വേണം നഷ്ടപരിഹാരം
ലാഹോര്‍: പാക്കിസ്‌താന്‍ താരങ്ങളായ സുഹൈല്‍ തന്‍വീര്‍, കമറാന്‍ അക്‌മല്‍, ഉമര്‍ ഗുല്‍, മിസ്‌ബാഹുല്‍ ഹഖ് എന്നിവര്‍ നഷ്‌ടപരിഹാരം തേടി പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരിക്ക് കത്ത് നല്‍കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കളിക്കാന്‍ അനുവദിക്കാത്ത വിദേശകാര്യ വകുപ്പിന്റെ തീരുമാനത്തില്‍ തങ്ങള്‍ക്കുണ്ടായിരിക്കുന്ന ഭീമമായ സാമ്പത്തിക നഷ്ടം നികത്തി തരണമെന്നതാണ് താരങ്ങളുടെ ആവശ്യം. ഇടം കൈയ്യന്‍ സീമറായ സുഹൈലും വിക്കറ്റ് കീപ്പറായ അക്‌മലും ഐ.പി.എല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളാണ്. ഗുല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും മിസ്‌ബാഹ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനും വേണ്ടിയാണ് കളിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സ്വന്തം താരങ്ങളാരും ഐ.പി.എല്ലില്‍ കളിക്കേണ്ടതില്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടര്‍ന്ന് പാക് താരങ്ങളെല്ലാം നിരാശയിലാണ്. ഐ.പി.എല്‍ ആദ്യപതിപ്പില്‍ കളിച്ച പല പാക് താരങ്ങളുടെയും കരാര്‍ ടീമുകള്‍ പുതുക്കിയിട്ടില്ല. പക്ഷേ സുഹൈല്‍, അക്‌മല്‍, ഗുല്‍, മിസ്‌ബാഹ് എന്നിവരുടെ കാര്യത്തില്‍ അതത് ടീമുകള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നു. ഇവരുടെ കരാര്‍ നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍ മുംബൈ സ്‌ഫോടനങ്ങളെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്‌താനും തമ്മിലുണ്ടായ അകല്‍ച്ചയെ തുടര്‍ന്ന് ആരും ഇന്ത്യയിലേക്ക് കളിക്കാന്‍ പോവരുതെന്നാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന് കപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമായിരുന്നു സുഹൈല്‍, 24 വിക്കറ്റുകളാണ് അദ്ദേഹം റോയല്‍സിനായി നേടിയത്. നിര്‍ണ്ണായക ഘട്ടത്തില്‍ തകര്‍പ്പനടികളുമായി അക്‌മലും ടീമിനെ തുണച്ചിരുന്നു. കരാര്‍ നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് വേണമെങ്കില്‍ ഇനിയും കളിക്കാം. പക്ഷേ പാക്കിസ്‌താന്‍ സര്‍ക്കാര്‍അനുമതി നല്‍കണം. പാക് സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് താരങ്ങള്‍ ഇന്ത്യയില്‍ കളക്കുന്നതിനോട് എതിര്‍പ്പില്ല. വിദേശകാര്യ മന്ത്രാലയമാണ് കര്‍ക്കശ നിലപാട് സ്വീകരിച്ചത്. മുംബൈ സ്‌ഫോടനങ്ങള്‍
ക്ക് ശേഷം ഇന്ത്യ പാക്കിസ്‌താനെതിരെ കര്‍ക്കശനിലപാട് തുടരുന്ന സാഹചര്യത്തില്‍ അതേ നിലപാട
ില്‍ പ്രതികരിക്കാനാണ് പാക് തീരുമാനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രണ്ട് മാസം ദീര്‍ഘിക്കുന്ന പാക് പര്യടനം റദ്ദാക്കിയതിനൊപ്പം ഹോക്കി ടീമിന്റെ യാത്രക്കും ന്യൂഡല്‍ഹി അനുമതി നല്‍കിയിരുന്നില്ല.
ഐ.പി.എല്ലില്‍ കളിച്ചത് വഴി വലിയ സാമ്പത്തിക നേട്ടമുണ്ടായിരുന്നെന്നും തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഇപ്പോള്‍ കളിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമായതിനാല്‍ നഷ്‌ടപരിഹാരത്തിന് നടപടി വേണമെന്നുമാണ് താരങ്ങള്‍ പ്രസിഡണ്ട് സര്‍ദാരിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കത്ത് ലഭിച്ചതായി പ്രസിഡണ്ടിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തുടര്‍നടപടികള്‍ എന്തെന്ന് തീരുമാനിച്ചിട്ടില്ല. താരങ്ങള്‍ക്ക് അവരുടെ ടീമുകള്‍ നല്‍കാനുളള തുക കണക്കാക്കി നഷ്ടപരിഹാരം നല്‍
കണമോ എന്ന കാര്യത്തില്‍ ആലോചനയുണ്ട്. പക്ഷേ ഇത് മറ്റുളളവര്‍ കീഴ്‌വഴക്കമാക്കുമോ എന്ന ആശങ്കയും പ്രസിഡണ്ടിന്റെ ഓഫീസിനുണ്ട്. ഐ.പി.എല്ലിന് സമാന്തരമായി ആരംഭിച്ച ഐ.സി.എല്ലില്‍ പല പാക്കിസ്‌താന്‍ താരങ്ങളും കളിക്കുന്നുണ്ട്. ഈ താരങ്ങളോടും ഇന്ത്യയില്‍ കളിക്കരുതെന്നാണ് മുന്നറിയിപ്പ്. ഇവരും നഷ്‌ടപരിഹാരം തേടിയാല്‍ അത് വലിയ സാമ്പത്തിക ബാധ്യതയാവുമെന്നാണ് പ്രസിഡണ്ടിന്റെ ഓഫീസിലെ സാമ്പത്തികകാര്യ വിദഗ്‌ദ്ധര്‍ ചൂണ്ടികാണിക്കുന്നത്.
ഷാഹിദ് അഫ്രീദി ഉള്‍പ്പെടെ വന്‍കിട താരങ്ങള്‍ ഐ.പി.എല്‍ ആദ്യ സീസണില്‍ കളിച്ചിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ താരമായിരുന്ന അഫ്രീദി പക്ഷേ വലിയ നിരാശയാണ് സമ്മാനിച്ചത്. അതിനാല്‍ അദ്ദേഹവുമായുള്ള കരാര്‍ പുതുക്കിയിട്ടില്ല.
ഇന്ത്യയുടെ നിലപാട് കാരണം പക്ഷേ പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ വലിയ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്. ഐ.സി.എല്ലില്‍ കളിച്ചതിന് നിരോധിക്കപ്പെട്ട താരങ്ങളുടയെല്ലാം വിലക്ക് നീക്കിയിട്ടുണ്ട്. ഇന്ത്യയില്‍ കളിച്ചത് തെറ്റല്ല എന്ന ഉദാര നിലപാട് സ്വീകരിച്ച ക്രിക്കറ്റ് ബോര്‍ഡ,് മുഹമ്മദ് യൂസഫിനെ പോലുളളവരെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിക്കാനും ആലോചിക്കുന്നുണ്ട്.
സോറീ
മുംബൈ: അകന്നുനില്‍ക്കുന്ന ഇന്ത്യ-പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ അടുക്കുന്ന മട്ടില്ല.. മുംബൈ സ്‌ഫോടനങ്ങളെ തുടര്‍ന്ന് അകന്ന അയല്‍ക്കാര്‍ ഇപ്പോള്‍ ഐ.പി.എല്ലിന്റെ പേരില്‍ തമ്മിലടിക്കുന്നു. പ്രഥമ ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ച്‌് പിന്നീട് മരുന്നടി വിവാദത്തില്‍ പടിക്കപ്പെട്ട മുഹമ്മദ് ആസിഫിന് ഏര്‍പ്പെടുത്തിയ വിലക്ക് സംബന്ധിച്ചാണ് പുതിയ അകല്‍ച്ച. 2008 സെപ്‌തംബര്‍ 23 മുതല്‍ ഒരു വര്‍ഷത്തെ കാലയളവിലേക്കാണ് ആസിഫിന് ഐ.പി.എല്‍ ഡ്രഗ് ട്രിബ്യൂണല്‍ വിലക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ വിലക്ക് കാലാവധി 2008 ജൂലൈ 15 മുതലാവണമെന്നതാണ് പാകിസ്‌താന്‍ ആവശ്യം. ഈ കാര്യത്തില്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ അഭ്യര്‍ത്ഥന ഐ.പി.എല്‍ ഗവേണിംഗ് കമ്മിറ്റി തള്ളിയിട്ടുണ്ട്. സുനില്‍ ഗവാസ്‌ക്കര്‍, ഡോ.രവി ബാപട്, ശിരിഷ് ഗുപ്‌ത എന്നിവരടങ്ങുന്ന ട്രിബ്യൂണലാണ് വിലക്ക് പ്രഖ്യാപിച്ചത്. ഇതില്‍ മാറ്റമില്ലെന്നാണ് ഗവേണിംഗ് കമ്മിറ്റി തലവന്‍ ലളിത് മോഡി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. സെപ്‌തംബര്‍ 23 മുതല്‍ വിലക്ക് പ്രഖ്യാപിക്കാന്‍ കാരണം അന്നാണ് ആസിഫിന്റെ ഡ്രഗ്ഗ് ടെസ്‌റ്റിലെ ബി സാംമ്പിള്‍ പരിശോധിച്ചത്. ആസിഫിന്റെ താല്‍പ്പര്യ പ്രകാരം തന്നെയാണ് ബി സാംമ്പിള്‍ പരിശോധിച്ചതെന്നും മോഡി പറഞ്ഞു. ഈ വിഷയത്തില്‍ ഒരു വാഗ്വാദത്തിന് ഐ.പി.എല്‍ ഇല്ല. ട്രിബ്യൂണലിന്റെ വിലക്ക് നിലനില്‍ക്കും. വിലക്കിനെതിരെ ആസിഫിന് പരാതിയുണ്ടെങ്കില്‍ അദ്ദേഹത്തിന് അപ്പീല്‍സ് ട്രീബ്യൂണലില്‍ പരാതി നല്‍കാമെന്ന് മോഡി പറഞ്ഞു.
ദി ക്യാപ്‌റ്റന്‍
ആന്റിഗ്വ: സബീനാപാര്‍ക്കിലെ ഭൂതം ആന്റിഗ്വ റിക്രിയേഷന്‍ ക്ലബ് മൈതാനത്ത് ഇംഗ്ലീഷ് ക്യാപ്‌റ്റന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസിനെ പിന്തുടര്‍ന്നില്ല. നായകന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സില്‍ വിന്‍ഡീസിനെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇംഗ്ലണ്ട്‌് ഒന്നാം ഇന്നിംഗ്‌സല്‍ കൂറ്റന്‍ സ്‌ക്കോര്‍ ലക്ഷ്യമാക്കുന്നു. മൂന്ന് വക്കറ്റിന് 301 റണ്‍സാണ് ആദ്യദിവസ സമ്പാദ്യം. ഇതില്‍ 169 റണ്‍സും നായകന്റെ സംഭാവനയാണ്. ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് മൈതാനത്ത് കേവലം 14 മിനുട്ട് മാത്രം ശേഷിച്ച രണ്ടാം ടെസ്‌റ്റ് സമ്മാനിച്ച വലിയ നാണക്കേടില്‍ വിന്‍ഡീസ് ക്രിക്കറ്റ് അധികാരികള്‍ തളര്‍ന്നു നില്‍ക്കവെ പെട്ടെന്ന് സംഘടിപ്പിച്ച മൂന്നാം ടെസ്റ്റിലെ ആദ്യ പന്ത് മുതല്‍ സ്‌ട്രോസും സംഘവും നിലയുറപ്പിക്കുകയായിരുന്നു. സബീനാപാര്‍ക്കില്‍ ഇംഗ്ലീഷ് ദുരന്തത്തില്‍ കലാശിച്ച ആദ്യ ടെസ്റ്റിന് ശേഷം തളര്‍ന്നു പോയ ടീമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് നാടകീയമായിട്ടായിരുന്നു. പതിനഞ്ചാമത് ടെസ്റ്റ് സെഞ്ച്വറിക്ക് അരികെ പലവട്ടം സ്‌ട്രോസിന് പാളിയിരുന്നു. 9 ല്‍ നില്‍ക്കുമ്പോള്‍ റണ്ണൗട്ടില്‍ നിന്നും, 32 ല്‍ നില്‍ക്കുമ്പോള്‍ ഉറച്ച ലെഗ് ബിഫോര്‍ അപ്പീലില്‍ നിന്നും 47 ല്‍ ക്യാച്ചില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹം അതിനിടെ തകര്‍പ്പന്‍ ഡ്രൈവുകളും ഷോട്ടുകളും നടത്തി. 278 പന്തുകളെ അഭിമുഖീകരിച്ചപ്പോള്‍ ഒരു സിക്‌സറും 24 ബൗണ്ടറികളും അനായാസം പിറന്നു.
പ്ലീസ്....
മിലാന്‍: ഡേവിഡ് ബെക്കാം യാചിക്കുകയാണ്... പ്ലീസ് എന്നെ ഇവിടെ തുടരാന്‍ അനുവദിക്കണം. അങ്ങോട്ട് ഞാനില്ല..... പക്ഷേ ലോസ്‌ആഞ്ചലസ് ഗ്യാലക്‌സി വിടുന്ന മട്ടില്ല. കരാര്‍ പ്രകാരം ഇംഗ്ലീഷ് താരം ഉടന്‍ തന്നെ തിരിച്ചെത്തണമെന്നാണ് അവരുടെ ഡിമാന്‍ഡ്. ആറ് മാസത്തെ ലോണ്‍ കാലാവധയിലാണ് ഗ്യാലക്‌സി ബെക്കാമിനെ ഏ.സി മിലാന് നല്‍കിയത്. ഇറ്റാലിയന്‍ ക്ലബിന് വേണ്ടി കളിക്കാനെത്തിയപ്പോഴാവട്ടെ തകര്‍പ്പന്‍ ഫോമിലായി 33 കാരന്‍. അതോടെ മിലാന്‍ ബെക്കാമിനെ വിട്ടില്ല. പലവട്ടം അവര്‍ ഗ്യാലക്‌സിക്കാരുമായി സംസാരിച്ചു. അമേരിക്കന്‍ ടീമാവട്ടെ വിടുന്ന മട്ടുമില്ല. ഇന്നലെ ഇറ്റാലിയന്‍ ലീഗില്‍ മിലാന്‍ ക്ലബുകള്‍ തമ്മിലുളള തകര്‍പ്പന്‍ പോരാട്ടത്തില്‍ ഏ.സി മിലാന്‍ 1-2ന് ഇന്റര്‍ മിലാനോട് തോറ്റു. ഈ മല്‍സരത്തില്‍ രണ്ടാം പകുതിയിലാണ് ബെക്കാം കളിച്ചത്. മികച്ച പ്രകടനം നടത്തിയ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മല്‍സരശേഷം തന്റെ മനസ്സ് തുറന്നു. മിലാനില്‍ തുടരാനാണ് എനിക്ക് താല്‍പ്പര്യം. പക്ഷേ കാര്യങ്ങള്‍ എന്റെ കൈവശമല്ലല്ലോ.... നാളെ യുവേഫ കപ്പില്‍ ജര്‍മന്‍ ടീമായ വെര്‍ഡര്‍ ബ്രെഹ്മനെ നേരിടാന്‍ ഒരുങ്ങുകയാണ് മിലാന്‍. ഈ പോരാട്ടത്തിലും ബെക്കാം കളിക്കും. തല്‍ക്കാലം ബെക്കാമിനെ വിടാതിരിക്കാന്‍ തന്നെയാണ് മിലാന്റെ തീരുമാനം. ബാക്കി പിന്നീടു കാണാം എന്നാണ് അവര്‍ തുറന്നടിക്കുന്നത്.
വീണ്ടും 100 ല്‍
ന്യൂഡല്‍ഹി: പട്ടായ ഓപ്പണിലെ ഫൈനല്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ താരം സാനിയ മിര്‍സ ലോക വനിതാ ടെന്നിസ് റാങ്കിംഗില്‍ ആദ്യ നൂറില്‍ സ്ഥാനം നേടി. 126 ല്‍ നിന്നും 87 ലേക്കാണ് സാനിയ ചാടിയിരിക്കുന്നത്. പട്ടായ ഓപ്പണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ഫൈനല്‍ ബെര്‍ത്ത് നേടിയ സാനിയ കലാശപ്പോരാട്ടത്തില്‍ റഷ്യന്‍ താരം വിറ സെവേറോവയോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ നാട്ടുകാരനായ മഹേഷ് ഭൂപുതിക്കൊപ്പം കിരീടം സ്വന്തമാക്കിയ കരുത്തില്‍ സാനിയയുടെ ഡബിള്‍സ് റാങ്കിംഗിലും പുരോഗതിയുണ്ട്. 63 ആണ് ഡബിള്‍സ് റാങ്കിംഗ്. എസ്.എ പി ഓപ്പണ്‍ ടെന്നിസിലെ മികവില്‍ ഇന്ത്യന്‍ താരം രോഹന്‍ ബോപ്പണ്ണ പുരുഷ റാങ്കിംഗില്‍ 78 ല്‍ എത്തിയിട്ടുണ്ട്.
നോ പ്രഷര്‍
സിഡ്‌നി: ലോക ടെസ്‌റ്റ് റാങ്കിഗില്‍ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുക എന്ന വലിയ ദൗത്യവുമായി റിക്കി പോണ്ടിംഗും സംഘവും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി സ്വന്തം തട്ടകം വിട്ടു. സിഡ്‌നി വിടും മുമ്പ്‌് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സന്തോഷവാനായി കാണപ്പെട്ട റിക്കി പോണ്ടിംഗ് സമ്മര്‍ദ്ദം മുഴുവന്‍ ദക്ഷിണാഫ്രിക്കക്കായിരിക്കുമെന്ന നിലപാടിലാണ്. അവരാണിപ്പോള്‍ ലോക ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ആ സ്ഥാനം നിലനിര്‍ത്തണം. അതിനായുളള പോരാട്ടത്തില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ ഗ്രയീം സ്‌മിത്തിന്റെ സംഘത്തിനാവില്ലെന്നാണ് പോണ്ടിംഗ് കണക്ക്‌ക്കൂട്ടുന്നത്. സ്വന്തം മൈതാനത്താണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്. നാട്ടുകാരുടെ സജീവ പിന്തുണയുണ്ടാവുമ്പോഴും പ്രതീക്ഷ നിലനിര്‍ത്തേണ്ടതിന്റെ ബാധ്യത ടീമിനുണ്ടാവും. തന്റെ ടീമിന് നല്ല തുടക്കം ലഭിച്ചാല്‍ മാത്രം മതിയെന്നാണ് നായകന്‍ പറയുന്നത്. ഞങ്ങളില്‍ സമ്മര്‍ദ്ദമില്ല. പുതിയ താരങ്ങളാണ് ടീമില്‍. എല്ലാവര്‍ക്കും നിലയുറപ്പിക്കാനുളള അവസരമാണ്. സമീപകാല ക്രിക്കറ്റിലെ തോല്‍വികള്‍ ടീമിനെ ആകുലപ്പെടുത്തുന്നില്ല. നല്ല തുടക്കത്തിനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.-പോണ്ടിംഗ് പറഞ്ഞു.
സമീപകാലത്ത് നടന്ന ടെസ്‌റ്റ് പരമ്പരകളില്‍ ഓസ്‌ട്രേലിയ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടിരുന്നു. ഇന്ത്യയോട് രണ്ട് ടെസ്‌റ്റില്‍ പോണ്ടിംഗിന്റെ സംഘം പരാജയപ്പെട്ടപ്പോള്‍ ദക്ഷിണാഫ്രിക്കയോട് ഇതേ മാര്‍ജിനില്‍ തോറ്റിരുന്നു. സിഡ്‌നിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന അവസാന ടെസ്റ്റില്‍ 103 റണ്‍സിന് ജയിക്കാനായത് മാത്രമാണ് ടീമിന്റെ നേട്ടം. ഈ വിജയമാണ് ഓസ്‌ട്രേലിയന്‍ ആരാധകര്‍ക്കും പ്രതീക്ഷ നല്‍കുന്നത്.
തന്റെ ക്രിക്കറ്റ് ജീവിതത്തിലെ അതിനിര്‍ണ്ണായകമായ പരമ്പരയാണ് ഇതെന്ന് പോണ്ടിംഗ് പറഞ്ഞു. 2005 ലെ ആഷസ് പരമ്പരയില്‍ ടീം തോറ്റപ്പോള്‍ എല്ലാവരും ഞങ്ങളെ എഴുതിത്തള്ളാന്‍ ശ്രമിച്ചിരുന്നു. എന്നല്‍ ഉന്നത മികവുമായി ടീം തിരിച്ചെത്തി. അത് പോലെ ഇത്തവണയും കരുത്ത് പ്രകടിപ്പിക്കാന്‍ ടീമിനാവും. പ്രതീക്ഷിക്കപ്പെട്ട വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ ഈയിടെയുണ്ടായ പരാജയങ്ങള്‍ എല്ലാവരും മറക്കുമെന്നും പോണ്ടിംഗ് പറഞ്ഞു.
ഈ മാസം 26ന് വാണ്ടറേഴ്‌സിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുന്നത്. ഈ മല്‍സരത്തിന് മുമ്പ് ദക്ഷിണാഫ്രിക്ക എ ടീമുമായി ഓസ്‌ട്രേലിയ ചതുര്‍ദിന മല്‍സരം കളിക്കുന്നുണ്ട്. ഈ മല്‍സരത്തില്‍ ടീമിനെ പ്രതിനിധീകരിക്കുന്നവര്‍ തന്നെയായിരിക്കും ആദ്യ ടെസ്റ്റിലും കളിക്കുക. ടീമിലെ ഓള്‍റൗണ്ടര്‍ ബെര്‍ത്തിനായി ആന്‍ഡ്ര്യൂ മക്‌ഡൊണാള്‍ഡ്, മാര്‍കസ് നോര്‍ത്ത്, ബെല്‍ ഹില്‍ഫാന്‍ഹസ് എന്നിവരാണ് രംഗത്തുളളത്. ഇവരില്‍ ആര്‍ക്ക് അവസരം നല്‍കുമെന്ന കാര്യത്തില്‍ പോണ്ടിംഗ് വ്യക്തമായ ഉത്തരം നല്‍കിയില്ല.
ദക്ഷിണാഫ്രിക്കന്‍ സംഘത്തില്‍ ഓസ്‌ട്രേലിയ നോട്ടമിട്ടിരിക്കുന്നത് അവരുടെ ഇടം കൈയ്യന്‍ ബാറ്റ്‌സ്‌മാനായ ജെ.പി ഡുമിനിയെയാണ്. ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ടെസ്‌റ്റുകളില്‍ നിന്നായി ഡുമിനി 246 റണ്‍സ് നേടിയിരുന്നു. ഡുമിനിയെ നിയന്ത്രിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയതായാണ്‌് പോണ്ടിംഗിന്റെ അവകാശവാദം.
മിലാന്‍ ഡെര്‍ബിയില്‍ ഇന്റര്‍
മിലാന്‍: യൂറോപ്യന്‍ ലീഗുകള്‍ ഒരാഴ്‌ച്ച കൂടി പിന്നിട്ടപ്പോള്‍ ശ്രദ്ധ നേടിയത് ഇറ്റാലിയന്‍ ലീഗില്‍ കരുത്തരായ ഏ.സി മിലാനും ഇന്റര്‍ മിലാനും തമ്മിലുള്ള ബലാബലം. കടുത്ത പോരാട്ടത്തല്‍ ഇന്റര്‍ 2-1 ന്റെ വിജയം നേടുകയും കപ്പ് നിലനിര്‍ത്താനുളള യാത്രയില്‍ നിര്‍ണ്ണായക വഴി പിന്നിടുകയും ചെയ്‌തു. അഡ്രിയാനോ,ഡിജാന്‍ സ്‌റ്റാന്‍കോവിച്ച് എന്നിവരാണ് ഇന്ററിന്റെ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്. 56 പോയന്റുമായി ഇന്റര്‍ തന്നെയാണ് ഇപ്പോഴും ലീഗില്‍ മുന്നില്‍. 47 പോയന്റുമായി യുവന്തസ് രണ്ടാമത് നില്‍ക്കുന്നു. 45 പോയന്റാണ് ഏ.സി മിലാന്റെ സമ്പാദ്യം. ഇന്നലെ നടന്ന മല്‍സരത്തില്‍ പക്ഷേ യുവന്തസ് സാംപദോറിയയോട് 1-1 സമനില വഴങ്ങി. അറ്റ്‌ലാന്റ മൂന്ന് ഗോളിന് ഏ.എസ് റോമയെ മറിച്ചിട്ടതും വാര്‍ത്തയായി.
സ്‌പാനിഷ് ലീഗില്‍ ബാര്‍സ കുതിപ്പ് തുടരുകയാണ്. 60 പോയന്റാണ് അവരുടെ സമ്പാദ്യം. രണ്ടാമതുളള റയല്‍ മാഡ്രിഡിന് 50 പോയന്റാണുള്ളത്. ലീഗിലെ തുടര്‍ച്ചയായ എട്ടാമത് വിജയവുമായി റയല്‍ മാഡ്രിഡ് നാല് ഗോളിന് സ്‌പോര്‍ട്ടിംഗ് ഗിജോണിനെ വീഴ്‌ത്തി. മല്‍സരത്തില്‍ രണ്ട് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുക വഴി റയലിന്റെ നായകന്‍ റൗള്‍ ഗോണ്‍സാലസ് റയലിനായി അവരുടെ ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്ന താരമായി. 309 ഗോളുകളാണ് അദ്ദേഹം ഇത് വരെ ടീമിനായി സ്‌ക്കോര്‍ ചെയ്‌തത്. ബാര്‍സ-റയല്‍ ബെറ്റിസ് പോരാട്ടം 2-2 ല്‍ അവസാനിച്ചപ്പോള്‍ സെവിയെ 2-0 ത്തിന് എസ്‌പാനിയോളിനെ വീഴ്‌ത്തി.
ജര്‍മന്‍ ലീഗില്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ചിന് ആഘാതമേറ്റു. ഹെര്‍ത്താ ബെര്‍ലിനാണ് 2-1ന് ബയേണിനെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ ബെര്‍ലിന്‍ ടേബിളില്‍ ഒന്നാമത്തെത്തുകയും ചെയ്‌തു. ടേബിളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയായിരുന്ന ഹോഫന്‍ഹൈം ബയര്‍ ലെവര്‍കൂസണോട് 1-4ന് തോറ്റു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈയാഴ്‌ച്ച മല്‍സരങ്ങളുണ്ടായിരുന്നില്ല. എഫ്. എ കപ്പിന്റെ തിരക്കിലായിരുന്നു ടീമുകള്‍. ചെല്‍സി 3-1ന് വാട്ട്‌ഫോര്‍ഡിനെയും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ് 4-1ന് ഡെര്‍ബിയെയും എവര്‍ട്ടണ്‍ 3-1ന് ആസ്‌റ്റണ്‍വില്ലയെയും പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കി.
No comments:
Post a Comment