള്‍ സ്വാനിന് ആഹ്ലാദിക്കാന്‍ അവസരമായി. നൈറ്റ്‌വാച്ച്‌്‌മാന്‍ ഡാരന്‍ പവലിനെ പുറത്താക്കാനും സ്വാനിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല.
ജമൈക്കയില്‍ നടന്ന ആദ്യ ടെസ്‌റ്റില്‍ ഇന്നിംഗ്‌സിന്റെ നാണക്കേട് രുചിച്ചവരാണ് ഇംഗ്ലണ്ട്. അവരുടെ രണ്ടാം ഇന്നിംഗ്‌സ് കേവലം 51 റണ്‍സില്‍ അവസാനിച്ചിരുന്നു. ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് മൈതാനത്ത് നടന്ന രണ്ടാം ടെസ്റ്റ് പിച്ച് തകര്‍ന്നത് കാരണം കേവലം 14 മിനുട്ടില്‍ സമാപിക്കുകയും ചെയ്‌തിരുന്നു. പരമ്പരയില്‍ പിറകില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന് കരുത്ത് പ്രകടിപ്പിച്ച് പരമ്പരയിലേക്ക് തിരിച്ചെത്താന്‍ ലഭിച്ചിരിക്കുന്ന സുവര്‍ണ്ണാവസരമാണിത്.
പുതിയ മുഖങ്ങള്‍
ലാഹോര്‍: ഈ മാസം 26ന് കറാച്ചിയില്‍ ശ്രീലങ്കക്കെതിരെ നടക്കുന്ന ഒന്നാം ടെസ്‌റ്റിനുളള പാക്കിസ്‌താന്‍ ടീമിനെ പ്രഖ്യാപിച്ചു. യൂനസ് ഖാന്‍ നയിക്കുന്ന സംഘത്തില്‍ അഞ്ച് പുതുമുഖങ്ങളുണ്ട്. അഹമ്മദ് ഷഹസാദ്, മുഹമ്മദ് തല്‍ഹ, ഖുറം മന്‍സൂര്‍, സുഹൈല്‍ഖാന്‍,ഫവാദ് ആലം എന്നിവരാണ് പതിനഞ്ചംഗ സംഘത്തിലെ കന്നിക്കാര്‍. മധ്യനിര ബാറ്റ്‌സ്‌മാന്‍ ആസിം കമാലിനെ തിരിച്ചുവിളിച്ചപ്പോള്‍ ഷുഹൈബ് അക്തറിന് ടീമില്‍ ഇടം നല്‍കിയില്ല.
ടീം ഇതാണ്: യൂനസ് ഖാന്‍ (ക്യാപ്‌റ്റന്‍), സല്‍മാന്‍ ഭട്ട്, ഖുറം മന്‍സൂര്‍, അഹമ്മദ് ഷഹസാദ്, ഷുഹൈബ് മാലിക്, മിസാബ്‌ഹുല്‍ ഹഖ്, ഫൈസല്‍ ഇഖ്‌ബാല്‍, ആസിം കമാല്‍, ഫവാദ് ആലം,യാസിര്‍ അറഫാത്ത്, ഡാനിഷ് കനേരിയ, കമറാന്‍ അക്‌മല്‍, ഉമര്‍ ഗുല്‍, മുഹമ്മദ് തല്‍ഹ, സുഹൈല്‍ ഖാന്‍.
ഷുഹൈബ് മാലിക് നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം പുതിയ നായകന് കീഴില്‍ പാക്കിസ്‌താന്‍ കളിക്കുന്ന ആദ്യ മല്‍സരമാണിത്. 2006 ലെ ലോകകപ്പിന് ശേഷം ടീമിനെ നയിച്ചത് മാലിക്കായിരുന്നു. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ ടീമിന് സംഭവിച്ച ദയനീയ തോല്‍വിയെ തുടര്‍ന്നാണ് മാലിക്കിനെ മാറ്റി യൂനസിനെ നായകസ്ഥാനത്ത് അവരോധിച്ചത്.
ബൗളിംഗായിരിക്കും ടീമിന് തലവേദന. ഉമര്‍ ഗുല്‍ മാത്രമാണ് ടീമിലെ അനുഭവസമ്പന്നന്‍. അക്തര്‍ പരുക്ക് കാരണം പുറത്താണ്. മുഹമ്മദ് തല്‍ഹ, സുഹൈല്‍ ഖാന്‍, യാസിര്‍ അറഫാത്ത്, ഡാനിഷ് കനേരിയ എന്നിവരാണ് മറ്റ് ബൗളര്‍മാര്‍. കനേരിയ കരുത്തനാണ്. പക്ഷേ ഗുലിന് പുതിയ പന്തില്‍ പിന്തുണ നല്‍കുന്നതില്‍ മറ്റുള്ളവര്‍ വിജയിച്ചാല്‍ മാത്രമാണ് ടീമിന് മുഖം രക്ഷിക്കാനാവുക. ദീര്‍ഘകാലത്തിന് ശേഷമാണ് പാക്കിസ്‌താന്‍ സ്വന്തം മണ്ണില്‍ ശക്തരായ പ്രതിയോഗികള്‍ക്കെതിരെ ഒരു ടെസ്‌റ്റിന് ആതിഥ്യമരുളുന്നത്. ലങ്കയാവട്ടെ മഹേല ജയവര്‍ദ്ധനക്ക്‌് കീഴില്‍ അവസാന പരമ്പര കളിക്കാനാണ് എത്തിയിരിക്കുന്നത്.
ഞാനില്ല
ദുബായ്: മണലാരണ്യത്തിലെ ടെന്നിസ് പ്രേമികള്‍ക്ക്‌് നിരാശയുടെ വാര്‍ത്ത. ഇന്ത്യന്‍ സൂപ്പര്‍ താരം സാനിയ മിര്‍സ ദുബായ് ഓപ്പണില്‍ നിന്ന് പുറത്തായതിനൊപ്പം പുരുഷ ടെന്നിസിലെ ക്ലാസിക് താരമായ സ്വിറ്റ്‌സര്‍ലാന്‍ഡുകാരന്‍ റോജര്‍ ഫെഡ്‌റര്‍ പുറം വേദന കാരണം അടുത്തയാഴ്‌ച്ച ആരംഭിക്കുന്ന പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറി. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഡേവിസ് കപ്പ്‌് ടീമില്‍ നിന്നും ലോക സീഡിംഗില്‍ രണ്ടാം സ്ഥാനക്കാരനായ താരം പിന്മാറിയിട്ടുണ്ട്. 13 തവണ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ നേടിയിട്ടുളള ഫെഡ്‌റര്‍ റാഫേല്‍ നദാലിനെതിരായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ഫൈനലിലെ മാരത്തോണ്‍ പോരാട്ടത്തിന് ശേഷം മല്‍സരക്കളത്തിലിറങ്ങിയിട്ടില്ല. പുറം വേദന പൂര്‍ണ്ണമായും അകലാന്‍ അല്‍പ്പനാളുകള്‍ വിശ്രമിക്കാനാണ് ഫെഡ്‌ററുടെ തീരുമാനം. കഴിഞ്ഞ ഒക്ടോബറില്‍ പാരീസില്‍ നടന്ന മാസ്റ്റേഴ്‌സ് കപ്പില്‍ നിന്നും മല്‍സരത്തിനിടെ പുറംവേദന കാരണം ഫെഡ്‌റര്‍ പിന്മാറിയിരുന്നു. ഫെഡ്‌റര്‍ ഇല്ലെങ്കിലും റാഫേല്‍ നദാല്‍ ഉള്‍പ്പെടെ ലോക ടെന്നിസിലെ മറ്റ് കരുത്തരെല്ലാം ദുബായ് ഓപ്പണില്‍ കളിക്കുന്നുണ്ട്. അതേ സമയം ദുബായ് ഓപ്പണിലെ വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം സറീന വില്ല്യംസ് മുന്നേറുന്നു. സറീനക്കെതിരായ രണ്ടാം റൗണ്ട് മല്‍സരത്തില്‍ ആദ്യ സെറ്റ് നഷ്‌ടമായിട്ടും രാജകീമായി തിരിച്ചെത്തിയ അമേരിക്കന്‍ താരം മൂന്നാം റൗണ്ട് ഉറപ്പാക്കി. മറ്റൊരു സൂപ്പര്‍ താരമായ ദിനാര സാഫിന പക്ഷേ പുറത്തായി.
ഈ വര്‍ഷം കൂടി
ലണ്ടന്‍: 47 വര്‍ഷമായി ടെലിവിഷന്‍ ബ്രോഡ്‌കാസ്‌റ്റിംഗ് രംഗത്ത് ഇതിഹാസമായി നിലനില്‍ക്കുന്ന റിച്ചി ബനൗഡ് എന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഈ വര്‍ഷത്തോടെ കളിപറയല്‍ അവസാനിപ്പിക്കുന്നു. ബി.ബി.സി ക്രിക്കറ്റിലൂടെ ലോകത്തിന് സുപരിചിതനായ 78 കാരന്‍ 2010 മുതല്‍ തീര്‍ച്ചയായും ടെലിവിഷനിലുടെ കളി പറയാനില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. 1952 നും 64 നും മധ്യേ ഓസ്‌ട്രേലിയക്കായി 63 ടെസ്‌റ്റുകള്‍ കളിച്ചിട്ടുളള ബനൗഡ് കളി പറയല്‍ രംഗത്ത് ഇന്നും ഒന്നാമനാണ്.
ഡാര്‍ക്ക് ബ്ലു ഇന്ത്യ
മുംബൈ: ഇന്ത്യന്‍ ഏകദിന ടീമിന് ഇനി പുതിയ ഡ്രസ്സ്.. ഇത് വരെ ഇളം നീല നിറത്തില്‍ കളിച്ചിട്ടുളള മഹേന്ദ്രസിംഗ് ധോണിയുടെ സംഘത്തെ ഇനി കടും നീല നിറത്തിലാണ് കാണാനാവുക. ന്യൂസിലാന്‍ഡ് പര്യടനം മുതല്‍ ഇത് കാണാം. കിവി പര്യടനം മുന്‍നിര്‍ത്തി പുതിയ ഡ്രസ്സുമായി ഇന്നലെ ധോണിയും സംഘവും ആരാധകര്‍ക്ക് മുന്നിലെത്തി. ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക കിറ്റ് സ്‌പോണ്‍സറായ നൈകാണ് പുതിയ ജഴ്‌സിക്ക് രൂപം നല്‍കിയത്. ഡിസൈനര്‍മാര്‍ ഒരു വര്‍ഷത്തോളം പരീക്ഷണ നീരീക്ഷണങ്ങള്‍ നടത്തിയാണ് പുതിയ ഡ്രസ്സിന് രൂപം നല്‍കിയതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി എന്‍.ശ്രീനിവാസന്‍ പറഞ്ഞു. ധോണിയെ കൂടാതെ ഇന്നലെ റിഹേഴ്‌സല്‍ ഷോയില്‍ യുവരാജ് സിംഗ്, സഹീര്‍ഖാന്‍, ദിനേശ് കാര്‍ത്തിക്, ഇഷാന്ത് ശര്‍മ്മ, ഗൗതം ഗാംഭീര്‍ എന്നിവരെല്ലാമുണ്ടായിരുന്നു.
വെറ്ററന്‍സ് മീറ്റില്‍ കേരളം നാലാമത്
ലക്‌നൗ: മുപ്പതാമത് ദേശീയ വെറ്ററന്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം മികവുകാട്ടി. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ മഹാരാഷ്ട്രക്ക് പിറകില്‍ 50 മെഡലുകളുമായി കേരളം നാലാം സ്ഥാനത്തെത്തി. 19 സ്വര്‍ണ്ണവും 18 വെള്ളിയും 13 വെങ്കലവുമാണ് കേരളാ താരങ്ങള്‍ നേടിയത്. സെപ്‌തംബറില്‍ പൂനെയില്‍ നടക്കുന്ന ഏഷ്യന്‍ വെറ്ററന്‍സ് മീറ്റില്‍ ഈ താരങ്ങള്‍ രാജ്യത്തെ പ്രതിനിധീകരിക്കും. ഏഷ്യന്‍ മീറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഫിന്‍ലാന്‍ഡില്‍ നടക്കുന്ന ലോക മാസ്‌റ്റേഴ്‌സ് മീറ്റിലേക്ക് സെലക്ഷന്‍. ലോംഗ്‌ജംമ്പ്, ട്രിപ്പിള്‍ ജംമ്പ്, പോള്‍വോള്‍ട്ട് ഇനങ്ങളില്‍ കോഴിക്കോട് ജില്ലയിലെ ചേവായൂര്‍ സ്വദേശിയായ ജോയ് മണ്ണാനിക്കാട് സ്വര്‍ണ്ണം കരസ്ഥമാക്കിയപ്പോള്‍ സെന്റ്‌് ജോസഫ് കോളജ് പ്രൊഫസര്‍ ഡോ.പി.എം ആന്റണി ട്രിപ്പിള്‍ ജംമ്പില്‍ രണ്ടാമനായി. കോഴിക്കോട് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായ എല്‍.എസ് ഋഷിദാസ് 4-100 മീറ്റര്‍ റിലേയില്‍ വെളളി നേടിയ സംഘത്തില്‍ അംഗമായിരുന്നു. സെന്റ്‌് വിന്‍സന്റ് കോളനി ഹൈസ്‌ക്കൂള്‍ അധ്യാപകനായ ഷാജി കെ.എം പോള്‍വോള്‍ട്ടില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹൈസ്‌ക്കൂള്‍ അധ്യാപകനായ ഷാജു സെബാസ്റ്റ്യന്‍ 400 മീറ്ററില്‍ രണ്ടാമനായി. മണിയൂര്‍ പഞ്ചായത്ത് ഹൈസ്‌ക്കൂളിലെ വി.പി ഹരിദാസന്‍ 400 മീറ്ററില്‍ വെള്ളി നേടി.
ആരോഗ്യ പ്രശ്‌നങ്ങളാണ് കേരളാ താരങ്ങളെ ബാധിച്ചതെന്ന് ടീം മാനേജരും കേരളാ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറിയുമായ അശോകന്‍ കുന്നുങ്ങല്‍ പറഞ്ഞു. 40 താരങ്ങളാണ് കേരളത്തെ പ്രതിനിധീകരിച്ചത്.
No comments:
Post a Comment