Monday, February 9, 2009

no sachin

ഞാനില്ല
കൊളംബോ: ഇന്ന്‌ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക 20-20 മല്‍സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കില്ല. ഇന്ത്യയുടെ 20-20 സംഘത്തില്‍ സ്ഥിരാംഗമല്ലാത്ത സച്ചിന്‍ ഞായറാഴ്‌ച്ച രാത്രി തന്നെ നാട്ടിലേക്ക്‌ മടങ്ങിയതായി ടീം അധികൃതര്‍ വ്യക്തമാക്കി. ഏകദിന പരമ്പരയിലെ ആദ്യ മൂന്ന്‌ മല്‍സരങ്ങളിലും സച്ചിന്‍ കളിച്ചിരുന്നു. എന്നാല്‍ മൂന്ന്‌ തവണയും അമ്പയര്‍മാരുടെ തെറ്റായ തീരുമാനത്തില്‍ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ പുറത്താവുകയായിരുന്നു. ധാംബൂലയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ അഞ്ച്‌ റണ്‍സായിരുന്നു സമ്പാദ്യം. കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടും മൂന്നും മല്‍സരങ്ങളില്‍ 6, 7 എന്നിങ്ങനെയായിരുന്നു സ്‌ക്കോര്‍. പരമ്പരയിലെ ആദ്യ മൂന്ന്‌ മല്‍സരങ്ങളും ഇന്ത്യ ജയിച്ചതിനാല്‍ അവസാന രണ്ട്‌ കളികളില്‍ സച്ചിന്‌ വിശ്രമം അനുവദിക്കുകയായിരുന്നു. ഇന്ത്യയുടെ 20-20 ടീമില്‍ സച്ചിന്‍ സ്ഥിരാംഗമല്ല. ലോകകപ്പ്‌ സ്വന്തമാക്കിയ ഇന്ത്യന്‍ സംഘത്തില്‍ സച്ചിന്‍ ഉണ്ടായിരുന്നില്ല. 2006 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന 20-20 മല്‍സരത്തില്‍ മാത്രമാണ്‌ അദ്ദേഹം കളിച്ചത്‌.
ആഘാതം
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ആഴ്‌സനലിന്‌ വീണ്ടും ഇരുട്ടടി. ഇത്തവണ സൂപ്പര്‍ താരം ഇമാനുവല്‍ അബിദേയറുടെ പരുക്കിന്റെ രൂപത്തിലാണ്‌ ഗണ്ണേഴ്‌സിന്‌ ആഘാതമേറ്റിരിക്കുന്നത്‌. ലീഗില്‍ തപ്പിതടയുന്ന ടീമിന്‌ അടുത്ത മൂന്നാഴ്‌ച്ചത്തേക്ക്‌ 24 കാരനായ അബിദേയറുടെ സേവനമുണ്ടാവില്ല. പേശീവലിവ്‌ കാരണം കഴിഞ്ഞ ദിവസം ടോട്ടന്‍ഹാമിനെതിരായ ലീഗ്‌ മല്‍സരത്തിനിടെ മുടന്തി മൈതാനം വിട്ട അബിദേയറിനോട്‌ മൂന്നാഴ്‌ച്ചത്തെ വിശ്രമമാണ്‌ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ലീഗില്‍ സുതര്‍ലാന്‍ഡ്‌, ഫുള്‍ഹാം എന്നിവര്‍ക്കെതിരായ മല്‍സരങ്ങളിലും കാര്‍ഡിഫിനെതിരായ എഫ്‌. എ കപ്പ്‌ മല്‍സരത്തിലും റോമക്കെതിരായ ചാമ്പ്യന്‍സ്‌ ലീഗ്‌ പോരാട്ടത്തിലും അബിദേയറുണ്ടാവില്ല. കഴിഞ്ഞ യൂറോയില്‍ മിന്നിയ റഷ്യന്‍ താരം ആന്ദ്രെ അര്‍ഷവിനായിരിക്കും അബിദേയറിന്റെ സ്ഥാനം കോച്ച്‌ ആഴ്‌സന്‍ വെംഗര്‍ നല്‍കുക.

കാര്യമുണ്ട്‌
അഡലെയ്‌ഡ്‌: ഓസ്‌ട്രേലിയക്കാര്‍ക്ക്‌ വിശ്രമിക്കാന്‍ സമയമായിട്ടില്ല..... ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ ജയിച്ചെങ്കിലും ഇന്നത്തെ നാലാം മല്‍സരത്തില്‍ തോറ്റാല്‍ പരമ്പര കീവിസ്‌ സ്വന്തമാക്കും. അതിനാല്‍ തന്നെ റിക്കി പോണ്ടിംഗും സംഘവും വന്‍ ഒരുക്കത്തിലാണ്‌. സിഡ്‌നിയിലെ മൂന്നാം മല്‍സരത്തില്‍ ബ്രാഡ്‌ ഹാദ്ദീന്റെ സെഞ്ച്വറിയില്‍ രക്ഷപ്പെട്ട ലോക ചാമ്പ്യന്മാര്‍ക്ക്‌ കിവീസില്‍ നിന്നും ശക്തമായ വെല്ലുവിളി ഉറപ്പാണ്‌. അഞ്ച്‌ മല്‍സരങ്ങളാണ്‌ പരമ്പരയിലുളളത്‌.

തൊപ്പി തെറിക്കും
ജമൈക്ക: പുതിയ ക്യാപ്‌റ്റന്‍, പുതിയ കോച്ച്‌-ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീം വിന്‍ഡീസ്‌ പര്യടനത്തിനെത്തിയത്‌ വലിയ പ്രതീക്ഷകളുമായിട്ടായിരുന്നു. പക്ഷേ ആദ്യ ടെസ്റ്റില്‍ തന്നെ ടീം തകര്‍ന്നടിഞ്ഞതോടെ കോച്ചും ക്യാപ്‌റ്റനുമെല്ലാം സ്വന്തം തൊപ്പി സംരക്ഷിക്കാനുളള നെട്ടോട്ടത്തിലാണ്‌...സബീനാ പാര്‍ക്കില്‍ നടന്ന മല്‍സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ കേവലം 51 റണ്‍സിന്‌ ഇംഗ്ലീഷ്‌ ബാറ്റിംഗ്‌ നിര തകര്‍ന്നടിഞ്ഞത്‌ നാടകീയമായിട്ടായിരുന്നു. ജെറോം ടെയ്‌ലര്‍ എന്ന വിന്‍ഡീസ്‌ സീമര്‍ക്ക്‌ മുന്നല്‍ ആര്‍ക്കും മറുപടി ഉണ്ടായിരുന്നില്ല. സമനിലയിലേക്ക്‌ നീങ്ങുകയായിരുന്ന മല്‍സരം ഇന്നിംഗ്‌സിന്റെ വിജയത്തില്‍ കലാശിച്ചതിന്റെ ആഹ്ലാദത്തിലാണ്‌ ക്രിസ്‌ ഗെയിലിന്റെ വിന്‍ഡീസ്‌ സംഘം.
എന്താണ്‌ സംഭവിച്ചത്‌ എന്ന ചോദ്യത്തിന്‌ പുതിയ കോച്ച്‌ ആന്‍ഡി ഫ്‌ളവറിന്‌ വ്യക്തമായ ഉത്തരമുണ്ട്‌-താരങ്ങള്‍ സ്വന്തം ഉത്തരവാദിത്ത്വം നിറവേറ്റിയില്ല. സിംബാബ്‌വെയുടെ മുന്‍ നായകന്‍ ഇത്‌ പറയുമ്പോള്‍ അതങ്ങ്‌ വിശ്വസിക്കാന്‍ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ഉന്നതര്‍ക്ക്‌ കഴിയുന്നുമില്ല. നാടകീയതയിലാണ്‌ വിന്‍ഡീസ്‌ പര്യടനത്തിനുളള ഇംഗ്ലീഷ്‌ ടീമിനെ പ്രഖ്യാപിച്ചത്‌ തന്നെ. കെവിന്‍ പീറ്റേഴ്‌സണായിരിക്കും ടീമിനെ നയിക്കുക എന്നാണ്‌ കരതപ്പെട്ടത്‌. എന്നാല്‍ ഇന്ത്യന്‍ പര്യടനത്തിന്‌ ശേഷം പീറ്റേഴ്‌സണും കോച്ച്‌ മൂറും തമ്മിലുളള അകലം വര്‍ദ്ധിക്കുകയും ഇരുവരും പരസ്‌പരം ചളി വാരിയെറിയുകയും ചെയ്‌തതോടെ രണ്ട്‌ പേരെയും സെലക്‌ടര്‍മാര്‍ മാറ്റി. പകരം ആന്‍ഡ്ര്യൂ സ്‌ട്രോസിനെ നായകസ്ഥാനത്തും അസിസ്‌റ്റന്‍ഡ്‌ കോച്ചായിരുന്ന ഫ്‌ളവറിനെ മുഖ്യ പരിശീലക സ്ഥാനത്തും അവരോധിച്ചു. ഈ കോമ്പിനേഷന്‍ ക്ലിക്‌ ചെയ്യുമെന്ന പ്രതീക്ഷയാണ്‌ സബീനാപാര്‍ക്കില്‍ ഇല്ലാതായത്‌. ഒന്നാം ഇന്നിംഗ്‌സില്‍ പീറ്റേഴ്‌സന്റെ മികവില്‍ മാന്യമായ സ്‌ക്കോര്‍ സമ്പാദിച്ച ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിംഗ്‌സില്‍ തരിപ്പണമാവുകയായിരുന്നു. 78 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ മാത്രമായിരുന്നു ആതിഥേയര്‍ക്ക്‌. പക്ഷേ ആ ലീഡ്‌ പോലും മറികടക്കാന്‍ ഇംഗ്ലണ്ടിനായില്ല.
സ്വന്തം ജോലി ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയാത്തപക്ഷം എല്ലാവര്‍ക്കും വീട്ടിലിരിക്കേണ്ടി വരുമെന്നാണ്‌ ഇന്നലെ ഫ്‌ളവര്‍ തുറന്നടിച്ചത്‌. പരാജയം പുതിയ സംഭവമല്ല. പക്ഷേ പരാജയത്തില്‍ നിന്നും പാഠം ഉള്‍കൊള്ളണം. എങ്കില്‍ മാത്രമേ ടീമെന്ന നിലയില്‍ തിരിച്ചുവരാന്‍ കഴിയൂ. രാജ്യത്തിന്‌ വേണ്ടി കളിക്കുന്നത്‌ അഭിമാനകരമാണ്‌. എന്നാല്‍ ടീമിന്റെയും രാജ്യത്തിന്റെയും അഭിമാനം കാക്കാന്‍ കഴിയാത്തപക്ഷം ജനങ്ങള്‍ അടങ്ങിയിരിക്കില്ലെന്ന സത്യം എല്ലാവരും മനസ്സിലാക്കണമെന്നും ഫ്‌ളവര്‍ പറഞ്ഞു. സമ്മര്‍ദ്ദത്തെ വിജയകരമായി അതിജയിക്കാന്‍ ടീമിന്‌ കഴിഞ്ഞില്ല. ടെയ്‌ലറുടെ മനോഹരമായ ഒരു സ്‌പെല്ലാണ്‌ എല്ലാം തകര്‍ത്തത്‌. പൊട്ടി പൊളിയാന്‍ തുടങ്ങിയിരുന്ന പിച്ചിനെ ടെയ്‌ലര്‍ നന്നായി ഉപയോഗപ്പെടുത്തി. ഇംഗ്ലണ്ടിന്റെ താരങ്ങള്‍ക്ക്‌ സമ്മര്‍ദ്ദസാഹചര്യങ്ങളെ അഭിമുഖീകരിച്ചുളള പരിചയമുണ്ട്‌. പക്ഷേ അത്യാവശ്യ സാഹചര്യത്തില്‍ എല്ലാവരും എല്ലാം മറന്നുവെന്നും കോച്ച്‌ കുറ്റപ്പെടുത്തി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ താര ലേലത്തില്‍ ഇംഗ്ലണ്ടിന്റെ രണ്ട്‌ താരങ്ങള്‍ റെക്കോര്‍ഡ്‌ തുകക്ക്‌ വിറ്റുപോയതിന്റെ ആഹ്ലാദമടങ്ങും മുമ്പുളള ഇരുട്ടടിയില്‍ നിന്ന്‌ മോചനം നേടാന്‍ ഇംഗ്ലണ്ടിന്‌ അധികം സമയമില്ല. രണ്ടാം ടെസറ്റ്‌ ആന്റിഗ്വയില്‍ വെള്ളിയാഴ്‌്‌ച്ച തന്നെ തുടങ്ങുമ്പോള്‍ ഇയാന്‍ ബെല്‍ ഉള്‍പ്പെടെ സബീനാപാര്‍ക്കിലെ വില്ലന്മാരെല്ലാം നിരീക്ഷണത്തിലാണ്‌..

പ്രതീക്ഷകളുമായി എഫ്‌.സി കാലക്കറ്റ്‌ ഒരുങ്ങുന്നു
കോഴിക്കോട്‌: ഈ മാസം ആരംഭിക്കുന്ന ദേശീയ ലീഗ്‌ രണ്ടാം ഡിവിഷന്‍ ഫുട്‌ബോളിലേക്ക്‌ ടിക്കറ്റ്‌ സ്വന്തമാക്കിയ എഫ്‌.സി കാലിക്കറ്റ്‌ പ്രതീക്ഷകളോടെ ഒരുങ്ങുന്നു. സംസ്ഥാനതാരങ്ങള്‍ ഉള്‍പ്പെടെയുളള സംഘം കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ അവസാനവട്ട ഒരുക്കത്തിലാണ്‌... സാല്‍ഗോക്കര്‍ ഗോവ, വിവ കേരള, ഹാപ്പി എന്റര്‍ടെയിന്‍മെന്‍്‌സ്‌ ചെന്നൈ, മലബാര്‍ എഫ്‌.സി യുനൈറ്റഡ്‌, ടൈറ്റാനിയം തുടങ്ങിയ ശക്തരുടെ ഗ്രൂപ്പില്‍ നിന്നാണ്‌ എഫ്‌.സി കാലിക്കറ്റ്‌ മല്‍സരിക്കുന്നത്‌. സംസ്ഥാന താരങ്ങളായ ലയണല്‍ തോമസ്‌, രാജേഷ്‌ കുമാര്‍, ടി.കെ പ്രസൂണ്‍, സക്കീര്‍ ഹുസൈന്‍, മുഹമ്മദ്‌ ഹെല്‍മി തുടങ്ങിയവരാണ്‌ ടീമിന്റെ കരുത്ത്‌. രണ്ട്‌ വിദേശ താരങ്ങളെയും ദേശീയ തലത്തില്‍ മികവ്‌ പ്രകടിപ്പിച്ച ചിലരെയും ക്ലബ്‌ നോട്ടമിട്ടിട്ടുണ്ട്‌. ഇവരെ സ്വായത്തമാക്കാന്‍ കഴിഞ്ഞാല്‍ ദേശീയ തലത്തില്‍ കരുത്ത്‌ പ്രകടിപ്പിക്കാന്‍ ടീമിന്‌ കഴിയുമെന്നാണ്‌ ടീമിന്റെ അമരക്കാരനും കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ്‌ പ്രസിഡണ്ടുമായ എം.ഇ.ബി കുറുപ്പ്‌ പറയുന്നത്‌. ഇതാദ്യമായാണ്‌ കോഴിക്കോട്‌ ആസ്ഥാനമായുളള ഒരു ടീം സെക്കന്‍ഡ്‌ ഡിവിഷന്‌ യോഗ്യത നേടുന്നത്‌. ഉന്നത ഫുട്‌ബോള്‍ പാരമ്പര്യമുളള നഗരത്തിന്റെ പെരുമ നിലനിര്‍ത്താന്‍ ഫുട്‌ബോള്‍ പ്രേമികളുടെ പിന്തുണയാണ്‌ ക്ലബിന്റെ പ്രസിഡണ്ട്‌ ഡോ.കെ.ഗോവിന്ദനും സംഘവും തേടുന്നത്‌. ചാന്ദ്‌നി ഗ്രൂപ്പാണ്‌ ഇപ്പോള്‍ ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌. എന്നാല്‍ ദേശീയ തലത്തിലെ കളികള്‍ക്കായി ഭാരിച്ച ചെലവുകള്‍ വരുമെന്നതിനാല്‍ മികച്ച സ്‌പോണ്‍സറെ തേടുകയാണ്‌ ക്ലബ്‌ അധികാരികള്‍.

സംസ്ഥാന വോളി ടീമിനെ പ്രഖ്യാപിച്ചു
മലപ്പുറം: കര്‍ണ്ണാടകയിലെ അഗ്രഗോണില്‍ ഈ മാസം 17ന്‌ ആരംഭിക്കുന്ന ദക്ഷിണ മേഖലാ യൂത്ത്‌ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരളാ ടീമുകളെ പ്രഖ്യാപിച്ചു.
ആണ്‍കുട്ടികള്‍: ആദര്‍ശ്‌ ഹരി, അജേഷ്‌ ടി.എസ്‌ (എറണാകുളം), മനു ജോസഫ്‌,ഗിരിഷ്‌്‌ കുമാര്‍ (കോഴിക്കോട്‌), വൈശാഖ്‌ സുന്ദരന്‍, സെബിന്‍ എം ജോസഫ്‌, കൃസ്റ്റോ ബേബി (കോട്ടയം), ഡെനിന്‍ സി ഡേവിഡ്‌ (തൃശൂര്‍), സൂരജ്‌ മാത്യൂ (കണ്ണൂര്‍), ജിത്തു തോമസ്‌, പ്രവീണ്‍ രാധാകൃഷ്‌ണന്‍ (പത്തനംതിട്ട), ഡാനോ തോമസ്‌ (ഇടുക്കി).
പെണ്‍കുട്ടികള്‍#: അനില സക്കറിയാസ്‌, സൗമ്യ വി ജിജി (കണ്ണൂര്‍), രേഷ്‌മ എന്‍ (പത്തനംതിട്ട), ദീപ വി, ഷൈന എന്‍.എന്‍, ബിജിന എന്‍.പി, ഷീബ പി.കെ (കോട്ടയം), ലിറ്റില്‍ ഫ്‌ളവര്‍ ഷാനി ,സ്വാതി പ്രസാദ്‌ (എറണാകുളം), ദീപിക ബാബുരാജ്‌ (തൃശൂര്‍), ദിവ്യാ കൃഷ്‌ണന്‍ (കൊല്ലം).
ആണ്‍കുട്ടികളുടെ കോച്ചിംഗ്‌ ക്യാമ്പ്‌ നടുവണ്ണൂര്‍ ഗവ. ഹൈസ്‌ക്കൂളിലും പെണ്‍കുട്ടികളുടെ ക്യാമ്പ്‌ വടകര സെന്റ്‌ ആന്റണീസ്‌ ഹൈസ്‌ക്കൂളിലും ഈ മാസം 12 മുതല്‍ ആരംഭിക്കുമെന്ന്‌ സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി പ്രൊഫസര്‍ നാലകത്ത്‌ ബഷീര്‍ അറിയിച്ചു.

ഏഷ്യയില്‍ ലോകകപ്പ്‌ ആരവം
ടോക്കിയോ: 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിന്‌ ടിക്കറ്റ്‌ തേടുന്ന ഏഷ്യക്കാരില്‍ പ്രബലരായ ജപ്പാനും ഓസ്‌ട്രേലിയയും നാളെ യോക്കോഹാമയില്‍ മുഖാമുഖം. ടെഹ്‌റാനിലെ ആസാദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇറാന്‍-ദക്ഷിണ കൊറിയ മല്‍സരത്തിലും തീപ്പാറും. രണ്ട്‌ ഗ്രൂപ്പുകളിലായാണ്‌ ഏഷ്യന്‍ യോഗ്യതാ റൗണ്ട്‌ മല്‍സരങ്ങളുടെ രണ്ടാം ഘട്ടം നടക്കുന്നത്‌. ഇരു ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട്‌്‌ സ്ഥാനക്കാര്‍ക്ക്‌ ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ ഉറപ്പിക്കാം. ഗ്രൂപ്പ്‌ എ യില്‍ നിന്ന്‌ ഫൈനല്‍ ബെര്‍ത്ത്‌ കൊതിക്കുന്ന ഓസ്‌ട്രേലിയക്ക്‌ ഇന്നത്തെ മല്‍സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ പിടിമുറുക്കാം. നിലവില്‍ ഒമ്പത്‌ പോയന്റാണ്‌ ഓസ്‌ട്രേലിക്കുള്ളത്‌. ഇനി നടക്കാനിരിക്കുന്ന മൂന്ന്‌ മല്‍സരങ്ങളും സ്വന്തം നാട്ടിലാണെന്നത്‌ അവര്‍ക്ക്‌ കരുത്തേകും. ജപ്പാന്‌ ഏഴ്‌ പോയന്റാണുള്ളത്‌. നാല്‌ പോയന്റുള്ള ഖത്തര്‍ മൂന്നാമതാണ്‌. ബഹറൈനും ഉസ്‌ബെക്കിസ്ഥാനും ഒരു പോയന്റുണ്ട്‌.
യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന മുഴുവന്‍ താരങ്ങളെയും അണിനിരത്തിയാണ്‌ ഇന്ന്‌ യോക്കോഹാമയില്‍ ഓസ്‌ട്രേലിയ ഇറങ്ങുന്നത്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ബ്ലാക്‌ബര്‍ണിനായി കളിക്കുന്ന ബ്രെട്ട്‌ എമര്‍ട്ടണ്‍, തുര്‍കി ക്ലബായ ഗലറ്റസാറയുടെ താരമായ ഹാരി കെവില്‍ എന്നിവര്‍ പരുക്ക്‌ കാരണം ഇന്ന്‌ കളിക്കുന്ന കാര്യം സംശയത്തിലാണ്‌. പക്ഷേ മാര്‍ക്‌ വിദുക്ക, വിന്‍സ്‌ ഗ്രെല്ല തുടങ്ങിയ കരുത്തരുണ്ട്‌. അനുഭവ സമ്പന്നരായ താരങ്ങള്‍ അണിനിരക്കുന്നതിനാല്‍ ടീമിന്‌ വലിയ പ്രതീക്ഷയുണ്ടെന്ന്‌ കോച്ച്‌ പിം വിര്‍ബിക്‌ പറഞ്ഞു.
ജപ്പാന്റെ തുരുപ്പ്‌ ചീട്ട്‌ സെല്‍റ്റിക്‌ താരമായ ഷുന്‍സുകെ നകമുറയാണ്‌. മൂന്ന്‌ പോയന്റാണ്‌ വലുതെന്നും ചിലപ്പോള്‍ കളി മോശമായാല്‍ കുറ്റം പറയരുതെന്നുമാണ്‌ നകമുറയുടെ മുന്നറിയിപ്പ്‌.
പഴയൊരു കണക്കും ജപ്പാന്‍കാര്‍ക്ക്‌ തീര്‍ക്കാനുണ്ട്‌. കഴിഞ്ഞ ലോകകപ്പ്‌ ജര്‍മനിയില്‍ നടന്നപ്പോള്‍ ഓസ്‌ട്രേലിയക്കാര്‍ ജപ്പാനികളെ 3-1ന്‌ മുക്കിയിരുന്നു. മല്‍സരത്തിന്റെ തുടക്കത്തില്‍ ഒരു ഗോളിന്‌ മുന്നില്‍ നിന്നിരുന്ന ജപ്പാന്‍ അവസാന ഒമ്പത്‌ മിനുട്ടില്‍ മൂന്ന്‌ ഗോളുകളാണ്‌ വഴങ്ങിയത്‌. ഈ തോല്‍വിക്ക്‌ ചെറിയ തോതില്‍ പകരം വീട്ടാന്‍ 2007 ലെ ഏഷ്യാ കപ്പില്‍ ജപ്പാന്‌ കഴിഞ്ഞിരുന്നു. വിയറ്റ്‌നാം നഗരമായ ഹാനോയില്‍ നടന്ന മല്‍സരം നിശ്ചിത സമയത്ത്‌ 1-1 ല്‍ വന്നപ്പോള്‍ ഷൂട്ടൗട്ടില്‍ ജപ്പാനായിരുന്നു ഭാഗ്യം. എന്നാല്‍ ലോകകപ്പിലെ ആ തോല്‍വി ഒരിക്കലും മറക്കാനാവില്ലെന്നാണ്‌ നകമുറ പറയുന്നത്‌.
ടെഹ്‌റാനില്‍ നടക്കുന്ന മല്‍സരത്തില്‍ ഇറാന്‍ കൊറിയക്കാര്‍ക്ക്‌ ബാലികേറാമലയാവും. കാരണം ആസാദി സ്റ്റേഡിയത്തില്‍ തിങ്ങിനിറയുന്ന ഒരു ലക്ഷത്തോളം കാണികളില്‍ നിന്ന്‌ ഒരു ദയയും കൊറിയക്കാര്‍ പ്രതീക്ഷിക്കേണ്ടതില്ല. കഴിഞ്ഞ മൂന്ന്‌ മല്‍സരങ്ങളില്‍ നിന്നായി അഞ്ച്‌ പോയന്റ്‌ മാത്രമാണ്‌ അലീദായ്‌ പരിശീലിപ്പിക്കുന്ന ടീം നേടിയത്‌. അതേ സമയം കൊറിയക്കാര്‍ക്ക്‌ ഏഴ്‌ പോയന്റുണ്ട്‌. ഇതേ ഗ്രൂപ്പില്‍ കളിക്കുന്ന ഉത്തര കൊറിയക്കും സൗദി അറേബ്യക്കും നാല്‌ പോയന്റുണ്ട്‌. യു.എ.ഇയാണ്‌ ഗ്രൂപ്പിലെ അവസാന ടീം. അവര്‍ക്ക്‌ ഒരു പോയന്റ്‌ മാത്രമാണുളളത്‌.
ഇത്‌ വരെ ഇറാനില്‍ കളിച്ചപ്പോഴെല്ലാം ജയിക്കാത്ത ചരിത്രമാണ്‌ കൊറിയക്കാര്‍ക്ക്‌. ആ റെക്കോര്‍ഡ്‌ നിലനില്‍ക്കുമെന്നാണ ഇറാന്റെ സ്‌പാനിഷ്‌ ലീഗ്‌ താരം ജാവേദ്‌ നികുനം പറയുന്നത്‌. പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനായി കളിക്കുന്ന കൊറിയക്കാരന്‍ പാര്‍ക്‌ ജീ സംഗാണ്‌ ഇറാനികളുടെ നോട്ടപ്പുള്ളി. ഒരു ലക്ഷത്തോളം വരുന്ന തദ്ദേശിയരായ ആരാധകര്‍ക്ക്‌ മുന്നില്‍ കളിച്ചുളള പരിചയം പാര്‍ക്ക്‌ ജി സംഗിനെ പോലുളളവര്‍ക്കില്ലെന്നും ഇത്‌ ഇറാന്‌ ഗുണം ചെയ്യുമെന്നുമാണ്‌ ജാവേദ്‌ പറയുന്നത്‌.
നാളെ നടക്കുന്ന മറ്റ്‌ മല്‍സരങ്ങളില്‍ ഉത്തര കൊറിയ സൗദി അറേബ്യയെയും ഉസ്‌ബെക്കിസ്ഥാന്‍ ബഹറൈനെയും നേരിടും.

ഗ്ലാമര്‍ സൗഹൃദം
ലണ്ടന്‍: ലോക സോക്കറിലെ ഗ്ലാമര്‍ സൗഹൃദ പോരാട്ടം ഇന്ന്‌. ലോക ചാമ്പ്യന്മാരായ ഇറ്റലിയും ലോക സോക്കറിലെ അധിപന്മരായ ബ്രസീലും മുഖാമുഖം. കഴിഞ്ഞ ലോകകപ്പിന്‌ ശേഷം ടീമിന്റെ ചുമതലയേറ്റ ഡുംഗെക്ക്‌ നാട്ടുകാരുടെ പിന്തുണ ഉറപ്പിക്കാന്‍ പറ്റിയ മല്‍സരമാണിത്‌. ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ തപ്പിതടഞ്ഞ മഞ്ഞപ്പടക്ക്‌ എമിറേറ്റ്‌സ്‌ സ്റ്റേഡിയത്തില്‍ കരുത്ത്‌ കാണിക്കാനായാല്‍ പുതിയ സീസണില്‍ അത്‌ ഉണര്‍വായി മാറും. 1994 ലെ ലോകകപ്പില്‍ ഇറ്റലിയെ തോല്‍പ്പിച്ച്‌ ബ്രസീല്‍ കിരീടം ചൂടുമ്പോള്‍ ടീമിന്റെ അമരക്കാരന്‍ ഡുംഗെയായിരുന്നു. ഇന്ന്‌ നടക്കുന്ന മറ്റ്‌ സൗഹൃദ മല്‍സരങ്ങളില്‍ അങ്കോള മാലിയെയും സൈപ്രസ്‌ സെര്‍ബിയയെയും സ്ലോവോക്യ ഉക്രൈനെയും എതിരിടുന്നുണ്ട്‌.

കപ്പ്‌ ഹോളണ്ടിന്‌
ചണ്ഡിഗര്‍: പൊരുതിക്കളിച്ച ഇന്ത്യയെ 1-2ന്‌ തോല്‍പ്പിച്ച്‌ ഹോളണ്ട്‌ പഞ്ചാബ്‌ ഗോള്‍ഡ്‌ കപ്പ്‌ ഹോക്കിയില്‍ ജേതാക്കളായി. നാല്‍പ്പത്തിനാലാം മിനുട്ടില്‍ ക്യാപ്‌റ്റന്‍ സന്ദീപ്‌ സിംഗിന്റെ മികവില്‍ ഇന്ത്യ ലീഡ്‌ നേടി. എന്നാല്‍ ജോറോണ്‍ ഹെറ്റ്‌സ്‌ബര്‍ഗര്‍ ഡച്ചുകാരെ ഒപ്പമെത്തിച്ചു. പെനാല്‍ട്ടി കോര്‍ണറുകള്‍ നഷ്ടപ്പെടുത്തുന്നതില്‍ ഇരു ടീമുകളും മല്‍സരിക്കവെ ഹെറ്റ്‌സ്‌ബര്‍ഗര്‍ തന്നെ ഇന്ത്യയുടെ അന്തകനായി.

ദുലിപ്‌ ജാഫര്‍
ചെന്നൈ: ദുലീപ്‌ ട്രോഫി ക്രിക്കറ്റില്‍ വസീം ജാഫര്‍ നയിച്ച പശ്ചിമ മേഖല കിരീടം സ്വന്തമാക്കി. എസ്‌.ബദരീനാഥ്‌ നയിച്ച ദക്ഷിണ മേഖലയെ 274 റണ്‍സിന്‌ തോല്‍പ്പിച്ചാണ്‌ പശ്ചിമ മേഖല കിരീടം നേടിയത്‌. 678 റണ്‍സ്‌ എന്ന ലക്ഷ്യത്തിലേക്ക്‌ ബാറ്റേന്തിയ ദക്ഷിണ മേഖല 403 ല്‍ പുറത്തായി. രമേഷ്‌ പവാര്‍ ഏഴ്‌ വിക്കറ്റ്‌ നേടി.

ഇന്ത്യന്‍ ടീം 13ന്‌
മുംബൈ: ന്യൂസിലാന്‍ഡിനെതിരായ ഏകദിന-20: 20 പരമ്പരക്കുളള ഇന്ത്യന്‍ ടീമിനെ 13 ന്‌ പ്രഖ്യാപിക്കും. ടെസ്റ്റ്‌ പരമ്പരക്കുള്ള ടീമിനെ മാര്‍ച്ചിലാണ്‌ തെരഞ്ഞെടുക്കുക.
ഇന്ന്‌ ഇന്ത്യ-ലങ്ക 20:20
കൊളംബോ: ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ വിജയങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യ ഇന്ന്‌ പരമ്പരയിലെ ഏക 20-20 മല്‍സരത്തില്‍ ശ്രീലങ്കയെ എതിരിടും. പ്രേമദാസ സ്‌റ്റേഡിയത്തില്‍ വൈകീട്ട്‌ ആറ്‌ മുതലാണ്‌ മല്‍സരം.

No comments: