Saturday, February 14, 2009

WINDIES TRAGEDY

നാണക്കേട്‌
ആന്റിഗ്വ: ലോക ക്രിക്കറ്റില്‍ വിന്‍ഡീസിന്‌ മാത്രം സ്വന്തമായി മറ്റൊരു നാണക്കേട്‌.... പത്ത്‌ പന്തുകള്‍ മാത്രമെറിഞ്ഞ്‌ ഒരു ടെസ്റ്റ്‌ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്‌ സ്‌റ്റേഡിയത്തില്‍ ആരംഭിച്ച ഇംഗ്ലണ്ട്‌-വിന്‍ഡീസ്‌ രണ്ടാം ടെസ്‌റ്റാണ്‌ പത്ത്‌ പന്തുകളില്‍ അവസാനിപ്പിച്ചത്‌. മോശമായ ഔട്ട്‌ഫീല്‍ഡില്‍ കളി അസാധ്യമായ സാഹചര്യത്തില്‍ സംഘാടകരുമായി ആലോചിച്ച്‌ അമ്പയര്‍മാര്‍ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1998 ന്‌ ശേഷം ഇത്‌ രണ്ടാം തവണയാണ്‌ വിന്‍ഡീസില്‍ ഇങ്ങനെയൊരു നാണക്കേട്‌ സംഭവിക്കുന്നത്‌. അന്ന്‌ ജമൈക്കയിലെ സബീനാപാര്‍ക്കിലായിരുന്നു സംഭവം. ഒരു മണിക്കൂര്‍ മാത്രം അവശേഷിച്ച ആ മല്‍സം ഇതേ എതിരാളികള്‍ തമ്മിലായിരുന്നു.
ഇരു ടീമുകളും തമ്മില്‍ ഒരാഴ്‌ച്ച മുമ്പ്‌ സബീനാപാര്‍ക്കില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ വിന്‍ഡീസ്‌ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയും ഇംഗ്ലണ്ട്‌ തരിപ്പണമാവുകയും ചെയ്‌ത സാഹചര്യത്തില്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുകയായിരുന്ന മല്‍സരമാണ്‌ നാടകീയമായി പെട്ടെന്ന്‌ അവസാനിച്ചത്‌. മല്‍സരത്തിന്‌ ദൃക്‌സാക്ഷികളാവാന്‍ ഇംഗ്ലണ്ടില്‍ നിന്ന്‌ മാത്രം എട്ടായിരത്തോളം ആരാധകര്‍ എത്തിയിരുന്നു. ഇവര്‍ക്കും മറ്റ്‌ ആരാധകര്‍ക്കുമാണ്‌ സംഘാടകരുടെ പിടിപ്പുക്കേട്‌ കനത്ത ആഘാതമായത്‌. അഞ്ച്‌ ടെസ്റ്റുകളാണ്‌ പരമ്പരയിലുളളത്‌. രണ്ടാം ടെസ്‌റ്റ്‌ ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ മൂന്നാം ടെസ്‌റ്റ്‌ ഇന്ന്‌ മുതല്‍ ആന്റിഗ്വ റിക്രിയേഷന്‍ ക്ലബ്‌ മൈതാനത്ത്‌ ആരംഭിക്കും. ഉപേക്ഷിച്ച രണ്ടാം ടെസ്‌റ്റിന്‌ പകരമുള്ള മല്‍സരം ഇതേ വേദിയില്‍ വെച്ച്‌ തന്നെ നടത്താനാണ്‌ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആലോചിക്കുന്നത്‌. ഇത്തരത്തില്‍ ഒരു അപേക്ഷ അവര്‍ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്‌ (ഐ.സി.സി) നല്‍കിയിട്ടുണ്ട്‌.
ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ പേരില്‍ പുതുതായി നിര്‍മ്മിക്കപ്പെട്ട സ്‌റ്റേഡിയത്തിനാണ്‌ ദുരനുഭവമുണ്ടായത്‌. ഔട്ട്‌ ഫീല്‍ഡില്‍ നിറയെ പൂഴിയായിരുന്നു. മഴയില്‍ പൂഴി പുറത്തേക്ക്‌ പ്രകടമായി വന്നതിനാല്‍ ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും മൂവ്‌മെന്റ്‌്‌ പ്രയാസമായിരുന്നു. 2006 ജൂണില്‍ ഇന്ത്യയും വിന്‍ഡീസും തമ്മിലുളള ടെസ്‌റ്റാണ്‌ ഇവിടെ അവസാനമായി നടന്നത്‌. അതിന്‌ ശേഷം മൈതാനത്ത്‌ കാര്യമായ മല്‍സരങ്ങളുണ്ടായിരുന്നില്ല. പിച്ച്‌ മാത്രം ശ്രദ്ധിച്ച സംഘാടകര്‍ ഔട്ട്‌ ഫീല്‍ഡിന്റെ കാര്യം മറക്കുകയായിരുന്നു.
ആദ്യ ടെസ്റ്റിലെ വിന്‍ഡീസ്‌ ബൗളിംഗ്‌ ഹീറോ ജെറോം ടെയ്‌ലര്‍ ആദ്യ ഓവര്‍ എറിഞ്ഞത്‌ തന്നെ സാഹസപ്പെട്ടായിരുന്നു. ഫിഡല്‍ എഡ്വാര്‍ഡ്‌സ്‌ എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തിലാണ്‌ മല്‍സരം അവസാനിപ്പിച്ചത്‌. പലപ്പോഴും ബൗളര്‍മാര്‍ ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയിലിനോടും അമ്പയര്‍മാരോടും പരാതിപ്പെട്ടു. മഴ പെയ്‌തത്‌ കാരണം ഒരു മണിക്കൂര്‍ വൈകി തുടങ്ങിയ മല്‍സരത്തിനിടെ ബൗളര്‍മാരുടെ പരാതികളുമായപ്പോള്‍ കളി ഇഴഞ്ഞു.
കേവലം14 മിനുട്ട്‌ മാത്രം ശേഷിച്ച ഈ മല്‍സരമായിരിക്കും ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്‌റ്റ്‌ മല്‍സരം. രണ്ടാം ടെസ്‌റ്റിന്‌ ടിക്കറ്റെടുത്തവര്‍ക്കെല്ലാം ഇന്ന്‌ മുതല്‍ ആരംഭിക്കുന്ന മൂന്നാം ടെസ്‌റ്റ്‌ ആസ്വദിക്കാമെന്ന്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച ഐ.സി.സി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഹാറൂണ്‍ ലോര്‍ഗാറ്റ്‌ വിവിയന്‍ റിച്ചാര്‍ഡ്‌സ്‌ മൈതാനത്തിന്‌ ടെസ്‌റ്റ്‌ പദവി നിഷേധിക്കുന്നതുള്‍പ്പെടെയുളള ഗുരുതരമായ നീക്കങ്ങള്‍ക്കുളള മുന്നറിയിപ്പ്‌ നല്‍കികഴിഞ്ഞു. ടെസ്റ്റ്‌ വേദിയുടെ കാര്യക്ഷമത പരിശോധിക്കേണ്ടതും നിലനിര്‍ത്തേണ്ടതും വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡാണെന്നും അവര്‍ കുറ്റകരമായ അനാസ്ഥയാണ്‌ കാണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവിയന്‍ റിച്ചാര്‍ഡ്‌സ്‌്‌ മൈതാനത്തിന്‌ ടെസ്‌റ്റ്‌ പദവി നിഷേധിക്കുന്നത്‌ സംബന്ധിച്ച്‌ ശക്തമായ തീരുമാനങ്ങളെടുക്കുന്നതില്‍ ഐ.സി.സി ഹെഡ്‌ മാച്ച്‌ റഫറി രഞ്‌ജന്‍ മദുഗലെയുടെയും ജനറല്‍ മാനേജര്‍ ഡേവിഡ്‌ റിച്ചാര്‍ഡ്‌സിന്റെയും പങ്ക്‌ നിര്‍ണ്ണായകമാണ്‌.
വിന്‍ഡീസ്‌ ദ്വീപ സമൂഹങ്ങളില്‍ ക്രിക്കറ്റിന്‌ പേരു കേട്ട വേദിയാണ്‌ ആന്റിഗ്വ. രണ്ട്‌ മൈതാനങ്ങളണ്‌ ഇവിടെയുളളത്‌. ആന്റിഗ്വ റിക്രിയേഷന്‍ ക്ലബ്‌ മൈതാനവും വിവിയന്‍ റിച്ചാര്‍ഡ്‌സ്‌ മൈതാനവും. ഈയിടെ പെയ്‌ത കനത്ത മഴയില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്‌ മൈതാനം ചളിക്കുളമായിരുന്നു. ഇത്‌ കാരണം ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീം പരിശീലനം റിക്രിയേഷന്‍ ക്ലബ്‌ മൈതാനത്താണ്‌ നടത്തിയത്‌. മൈതാനത്തിന്റെ പച്ചപ്പിന്റെ മുകളിലേക്ക്‌്‌ പൂഴി പ്രത്യക്ഷപ്പെട്ടതിനാല്‍ ബൗളര്‍മാര്‍ക്ക്‌ റണ്ണപ്പ്‌ പോലും പ്രയാസമായിരുന്നു. ബൗളര്‍മാരാണ്‌ ആദ്യം പരാതിപ്പെട്ടത്‌. പരാതിയില്‍ കാര്യമുണ്ടെന്ന്‌ മനസ്സിലാക്കിയ അമ്പയര്‍മാര്‍ പിന്നെ രണ്ട്‌ നായകരുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു. തുടര്‍ന്നാണ്‌ മല്‍സരം ഉപേക്ഷിച്ചത്‌. 2006 ല്‍ ഇവിടെ നടന്ന ഇന്ത്യ-വിന്‍ഡീസ്‌ മല്‍സരത്തിന്‌ ശേഷം ഒരു തരത്തിലുമുളള പരിശോധനയും മൈതാനത്ത്‌ നടന്നിട്ടില്ല എന്നാണ്‌ പറയപ്പെടുന്നത്‌. 2007 ലെ ലോകകപ്പ്‌ ക്രിക്കറ്റ്‌ മുന്‍നിര്‍ത്തി ചില അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. പക്ഷേ ഇത്‌ തീര്‍ത്തും അപര്യാപ്‌തമായിരുന്നെന്ന്‌ വിന്‍ഡീസ്‌ നായകന്‍ ക്രിസ്‌ ഗെയില്‍ തന്നെ പറയുന്നു. ഇംഗ്ലീഷ്‌ നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസിനും പരാതിയുണ്ടായിരുന്നു.
ഇന്നലെ മല്‍സരം വൈകി തുടങ്ങിയ ശേഷം ഒരു കാര്യത്തിലും വ്യക്തതയുണ്ടായിരുന്നില്ല. മഴ കാരണം പലവട്ടം താരങ്ങള്‍ മടങ്ങി. മല്‍സരം ഉപേക്ഷിച്ചതായുളള തീരുമാനം പലരുമറിഞ്ഞത്‌ തന്നെ വളരെ വൈകിയിട്ടായിരുന്നു.

അപമാനം
ആന്റിഗ്വ: ലോകം ആദരിക്കുന്ന ക്രിക്കറ്റര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ നാമധേയത്തില്‍ പണിതീര്‍ത്ത മൈതാനത്ത്‌ നിര്‍ണ്ണായകമായ ഒരു ടെസ്റ്റ്‌ മല്‍സരം കേവലം പത്ത്‌ പന്തുകളില്‍ അവസാനിപ്പിക്കേണ്ടി വന്നതിന്റെ അപമാനഭാരം ആര്‍ക്കാണ്‌...? മല്‍സരത്തിന്റെ ചുമതലയുള്ള മുന്‍ ദേശീയ താരം മൈക്കല്‍ ഹോള്‍ഡിംഗ്‌ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെയാണ്‌ പ്രതിസ്ഥാനത്ത്‌ നിര്‍ത്തുന്നത്‌. ഒരു ഉത്തരവാദിത്ത്വവും ക്രിക്കറ്റ്‌ അധികാരികള്‍ കാണിക്കുന്നില്ലെന്ന പരാതി പരസ്യമാക്കിയ ഹോള്‍ഡിംഗ്‌ അധികാരികളുടെ തോന്നിവാസമാണ്‌ എല്ലാത്തിനും കാരണമെന്നും ആക്ഷേപിക്കുന്നു.
വിന്‍ഡീസ്‌ ദ്വീപസമൂഹങ്ങളിലെ ക്രിക്കറ്റ്‌ മറ്റിടങ്ങളിലെ ക്രിക്കറ്റില്‍ നിന്നും വിത്യസ്‌തമാണ്‌. ഓരോ ദ്വീപിനും പ്രത്യേക പതാകകളും, ദേശീയ ഗാനവും, സംഘാടകരുമെല്ലാമാണ്‌. ഇവരെല്ലാം വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ കൊടിക്കീഴില്‍ വരുമെന്ന്‌ മാത്രം. വിന്‍ഡീസ്‌-ഇംഗ്ലണ്ട്‌ ടെസ്‌റ്റ്‌ പരമ്പരയിലെ ആദ്യ മല്‍സരത്തിന്റെ ചുമതല ജമൈക്കക്കായിരുന്നു. സബീനാപാര്‍ക്കിലെ ആ മല്‍സരം ഇംഗ്ലണ്ടിന്റെ ദയനീയ തോല്‍വിയില്‍ വിന്‍ഡീസ്‌ ആഘോഷമാക്കിയിരുന്നു. ആന്റിഗ്വ എന്ന ദ്വീപിലെ പുതിയ മൈതാനത്ത്‌ രണ്ടാം മല്‍സരം വെച്ചപ്പോള്‍ മൈതാനത്തിന്റെ കാര്യക്ഷമത ആരും പരിശോധിച്ചല്ല എന്നതിന്‌ വ്യക്തമായ തെളിവായിരുന്നു മല്‍സരം ഉപേക്ഷിച്ചത്‌ തന്നെ. രണ്ട്‌ ടീമുകളും ഈ മൈതാനത്ത്‌ കാര്യമായ പരിശീലനം നടത്തിയിരുന്നില്ല. ആന്റിഗ്വ റിക്രിയേഷന്‍ ക്ലബ്‌ മൈതാനത്തായിരുന്നു പരിശീലനം.
കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഇവിടെ മഴയുണ്ട്‌. മഴയില്‍ മൈതാനത്തിന്റെ പല ഭാഗങ്ങളും നനഞ്ഞ്‌ കിടക്കുകയായിരുന്നു. പലയിടങ്ങളിലും മണല്‍ ഉയര്‍ന്നു നിന്നു. വിന്‍ഡീസ്‌ ബൗളര്‍മാര്‍ക്ക്‌ റണ്ണപ്പ്‌ പോലും പ്രയാസകരമായി.
വിന്‍ഡീസില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാണെന്നാണ്‌ ഹോള്‍ഡിംഗ്‌ കുറ്റപ്പെടുത്തുന്നത്‌. ആര്‍ക്കും ഉത്തവാദിത്ത്വമില്ല. എല്ലാവരും പരസ്‌പരം പഴി ചാരി രക്ഷപ്പെടുന്നു. ഇങ്ങനെയൊരു സംഭവമുണ്ടായതിന്റെ പേരില്‍ ആരെങ്കിലും ശിക്ഷിക്കപ്പെടുകയോ, ആര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമോ ഉണ്ടാവുന്നില്ല. സംഭവത്തിന്‌ ഉത്തരവാദികള്‍ എന്ന നിലയില്‍ താങ്കള്‍ രാജിവെക്കണമെന്ന്‌ ബന്ധപ്പെട്ടവരോട്‌ പറഞ്ഞാല്‍ എന്തിനാണ്‌ ഞാന്‍ രാജിവെക്കുന്നത്‌ എന്നാണ്‌ അവരുടെ മറുചോദ്യം. ഇത്തരക്കാരുളളപ്പോള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും-ഹോള്‍ഡിംഗ്‌ പറയുന്നു.
ചിലപ്പോള്‍ ഈ വിഷയം ഒന്നോ രണ്ടോ ആഴ്‌ച്ച ചര്‍ച്ച ചെയ്യപ്പെട്ടേക്കാം. പിന്നീട്‌ എല്ലാവരും എല്ലാം മറക്കും. വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ കീഴില്‍ പിച്ച്‌ പരിശോധനാ കമ്മിറ്റിയുണ്ട്‌. അവര്‍ക്കെങ്കിലും കാര്യങ്ങള്‍ പരിശോധിക്കാമായിരുന്നു. ഓരോ ദ്വീപിനും മല്‍സരം വീതം വെക്കുന്നത്‌ അവസാനിപ്പിക്കണം. വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ ആന്റിഗ്വ ക്രിക്കറ്റ്‌ അസോസിയേഷനെ കുറ്റപ്പെടുത്താം. അവരാണ്‌ പ്രാദേശിക സംഘാടകര്‍. പക്ഷേ ആന്റിഗ്വക്ക്‌ മല്‍സരം അനുവദിച്ചത്‌ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡാണ്‌. അപ്പോള്‍ ഒന്നാം പ്രതികള്‍ മറ്റാരുമല്ലെന്നും ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പ്രധാന ശത്രുക്കളില്‍ ഒരാളായ ഹോള്‍ഡിംഗ്‌ പറഞ്ഞു. രണ്ടാം ടെസ്റ്റിന്റെ ടോസിന്‌ തൊട്ട്‌ മുമ്പ്‌ ജെറോം ടെയ്‌ലര്‍ തന്നെ സമീപിച്ചിരുന്നെന്നും ഔട്ട്‌ ഫീല്‍ഡിന്റെ കാര്യത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചതായും ഹോള്‍ഡിംഗ്‌ പറഞ്ഞു. മണലിലൂടെ റണ്ണപ്പ്‌ ശരിയാവുന്നില്ലെന്നും എങ്ങനെയാണ്‌ പന്തെറിയുകയെന്നും അദ്ദേഹം സംശയം ചോദിച്ചപ്പോള്‍ മണലിനോട്‌ പൊരുതാതെ പന്തെറിയാനാണ്‌ താന്‍ നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിവിയന്‍ റിച്ചാര്‍ഡ്‌സും ക്ഷുഭിതനായിരുന്നു. രാജ്യാന്തര നിലവാരത്തിലുളള ഒരു മല്‍സരത്തിന്‌ അനുയോജ്യമായ വേദിയൊരുക്കാന്‍ സംഘാടകര്‍ക്ക്‌്‌ കഴിയാത്തത്‌ നിരാശാജനകമാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

തിരക്കിട്ട ഒരുക്കം
ആന്റിഗ്വ: വിവിയന്‍ റിച്ചാര്‍ഡ്‌സ്‌ മൈതാനം കേവലം 14 മിനുട്ടില്‍ അവസാനിച്ച ചരിത്ര ടെസ്റ്റിന്റെ വേദിയായി മാറിയപ്പോള്‍ അരികിലുളള ആന്റിഗ്വ റിക്രിയേഷന്‍ ക്ലബ്‌ മൈതാനത്തിന്‌ മറ്റൊരു കുപ്രസിദ്ധി കൈവരുകയാണ്‌... ഒരുക്കത്തിന്‌ ഒരു ദിവസം ലഭിച്ചതിനാല്‍ കാര്യമായ ഒരുക്കമൊന്നുമില്ലാതെയാണ്‌ ഇവിടെ ഇന്ന്‌ മുതല്‍ മൂന്നാം ടെസ്റ്റ്‌ ആരംഭിക്കുന്നത്‌. പിച്ച്‌ തയ്യാറാക്കുന്നതിന്റെയും സൈഡ്‌ സ്‌ക്രീന്‍ ഒരുക്കുന്നതിന്റെയും ഗ്യാലറി പെയിന്റടിക്കുന്നതിന്റെയും തിരക്കായിരുന്നു ഇന്നലെ. ആന്റിഗ്വക്ക്‌ അനുവദിച്ച മല്‍സരം പെട്ടെന്ന്‌ അവസാനിച്ച സാഹചര്യത്തിലാണ്‌ അതേ ദ്വീപില്‍ തിരക്കിട്ട്‌ മൂന്നാം ടെസ്റ്റ്‌ നടത്തുന്നത്‌.

നായകന്‍
സിഡ്‌നി:ന്യൂസിലാന്‍ഡിനെതിരെ സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ ഇന്ന്‌ നടക്കുന്ന 20-20 മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ നയിക്കുന്നത്‌ വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദീന്‍. നാളെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‌ പുറപ്പെടുന്ന ഓസീസ്‌ സംഘത്തില്‍ റിക്കി പോണ്ടിംഗ്‌ ഉള്‍പ്പെടെയുളളവര്‍ കളിക്കുന്നില്ല. പോണ്ടിംഗിന്റെ ഡെപ്യൂട്ടിയായ മൈക്കല്‍ ക്ലാര്‍ക്കിന്‌ പുറം വേദന കാരണം വിശ്രമം നല്‍കിയിരിക്കയാണ്‌. ഇതിനെ തുടര്‍ന്നാണ്‌ ഹാദ്ദിന്‌ ഇതാദ്യമായി ദേശീയ ടീമിനെ നയിക്കാന്‍ അവസരം കൈവന്നിരിക്കുന്നത്‌. സീനിയര്‍ താരങ്ങളാരും ടീമില്ലില്ല. ടീമിന്റെ ശരാശരി പ്രായം 26 ആണ്‌. ഇതാദ്യമായാണ്‌ ഇത്രയും ചെറിയ സംഘത്തെ ഓസ്‌ട്രേലിയ ഒരു ദേശീയ മല്‍സരത്തിനിറക്കുന്നത്‌. മിന്നലടിക്കാരന്‍ ഡേവിഡ്‌ വാര്‍ണര്‍, ഡേവിഡ്‌ ഹസി എന്നവരാണ്‌ ഇന്നിംഗ്‌സിന്റെ തുടക്കക്കാര്‍. കലും ഫെര്‍ഗൂസണ്‍, മോയിസസ്‌ ഹെന്‍ട്രികസ്‌, ആദം വോഗ്‌സ്‌, ജെയിംസ്‌ ഹോപ്‌സ്‌, കാമറൂണ്‍ വൈറ്റ്‌, ബെന്‍ ഹില്‍ഫാന്‍ഹസ്‌, റോബ്‌ ക്വനി എന്നിവരെല്ലാമാണ്‌ കളിക്കുന്നത്‌.
നിര്‍ണ്ണായകമായ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‌ മുമ്പ്‌ ടീമിന്‌ ലഭിക്കുന്ന അവസാന പരിശീലനാവസരമാണിത്‌. ചാപ്പല്‍-ഹാഡ്‌ലി ഏകദിന പരമ്പരയില്‍ തട്ടിമുട്ടി കപ്പ്‌ നിലനിര്‍ത്താനായ ഓസീസിന്‌ പക്ഷേ കാര്യങ്ങള്‍ എളുപ്പമല്ല. ഓസീ നിരയിലെ കൂറ്റനടിക്കാരെക്കാള്‍ മിടുക്കരായ വലിയ അടിക്കാര്‍ കിവി സംഘത്തിലുണ്ട്‌. ഗുട്‌പില്‍, ഫുള്‍ടോണ്‍,മക്കുലം എന്നിവരെല്ലാം പന്തിനെ പ്രഹരിക്കാന്‍ മിടുക്കരാണ്‌. ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഗുട്‌പിലിന്റെ പ്രഹരശേഷിയില്‍ കിവീസ്‌ കപ്പ്‌ സ്വന്തമാക്കുമായിരുന്നു. പക്ഷേ മഴ വിലങ്ങുതടിയായി. കിവിസിനും വിശ്രമമില്ല. ഇന്ത്യയാണ്‌ അവരുടെ അടുത്ത പ്രതിയോഗികള്‍. 20-20 യിലെ ലോക ചാമ്പ്യന്മാരാണ്‌ ഇന്ത്യ.
ഫൈനല്‍
പട്ടായ: സാനിയ മിര്‍സ കരിയറിലെ രണ്ടാമത്‌ ഡബ്ല്യു.ടി.എ സിംഗിള്‍സ്‌ കിരീടത്തിനരികില്‍....220,000 അമേരിക്കന്‍ ഡോളര്‍ സമ്മാനത്തുകയുള്ള പട്ടായ ഓപ്പണ്‍ ടെന്നിസിന്റെ സെമി ഫൈനലില്‍ സ്ലോവാക്യയില്‍ നിന്നുളള പ്രതിയോഗി മഗ്‌ദലീന റിബറിക്കോവയെ മൂന്ന്‌ സെറ്റ്‌ പോരാട്ടത്തില്‍ തകര്‍ത്ത ഇന്ത്യന്‍ താരത്തിന്‌ ഇന്നത്തെ കലാശപ്പോരാട്ടത്തില്‍ വിജയിക്കാനായാല്‍ ലോക ടെന്നിസ്‌ റാങ്കിംഗില്‍ നില മെച്ചപ്പെടുത്താം. 6-4, 5-7, 6-1 എന്ന സ്‌ക്കോറിനാണ്‌ ലോക റാങ്കിംഗില്‍ നിലവില്‍ 126 ലുളള സാനിയ 51-ാം സീഡുകാരിയെ പരാജയപ്പെടുത്തിയത്‌. ഈ ചാമ്പ്യന്‍ഷിപ്പില്‍ സാനിയ സിഡ്‌ ചെയ്യപ്പെട്ടിരുന്നില്ല. സ്ലോവാക്യന്‍ താരം എട്ടാം സീഡായിരുന്നു. 2007 ലെ സ്‌റ്റാന്‍ഫോര്‍ഡ്‌ ക്ലാസിക്കിലാണ്‌ അവസാനമായി സാനിയ ഫൈനല്‍ കളിച്ചത്‌. ഹൈദരാബാദ്‌ ഓപ്പണിലെ കിരീടനേട്ടവുമായി ഡബ്ല്യൂ.ടി.എ സിംഗിള്‍സ്‌ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയ സാനിയ അല്‍പ്പകാലം പരുക്കുമായി പുറത്തായിരുന്നു. ഈ വര്‍ഷത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായാണ്‌ സാനിയ തിരിച്ചെത്തിയിരിക്കുന്നത്‌. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ മഹേഷ്‌ ഭൂപതിക്കൊപ്പം മിക്‌സഡ്‌ ഡബിള്‍സ്‌ കിരീടം സ്വന്തമാക്കിയ സാനിയ പട്ടായ ഓപ്പണില്‍ ആദ്യ മല്‍സരം മുതല്‍ മികവ്‌ പ്രകടിപ്പിച്ചിരുന്നു.
ടെയിറ്റ്‌ ചീട്ട്‌
മുംബൈ: പ്രഥമ ഐ.പി.എല്‍ ക്രിക്കറ്റില്‍ കിരീടം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ തുരുപ്പ്‌ ചീട്ട്‌ ഓസ്‌ട്രേലിയന്‍ അതിവേഗക്കാരന്‍ ഷോണ്‍ ടെയിറ്റായിരിക്കുമെന്നാണ്‌ ടീം ഡയരക്ടര്‍ ഡാരന്‍ ബെറി പറയുന്നത്‌. കഴിഞ്ഞ വര്‍ഷം ടീമിനെ കിരീടത്തിലേക്ക്‌ നയിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ച ബൗളര്‍ പാക്കിസ്‌താന്റെ ഇടം കൈയ്യന്‍ സീമര്‍ സുഹൈല്‍ തന്‍വീറായിരുന്നു. ഇത്തവണ പാക്കിസ്‌താന്‍ താരങ്ങളാരും പ്രീമിയര്‍ ലീഗില്‍ കളിക്കുന്നില്ല. അതിനാല്‍ ടെയിറ്റിലായിരിക്കും റോയല്‍സിന്റെ കണ്ണുകള്‍. എന്നാല്‍ ഐ.പി.എല്‍ മല്‍സരങ്ങളില്‍ മുഴുവന്‍ ടെയിറ്റിന്‌ കളിക്കാനാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

ഈസ്‌റ്റ്‌ ബംഗാളിന്‌ ജയം
കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളില്‍ ഈസ്‌റ്റ്‌ ബംഗാളിന്‌ തകര്‍പ്പന്‍ വിജയം. ഇന്നലെ നടന്ന മല്‍സരത്തില്‍ മുന്‍ ചാമ്പ്യന്മാര്‍ 4-1ന്‌ ഗോവയില്‍ നിന്നുള്ള വാസ്‌ക്കോയെ തരിപ്പണമാക്കി. മറ്റൊരു മല്‍സരത്തില്‍ ചിരാഗ്‌ യുനൈറ്റഡ്‌ ഒരു ഗോളിന്‌ എയര്‍ ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ മഹീന്ദ്ര യുനൈറ്റഡും ജെ.സി.ടിയും തമ്മിലുള്ള മല്‍സരത്തില്‍ ഗോള്‍ പിറന്നില്ല. മിക്ക ടീമുകളും 14 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 30 പോയന്റുമായി മോഹന്‍ ബഗാനാണ്‌ മുന്നില്‍. സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ (28), ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ (28) എന്നിവരാണ്‌ പിറകില്‍.

No comments: