റിക്കി നേരത്തെ
സിഡ്‌നി: പ്രതിസന്ധിമുഖത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ നായകന്‍ റിക്കി പോണ്ടിംഗ് തന്നെ രംഗത്ത്. അദ്ദേഹം രണ്ട് മല്‍സരങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നില്ല. ഒരു മല്‍സരത്തില്‍ നിന്ന് സെലക്ഷന്‍ കമ്മിറ്റി തീരുമാനപ്രകാരം വിട്ടുനിന്ന പോണ്ടിംഗ് ഇന്ന് നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ ചാപ്പല്‍-ഹാഡ്‌ലി ഏകദിന പരമ്പരയിലെ നിര്‍ണ്ണായകമായ മൂന്നാം മല്‍സരത്തില്‍ കളിക്കും. പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളും നേടിയ കിവീസ് ഇന്നത്തെ മല്‍സരത്തിലും ജയിച്ചാല്‍ പരമ്പരക്ക് അര്‍ഹരാവും. സ്വന്തം നാട്ടിലെ ഈ വലിയ നാണക്കേടില്‍ നിന്നും ടീമിനെ രക്ഷിക്കാനാണ് പോണ്ടിംഗ് വിശ്രമകാലം വെട്ടിച്ചുരുക്കി വരുന്നത്. സിഡ്‌നി മല്‍സരത്തില്‍ കളിക്കാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് പോണ്ടിംഗ് സെലക്ഷന്‍ കമ്മിറ്റിയെ അറിയിക്കുകയും ആന്‍ഡ്ര്യൂ ഹിഡിച്ച് ചെയര്‍മാനായ കമ്മിറ്റി ഇത് അംഗീകരിക്കുകയുമായിരുന്നു. പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ രണ്ട് വിക്കറ്റിന് പരാജയപ്പെട്ട ലോക ചാമ്പ്യന്മാര്‍ മെല്‍ബണ്‍ മല്‍സരത്തില്‍ ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. പോണ്ടിംഗിന് പകരം മൈക്കല്‍ ക്ലാര്‍ക്കായിരുന്നു മെല്‍ബണില്‍ ടീമിനെ നയിച്ചത്. ഓസ്‌ട്രേലിയന്‍ ബാറ്റിംഗില്‍ അല്‍പ്പമെങ്കിലും പൊരുതിയത് ക്ലാര്‍ക്ക് മാത്രമായിരുന്നു. അദ്ദേഹത്തിന് മാന്‍ ഓഫ് ദ മാച്ച് പട്ടവും ലഭിച്ചു.
മൈക്കല്‍ ക്ലാര്‍ക്കിന്റെ നായകത്വത്തില്‍ വിശ്വാസക്കുറവ് ഉള്ളത് കൊണ്ടല്ല പോണ്ടിംഗിനെ തിരിച്ചുവിളിക്കുന്നതെന്ന് ഹിഡിച്ച് പറഞ്ഞു. റിക്കി കളിക്കാന്‍ അതിയായ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് രണ്ട് മല്‍സര വിശ്രമമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ പരമ്പരയില്‍ നിര്‍ണ്ണായകമായ മല്‍സരത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ റിക്കി താല്‍പ്പര്യപെടുമ്പോള്‍ അതിനെ അവഗണിക്കാന്‍ കഴിയില്ലെന്ന് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. പോണ്ടിംഗ് വരുന്നതോടെ ബാറ്റിംഗിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
എം.സി.ജിയിലെ മല്‍സരത്തില്‍ 98 റണ്‍സ് നേടിയ മൈക്കല്‍ ക്ലാര്‍ക്കിന് പോണ്ടിംഗിന്റെ പെട്ടെന്നുളള വരവ് തിരിച്ചടിയാണ്. ടീമിനെ നയിക്കാനും സ്വന്തം കരുത്ത് പ്രകടിപ്പിക്കാനുമാണ് സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തിന് അവസരം നല്‍കിയിരുന്നത്. എന്നാല്‍ എം.സി.ജിയില്‍ ടീം തകര്‍ന്നു. അതിന് പിറകെയാണ് സിഡ്‌നിയില്‍ കളിക്കാനുളള താല്‍പ്പര്യം പോണ്ടിംഗ് പരസ്യമാക്കിയത്.
തുടര്‍ച്ചയായ അഞ്ച് മല്‍സരങ്ങള്‍ ഓസ്‌ട്രേലിയ ഇതിനകം തോറ്റിരിക്കുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര 1-4ന് നഷ്‌ടമായവര്‍ ന്യൂസിലാന്‍ഡിനെതിരെ ഏകപക്ഷീയ വിജയങ്ങള്‍ നേടുമെന്നാണ് കരുതപ്പെട്ടത്. പക്ഷേ അതുണ്ടായില്ല,. ഡാനിയല്‍ വെട്ടോരി നയിക്കുന്ന കിവി സംഘം ആധികാരികത പ്രകടിപ്പിക്കുന്നതില്‍ പിറകിലാണെങ്കിലും ഓസ്‌ട്രേലിയന്‍ മാനസികാവസ്ഥയെ ചൂഷണം ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്‌്. ഇന്നത്തെ മല്‍സരത്തിലും വിജയം നേടി പരമ്പര സ്വന്തമാക്കുകയാണ് പ്രധാനമെന്ന് വെട്ടോരി പറഞ്ഞു. ഞങ്ങള്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ 2-0 ത്തിന് ലീഡ് നേടുമെന്ന് ആരും കരുതിയിരുന്നില്ല. പക്ഷേ ടീം കരുത്ത് പ്രകടിപ്പിച്ചു. ഈ കരുത്ത് ഇന്നും പ്രകടിപ്പിക്കുമെന്ന അദ്ദേഹം പറഞ്ഞു.
സ്‌മിത്ത് റെഡി
കേപ്‌ടൗണ്‍: പരുക്കില്‍ നിന്നും മുക്തനായ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയീം സ്‌മിത്ത് ഓസ്‌ട്രേലിയയെ നേരിടാന്‍ തയ്യാറെടുത്തുനില്‍ക്കുന്നു. ഈ മാസമാണ് ഓസ്‌ട്രേലിന്‍ സംഘം മൂന്ന് ടെസ്‌റ്റുകളും അഞ്ച് മല്‍സര ഏകദിന പരമ്പരയിലും പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ വരുന്നത്. ഇപ്പോള്‍ ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനമുളള ഓസ്‌ട്രേലിയയെ ഏകദിന റാങ്കിംഗില്‍ പിറകിലാക്കിയവരാണ് ദക്ഷിണാഫ്രിക്ക. നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക വിജയിക്കുന്നപക്ഷം ടെസ്റ്റ് റാങ്കിംഗിലും അവര്‍ക്ക് ഉയരത്തിലെത്താം. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ കളിച്ചാണ് സ്‌മിത്ത് നാട്ടിലേക്ക് മടങ്ങിയത്. പരുക്ക്‌് കാരണം ഏകദിന പരമ്പര അദ്ദേഹത്തിന് നഷ്ടമായിരുന്നു.
ക്ലാര്‍ക്കിന് ആഘാതം
സിഡ്‌നി: റിക്കി പോണ്ടിംഗ് വിരമിച്ചാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ ആരെന്ന ചോദ്യത്തിനുളള ഉത്തരമായിരുന്നു ഇത് വരെ മൈക്കല്‍ ക്ലാര്‍ക്ക്. എന്നാല്‍ ക്ലാര്‍ക്കില്‍ വലിയ വിശ്വാസമില്ലെന്ന് തെളിയിക്കുന്ന നടപടിയിലുടെ വിശ്രമത്തിലായിരുന്ന റിക്കി പോണ്ടിംഗിനെ തിരിച്ചുവിളിച്ചത് വഴി സെലക്ഷന്‍ കമ്മിറ്റി വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ന്യൂസിലാന്‍ഡിനെതിരെ മെല്‍ബണില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ ഓസ്‌ട്രേലിയ ദയനീയമായി തോറ്റതിനൊപ്പം പക്വമതിയായി ടീമിനെ നയിക്കാന്‍ ക്ലാര്‍ക്കിന് കഴിയില്ല എന്ന വിശ്വാസമാണ് സീനിയര്‍ ക്രിക്കറ്റര്‍മാര്‍ പ്രകടിപ്പച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ സിഡ്‌നിയില്‍ നടന്ന അവസാന മല്‍സരത്തിനിടെ താനും സൈമണ്‍ കാറ്റിച്ചും തമ്മില്‍ ഉടക്കിയതായുളള ക്ലാര്‍ക്കിന്റെ വെളിപ്പെടുത്തല്‍ ടീമിന്റെ സല്‍പ്പര് ഇല്ലാതാക്കിയതായാണ് സീനിയര്‍ താരമായ ജെയ്‌സണ്‍ ഗില്ലസ്‌പി പറയുന്നത്. ഒരു ടീമാവുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാവും. ദീര്‍ഘകാലം ഞാന്‍ ടീമിലുണ്ടായിരുന്നു. ധാരാളം പേര്‍ ഒരുമിക്കുമ്പോള്‍ അഭിപ്രായഭിന്നതകള്‍ സ്വാഭാവികം. എന്നാല്‍ ഈ അഭിപ്രായ ഭിന്നതകള്‍ ഡ്രസ്സിംഗ് റൂമില്‍ ഒതുങ്ങുന്നതിന് പകരം പുറത്ത് വരുന്നത് അപകടരകമാണെന്ന് ഗില്ലസ്‌പി പറഞ്ഞു.
ഇതേ അഭിപ്രായമാണ് ഓസ്‌ട്രേലിയയുടെ മുന്‍ പരിശീലകനായ ജോണ്‍ ബുക്കാനനും പറഞ്ഞത്. നായകന്‍ എന്ന നിലയില്‍ ക്ലാര്‍ക്ക് പക്വമതിയാണോ എന്ന് തനിക്ക് സംശയമുണ്ടെന്ന് ബുക്കാനന്‍ അഭിപ്രായപ്പെട്ടു.
ആന്‍ഡ്ര്യൂ സൈമണ്ട്‌സും മൈക്കല്‍ ക്ലാര്‍ക്കും തമ്മിലുണ്ടായ വിവാദം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് വലിയ പേരുദോഷമുണ്ടാക്കിയിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരക്കിടെ ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ട ക്ലാര്‍ക്ക് ടീം മീറ്റിംഗിന് സൈമണ്ട്‌സിനെ വിളിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് മീന്‍ പിടിക്കാന്‍ പോയ സൈമണ്ട്‌സ് വിലക്ക് ചോദിച്ചുവാങ്ങി.
ടീമിലെ ഭൂരിപക്ഷത്തിനും ക്ലാര്‍ക്കിനോട് താല്‍പ്പര്യമില്ല. ഓസീസ് ക്രിക്കറ്റിലെ പരസ്യമായ രഹസ്യമാണിത്. അത് മനസ്സിലാക്കിയാണ് പോണ്ടിംഗിനെ സെലക്ടര്‍മാര്‍ നേരത്തെ വിളിച്ചത്.
ഒന്നാമതാവാന്‍ ഇന്ത്യ
കൊളംബോ: ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഐ.സി.സി ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം...! പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തിന്റെ പ്രസക്തി ഇത് മാത്രമല്ല. ഇന്ന് തോറ്റാല്‍ ശ്രീലങ്കക്ക് സ്വന്തം ക്രിക്കറ്റില്‍ അത് ഏറ്റവും വലിയ നാണക്കേടായി മാറുകയും ചെയ്യും. ഇത് വരെ സ്വന്തം നാട്ടില്‍ നടന്ന പഞ്ചമല്‍സര ഏകദിന പരമ്പരയിലെ എല്ലാ മല്‍സരങ്ങളിലും അവര്‍ തോറ്റിട്ടില്ല.
മഹേന്ദ്രസിംഗ് ധോണി നയിക്കുന്ന ഇന്ത്യ തുടര്‍ച്ചയായി ഒമ്പത് വിജയങ്ങളുമായി പുതിയ ഇന്ത്യന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. പരമ്പരയിലെ നാലാം മല്‍സരത്തിലെ ഇന്ത്യന്‍ വിജയവും ചാപ്പല്‍-ഹാഡ്‌ലി ട്രോഫിയിലെ രണ്ടാം മല്‍സരത്തിലെ ഓസ്‌ട്രേലിയന്‍ തോല്‍വിയും ഇന്ത്യക്ക് സമ്മാനിച്ചത് ഐ.സി.സി ലോക റാങ്കിംഗിലെ രണ്ടാം സ്ഥാനമായിരുന്നു. റാങ്കിംഗ് ഏര്‍പ്പെടുത്തിയ ശേഷം ഏകദിനങ്ങളില്‍ ഇന്ത്യയുടെ ഉയര്‍ന്ന നേട്ടമാണിത്. ഇന്ന് ഇന്ത്യ തോല്‍ക്കുകയും സിഡ്‌നിയില്‍ നടക്കുന്ന മല്‍സരത്തില്‍ ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തുകയും ചെയ്‌താല്‍ ഓസ്‌ട്രേലിയ റാങ്കിംഗില്‍ രണ്ടാമതും ഇന്ത്യ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെടുകയും ചെയ്യും.
ശ്രീലങ്കക്ക് വലിയ തടസ്സം ഇന്ത്യ മാത്രമല്ല-ടോസും അവര്‍ക്ക് മുന്നില്‍ വില്ലനാണ്. ഏകദിന പരമ്പരയിലെ കഴിഞ്ഞ നാല് മല്‍സരങ്ങളിലും ടോസിന്റെ വഴി ധോണിക്കൊപ്പമായിരുന്നു. എല്ലാ തവണയും ഇന്ത്യ ആദ്യം ബാറ്റ് ചെയ്‌തു. വലിയ സ്‌ക്കോര്‍ സമ്പാദിച്ചു. രാത്രി വെളിച്ചത്തില്‍ ഈ സ്‌ക്കോര്‍ പിന്തുടരുക ലങ്കക്ക് എളുപ്പമായിരുന്നില്ല. അതേ സമയം ലങ്ക ആദ്യം ബാറ്റ് ചെയ്‌താല്‍ രാത്രി വെളിച്ചത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്കെതിരെ മുത്തയ്യ മുരളീധരനും അജാന്ത മെന്‍ഡീസിനും കത്തിക്കയറാം.
മഹേല ജയവര്‍ദ്ധനെ നാണക്കേടിന്റെ നടുമുറ്റത്താണ്. ബംഗ്ലാദേശില്‍ നടന്ന ത്രിരാഷ്ട്ര കപ്പില്‍ ഭാഗ്യത്തിന് മാത്രമാണ് മഹേലയും സംഘവും രക്ഷപ്പെട്ടത്. പാക്കിസ്‌താനെതിരായ പരമ്പരയിലും ആധികാരികത പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇന്ത്യക്കെതിരെ തുടര്‍ച്ചയായ നാല് തോല്‍വികള്‍. ഇത് മാത്രമല്ല, വ്യക്തിപരമായി ടീമിന് എന്തെങ്കിലും സംഭാവനകള്‍ നല്‍കാനും മഹേലക്കാവുന്നില്ല. ദീര്‍ഘകാലമായി വലിയ ഇന്നിംഗ്‌സ് നായകന്‍ കളിച്ചിട്ട്.
പ്രേമദാസയില്‍ നടന്ന അവസാന രണ്ട് മല്‍സരത്തിലും ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ മൂന്നൂറിലപ്പുറം റണ്‍സ് നേടിയപ്പോള്‍ ലങ്കക്ക് രാത്രി വെളിച്ചത്തില്‍ ഈ സ്‌ക്കോര്‍ പിന്തുടരാന്‍ കഴിഞ്ഞില്ല. ബാറ്റിംഗാണ് വലിയ തലവേദന. സനത് ജയസൂര്യ, തിലകരത്‌നെ ദില്‍ഷാന്‍, കുമാര്‍ സങ്കക്കാര, മഹേല എന്നീ നാല് സീനിയര്‍ താരങ്ങളാണ് തുടക്കത്തില്‍ വരുന്നത്. ഇവരില്‍ ആര്‍ക്കും സ്ഥിരത പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. സനത് ജയസൂര്യ ഇന്ത്യക്കെതിരെ ഒരു മല്‍സരത്തില്‍ സെഞ്ച്വറി നേടി. എന്നാല്‍ നിര്‍ണ്ണായകമായ രണ്ട് മല്‍സരങ്ങളില്‍ അദ്ദേഹം പരാജിതനായി. ദില്‍ഷാന് പാക്കിസ്‌താനെതിരായ പരമ്പരയില്‍ പ്രകടിപ്പിച്ച കരുത്ത് ഇവിടെ ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല. സാങ്കേതികമായി ലങ്കന്‍ നിരയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനായ സങ്കക്കാരക്കും കഴിവിനൊത്ത പ്രകടനം നടത്താന്‍ കഴിയുന്നില്ല. കന്‍ഡാംബി, കപ്പുഗുഡേര, മഹറൂഫ് തുടങ്ങിയവരാണ് പിന്നെയുളളവര്‍. ഇവരെയും വിശ്വസിക്കാന്‍ കഴിയുന്നില്ല. കപ്പുഗുഡേരക്ക് ഇന്ന് അവസാന ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ പ്രയാസമാണ്. കഴിഞ്ഞ എല്ലാ മല്‍സരങ്ങളിലും അദ്ദേഹം പരാജയമായിരുന്നു. ഒന്നുങ്കില്‍ ജഹാന്‍ മുബാറകോ, അല്ലെങ്കില്‍ ഉപുല്‍ തരംഗയോ കപ്പുഗുഡേരക്ക് പകരം കളിക്കും. ബൗളിംഗിലും തലവേദനയുണ്ട്. പുതിയ പന്തില്‍ അപകടകാരികളാവാന്‍ ദില്‍ഹാര ഫെര്‍ണാണ്ടോക്കോ, നുവാന്‍ കുലശേഖരക്കോ കഴിയുന്നില്ല. മുരളിക്കും മെന്‍ഡീസിനും ബാറ്റ്‌സ്‌മാന്മരെ പിടിച്ചുകെട്ടാനുവുന്നില്ല.
ഇന്ത്യന്‍ സംഘത്തില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. യുവരാജ് സിംഗിനും പ്രവീണ്‍ കുമാറിനും പകരം സച്ചിന്‍ ടെണ്ടുല്‍ക്കറും എല്‍.ബാലാജിയും കളിക്കും. സച്ചിന്‍ പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരത്തിലും കളിച്ചിരുന്നു. എന്നാല്‍ മൂന്ന് തവണയും അമ്പയര്‍മാരുടെ തെറ്റായ തീരുമാനത്തില്‍ അദ്ദേഹം പുറത്താവുകയായിരുന്നു. പ്രവീണിന് പകരം ബാലാജിക്ക് അവസരമുണ്ടാവും. മുനാഫ് പട്ടേലിന് പരുക്കേറ്റത് മൂലം ടീമിലെത്തിയ ബാലാജിയും ഇര്‍ഫാന്‍ പത്താനുമായിരിക്കും ടീമിന്റെ ബൗളിംഗ് ബെറ്റുകള്‍.
ഇന്നത്തെ മല്‍സരം പകല്‍ പോരാട്ടമാണ്. രാവിലെ പത്തിന് അങ്കം ആരംഭിക്കും.
വിന്‍ഡീസിന് ലീഡ്
ജമൈക്ക: ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റ് സമനിലയിലേക്ക്... ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌്‌ക്കോറായ 318 റണ്‍സിനെതിരെ ഇന്നലെ അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ക്യാപ്‌റ്റന്‍ ക്രിസ് ഗെയില്‍, രാം നരേഷ് സര്‍വന്‍ എന്നിവരുടെ സെഞ്ച്വറികളില്‍ ആതിഥേയര്‍ ഏഴ് വിക്കറ്റിന് 352 റണ്‍സ് നേടിയിട്ടുണ്ട്. 47 റണ്‍സുമായി വിന്‍ഡീസിന്റെ ഓസ്‌ട്രേലിയന്‍ വംശജനായ ബാറ്റ്‌സ്‌മാന്‍ ബ്രെന്‍ഡന്‍ നാഷ് ക്രീസിലുണ്ട്.
ദക്ഷിണ മേഖല തകര്‍ന്നു
ചെന്നൈ: പതിനേഴാം തവണയും ദുലിപ് ട്രോഫി ക്രിക്കറ്റില്‍ പശ്ചിമ മേഖല കിരീടം ഉറപ്പാക്കി. ഒന്നാം ഇന്നിംഗ്‌സില്‍ 260 റണ്‍സിന്റെ വന്‍ ലീഡ് കരസ്ഥമാക്കിയ വസീം ജാഫറിന്റെ സംഘം രണ്ടാം ഇന്നിംഗ്‌സിലും മുന്നേറുകയാണ്. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 232 റണ്‍സ് അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. മൊത്തം 492 റണ്‍സിന്റെ ലീഡാണ് പശ്ചിമ മേഖലക്ക്.
പശ്ചിമ മേഖലയുടെ വലിയ ഒന്നാം ഇന്നിംഗ്‌സ് സ്‌ക്കോറിന് മറുപടിയായി ക്യാപ്‌റ്റന്‍ എസ്.ബദരിനാഥ് സെഞ്ച്വറി നേടയിട്ടും ദക്ഷിണ മേഖലക്ക് 199 റണ്‍സാണ് ആകെ നേടാനായത്. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് വീണ്ടും നിരാശ സമ്മാനിച്ചു. പശ്ചിമ മേഖലക്ക് വേണ്ടി രമേഷ് പവാര്‍ , രാജേഷ് പവാര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
No comments:
Post a Comment